പ്രസവാനന്തരം
(രചന: Krishnan Abaha)
പെണ്ണ് പെറ്റിട്ട് അറുപത് ദെവസം കയിഞ്ഞ്. കൂട്ടി കൊണ്ടു പോകുന്നില്ലേ ഇനിയും…
അമ്മ പിറുപിറുക്കുന്നത് കേൾക്കാം.
ഞാനിപ്പോൾ വീട്ടുകാർക്ക് ഒരു ബാധ്യതയായി.
അവൾ ഓർത്തു.
എങ്ങനെ ബാധ്യത അല്ലാതാകും? ഭർത്താവെന്നു പറയുന്ന ആ മനുഷ്യന് വല്ല ബോധവും ഉണ്ടോ..
സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തപ്പോൾ മുഴുവൻ ചിലവും വഹിച്ചത് അമ്മയല്ലേ..
അവിടെ കൊണ്ടാക്കിയതല്ലാതെ ഒന്നു പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.
കൊല്ലത്തിൽ ആട് പെറുമ്പോലെ പെറ്റാൽ മാത്രം മതിയോ.. ചെറിയ പൈസ മതിയോ ചിലവിന്..
അമ്മ ആരോടന്നില്ലാതെ പറയുമ്പോൾ വിഷമം തോന്നും. പക്ഷെ എന്തു ചെയ്യും…
അമ്മ പറയുന്നത് സത്യമാണ്. ഒരു കൊണവും മണവും ഇല്ലാത്ത ഭർത്താവ്. ഭർത്താവിന്റെ അച്ഛന് സ ർക്കാർ ജോലി ഉള്ളത് കൊണ്ടു ഇങ്ങനെ കഴിഞ്ഞു പോകുന്നു അവിടെ.
ഒരാളുടെ ശമ്പളം കൊണ്ടു എത്ര വയറ് നിറക്കണം ആ മനുഷ്യൻ. അഭിമാനിയായതു കൊണ്ടു ആളുകൾ അറിയുന്നില്ലെന്നു മാത്രം.
രണ്ടു നില വീട്. റബ്ബർ തോട്ടം … അങ്ങ് മലയിൽ കുരുമുളക് ഏലം തേയില… തേങ്ങാക്കുല…
ചെറുക്കന്റെ വീടു കണ്ടിട്ട് മക്കളെ കല്യാണം കഴിച്ചു കൊടുക്കരുത് ഒരു രക്ഷിതാവും.
കല്യാണം കഴിഞ്ഞു ഒരു മാസം കൊണ്ടു തന്നെ എല്ലാം വ്യാജമാണെന്ന് മനസ്സിലായി. രാവണന് പന്ത്രണ്ടു തല എന്നു പറഞ്ഞു പറ്റിച്ചു. വീണു. ഇനി എഴുന്നേൽക്കാൻ പ്രയാസം.
എന്തിനധികം പറയുന്നു കുട്ടിയെ കാണാൻ വരുന്നുണ്ടോ അയാൾ. എത്ര ദിവസമായി പ്രസവിച്ചിട്ട്.
ഒന്നു മിന്നലാട്ടം പോലെ വന്നു പോകും. ഇവിടെ ചോറുണ്ടോ കറിയുണ്ടോ എന്നൊന്നും തിരക്കില്ല. ഇതുപോലെയുള്ള അച്ചന്മാർ ഉണ്ടോ ആ നാട്ടിൽ ഇനി.
കഴിഞ്ഞ പ്രസവത്തിനു അച്ഛൻ സഹായിച്ചത് കൊണ്ടു രക്ഷപ്പെട്ടു. എപ്പോഴും എല്ലാവരേയും സഹായിക്കാൻ കഴിയുമോ.?
അമ്മക്കാണെങ്കിൽ എന്നെ മടുത്ത മട്ടാണ്. എങ്ങനെ മടുക്കാതിരിക്കും. പെണ്മക്കളുടെ ഈറ്റെടുത്തു തളർന്നു പാവം.
ഇനി കൂട്ടികൊണ്ട് പോകുമ്പോൾ എന്തൊക്കെ വേണം.. പത്തു സേറ് അരിയുടെ അപ്പം അതിനൊത്ത പഴക്കുലകൾ. എന്തൊക്കെ ആചാരങ്ങൾ?
ഈറ്റിന്റെ (പ്രസവ ചിലവ് )പണമായി കൊണ്ടു വന്നത് വെറും അയ്യായിരം ഉലുവ. അതു വന്നവരെ ഊട്ടാനുള്ള കോഴിയെ വാങ്ങാൻ തികയില്ല എന്നു അമ്മ പറഞ്ഞത് ഓർക്കുന്നു.
അച്ഛന്റെയും കുടുംബത്തിന്റേയും മഹിമ കണ്ടു മക്കളെ അയക്കരുത് എന്നു പറയുന്നത് സത്യം തന്നെ. കെട്ടുന്ന ചെക്കന് നല്ല ഉറച്ച ജോലി വേണം.
ജോലി പോയാൽ മണ്ണും കല്ലും പേറി പെണ്ണിനെ നോക്കാനുള്ള കരുത്തു വേണം. തുടുത്ത മുഖവും നിറവും കണ്ടു ആരും മക്കളെ അയക്കരുത്. ഇപ്പോൾ അനുഭവിക്കുന്ന ഈ ഞാൻ.
അങ്ങ് നഗരത്തിൽ ബിസിനസ്. പെട്ടിക്കട. അതെന്നെ ബിസിനസ്.
നീയെന്താടി ഇങ്ങനെ ആലോചിക്കുന്നത്.. കുഞ്ഞു കരയുന്നത് കാണുന്നില്ലേ.
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ ചിന്തയിൽ നിന്നുമുണർന്നു.
ഒന്നുമില്ല.
അവൾ മുഖം കുനിച്ചു കൊണ്ടു പറഞ്ഞു.
എനിക്കറിയാം നിന്റെ വിഷമങ്ങൾ. നിന്നെ ഇനി എവിടെയും പറഞ്ഞയക്കുന്നില്ല. ഇവിടെ തന്നെ കഴിഞ്ഞോ. അതിനുള്ള വക നിനക്കു ഞാൻ തരുന്നുണ്ട്.
അമ്മ ഇങ്ങനെ കുടുംബ സ്വത്തു വിറ്റു മക്കളെ സഹായിച്ചു ഒടുവിൽ പാപ്പരാകും.
അവസാനം ആരും കാണത്തില്ല നോക്കാൻ. ഈ ഞാൻ പോലും. ഭർത്താവ് എന്ന മനുഷ്യൻ എന്നെ വിളിച്ചില്ലേലും ഞാൻ പോകും. അയാളൊരു പാവമാണ്.
ജോലി ഇല്ലാത്തതിന്റ കുറവ് മാത്രം. തന്തയില്ലാത്ത മക്കളായി എന്റെ കുഞ്ഞുങ്ങൾ വളരരുത്. പേരിനെങ്കിലും ഒരച്ഛൻ.
അപ്പോൾ കുഞ്ഞു വീണ്ടും കരഞ്ഞു.
അമ്മയുടെ വാക്കുകൾ കേട്ടിട്ടെന്നന്ന വണ്ണം.