(രചന: കൃഷ്ണ)
രാജേട്ടന് ആദരാജ്ഞലികൾ എന്ന് കണ്ട ഷോക്കിലാണ് ഞാൻ എത്തിയത്…
ഓട്ടോയിൽ ഒരു ദൂര ഓട്ടം കഴിഞ്ഞു എത്തിയതായിരുന്നു…. വാർത്ത കണ്ടപ്പോൾ തന്നെ നെഞ്ച് ഉരുകി…. രാജേട്ടൻ….,
മണലാരണ്യത്തിലെ ഉദ്യോഗം കഴിഞ്ഞു എത്തിയതാണ് രാജേട്ടൻ…. പിന്നെ അറിയപ്പെടുന്നത് നാട്ടുകാർക്കെല്ലാം വലിയ ഉപകാരി എന്ന നിലയിലായിരുന്നു….
പണത്തിന് അത്യാവശ്യം വന്നാൽ….
ആക്സിഡന്റ് ആയാൽ ആശുപത്രിയിലെത്തിക്കാൻ… രക്തം ദാനം ചെയ്യാൻ.. എല്ലാത്തിനും രാജേട്ടൻ മുമ്പിൽ തന്നെ ഉണ്ടാകും…
ഒടുവിൽ ജനങ്ങൾ രാജേട്ടൻ എന്ന പേരിന് സ്നേഹം എന്നൊരു അർത്ഥം കൂടി നൽകി….
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മകൾ ചെയ്യുന്ന ആ മനുഷ്യൻ എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു…
രാജെട്ടന്റെ വീടിനടുത്തുള്ള ഡയാലിസിസ് യൂണിറ്റിലും… കീമോതെറാപ്പി നടക്കുന്ന സ്ഥലത്തും, പാലിയേറ്റിവ് ക്ലിനിക്കിലും,..എല്ലാം രാജേട്ടൻറെ സാന്നിധ്യം എന്നുമുണ്ടാകും രോഗികൾക്ക് അത് ഒരു അനുഗ്രഹം പോലെ ആയിരുന്നു….
കാരണം അത്രമേൽ സ്നേഹപൂർവ്വം രാജേട്ടൻ അവരോട് സംവദിച്ചിരുന്നു ….
ഒരു ഓട്ടം ഒത്തു കിട്ടിയിട്ടാണ് ഡയാലിസിസ് യൂണിറ്റില് എത്തിയത്…
അവിടെ കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു മോളെ അശ്വസിപ്പിക്കുന്നുണ്ട് രാജേട്ടൻ..
എന്നെ കണ്ടതും ഏറെ പരിജയം ഉള്ളത് പോലെ ഒന്ന് ചിരിച്ചു ആൾ.. ആ കുഞ്ഞ് മെല്ലെ അകത്തേക്ക് പോയതും ഞാൻ അവിടെ ചെന്ന് ഇരുന്നു…
“”അന്നാണ് ആദ്യമായി ഞാൻ രാജേട്ടനെ കാണുന്നത്… ആ കുട്ടിയുടെ ആരോ ആണെന്നാണ് ഞാൻ കരുതിയത്….
“”മോളാണോ?? എന്ന് പോയ കുഞ്ഞിനെ ചൂണ്ടി ചോദിച്ചു…
ഒട്ടും സംശയം ഇല്ലാതെ പറഞ്ഞിരുന്നു,
“”ആ മോളാ എന്ന്…
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാനുള്ള മലയാളിയുടെ ത്വര കാരണം വീണ്ടും ചോദിച്ചു ആർക്കാ അസുഖം എന്ന്…
“”ആ കുഞ്ഞിന്റെ അച്ഛനാണ് “” എന്ന് പറഞ്ഞപ്പോൾ അത്ഭുത്തോടെ നോക്കി…
എന്റെ അത്ഭുതം കൂറിയ മുഖം കണ്ടിട്ടാവണം,
“”ഇവിടെ വരുന്നോരോക്കെ എന്റെ മക്കളാടോ എന്ന് പറഞ്ഞത്.. ചെറിയ ചിരിയോടെ ആ മനുഷ്യനെ നോക്കി നിന്നു ഞാൻ…
“”വരാം “” എന്ന് പറഞ്ഞു നടന്നകന്നു രാജേട്ടൻ… അപ്പോഴാ അടുത്ത് വന്നിരുന്ന ആൾ അദ്ദേഹത്തെ പറ്റി പറയാൻ തുടങ്ങിയത്.. ഗൾഫിൽ നല്ല ജോലിയും സ്ഥിതിയും ആയിരുന്നു..
ആ ർ ബാബിന്റെ പ്രിയപ്പെട്ടവൻ…. അയാൾക്ക് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു രാജേട്ടൻ…
ഭാര്യക്കും രാജേട്ടനും താമസിക്കാൻ സ്വന്തം ബംഗ്ലാവ് വരെ നൽകിയിരുന്നു അ റബി..
കുഞ്ഞുങ്ങളില്ല എന്ന കുറവ് മാത്രേ അവർക്ക് ഉണ്ടായിരുന്നുളള്ളൂ..
പെട്ടെന്നാണ് ഭാര്യക്ക് കാൻസർ പിടി പെടുന്നത് നിർഭാഗ്യം എന്നു പറയട്ടെ അവസാന സ്റ്റേജ് എത്തിയതിനു ശേഷം മാത്രമേ അത് അറിയാൻ കഴിഞ്ഞുള്ളു…
അറിഞ്ഞപ്പോഴേക്ക് എല്ലാം കൈവിട്ടിരുന്നു.. അവിടെ എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് പോന്നു രണ്ടാളും…
ഇവിടെ ചികിൽസിച്ചു… ഇവിടുള്ള രോഗികളെ എല്ലാം അവർ അകമഴിഞ്ഞ് സഹായിച്ചു…
“””നാളെ ഞാനില്ലാണ്ടായാലും എല്ലാരേം ഇത് പോലെ സഹായിക്കണം രാജേട്ടാ “”
എന്നാ ഭാര്യ അവസാനമായി പറഞ്ഞത്…. രാജേട്ടനെ ഒറ്റക്കാക്കി അവരങ് പോയി..
ഭാര്യ മരിച്ചു എന്നറിഞ്ഞതും ദുബായ് രാജേട്ടൻ ജോലി ചെയ്തിരുന്നിടത്തെ അറബി കുടുംബ സമേതം നാട്ടിൽ വന്നിരുന്നു..
അയാൾ രാജേട്ടനെ ആവും വിധം തിരികെ കൊണ്ടു പോകാൻ ശ്രമിച്ചതാണ്… സ്നേഹത്തോടെ നിരസിച്ചു ആ മനുഷ്യൻ.. പിന്നെ കുറെ കാലം ആരോടും മിണ്ടാതെ ആരോടും അടക്കാതെ ആയിരുന്നു കുറെ കാലം..
പിന്നെയാ ഇവിടത്തെ നടത്തിപ്പ് ഏറ്റെടുക്കുന്നെ അതിൽ പിന്നെ പണം ഇല്ലാതെ ആരും ബുദ്ധിമുട്ടിയിട്ടില്ല…
ആ മനുഷ്യൻ സമ്മതിച്ചിട്ടില്ല…
അത്രേം പറഞ്ഞപ്പോൾ തന്നെ മനസ്സിൽ ആ മനുഷ്യന്റെ സ്ഥാനം ഒരു ദൈവത്തോളം വലുതാകുക ആയിരുന്നു…
ആയിടക്കാണ് ഭർത്താവ് ഉപേക്ഷിച്ച ഒരു തമിഴ് സ്ത്രീയെ കൊണ്ടു വരുന്നത്… വയറിൽ കാൻസർ ആയിരുന്നു.. അവരുടെ പത്തു വയസ്സുകാരി മകളും ഏഴ് വയസുകാരൻ മകനും പകച്ചു കൂടെ ഉണ്ട്..
അസഹനീയമായ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു ആാാ സ്ത്രീ…
ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി ആ കുരുന്നുകളും..
പാലിയേറ്റീവ് ക്ലിനികിൽ അവരെ ഏറ്റെടുത്തു… വേദന കുറക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ ഇല്ലായിരുന്നു… ആകെ വ്യപിച്ച്…. ഒന്നോ രണ്ടോ ദിവസം അവർ ആ കുഞ്ഞുങ്ങളെ വിട്ട് പോയി..
എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അനാഥലയത്തിൽ പെട്ടെന്ന് ആ കുഞ്ഞുങ്ങളെ ഏറ്റെടുത്തതും ഇല്ല..
അവിടെയും രാജേട്ടൻ തന്നെ ആയിരുന്നു രക്ഷകൻ… സ്വന്തം കുഞ്ഞുങ്ങളെ പോലെ ആ കുട്ടികളെയും ഏറ്റെടുത്തു
തിരിച്ചവർ അയാളെ അപ്പാ”””
എന്നായിരുന്നു വിളിച്ചത്… അത് മതിയായിരുന്നു അയാൾക്ക്…
ഒരിക്കൽ ഇത്തിരി നേരം കിട്ടിയപ്പോൾ രാജേട്ടനോട് ചോദിച്ചു…. രാജേട്ടന് അങ്ങോട്ട് തന്നെ പൊയ്ക്കൂടേ എന്ന്… ഇവിടെ ഇങ്ങനെ കേടന്നു കഷ്ടപ്പെടണോ എന്നു… അപ്പോൾ അദ്ദേഹം പറഞ്ഞതായിരുന്നു,
“”ടാ യഥാർത്ഥ സ്നേഹം കാണണേൽ കാൻസർ വാർഡിലേക്കോ, ഡയാലിസിസ് സെന്റർകളിലേക്കോ വരണം എന്ന്…
അവിടെ പണം വെറും കടലാസ് ആയി മാറുന്നത് കാണാം… ദൈവത്തിനു സ്റ്റേത് വച്ച മുഖങ്ങളുടെ പരിവേഷം ആയിരിക്കും…
അവിടാരും പരസ്പരം മത്സരിക്കില്ല… മറ്റൊരാളുടെ വേദനക്ക് ശമനം കിട്ടണേ എന്നെ എല്ലാരും പരസ്പരം പ്രാർത്ഥിക്കൂ…
എന്തും കൊണ്ടു വന്ന് കൊടുത്തു നോക്കൂ… പണം, ഭക്ഷണം… വസ്ത്രം സ്വർണ്ണം… പൂർണ്ണ മനസ്സോടെ വേണ്ടാ എന്ന് പറയാനാവും ഇവർക്ക്…
കാരണം അതിനൊന്നും ഒന്നും നേടി തരാൻ കഴിയില്ല എന്ന വലിയ പാടം പഠിച്ചവരാടോ ഇവിടുള്ളോര്
അപ്പൊ പിന്നെ ഇത്രേം നല്ലവരുടെ ഇടയിൽ നിന്നും ഞാൻ പോണോ എന്ന്….
“”വേണ്ടാ “” എന്ന് അറിയാതെ തന്നെ തലയാട്ടി..
അതേ നിസ്വാർത്ഥരായ ചിലരുടെ ഇടയിൽ അകപ്പെടുമ്പോൾ ആരാണ് പിന്നൊരു മോക്ഷം ആശ്രയിക്കുക.
അങ്ങനത്തെ മനുഷ്യനാണ് ഇന്നിപ്പോൾ ഒന്നും മിണ്ടാതെ വെള്ള പുതച്ചു കിടക്കുന്നത്…
ജനങ്ങൾ ഒഴുകി എത്തുന്നുണ്ടതായിരുന്നു അവരുടെ പ്രിയപ്പെട്ട സഹോദരനെ
കാണാൻ.. ചിലർ സഹിക്കാന് വയ്യാതെ വിങ്ങി പൊട്ടുന്നുണ്ടായിരുന്നു…
എല്ലാര്ക്കുമിടയിൽ ചുണ്ടുകൾക്ക് ഇടയിൽ ഒളിപ്പിച്ചു വച്ചൊരു പുഞ്ചിരിയോടെ അദ്ദേഹം കിടന്നിരുന്നു….
സമ്പാദിച്ചത് മുഴുവൻ രോഗികൾക്കാണ് എന്നെഴുതി വച്ചു…. എല്ലാവരെയും സ്നേഹം കൊണ്ട് തോൽപിച്ചു……..
ചിലർ മാമ എന്ന് വിളിക്കുന്നു ചിലർ ചേട്ടാ എന്നും. പലർക്കും പലതും ആയിരുന്നു കുറിയ ആ മനുഷ്യൻ….
കണ്ണടച്ചു അങ്ങനെ കിടക്കുമ്പോൾ എനിയ്ക്കും തോന്നിയിരുന്നു വിളിച്ചൊന്നു എണീപ്പിക്കാൻ… ചെവിയിൽ മെല്ലെ പറയാൻ…
“”ഉവർക്കൊന്നും നിങ്ങൾ ഇല്ലാതെ പറ്റില്ല മനുഷ്യാ “”” എന്ന്…
തേടി പിടിച്ചു ആ അ റബിയും എത്തിയിരുന്നു അയാൾ നൽകിയിട്ടു പോയ സ്നേഹത്തിന്റെ ബാക്കി പത്രം എന്ന വണ്ണം…
ഇനിയും രാജേട്ടൻമാർ ഉണ്ടാവട്ടെ… മറ്റുള്ളവർക്കായി നില കൊള്ളാൻ ഇനിയും ഇനിയും രാജേട്ടന്മാർ.
അല്ലേ?? കാരണം ഈ പ്രകൃതിയിൽ അലിഞ്ഞു അങ്ങനെ ഇല്ലാണ്ടായി തീരുമ്പോഴും കൊടുത്ത സ്നേഹം പകുത്തെടുത്തവർ മാത്രമേ ഇങ്ങനെ കൂടെ കാണൂ… അവരിലൂടെ മാത്രമേ മരിചിട്ടും ജീവിക്കൂ….