കുറച്ചു നാൾ കഴിഞ്ഞാൽ ഇവൾ വേറൊരാളുടെ ഭാര്യയാകാൻ പോകുകയാണ്..

(രചന: കർണൻ സൂര്യപുത്രൻ)

സായാഹ്നം…. ബസ്‌റ്റോപ്പിൽ നല്ല തിരക്കുണ്ട്.. അവൾ വരുന്ന ബസും കാത്ത് ഞാൻ നില്കാൻ തുടങ്ങിയിട്ട് കുറെ നേരമായി..

തൊഴിൽരഹിതനു സമയത്തിന് എന്ത് വില??? മഴക്കോളുണ്ട്, ആളുകൾ വേഗം വീടെത്താനുള്ള വെപ്രാളത്തിലാണ്…. എനിക്ക് അതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നത്.

ഞാൻ കുറച്ചു നേരം വൈകിയാൽ പരിഭ്രമിക്കുന്ന ആരും എന്റെ വീട്ടിൽ ഇല്ല.

അല്ലെങ്കിൽ തന്നെ അതൊരു വീടാണോ? പരസ്പരം പഴിചാരലും, വാഗ്വാദങ്ങളും ചിലിപ്പോൾ ആത്മഹത്യശ്രമങ്ങളും മാത്രം നിറഞ്ഞു നിൽക്കുന്ന, ഒരു നരകം…..

കിതപ്പോടെ ബസ് വന്നു നിന്നു.. തള്ളി കയറാൻ ശ്രമിക്കുന്ന ആളുകൾക്കിടയിലൂടെ അവൾ കഷ്ടപ്പെട്ടിറങ്ങി.

എന്നെ നോക്കി…കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവളെന്നോട് ചോദിച്ചു “ഡാ, വിശക്കുന്നു… എവിടാ നല്ല ഫുഡ്‌ കിട്ടുക?

റോഡിനു എതിർവശമുള്ള ഹോട്ടൽ ചൂണ്ടിക്കാണിക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.

കാരണം സ്ഥിരമായി ഞാൻ ഭക്ഷണം കഴിക്കുന്നത് അവിടുന്നാണ്… അവളുടെ കൂടെ റോഡ് മുറിച്ചു കടന്നു. ഹോട്ടലിൽ തിരക്ക് കുറവാണ്.

എനിക്ക് എതിരായി അവൾ ഇരുന്നപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി.. പ്രത്യേകിച്ച് ഒരു ഭാവ മാറ്റവും ഇല്ല. ഈ പെണ്ണ് എന്റെ ആരാണ്?10വർഷങ്ങൾക്ക് മുൻപ് യാദൃശ്ചികമായി പരിചയപ്പെട്ടു.

പിന്നെ പേരെടുത്തു പറയാൻ പറ്റാത്ത ഒരു തരം ബന്ധം.. ഒറ്റപ്പെടലിന്റെ, അവഗണനയുടെ ലോകത്ത് എനിക്ക് ആകെ ഉള്ള തുണ ഇവൾ മാത്രമാണ്.

എന്റെ കാമുകി ആണോ?? ഏയ്‌ അല്ല. പ്രണയമെന്ന ഒരു പേരിട്ട് ആ ബന്ധത്തെ അപമാനിക്കുന്നത് പാപമാണ്.. എന്നാലും ജീവിതകാലം മുഴുവൻ ഇവൾ കൂടെ ഉണ്ടെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട്..

പക്ഷേ ഇനിയും കുറച്ചു നാൾ കഴിഞ്ഞാൽ ഇവൾ വേറൊരാളുടെ ഭാര്യയാകാൻ പോകുകയാണ്, അതോർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു ഭയം… അതെ ഞാൻ തനിച്ചാകാൻ പോകുന്നു…

എന്നെ കണ്ടപ്പോൾ സപ്ലെയർ മജീദിക്ക ഓടി വന്നു. നല്ല ഒരു മനുഷ്യനാണ്. കൈയിൽ കാശില്ലാഞ്ഞിട്ടും പല തവണ ഭക്ഷണം തന്നിട്ടുണ്ട്… സ്നേഹത്തോടെ എന്നോട് പെരുമാറുന്ന അപൂർവം ചിലരിൽ ഒരാൾ…

“മോൻ വന്നോ? കുറച്ചു ദിവസമായല്ലോ കണ്ടിട്ട്?”

“ഒരു ജോലി കിട്ടുമോ എന്ന് ശ്രമിച്ചോണ്ടിരിക്കുവായിരുന്നു ഇക്കാ…”

“എന്നിട്ട് ശരിയായോ?”

“എവിടുന്ന്…? ദൈവത്തിന് എന്നോടെന്തോ ദേഷ്യമുണ്ട് ”

“അങ്ങനൊന്നും പറയല്ലേ മോനെ.. പടച്ചോൻ പരീക്ഷിക്കും. പക്ഷേ കൈ വിടൂല്ല. എല്ലാം ശരിയാകും.. അത് പോട്ടെ എന്താ കഴിക്കാൻ വേണ്ടത്?”

“മസാലദോശ എടുത്തോ… നിനക്ക് അതുമതിയോ? അതോ വേറെന്തെങ്കിലും വേണോ?”…

ഞാൻ അവളെ നോക്കി ചോദിച്ചു. അവൾ തല കുമ്പിട്ടു മേശമേൽ വിരല് കൊണ്ട് ചിത്രം വരക്കുകയാണ്. ഒന്നും പറഞ്ഞില്ല.

“രണ്ടു മസാല ദോശ എടുത്തോ ഇക്കാ ”
മജീദിക്ക പോയപ്പോൾ അവൾ തല ഉയർത്തി എന്നെ നോക്കി

“എന്താ നിന്റെ ഭാവം?”

“മനസിലായില്ല “?

“ഇന്നലെ രാത്രി നീ എവിടായിരുന്നു?.. നീ എന്തിനാ റയിൽവെ ട്രാക്കിനടുത്തു പോയി ഇരുന്നത്?”

“ചുമ്മാ, തനിച്ചിരിക്കാൻ തോന്നി ”

“ഡാ കോപ്പേ,.. നീ എന്നോട് കള്ളം പറയരുത് ”

ഞാൻ മിണ്ടിയില്ല.. ആ ത്മ ഹത്യ ചെയ്യാൻ പോലും ധൈര്യം ഇല്ലാത്തവൻ എന്ത് മിണ്ടാൻ?

“നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്, നിനക്ക് ഞാനുണ്ട്.. നിന്റെ വീട്ടുകാർക് വേണ്ടെങ്കിലും എനിക്ക് നിന്നെ വേണം.. മ രിക്കാൻ തോന്നുമ്പോൾ എന്നെ ഓർത്താൽ മതിയെന്ന്.. എന്നിട്ടും…..

നിനക്കറിയോ ഇന്നലെ രാത്രി ടെൻഷൻ അടിച്ച് ഉറങ്ങിയില്ല.. എത്ര തവണ നിന്നെ വിളിച്ചു… ഫോൺ സ്വിച്ച്ഓഫ്… എന്തിനാടാ നീ ഇങ്ങനെ ചെയ്യുന്നെ??” അവളുടെ ശബ്ദം ഇടറി. കണ്ണ് നിറഞ്ഞു…

“ഞാനൊക്കെ വെറും വേസ്റ്റ് ആണെടീ… ഒരു നല്ല ജോലി ഇല്ല,… വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ട പിന്നെ നീ… നീയും കുറച്ചു കഴിഞ്ഞാൽ പോകും… പിന്നെയും ഞാൻ തനിയെ….”

“ഡാ, നീ പറഞ്ഞിട്ടല്ലേ ഞാൻ കല്യാണത്തിന് സമ്മതിച്ചത്?”

“അതെ… പിന്നെന്താ ഞാൻ ചെയ്യേണ്ടേ? പണ്ട് അമ്പലത്തിൽ വച്ചു നീ എനിക്ക് സത്യം ചെയ്തു തന്നിരുന്നു,..

എനിക്ക് നല്ലൊരു ജോലിയൊക്കെ കിട്ടി, എന്നെ സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന ഒരു പെൺകുട്ടി എന്റെ ജീവിതത്തിൽ വന്ന്,

ഞാൻ പൂർണസന്തോഷവാനാണെന്നു നിനക്ക് ബോധ്യമായാൽ മാത്രമേ സ്വന്തം ജീവിതത്തെ കുറിച് ചിന്തിക്കുകയുള്ളൂ എന്ന്…

വർഷങ്ങൾ ഇത്രയുമായി… ഇന്നും ഞാൻ ഒരു വട്ടപ്പൂജ്യമാണ്.. മതി. ഇനി എനിക്ക് വേണ്ടി നിന്റെ ജീവിതം ഹോമിക്കരുത്… അതുകൊണ്ടാ ഞാൻ കല്യാണത്തിന് സമ്മതിക്കാൻ നിർബന്ധിച്ചത്….”

“നീ മരിച്ചു കഴിഞ്ഞാൽ എനിക്ക് സന്തോഷം കിട്ടുമോ?”

ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോഴേക്ക് മജീദിക്ക വന്നു..

“ദാ… നല്ല ചൂട് മസാലദോശ,… കഴിക്ക്… ഇതാരാ മോനെ??”

“ഞാനോ? ഞാൻ ഇവന്റെ ഭാര്യ… ഇന്നുച്ചക്കാ കല്യാണം കഴിഞ്ഞേ…ഇനി വേറെന്തെങ്കിലും അറിയണോ “??

അവളുടെ വാക്കുകൾ കേട്ടപ്പോൾ മജീദിക്കയുടെ മുഖം വിളറി.. ഒന്നും മിണ്ടാതെ അദ്ദേഹം തിരിഞ്ഞു നടന്നു..

“നീ എന്ത് പണിയാ കാണിച്ചേ?? ആ പാവത്തിന് വിഷമമായി ”

അവൾ അത് ശ്രദ്ധിച്ചില്ല…

“ഞാനിപ്പോ എന്താ വേണ്ടത്?? നീ പറ ”

“ഒന്നും വേണ്ട, ദോശ തണുക്കും.. കഴിക്ക്.. എന്നിട്ട് വേഗം വീട് പിടിക്കാൻ നോക്ക്. മഴ വരുന്നുണ്ട് ”

അവൾ ഒന്നും മിണ്ടാതെ കഴിച്ചു തുടങ്ങി..എനിക്ക് വിശപ്പില്ലായിരുന്നു. അവളുടെ മുഖത്തു നോക്കി ഇരുന്നു….ഒരു സൗഹൃദത്തിന് വേണ്ടി സ്വന്തം ജീവിതം ഹോമിക്കുന്ന പാവം പെണ്ണ്….

കൈ കഴുകി അവൾ തന്നെ കൗണ്ടറിൽ പോയി കാശ് കൊടുത്തു. ചുമരിൽ ചാരി നിന്ന മജീദിക്കയെ കൈ കാട്ടി വിളിച്ചു… തെല്ലു പരിഭ്രമത്തോടെ മജീദിക്ക ഓടി വന്നു.

“മജീദിക്ക അല്ലേ?? ഇവൻ പറയാറുണ്ട് ഇക്കയെ കുറിച്ച്.. എന്നോട് ക്ഷമിക്കണം ഇക്കാ.. ഇവനോടുള്ള ദേഷ്യം ഇക്കയോട് കാണിക്കരുതായിരുന്നു. ഒന്നും മനസ്സിൽ വെക്കരുത്…”..

“അയ്യോ മോളേ, സാരമില്ല.. എനിക്ക് മൂന്നു പെൺകുട്ട്യോളാ… ഏകദേശം മോളുടെ പ്രായം വരും…പിന്നെ നിങ്ങള് കാര്യമായി സംസാരിക്കുമ്പോൾ ഇടക്ക് കേറി കുശലം ചോദിച്ചത് എന്റെ തെറ്റാ…. മോളത് വിട്ടേക്ക്…”

അവൾ നൂറുരൂപ നോട്ട് മജീദിക്കയുടെ കൈയിൽ പിടിപ്പിച്ചു..

“വേണ്ട മോളേ…”

“സാരമില്ല ഇക്കാ… സ്വന്തം മോള് തരുന്നതായി കരുതിയാൽ മതി ”

ഞങ്ങൾ പുറത്തേക്ക് നടന്നു.. ആകാശം കറുത്തിരുണ്ടിരുന്നു… ഏതു നിമിഷവും മഴ പെയ്യും…

“നിന്റെ കൈയിൽ കുടയില്ലല്ലോ എങ്ങനെ പോകും?”

ഞാനൊന്നും മിണ്ടിയില്ല അവൾ ബാഗ് തുറന്ന് കുടയെടുത്തു എനിക്ക് തന്നു
കുറച്ചു പൈസ ചുരുട്ടി എന്റെ പോക്കറ്റിലിട്ടു

“ഇപ്പോൾ കൈയിൽ ഇതേ ഉള്ളൂ… സാലറി കിട്ടിയില്ല. ”

എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല..
മുന്നിലൂടെ വന്ന ഓട്ടോറിക്ഷ ഞാൻ അവൾക്കു വേണ്ടി നിർത്തിച്ചു…അവൾ തിരിഞ്ഞു നിന്ന് എന്റെ കൈ പിടിച്ചു എന്തോ പറയാൻ തുടങ്ങിയതായിരുന്നു..

പക്ഷേ നിറഞ്ഞു തുടങ്ങിയ എന്റെ കണ്ണുകൾ കണ്ടപ്പോൾ അത് വേണ്ടെന്നു വച്ചു… മെല്ലെ എന്റെ കൈയിൽ ഒന്ന് അമർത്തി… അതിൽ എല്ലാം ഉണ്ടായിരുന്നു…

അവളെയും കയറ്റി ആ ഓട്ടോ മെല്ലെ നീങ്ങി… എന്റെ തോളിൽ ആരോ കൈ വച്ചു… മജീദിക്ക..

“എനിക്ക് കുറച്ചൊക്കെ മനസിലായി മോനേ….. നീ വിഷമിക്കണ്ട. പടച്ചോൻ നിന്റെ മനസ്സ് കാണും… “..

ഒരു കരച്ചിൽ എന്റെ തൊണ്ടക്കുഴിയിൽ വിങ്ങി…. അത് മജീദിക്ക കാണും മുൻപ് ഞാൻ റോഡിലേക്ക് ഇറങ്ങി…

ആൾക്കൂട്ടത്തിൽ തനിച്ചായ ഒരു കുട്ടിയുടെ അവസ്ഥ ആയിരുന്നു എനിക്ക്…. മഴ പെയ്തു തുടങ്ങി… കണ്ണീരും…….

NB:ആദ്യമായാണ് എഴുതുന്നത്. തെറ്റു കുറ്റങ്ങൾ ക്ഷമിക്കണം..

Leave a Reply

Your email address will not be published. Required fields are marked *