ഒടുവിൽ നിശ്ചയത്തിന് ഒരു ദിവസം മുമ്പ് ഹരി കാണാനെത്തിയിരുന്നു ഏയ്ഞ്ചലിനെ..

(രചന: Krishna)

“എന്ത് രസാടി നിന്റെ നാട് കാണാൻ…”

ഏയ്ഞ്ചൽ അത് പറഞ്ഞപ്പോ അല്ലി ഒന്ന് ചിരിച്ചു..

“പിന്നെ നീയെന്താടി അച്ചായത്തി കൊച്ചേ കരുതിയെ നാട്ടിൻ പുറത്തെ പറ്റി…?”

“കാവും കുളവും പാടവും എന്നൊക്കെ പറഞ്ഞപ്പോ ന്റെ കൊച്ചേ ടീവീൽ കണ്ടതല്ലേ പിന്നെ എന്നാ എന്നോർത്തു ഇരിക്കുവാരുന്നു…

പക്ഷേ നേരിട്ട് കണ്ടപ്പോ കൊച്ചേ ഇതിങ്ങനെ മനസ്സിൽ കേറി പോയടി… ഹോ പച്ചപ്പും ഹരിതാഭേo,”

“അത്രക്ക് ഇഷ്ടായെങ്കിൽ നീയിവടത്തെ ഒരു ചെറുക്കനെ കെട്ടി ഇവിടങ്ങു കൂടെടീ… ”

കുസൃതി പറഞ്ഞവളെ കയ്യിൽ കൊറിക്കാൻ എടുത്ത നെൻമണികൾ കൊണ്ട് എറിഞ്ഞു ഏയ്ഞ്ചൽ…

പാടവരമ്പത്തൂടെ ഓടുമ്പോൾ അവർ രണ്ട് പൂത്തുമ്പികളായി…

എംബിബിഎസ് ന് അഡ്മിഷൻ കിട്ടി പോയപ്പോൾ കരുതിയതല്ല അവിടെ ഇതുപോലൊരു കൂട്ട് കാത്തിരിക്കുന്നുണ്ടാവും എന്ന്…

ലണ്ടനിൽ ഡോക്ടർമാർ ആയ തോമസ് ഐസക്കിന്റെയും ലിസ്സ ഐസകിന്റെയും ഏക മകളെ കേരളത്തിലേക്ക് വളർത്താൻ വിട്ടത് അവരുടെ ജോലിക്കിടയിൽ അവളൊരു ബാധ്യത ആവാതിരിക്കാൻ വേണ്ടി ആയിരുന്നു…

തോമസ് ഐസക്കിന്റെ അമ്മച്ചി മറിയാമ്മ അവളെ പൊന്നു പോലെ തന്നെ ആണ് നോക്കിയത്….

പക്ഷേ ഒരു ഹൃദയാഘാദത്തിന്റെ രൂപത്തിൽ അവരെ കർത്താവ് തിരിച്ചു വിളിച്ചപ്പോൾ പിന്നീടുള്ള ജീവിതം ബോര്ഡിങ് സ്കൂളിലെ മടുപ്പിക്കുന്ന നാലു ചുമരുകൾക്കുള്ളിലായി…

പിന്നെ യാന്ത്രികമായൊരു ജീവിതമായിരുന്നു… ആരും കൂട്ടിനില്ലാതെ…

ഒടുവിൽ മെഡിസിന് ചേർന്നപ്പോൾ കിട്ടിയതാണ് അല്ലിയെ… അവൾ പിന്നെ കൂടെ പിറപ്പായി… എല്ലാമായി…

ഇപ്പോ അവളുടെ മോതിരം മാറ്റത്തിനു എത്തിയതാണ്… മുറച്ചെറുക്കനുമായി പണ്ടേ ഉറപ്പിച്ചതാണത്രേ…

വലിയ തറവാട്ടു മുറ്റത്തെത്തിയപ്പോൾ എല്ലാരും നിൽക്കുന്നുണ്ടായിരുന്നു അവളെ സ്വീകരിക്കാൻ…

കണ്ടപ്പോൾ എന്തോ നഷ്ട ബോധം… ഇങ്ങനെ കാത്തിരിക്കാനും സ്വീകരിക്കാനും തനിക്ക് ആരുമില്ലല്ലോ…

മെല്ലെ മിഴികൾ നിറഞ്ഞത് ആരും കണ്ടില്ല..

അല്ലിയുടെ കൂട്ടുകാരി എന്ന നിലയിൽ തനിക്കും കിട്ടിയ സ്വീകരണത്തിൽ അവളുടെ മനസ്സ് നിറഞ്ഞിരുന്നു…

“ഇനീം ആറേഴു ദിവസം ണ്ട് എൻഗേജ്മെന്റിന് ” എന്ന് പറഞ്ഞു അല്ലി അരികിൽ വന്നിരുന്നു…

“പറഞ്ഞ പോലെ നിന്റെ ആളെ കണ്ടില്ലല്ലോ?”

എന്ന് പറഞ്ഞു അല്ലിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ,

“ഏതേലും കാട്ടിലോ കുളത്തിലോ പോയിരുന്നു കവിത എഴുതുന്നുണ്ടാവും..”

എന്നു പറഞ്ഞപ്പോൾ അവളെ അത്ഭുതത്തോടെ നോക്കി..

“അത് നിന്നോട് പറഞ്ഞില്ല്യ ലെ.. വല്യേ എഞ്ചിനീയർ ആണേലും പുള്ളി ഒരു സ്വപ്നലോകത്താ പണ്ടേ മുതൽ… എത്ര ആരാധകരാ എന്നറിയോ..

ഈ എനിക്ക് പോലും.. കുറെ പുസ്തകമൊക്കെ ഇറക്കീട്ടുണ്ട്.. അഴീക്കൽ ഹരി ശങ്കർ ” എന്ന പേരിൽ…”

ഏയ്ഞ്ചലിനു കേട്ടത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

“അഴീക്കൽ ഹരിശങ്കറോ?? ”

“അതേ ടീ.. നിനക്ക് അറിയോ.. പറഞ്ഞപോലെ നീയും പുസ്തകപ്പുഴു ആണല്ലോ… ”

“”ന്റെ ഫേവറേറ്റ് റൈറ്റർ ആടീ.. ഹോ ബാ നമുക്ക് പോയി കാണാം ന്നെ… പ്ലീസ്… സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുമ്പോ എത്ര മെസ്സേജ് ആണെന്നോ ഞാൻ അയച്ചിട്ടുള്ളെ…

ഒക്കെ വായിച്ചതായി കാണും പക്ഷേ റിപ്ലൈ തരില്ല.. ഒന്ന് നേരിൽ കാണാൻ കൊതിച്ചു കൊതിച്ചു ഇരിക്കരുന്നു… വാടീ പോവാം…. ”

അവേശത്തിന്റെ കൊടുമുടി താണ്ടി പറയുന്നവളെ ചിരിയോടെ നോക്കി അല്ലി…

അവളേം കൊണ്ട് ഹരിയേട്ടനെ കാണാൻ പോകുമ്പോൾ ആൾ നിലത്തൊന്നും അല്ലായിരുന്നു….

അപ്പച്ചിയോട് ചോദിച്ചപ്പോൾ കുളപ്പുരയിൽ കാണും എന്ന് പറഞ്ഞു,
അപ്പോഴും അങ്ങോട്ട് വലിച്ചു ഓടിയത് അവളാണ്…

അവിടെ ചെന്നപ്പോൾ കണ്ടു കുളപടവിൽ ദൂരേക്ക് നോക്കി ഇരിക്കുന്നവനെ…

മിഴികൾ വിടർത്തി ഹരിയെ നോക്കി ഏയ്ഞ്ചൽ.. എന്നോ മനസ്സിൽ കയറി കൂടിയവൻ എഴുത്തുകളിലൂടെ,…

ഒരിക്കൽ പോലും അല്ലി പറഞ്ഞിരുന്നില്ല ഈ ഹരീ ശങ്കർ ആണ് അവളുടെ ഹരിയേട്ടൻ എന്ന്…

“ഹരിയേട്ടാ ” എന്ന് വിളിച്ചതും ഏതോ ഭാവനാ ലോകത്ത് നിന്നും ഇറങ്ങി വന്നു ആൾ…

“നീ എപ്പോ വന്നു”

എന്ന് തീർത്തും ആത്മാർത്ഥത ഇല്ലാതെ ചോദിച്ചു ആൾ…

ഇന്നലെ”” എന്ന് പറഞ്ഞതും അവളെ ആരോ വിളിക്കുന്നത് കേട്ടു…

“”ഹരിയേട്ടാ ഇത് ഏയ്ഞ്ചൽ ന്റെ ഫ്രണ്ടാ ഹരിയേട്ടന്റെ വല്ല്യേ ഫാനാ ട്ടൊ “”

എന്നും പറഞ്ഞു അവൾ അങ്ങോട്ട് പോയപ്പോൾ.. ഫോര്മലായി ഒരു ചിരി എനിക്കും സമ്മാനിച്ചു….

“ഒരു നിദ്രക്കപ്പുറം നീയുണ്ടാവാം… സ്വപ്നത്തിലെങ്കിലും അദിഥിവാൻ”

ഹരി ശങ്കറിന്റെ അവസാനമായി എഴുതിയ കവിതയിലെ അവസാനവരികൾ കടമെടുത്ത് പറഞ്ഞപ്പോൾ ഞെട്ടി ഒന്ന് നോക്കി…

ഏയ്ഞ്ചൽ കല്ലൂക്കാടൻ”

എന്ന് പറഞ്ഞു കൈ നീട്ടിയപ്പോൾ
വീണ്ടും കണ്ടു ആ മുഖത്ത് പകപ്പ്…

പിന്നീടാ മിഴികൾ തിളങ്ങുന്നതും കണ്ടു…

“അഴീക്കൽ ഹരിശങ്കർ… ഇങ്ങനൊരു കണ്ടുമുട്ടലാവും… എന്ന് ഒരിക്കലും കരുതീതല്ല”

സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്നത്ര നേർത്തൊരു ചിരി ആ മുഖത്ത് കാണായി…

“എന്താ ഇപ്പോ ഒന്നും എഴുതി അയക്കാത്തത്???”

ഗംഭീര്യമുള്ള ശബ്ദത്താലെ ചോദിച്ചപ്പോൾ ഒന്നു പതറി പെണ്ണ്…

“നേരിട്ട് മറുപടി തരാത്തോർക്ക് പിന്നേം ഒന്നും അയക്കണ്ട എന്ന് കരുതി…”

കുറുമ്പോടെ പറഞ്ഞവളെ നോക്കി ഇത്തിരി ദേഷ്യത്തിൽ തന്നെ ചോദിച്ചു..

“മറുപടി തന്നിരുന്നില്ലേ എന്ന്…??”

സത്യമാണ്.. നേരിട്ട് മറുപടി തന്നിരുന്നില്ലെങ്കിലും തനിക്കായുള്ള മറുപടികൾ ആയിരുന്നു പിന്നെ വരുന്ന കവിതകളിൽ അത്രയും…

ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

ഹരിയും അവളെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല…

അപ്രതീക്ഷിതമായി തന്റെ കവിത ക്ക് കിട്ടിയ ഒരു മറുപടി.. ഒരു കുഞ്ഞിന്റെ പ്രൊഫൈൽ പിക്ചർ വച്ച് ഒരു ഐഡി യിൽ നിന്നും… അതും മറ്റൊരു മനോഹരമായ കവിതയിലൂടെ…

അന്ന് മുതൽ അവളോടുള്ള ആരാധനയായിരുന്നു…

ഏയ്ഞ്ചൽ എന്ന പേരല്ലാതെ കൂടുതൽ ഒന്നും അറിയില്ലായിരുന്നു… അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ല….

ഭയമായിരുന്നു അവളുടെ കവിതകളെ പോലെ അവളെയും ആരാധിക്കുമോ എന്ന്…

“മാഷേ…”

അവളുടെ വിളിയാണ് ചിന്തയിൽ നിന്നും ഉണർത്തിയത്… അന്ന് പിരിഞ്ഞപ്പോൾ രണ്ടു പേരിലും പരസ്പരം നിറഞ്ഞു നിന്നു…

പിന്നെയും കണ്ടു മുട്ടലുകൾ ഉണ്ടായി… നിശബ്ദം അവർ അടുത്തു….
അതൊരു പ്രണയത്തെക്കാൾ മനോഹരമായ ബന്ധമായിരുന്നു…

കല്പിച്ചു നൽകിയ സ്ഥാനം ഇല്ലായിരുന്നു….

ഒടുവിൽ നിശ്ചയത്തിന് ഒരു ദിവസം മുമ്പ് ഹരി കാണാനെത്തിയിരുന്നു ഏയ്ഞ്ചലിനെ… വെറുതെ ആളൊഴിഞ്ഞ പറമ്പിലെ മൂലയിൽ അവർ പരസ്പരം മൗനം പാലിച്ചു നിന്നു…

“ഭാവുകങ്ങൾ പ്രിയ എഴുത്തുകാരാ ”

എന്നവൾ പറഞ്ഞപ്പോൾ ഒന്ന് മെല്ലെ ചിരിച്ചയാൾ അവളെ നോക്കി…

“എനിക്ക്….””

എന്നുപറഞ്ഞു തുടങ്ങിയവനെ അരുതെന്നവൾ വിലക്കി….

കേവലമൊരു പ്രണയം പറഞ്ഞു അവളുടെ ഉള്ളിലെ ഹരിശങ്കർ താഴരുത് എന്ന്….

എനിക്കിതൊക്കെ ശീലമായി.. മോഹിക്കുന്നതും നഷ്ടപ്പെടുന്നതും…
അങ്ങനെ അല്ലാത്തവൾക്കായി നമുക്ക് സ്വയം നഷ്ടപ്പെടുത്താം അല്ലെ മാഷേ…..”

നേർത്തൊരു തലയാട്ടലിലൂടെ സമ്മതം അറിയിക്കുന്നവന്റെ മിഴിയിലും നനവ് പടർന്നിരുന്നു….

വിട്ട് കൊടുക്കുന്ന പ്രണയത്തിനു മധുരം കൂടും…അല്ലെ???

Story by krishna

Leave a Reply

Your email address will not be published. Required fields are marked *