വളരെ പെട്ടെന്ന് തന്നെ അവളുടെ വിവാഹം കഴിഞ്ഞു, ആദ്യമൊക്കെ എല്ലാവരും കരുതിയത് പോലെ തന്നെ സ്വർഗ്ഗതുല്യമായ ജീവിതം..

(രചന: J. K)

അപ്ലിക്കേഷൻ അയക്കേണ്ട എന്ന് പറഞ്ഞിട്ടും ചിഞ്ചു അപ്പുറത്തെ വീട്ടിലെ ഷീബ ചേച്ചിയെ സോപ്പിട്ട് അപ്ലിക്കേഷൻ അയച്ചിട്ടുണ്ട്..

ഒരു ചാനലിലെ മ്യൂസിക് കോമ്പറ്റീഷൻ ആണ് സംഗതി.. കുട്ടികൾക്ക് വേണ്ടിയുള്ളത് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം..

ഒരു അഞ്ചാം ക്ലാസുകാരി അതിൽ പങ്കെടുക്കണമെന്ന് മോഹിച്ചതിന് തെറ്റ് പറയാൻ ആവില്ലല്ലോ…. അതും പാടാൻ നന്നായി കഴിവുള്ള ഒരു കുട്ടി…

പക്ഷേ സാഹചര്യം മോശമാകുമ്പോഴാണ് അത് ഒരു പ്രശ്നമായി തീരുന്നത് എന്ന് വെറുതെ മീര ഓർത്തു…

ഓഡിഷന് ചെല്ലാൻ പറഞ്ഞുകൊണ്ട് അവൾക്ക് കോൾ വന്നിട്ടുണ്ട്..

“”””ഒന്നും വേണ്ട മിണ്ടാതെ വീട്ടിലിരുന്നോ “””

എന്ന് പറഞ്ഞ മീരയുടെ കാലുപിടിച്ച് അവൾ കരഞ്ഞു… അത് കണ്ടു കൊണ്ടിരിക്കാൻ മീരക്ക് ആകുമായിരുന്നില്ല…

അതാണ് അവൾ തന്റെ ആങ്ങളമാരുടെ മുന്നിൽ പോയി യാചിക്കാം എന്ന് കരുതിയത്… കേട്ടപാടെ അവരും അവരുടെ ഭാര്യമാരും യുദ്ധത്തിന് ഇറങ്ങിയിരുന്നു…

ചെല്ലും ചെലവും തന്ന് ഇവിടെ നിൽക്കുന്നതും പോരാ ഇനി മകളെ കെ എസ് ചിത്രയാക്കാഞ്ഞിട്ടാ എന്ന് പറഞ്ഞ് പുച്ഛത്തോടെ അവർ പോയി….

അത് കേൾക്ക് മീരയുടെ നെഞ്ചു പിടഞ്ഞു…
അവളോട് പോവണ്ട എന്ന് പറഞ്ഞു… പിന്നെയും കരഞ്ഞ് ചിണുങ്ങി കൊണ്ട് വന്നപ്പോഴാ ചെമ്പരത്തിയിൽ നിന്ന് ഒരു വടിയെടുത്ത് കാൽമുട്ടിന് താഴേക്ക് അടിച്ചത്…

അവളെ അടിക്കുമ്പോൾ അവൾക്ക് നോവുന്നതിനേക്കാൾ കൂടുതൽ തനിക്ക് നോവും എന്ന് നന്നായി അറിയാമായിരുന്നു..

അടി കിട്ടിയതിനുശേഷം പാവം പിന്നെ ആ മോഹം പറഞ്ഞിട്ടില്ല മീരയും കുറെ പോയിരുന്നു കരഞ്ഞു അല്ലാതെ അവൾക്ക് എന്ത് ചെയ്യാനാകും…

അച്ഛൻ ജീവിച്ചിരിക്കെ തന്നെ മകൾക്കും തനിക്കും ചെലവിന് തരേണ്ടിവരുന്ന ആങ്ങളമാരുടെ ദേഷ്യം സ്വാഭാവികമാണ്..
അവൾ മെല്ലെ പഴയകാലത്തിലേക്ക് പോയി…
കാണാൻ വളരെ മനോഹരിയായിരുന്നു മീര…
മൂന്ന് ആങ്ങളമാരുടെ ഒരേ ഒരു പെങ്ങൾ..

ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുമ്പോഴാണ് ഒരു വലിയ പൈസക്കാരന്റെ വിവാഹ ആലോചന വരുന്നത് എവിടെയോ വച്ചു കണ്ടു അയാൾക്ക് അവളെ ഇഷ്ടമാവുകയായിരുന്നത്രേ…..

അതുകൊണ്ടുതന്നെ അയാളുടെ പണം കണ്ട് വേറൊന്നും നോക്കാതെ അയാളുടെ തലയിൽ വീട്ടുകാരെല്ലാം ചേർന്ന് കെട്ടിവച്ചു…

മീരക്ക് പഠിക്കണം എന്നുണ്ടായിരുന്നു… അതെല്ലാം പറഞ്ഞു നോക്കിയതുമാണ് പക്ഷേ ആരും അതിനൊന്നും ചെവി കൊടുത്തില്ല… വളരെ പെട്ടെന്ന് തന്നെ അവളുടെ വിവാഹം കഴിഞ്ഞു…

ആദ്യമൊക്കെ എല്ലാവരും കരുതിയത് പോലെ തന്നെ സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു പക്ഷേ പിന്നീട് അയാൾക്ക് അവളോട് ഒരു മടുപ്പ് തോന്നിത്തുടങ്ങി പുതുമയിൽ ആനന്ദം കണ്ടെത്തുന്ന ഒരുതരം മനസ്സിന് ഉടമയായിരുന്നു അവളുടെ ഭർത്താവ്…..

ഇതിനുമുമ്പും പല പെണ്ണുങ്ങളുടെയും പേരു കൂട്ടി അയാളുടെ പേര് കേട്ടിട്ടുണ്ട് പക്ഷേ എല്ലാം എല്ലാവരും അവഗണിക്കുകയായിരുന്നു അയാളുടെ കയ്യിലെ പൈസയുടെ മുന്നിൽ….

അയാളുടെ അവളോടുള്ള മടുപ്പ് കൊണ്ടെത്തിച്ചത് ദേഹോപദ്രവത്തിലും മറ്റും ആയിരുന്നു അവൾ ഗർഭിണിയാണ് എന്ന് പോലും നോക്കാതെ വളരെ ക്രൂരമായി അവളെ അയാൾ ഉപദ്രവിച്ചിരുന്നു

ഒരിക്കൽ സഹിക്കാൻ കഴിയാതെയാണ് സ്വന്തം വീട്ടിലേക്ക് ഇറങ്ങി പോന്നത്…

അപ്പോൾ ആങ്ങളമാരും അച്ഛനും അമ്മയും എല്ലാം ഐക്യദാർഢ്യം പ്രഖ്യാപിച്ചു എങ്കിലും ക്രമേണ അവൾ ഒരു ഭാരം ആണെന്ന് പറയാതെ തന്നെ അവൾക്ക് മനസ്സിലാവുകയായിരുന്നു….

വേറെ നിവൃത്തിയില്ലാതെ അവൾ അവിടെ കടിച്ചുപിടിച്ചു നിന്നു. ഓരോ ആങ്ങളമാരുടെ വിവാഹം കഴിയുംതോറും അവൾക്ക് അവിടെയുള്ള സുഖം കുറഞ്ഞു കുറഞ്ഞു വന്നു കുറ്റപ്പെടുത്തലുകളും കുത്തിയുള്ള പറച്ചിലുകളും കേട്ട് മടുത്തു…

എന്നിട്ടും അവൾ അവിടെ തന്നെ പിടിച്ചുനിന്നു വേറെ എവിടെയും പോകാനില്ലാത്തവളുടെ അവസാന ഇടം ആണ് അത് എന്ന് അവൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നു….

ഡിഗ്രി പോലും കമ്പ്ലീറ്റ് ചെയ്യാത്തവർക്ക് നല്ല ജോലിയും കിട്ടിയില്ല അടുത്തുള്ള ഒരു തുണിക്കടയിൽ ബില്ലിങ്ങിൽ പോയിരിക്കും മാസം എന്തെങ്കിലും കിട്ടും അത് തന്നെ…
ഒന്നിനും തികയിലായിരുന്നു അത് എങ്കിലും തന്നെ കൊണ്ടാവും പോലെ ചെയ്തു അവൾ….

അതിനിടയിൽ മോളുടെ ഓരോ ആവശ്യങ്ങളും വാങ്ങി തരുന്നത് അവരുടെ വായിലിരിക്കുന്ന കുത്തുവാക്കുകൾ ആണ് അപ്പോഴാണ് ഇനി ഇങ്ങനെ ഒരു ആവശ്യവും കൊണ്ട് അവൾ വന്നത്….

നന്നായി പാടുന്ന കുട്ടിയാണ് ചിഞ്ചു പണ്ട് മീര പാട്ട് പഠിച്ചിട്ടുണ്ട് അവൾക്കറിയാവുന്നതെല്ലാം മീര തന്നെയാണ് മകൾക്ക് പറഞ്ഞു കൊടുത്തത്…

ആരും ഒന്ന് കേട്ട് നിന്ന് പോകും അത്രയും മനോഹരമായി പാടുമായിരുന്നു ചിഞ്ചു..
പക്ഷേ പറഞ്ഞിട്ടെന്താ യോഗമില്ലാതെ പോയി…

ഓഡിഷനുവേണ്ടി എറണാകുളമോ തിരുവനന്തപുരമോ പോകേണ്ടിവരും അവിടെ നിൽക്കേണ്ടിവരും… ഭക്ഷണം…. പിന്നെ ബാക്കി എല്ലാ ചെലവുകളും കൂടി വലിയൊരു സംഖ്യയാവും….

അത് എടുക്കാൻ ഇല്ലായിരുന്നു മീരയുടെ കയ്യിൽ അതുകൊണ്ടുതന്നെ മകളുടെ മോഹം അവളുടെ മനസ്സിൽ നിന്ന് മുളയിലേ നുള്ളി കളഞ്ഞു…. സ്വയം അതിനേക്കാൾ ഉരുകുന്നുണ്ടെങ്കിൽ കൂടി….

ചില സമയത്ത് മനുഷ്യന്മാർ നിസ്സഹായരാകുന്ന വേളയിൽ ദൈവം നിലത്തിറങ്ങി വന്ന് പ്രവർത്തിക്കുമെന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ അവിടെ നടക്കുകയായിരുന്നു….

ഷീബ മോളുടെ ഒരു പാട്ട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു…..
ലക്ഷങ്ങളാണ് അത് കണ്ടത്..

അതോടൊപ്പം തന്നെ ആ ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതാണ് അവളുടെ മോഹം എന്നുകൂടി അവൾ പറയുന്നത് അതിനോടൊപ്പം ചേർത്തിരുന്നു

അത് ലക്ഷങ്ങൾ ആണ് നെഞ്ചിൽ ഏറ്റെടുത്തത് അവൾക്കായുള്ള സഹായങ്ങൾ ലോകത്തിന്റെ നാനാ ഇടത്തുനിന്നും ഒഴുകിയെത്തി…

ഒരിക്കലും സാധിക്കില്ല എന്ന കരുതിയ കാര്യം വളരെ എളുപ്പത്തിൽ അവൾക്ക് സാധ്യമായി..
റിയാലിറ്റി ഷോയിൽ ഫസ്റ്റ് ഒന്നും വാങ്ങിയില്ലെങ്കിലും അവൾക്ക് ധാരാളം പ്രോഗ്രാമുകൾ കിട്ടാൻ തുടങ്ങി…

സിനിമയിലും പാടാൻ അവസരം കിട്ടി…
അവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് മീരക്കും ഒരു നല്ലയിടത്ത് ജോലി തരപ്പെട്ടു….

മെല്ലെ ജീവിതം പച്ചപിടിച്ചു വരാൻ തുടങ്ങി… പാർട്ടീഷൻ ചെയ്തു കിട്ടിയ 5 സെന്റില്‍ ഒരു ചെറിയ കൂര വെച്ച് അവർ അങ്ങോട്ട് മാറി മറ്റാർക്കും ശല്യം ആകാതെ…

തന്റെ മകളുടെ ഫൈയിം കണ്ട് അവളുടെ അച്ഛൻ അവളെ തിരഞ്ഞെത്തി… മീരയോടും ചിഞ്ചു മോളോടും അയാളുടെ കൂടെ ചെല്ലാൻ പറഞ്ഞു…

ഇത്രയും കാലം കണ്ടവരുടെ ആട്ടും തൊട്ടും താൻ അനുഭവിച്ചത് ഒരാൾ കാരണമാണ് തന്റെ ജീവിതം ഇത്രമേൽ താറുമാറാക്കിയതും… അയാൾ ക്ഷണിക്കാൻ വന്നപ്പോൾ ദേഷ്യമാണ് മീരയ്ക്ക് തോന്നിയത്…

മേലിൽ ഈ പടി കയറരുത് എന്ന് പറഞ്ഞ് ആട്ടിറക്കി വിടുമ്പോൾ അല്പം പോലും കുറ്റബോധം തോന്നിയില്ല….

നമ്മുടെ നേട്ടങ്ങൾ എന്തെങ്കിലും കണ്ട് അതിൽ ആകൃഷ്ടരായി വരുന്നവർക്ക് എന്നും ദുരുദ്ദേശം മാത്രമേ കാണൂ…

അത് മനസ്സിലാക്കി ആ സ്നേഹപ്രകടനത്തിൽ മയങ്ങാതെ അവരെ അകറ്റിനിർത്തിയാൽ നമുക്ക് കൂടുതൽ വിഷമിക്കാതെ മുന്നോട്ട് പോകാം…