(രചന: ജ്യോതി കൃഷ്ണ കുമാർ)
ഇതിപ്പോൾ ജനുവരി, മാർച്ച് പന്ത്രണ്ടിനാണ് മോൾക്ക് പരീക്ഷ തുടങ്ങുന്നത്.
ട്യൂഷനു പോകാത്തത് കൊണ്ട് തന്നെ ഏറെയുണ്ട് സ്വയം ചെയ്യാൻ പ്രീവിയസ് ക്വസ്റ്റിൻ പേപ്പേഴ്സ്സ് സംഘടിപ്പിക്കണം വർക്ക് ഔട്ട് ചെയ്യണം..
അതിന് മുമ്പ് പ്രാക്ടിക്കൽ എക്സാം ഉണ്ട് വൈവ, ഹൊ ഓർത്തിട്ട് തല പുകയുന്ന പോലെ..
ഇന്ന് വൺ ഹവർ ഏർളി ഇറങ്ങിയതാണ് ജയശീ… ബാങ്കിൽ പിടിപ്പത് പണിയുണ്ട് അതിന്റെ ടെൻഷൻ വേറെ.
“ആവണീ … “.
“എന്താ അമ്മേ ”
“നീ ചായ എടുത്ത് കുടിച്ചോ”
“കുടിച്ചമ്മേ..”
“ശരി ഞാൻ ഇറങ്ങുകയാണ് ഇന്ന് കൂടെ വർക്ക് ചെയ്യുന്ന നിർമ്മലയുടെ മകൻ ശരത്തിന്റെ വെഡ്ഡിംഗ് റിസപ്ഷൻ ആണ്. നീ വരണ്ട.
എക്സാം അല്ലേ പോയിരുന്ന് പഠിക്ക്, അച്ഛൻ വന്നാൽ ഫുഡ് ചൂടാക്കി കൊടുത്തേക്ക് ഓകെ ബൈ ”
“ബൈ അമ്മേ” മാലതി വണ്ടി കൊണ്ട് ഇതുവരെ വരാം എന്നാ പറഞ്ഞിരിക്കുന്നേ.., അല്ലേലും അതാ നല്ലത്. എങ്ങോട്ടേലും ഒറ്റക്ക് കയറി ചെല്ലാൻ ഇപ്പോഴും മടിയാ …
“മാലതി കാറു വീണ്ടും മാറ്റിയോ”
ഓഡിറ്റോറിയത്തിൽ ആളുകൾ കൂട്ടം കൂട്ടമായി നിന്ന് സംസാരിക്കുന്നു . ശരത്തും വീണയും ഗസ്റ്റുകളെ ഫോർമലായി റിസീവ് ചെയ്യുന്നു…
“നിമ്മി അങ്ങനെ താനും ഒരമ്മായി അമ്മ ആയി അല്ലേടോ”
“ജയ കല്യാണത്തിനോ കണ്ടില്ല. ഇപ്പഴേലും തനിക്ക് നേരത്തെ വരായിരുന്നു”
“താനോ ലീവ്… പിന്നെ തനിക്ക് ഞാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞ് തരണ്ടല്ലോ”
“അയ്യോ വേണ്ടായേ …പോയി ഫുഡ് കഴിച്ച് വാ എന്നിട്ടാവാം വധം തന്റെ സന്തോഷ് ചേട്ടൻ ഇതിനും കൂടിയില്ലല്ലേ”
“പാവം നേരത്തെ എത്താൻ ശ്രമിച്ചതാടോ, പക്ഷേ പറ്റണ്ടേ ”
ഭക്ഷണം കഴിച്ച് കൈകഴുകുമ്പോഴാണ് മൊബൈൽ റിം്ഗ് ചെയ്തത് സെവൻ ബിയിലെ വത്സല ചേച്ചി… ഇതെന്ത് പറ്റി? ഒരു വല്ലായ്മ, എടുത്തപ്പോഴേക്കും കാൾ കട്ടായി തിരിച്ച് വിളിക്കാം…
“ഹലോ ചേച്ചി ”
” ഹാ ജയേ ഈ അസമയത്ത് ഒന്നിനു മാത്രം പോന്ന പെൺകൊച്ചിനെ വീട്ടിൽ തനിച്ചാക്കിയാണോ നീപോന്നത് ”
മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി
“എന്നാ ചേച്ചി കാര്യം പറ”
“നീയിങ്ങോട്ട് വാ”
“ഈശ്വരാ എന്താ പറ്റിയത് എന്റെ കുട്ടിക്ക്” ഞങ്ങളുടെ ഡോറിന് മുന്നിൽ ചെറിയ ആൾക്കൂട്ടം ആവണി തലകുനിച്ച് നിൽക്കുന്നു എന്നെ കണ്ടതും ഓടി വന്ന് കെട്ടി പിടിച്ചു .
“ഞാൻ ഒരു തെറ്റും ചെയ്തില്ല അമ്മ.. ഇവരൊക്കെ എന്താ പറയുന്നത് എനിക്ക് മനസിലാവണില്ല”
“എന്താ മോളെ എന്താ പ്രശ്നം”
“ഞാൻ പറയാം” വത്സല ചേച്ചിയാണ്
“ദേ ഈ ചെറുക്കനെ കണ്ടോ, പാത്തും പതുങ്ങിയും നിന്റെ മോളെ കാണാൻ വന്നിരിക്കുന്നു… .. നീ പോകുന്നത് ഞാൻ കണ്ടായിരുന്നു”
അപ്പോഴാണ് ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചത് കണ്ടാൽ ഓമനത്തം തോന്നുന്ന ഒരാൺകുട്ടി അവൻ വിളറി വെളുത്ത് പേടിച്ച് എന്നെ തന്നെ നോക്കി നിൽക്കുന്നു കൈയ്യിൽ എന്തോ ഒരു പാക്കറ്റ് ഉണ്ട്.
“നിന്റെ മകൾ സിലബസിൽ ഉള്ളത് മാത്രമല്ല പഠിക്കുന്നത് ഔട്ട് ഓഫ് സിലബസും പഠിക്കുന്നുണ്ടെന്ന് തോന്നുന്നു”, കിട്ടിയ ചാൻസ് വത്സല ചേച്ചി മുതലാക്കുകയാണ്.
“ആവണി എന്താ ഉണ്ടായത്? ”
“അമ്മേ ഇത് വരുൺ എന്റെ ക്ലാസ് മേറ്റാണ്. കുറേ സോൾവ് ഡ് പ്രോബ്ലംസിന്റെ മോഡൽ തരാം എന്ന് പറഞ്ഞിരുന്നു. അതും കൊണ്ട് വന്നതാ.
ഞാൻ കയറിയിരിക്കാൻ പറഞ്ഞു. അമ്മ ഇവിടില്ല എന്ന് പറഞ്ഞപ്പോ, വരുൺ പോകാൻ തുടങ്ങിയതാ അപ്പോഴാ ഈ ആൻറി വന്ന് അതും ഇതും പറഞ്ഞത് ”
ഞാൻ വരുണിനെ നോക്കി അവൻ എന്റടുത്തേക്ക് വന്നു.
“ആന്റി അപ്പച്ചന് വയ്യാത്തോണ്ട് പാർട്ട് ടൈം ആയി ഞാൻ ഒരിടത്ത് ജോലിക്ക് പോകുന്നുണ്ട് കഴിയാൻ വൈകി അതാ ഇത്ര ലേറ്റായത് തന്നെയുമല്ല ഈ നേരത്ത് ആൻറി ഇവിടെ കാണും എന്ന് കരുതി ”
വത്സല ചേച്ചി ആവണിക്ക് ഞാൻ അടി കൊടുക്കുന്നത് കാണാൻ അക്ഷമയായി കാത്ത് നിൽക്കുകയായിരുന്നു.
“കേട്ടല്ലോ ചേച്ചി, ഇവരുടെ പ്രവൃത്തിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല പക്ഷെ ചേച്ചിയുടെ പുഴുക്കുകുത്തുള്ള മനസ്സിനാണ് പ്രശ്നം.
ചേച്ചി പറഞ്ഞത് ശരിയാ എന്റെ മോൾ ഔട്ട് ഓഫ് സിലബസ് പഠിക്കുന്നുണ്ട്, അത് പക്ഷെ ചേച്ചി ഉദ്ദേശിക്കുന്നത് പോലെ അല്ല,
അവൾ ഒരു പെൺകുട്ടിയാണെന്നും സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നും അവൾക്ക് നന്നായി അറിയാം, ഒരു ആൺകുട്ടിയോട് സംസാരിച്ചാലോ അടുത്ത് ഇടപെഴകിയാലോ തീർന്നു പോകുന്നതാണോ മാന്യത.”
വത്സല ചേച്ചി ഇച്ഛാഭംഗത്താൽ മുഖം വിവർണ്ണമായി. അറിയാത്ത പിള്ള ചൊറിയുമ്പം അറിയും എന്ന വിഖ്യാതമായ പഴഞ്ചൊല്ലും പറഞ്ഞ് പിറുപിറുത്തോണ് പോയി
“വരുൺ, മോനേ അകത്തോട്ട് വാ ”
“ഇല്ല ആന്റി ഞാൻ ചെന്നിട്ട് വേണം അമ്മക്ക് ഹോസ്പിപിറ്റലിൽ നിന്ന് വീട്ടിലേക്ക് വരാൻ ഇറങ്ങട്ടെ ”
“ആ ആവണി, താൻ ലക്കിയാട്ടോ തന്നെ മനസ്സിലാക്കുന്ന ഒരു അമ്മയെ കിട്ടിയല്ലോ ” ആവണി എന്റെ മുഖത്തേക്ക് തന്നെ നോക്കി. പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ചു
“എന്താടി, പതിവില്ലാത്ത ഒരു കെട്ടിപ്പിടിത്തം ഒക്കെ ”
“എന്നെ അമ്മ മനസ്സിലാക്കും എന്ന് ഞാൻ കരുതിയില്ല … പേടിച്ച് പോയി ഞാൻ”
“നിന്നെ ഞാനല്ലാതെ പിന്നെ ആരാടി മനസിലാക്കുന്നത്.”