സുമയുടെ കറികൾ
(രചന: Krishnan Abaha)
ഭാര്യ വറുത്തിട്ടും പൊരിച്ചിട്ടും വറ്റിച്ചും കറി വെച്ചു കൊടുത്താലും അയാൾക്ക് സംത്യപ്തി ഉണ്ടാവില്ല.
ഒരു നൂറു കുറ്റം അയാൾ പറയും. ഉപ്പില്ല.. വെന്തില്ല.. പുളിയില്ല.. എരുവില്ല.. എന്നിങ്ങനെ പോകും കുറവുകളുടെ നീണ്ട നിര.
അല്പം മോന്തിയിട്ടാണ് വന്നെങ്കിൽ പിന്നെ കറിവെച്ച ചട്ടി അടുത്തുള്ള തോട്ടിലായിരിക്കും. ചോറ് വെച്ച കലം ഫുട്‌ബോൾ പോലെ തട്ടി പൊട്ടിക്കും. ചിരവ കൊണ്ടും കത്തിവാൾ കൊണ്ടും അടുപ്പ് കിളച്ചു മറിക്കും.
ഒരു പിരാന്ത് തന്നെയാണ് അയാൾക്ക്. മുമ്പ് കല്യാണത്തിനു സമ്മതം മൂളിയപ്പോൾ നാട്ടുകാർ പറഞ്ഞിരുന്നു ആ പിരാന്തന്റെ ഓളായി നീ പോണ്ടാ ന്ന്. എത്ര ശരിയായിരുന്നു അവർ പറഞ്ഞത്. കഷ്ടം.
അപ്പോൾ അച്ഛൻ പറഞ്ഞതോർത്തു.
കൊല്ലത്തോട് കൊല്ലം വെയ്ക്കണ്ട നെല്ലുണ്ടു. ഉയിന്നുണ്ട് വെള്ളരി തണ്ണിമത്തൻ… എല്ലാം കൃഷി ചെയ്യുന്ന കണ്ടങ്ങൾ..
അതും ഏക്ര കണക്കിന്. കോട്ടയത്തും ആലക്കോടും റബ്ബർ തോട്ടം. വാഴ തോട്ടം. ഓന് പൊട്ടൻ കളി ഉണ്ടെന്നല്ലാതെ… വേറെ എന്താണൊരു കുറവ്?
ഇതൊക്കെ മതി ഒരു പെണ്ണിനു ലേ? അവൾ ആരോടെന്നില്ലാതെ ചോദിക്കും.
എന്നാലും ഒരു പെണ്ണു വന്നാലെങ്കിലും ഈ കളി ഒന്നു മാറ്റിക്കൂടെ?
പിന്നീട് ഒരു മാസം കഴിഞ്ഞപ്പോഴാണ് അവൾക്ക് സംഗതി പിടികിട്ടിയത്. അടുത്ത വീട്ടിലെ വർഗ്ഗീസ് ചേട്ടന്റ ഭാര്യയുമായി അങ്ങേര് പ്രേമത്തിലാണെന്നു.
അവർക്ക് മൂന്നു മക്കളുണ്ട്. അതും സംശയത്തിലാണ്. പുള്ളിക്കാരന്റെ സൃഷ്ടികൾ ആണെന്നാ നാട്ടുകാർ പറയുന്നത്.
ആ കണ്ണുകണ്ടില്ലേ, മൂക്കു കണ്ടില്ലേ… ചിരി കണ്ടില്ലേ… ഇങ്ങനെ പല സാമ്യങ്ങളും അവർ രഹസ്യമായി പറയും.
പല പ്രാവിശ്യം അതു ശ്രദ്ധിച്ചിട്ടുമുണ്ട്. നഗരത്തിലെ ഏതോ കമ്പനിയിൽ രാത്രി പാറാവിന് പോകുന്ന വർഗ്ഗീസ് ചേട്ടൻ പകൽ മാത്രമേ വീട്ടിൽ ഉണ്ടാകാറുള്ളൂ.
അടുത്ത കാവിൽ ചാമുണ്ഡി കാണാൻ പോകുന്നുവെന്നു പറഞ്ഞു രാത്രിയിൽ എന്നെ തനിച്ചാക്കി മുങ്ങുന്നത് പതിവാക്കിയപ്പോൾ സംശയം കൊണ്ടു പിന്നാലെ പോയി നോക്കിയപ്പോൾ
അങ്ങേര് സുമയുടെ അടുക്കള വാതിലിലൂടെ അകത്തേക്ക് കയറി പോയതും മറന്നിട്ടില്ല.
പിന്നെ എന്നെ ഒഴിവാക്കാനുള്ള ശ്രമം ആയി. ഒരു കാരണത്തിന് വേണ്ടിയാണ് ഈ കറിയുടെ പേരിലുള്ള കോപ്രായങ്ങൾ. എന്നാലും ഞാൻ തോൽക്കാൻ തെയ്യാറല്ല ഈ കളിയിൽ.
എന്നെ ഒഴിവാക്കി സുഖിച്ചു ജീവിക്കണ്ട..
മുള്ളിനെ മുള്ളു കൊണ്ടു തന്നെ എടുക്കണം എന്നു അമ്മ പറയാറുള്ളത് ഓർമ്മ വരും. അതിനു പറ്റിയ മാർഗ്ഗവും കറി തന്നെയായിരുന്നു.
കറിക്കു കുറ്റം പറഞ്ഞു അങ്ങേര് തല്ലിപ്പൊളിക്കുമ്പോൾ സുമയുടെ വീട്ടിൽ ചെന്നു അല്പം കറി വാങ്ങി കൊണ്ടു വന്നു കൊടുക്കും. ആ നമ്പർ ഏറ്റു.
സുമ വെച്ച കറിയാണ് എന്നു കേൾക്കുമ്പോൾ കൊടുങ്കാറ്റ് നിശ്ചലമായ പോലെ അങ്ങേര് ശാന്തമായി വാരിവലിച്ചു തിന്നും. പക്ഷെ ഈ പരിപ്പ് എപ്പോഴും വേവില്ല. ഇതിനൊരു അറുതി വേണം.
ഒരു ദിവസം അവൾ വർഗ്ഗീസ് ചേട്ടനോട് ഇതേ പറ്റി ചോദിച്ചു.
നിങ്ങൾക്ക് ഈ രാത്രിപ്പണി മതിയാക്കി വേറെ വല്ല പണിക്കും പോയിക്കൂടെ?
ഇപ്പോൾ ഇതു പറയാൻ എന്താണ് കാരണം? അയാൾ മറു ചോദ്യം ചോദിച്ചു.
നിങ്ങളെ ഒരു ദിവസം എനിക്ക് വേണം.
അവൾ കണ്ണിറുക്കി കൊണ്ടു പറഞ്ഞു.
അതു കേട്ടപ്പോൾ വായിൽ ലഡു പൊട്ടിക്കൊണ്ടു ചോദിച്ചു. ഇന്ന് തന്നെ ലീവ് എടുക്കാം. പനിയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന് കമ്പനി മാനേജരോട് പറയാം.
എന്നാലും ഈ ആണുങ്ങളുടെ ഒരു കാര്യം… പെണ്ണ് എന്ന് കേൾക്കുമ്പോൾ….
അവൾ സ്വയം പറഞ്ഞു.
ഇന്ന് വേണ്ട.. നമുക്ക് നാളെ… ഞാൻ കാത്തിരിക്കും. എന്റെ വീട്ടിൽ… തീർച്ചയായും വരണം..
ഓ… കെ…
പിറ്റേന്ന് രാത്രി പന്ത്രണ്ടു മണിയായപ്പോൾ വർഗ്ഗീസ് ചേട്ടൻ കിടപ്പറയുടെ ജനലിൽ അവൾ പറഞ്ഞ പോലെ മുട്ടി.
അപ്പോൾ ഭർത്താവ് അവിടെ ഉണ്ടായിരുന്നില്ല. അയാൾ ചാമുണ്ഡി തെയ്യം കാണാൻ പോയിരുന്നു. അവൾ വാതിൽ തുറന്നു വർഗ്ഗീസ് ചേട്ടന്റെ അടുത്തെത്തി പറഞ്ഞു.
നമുക്ക് ഒളിച്ചോടാം…
അയ്യോ… എനിക്കാവില്ല.. മൂന്നു പിള്ളേരെയും കെട്ടിയോളെയും കളഞ്ഞു….
പിന്നെ ഇപ്പോൾ എന്നെ വിളിച്ചത് അതിനു വേണ്ടിയല്ലേ? വാ… നമുക്ക് നിന്റെ റൂമിൽ പോകാം… കെട്ടിയോൻ തെയ്യം കാണാൻ പോയിട്ടില്ലേ..?
പക്ഷെ….അവിടം സുരക്ഷിതമല്ല. നമുക്ക് അങ്ങോട്ട് പോകാം…
അവൾ പറഞ്ഞു.
ഞാൻ ഡ്യൂട്ടിക്കിടയിൽ മുങ്ങിയതാണ്. വേഗം പോണം.
ശരി.
അവർ നടന്നു വർഗ്ഗീസ് ചേട്ടന്റ വീടിന്റെ മുന്നിൽ എത്തിയപ്പോൾ അവൾ വീടിന്റെ താഴ് വലിച്ചു പൂട്ടി. അതെന്തിനാണെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
ആരും വീട് തുറന്നു നമ്മളെ കാണാതിരിക്കാൻ… അടുക്കള വാതിലിന് അരികിലേക്ക് നടന്നു അവൾ വാതിലിനു ശക്തമായി ചവിട്ടി കൊണ്ടു ഉറക്കെ അലറി.
എടീ… സുമേ….
എന്നിട്ട് വാതിലിൽ ചവിട്ടുകയും മുട്ടുകയും ചെയ്തപ്പോൾ തൊട്ടടുത്തുള്ള വീടുകളിലെ വിളക്കുകൾ പ്രകാശിച്ചു.
അവിടെ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. പെട്ടെന്ന് സുമയുടെ അടുക്കള വാതിലും തുറക്കപ്പെട്ടു.
പിന്നീടൊരിക്കലും അയാൾ കറിക്കു കുറ്റം പറഞ്ഞിട്ടില്ല. അടുക്കളയിലെ ചട്ടികൾ തോട്ടിലൂടെ ഒഴുകിയിട്ടില്ല. ചില സ്മാരകങ്ങൾ അയാളുടെ ശരീരത്തിൽ മായാതെ അവശേഷിച്ചിരുന്നു.