പക്ഷേ ഒരുപാട് വൈകിപ്പോയിരുന്നു അവളുടെ മകൻ ഒരു ഭ്രാന്തനെ പോലെ പെരുമാറി അവിടെ കിട്ടിയ എന്തോ എടുത്ത് അവളുടെ..

(രചന: J. K)

“””‘ ചിത്രേട്ടാ ഒന്നും ഉണ്ടായിട്ടില്ല…. ഞാൻ കാല് വഴുതി വീണതാ…””

ഉമയുടെ ശബ്ദം കേട്ടപ്പോഴേ ചിത്ര ഭാനുവിന് മനസ്സിലായിരുന്നു പറയുന്നത് കള്ളമാണ് എന്ന് എങ്കിലും അയാൾ ഒന്നും പറഞ്ഞില്ല എന്തിനാണ് വെറുതെ ഓരോന്ന് ചോദിച്ച് അവളുടെ മനസ്സ് വിഷമിപ്പിക്കുന്നത് എന്ന് കരുതി ഒന്നും മിണ്ടാതെ ഇരുന്നു…..

റിട്ടേൺ ടിക്കറ്റ് കയ്യിൽ ഇരുന്നു അമർന്നു…

ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ വിമാനത്തിൽ ഇരുന്ന് അയാൾ ചിന്തിച്ചത് മുഴുവൻ തന്റെ വീടിനെപ്പറ്റിയായിരുന്നു…

ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ പ്രവാസിയുടെ കുപ്പായം എടുത്തണിഞ്ഞതാണ്…

ഇഷ്ടമുണ്ടായിട്ടായിരുന്നില്ല… അച്ഛനില്ലാത്ത ഒരു വീടിന്റെ അത്താണിയായി മാറിയതിന്റെ ബാക്കി പത്രമായിരുന്നു തന്റെ പ്രവാസം അമ്മയും അനിയത്തിയും..

അവരായിരുന്നു അന്ന് ചോദ്യചിഹ്നം പോലെ തന്നെ മുന്നിൽ ഉണ്ടായിരുന്നത്… അവർക്ക് വേണ്ടിയാണ് ആദ്യമായി ഈ കുപ്പായം എടുത്തണിഞ്ഞത് ഒട്ടും സുഖകരമല്ല എന്ന പൂർണ ബോധ്യം മനസ്സിൽ ഉണ്ടായിരുന്നു….

എന്നിട്ട് പോലും ഇങ്ങോട്ട് പോന്നത് ഒരുപാട് പൊന്നും പണവും സ്വന്തമായി കൊണ്ടുപോയി അവരെ കൊട്ടാരത്തിൽ ഉറക്കാൻ അല്ല ഒരു നേരത്തെ ആഹാരം എങ്കിലും കൊടുക്കണം എന്ന് മനസ്സ് നിറഞ്ഞു ആഗ്രഹിച്ചത് കൊണ്ടാണ്…

ഇവിടെ നിന്നും കിട്ടിയ വിലപിടിപ്പുള്ളതൊന്നും എടുത്തു കാണിച്ചു കൊടുക്കാൻ ഉണ്ടായിരുന്നില്ല എനിക്ക് … നേട്ടം കുറെ ജീവിതങ്ങളും അത് പച്ചപിടിച്ചതിന്റെ കുറെ നല്ല ഓർമ്മകളും മാത്രമായിരുന്നു…..

പക്ഷേ അതിന്റെ ഒന്നും കണക്കോ കാര്യങ്ങളോ ഞാൻ സൂക്ഷിച്ചിരുന്നില്ല…. അങ്ങനെ എന്റെയും വിവാഹം കഴിഞ്ഞു…

എന്റെ മോഹം പോലെ തന്നെ എന്നെ മനസ്സിലാക്കുന്ന എനിക്ക് മനസ്സിലാവുന്ന ഒരു പാവം പെണ്ണ്…

ഉമ എന്തു കൊടുത്താലും അവൾക്ക് സന്തോഷമായിരുന്നു തൃപ്തിയായിരുന്നു എന്റെ മനസ്സറിഞ്ഞ് അവൾ പ്രവർത്തിച്ചിരുന്നു

അതുകൊണ്ടുതന്നെ പിന്നെ എനിക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെയാണ് ആറ്റുനോറ്റ് ഞങ്ങൾക്ക് ഒരു മോൻ ഉണ്ടാകുന്നത്…

അങ്ങനെ തന്നെ പറയണം വിവാഹം കഴിഞ്ഞ് ഏഴുവർഷം കഴിഞ്ഞ് ഉണ്ടാകുന്ന മകൻ, ആറ്റുനോറ്റും വഴിപാട് കഴിച്ചും ഒക്കെ ആവുമല്ലോ….

അല്പം ശ്രദ്ധയും കരുതലും കൂടുമല്ലോ അങ്ങനെ കിട്ടുമ്പോൾ ഇവിടെയും അത് തന്നെയായിരുന്നു സംഭവിച്ചത് …

ഒരു പ്രവാസിയായ അച്ഛന് പലപ്പോഴും നഷ്ടപ്പെടുന്ന ഒന്നുണ്ട് കുടുംബത്തിന്റെ നിയന്ത്രണം….

ഇവിടെ അതും എന്റെ കയ്യിൽ നിന്ന് പോയിരുന്നു ഒരു പാവം ആയിരുന്നു അവൻ വലുതായപ്പോൾ പല കാര്യങ്ങൾ പറഞ്ഞ് അവളുടെ കൈയിൽ നിന്നും പണം എടുത്തുകൊണ്ടുപോകൽ പതിവായിരുന്നു…

ചിലപ്പോൾ ചോദിക്കും ചിലപ്പോൾ ചോദിക്കാതെയും പക്ഷേ ഇതൊന്നും അവൾ എന്നോട് പറഞ്ഞില്ല എന്റെ മനസ്സ് വിഷമിക്കും എന്ന് കരുതി എല്ലാം മറച്ചുവച്ചു..

അവളോട് കയർക്കാനും അവളെ അനുസരിക്കാതിരിക്കാനും തുടങ്ങിയിരുന്നു ഞങ്ങളുടെ പൊന്നുമോൻ… അതും അവൾ എന്നോട് മറച്ചുവച്ചു എന്നെ വെറുതെ വിഷമിപ്പിക്കാതിരിക്കാൻ…

അവൾക്കറിയാമായിരുന്നു ഞാൻ അയക്കുന്ന ഓരോ രൂപയും എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് എന്ന്…

അത് അവൾ ഒരുപക്ഷേ മകനോട് പറഞ്ഞു മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതാവാം അല്ലെങ്കിൽ അത്രയും ബുദ്ധിമുട്ടി തങ്ങൾ അയക്കുന്ന പൈസ കൊണ്ടാണ്,

അവൻ ജീവിക്കുന്നത് എന്ന് അറിയേണ്ട എന്ന് കരുതി കാണും…. ഒരു അമ്മയുടെ സ്വാർത്ഥത പക്ഷേ അത് അവനെ മറ്റൊരു തലത്തിൽ കൊണ്ട് ചെന്ന് എത്തിച്ചു….

ഒരിക്കൽ അവന്റെ പ്രവർത്തിയിൽ എന്തോ സംശയം തോന്നിയ അവൾ മുറിയിൽ കയറി പരിശോധിച്ചു…

ഒരു എട്ടാം ക്ലാസുകാരന് ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി പൈസ അവന് ആവശ്യമുണ്ടായിരുന്നു…. അവിടെ നിന്നും കണ്ടെടുത്തത് വിലകൂടിയ പല മയക്കുമരുന്നുകളും ആയിരുന്നു…

ഇതൊന്നും അവൾ പറഞ്ഞുള്ള അറിവല്ല അവൾ എന്തുതന്നെ വന്നാലും എന്നോട് അത് പറയുകയുമില്ല…

എന്നോടോ മകനോടോ ഏറെ ഇഷ്ടം എന്ന് ചോദിച്ചാൽ ചിലപ്പോൾ അവൾ മൗനം പാലിച്ചേക്കാം കാരണം അതിനുത്തരം അവൻ എന്ന് തന്നെയാവും ആറ്റുനോറ്റ് കിട്ടി നൊന്ത് പെറ്റ മകനോളം ഒരുപക്ഷേ എന്നെയും പരിഗണിക്കുന്നില്ലായിരിക്കും….

എങ്കിലും എനിക്ക് സന്തോഷമാണ് ഒരു അമ്മ മനസ്സ് എനിക്ക് അപ്പോഴും മനസ്സിലാകും…

പക്ഷേ ഇത് കുറെ കൂടി പോയിരുന്നു ഒരുപക്ഷേ അവളോട് നിയന്ത്രണത്തിൽ നിന്നും ഒരുപാട് അകലേക്ക് അങ്ങനെയാണ് … അവൾ തീരുമാനിച്ചത് ഇനി ഒരു രൂപ പോലും മകന് കൊടുക്കരുത് എന്ന്..

അവൾ കൊടുക്കാതെ തന്നെ മകൻ എടുത്തുകൊണ്ടു പോകുന്ന രൂപയിൽ ഓരോ പൈസയ്ക്കും അവളിൽ കണക്കുണ്ടായിരുന്നു…
കാരണം അവൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു അവളുടെ ഭർത്താവിന്റെ വിയർപ്പതിൽ അടങ്ങിയിട്ടുണ്ട് എന്ന്…

എങ്കിലും അവൾ അവിടെ നിശബ്ദതയായത് അവളുടെ മകനോടുള്ള സ്വാർത്ഥമായ സ്നേഹം കൊണ്ട് മാത്രമാണ്…

ഇനിയത് വേണ്ട താൻ കാണിക്കുന്ന സ്നേഹം മുഴുവൻ അവനെ ഒരു മൃഗമാക്കി മാറ്റി എന്ന് അവൾ മനസ്സിലാക്കാൻ വൈകിയിരുന്നു.. അതുകൊണ്ടാണ് ഇനി ഒരു രൂപ പോലും കൊടുത്തിട്ടുള്ള സ്നേഹം വേണ്ട എന്ന് അവൾ തീരുമാനിച്ചത്

പക്ഷേ ഒരുപാട് വൈകിപ്പോയിരുന്നു അവളുടെ മകൻ ഒരു ഭ്രാന്തനെ പോലെ പെരുമാറി അവിടെ കിട്ടിയ എന്തോ എടുത്ത് അവളുടെ തല തല്ലിപ്പൊളിച്ച് കഴുത്തിൽ കിടക്കുന്ന താലിമാലയും പൊട്ടിച്ച് ഓടി…..

അത്രയും പ്രതീക്ഷിച്ചിരുന്നില്ല സ്നേഹിച്ചു വളർത്തിയ മകനിൽ നിന്ന് കിട്ടിയ പ്രഹരത്തേക്കാൾ മനസ്സിലെ ഭാരം കൂടി വന്നു അവൾ തളർന്നുവീണു അടുത്ത വീട്ടിലുള്ള ആരോ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും

ചോര ഒരുപാട് പോയിരുന്നു ഭാഗ്യം കൊണ്ട് ജീവന് ആപത്ത് ഒന്നും സംഭവിച്ചില്ല ഇതെല്ലാം അടുത്തുള്ള ഒരാൾ ആണ് എന്നെ വിളിച്ചു പറയുന്നത് അപ്പോൾ തന്നെ ബുക്ക് ചെയ്തിരുന്നു ഒരു റിട്ടേൺ ടിക്കറ്റ്…

പോലീസിലും അവൾ പറഞ്ഞു പരാതിയൊന്നുമില്ല എന്ന് അല്ലെങ്കിലും സ്വന്തം മകനേ പറ്റി ആരോട് പരാതിപ്പെടാൻ…

നാട്ടിലെത്തി അവളെ കണ്ടപ്പോൾ അവൾ പെട്ടെന്ന് ഞെട്ടിപ്പോയിരുന്നു എന്നെ ഒരിക്കലും അവളവിടെ പ്രതീക്ഷിച്ചില്ല…

അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു ഒരു കുറ്റവാളിയെ പോലെ എന്റെ മുന്നിൽ അവൾ തലതാഴ്ത്തിയിരുന്നു… എനിക്കറിയാമായിരുന്നു ആ മനസ്സ് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് സ്നേഹിക്കുക മാത്രമേ ആ പാവം ചെയ്തിട്ടുള്ളൂ…

ഒരുതരം സ്വാർത്ഥതയോടു കൂടിയ സ്നേഹം അത് പക്ഷേ മകൻ മറ്റൊരു രീതിയിലാണ് എടുത്തത് എന്ന് മാത്രം… അവൻ അത് മുതലെടുത്തു പരമാവധി..

അവളെ ആശ്വസിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത് പിന്നെ അവനെ തിരഞ്ഞു കണ്ടുപിടിച്ചു ഏതോ ഒരു കൂട്ടുകാരന്റെ കൂടെ ഒരു ലോഡ്ജിൽ വാടകക്ക് കഴിയുകയായിരുന്നു അവൻ….

ദുബായിൽ എല്ലുമുറിയെ പണിയെടുത്ത് ഈ കയ്യിന് നല്ല തഴമ്പുണ്ടായിരുന്നു അത് വെച്ച് ഒരെണമേ കൊടുത്തുള്ളൂ…

പിടിച്ച് റീഹാബിറ്റെഷൻ സെന്ററിൽ കൊണ്ട് ചെന്നാക്കി കൊടുത്തു… അവിടുത്തെ ചികിത്സാരീതികൾ വളരെ കഠിനമാണെന്ന് കേട്ടിട്ടുണ്ട്..

വേണമെങ്കിലും ചെയ്തോളാനും പറഞ്ഞു പൈസയും കൊടുത്ത് തിരികെ പോരുമ്പോഴും ആ അമ്മ മനം പറയുന്നുണ്ടായിരുന്നു,

“‘”ന്റെ കുട്ടി ഒരുപാട് വിഷമിക്കും ചിത്രേട്ടാ അവൻ പാവാ “”” എന്ന്…