ഇത്തവണ വേക്കേഷൻ ആവുമ്പോ വിവാഹം നിശ്ചയിച്ചു ഇടാം എന്ന് പറഞ്ഞിരുന്നു..

(രചന: ജ്യോതി കൃഷ്ണ കുമാർ)

“എവിടെ ടീ നിന്റെ മുറച്ചെറുക്കൻ”

കനി അത് ചോദിച്ചപ്പോൾ ആവണി യുടെ മുഖം ചുവന്നു തുടുത്തു…

വെക്കേഷന് നാടും നാട്ടുകാരെയും വീടും വീട്ടുകാരെയും എല്ലാം കാട്ടി തരാമെന്ന് പറഞ്ഞ് കൊണ്ടുവന്നതായിരുന്നു കനിയെയും, അമൃതയെയും, ആവണി… കൂട്ടത്തിൽ അവളുടെ പ്രിയപ്പെട്ട അഭിയേട്ടനെയും…

ആവണി യുടെയും അഭിലാഷിന്റെയും വിവാഹം ചെറുപ്പത്തിൽതന്നെ തീരുമാനിച്ചതായിരുന്നു..

ആവണി അഭിലാഷിന് ഉള്ളതാണെന്ന് ഉള്ള വാക്കിന് അവരുടെ പ്രായത്തോളം തന്നെ പഴക്കമുണ്ടായിരുന്നു…

പ്ലസ് ടു കഴിഞ്ഞതും എൻജിനീയറിങ് മെരിറ്റിൽ സീറ്റ് കിട്ടി ആവണി ടൗണിൽ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം…

അവിടെ നിന്നും കിട്ടിയ കൂട്ടുകാരികളാണ് കനിയും അമൃതയും ഒരു മുറിയിൽ ഒരേ മനസ്സായി അവർ കഴിഞ്ഞു കൂടി….. ഇപ്പോൾ വെക്കേഷന് ആവണിയുടെ നാടും വീടും എല്ലാം കാണാൻ വേണ്ടി വന്നതാണ് ….

കൂട്ടത്തിൽ വാതോരാതെ അവൾ സംസാരിച്ചിരുന്ന അവളുടെ മാത്രം അഭിയേട്ടനെയും…

പഠനമൊക്കെ കഴിഞ്ഞ് ഒരു നല്ല കമ്പനിയിൽ ഉയർന്ന തലത്തിൽ ജോലി കിട്ടി ആൾ നല്ല സ്ഥിതിയിലായിരുന്നു…

ചെറുപ്പം മുതലേ ആവണിയുടെ കണ്ണിൽ അഭിയോട് പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ…

എന്നാൽ തിരിച്ച് ആവണിയോട് അഭി ഒന്നുംതന്നെ പ്രകടിപിച്ചിരുന്നില്ല….

ഉള്ളിൽ തന്നോട് ഈയൊരാൾക്ക് പ്രണയം ഉണ്ടോ എന്നുപോലും അവൾക്ക് സംശയം ആയിരുന്നു….

എന്നിരുന്നാലും അവൾ പ്രണയിച്ചു…

ആ ഒരാൾ അത്രമേൽ പ്രാണനായിരുന്നു…

തരം കിട്ടുമ്പോഴൊക്കെ, അഭി ആവണി യെ കണക്കിന് ശകാരിച്ചിരുന്നു… അന്നേരം മിഴി നിറച്ച് പിണങ്ങും…. എങ്കിലും ഇത്തിരി കഴിയുമ്പോൾ അതിനേക്കാൾ കൂടുതലായി അവൾ വാശിയോടെ അവനെ പ്രണയിച്ചു..

ഹോസ്റ്റലിലും കൂട്ടുകാരികളോട് പെണ്ണിന് അഭിയെ പറ്റി മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ…

കണ്ടിട്ടില്ല എന്നെ ഉണ്ടായിരുന്നുള്ളൂ അവർക്ക് അഭി അടുത്തറിയുന്ന ഒരാളായി മാറിയിരുന്നു…. എല്ലാവരെയും കാണാൻ വേണ്ടിയാണ് അവരും വന്നത്…

നാടും,വീടും,കാവും, കുളവും എല്ലാം കാണിച്ചു… ഒടുവിൽ അവരെയും കൂട്ടി ആവണി അമ്മായിയുടെ വീട്ടിലെത്തി…

അഭിയും ഓണം അവധിക്ക് എത്തിയിരുന്നു… അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ടിട്ടാവണം അമ്മായി പറഞ്ഞത് അഭി കൂട്ടുകാരുമൊത്ത് അങ്ങു കാവിലേക്ക് പോയിട്ടുണ്ട്…..

കാവ് എന്നു പറഞ്ഞാൽ ഇപ്പോൾ അവിടെ പ്രതിഷ്ഠ ഒന്നുമില്ല…

പണ്ടെങ്ങോ ഒരു പ്രതിഷ്ഠ ഉണ്ടായിരുന്നു… പിന്നീട് അത് പൂജയും ഒന്നുമില്ലാതെ ഇപ്പോൾ കാടുപിടിച്ചു കിടക്കുന്ന സ്ഥലം ആണ്

അഭിയേട്ടൻ വന്നാൽ കൂട്ടുകാരുമൊത്ത് അവിടെ ചെന്നിരിക്കും പിന്നെ പാട്ടും ബഹളവും നല്ല രസമാണ്….

വാടീ അഭിയേട്ടന്റെ പാട്ട് നിങ്ങൾ കേട്ടിട്ടില്ലല്ലോ…. ഞാൻ കേൾപ്പിച്ചു തരാം ഇന്ന് അവിടെ പാട്ടും കളിയും ഒക്കെ ഉണ്ടാവും…

എന്നു പറഞ്ഞ പെണ്ണ് ആവേശത്തോടെ കൂട്ടുകാരികളുടെ കയ്യും വലിച്ചു ഓടി.
ദൂരെ നിന്ന് കേൾക്കാമായിരുന്നു പാട്ടും ബഹളവും നല്ല രീതിയിലുള്ള പാട്ട് കേട്ട് പെണ്ണ് ആകെ പൂത്തുലഞ്ഞു…

പാടുന്ന അയാളുടെ സ്വരം കേട്ട് അവൾ ദൂരെനിന്ന് കൂട്ടുകാരികളോട് പറഞ്ഞു..

“”അഭിയേട്ടനാ പാടണെ വേം വാ…. “” എന്ന്…

“അരളിയിൽ ഒരു കിളി കൊഞ്ചി പാടി അന്നേരം ഒരു സുന്ദരിയാടി…. അറവാരം തക താളം തല്ലി.. അരമണി കിങ്ങിണി ഇക്കിളി പാകി.. ഇവകളെന്തു ഭംഗി.. ഇവളിലെ കാവിലിനെന്തു കാന്തി… അധരമാം തൃമധുരം നുകരാൻ ഭാഗ്യമേകൂ ഭവതി…

ചെണ്ടു മല്ലിക പൂ കണ്ടാൽ ചന്തമില്ലേ മകളെ ഉമ്മ വച്ചുണർത്താൻ വെറുതെ മോഹമില്ലേ കരളേ…. “”

പാട്ട് ആസ്വദിച്ചു വന്നവൾ അവിടെ ഉള്ള കാഴ്ച കണ്ടു തകർന്നിരുന്നു…

സുന്ദരിയായ ഒരു പെൺ കൊച്ച്.. ഏതാണ്ട് ആവണിയുടെ തന്നെ പ്രായം വരും അവളെ നോക്കിയാണ് മതി മറന്ന് അഭി പാടുന്നത്.. അത് കണ്ടു പെണ്ണിന്റെ ഉള്ളൊന്ന് പിടഞ്ഞു..

“”ഏതാടീ ആ കുട്ടി “” എന്ന് കൂട്ടുകാരികൾ ചോദിച്ചതിന്…

“”അറിയില്ല “”‘ എന്ന് മാത്രം പറഞ്ഞു അവൾ അതും ഒരു പതർച്ചയോടെ…

അവളെ കണ്ടിരുന്നു അഭി… ഒന്ന് മൈൻഡ് പോലും ചെയ്യാതെ ആ പെണ്ണിനെ നോക്കി ആസ്വദിച്ചു പാടി… അവൾക്കായി എന്ന പോലെ…

“”ബാ പൂവാം “” എന്ന് പറഞ്ഞു കൂട്ടുകാരികളുടെ കയ്യും വലിച്ചവൾ ഓടി..

അപ്പഴേക്കും അഭിയുടെ മിഴികൾ പരിഭവിച്ച് പോകുന്നവളിൽ എത്തിയിരുന്നു…

“”ഡാ നിന്റെ വാല്.. അവളതാ പിണങ്ങി ആണെന്ന് തോന്നുന്നു പോയെ….””

“”പ്രശ്നം അവോടാ??”” എന്നിങ്ങനെ കൂട്ടുകാരുടെ ചോദ്യങ്ങൾക്കൊന്നും അവൻ മറുപടി കൊടുത്തില്ല പകരം ഇത്തിരി കൂടെ ഉച്ചത്തിൽ പാട്ട് പാടി…

ആവണിയുടെ ചെവി തുളക്കും പോലെ തോന്നി അഭിയുടെ സ്വരം…

വീട്ടിലെത്തി… എന്നിട്ടും ഇപ്പോഴും കേൾക്കുന്ന പോലെ…

ഒരു തവണ പോലും തന്നോട് നല്ലപോലെ ഒന്ന് സംസാരിച്ചിട്ട് കൂടെ ഇല്ല… ഇന്ന്‌ ഏതോ പെണ്ണിന് പാട്ട് പാടി കൊടുക്കുന്നു…

ഓർക്കും തോറും ദേഷ്യമോ സങ്കടോ… ഒക്കെ കൂടെ ആകെ തളർത്തുന്ന പോലെ… കൂട്ടുകാരികളുടെ മുന്നിൽ പോലും നാണം കെട്ടു… അവൾ അത്താഴം കഴിക്കാനും ചെന്നില്ല…

കൂട്ടുകാരികൾക്കും ആകെ പ്രയാസം.. കാരണം എത്രത്തോളം അഭിലാഷ് അവളുടെ മനസ്സിൽ ഉണ്ടെന്ന് അവർക്ക് അറിയാമായിരുന്നു..

ഇന്നത്തെ കാഴ്ച അവളിൽ ഉണ്ടാക്കിയ സങ്കടവും.. പിറ്റേ ദിവസം അവർ യാത്ര പറഞ്ഞ് പോകുമ്പോൾ അവളുടെ മുഖത്ത് വല്ലാത്ത സങ്കടം നിഴലിച്ചിരുന്നു…

മാറ്റി നിർത്തി അവളോട് ഒന്നിനെ പറ്റിയും ഓർത്തു വിഷമിക്കരുത് എന്നവർ പറഞ്ഞപ്പോൾ അവളും പറഞ്ഞിരുന്നു….

തന്നെ പരിഗണിക്കാത്ത ആ ഒരാൾക്ക് വേണ്ടി ഇനി താനും സങ്കടപെടില്ല എന്ന്.. തറവാട്ടിലെ പൂജയിൽ പങ്കെടുക്കാൻ ചെല്ലാൻ വിളിച്ചു വല്യമ്മാമ… അഭിയേട്ടന്റെ അച്ഛൻ..

ഇല്ല എന്ന് പറഞ്ഞ് ഇരുന്നപ്പോൾ അമ്മയുടെ കയ്യീന്ന് നല്ലത് കേട്ടു…

മനസ്സില്ലാ മനസ്സോടെ ആണ് തറവാട്ടിലേക്ക് ചെന്നത്… പൂമുഖത്തു തന്നെ കണ്ടിരുന്നു അഭിയേട്ടനെ… അബദ്ധത്തിൽ പോലും നോട്ടം അങ്ങോട്ട് പാളി വീഴാതിരിക്കാൻ ശ്രെദ്ധിച്ചു..

കുറെ പുറകെ നടന്നതാണ്.. ഒന്ന് മൈൻഡ് പോലും ചെയ്തിട്ടില്ല… ഏതോ ഒരു പെണ്ണിന് പാട്ട് പാടി കൊടുക്കുന്നു..
ഇനി നാണം കെട്ട് പുറകെ നടക്കാൻ വയ്യ….

പൂജ കഴിഞ്ഞതും എല്ലാരും തൊഴാൻ നിന്നു… അഭിയേട്ടൻ ആയിരുന്നു തൊട്ടടുത്ത്… എപ്പഴോ കണ്ടിരുന്നു ആ നോട്ടം ഇങ്ങോട്ട് നീളുന്നത്..

വേണ്ടാ””” ഇനീം വിഡ്ഢി വേഷം കെട്ടാൻ വയ്യ… ഉള്ളിൽ നോവുന്നുണ്ടെങ്കിലും ചോ ര പൊടിയുന്നെങ്കിലും ആവണി അഭിയെ തീർത്തും അവഗണിച്ചു…

നൊവേറ്റ പെണ്ണിന്റെ സ്വയം വേദനിച്ചുള്ള പ്രതികാരം..

അഭിയും ആകെ വല്ലാതായിരുന്നു… ചെറുപ്പം മുതൽ പുറകെ നടക്കുന്ന പെണ്ണാ… കൂട്ടുകാർ മുഴുവൻ അവളെ കാണുമ്പോ അതാ അഭിയുടെ വാല്””” എന്ന് പറഞ്ഞ് കളിയാക്കും…

അതാണ് ഇഷ്ടം ഉണ്ടായിട്ട് കൂടി പെണ്ണിനെ വിറപ്പിച്ചു നിർത്തിയത്.. എങ്കിലും അവളെ ഒത്തിരി ഇഷ്ടായിരുന്നു…

അവളോട് പോലും അത് പറയാതെ ഉള്ളിൽ ഒളിപ്പിച്ചു… അവളിങ്ങനെ പുറകെ നടക്കുന്നത് കണ്ടു പാവം തോന്നിയിരുന്നു…

ഇത്തവണ വേക്കേഷൻ ആവുമ്പോ വിവാഹം നിശ്ചയിച്ചു ഇടാം എന്ന് പറഞ്ഞിരുന്നു അച്ഛനും അപ്പച്ചിയും..

പെണ്ണിനേയും കാത്ത് ഇരിക്കുകയായിരുന്നു… അപ്പോഴാ കൂട്ടുകാരൻ അവന്റെ മിണ്ടാൻ വയ്യാത്ത അനിയത്തിയേം കൂട്ടി വന്നത്…

അവൾക്ക് പാട്ട് കേൾക്കണം എന്ന് ആംഗ്യത്തിൽ പറഞ്ഞപ്പോ അതിനായി പാടീതാ..

അപ്പൊ തന്നെ പെണ്ണ് വന്ന് കാണുകേം ചെയ്തു.. കുശുമ്പ് ആ മുഖത്ത് വിരിയുന്നത് കണ്ടാ മൈൻഡ് ചെയ്യാതിരുന്നേ.. പക്ഷെ ഇപ്പോ അവൾ സ്വയം നീറി, എന്നെ അവഗണിക്കുമ്പോ ഉള്ളിൽ വല്ലാത്ത നോവ്…

പൂജ കഴിഞ്ഞതും നിശ്ചയം നാള് കുറിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി…
അവളെ അവിടൊന്നും കണ്ടില്ല… മെല്ലെ അന്വേഷിച്ചു ചെന്നപ്പോ കണ്ടു അപ്പച്ചിയോട് എന്തൊക്കെയോ പറഞ്ഞോണ്ട് നിൽക്കുന്നത്…

ഒന്ന് ശ്രെദ്ധിച്ചപ്പോൾ മനസ്സിലായി എന്നെ കുറിച്ചാണ് എന്ന്..

കുറുമ്പോടെ കേട്ട് നിന്നു…

“””അമ്മേ ഒന്നൂടെ ആലോചിച്ചിട്ട് പോരെ… അഭിയേട്ടന്റെ മനസ്സിൽ വേറെ ആരേലും ഉണ്ടെങ്കിലോ “”

പതർച്ചയോടെ പെണ്ണത് പറയണത് കേട്ട് ചിരി വന്നിരുന്നു.. അതിനവളെ ശകാരിച്ചു അപ്പച്ചി പുറത്തേക്കിറങ്ങിയപ്പോൾ മെല്ലെ അവളുടെ അടുത്തോട്ടു ചെന്നു..

എന്നെ കണ്ടതും പെണ്ണ് സ്ഥലം കാലിയാക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു… മെല്ലെ അവളുടെ കൈ പിടിച്ചു വലിച്ച് നെഞ്ചോരം ചേർത്തു…

എന്നിട്ട് ചോദിച്ചു.. അഭിലാഷിന്റെ പെണ്ണാവാൻ ഒരുക്കമല്ലേ?? എന്ന്

പെണ്ണപ്പഴും അത്ഭുതപെട്ട് നോക്കി നിൽക്കാരുന്നു…

“”എനിക്ക് നിന്നെ ഒരുപാടിഷ്ടാടീ പൊട്ടിക്കാളീ ”

എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ സന്തോഷം കൊണ്ടെന്റെ പെണ്ണിന്റെ രണ്ടു കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *