(രചന: ജ്യോതി കൃഷ്ണ കുമാർ)
വിവാഹ വേഷത്തിൽ അനിയത്തിയെ യാത്രയാക്കുമ്പോൾ അവൾ ആ ഏട്ടനെ കെട്ടിപിടിച്ച് കരഞ്ഞു….
എത്ര ഒക്കെ ഗൗരവം കാട്ടിയാലും അയാൾ അവൾക്ക് ജീവനായിരുന്നു.. അച്ഛനും ചേട്ടനും എല്ലാം…
കരയാതെ അനിയത്തിയുടെ മുന്നിൽ പിടിച്ച് നിന്നു.. ഒരു കയ്യിൽ ഏങ്ങലടിക്കുന്ന അമ്മയെയും ബലമായി പിടിച്ചിട്ടുണ്ടായിരുന്നു…
“””ഏട്ടാ ഇറങ്ങട്ടെ “” എന്ന് പറഞ്ഞപ്പോഴേക്ക് ഉയർന്നിരുന്നു ഒരു തേങ്ങൽ..
ഒന്ന് മൂളി തലയാട്ടാൻ മാത്രമേ അയാൾക്കപ്പോൾ കഴിഞ്ഞുള്ളൂ.. അല്ലെങ്കിൽ അവരുടെ മുന്നിൽ കാണിക്കുന്ന ഈ ധൈര്യം വെറും അഭിനയം മാത്രം ആണെന്നവർ അറിയും എന്ന് അയാൾക്കറിയാമായിരുന്നു..
മേലെപ്പാട്ട് രാഘവൻ നായരുടെ മൂത്ത മകൻ, രഘു നന്ദൻ..
ആരേം അറിയിക്കാതെ ഇങ്ങനെ എല്ലാം ഉള്ളിൽ ഒതുക്കാൻ തുടങ്ങിയിട്ട് തന്റെ അച്ഛന്റെ മരണത്തോളം പഴക്കം വരും…
അന്നെടുത്തിട്ടതാ ഗൗരവത്തിന്റേം ധൈര്യത്തിന്റേം കുപ്പായം.. ഒന്നും അറിയാത്ത ഒരു പാവം അമ്മക്ക് വേണ്ടി..
ഒന്നുറക്കെ കരയാൻ പോലും ഭയം ഉള്ള കുഞ്ഞി പെങ്ങൾ രമ്യക്കും വേണ്ടി..
പക്ഷെ പിടക്കുന്ന ആ കണ്ണുകൾ ഒരാൾ മാത്രം കണ്ടിരുന്നു…
ഗൗരി”””
രഘുനന്ദന്റെ കൂടെ ജോലി ചെയ്യുന്ന ഗോപിയേട്ടന്റെ മകൾ…
തൊട്ട് അയല്പക്കം…
ഒരു പക്ഷെ രഘുനന്ദനെ മറ്റാരേക്കാളും മനസ്സിലാക്കിയവൾ.. അവന്റെ കണ്ണിന്റെ ചലനം വരെ മനസ്സിലായവൾ… അവൾ അവനെ തന്നെ നോക്കി നിന്നു… രഘുവിനെ..
മെല്ലെ അനിയത്തിയെ യാത്രയാക്കി അമ്മയെയും അവിടെ കണ്ട ഒരു കസേരയിൽ ഇരുത്തി മെല്ലെ അകത്തേക്ക് നടന്നിരുന്നു…
ഗൗരി അവനറിയാതെ പുറകെ പോയി… കലവറക്ക് മുന്നിൽ ചെന്നതും തോളത്തു കിടക്കുന്ന തോർത്ത് എടുത്ത് കണ്ണ് തുടച്ചു..
അപ്പോഴും മിഴികൾ അനുസരണകേട് കാണിച്ചു… വാശിയോടെ അവനത് തുടച്ചു നീക്കി.. ഒപ്പം, ദൈവങ്ങളോടൊക്കെ മൗനമായി,
ന്റെ കുഞ്ഞീടെ ഒപ്പം കാണണേ എന്ന് ഉള്ളുരുകി പറഞ്ഞ്ഞു..
ഹലോ””” എന്ന് അപ്പോഴാണ് ഗൗരി വിളിച്ചത്… വേഗത്തിൽ കണ്ണ് തുടച്ച് അവൻ വീണ്ടും ആ കലിപ്പനായി..
“”മ്മ് ന്താടീ “” എന്ന് ഗൗരവത്തിൽ ചോദിക്കുന്നവനെ കണ്ടപ്പോൾ അവൾക്ക് ചിരി വന്നു…
“”കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ ദുർവാസവിന്റെ… കരഞ്ഞോ???””
പെട്ടെന്ന് അങ്ങനെ അവൾ ചോദിച്ചപ്പപ്പോൾ അവൻ ഒന്ന് പതറി..
“”കരയെ… പോടീ… നീയെന്താ ഇവിടെ കെടന്നു കറങ്ങുന്നേ “”
കെറുവിച്ച് ചോദിക്കുന്നവനെ നോക്കി കുസൃതിയോടെ പെണ്ണ് പറഞ്ഞു,
“”അനിയത്തി കുട്ടിയെ യാത്രയാക്കി ഉള്ളിലെ നോവ് മാറ്റാൻ ഏതോ ഒരു ചേട്ടൻ ഈ വഴിക്ക് വരുന്നത് കണ്ടു… അപ്പൊ പുറകെ പോന്നതാ “”” എന്ന്…
അവൾ എല്ലാം കണ്ടു എന്ന് മനസ്സിലാക്കിയതും ദേഷ്യം ഭാവിച്ചു അവൻ അവിടെ നിന്നും നടന്നു നീങ്ങി… അത് കണ്ട് അലിവോടെ നോക്കി അവൾ…
രാവിലെത്തെ ചായ രമ്യയുടെ കൈ കൊണ്ടാണ് കിട്ടിയിരുന്നത്… അവൾ പോയതും ആകെ വീട് ശൂന്യമായത് അറിഞ്ഞു..
ചീത്ത പറയാനായിട്ടാണെലും എപ്പോഴും വിളിച്ചിരുന്നത് അവളെ ആണ്.. ഇപ്പോ അവൾ ഭർത്താവിന്റെ വീട്ടിൽ പോയപ്പോൾ ആകെ കൂടെ ഒരു ശൂന്യത…
അതെല്ലാം ഓർത്തു കിടക്കുന്നവനരികിൽ, ഒരു കൈ നീണ്ടു വന്നു… ഗൗരിയുടെ…
“”ദാ ചായ “””
എന്ന് പറഞ്ഞ് നീട്ടിയതും അവൻ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു…
വേഗം മുണ്ട് നേരെ ആക്കി…
“”നിന്നോട്.. നിന്നോടാരാ ചായ ചോദിച്ചേ??”” എന്ന് ദേഷ്യത്തിൽ ചോദിച്ചു…
“”അതേ അംബിക മാമി ഒറ്റക്കല്ലേ എന്ന് കരുതി ഒന്ന് സഹായിക്കാൻ വന്നതാ… സാറിന് ചായ വേണ്ടെങ്കിൽ കുടിക്കേണ്ട””
എന്ന് പറഞ്ഞു തിരിഞ്ഞതും അവൻ വിളിച്ചിരുന്നു,
ഡീ””” എന്ന്…
“”കൊണ്ടന്നതല്ലെ തന്നോ “” എന്ന് പറഞ്ഞപ്പോൾ കുറുമ്പോടെ നീട്ടി അവൾ ചായ …
ചിരിയോടെ നോക്കി നിന്നു പെണ്ണ്… അത് കണ്ട് അവൻ പുരികം ഉയർത്തി ചോദിച്ചു എന്താ എന്ന്…
ഒന്നുമില്ല എന്ന് കാണിച് ഗ്ലാസും വാങ്ങി ഓടി.. അപ്പോൾ കലിപ്പന്റെ ചുണ്ടിലും ചെറിയ ചിരി വിടർന്നു…
വിരുന്നിനായി രമ്യ വരും…. ആകെ കൂടെ വെപ്രാളം ആയിരുന്നു രഘുവിനും അമ്മയ്ക്കും.. എന്ത് കൊടുത്തിട്ടും തൃപ്തി വരാത്തത് പോലെ…
ഓടി നടന്നു എല്ലാം ഒരുക്കിയിരുന്നു സഹായത്തിന് ഗൗരിയും എത്തി… വയ്യാത്ത തന്റെ അമ്മയെ കൊണ്ട് അവൾ ഒന്നും ചെയ്യിക്കാത്തത് ശ്രെദ്ധിച്ചിരുന്നു രഘു..
അവന്റെ ചുണ്ടിലും ചിരി വിരിഞ്ഞു…
എല്ലാം അവൾ തന്നെ ഓടി നടന്നു ഉണ്ടാക്കി….
എല്ലാം അടിപൊളി ആയിട്ടുണ്ട് ട്ടൊ ഗൗരിയേടത്തി, എന്ന് രമ്യയും ഭർത്താവും കൂടെ പറഞ്ഞതും പെണ്ണ് നിലത്തൊന്നുമല്ലായിരുന്നു..
അത് കഴിഞ്ഞ് രഘു കഴിക്കാൻ ഇരുന്നതും,
പെണ്ണ് ആവേശത്തോടെ വിളമ്പി…
“”അയ്യേ എന്തോന്നാ ഈ ഉണ്ടാക്കി വച്ചേക്കുന്നെ?? എരിവും ഇല്ല പുളിയും ഇല്ല “”
എന്നവൻ പറഞ്ഞതും പെണ്ണ് ചുണ്ട് പിളർത്തി നോക്കി… ഉള്ളിൽ പൊട്ടിയ ചിരി മറച്ചു വച്ചു, ഇച്ചിരി മീൻ കറി താ, എന്ന് പറഞ്ഞു..
“”വായിൽ വക്കാൻ കൊള്ളാത്തത് ഇപ്പൊ ആരും അങ്ങനെ കൂട്ടണ്ട”” എന്ന് പറഞ്ഞവൾ കെറുവിച്ച് നടന്നു…
പുറത്തു തൂണിന് പുറകിൽ ദേഷിച്ചു നിൽക്കുന്നവളെ നോക്കി മെല്ലെ കൈ മുണ്ടിൽ തുടച്ചവൻ പറഞ്ഞിരുന്നു,
“”പെണ്ണിന് കൈപുണ്യം ഒക്കെ ഉണ്ട്… ഞാൻ ചുമ്മാ പറഞ്ഞതാ… നിന്നെ കേട്ടുന്നോന് വയറ്റ് ഭാഗ്യം ഉണ്ട് “” എന്ന്…
കൊഞ്ഞനം കുത്തി പോകുന്നവളെ നോക്കി നിന്നു രഘു…
ഗോപി ഏട്ടനെ കാണാൻ ചെന്നതായിരുന്നു രഘു… ആളെ കണ്ടതും ചായ എടുക്കാൻ പോയി ഗൗരി.. ചായയും ആയി വന്നപ്പോഴാ ഉമ്മറത്തെ വർത്തമാനം ശ്രെദ്ധിച്ചത്…
“”നീയൊന്നു പോയി കാണ് പെണ്ണിനെ.. രമ്യയുടെ ഭർത്താവിന്റെ വീട്ടുകാർ കൊണ്ടു വന്ന ആലോചന അല്ലെ അങ്ങനങ്ങു തട്ടികളഞ്ഞാൽ രമ്യക്കാവും പ്രശ്നം… “”
“”പക്ഷെ ഗോപിയേട്ടാ.. അവർക്ക് എല്ലാം ഓക്കേ ആണ്.. ഇതിപ്പോ വെറുതെ ഫോർമാലിറ്റിക്ക് വേണ്ടി ഒരു പെണ്ണ് കാണൽ അത്രേ ഉള്ളൂ…””
“”അത് നല്ലതല്ലേ രഘു… ഓരോരുത്തരും പെണ്ണ് കിട്ടാതെ വലയുവാ.. അപ്പൊ ഇതൊരു ഭാഗ്യയി കരുത്…””
ചായ ഗ്ലാസ് പെണ്ണിന്റെ കയ്യിൽ ഇരുന്നു ഞെരുങ്ങി.. മിണ്ടാതെ ഉമ്മറത്ത് കൊണ്ടു വച്ച് കൊടുത്ത് അകത്തേക്ക് ഓടി പോയി പെണ്ണ്…
അവൾ പോയ വഴിയെ അവന്റെ മിഴികളും നീണ്ടു…
“”ഗോപിയേട്ടാ “” എന്ന് വിളിച്ചു വന്നവനോട്, ഗൗരി പുറത്തേക്കിറങ്ങി പറഞ്ഞു, “”അച്ഛൻ ഇവിടില്ല “” എന്ന്..
കരഞ്ഞു കലങ്ങിയ കണ്ണുകളും പാറി പറന്ന അവളുടെ മുടിയിഴകളും അവനിൽ നോവുണർത്തി..
“”ഡീ, ഞാനിന്ന് പെണ്ണ് കാണാൻ പോയതാരുന്നു “”
അത് പറഞ്ഞു ഒന്നും അറിയാത്ത പോലെ അവൻ ഗൗരിയെ നോക്കി.. തീ പാറുന്ന ഒരു നോട്ടം അവൾ പകരമായി നൽകി..
“”അറിയാ”” എന്ന് മാത്രം എങ്ങോ നോക്കി പറഞ്ഞു…
“”എന്നിട്ട് നീയൊന്നും ചോദിക്കണില്ലല്ലോ?? “” എന്ന് ചോദിച്ചപ്പോൾ..
“”നിക്ക് കേക്കണ്ട “” എന്ന് പതർച്ചയോടെ പറഞ്ഞു പെണ്ണ്…
“”ഹാ എന്തൊരു സുന്ദരി കൊച്ചാ.. എന്നറിയാവോ.. “”” എന്ന് കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ ഇരു മിഴികളും ചാലിട്ടൊഴുകിയിരുന്നു പെണ്ണിന്റെ…
“”അവർക്കണേൽ ഇപ്പൊ തന്നെ നടത്തണം എന്ന് “”
“”ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ “”
എന്ന് പറഞ്ഞ് ഉള്ളിൽ നുരഞ്ഞ സങ്കടത്തെ പെയ്ത് തീർക്കാനായി ഓടുന്നവളുടെ കയ്യിൽ പിടി വീണിരുന്നു…
വലിച്ചടുപ്പിച്ചു, അവളുടെ കാതോരം പറഞ്ഞു..
“”പക്ഷേ ഞാൻ പറ്റില്ല എന്ന് പറഞ്ഞെന്ന്.. എനിക്ക് വേണ്ടി ഇവിടൊരു ഉണ്ടക്കണ്ണി കാത്തിരിപ്പുണ്ടെന്ന്…. “””
കേട്ടത് വിശ്വാസം വരാതെ അവൾ ഒന്നൂടെ നോക്കി അവനെ…
മീശ പിരിച്ചവൻ പറഞ്ഞു,
ഗോപിയേട്ടനെ കാണാൻ വന്നത്.. ഈ പെണ്ണിനെ സ്വന്തായി ചോദിക്കാനാണെന്ന്… എന്തോ ഒരു പ്രേരണയിൽ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു അവൾ… ഉള്ളിൽ കുന്നു കൂടിയ നോവ് മുഴുവൻ അവിടെ പെയ്തു തീർത്തു..
അത് വരെയും അവൻ അവളെ ചേർത്ത് പിടിച്ചു…
പാലുമായി പെണ്ണ് മുറിയിലേക്ക് കയറിയതും.. കുറുമ്പോടെ നോക്കി നിന്നു രഘു…
“”ഡീ അന്ന് ഞാൻ ആ കല്യാണത്തിന് സമ്മതിച്ചിരുന്നേൽ ഇപ്പൊ എന്തായേനെ”””
എന്ന് പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു…
“”കൊന്നേനെ രണ്ടിനെയും..
അത്രേം നേരം അതാണ് അവൾ ചിന്തിച്ചത് എന്ന് കൂടി കേട്ടപ്പോൾ, രഘുവിന്റെ കിളി പോയിരുന്നു… അയാൾ അവളെ നെഞ്ചോട് ചേർക്കുമ്പോഴും അവൾ വീറോടെ പറഞ്ഞു..
“”ഇതിനകത്തെ ഞാൻ മതി…. “”‘ എന്ന്…
ഞാൻ മാത്രം മതി ” എന്ന്……