പിന്നെ അമ്മയുടെ വിഷമം കണ്ട് പെണ്ണ് കാണാൻ പോകാൻ സമ്മതിച്ചു, ദൂരെ..

(രചന: ജ്യോതി കൃഷ്ണകുമാർ)

രാവിലെ മഴക്കാറ് കണ്ടിരുന്നു പക്ഷെ പെയ്യില്ല എന്ന് കരുതി… അതാണ് ഓവർ കോട്ട് പോലും എടുക്കാൻ നിൽക്കാതെ പുറപ്പെട്ടത്..

ചാറി തുടങ്ങിയപ്പോൾ വണ്ടിയുടെ സ്പീഡ് അല്പം കൂട്ടി.. ചെറിയ ചാറ്റൽ മഴയിൽ തുടങ്ങി മഴ ഇത്തിരി കനത്തപ്പഴാ ബൈക്ക് നിർത്തി വച്ച് ആ ബസ്റ്റോപ്പിൽ അഭയം പ്രാപിച്ചത്…

പഠിപ്പിക്കുന്ന കോളേജിലെ കൂടെ പഠിപ്പിക്കുന്ന ഒരു കൂട്ടുകാരൻ ആക്‌സിഡന്റ് ആയി കിടക്കുന്നുണ്ട് അവനെ കാണാൻ വേണ്ടിയാണു ഈ വഴിക്ക് വന്നത്…

അപ്പഴാണ് മഴ.. അതാണ് വേഗം ബസ് സ്റ്റോപ്പിൽ കേറി നിന്നത്….

“”ഈ നശിച്ച മഴയൊന്നു തോർന്നു കിട്ടിയിരുന്നെങ്കിൽ “”” എന്ന് പിറു പിറുത്തു..

അവിടെ വേറെയും ചിലർ ഉണ്ടായിരുന്നു.. അതിനിടയിൽ മിഴികൾ അറിയാതെ ചെന്നു ഉടക്കിയത് അവളുടെ വെള്ളാരം കണ്ണിൽ ആയിരുന്നു…..

സുന്ദരിയായ ഒരു പെൺകുട്ടി.. മഴയത്ത് എന്നെ പോലെ കേറി നിന്നത് ആവണം… അവളെ തന്നെ നോക്കി നിന്നു…

സ്റ്റോപ്പിൽ ദേഹത്തേക്ക് വീണ വെള്ളത്തുള്ളികൾ തട്ടി തെറുപ്പിക്കുകയായിരുന്നു…
പെട്ടെന്നാണ് സ്ഥല കാല ബോധം വന്നതും.. നോട്ടം മാറ്റിയതും. നോട്ടം മാറ്റിയാലും മുന്നിൽ മുഴുവൻ നിറഞ്ഞ് നിന്നത് അവളായിരുന്നു…

ലൈറ്റ് ക്രീം ചുരിദാറിൽ അവൾ…..

വെള്ളാരം കണ്ണുള്ള ആ സുന്ദരി കുട്ടി… മഴയെ ശപിച്ചതത്രയും വേണ്ടിയിരുന്നില്ല എന്ന് തോന്നി..

ഒപ്പം ഈ മഴ ഉടനെ ഒന്നും തീരല്ലേ എന്നും…. ഇടക്കിടക്ക് മിഴികൾ പറഞ്ഞത് കേൾക്കാതെ അവളിലേക്ക് പാളി വീണു..

എപ്പഴോ അവൾ അത് കാണുകയും ചെയ്തു.. പിന്നെ ഒരുമിച്ച് നോട്ടങ്ങൾ നിരവധി തവണ തമ്മിൽ ഇടഞ്ഞു..

അതു കാണെ അവളുടെ വെപ്രാളം ചുണ്ടിൽ ഒരു ചിരി സമ്മാനിച്ചു….
അവളുടെ പിടയുന്ന വെള്ളാരം കണ്ണുകളും.. ചുവന്ന ചുണ്ടുകളും, തിളങ്ങുന്ന വെള്ളക്കല്ല് മൂക്കുത്തിയും ഒക്കെ നെഞ്ചിൽ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു….

ഒരു ബസ് വന്നതും ചിലർ എല്ലാം കൂടെ അതിൽ തള്ളി കേറി…. പിന്നെ ആകെ ഒന്നോ രണ്ടോ ആളുകൾ ബാക്കിയായി..

അപ്പോഴും എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു… അവൾ ആ ബസിൽ കയറുന്നുണ്ടോ എന്ന് നിരാശയോടെ നോക്കി .

ഇല്ല എന്നറിഞ്ഞതും സന്തോഷം തോന്നി…

ആദ്യമായാണ് അവളെ കാണുന്നത്… ഇത്രയും നേരം കൊണ്ട് അവൾ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു…

അലറി പെയ്യുന്ന മഴയെക്കാൾ വേഗത്തിൽ അവൾ എന്റെ ഉള്ളിൽ പെയ്തിറങ്ങി… അതിന്റെ കുളിരിൽ ഞാനും മുങ്ങിയിരുന്നു…..

മഴ നേർത്തത് ഉള്ളിൽ നിരാശ പടർത്തി… അവൾ നടന്നു നീങ്ങിയിരുന്നു..

എന്തോ ഉള്ളിൽ വല്ലാത്തൊരു നോവ് പടരുന്നത് അറിഞ്ഞു… അവളെ തന്നെ നോക്കി നിന്നു… ഇത്തിരി ദൂരം നടന്നു എന്റെ മനസ്സ് അറിഞ്ഞത് പോലെ അവൾ തിരിഞ്ഞു നോക്കി…

അപ്പോഴും അവളെ തന്നെ നോക്കി നിൽക്കുകയാണ് എന്നറിഞ്ഞതും അവൾ വേഗത്തിൽ നടന്നു നീങ്ങി…

പിന്നെ അവൾ തന്നെ ആയിരുന്നു മനസ്സിൽ…. അതങ്ങനെ വല്ലാതെ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയപ്പോഴാണ്
വീണ്ടും അവളെ കാണാൻ ഇറങ്ങിയത്…
ആ ബസ് സ്റ്റോപ്പിൽ അന്ന് നിന്നിടത്ത്…

അതേ പോലെ നിന്നു…

ഒരു മഴയുടെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ… നിരാശ ആയിരുന്നു ഫലം… എവിടെയും അവളെ കണ്ടില്ല…

കുറെ നേരം നിന്നു…

ആരോടേലും ചോദിക്കാം എന്ന് വച്ചപ്പോഴാണ് പേര് പോലും അറിയില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടത്…

കഴിഞ്ഞ ദിവസം മഴയത്ത് ബസ് സ്റ്റോപ്പിൽ കേറി നിന്ന പെൺകുട്ടിയെ അറിയാമോ എന്നെങ്ങനെ ആരോടേലും ചോദിക്കും….

കുറെ നേരം നോക്കി വണ്ടി തിരിച്ചു…
അപ്പോഴത്തെ മാനസികാവസ്‌ഥ പറഞ്ഞറിയിക്കുക പ്രയാസമായിരുന്നു…
അത്രമേൽ എന്റെ മനസ്സ് തളർന്നു പോയിരുന്നു…

എത്ര മാത്രം അവളെന്നിൽ പടർന്ന് കഴിഞ്ഞു എന്ന് മനസ്സിലായി…

എത്രയോ പെൺകുട്ടികളെ കണ്ടിട്ടുണ്ട്.. അവർക്കെങ്ങും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത അവളിൽ തോന്നിയിരുന്നു…

എന്റെ കണ്ണിൽ മാത്രം…

ഒറ്റ മകനായതു കൊണ്ട് അമ്മ കുറെ ആയി ഒരു വിവാഹത്തിന് നിർബന്ധിക്കുന്നു..

കുറെ പെൺകുട്ടികളെ പോയി കണ്ടു.. പക്ഷെ ഒന്നും ശരിയായില്ല..

ഈ കുട്ടിയെ കണ്ട ശേഷം മറ്റൊന്നും മനസ്സിലേക്ക് വരുന്നില്ല… അമ്മ വിവാഹത്തിന്റെ കാര്യം എടുത്തിടുമ്പോഴൊക്കെ അവളുടെ ആ മിഴികളും ഒളിഞ്ഞുള്ള നോട്ടവും ഓർമ്മയിൽ വരും…

പിന്നീട് പലപ്പോഴും ആ സ്റ്റോപ്പിൽ അത് പോലെ പോയി നിന്നിട്ടുണ്ട്…

പ്രതീക്ഷയോടെ…

പക്ഷെ അവളെ മാത്രം പിന്നെ ഒരിക്കലും കണ്ടില്ല.. എല്ലാ പ്രതീക്ഷകളും അസ്‌തമിക്കാൻ തുടങ്ങി…

ഉണരുമ്പോൾ ഓർമ്മയിൽ നിന്നും മാഞ്ഞു പോകുന്ന സ്വപ്‌നങ്ങൾ പോലെ ആയി അവളും..

ഏതോ ഒരു സ്വപ്നം പോലെ വന്നവൾ….

പിന്നെ അമ്മയുടെ വിഷമം കണ്ട് പെണ്ണ് കാണാൻ പോകാൻ സമ്മതിച്ചു… ദൂരെ ഒരിടത്തായിരുന്നു പെണ്ണിന്റെ വീട്…

ജാതകം ചേർന്നതായിരുന്നു.. ഒട്ടും താല്പര്യമില്ലാതെ ബ്രോക്കറിന്റെ കൂടെ പോയി….

അവിടെ എത്തി.. ചായയും ആയി വന്നവളെ കണ്ട് ഞെട്ടി…
അത്

“””അവൾ “””

ആയിരുന്നു…

ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ ഊറിയിരുന്നു…

“””നിഹാര “””” എന്നായിരുന്നു അവളുടെ പേര്… ശരിക്കും പേര് പോലെ തന്നെ മഞ്ഞു തുള്ളി പോലെ ഒരുവൾ…

സംസാരിക്കാൻ തന്ന സമയത്ത് അവളോട് എന്നെ മനസ്സിലായോ എന്ന് ചോദിച്ചു..

“”മ്മ് “” എന്ന് പറഞ്ഞതിൽ നിന്നും അവൾക്കെന്നെ മനസ്സിലായി എന്നറിഞ്ഞു..

അവളുടെ ആന്റിയുടെ വീട് അവിടെ ആയിരുന്നു… കുറെ കാലത്തിനു ശേഷം ഒന്ന് കാണാൻ പോയതാണത്രേ അവൾ…
അന്ന് തന്നെ തിരിക്കുകയും ചെയ്തു… ആ അവളെ ആണ് ഞാൻ എന്നും അവിടെ കാത്തു നിന്നിരുന്നത്…

എല്ലാം ഉറപ്പിച്ചാണ് അന്ന് അവിടെ നിന്നും ഇറങ്ങിയത്… വീട്ടിലെത്തി ആദ്യം ചെയ്തത് സകല ദൈവങ്ങൾക്കും നന്ദി പറയലാണ്…

അവളെ എന്നിൽ തന്നെ ചേർത്തു വച്ചതിനു…

പിന്നെകാത്തിരിപ്പായിരുന്നു അവൾ എന്റേതാകും വരെ…

എന്റെ താലി അവളുടെ മാറിലേക്ക് ചേർത്തു വക്കുമ്പോൾ ഹൃദയം അത്രമേൽ ആർദ്രമായിരുന്നു… മിഴികൾ നിറഞ്ഞത് ആരും കാണാതെ ഒളിപ്പിച്ചിരുന്നു…..

കിലോമീറ്ററുകൾക്ക് അപ്പുറം ഉള്ള അവളെ കാത്തു ആ ബസ് സ്റ്റോപ്പിൽ ദിവസങ്ങൾ ചെലവഴിച്ച കഥ കേട്ട് അവളിപ്പോൾ പൊട്ടി പൊട്ടി ചിരിക്കാറുണ്ട്… അത്രക്കും അത്രക്കും എന്നെ ഇഷ്ടായിരുന്നോ?

എന്ന് എന്റെ നെഞ്ചിൽ കിടന്നു കൊഞ്ചി ചോദിക്കാറുണ്ട്.. എന്നെ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നു? എന്ന് ആശ്ചര്യത്തോടെ ചോദിക്കാറുണ്ട് …

അവൾക്കറിയില്ലല്ലോ ഇതിനൊന്നും എന്റെ കയ്യിൽ ഉത്തരം ഇല്ലെന്ന്…..

എത്രയോ തവണ സ്വയം ചോദിച്ച് പരാജയപ്പെട്ടതാണ് എന്ന്…. ഭ്രാന്തമായി അവളെ മോഹിച്ചത് മാത്രമേ എനിക്ക് അറിയൂ….

ഇന്ന്‌ എന്റെ അരികിൽ അവൾ ഇങ്ങനെ ചേർന്ന് നിൽകുമ്പോൾ ജീവിതം ഇനീം ഇനീം അനന്തമായെങ്കിൽ എന്നാണ് മോഹിക്കുന്നത്….

ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നിന്നും അടർത്തി എടുത്തത്….

Leave a Reply

Your email address will not be published. Required fields are marked *