(രചന: J. K)
“””അമ്മാ ഇത്തവണയും ലീവിന് എനിക്ക് വീട്ടിലേക്ക് വരാൻ പറ്റില്ല…
അമൃതക്ക് എവിടെയൊക്കെയോ പോകണമെന്ന് അപ്പോൾ പിന്നെ ഈ വെക്കേഷൻ ടൈമിന് പോയിട്ടില്ലെങ്കിൽ കുട്ടികൾക്കും പിന്നെ അത് പറ്റില്ലല്ലോ “”””‘
ഇന്ന് മകൻ വിളിച്ചു പറഞ്ഞത് കേട്ട് ഒന്ന് മൂളി സാവിത്രി.. അവൻ തന്നെ കാണാൻ വന്നിട്ട് ഇപ്പോൾ മൂന്ന് വർഷത്തിൽ കൂടുതൽ ആയിരിക്കുന്നു…
അവരുടെ മിഴികൾ മെല്ലെ ഭർത്താവിന്റെ മാലയിട്ട് തൂക്കിയ ഫോട്ടോയ്ക്ക് നേരെ നീണ്ടു…
തന്റെ വിവാഹം വളരെ ചെറുപ്പത്തിൽ തന്നെ കഴിഞ്ഞിട്ടുണ്ടായിരുന്നു അന്നൊക്കെ കുട്ടികളെ നേരത്തെ പിടിച്ച് കല്യാണം കഴിപ്പിക്കും പതിനാറു വയസ്സിൽ ഒരു ഭാര്യയായി…..
അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുചെന്നതാണ്…… ജീവിതം എന്താണെന്ന് പോലും അറിയാത്ത ആ പ്രായത്തിൽ…..
പതിനെട്ടു വയസിൽ അമ്മയായി….
ഒരുപക്ഷേ കളിച്ചു ചിരിച്ച് നടക്കേണ്ട പ്രായം.. അന്ന് മുതലേ ഉണ്ടായിരുന്നു മകൻ തന്റെ കൂടെ… പിന്നീടുള്ള ജീവിതം മുഴുവൻ അവനു വേണ്ടിയായിരുന്നു…
മകന് വെറും ഏഴ് വയസ്സ് പ്രായമുള്ളപ്പോഴാണ് ഭർത്താവ് ഞങ്ങളോട് വീട പറഞ്ഞത്…
എല്ലാവരും നിർബന്ധിച്ചതാണ് മറ്റൊരു വിവാഹം കഴിക്കാൻ യൗവനം പോലും തന്നെ കടന്നു പോയിട്ടുണ്ടായിരുന്നില്ല….
പക്ഷേ തന്റെ മകന്റെ മുഖം കാണും തോറും മറ്റൊരു വിവാഹം കഴിക്കാൻ തോന്നിയില്ല അവർക്ക് അവനെ സ്നേഹിക്കാൻ കഴിയില്ലയോ എന്ന ഭയം അതുകൊണ്ടുതന്നെയാണ് അവനുവേണ്ടി ജീവിക്കാം എന്ന് കരുതിയത്……
പിന്നീട് അങ്ങോട്ട് യുദ്ധസമാനമായിരുന്നു ജീവിതം അവന്റെ ഓരോ അസുഖങ്ങൾ അത് എന്നിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ അത് മാറുമ്പോൾ ഉണ്ടാകുന്ന സന്തോഷങ്ങൾ ഇത് മാത്രമായിരുന്നു കുറച്ച് കാലം ജീവിതം….
എങ്കിലും സധൈര്യം മുന്നോട്ടു നീങ്ങി….
പഠിക്കാൻ മിടുക്കനായിരുന്നു അവൻ എൻജിനീയറിങ് പൂർത്തിയാക്കി ദൂരെ ഒരു സ്ഥലത്ത് അവന് ജോലി കിട്ടി എന്നറിഞ്ഞപ്പോൾ നെഞ്ചില് വല്ലാത്ത ഒരു പിടപ്പായിരുന്നു എന്നെ വിട്ടു അവൻ ദൂരേക്ക് പോകുകയാണല്ലോ എന്ന് ഓർത്ത്…
അമ്മയും കൂടെ വരണം എന്ന് പറഞ്ഞു നിർബന്ധിച്ച അവനെ പറഞ്ഞ് മനസ്സിലാക്കി അമ്മയ്ക്ക് ഈ മണ്ണ് വിട്ട് എങ്ങോട്ടും വരാൻ കഴിയില്ല എന്ന് ഇവിടെയാണ് നിന്റെ അച്ഛൻ ഉറങ്ങുന്നത് എന്ന്…
എന്തുതന്നെ വന്നാലും അമ്മയെ കാണാൻ ഇടയ്ക്ക് വരണം എന്ന് മാത്രമാണ് അവനോട് പറഞ്ഞത് അത് സമ്മതിച്ചാണ് അവൻ പോയത്…
അവിടെ ഒപ്പം ജോലി ചെയ്യുന്ന ഒരു കുട്ടിയെ അവൻ ഇഷ്ടമായി അവളെ വിവാഹം കഴിക്കണം എന്നു പറഞ്ഞപ്പോൾ എതിരു നിന്നില്ല കാരണം അവന്റെ ജീവിതമല്ലേ…..
അത് അവന്റെ ഇഷ്ടപ്രകാരം അല്ലേ വേണ്ടത് എന്ന് കരുതി ആ കല്യാണം നടത്തി കൊടുത്തു…..
വിവാഹം കഴിഞ്ഞ് ആദ്യമൊക്കെ അവൻ എനിക്ക് തന്ന വാക്ക് പാലിച്ചിരുന്നു ഇടയ്ക്കിടയ്ക്ക് എന്നെ കാണാൻ വന്നു അതോണ്ട് തന്നെ എനിക്ക് ഇത്രയും ഒറ്റപ്പെടൽ തോന്നിയിരുന്നില്ല
പക്ഷേ കുഞ്ഞുങ്ങളായി പിന്നീട് വരലിന്റെ അളവ് കുറച്ചപ്പോഴാണ് ഞാൻ എത്രമാത്രം തനിച്ചാണ് എന്ന ബോധ്യം എനിക്ക് വന്നത്…
ഇനി എന്ത് ചെയ്യണം എന്ന് ഓർത്തിരുന്നപ്പോഴാണ് എനിക്ക് ഒന്നും ചെയ്യാനില്ല എന്ന വലിയൊരു യാഥാർത്ഥ്യം മനസ്സിലായത് ഇതുവരെ ചെയ്തുകൊണ്ടിരുന്നതൊക്കെ അവർക്ക് വേണ്ടിയായിരുന്നു അവരുടെ കാര്യങ്ങൾ ആയിരുന്നു നിവർത്തിച്ചു കൊടുത്തിരുന്നത്…
അവരുടെ ഫോൺ വിളിക്കായി കാത്തിരിക്കുകയും അവർക്ക് വേണ്ടി ഓരോന്ന് ചെയുകയും ഒക്കെ….
ഇപ്പോഴും ഉണ്ട് ഭരണിയിൽ അവർക്കായിട്ട കടുമാങ്ങയും കൊണ്ടാട്ടവും എല്ലാം ആരെങ്കിലും പോകുമ്പോൾ കൊടുത്തയക്കാൻ വേണ്ടി…
അപ്പോഴാണ് പണ്ട് എന്റെ കൂടെ പഠിച്ച ഒരാൾ ഫോൺ ചെയ്യുന്നത് എന്റെ നമ്പർ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യട്ടെ എന്ന് ചോദിച്ചു…
ചെയ്തോളാൻ പറഞ്ഞു അവിടെ ഒത്തിരി കൂട്ടുകാർ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ പഠിച്ചവർ…. നഷ്ടങ്ങളും ഒറ്റപ്പെടലും എന്നെപ്പോലെ അനുഭവിക്കുന്നവർ….
സമപ്രായക്കാർക്ക് ഏതാണ്ട് ഒരേ പോലത്തെ മാനസികാവസ്ഥയാണെന്ന് എനിക്ക് മനസ്സിലായി എല്ലാവർക്കും ഏകദേശം ഒരേ പോലത്തെ ജീവിതവും എല്ലാം നഷ്ടപ്പെട്ട് ഒന്നുമില്ലാതെ പ്രതീക്ഷകൾ വറ്റി ഇരിക്കുന്നവർ….
അവിടെ ഞങ്ങൾ ഞങ്ങളുടെ തായ് നേരം കണ്ടെത്തി തമാശകൾ പറഞ്ഞു ഓരോന്ന് ആസ്വദിച്ചു… അതിൽ ആരോ ആണ് നിർദ്ദേശം വെച്ചത് എല്ലാവർക്കും കൂടി ഒരു ട്രിപ്പ് പോകാം എന്ന്…
ഓരോരുത്തരുടെയും വീട്ടിൽ നിന്ന് തടവുണ്ടായിരുന്നു എങ്കിലും അതെല്ലാം നേരിടുവാൻ ഞങ്ങൾ തീരുമാനിച്ചു…
അങ്ങനെയാണ് അധിക ദൂരം ഇല്ലാത്ത ഒരു സ്ഥലത്ത് എല്ലാവരും ചേർന്ന് ഒത്തുകൂടിയത് ഓരോരുത്തരും സദ്യയിലെ ഓരോ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുപോയി…..
എല്ലാം കൂടി കൂട്ടി വെച്ചപ്പോൾ ഒരു വലിയ സാധ്യത തന്നെയായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും കിട്ടിയത്…
അപ്പോഴാണ് ഒത്തൊരുമയുടെ സ്വാദ് മനസ്സിലായത് ഓരോരുത്തരുടെയും കയ്യിലുള്ള ചെറിയ ചെറിയ കഴിവുകൾ ചേർത്തുവച്ചാൽ ഞങ്ങൾക്കായി ഒരു വലിയ ലോകം തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് മനസ്സിലായി….
ഒന്നും ചെയ്യാനില്ലാത്ത ഞങ്ങൾക്കായി ഓരോ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിച്ചു…
നന്നായി എംബ്രോയിഡറി വർക്ക് ചെയ്യുന്നവരുണ്ട്.. കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ അറിയുന്നവരുണ്ട്. പാചകത്തിൽ വിദഗ്ധരുണ്ട്…ഇതെല്ലാം എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരുന്നു അടുത്ത ചിന്ത…
അതിനും പരിഹാരം കണ്ടെത്തി ഓരോരുത്തർക്ക് എന്തൊക്കെയാണ് ഉണ്ടാക്കാൻ പറ്റുന്നത് അതെല്ലാം ഉണ്ടാക്കി അടുത്ത സമാഗമം ആകുമ്പോൾ കൊണ്ടുവരിക ഓരോരുത്തർക്ക് വേണ്ടത് പരസ്പരം വാങ്ങാം.
അതൊരു സഹായവും ആകും മനസ്സിന് ഒരു സന്തോഷവും….
മക്കൾ കൊടുത്തയക്കാൻ ഉണ്ടാക്കി വെച്ച കടുമാങ്ങ ഒത്തിരി ഇരിപ്പുണ്ടായിരുന്നു ഭരണിയിൽ…
ഒരിക്കൽ ആരോ വന്നപ്പോൾ കുറെ കൊടുത്തയച്ചതാണ് അന്ന് അവിടെ നിന്നും വിളിച്ചു പറഞ്ഞിരുന്നു എന്തിനാ അമ്മേ ഇതൊക്കെ കൊടുത്തയക്കാൻ നിന്നത് എന്ന്….
അപ്പുറത്ത് തൊടിയിൽ വീഴുന്ന മാങ്ങ ഓരോന്നും രാവിലെ പോയി പെറുക്കിയെടുത്ത് കഴുകി ഉപ്പിലിട്ട വച്ച്, കടുമാങ്ങ ഇടുമ്പോൾ മനസ്സിലെ മുഴുവൻ ആ കുഞ്ഞുങ്ങളാണ്…
അവർക്ക് വേണ്ടിയാണ്.. കഷ്ടപ്പാടൊന്നും ഒരു ബുദ്ധിമുട്ടായി തോന്നാറില്ല പക്ഷേ ആ ഒരു ചോദ്യത്തിൽ, എല്ലാം വിഫലമായിരുന്നു….
അതുകൊണ്ട് അന്ന് നിർത്തിയതാണ് കൊടുത്തയക്കൽ പക്ഷേ കണ്ണിമാങ്ങ നിലത്ത് പൊഴിഞ്ഞു കിടക്കുമ്പോൾ പെറുക്കാതെ ഇരിക്കാൻ തോന്നാറില്ല….
ആർക്കൊ വേണ്ടി ഇപ്പോഴും കഴുകി ഉപ്പിലിടും…..
പോയി ലൈസൻസ് എടുത്തു ആദ്യം തന്നെ…. പിന്നെ അത് ചെറിയ ചെറിയ പാക്കറ്റുകൾ ആക്കി എടുത്തു സാവിത്രി… അടുത്ത സംഗമത്തിന് കൊണ്ടുപോയി വച്ചപ്പോൾ ചൂടപ്പം പോലെ വിറ്റു പോയി…
അതുകൊണ്ട് പോയി കൂട്ടിയവർ വീണ്ടും വീണ്ടും ഓർഡർ കൊടുത്തു… ഇപ്പോ വിഷമിച്ചിരിക്കാൻ പോയിട്ട് വെറുതെ ഇരിക്കാൻ പോലും നേരം കിട്ടാറില്ല സാവിത്രിക്ക്….
സ്വന്തമായി സമ്പാദിക്കുന്ന പണത്തിന്റെ അഭിമാനം വേറെയും…
സഹായത്തിനായി പിന്നെയും കൂട്ടെണ്ടി വന്നു ആളുകളെ…
ഇപ്പോ സ്വന്തം കാലിൽ നിൽക്കുന്ന അഭിമാനിയായ ഒരമ്മയാണ് സാവിത്രി….
പലരും ഇങ്ങനെയാണ് ഉള്ള കഴിവുകൾ അറിയാതെ അങ്ങനെ ജീവിച്ചു പോകും നമുക്കുള്ള കഴിവുകൾ തന്നെ ഇത്തിരി മുന്നിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ ഒരുപക്ഷേ മറ്റൊരു വഴിയും തിരഞ്ഞെടുക്കേണ്ടി വരില്ല ജീവിതത്തിൽ….