(രചന: ജ്യോതി കൃഷ്ണകുമാർ)
ഇത്തവണ ലീവിൽ വരുന്നു എന്ന് ഭാര്യയോട് വിളിച്ചു പറഞ്ഞപ്പോൾ അവളുടെ സന്തോഷം അറിയാൻ ഉണ്ടായിരുന്നു…
അവൾ വേഗം എന്റെ മോളുടെ കയ്യിൽ ഫോൺ കൊടുത്തു അവളോടും പറഞ്ഞു അച്ഛൻ ഉടൻ വരുന്നുണ്ട് എന്ന്..
“”വേഗം വരണേ അച്ഛാ ഞങ്ങൾ കാത്തിരിക്കും “””” എന്ന് അവൾ പറഞ്ഞു..
പിന്നെ നാട്ടിലെത്താനുള്ള ഒരുതരം ദൃതി ആയിരുന്നു…
എന്തൊക്കെ വാങ്ങിച്ചിട്ടും മനസ്സിന് തൃപ്തി വരാത്തത് പോലെ…
ഓരോരുത്തരെയും മനസ്സിൽ പ്രത്യേകം ആലോചിച്ച് ഓരോരുത്തർക്കും ഉള്ളത് വേറെ വേറെ വാങ്ങി…
ഒരാളെയും മറന്നു എന്ന് പറയരുത്…. ഒടുവിൽ ഭാര്യക്കായി ഒരു പട്ടുസാരിയും…
നാട്ടിലേക്ക് തിരിക്കുമ്പോൾ എത്രയും പെട്ടെന്ന് അവിടെയെത്തി തന്നെ കാണുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ചിരി കാണാനുള്ള ആവേശമായിരുന്നു….
അവിടെ എത്തിയതും മോളെ കണ്ടു..
അവൾ കഴിഞ്ഞ തവണത്തേക്കാൾ വലിയ കുട്ടി ആയിരിക്കുന്നു… ഓടിവന്ന അച്ഛാ എന്നു പറഞ്ഞു കെട്ടിപിടിച്ചപ്പോൾ മിഴി അനുസരണക്കേട് കാണിച്ചു തുടങ്ങിയിരുന്നു…
അത് കണ്ട് ഒരു കോണിൽ നിന്ന് അവളും മിഴികൾ തുടക്കുന്നുണ്ടായിരുന്നു…
എന്റെ ഭാര്യ…എന്റെ മകൾ.. എന്റെ ലോകം…
മെല്ലെ കാറിലേക്ക് കയറുമ്പോൾ ആരും കാണാതെ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിരുന്നു..
അപ്പോൾ കുസൃതിയോടെ അവൾ എന്നെ നുള്ളി… പ്രവാസിക്ക് വീണുകിട്ടുന്ന ചെറിയ വലിയ സന്തോഷങ്ങൾ…
എന്റെ അധ്വാനത്തിന്റെ ഫലം ഞങ്ങടെ കൊച്ച് വീട്ടിൽ എത്തിയപ്പോൾ സന്തോഷത്തിന്റെ നെറുകയിൽ എത്തിയിരുന്നു…
ഉമ്മറത്തു തന്നെ മാലയിട്ട് തൂക്കിയ മൂത്തമ്മ””” യുടെ ഫോട്ടോയിലേക്ക് നോക്കി തൊഴുതു..
മൂത്തമ്മ… അമ്മയുടെ അമ്മയെ അങ്ങനെ ആണ് വിളിച്ചിരുന്നത്..
ഈ ജീവൻ പോലും കടപ്പെട്ടവർ..
അപ്പോഴേക്കും അവൾ ഒരു തീപ്പെട്ടി നീട്ടി.. ആ മുന്നിലെ വിളക്ക് തെളിയിക്കുമ്പോൾ ഫോട്ടോയിലെ മുഖം ശോഭയോടെ ഒന്നു തിളങ്ങി.. ഒപ്പം ഈ കണ്ണിലെ കണ്ണീരും.
കൊണ്ടു വന്നതൊക്കെയും എല്ലാർക്കും പങ്കു വച്ചു.. അപ്പോഴും അതിലൊന്നും നോക്കാതെ എന്റെ പ്രണയത്തിനു മാത്രമായി ഒരുവൾ കൊതിയോടെ നിന്നിരുന്നു..
കുസൃതിയോടെ അവൾക്കായി കരുതിയ പട്ട് സാരിയും കൊണ്ട് അവൾക്കരികെ എത്തി.. ഗാഡമായി ഒന്ന് പുണർന്നപ്പോൾ പെണ്ണൊന്ന് നിശ്വസിച്ചു..
എന്നെ അരികിൽ കിട്ടിയതിന്റെ..
“”രണ്ടു വർഷം… രണ്ടു വർഷമായില്ലെടീ “”‘ എന്ന് ചോദിച്ചപ്പോൾ
“”” ദേ ഇവിടെ എപ്പോഴും ണ്ടല്ലോ “” എന്ന് അവളുടെ നെഞ്ചിൽ തൊട്ട് കാണിച്ചു തന്നു…
അതേ… അങ്ങനെ തന്നെയാണ് ഇത്രയും നാൾ പിടിച്ച് നിന്നതും..
നെഞ്ചിന്റെ താളമായി… പരസ്പരം… ഊരിയിട്ട് പോയ ഷർട്ടും കെട്ടിപിടിച്ച്..
എന്നോ ഒരുമിച്ചെടുത്ത ഫോട്ടോയിൽ മിഴി നട്ട്… അങ്ങനെ അങ്ങനെ..
പിറ്റേ ദിവസം കുഞ്ഞിപ്പെണ്ണിന്റെ കൂടെ ആയിരുന്നു… കാണുന്നവരോടൊക്കെ അവൾ പരിചയപ്പെടുത്തി, ന്റെ അച്ഛനാ എന്ന് പറഞ്ഞ്…
സ്കൂൾ ബസിന്റെ ഡ്രൈവറോട്.. ടീച്ചറോട്, കൂട്ടുകാരികളോട്… എല്ലാരും ചിരിയോടെ പരിജയം പുതുക്കി..
മനസ്സ് നിറഞ്ഞ് ഞാനും.. വൈകീട്ട് കൂട്ടുകാർ എത്തിയിരുന്നു.. അവർക്കായി കരുതിയ മ ദ്യ കുപ്പി പൊട്ടിച്ചു പണ്ടത്തെ കഥകൾ പറഞ്ഞു..
തമാശകളും…. സഹസികതയും.. എല്ലാം കഴിഞ്ഞ് അവന്മാർ സന്തോഷത്തോടെ കൈ തന്നു പിരിഞ്ഞു..
അകത്തു ചെന്നപ്പോ മോൾ ഉറങ്ങിയിരുന്നു..
അവൾ ചോറ് എടുത്തു വച്ചു.. പല തരം കറികൾ…. അതിനൊപ്പം ഒരു പാത്രത്തിൽ ചെറിയ ഉള്ളി പുളിയും കാന്താരിയും ഇട്ട് ചതച്ചു വെളിച്ചെണ്ണ ഒഴിച്ചത്…
അത് കാണെ ഓർമ്മകൾ മൂത്തമ്മയോളം പഴക്കത്തിലേക്ക് പോയി…
ബട്ടൻസ് ഇല്ലാത്ത നിക്കർ ചരടിൽ തിരുകിയ.. മൂക്ക് ഒലിക്കുന്ന ഒരു കുഞ്ഞി ചെറുക്കാനായി… അമ്മ മരിച്ചപ്പോൾ മൂത്തമ്മയായി പിന്നെ എല്ലാം.. അച്ഛൻ ഉപേക്ഷിച്ച ചെക്കനെ നോക്കാൻ ഏറെ പണിപ്പെട്ടു..
തൂങ്ങി ആടുന്ന കാതും, കരിമ്പൻ കുത്തിയ തോർത്തുണ്ട് പുതച്ച ഉണങ്ങി ശോഷിച്ച മാറിടവും….
ഒക്കെയായി എപ്പഴും മുറുക്കാൻ ചവക്കുന്ന എന്റെ മൂത്തമ്മ… വാര്യത്തെ മുറ്റം അടിച്ചും പാത്രം കഴുകിയും കിട്ടുന്ന ഇത്തിരി വറ്റ്, സ്വയം രുചിച്ചു നോക്കാതെ എനിക്ക് നീട്ടുന്ന മൂത്തമ്മ…
അന്ന് ഉണ്ടാക്കി തന്നിരുന്ന ഏക കറി യാണ് ഈ ചുവന്ന ഉള്ളി ചതച്ചത്..
വിശപ്പിന്റെ കാഠിന്യം ആ വയറ്റിലും കലശലാണ് എന്ന അറിവിൽ ഉള്ളതിൽ പകുത്തു കഴിച്ച് തൃപ്തി അടയാൻ പഠിച്ചു..
ജീവിതത്തിന്റെ വലിയ പാടങ്ങൾ.. ഇനീയും എവിടേം തോൽക്കാതിരിക്കാൻ..
അവൾ വന്നു ചുമലിൽ തൊട്ടപ്പഴാ ഒരു ഉരുള പോലും കഴിച്ചില്ലല്ലോ എന്നോർത്തത്..
നിറഞ്ഞു തൂവിയ മിഴികൾ കണ്ട് അവൾ ചോദിച്ചു,
മൂത്തമ്മയെ ഓർത്തോ എന്ന്… എന്റെ സ്പന്ദനം പോലും കണക്ക് കൂട്ടുന്നവൾക്ക് പറയാതെ എല്ലാം അറിയാം..
മൂത്തമ്മ “”” ആദ്യത്തെ തവണ അന്യ നാട്ടിലേക്ക് പോകുമ്പോ, ആ ചുണ്ട് വല്ലാതെ വിറച്ചിരുന്നു..
ഉള്ളിലെ സങ്കടം കണ്ണിലൂടെ ഒഴുകി കണ്ടിട്ടില്ല… എന്നോ കരഞ്ഞു കണ്ണീർ വറ്റിയതാവാം….
പോകാൻ ഇറങ്ങിയ ഞാൻ തിരികെ വന്ന്…
“”ഇനി ന്റെ മൂത്തമ്മയെ ഇവിടത്തെ റാണി ആക്കില്ലേ ഞാൻ “” എന്ന് കളി പറഞ്ഞിരുന്നു..
“””പോടാ കളി പറയാണ്ട് “”” എന്നു കപട ദേഷ്യം നടിച്ചു മൂത്തമ്മ..
അറിഞ്ഞില്ല പോയതിന്റെ എഴിനു എന്നെയും തനിച്ചാക്കി പോകും എന്ന്..
ആർത്തു കരയാൻ അല്ലാതെ ഒന്നു കാണാൻ പോലും പറ്റിയില്ല… പിന്നെ അഞ്ചു വർഷം നാട്ടിലേക്ക് പോലും വരാതെ.. ഒടുവിൽ കൂടെ ഉണ്ടാരുന്ന ഭാസ്കരേട്ടൻ ആണ് നിർബന്ധിച്ചു നാട്ടിൽ കൊണ്ട് വന്നതും..
മുജ്ജന്മം ചെയ്ത പുണ്യം പോലെ മോളെ ഈ കയ്യിൽ ഏല്പിച്ചതും…. അവളെയും മോളെയും ഒന്നൂടെ നെഞ്ചോട് ചേർത്ത് കിടന്നു…
രണ്ടു മാസം തീർന്നത് അറിഞ്ഞില്ല..
വീണ്ടും പ്രവാസത്തിലേക്ക്.. എത്ര മനക്കട്ടി ഉണ്ടെന്നു ഭാവിച്ചാലും ഉള്ള് രണ്ടീസം മുന്പേ ഇങ്ങനെ പെടഞ്ഞു കൊണ്ടിരിക്കും..
തിന്നുന്നത് ഇറങ്ങാതെ.. മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്ത്…
അവൾ അതിനേക്കാൾ കേമായി അഭിനയിക്കും.. പക്ഷെ ഞാൻ കാണാതെ കരഞ്ഞു തീർത്ത കണ്ണുകൾ അവളെ ചതിക്കും..
അടുത്ത തവണ വരുമ്പോ എന്ത് വേണം എന്ന് മോളോടും ചോദിക്കും..
അതൊക്കെ വാങ്ങാൻ അച്ഛൻ പോയിട്ട് വരാം എന്നും..
“””ഒന്നും വേണ്ട അച്ഛനെ മതി “”” എന്നവൾ പറയുമ്പോ മാത്രം തോറ്റു പോകും..
മിഴി നിറയും..
അപ്പോ കരയാതിരിക്കാൻ പാട് പെടുന്ന അവളെ നോക്കും..
ഇറങ്ങാൻ നേരം രണ്ടാളേം നോക്കില്ല..
നോക്കിയാൽ പോവാൻ പറ്റില്ല..
ഓടി പോയി കാറിൽ കേറും.. അവളുടെ സാരിയിൽ മുഖം ഒളിപ്പിച്ചു മോൾ കരയും.. സാരി തുമ്പു കൊണ്ട് മുഖം പൊത്തി അവളും..
“”വണ്ടി വിട്ടോ “‘ എന്ന് പറയുമ്പോ സ്വരം വിറക്കും..
പുറകിലൂടെ കള്ളനെ പോലെ നോക്കും അവൾ അകത്തേക്ക് ഓടുന്ന കാണാം അത്ര നേരം ഞാനിട്ട ഉടുപ്പ് നെഞ്ചിൽ ചേർത്തു കരയാൻ..
അത് കണ്ട് ശ്വാസം വിലങ്ങി ഞാനും..
അടുത്ത വരവിനായി…