(രചന: ജ്യോതി കൃഷ്ണ കുമാർ)
ഇന്നിപ്പോ ന്താ താമരെ പ്രശ്നം…??
രാമേട്ടനാണ്.. മുഖം വീർപ്പിച്ചു ഇരിക്കുന്നത് കണ്ടിട്ട് ഉള്ള ചോദ്യമാണ്…
“ന്നോട് ചായ വേണ്ടാ ന്ന് പറഞ്ഞു രാമേട്ടാ “”
അയ്യോ പെട്ടോ “” എന്ന് ചിന്തിച്ചു രാമേട്ടൻ…
കാരണം താമരടേം അവളുടെ ദേവേട്ടൻറേം കാര്യത്തിൽ ഇടപെട്ടാൽ കൈത മുള്ളു തടവുന്ന പോലാ.. മേലോട്ടും മുറിയും താഴോട്ടും മുറിയും…
“അതിപ്പോ അവനു വേണ്ടാത്തൊണ്ടാവും കുട്ട്യേ “”” എന്ന് പറഞ് ഒന്നു എസ്‌കേപ്പ് അവാൻ നോക്കി പാവം…
“”അതെന്താ ദേവേട്ടന് ഇപ്പൊ ചായ കുടിച്ചാല് “” എന്നും പറഞ്ഞൊരു അസ്സൽ നാഗവല്ലി മുന്നിൽ..
അത് കണ്ടിട്ടാവണം, ഓ… ന്നെ വിളിച്ചോ എന്നും പറഞ്ഞ് രാമേട്ടൻ സ്ഥലം കാലി ആക്കിയത്….
ദേവനും, അവന്റെ പ്രാണൻ താമരയും…
പ്രണയമായിരുന്നു.
ഓർമ്മ വച്ച നാളു മുതൽ തറവാട്ടിൽ കേൾക്കുന്നതാണ്, ദേവൻ താമരക്കുള്ളതാ.. താമര ദേവനുള്ളതാ… എന്ന്..
അവരും അങ്ങനെ പ്രണയിച്ചു… പരസ്പരം മത്സരിച്ച്…
മേഘനാഥനും വിനോദിനിക്കും, വിനോദിനിയുടെ ഏട്ടൻ വാസുദേവനും മിനിക്കും കല്യാണം നടന്നത് ഒരുമിച്ചായിരുന്നു…
അടുത്ത മാസം തന്നെ . വിനോദിനി ഗർഭിണി ആയി ഒരാൺകുഞ്ഞിന് ജന്മം നൽകി.. അഞ്ചു വർഷമായിട്ടും കുഞ്ഞുണ്ടാവാത്ര വാസുദേവനും മിനിയും വല്ലാതെ വിഷമിച്ചിരുന്നു..
അതുകൊണ്ട് തന്നെ വിനോദിനി തന്റെ കുഞ്ഞിനെ മിനിയെ ആണ് എല്ലാ കാര്യത്തിനും ഏല്പിച്ചത്…
മിനി തന്നെ ആണ് അവനു പേര് നൽകിയതും “””ദേവൻ “”” എന്ന്, അവൾക്ക് ദേവൻ സ്വന്തം മകൻ തന്നെ ആയിരുന്നു..
അഞ്ചു വർഷം കഴിഞ്ഞു ഏറെ സന്തോഷത്തോടെ ആ വാർത്ത അറിഞ്ഞു,
മിനി അവൾ ഗർഭിണി ആണ് എന്ന്… ആഘോഷമാക്കി എല്ലാവരും..
വിനോദിനിയോട് മിനി എപ്പോഴും പറഞ്ഞു എന്റേത് പെങ്കൊച്ചാണെൽ ദേവൻ മോനെ കൊണ്ട് കെട്ടിക്കണേ എന്ന്…
വിനോദിനി അപ്പോൾ ചിരിക്കും എന്നിട്ട് പറയും നിന്റെ കൂടെ മോനല്ലെടി… നീ എടുത്തോ അവനെ കൂടെ എന്ന്….
എല്ലാവരുടെയും ആഗ്രഹം പോലെ അതൊരു പെൺകുട്ടി ആയിരുന്നു…
അവൾക്ക് ദേവനായിരുന്നു പേര് നൽകിയത്…
താമര””” എന്ന്..
അവന്റെ പെണ്ണല്ലേ അവൻ പറഞ്ഞത് തന്നെ മതി അവൾക്ക് പേര് എന്നെല്ലാരും കൂടെ പറഞ്ഞപ്പോൾ ഒരഞ്ചു വയസ്സുകാരന്റെ കണ്ണിൽ പൂത്തിരി കത്തി….
പിന്നെ അങ്ങോട്ട് അവളോടൊപ്പം അവനും ഉണ്ടായിരുന്നു… നിഴലായി… അവളും അവനൊപ്പം കൂടി…
ആരോടെങ്കിലും ഇത്തിരി കൂടുതൽ മിണ്ടിയാൽ അപ്പോ പെണ്ണിന്റെ മുഖം വീർക്കും.. അവളെ ഇത്തിരി നേരം കാണാതായാൽ അവനും ഭ്രാന്തു പിടിക്കും…
കോളേജിൽ ഡിഗ്രി അവസാന വർഷം അവൾ എത്തിയപ്പോൾ ദേവൻ അവിടെ ലെക്ചർ ആയി ജോയിൻ ചെയ്തു..
കട്ട താടിയും ഒത്ത ശരീരവും ഉള്ള അവനെ പെൺകുട്ടികൾ നോക്കുന്നത് പെണ്ണിന് കുശുമ്പ് കൂട്ടി…
രാവിലെ ദേവൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ അവൾ ഓടി വരും
ഞാനും ഉണ്ട് എന്ന് പറഞ്ഞു…
“”മോളെ ബസ്സിൽ പോയാൽ മതി “”
എന്ന് പറഞ്ഞ് ബൈക്കും എടുത്തു പോകുന്നവനെ അവൾ കെറുവിച്ച് നോക്കും…
ഈയിടെയായി ദേവൻ അവളെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്…
താമര ആണെങ്കിലോ അതിനനുസരിച്ച് മുഖം വീർപ്പിക്കാനും….
മറ്റാരും അതിൽ ഇടപെടാറില്ല അവരുടെ പ്രശ്നം അവർ തന്നെ തീർക്കാർ ആണ് പതിവ് കാരണം അതിൽ തലയിൽ വച്ചു കൊടുത്താൽ പിന്നെ മോചനമില്ല എന്ന് എല്ലാവർക്കുമറിയാം …
എങ്കിലും അവളെ ദേഷ്യം പിഠിപ്പിക്കുമ്പോൾ ദേവനോട് എല്ലാവരും ചോദിച്ചിരുന്നു എന്തിനാണ് വെറുതെ അവളെ ദേഷ്യം പിടിപ്പിക്കുന്നതെന്ന് …
അപ്പോൾ ഒന്നും മിണ്ടാത്തവൻ അവളെ തനിച്ച് കിട്ടുമ്പോൾ അവളോട് പറഞ്ഞിരുന്നു തന്റെ പ്രണയം അവളോട് മാത്രമാണെന്ന്… അതിനി എന്തൊക്കെ ആരൊക്കെ പറഞ്ഞാലും മാറ്റമുണ്ടാകില്ല എന്ന്….
അപ്പോൾ അവൾ തിരികെയും പറഞ്ഞിരുന്നു ആ ഒരു വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ് താൻ ജീവിക്കുന്നത് എന്ന്…
അവളുടെ ഡിഗ്രി കഴിഞ്ഞതും ഏറെ വൈകാതെ അവരുടെ കല്യാണം ഫിക്സ് ചെയ്തിരുന്നു… അതിന്റെ ത്രില്ലിലായിരുന്നു രണ്ടുപേരും…
അതുകൊണ്ട് തന്നെ കല്യാണത്തിനുള്ള എല്ലാ സാധനങ്ങളും അവർ വാങ്ങിയതും ഒരുമിച്ചായിരുന്നു… പരസ്പരം വസ്ത്രങ്ങൾ അവർ തന്നെ സെലക്ട് ചെയ്ത് എടുത്തു…
ദേവന് വേണ്ടുന്നത് താമരയും താമരയ്ക്ക് വേണ്ടുന്നത് ദേവനും…
ഒടുവിൽ കല്യാണത്തലേന്ന് കുടുംബ ക്ഷേത്രത്തിൽ തൊഴുത് വരാനും അവിടുത്തെ ചുറ്റുവിളക്ക് തെളിയിക്കാനും പറഞ്ഞയച്ചതായിരുന്നു അവരെ…
ചുറ്റുവിളക്കിന്റെ പ്രഭയിൽ തന്റെ താമരയെ മിഴികൾ തുറന്നു നോക്കി ദേവൻ ..
അവൾ കൂടുതൽ സുന്ദരിയായ പോലെ… മെല്ലെ ചൂളമടിച്ചു വിളിച്ചപ്പോൾ അവളും അവനെ നോക്കി…
നാളെ ഈ നേരത്ത് നിന്റെ കഴുത്തിൽ ഈ ദേവന്റെ താലി കാണും അല്ലെടീ പെണ്ണേ… “” എന്ന് കുസൃതിയോടെ ചോദിച്ചപ്പോൾ പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുമന്നു…
ബൈക്കിൽ കേറുമ്പോഴും രണ്ടാളും സ്വപ്ന ലോകത്തായിരുന്നു…
ഇണ പറവകളെ പോലെ… അവർ എങ്ങോ പാറി നടന്നു….
മുന്നിൽ വന്നു പെട്ട ലോറി അതുകൊണ്ട് തന്നെ ദേവൻ കണ്ടില്ല..
കല്യാണം പൊടിപൊടിക്കേണ്ടിടത്ത് ശോകം തങ്ങി നിന്നു… മുറ്റത്തുതന്നെ രണ്ട് ഇല കീറുകളിൽ ജീവിതത്തിൽ ഒന്നാവാൻ കഴിയാത്ത രണ്ടു ശരീരങ്ങൾ നിശ്ചലമായി കിടന്നു..
കരയാൻ പോലും ആവാതെ അവരുടെ ഉറ്റവരും…
ഇരുവരുടെയും മിഴികൾ പാതിയെ അടഞ്ഞിരുന്നുള്ളൂ, പരസ്പരം കണ്ട് കൊതി തീരാത്ത പോലെ…
അവർക്കായി അവർ തന്നെ വാങ്ങിയ സാധനങ്ങൾ എല്ലാം തണുത്തുറഞ്ഞ് ഇരുന്നിരുന്നു.. ഉടമസ്തനില്ലാതെ….
ഒരേ കുഴിയിൽ തന്നെ അടക്കുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു… അപ്പോഴാ ആകാശതിന്റെ വിദൂരതയിൽ രണ്ടു നക്ഷത്രങ്ങൾ തെളിവോടെ മിന്നി നിന്നു…..