അച്ഛന്റെ രണ്ടാം കെട്ട്
(രചന: Krishnan Abaha)
അച്ഛനെ ഇങ്ങനെ വിട്ടാൽ പറ്റത്തില്ല. അയാളെ നോക്കാൻ ഒരാള് വേണ്ടേ. ഈ വയസ്സ് കാലത്ത്.
അമ്മ മരിച്ചതിനു ശേഷം അച്ഛന്റെ എല്ലാ കാര്യവും നോക്കിയത് ഞാനാണ്. എനി എനിക്കാവില്ല. മൂത്ത പെങ്ങൾ തറപ്പിച്ചു പറഞ്ഞു.
നിനക്കെല്ലേ സ്വത്തിന്റെ പകുതിയും തന്നത്. വെറുതെ തന്നതാ? അങ്ങേരെ നോക്കാൻ വേണ്ടിയല്ലേ. ചേട്ടൻ കോപാകുലനായി.
എനിക്കൊന്നും വേണ്ട. ഈ വയസ്സ് കാലത്ത് അങ്ങേരുടെ തീ ട്ടവും മൂ ത്രവും പേറാൻ വയ്യ. ഗൾഫിൽ നിന്നും സുഭാഷ് വന്നപ്പോൾ എന്നെ വഴക്ക് പറയുകയുണ്ടായി.
ഇയാൾക്ക് അമ്മ മാത്രമല്ല മക്കളായിട്ട്. അവന്റെ ഫ്രണ്ട്സ് വരുമ്പോൾ ഇയാളുടെ പഴഞ്ചൻ കളി എന്റെ സുഭാഷിന് പിടിക്കുന്നില്ല.
എവിടെയെങ്കിലും കളയൂ എന്നാ ഓൻ പറയുന്നത്. എന്നാൽ രാജീവൻ നോക്കട്ട്. കൊറച്ചു കാലം.
ചേട്ടൻ അഭിപ്രായപ്പെട്ടപ്പോൾ രാജീവൻ ഉറഞ്ഞു തുള്ളി.
അയ്യോ എന്റെ രാധാക്കും പിള്ളേർക്കും ശരിയാകത്തില്ല. അച്ഛന്റെ കണ്ണ് കൊള്ളും എന്നാണ് അവർ പറയുന്നത് . വീട്ടുമുറ്റത്തെ തുളസി ഉണങ്ങിയ കാര്യം പിള്ളേർ ഇന്നും മറന്നിട്ടില്ല.
വെറുതെയല്ല. തെക്കേലെ തെങ്ങിൻ തോപ്പു എഴുതി തരാം. ഏട്ടൻ പറഞ്ഞു.
എനിക്കൊരു കോപ്പും വേണ്ട. അല്ല നിങ്ങക്ക് നോക്കിക്കൂടെ ?
എനിക്കെവിടെ സമയം ?ടീച്ചർ കാലത്ത് പോകും.
ഞാൻ ആഴ്ചയിൽ വീട്ടിൽ എത്തുന്ന ആള്. ഗിരീഷ് കാലത്ത് പോയി രാത്രിയിൽ കുടിയടങ്ങും. ജീവിക്കാൻ തന്നെ സമയമില്ല. ചേട്ടനും കയ്യൊഴിഞ്ഞു.
പിന്നെന്തു ചെയ്യും ? വൃദ്ധസദനത്തിൽ തള്ളിയാലോ ? ചേച്ചി പറഞ്ഞു.
നല്ല ഐഡിയ. പക്ഷെ നാട്ടുകാർ പറയും. കല്ല് പോലത്തെ മക്കളുണ്ടായിട്ടു……..
അച്ഛനെ എന്തു ചെയ്യും എന്നാലോചിച്ചു തല പുണ്ണായി.
എനിക്കൊരു ഐഡിയ തോന്നുന്നു. ചേട്ടൻ പറഞ്ഞപ്പോൾ എല്ലാവർക്കും ആകാംക്ഷയായി.
അങ്ങേരെ ഒന്നുകൂടി കെട്ടിച്ചാലോ ?
കയ്യടിയോടെയാണ് ആ അഭിപ്രായത്തെ സ്വീകരിച്ചത്.
അങ്ങനെ ഞങ്ങൾ അച്ഛനൊരു പെണ്ണുകാണുന്ന തിരക്കിലായി. അങ്ങ് മലയോരത്തെ സാവിത്രിയമ്മയെ ബ്രോക്കറുടെ സഹായത്തോടെ അച്ഛന്റെ ഭാര്യയായി കണ്ടെത്തുകയും ചെയ്തു . പാവപ്പെട്ട വീട്ടിലെ അനാഥയെ പോലെ കഴിയുന്ന സ്ത്രീ.
പക്ഷെ ഇക്കാര്യം എങ്ങിനെ അച്ഛനോട് പറയും ? അതൊരു തലവേദനയായി.
അച്ഛനോടൊന്നും പറയണ്ട. അങ്ങേരെ കാറിൽ വലിച്ചു കെട്ടി കൊണ്ട് പോകാം.
അനുജൻ പറഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞു
സാവിത്രിയമ്മയെ നമ്മൾ ഒരു പരിചാരികയായി ഇവിടെ കൊണ്ട് വരുന്നു. പോരെ ?
അപ്പോൾ താലികെട്ടണ്ടേ ? ചേച്ചി ചോദിച്ചു.
അതിനല്ലേ കുപ്പി. സ്വല്പം ജാസ്തി ഒഴിച്ച് കൊടുത്താൽ അച്ഛൻ പ ട്ടി യെ പോലെ അനുസരിക്കും. അങ്ങനെയല്ലേ സ്വത്തു വീതം വെച്ചത്.
വില്ലേജ് ആഫീസർ നമ്മളെ ആളല്ലേ… ഈ ചേട്ടന്റെ ഒരു പുത്തി. ചേച്ചി പുകഴ്ത്തി.
അപ്പോൾ അകത്തു നിന്നും അച്ഛൻ നിർത്താതെ ചുമച്ചു. എല്ലാം പുള്ളി കേട്ടെന്നാ തോന്നുന്നത്. ഈ ചാകാൻ കാലത്തും കേൾവിക്കൊന്നും ഒരു കുറവുമില്ല.
പിന്നീട് എന്തോ തട്ടിവീഴുന്ന ശബ്ദം കേട്ടു ഞങ്ങൾ അകത്തേക്ക് പോയി നോക്കിയപ്പോൾ അച്ഛൻ ഒരു തുണ്ട് കയറിൽ തൂങ്ങിയാടുന്നതാണ് കണ്ടത്. അമ്മയുടെ പടത്തിനു മുന്നിലെ നിലവിളക്ക് തിരിയിട്ട് കത്തിച്ചിരുന്നു അച്ഛൻ.
ഞങ്ങൾ എന്തു വേണം? ചിരിക്കണോ?
അതോ കരയണോ?