ടീച്ചർക്ക് ആരോടും ഒരക്ഷരം മിണ്ടാൻ നിവൃത്തിയില്ല, ഒക്കെ പറയണത് ശാന്തേച്ചി..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

ശാരദ ടീച്ചറിന്റെ ജോലിക്കാരിയാണ്, ഈ കക്ഷി, വെറും ശാന്ത ച്ചേച്ചി എന്ന് പറയാൻ കഴിയില്ല.

അതു കൊണ്ടാ സൂപ്പർ ലേഡി എന്ന് പറഞ്ഞത് …. പുള്ളിക്കാരിയെപ്പറ്റി പറഞ്ഞ് തുടങ്ങുമ്പോൾ എല്ലാവർക്കുo മനസിലാകും എന്ത് കൊണ്ട് അവർ സൂപ്പർ ലേഡി ആയി എന്ന്…

ഒരു തരം പ്രത്യേക സ്വഭാവാ…  ആകാശത്തിന് കീഴെ എന്തും പുളിക്കാരിക്ക് അറിയാം… ആര് എന്ത് പറഞ്ഞാലും അവിടെ ഒക്കെ എത്തും എന്ത് കാര്യമായാലും അഭിപ്രായം പറയും…

ശാരദ ടീച്ചർ റിട്ടയർ ചെയ്ത് ശങ്കരൻ മാഷുമായി സ്വസ്ഥം ജീവിതം ആസ്വദിക്കുമ്പോഴാണ് ജീവിതത്തിൽ ടീച്ചറെ തനിച്ചാക്കി മാഷ് റിട്ടയർ ചെയ്തത്..

എടുത്താ പൊങ്ങാത്ത പേരിലുള്ള ജോലികളിൽ മക്കൾ വിദേശത്ത് അവരുടെ ജീവിതം നട്ടുവളർത്തിയപ്പോൾ ടീച്ചർ തീർത്തും ഒറ്റക്കായി,

തൊടിയിലും വീട്ടിലും, ജീവിതത്തിൽ തന്നെയും മാഷെ അനുഗമിക്കാൻ മാത്രമേ ആ സാധു സ്ത്രീക്കറിയു…..
അതു കൊണ്ട് തന്നെ ഒറ്റക്ക് ഇനി എന്തെന്ന് ഉള്ള ചോദ്യം ടീച്ചറിലും ഭയം ചെലുത്തി..

മക്കൾ രണ്ട് പേരും അവരുടെ ലോകത്തേക്ക് ക്ഷണിച്ചപ്പോൾ ടീച്ചർ ഇഷ്ടപ്പെട്ടത്, മൂവാണ്ടൻ മാവിന്റെ കാറ്റേറ്റ് ഇരിക്കാൻ കഴിയണ പൂമുഖവുO…

ചെമ്പകത്തിന്റെ മണമുള്ള വടക്കേപ്പുറവും…. പിന്നെ ‘ശാരീ’ ന്ന് വിളിക്കണ മാഷ് നിത്യനിദ്രക്കൊള്ളുന്ന തെക്കേപ്പുറവും ഒക്കെ ഉള്ള തങ്ങളുടെ തറവാട് മാത്രമാണ്…

വേറെ എവിടെ ചെന്നാൽ അവർക്ക് ഇവിടെ നിന്ന് കിട്ടുന്ന പോലത്തെ ശുദ്ധവായു കിട്ടും..

അമ്മയുടെ വാശിയായി വ്യാഖ്യാനിച്ച്, വരുന്നതൊക്കെ ഒറ്റക്ക് അനുഭവിച്ചോളാൻ ഉഗ്രശാസനം നടത്തി മക്കൾ സ്വന്തം സുഖലോകത്തേക്ക് ഊളിയിട്ടു..

അങ്ങനെ ഇരിക്കുമ്പോ ആണ് സ്ഥിരം ജോലിക്കാരിയായിരുന്ന ശാന്ത ച്ചേച്ചി കൂടുതൽ ആ വീട്ടിൽ പിടി മുറുക്കിയത് …..

ടീച്ചർക്ക് ആരോടും ഒരക്ഷരം മിണ്ടാൻ നിവൃത്തിയില്ല…, ഒക്കെ പറയണത് ശാന്തേച്ചി ആവും  മറുപടി പറയുക, അപ്പോ ടീച്ചർ ടെ ഒരു നോട്ടം ഉണ്ട്, അപ്പോ തന്നെ ശാന്തേച്ചീടെ ഒരു വശപിശക് ചിരിയും,

ഇതൊക്കെ അവിടത്തെ സന്ദർശകരുടെ സ്ഥിരം കാഴ്ചയായി, ഒപ്പം ശാന്തേച്ചിക്ക് പല പേരും വീണു, വക്കീൽ ശാന്ത, വായാടി ശാന്ത, ഹെട്ടീച്ചർ ശാന്ത….. അങ്ങനെ അങ്ങനെ….

ശാന്തേച്ചിക്ക് മറ്റൊരു സൂക്കട് ഉള്ളത് വീരവാദം പറച്ചിൽ ആണ്,
പല സിനിമകളും കണ്ട് വന്ന് അതിലെ നായകനെ അങ്ങ് മാറ്റി അവിടെ ശാന്തേച്ചിയെ പ്രതിഷ്ടിക്കും,

എന്നിട്ട് നാടിന്റെ പശ്ചാത്തലത്തിൽ കഥയിൽ ചില മാറ്റം ഒക്കെ വരുത്തി അങ്ങ് തട്ടി വിടും…. പാവം ടീച്ചർ ഇതൊക്കെ കേട്ട് തല പുകഞ്ഞ് അങ്ങനെ ഇരിക്കും,

ഇനി ആരേലും പറ്റി പറഞ്ഞാലോ… ഉദാഹരണത്തിന് തെക്കേലെ ചന്ദ്രന്റെ മോള് നന്നായി പാടും അല്ലേ ന്ന് പറഞ്ഞാ മതി, അപ്പ പറയും

“ന്റെ ടീച്ചറെ അത് ഒക്കെ ഒരു പാട്ടാണോ അതിനൊക്കെ ഞാൻ … എന്നാ പാട്ടായിരുന്ന് പണ്ട്, സിനിമേക്ക് വിളിച്ചതാ പക്ഷെ അതിന് ഈ ശാന്തയെ കിട്ടില്ല … ന്നട്ട് പേര് ദോഷം വരാനേ……”

ഇങ്ങനെ ആവും മറുപടി … ടീച്ചർ പൊട്ടിപൊട്ടിച്ചിരിക്കും ….. എല്ലാം മറക്കും… അപ്പോ ശാന്ത പറയും…

“ഈ ടീച്ചർ ടെ ചിരി കാണാൻ എന്ത് രസാ…. സൂര്യകാന്തിപ്പൂ വിടരണ പോല്യാ’… ”

ശാന്ത വീണ്ടും വീരകഥകൾ പറഞ്ഞ് കൊണ്ടേ ഇരുന്നു. ആ വീട്ടിൽ വീണ്ടും വീണ്ടും സൂര്യകാന്തിപ്പൂക്കളും വിടർന്നു….

Leave a Reply

Your email address will not be published. Required fields are marked *