പകരം എല്ലാരും കൂടി ആ മനുഷ്യനെയൊരു പേര് വിളിച്ചു, അറുക്കീസ് എന്ന്..

അറുക്കീസ്
(രചന: Magesh Boji)

”ഒരഞ്ചുറുപ്പ്യക്ക് മീന്‍ വാങ്ങിയാ മൂന്നിന്‍റന്ന് വളിച്ച് പോവണത് വരെ അതെന്ന്യാത്രേ ചോറിന് കൂട്ടാന്‍,

പപ്പടം വാങ്ങിയാ ഓരോന്നെടുത്ത് നാലാക്കി മുറിച്ച് വെക്കും ത്രേ ആ മന്‍ഷ്യന്‍ ”

അയല്‍ വീട്ടിലെ അമ്മിണിയേച്ചി വേലിക്കപ്പുറത്ത് നിന്ന് അമ്മയോട് പറയണത് ഞാന്‍ കേട്ടതാണ്.

”ങ്ങക്കറിയ്യോ ആ നാല് പെണ്‍കുട്ട്യോള്‍ക്കും അടിയിലുടുക്കാന്‍ പോലും വാങ്ങി കൊടുക്കാണ്ട് മൂപ്പര്‍ടെ പഴയ മുണ്ടും മൂപ്പത്തീന്‍റെ പഴയ സാരിയുമാ കെട്ടി കൊടുക്കണത് ”

കുറച്ച് ശബ്ദം താഴ്ത്തിയാണത് പറഞ്ഞത് , എന്നാലും ഞാനതും കേട്ടു ,

ചൂണ്ടയിടാന്‍ അലക്ക് കല്ലിനരികിലെ ഞാഞൂലിനെ മാന്തി കൊണ്ടിരുന്ന എന്‍റെ രണ്ട് ചെവിയും ഒരു കണ്ണിന്‍റെ പാതിയും അവിടെയായിരുന്നല്ലോ.

ആ മനുഷ്യനെ ഞാനും കണ്ടിട്ടുണ്ട് , അതിരാവിലെ , മുണ്ട് മടക്കി വലത്തേ മൂലയ്ക്ക് തിരുകി കുത്തി , ചെരുപ്പിടാതെ , എന്നും ഒരേ ഷര്‍ട്ടും മുണ്ടുമിട്ട് , കയ്യിലൊരു പൊതിയുമായി ശരവേഗത്തില്‍ നടന്ന് പോണത് .

പിന്നേം കണ്ടിട്ടുണ്ട്, കല്ല്യാണ വീട്ടിലൊക്കെ നാല് പിള്ളേരേം കൊണ്ട് വന്ന് ഒന്നും രണ്ടും മൂന്നും വട്ടം ചോറും കറിയും ചോദിച്ച് വാങ്ങിച്ച് അവര് തിന്നണത് നോക്കിയിരിക്കണത്.

ഒരു ദിവസം ഞാനും കുറച്ച് ദൂരം ചെന്ന് നോക്കി , എന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി , എങ്ങോട്ടാണെന്നറിയാന്‍ , ദൂരെയുള്ള ഓട്ടു കമ്പനിയില് സൈറണടിക്കണതിന് മുന്നേ എത്താനാണത്രെ ഈ പോക്ക്.

ഒരു രൂപ കൊടുത്ത് ബസ്സിന് പൊയ്ക്കൂടെ ആ മനുഷ്യനെന്നുള്ള ചോദ്യം , ഒരു നല്ല മുണ്ടും ഷര്‍ട്ടും വാങ്ങിയുടുത്തൂടേന്നുള്ള ചോദ്യം , ഈ കാലത്തും ഇതുപോലെ ചെരുപ്പിടാതെ നടക്കുന്നോരുണ്ടാവുമോന്നുള്ള ചോദ്യം…

എല്ലാ ചോദ്യത്തിനുമുള്ള ഉത്തരത്തിനായി ആരും മെനക്കെട്ടില്ല. പകരം എല്ലാരും കൂടി ആ മനുഷ്യനെയൊരു പേര് വിളിച്ചു , അറുക്കീസ് എന്ന്.

ഞാനും വിളിക്കാന്‍ തുടങ്ങി അറുക്കീസേന്ന് . ഒറ്റയ്ക്കല്ല , ചങ്ങാതിമാരോടൊപ്പം . അയാളെ കാണുമ്പോഴൊക്കെ ദൂരേന്ന് വിളിച്ചോടി മറഞ്ഞു.

ഒന്ന് നോക്കുകപോലും ചെയ്യാതെ അയാള്‍ മുന്നോട്ട് പോയി.

ഉച്ഛക്ക് കൂട്ടാന്‍ വെക്കാന്‍ കപ്ലങ്ങ കുത്താന്‍ വന്ന അയാള്‍ടെ മൂത്ത മോളെ ഞാന്‍ വിളിച്ചു , അറുക്കീസിന്‍റെ മോളേന്ന് .

മുരിങ്ങേന്‍റെ ഇല പറിക്കാന്‍ വന്നപ്പോഴും വിളിച്ചു , പ്ലാവിന്‍റെല പെറുക്കാന്‍ വന്നപ്പോഴും വിളിച്ചു.

ദൂരേന്നുള്ള വിളി മതിയാക്കി ഒരു ദിവസം അടുത്ത് ചെന്ന് വിളിക്കാന്‍ തോന്നി . വിളിച്ചു , ഓടി.

പക്ഷെ കാല് ചെന്നുടക്കിയത് കാഞ്ഞിരത്തിന്‍റെ വേരില്‍ . തെന്നി വീണത് കല്ല് കെട്ടില്‍ . നെറ്റി പൊട്ടി ചോരയൊഴുകിയപ്പോള്‍ ഓടി വന്നെന്നെയെടുത്തത് ആ മനുഷ്യനായിരുന്നു.

വീടിന്‍റെ ഉമ്മറത്ത് കൊണ്ട് പോയി കിടത്തി. നെറ്റി കഴുകി തന്നു .പറമ്പീന്ന് മുറികൂട്ടി പറിച്ചരച്ച് പുരട്ടി തന്നു . ചായ കുടിക്കാന്‍ വിളിച്ചിട്ടും അയാള്‍ നിന്നില്ല . കൊണ്ട് വെച്ചതില്‍ നിന്ന് ഒരു പഴം മാത്രമെടുത്തയാള്‍ തിരിച്ച് പോയി.

ആടിനെ പറമ്പില്‍ കെട്ടാന്‍ വന്നപ്പോള്‍ അയാള്‍ടെ ഇളയ കുഞ്ഞിന്‍റെ കയ്യിലുണ്ടായിരുന്നു ആ പഴം…

പിന്നീടും ഞാനയാളെ കാണാറുണ്ടായിരുന്നു . ജോലി കഴിഞ്ഞ് വന്നിട്ട് സ്വന്തം പുരപണിക്ക് വേണ്ട കല്ലും മണ്ണും മീറ്റോളം ഒറ്റയ്ക്ക് ചുമന്ന് പോകുന്നത്.

ആണ്ടിനും സംക്രാന്തിക്കും ഇറച്ചി കടയും നോക്കി ദൂരെ നിന്ന് എല്ലാരും പോയ് കഴിഞ്ഞാല്‍ തൂക്ക കട്ടയിലെ ഏറ്റവും ചെറുതിട്ട് തൂക്കി കിട്ടിയ പൊട്ടും പൊടിയും തേക്കിലയില്‍ പൊതിഞ്ഞ് വാങ്ങി പോകുന്നത്.

കണ്ണാടിയും കത്രികയും പിടിച്ച് വീടിന്‍റെ പിന്നാമ്പുറത്തൂന്ന് സ്വന്തം മുടി വെട്ടിയൊതുക്കുന്നത്.

പനിച്ച് വിറച്ച് താലൂക്കാശുപത്രിയിലെ നീണ്ട വരിയില്‍ സൗജന്യ മരുന്നിനായി കാത്തുകെട്ടി കിടക്കുന്നത്.

പക്ഷെ അപ്പോഴൊന്നും എനിക്കയായാളെ അറുക്കീസെന്ന് വിളിക്കാന്‍ തോന്നിയില്ല..പിന്നെ കാണാതായപ്പോ അറിഞ്ഞു, അവരിവിടം വിട്ട് പോയെന്ന്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നെ കണ്ടത് . അന്ന് രാത്രി ഭാര്യ അകത്ത് വന്ന് പറഞ്ഞു , പുറത്താരോ വന്നിട്ടുണ്ടെന്ന്.

അതയാളായിരുന്നു . പെട്ടെന്ന് തന്നെ മനസ്സിലായി . അവിടെയുള്ള സ്ഥലത്തിന്‍റെ കാര്യവുമായി വന്നതാണെന്ന് , വന്നപ്പോ ഈ വഴി കയറിയതാണെന്ന്.

അയാള്‍ക്കൊരു മാറ്റവുമില്ലായിരുന്നു . അധികമൊന്നും സംസാരിക്കാതെ
കുറച്ച് നേരം ഉമ്മറത്തിരുന്നു .

തിരിച്ച് പോവാനൊരുങ്ങി . ചായയും പലഹാരവും കൊണ്ട് വച്ചെങ്കിലും അയാളതൊന്നും എടുത്തില്ല . ഒരു പഴമെങ്കിലും എടുക്കുമെന്ന് വിചാരിച്ചു . അയാളതും എടുത്തില്ല .

ഇറങ്ങാന്‍ നേരം അമ്മ ചോദിച്ചു , മക്കളൊക്കെ ഇപ്പൊ ?

”മൂത്തയാള് വില്ലേജോഫീസിലും പിന്നെ രണ്ടാള് ടീച്ചര്‍മാരാണ് , ഇളയവള് മെഡിസിനും ”

പെട്ടെന്നൊരു കാര്‍ മുറ്റത്തെത്തി . അതില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു . അയാളാണ് പറഞ്ഞത് , അതാണ് ഇളയ മോള് , ഞങ്ങളൊരുമിച്ചാ വന്നത് , കാണാതായപ്പോ തിരക്കിയിറങ്ങിയതാവും.

അമ്മ അവളോട് സംസാരിച്ചു . ചായ കുടിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവള്‍ വേണ്ടെന്ന് പറഞ്ഞു . പക്ഷെ കൊണ്ട് വെച്ചതില്‍ നിന്ന് ഒരു പഴമെടുത്തവള്‍ കയ്യില്‍ വെച്ചു .

യാത്ര പറഞ്ഞവര്‍ തിരിച്ചിറങ്ങി.

ഭാര്യ വന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു , ആരു വരുമ്പോഴും ഈ നരച്ച മുണ്ടും ഉടുത്ത് നിന്നോളും , ഉടുത്തത് തന്നെ എന്നും ങ്ങനെ ഉടുക്ക , പൈസ ഉള്ളപ്പോ പുതിയൊരെണ്ണം വാങ്ങിക്കൂടെ , അതെങ്ങനെയാ അറുക്കീസല്ലേ , അറുക്കീസ്.

ഒരു സഞ്ചി കയ്യില്‍ തന്നവള്‍ പറഞ്ഞു , റേഷന്‍ കട അടയ്ക്കും , വേഗം പോയി അരിയും പഞ്ചസാരയും വാങ്ങിക്കൊണ്ട് പോരാന്‍ , കൂട്ടത്തില്‍ മക്കള്‍ക്ക് വേണ്ട സാധനങ്ങളും.

ഞാന്‍ സഞ്ചിയുമായി ധൃതിയില്‍ നടന്നു . കീശയില്‍ കിടന്ന് ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു , ഭാര്യയാണ്.

”നിങ്ങക്ക് തലയ്ക്കെന്തെങ്കിലും അസുഖംണ്ടോ ”

ഞാന്‍ ഒന്നും മിണ്ടിയില്ല .

”ഏ മനുഷ്യാ നിങ്ങള് ചെരുപ്പിടാണ്ടാണോ പോയത്”

ഞാനെന്‍റെ കാലുകളിലേക്ക് നോക്കി , അതെ . ചെരുപ്പിട്ടിട്ടില്ല…

ഒരു നിമിഷം അവിടെ നിന്നു . ഒരടി പിന്നോട്ട് വെച്ചു. വേണ്ട , കടയടയ്ക്കും , ഒരുപാട് ദൂരം പോവ്വാനുള്ളതാണ് . മുണ്ട് മടക്കി കുത്തി ന ഗ്ന പാദനായി ശരവേഗത്തില്‍ മുന്നോട്ട് തന്നെ നടന്നു…

Leave a Reply

Your email address will not be published. Required fields are marked *