ഭർത്താവിന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് സങ്കടമായി, പിന്നെ അവൾ..

ഭർതൃമർദ്ദനം ഭാര്യ അറസ്റ്റിൽ
(രചന: Krishnan Abaha)

അയാൾ ഭാര്യയുമായി ടൗണിൽ വന്നതാണ്. വലിയ ഒരു ഹോട്ടൽ കണ്ടപ്പോൾ ഭാര്യക്കൊരു പൂതി.

ചേട്ടാ ഒരു ചായ കുടിച്ചാലോ നമ്മക്ക്..?

എന്തിനാടീ വീട്ടിൽ ചെന്നു കുടിച്ചാൽ പോരേ? ഇവിടെ എല്ലാറ്റിനും തൊട്ടാൽ പൊള്ളുന്ന വെലയാണ്..

ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി അവർ ഹോട്ടലിൽ കയറി. അവിടെ എല്ലാവരും ബിരിയാണി കഴിക്കുന്നതാണ് കണ്ടത്. അപ്പോൾ അവൾ പറഞ്ഞു.

ഒരു ബിരിയാണി കഴിച്ചാലോ?

എന്നെ പിരാന്ത് നീ പിടിപ്പിക്കണ്ട… വീട്ടിൽ ബിരിയാണി വെക്കാനുള്ള സാധനങ്ങളൊക്കെ ഇല്ലേ. പോയി വെച്ച് കയിച്ചാ മതി.

ഈട ഇരുന്നൂറു ഉറുപ്യ വേണം ഒരു ബിരിയാണിക്ക് . രണ്ടെണ്ണം കഴിച്ചാൽ നാന്നൂറ്‌. ഒരാഴ്ച സുഖമായി ചിലവ് നടക്കും കുടുംബത്തിന്.

ഭർത്താവിന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് സങ്കടമായി. പിന്നെ അവൾ പറഞ്ഞു.

എന്നാ പൊറോട്ടയും ചിക്കൻ കറിയും.

പൊറോട്ടയോ?… നിന്റെ ആർത്തി ഞാൻ മാറ്റും വീട്ടിൽ എത്തട്ടെ…

അയാൾ ഭീഷണിപ്പെടുത്തിയപ്പോൾ അവൾ ശാന്തമായി. വെയ്റ്റർ അടുത്തെത്തിയപ്പോൾ അയാൾ പറഞ്ഞു.

രണ്ടു ചായ… ഒരു പരിപ്പ് വടയും..

പിന്നെ ഭാര്യ മനസ്സില്ലാമനസ്സോടെ അതു കഴിച്ചപ്പോൾ അവൾ ഭർത്താവിനെ ശപിച്ചു.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാക്കാതെ തന്നെ കെട്ടിച്ചു വിട്ട മാതാപിതാക്കളെയും അവൾ വെറുത്തു. തനിക്കു ഒരു തൊഴിൽ ഉണ്ടെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു എന്നവൾ ദുഖത്തോടെ ഓർത്തു.

ഒരു ചായ കുടിക്കണമെങ്കിൽ
ബിരിയാണി തിന്നണമെങ്കിൽ
ഇഷ്ടമുള്ള സാരി വാങ്ങണമെങ്കിൽ
ഒരാളോട് യാചിക്കേണ്ട അവസ്ഥ. അവൾ സങ്കടം ഉള്ളിലൊതുക്കി.

പിന്നെ അവർ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി വീട്ടിലേക്കു ബസ്സ് കയറാൻ ഒരുങ്ങുമ്പോൾ അയാൾ പറഞ്ഞു.

നീ പോയിക്കോ.. ഞാൻ എന്റെ പെങ്ങളുടെ വീട്ടിൽ കയറിയിട്ട് വേഗം വരാം. നീ അവിടെ വരില്ലല്ലോ..

ബസ്സ് വിടാൻ ഇനിയും അരമണിക്കൂർ കഴിയണം അതിനിടയിൽ തരപ്പെട്ടാൽ വരാം.

അയാൾ ഭാര്യയെ ബസ്സിലിരുത്തി തിടുക്കത്തിൽ നടന്നു.

അപ്പോഴാണ് ചായ കുടിച്ച ഹോട്ടലിന്റ മുന്നിൽ അയൽവാസി സുമയെ അയാൾ കണ്ടത്.

സുമേ… നീയെന്തേ ഇവിടെ..?

ഞാൻ ചേട്ടന് മരുന്ന് വാങ്ങാൻ വന്നതാ… ഇപ്പോൾ ശ്വാസം മുട്ട് കൊറച്ചു കൂടുതലാ… പണിയുമില്ല…

അതു ശരി… വാ നമ്മക്ക് ഒരു ചായ കുടിച്ചാലോ…?

അയാൾ അവളെ ക്ഷണിച്ചു.

വേണ്ടന്നേ…

സാരമില്ല വാ. ഏതായാലും ഇവിടെ വന്നതല്ലേ…

അയാൾ നിർബന്ധിച്ചപ്പോൾ അവൾ അയാളുടെ കൂടെ ഹോട്ടലിൽ കയറി.

വെയ്റ്റർ വന്നപ്പോൾ അയാൾ പറഞ്ഞു.

രണ്ടു ബിരിയാണി.

പിന്നെ അവളോട് ചോദിച്ചു.

ചില്ലി ചിക്കൻ വേണോ?

അവൾ മറുപടി പറയാതെ ഇരുന്നപ്പോൾ അയാൾ വെയ്റ്ററോട് പറഞ്ഞു.

ഒരു ചില്ലിചിക്കൻ ഡ്രൈയും..

പിന്നെ അവളോട് പറഞ്ഞു.

നീ തുണികൾ അലക്കുമ്പോൾ ഞാൻ ജനലിലൂടെ ഒളിഞ്ഞു നോക്കാറുണ്ട്… ഒരു പ്രത്യേക അഴകാണ് അപ്പോൾ…

ഞാൻ കാണാറുണ്ട്… പക്ഷെ ഒന്നും നടക്കില്ല…

അവളുടെ വാക്കുകൾ അയാളെ നുരാസപ്പെടുത്തി.

അപ്പോഴേക്കും ബിരിയാണിയും ചില്ലിയും മുന്നിലെത്തിയിരുന്നു. അവർ ആസ്വദിച്ചു കഴിച്ചോണ്ടിരിക്കുമ്പോൾ പെട്ടെന്ന് പിന്നിൽ നിന്നും ആരോ അയാളെ തൊട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഭാര്യയാണ്.

എനിക്ക് ബസ്സിന് ടിക്കറ്റ് എടുക്കാനുള്ള കാശ് തരാതെ മുങ്ങിയത് ഇതിനാണ് ലേ.. നിന്നെ ഞാൻ വിടില്ലടാ…

അതൊരു ഇടിമുഴക്കാമായിരുന്നു.
കലിപൂണ്ട അവൾ രൗദ്രഭാവം പൂണ്ട കാളിയായി മാറി.

അവിടെയുള്ള കസേര പൊക്കി ഭർത്താവിന്റെ മുതുകിലും തലയിലും മാറിമാറി അടിച്ചപ്പോൾ അയാൾ നിലം പൊത്തി വീണു. ആളുകൾ കൂടി. ചിലർ പോലീസിനെ വിളിച്ചു. അപ്പോൾ അവൾ അലറി.

ഒരു പെണ്ണ് സഹിക്കുന്നതിനു ഒരു അതിരുണ്ട്.

പിറ്റേന്ന് എല്ലാ പ്രധാന പത്രങ്ങളും വെണ്ടക്ക മുക്കി എഴുതി.

ഭർത്താവിനെ കസേര കൊണ്ടു മർദ്ദിച്ച ഭാര്യ അറസ്റ്റിൽ. ആരും കാരണങ്ങൾ എഴുതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *