ഇത്രയും നാൾ സ്വന്തം എന്ന് കരുതിയ ആളെ വിട്ട് മറ്റൊരു ജീവിതത്തിന് തയ്യാറെടുക്കണം എന്ന് യാഥാർത്ഥ്യം..

(രചന: J. K)

“””ഗിരി.. എനിക്ക് പിന്നേം പ്രൊപോസൽസ് വരുന്നെടാ… ഇനിയും പിടിച്ചു നിൽക്കാൻ പറ്റും ന്ന് തോന്നുന്നില്ല.. നീയൊന്ന് വന്നു അച്ഛനോട് സംസാരിക്കുമോ???”””

എണീറ്റ ഉടനെ വാട്സാപ്പിൽ വന്ന മെസ്സേജ് ആണ് അതുകണ്ടപ്പോൾ ഗിരിയുടെ നെറ്റി ചുളിഞ്ഞു . ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അവിടെവച്ച് അയാൾ ബാത്റൂമിലേക്ക് പോയി…

“””ജാനകി ആണ്…. തന്റെ പ്രണയം..

രാവിലെ മെസ്സേജ് അയച്ചു കഴിഞ്ഞ് ഏറെ നേരം അതിനുള്ള റിപ്ലൈക്കായി ജാനകി കാത്തിരുന്നു…

അത് അവൻ കണ്ടിട്ടുണ്ട് എന്നത് നീല വരകളിൽ നിന്ന് അവൾ മനസ്സിലാക്കിയെടുത്തു. പക്ഷേ ഒരു റിപ്ലൈയും ഇതുവരെയായിട്ടും കിട്ടിയില്ല…

മനസ്സൊക്കെ ആകെ നോവുന്നത് പോലെ… നെഞ്ചിൽ എന്തോ ഭാരം എടുത്തുവച്ചതുപോലെ…

വീണ്ടും ഒരുതവണ കൂടി അവൾ ആ നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കി ഇപ്പോൾ റിങ് ചെയ്യുന്നുണ്ട് കുറെ നേരം റിങ്ങ് ചെയ്ത് കട്ടായി എന്നല്ലാതെ അപ്പുറത്തുനിന്ന് ആരും ഫോണെടുത്തില്ല അവൾക്ക് നിരാശ തോന്നി…

ഇതിനുമാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല.. അവർ ഓർമ്മകളിലേക്ക് ഊളിയിട്ടു…

ഒരിക്കൽ ആർക്കോ വിളിച്ചപ്പോൾ നമ്പർ മാറി ഗിരിയുടെ ഫോണിലേക്ക് ചെന്ന ഒരു റോങ് കോൾ അങ്ങനെയാണ് ഗിരിയെ ആദ്യമായി പരിചയപ്പെടുന്നത്..

കുറെ നേരം ആളുമാറി എന്ന് എനിക്ക് മനസ്സിലാവാത്ത രീതിയില്‍ ഗിരി സംസാരിച്ചു ഇത് റോങ്ങ് നമ്പർ ആണെന്ന് മനസ്സിലാക്കാതെ താനും.

പിന്നെ എന്തൊക്കെയോ പൊരുത്തക്കേട് തോന്നിയപ്പോഴാണ് ഒന്നുകൂടി ശ്രദ്ധിച്ചത്…

അതോടെ മനസ്സിലായി അബദ്ധം..

പിന്നെ കലിപ്പ് ഇട്ടു നോക്കി പക്ഷേ ആളുടെ അടുത്ത് ഒന്നും നടന്നില്ല.. എന്റെ ഫോണിലേക്ക് വന്ന ഫോൺ കോൾ, എന്നോട് ഓരോന്ന് ചോദിച്ചു ഞാൻ റിപ്ലൈ തന്നു…

ഇത്രയും പറഞ്ഞ് ആള് തെളിഞ്ഞുനിന്നു എനിക്ക് പിന്നെ ഒന്നും പറയാനില്ലായിരുന്നു ഞാൻ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു..

രണ്ടുദിവസം കഴിഞ്ഞപ്പോൾ വീണ്ടും ആ നമ്പറിൽ നിന്ന് ഒരു മിസ്കോൾ അതു കണ്ടപ്പോൾ എന്തോ ഒരു ജിജ്ഞാസ തോന്നിയാണ് തിരിച്ചുവിളിച്ചത്…

സോറി പറയാൻ വേണ്ടി വിളിച്ചതായിരുന്നു അന്ന് അത്രയും നേരം പറ്റിച്ചതിന് കുഴപ്പമില്ല എന്ന് പറഞ്ഞപ്പോൾ ഇടയ്ക്ക് വിളിക്കാം എന്ന് പറഞ്ഞ് കട്ടായി ആ നമ്പർ ഞാൻ അണ്നോൺ എന്ന പേരിൽ സേവ് ചെയ്തു ..

പതിയെ നമ്പറിൽ നിന്ന് വിളികൾ തുടങ്ങി അത് ആദ്യം ഫ്രണ്ട്ഷിപ്പും പിന്നീട് നിറം മാറി പ്രണയത്തിലും എത്തി നിന്നു. ഇതിനിടയിൽ പലതവണ പരസ്പരം കണ്ടു പലയിടത്ത് വച്ചും…

നേരിട്ട് സംസാരിക്കുന്നത് കുറവായിരുന്നു കാരണം രണ്ടുപേരുടെയും വീടുകൾ തമ്മിൽ ഒരുപാട് ദൂരം ഉണ്ടായിരുന്നു എങ്കിലും ഫോണിലൂടെ ഒരുപാട് അടുത്തു..

പരസ്പരം മറക്കാനാവാത്ത വിധം… സാവധാനം ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണ ആലോചനകൾ വരാൻ തുടങ്ങി. പെൺകുട്ടികളെ അധികം പ്രായം ആവുന്നതിനു മുമ്പ് കല്യാണം കഴിപ്പിച്ച് വിടണം എന്ന തീരുമാനക്കാരായിരുന്നു ജാനകിയുടെ വീട്ടുകാർ…

അതുകൊണ്ട് തന്നെ ജാനകി ആകെ പരിഭ്രമിച്ചു അവൾക്ക് ഗിരിയെ മറന്നു മറ്റൊരു വിവാഹത്തെപ്പറ്റി ഓർക്കാൻ കൂടി പറ്റില്ലായിരുന്നു….

അവൾ ഗിരിയുടെ കാലുപിടിച്ചു പറഞ്ഞു, വീട്ടിൽ വന്ന് വിവാഹം അന്വേഷിക്കാൻ..

അയാൾക്ക് പക്ഷേ അപ്പോൾ അത് പ്രാക്ടിക്കൽ അല്ലായിരുന്നു പറയാൻ നല്ലൊരു ജോലിയോ സ്ഥിതിയോ ഒന്നും ഇല്ലാത്ത ഒരാൾക്ക് അവർ പെണ്ണ് തരില്ല എന്നതായിരുന്നു അയാളുടെ പോയിന്റ്..

അതുകൊണ്ടുതന്നെ അയാൾ അവളോട് പറഞ്ഞിരുന്നു തന്നെ മറന്നു മറ്റൊരു വിവാഹത്തിന് തയ്യാറാവാൻ…

അവൾക്ക് അതങ്ങോട്ട് ഉൾക്കൊള്ളാൻ ആയില്ല ഇത്രയും നാൾ സ്വന്തം എന്ന് കരുതിയ ആളെ വിട്ട് മറ്റൊരു ജീവിതത്തിന് തയ്യാറെടുക്കണം എന്ന് യാഥാർത്ഥ്യം അവളെ വല്ലാതെ പൊള്ളിച്ചു…

അവൾ ആവും പോലെ ഒക്കെ പറഞ്ഞു നോക്കി അയാളോട് പക്ഷേ ഗിരി തന്റെ സ്റ്റാൻഡിൽ തന്നെ ഉറച്ചുനിന്നു അയാളുടെ കഷ്ടപ്പാടിന്റെ ലോകത്തേക്ക് ജാനകി കൂടി വരണ്ട ജാനകി കൂടി കഷ്ടത്തിലാവും അത് അയാൾക്ക് സഹിക്കാൻ പറ്റില്ല എന്നെല്ലാം പറഞ്ഞു..

പക്ഷേ ജാനകി എല്ലാം സഹിക്കാൻ തയ്യാറായിരുന്നു പ്രണയം എന്നാൽ എന്തും പരസ്പരം ഷെയറിങ്ങ് ആണെന്ന് അവൾ പറഞ്ഞു നോക്കി…

ക്രമേണ ഗിരി അവളെ ഒഴിവാക്കാൻ നോക്കി… ജാനകി ഒരുപാട് പുറകെ നടന്നു..

ഒടുവിൽ ഗിരി യോടുള്ള വാശിക്കാണ് അപ്പോൾ വന്ന ഒരു വിവാഹത്തിന് അവൾ സമ്മതം മൂളിയത്..

അവൾ പുതിയ കല്യാണത്തിന് സമ്മതിക്കുമെന്ന് പറഞ്ഞപ്പോൾ അത് നല്ല തീരുമാനം എന്ന് പറഞ്ഞ് അവൻ അഭിനന്ദിക്കുക കൂടി ചെയ്തു.. അതോടെ മടുത്തിരുന്നു അവൾക്ക്…

എൻഗേജ്മെന്റ് കഴിഞ്ഞ് അവൾ വിളിക്കാതെ ആയപ്പോഴാണ് ഗിരിക്ക് തന്റേ നഷ്ടം മനസ്സിലായത്…

എവിടെ നോക്കിയാലും അവളുടെ ഓർമ്മകൾ മാത്രം അത് തന്നെ വിട്ടു പോകില്ല ഈ ജന്മം മുഴുവൻ എന്ന് അയാൾക്ക് ബോധ്യമായി..

അയാൾ വീണ്ടും അവളെ കാണാനായി ചെന്നു… അവളില്ലാതെ അയാൾക്ക് പറ്റില്ല അതുകൊണ്ട് ഈ വിവാഹത്തിൽ നിന്ന് പിന്മാറി അയാളുടെ ഒപ്പം ചെല്ലണം എന്ന് യാചിക്കാൻ..

പക്ഷേ അവളുടെ മനസ്സ് മാറിയില്ല..

“”” കുറേ ഞാൻ പുറകെ നടന്നില്ലെ… ഗിരീ…
ഒരു പട്ടിയെപ്പോലെ എന്നിട്ടും നീ നിന്റെ സാമ്പത്തിക ബുദ്ധിമുട്ട് എന്ന് പേര് പറഞ്ഞു ഒഴിവാക്കിയതല്ലേ എന്നെ…..

എന്തും സഹിക്കാൻ ഞാൻ തയ്യാറാണ് എന്ന് നിന്നോട് പറഞ്ഞിരുന്നില്ലേ?? പക്ഷേ നിനക്കിപ്പോൾ എന്നെ വലിയ നിലയിൽ എത്തിക്കണം എന്നിട്ട് വലിയ ത്യാഗി ആവണം എന്നൊക്കെ ഉള്ള വാശിയായിരുന്നു…

ഇപ്പോ എല്ലാം കൈവിട്ടുപോയ സമയത്ത് വന്ന് ഇങ്ങനെ പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്.. അച്ഛൻ അവർക്ക് വാക്ക് കൊടുത്തു ഇനി അതിനെ എതിർത്ത് നിന്റെ കൂടെ വരാൻ എനിക്ക് കഴിയില്ല…

പണ്ടും അച്ഛന് എതിർക്കാൻ കഴിയുമായിരുന്നില്ല അതുകൊണ്ടുതന്നെയാണ് നീന്നോട് ഞാൻ വീട്ടിൽ വന്ന് സംസാരിക്കാൻ പറഞ്ഞത്…. എന്റെ അച്ഛൻ എന്റെ ഇഷ്ടത്തിന് എതിര് നിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..

പക്ഷേ അപ്പോൾ നീ പറഞ്ഞത് നിന്റെ ബുദ്ധിമുട്ടുകളാണ് ഞാൻ നിന്നോട് ചോദിച്ചിട്ടാണ് വാക്ക് കൊടുത്തത് ഇനി എനിക്കൊന്നും ചെയ്യാനില്ല ഗിരി…. “”””

അതും പറഞ്ഞ് അവൾ പോകുമ്പോൾ അയാൾ വീണ്ടും കെഞ്ചി അവളോട് അവളില്ലാതെ തനിക്ക് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന്..

“” നിനക്കിനി തന്നെ വന്നാലും അത് എന്നെ ബാധിക്കില്ല അത്രമേൽ നീ എന്നെ അവഗണിച്ചു… ഇനി അച്ഛന്റെ വാക്കിനു മാത്രമേ എനിക്ക് പ്രാധാന്യം നൽകാൻ കഴിയു…. എന്നോട് ക്ഷമിക്കൂ…

മറ്റൊരു ജീവിതം കെട്ടിപ്പടുക്കു… എനിക്ക് ഒരു ശതമാനം പോലും കുറ്റബോധമില്ല കാരണം ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്…

അതുകൊണ്ട് മനസ്സിൽ യാതൊരു കറയുമില്ലാതെ പുതിയ ജീവിതത്തിലേക്ക് എനിക്ക് കാലെടുത്തുവെക്കാം അത് സന്തോഷപ്രദം അല്ലെങ്കിൽ കൂടി… “””

അത്രയും പറഞ്ഞു അവൾ നടന്നകന്നു…

അപ്പോഴും ഗിരി അവിടെ തറഞ്ഞു നിൽക്കുകയായിരുന്നു നഷ്ടപ്പെടുത്തിയതിന്റെ വിലയോർത്ത്…