എന്നാലും മഹിയേട്ടൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല ഓർക്കും തോറും..

സ്നേഹത്തുമ്പി
(രചന: മഴമുകിൽ)

എന്റെ തുമ്പി നീയൊന്നു ഇവിടെ വന്നിരിക്കുന്നുണ്ടോ… അവൻ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത്…

അത് പിന്നെ ഇവിടെ നിന്നാൽ അങ്ങ് പടിപ്പുരക്കും അപ്പുറം പാട വരമ്പ് വരെ കാണാം അമ്മായി.. മഹിയേട്ടൻ വരുമ്പോൾ എനിക്ക് ആദ്യം കാണണം…..

ഇങ്ങനെ ഒരു കുറുമ്പി വയസു ഇരുപതു ആയി ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല പെണ്ണിന്റെ… ഞാൻ അടുക്കളയിലോട്ടു ചെല്ലട്ടെ.. ഉച്ചത്തേക്ക് അവനു ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കണ്ടേ.. വസുമതി അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.

അമ്മായിയുടെ മകൻ ഇന്ന് ഡൽഹിയിൽ നിന്നും വരികയാണ് അവിടെ പേരുകേട്ട കമ്പനിയിൽ മാനേജർ ആണ്.. കുഞ്ഞു നാള് മുതൽ പറഞ്ഞു വച്ച ബന്ധം ആണ്.

മഹാദേവൻ എന്ന മഹിയുടെയും വിദ്യ ലക്ഷ്മി എന്ന തുമ്പിയുടെയും വിവാഹം…..

വാസുമതിയുടെ ആങ്ങള ചന്ദ്രശേഖരന്റെ മകൾ ആണ് തുമ്പി.. അവളുടെ ചെറുപ്പത്തിലേ അമ്മ മരിച്ചു.. പിന്നെ തുമ്പിയെ നോക്കിയതും വളർത്തിയതും ഒക്കെ വസുമതി ആണ്….

കണ്ടില്ലല്ലോ അമ്മായി മഹിയേട്ടനെ… പത്തു മണിക്ക് ഇവിടെ എത്തുമെന്ന് പറഞ്ഞിട്ട് മണിയിപ്പോൾ പതിനൊന്നര ആയി… കാച്ചിവച്ച പപ്പടം എടുത്തു കൊറിച്ചുകൊണ്ട് തുമ്പി പരിഭവിച്ചു..

പപ്പടം കാച്ചിയ അടുപ്പ് ഓഫ്‌ ആക്കി വസുമതി അവളെയും കൂട്ടി ഉമ്മറത്ത് പോയിരുന്നു.. അൽപ്പനേരം കഴിഞ്ഞപ്പോൾ ഒരു കാർ വന്നു പടിപ്പുരക്ക് വെളിയിൽ നിന്നു.

കാറിൽ നിന്നും ജീൻസും ടൈറ്റ് ബനിയനും ധരിച്ച ഇരുപത്തി അഞ്ചു വയസു പ്രായമുള്ള പെൺകുട്ടി ഇറങ്ങി വന്നു…മഹിയെ കണ്ടതുമ്പിയുടെ മുഖം വിടർന്നു..

എന്നാൽ അടുത്ത നിമിഷം തന്നെ ആ സന്തോഷത്തിന്റെ മേൽ കരിനിഴൽ വീണിരുന്നു….

മഹിയുടെ കൈകളിൽ തൂങ്ങിയാണ് ആ പെങ്കൊച്ചിന്റെ വരവ്. അത് തുമ്പിക്കൂ അത്രക്ക് പിടിച്ചില്ല വസുമതിയുടെ മുഖതും ഇഷ്ടക്കേട് തെളിഞ്ഞു കണ്ടു…..

മഹിയും ആ കുട്ടിയും വീടിന്റെ ഉമ്മറത്തേക്ക് കയറി.. എന്താ മോനെ ഇത്രേം വൈകിയേ…….

ട്രെയിൻ കുറച്ചു ലേറ്റ് ആയി അമ്മേ…. അതാണ്. അമ്മേ ഇതു എന്റെ ബോസ്സ് ന്റെ മകൾ ആണ് വർഷ. നമ്മുടെ നാടും, ഇവിടുത്തെ അമ്പലവും ഒക്കെ കാണാൻ വന്നതാ…

വന്ന കാലിൽ നിൽക്കാതെ കയറി വാ മക്കളെ… വസുമതി തുമ്പിയുടെ കയ്യും പിടിച്ചു അകത്തേക്ക് കയറി.. പിന്നാലെ മഹിയും വർഷയും..

വർഷയുടെ കണ്ണുമുഴുവൻ മുന്നിൽ നടക്കുന്ന തുമ്പിയിൽ ആയിരുന്നു.. ഇത്രയൊക്കെ മേക്കപ്പ് ചെയ്തിട്ടും വർഷ ഒരു ആവറേജ് ബ്യൂട്ടി ആയിരുന്നു..

പക്ഷെ തുമ്പിക്കൂ സ്വർണ്ണകതിരിന്റെ നിറമാണ് ആ മുഖത്തു ഒരു മേക്കപ്പ് പോലും ഇല്ല ആകെ കണ്ണുകളിൽ മഷി പടർത്തിയിട്ടുണ്ട്……

എന്നാലും മഹിയേട്ടൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല ഓർക്കും തോറും തുമ്പിയുടെ കണ്ണുകൾ നിറഞ്ഞു…..അമ്മായി അത് കാണും എന്ന് കരുതി അവൾ കണ്ണുകൾ അമർത്തി തുടച്ചു..പക്ഷെ വസുമതി അത് കണ്ടു…

അമ്മേ…..

നീട്ടിയുള്ള. മഹിയുടെ വിളികേട്ട് വസുമതി പുറത്തേക്കു വന്നു…

എന്താ ടാ…

അമ്മേ എന്റെ കൂടെ വന്ന കുട്ടിക്ക് ഒരു റൂം ശെരിയാക്കണം.. കുറച്ചു സൗകര്യത്തിലൊക്കെ വളർന്ന ആളാണ്…. നമ്മുടെ നാട്ടിൽ വരുമ്പോൾ നമ്മൾ അതിന്റെ രീതിക്കു പെരുമാറണം…

നീ ഒരു കാര്യം ചെയ്യു താഴെ എന്റെ മുറിയുടേ അടുത്ത മുറി ആ കുട്ടിക്ക്
കൊടുക്ക്.

അതല്ലമ്മേ മുകളിൽ എന്റെ മുറിയുടെ അടുത്ത മുറി….

മഹി..

ശാസനയോടെയുള്ള വിളിയായിരുന്നു അത്. നീ പറഞ്ഞു വരുന്നത് എനിക്കുമനസിലാകും… അത് എന്റെ തുമ്പിയുടെ മുറിയാണ്.. കുഞ്ഞു നാൾ മുതൽ അവളുടെ ഓർമകളും സ്വപ്നങ്ങളും നിറഞ്ഞുനിൽക്കുന്ന മുറി…

അവിടെയെങ്കിലും അവൾക്കു മാത്രം ആയി വിട്ടുകൊടുക്കു…. നീ ഇവിടെ വരുന്നത് വരെ നിനക്കായി വഴിക്കണ്ണും നട്ടിരുന്നതാണ് എന്റെ കുട്ടി.. പക്ഷെ മറ്റൊരുവളെ കയ്യിൽ കോർത്തു പിടിച്ചു നീ ഈ വീടിന്റെ പടികയറി..

ഒരു മനുഷ്യജിവിയായി പോലും നീ അവളെ കണ്ടില്ല. നിന്റെ ഒരു നോട്ടത്തിനായി കാത്ത എന്റെ കുട്ടി നെഞ്ചു വിങ്ങുന്നത് ഞാൻ കണ്ടു.

എന്നിട്ടും ഒരു നോട്ടം കൊണ്ടുപോലും നിന്നെ കുറ്റപ്പെടുത്താതെ എന്റെ കുട്ടി മാറിനിന്നു…

എങ്ങനെ ആണ് മഹി നീ ഇത്രേം മാറിയേ.. നിന്റെ കയ്യിൽ തൂങ്ങി നടക്കാൻ പഠിച്ചവളല്ലേ നിന്റെ തുമ്പി പെണ്ണ് എന്നിട്ട് നീ……വാക്കുകൾ പകുതിയിൽ മുറിഞ്ഞു കരച്ചിൽ ചീളുകൾ പുറത്തേക്കു വന്നു…

മഹി ഒന്നും മിണ്ടാതെ തിരിഞ്ഞതും തന്നേം നോക്കി നിൽക്കുന്ന വർഷയെ ആണ്..കണ്ടത്…..

മഹി ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

മുറിയിലേക്ക് പോയ മഹി കട്ടിലിലേക്ക്
മലർന്നു കിടന്നു… അവന്റെ കാതുകളിൽ ഓർമകളിൽ ഒരു കുഞ്ഞി ശബ്ദം വന്നു പതിച്ചു…. മഹിയേട്ടാ..

അവന്റെ ചുണ്ടിണയിൽ ചെറു പുഞ്ചിരി വിരിഞ്ഞു….. കണ്ണുകൾ ഉറവ തീർത്തു ചാലിട്ടു ഒഴുകി……

പെട്ടെന്ന് വർഷ മുറിയിലേക്ക് കയറിവന്നു….

മഹി വേഗത്തിൽ എഴുനേറ്റു ഇരുന്നു…

എന്തിനാ മഹി നീ ഇങ്ങനെ സ്വയം വേദനിക്കുന്നത്.. തുമ്പി ആ കുട്ടി….
ഇന്ന് ഞാൻ കണ്ടു മഹി നിന്നെ നോക്കുമ്പോൾ വിടരുന്ന കണ്ണുകളിൽ നിറയെ നിന്നോടുള്ള പ്രണയം ആണ് മഹി…….

നിന്റെ ഒരു നോട്ടത്തിന് വേണ്ടി പിടയുന്ന ആ കണ്ണുകളിൽ വേദന ആയിരുന്നു…..

വർഷാ…..

ആ വിളിയിൽ ഉണ്ടായിരുന്നു മഹിയുടെ വേദന….. എല്ലാം അറിയുന്ന നിതന്നെ ഇങ്ങനെ പറയുന്നത് കഷ്ടമാണ്……… എന്റെ ജീവിതത്തിൽ ഞാൻ എങ്ങനെ എന്റെ തുമ്പി പെണ്ണിനെ ചേർത്ത് പിടിക്കും..

അണയാൻ പോകുന്ന വിളക്കാണ് ഞാൻ… ആ ഞാൻ എങ്ങനെ അവളെ കൂടി എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റും…. എന്റെ പ്രണാണ് വർഷ അവൾ…..

പക്ഷെ ഇപ്പോൾ ഞാൻ എടുത്ത ഈ തീരുമാനം ആണ് നല്ലത്… ഇവിടുന്നു പോകും മുൻപ് അവളുടെ വിവാഹം നടത്തണം ചിലപ്പോൾ ഇനി ഒരു തിരിച്ചു വരവ് ഉണ്ടായില്ലെങ്കിലോ….

അന്ന് ആ ആക്‌സിഡന്റ് നടന്നപ്പോൾ മരിച്ചു പോയാൽ മതിയായിരുന്നു….. വർഷ……. ഇതിപ്പോൾ….. സഹിക്കാൻ കഴിയുന്നില്ല…. എന്റെ പെണ്ണിന്റെ മുന്നിൽ ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല…… മഹി ജനൽ കമ്പിയിൽ മുഖം ചേർത്ത് നിന്നു….

വർഷ മഹിയുടെ അടുത്തേക്ക് ചെന്നു…. മഹി എന്നും എനിക്കൊരു കൂടപ്പിറപ്പിന്റെ സ്ഥാനത്താണ്.. അതുകൊണ്ടാണ് ഞാൻ മഹി ഇങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോൾ നിന്റെ ഒപ്പം ഇറങ്ങി പുറപ്പെട്ടത്..

പക്ഷെ ഇവിടെ വന്നപ്പോൾ ആ കുട്ടി തുമ്പി അവളെ കണ്ടപ്പോൾ ഞാൻ… എനിക്ക് കഴിയുന്നില്ല മഹി…..

ഒരു വർഷം മുൻപ് മഹിക്ക് ഡൽഹിയിൽ വച്ചു ഒരു ആക്‌സിഡന്റ് ഉണ്ടായി… മുറിവുകൾ വലുതല്ലായിരുന്നു.. പക്ഷെ അതിനു ശേഷം സ്ഥിരമായി തലവേദന വരാൻ തുടങ്ങി അങ്ങനെ നടത്തിയ സ്കാനിങ് ആണ് മഹിയുടെ തലയിൽ ചെറിയ ഒരു ഗ്രോത് കാണാൻ ഇടയായത്..

പക്ഷെ അത് തലയുടെ വിവിധ ഭാഗ്ങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയതിനാൽ സർജറിക്കു ചാൻസ് കുറവാണു…..എറിയാൻ ഒന്നോ രണ്ടോ വർഷം കൂടി അതിലേക്കു എനിക്ക് അവളെ കൂട്ടാൻ കഴിയില്ല… എന്റെ പ്രണയത്തെ കൂട്ടാൻ കഴിയില്ല……

അവളെ ഒടുവിൽ ഒറ്റക്കാക്കാൻ കഴിയില്ല……..പറഞ്ഞു കഴിഞ്ഞു മഹി നോക്കുമ്പോൾ മുന്നിൽ കണ്ണുനീർ പൊഴിച്ചുകൊണ്ട് നിൽക്കുന്നു… തുമ്പി…….

വർഷ വേഗം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി……

തുമ്പി ഓടി വന്നു മഹിയെ കെട്ടിപ്പുണർന്നു…….. കാറ്റുപോലും കടന്നുവരാത്ത രീതിയിൽ മഹിയുടെ മാറിൽ ചേർന്ന് നിന്നു….. എന്നെ അകറ്റി നിർത്തല്ലേ മഹിയേട്ടാ ഞാൻ മരിച്ചുപോകും….. ഒരു ദിവസം എങ്കിൽ ഒരു ദിവസം മഹിയേട്ടന്റെ പെണ്ണാവണം ഈ തുമ്പിക്കൂ…

അല്ലാതെ എന്നെ മറ്റൊരു ജീവിതത്തിലേക്ക് തള്ളിവിട്ടാൽ പിന്നെ ആരും ആരും കാണില്ല തുമ്പിയെ… ആർക്കും ശല്യമായി പിന്നെ ഞാൻ ജീവിച്ചിരിക്കില്ല… സത്യവാ പറയണേ….

കൊച്ചുകുഞ്ഞുങ്ങളെ പോലെ പതം പറഞ്ഞു കരയുന്നവളുടെ നെറ്റിയിൽ മഹി അമർത്തി ചുംബിച്ചു….

ഈശ്വരാ ഇതു എന്തൊരു പരീക്ഷണം ആണ്…. ഞാൻ എങ്ങനെ മഹിയുടെ കണ്ണുകൾ നിറഞ്ഞു തൂവി..

എന്നെ വിട്ടുകളയല്ലേ മഹിയേട്ടാ… എനിക്കതു സഹിക്കില്ല…… കുറച്ചു ദിവസം ആയാലും എന്റെ മഹിയേട്ടന്റെ താലിയും സിന്ദൂരവും അണിയണം എനിക്ക്….. എന്നെ ഒഴിവാക്കല്ലേ.. പ്ലീസ്…. മഹിയേട്ടാ……പ്ലീസ്…

ബോധം നശിച്ചവളെ പോലെ പറഞ്ഞു.. തളർന്നു നിലത്തേക്ക് ഊർന്നു വീണുപോയി ആ പാവം പെണ്ണ്…..
മഹി അവളെ ഇരുകായ്യാലെ കോരി എടുത്തു കട്ടിലിൽ കിടത്തി… മുഖത്തേക്ക് വെള്ളം തളിച്ചു…. തുമ്പി കണ്ണുകൾ വലിച്ചു തുറന്നു……

അപ്പോഴേക്കും വസുമതി അമ്മയും വർഷയും മുറിയിലേക്ക് വന്നു…. മഹിയെ കണ്ട ഉടനെ അമ്മ അവന്റെ മാറിൽ വീണു പൊട്ടി കരഞ്ഞു..

എന്റെ പൊന്നു മോനെ നീ… അമ്മയോട് ഒരു വാക് പറഞ്ഞില്ലല്ലോ…. എന്റെ കുട്ടി… ഞാൻ ഇതെങ്ങനെ സഹിക്കും…..

അമ്മേ…. അമ്മയും ഇവളും ഇങ്ങനെ തുടങ്ങിയാൽ ഞാൻ… ഞാൻ എന്ത് ചെയ്യും……..

അമ്മ ആ കണിയാനെ വിളിച്ചു തുമ്പിയുടെ ജാതകം ഒന്ന് നോക്കിക്കു. എന്റെ സുഹൃത്തിന്റെ ഒരു ജാതകം ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. ഞാൻ അവനോടു എല്ലാം പറഞ്ഞിട്ടുണ്ട്…

അമ്മ സമ്മതിച്ചാൽ നമുക്ക് അത് നടത്തം… അമ്മയും അവളെ പോലെ ശാഢ്യം പിടിക്കരുത് എന്നെ ധർമ്മ സങ്കടത്തിൽ ആക്കരുത്….. അവൾ ഉണരുമ്പോൾ അമ്മ അവളെ കാര്യം പറഞ്ഞു മനസിലാക്കണം….

ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം…. അമ്മേ.. ഞാൻ തിരികെ വരുമ്പോൾ അമ്മ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം….. ജീവിതം ഒന്നേ ഉള്ളു… അത് പരീക്ഷണത്തിനായി വിട്ടുകൊടുക്കേണ്ടതല്ല…..

മഹി…… അവളെ അമ്മ എങ്ങനെ പറഞ്ഞു മനസിലാക്കും… ഓർമ്മവച്ച നാൾ മുതൽ നിനക്കുവേണ്ടി ആണ് അവൾ കാത്തിരുന്നത്….

നിന്നിലൂടെ ആണ് അവൾ ഈ ലോകത്തെ അറിഞ്ഞത്….. അവളുടെ ഓരോ ദിവസം തുടങ്ങുന്നതും നിന്നിലൂടെ ആണ് മോനെ….

ഒരു ദിവസം എങ്കിൽ ഒരു ദിവസം എന്റെ കുട്ടിക്ക് നീ താലിഅണിയിച്ചു ഒരു ജീവിതം കൊടുക്കണം അല്ലെങ്കിൽ അവൾ ഒരു മുഴു ഭ്രാന്തി ആയി മാറുന്നതു ഞാൻ കാണേണ്ടി വരും……

ഈശ്വര… ഇതെന്തു ദുർവിധി ആണ്……… എന്റെ കുട്ടിയെ ഇനിയും പരീക്ഷിച്ചു മതിയായില്ലേ…..

അമ്മേ…. ഞാൻ…. എന്റെ എണ്ണപ്പെട്ട സമയത്തിൽ ഞാൻ എങ്ങനെ അവളെ കൂടെ ചേർത്ത് പിടിക്കും….

ഡോക്ടര്മാര്ക്ക് ചിലപ്പോൾ തെറ്റുപറ്റില്ലേ… എല്ലാം കാണുന്ന ഭഗവാൻ നിങ്ങള്ക്ക് കൂട്ടുണ്ടാവും…. ചികിത്സ അതിന്റെ മുറപോലെ നടക്കട്ടെ…..

ഏറ്റവും വലിയ ആ വൈദ്യൻ കരുണ കാട്ടിയാലോ…. എന്റെ മോൻ മറുത്തൊന്നും പറയരുത്..ഈ അമ്മയുടെ അപേക്ഷ ആണ്……

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ മഹിയുടെയും തുമ്പിയുടെയും വിവാഹം നടന്നു….. മഹിയുടെ പേരുകൊത്തിയ താലിയും സിന്ദൂരവും ഏറ്റുവാങ്ങുമ്പോൾ ഇതു തന്നിൽ നിന്നും പറിച്ചു മാറ്റല്ലേ എന്നുമാത്രം ആയിരുന്നു അവളുടെ പ്രാർത്ഥന…

വിവാഹശേഷം രണ്ടുത്തവണ മഹിയും തുമ്പിയും ഡൽഹിക്ക് പോയി… ട്രീറ്റ്മെന്റ് ന്റെ ഭാഗമായി….

ഇപ്പോൾ അസുഖത്തിന് കുറച്ചു കുറവുണ്ട് എങ്കിലും ശ്രദ്ദ്ധിക്കണം…. ഡൽഹിയിലെ ജോലി കല്യാണത്തോടെ ഡൽഹിയിലെ ജോലി വേണ്ടെന്നു വച്ചു… ചികിത്സായും ഇപ്പോൾ നാട്ടിലേക്കു മാറ്റി………

മഹിയുടെയും തുമ്പിയുടെയും വിവാഹം കഴിഞ്ഞു ഇപ്പോൾ ആറ് മാസം ആയി….. മഹിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു തുമ്പി മഹിയുടെ മുഖത്തേക്ക് നോക്കി…… മഹിയേട്ടാ അമ്മായി ചോദിക്കുവാ എന്താ വിശേഷം ഒന്നും ആവാതെന്നു…….

തുമ്പി രണ്ടു കയ്യും കൊണ്ടുമുഖം പൊത്തി പിടിച്ചു…. നീയിങ്ങനെ ദിവസവും പൂജയും അമ്പലവും വഴിപാടും ആയിട്ടു നടന്നാൽ എങ്ങനെ വിശേഷം ഉണ്ടാകും…

മഹി തുമ്പിയുടെ മുഖത്തു നിന്നും കൈ മാറ്റി… പെണ്ണിന്റെ മുഖം നാണത്താൽ ചുമന്നു… ഇങ്ങനെ നാണിച്ചും കൊണ്ടിരുന്നാൽ എങ്ങനാ എന്റെ തുമ്പി കുട്ടി…. ഇത്രേം ആയിട്ടും നിന്റെ നാണം മാറാത്തതെന്താ…….

മഹി അവളുടെ അധരങ്ങളിലൂടെ വിരൽ ഓടിച്ചു പതിയെ ചുണ്ടുകൾ കവർന്നെടുത്തു… അവളിലെ പെണ്ണിനെ പതിയെ പതിയെ ഉണർത്തി…..

ഒരു പ്രണയ മഴയായി അവളിലേക്ക് പെയ്തു തോർന്നു…. ആലസ്യത്തിൽ അടഞ്ഞു പോയാ അവളുടെ കണ്ണുകളിൽ പതിയെ ചുണ്ട് ചേർതു……..

എന്റെ മണിക്കുട്ട നീ ഒന്നവിടെ നിൽക്കുന്നുണ്ടോ… ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റു……. തുമ്പി കയ്യിൽ ഒരു കുഞ്ഞി കമ്പുമായി വീടിനു ചുറ്റും ഓടുകയാണ്….

തുമ്പിയുടെയും മഹിയുടെയും കുഞ്ഞാണ്… ഇപ്പോൾ മൂന്ന് വയസായി.. മഹാ കുണ്ടണിയാണ്…

എന്റെ അമ്മായി എനിക്ക് വയ്യ ഈ ചെക്കനെ കൊണ്ട്….. തുമ്പി തളർന്നു വന്നു അമ്മായിയുടെ അടുത്തേക്ക് ഇരുന്നു…..

എന്റെ മണിക്കുട്ട നീയിങ്ങനെ അമ്മേ ഇട്ടു ഓടിക്കാവോ….. അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ കിടക്കുവല്ലേ…………

തുമ്പിക്കൂ ഇതു മാസം നാലാണ്…..

അമ്മായി മഹിയേട്ടൻ വരാനുള്ള നേരം കഴിഞ്ഞു.. എന്തെ ഇന്ന് വൈകുന്നേ….. ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.. എന്താണോ….

നീ വെപ്രാളം പിടിക്കേണ്ട..
അവനിങ്ങു വന്നോളും… അപ്പോളേക്കും പടിപ്പുരയിൽ കാർ വന്നു നിന്നു… മഹിയുടെ ഓഫീസിൽ കൂടെ വർക്ക്‌ ചെയ്യുന്ന കുറച്ചു സ്റ്റാഫ്‌ ഇറങ്ങി വന്നു കൂടെ തുമ്പിയുടെ അച്ഛനും….ഓഫീസിൽ വച്ചു മഹിക്ക് പെട്ടെന്ന് വയ്യാണ്ടായി…

അസുഖം അറിയാവുന്നതു കൊണ്ട് അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി…. അവിടെ എത്തുമ്പോൾ മരിച്ചിരുന്നു.. പിന്നെ അമ്മാവനെ അറിയിച്ചു… വൈഫ്‌ നെയും അമ്മയെയും അറിയിക്കേണ്ടന്നു അമ്മാവൻ പറഞ്ഞു……..

തുമ്പിയും അമ്മയും നോക്കുമ്പോൾ കാറിന് പിന്നിലായി ഒരു ആംബുലൻസ് വന്നു നിന്നു..

അതിൽ നിന്നും സ്ട്രചരിൽ കിടത്തിയ ബോഡി പുറത്തേക്കു എടുത്തു…. ഉമ്മറ കോലായിയിൽ കത്തിച്ചു വച്ച നിലവിളക്കിന് മുന്നിൽ മഹിയെ കിടത്തി…..

മകന്റെ ചേതന അറ്റ ശരീരത്തിൽ വീണു ആ അമ്മ ഹൃദയം പൊട്ടി നിലവിളിച്ചു……. എന്റെ പൊന്നു മോനെ… ഞാൻ ഇതെങ്ങനെ സഹിക്കും…….. കുഞ്ഞിനെ മാറോടു ചേർത്ത് തുമ്പി മഹിയെ നോക്കി ചുമരിൽ ചാരി ഇരുന്നു………

“”””തുമ്പി പെട്ടെന്ന് ഒരു ദിവസം ഞാൻ നിന്നെ വിട്ട് പോയാൽ നീ തളരരുത്… എല്ലാം സഹിക്കാൻ ഉള്ള ശക്തി നീ ഇപ്പോൾ മുതൽ കൂട്ടി വയ്ക്കണം… മഹി അവളോട് ചേർന്നിരുന്നു പറഞ്ഞത് ഓർത്തു തുമ്പി നെടുവീർപ്പിട്ടു……””””

“””.ഒരു ജന്മം മുഴുവൻ തരാൻ പറ്റുന്ന അത്രേം സ്നേഹം എനിക്ക് തന്നില്ലേ. എന്നും ഓർക്കാനും ലാളിക്കാനും എനിക്ക് കുഞ്ഞുങ്ങളെ തന്നിട്ടില്ലേ….

എന്റെ ഈ ജന്മത്തിൽ ഞാൻ എന്റെ മഹിയേട്ടന്റെ ആയില്ലേ…. എനിക്ക് അത് മതി…. അത് മാത്രം മതി…. തുമ്പി മഹിയുടെ മുഖത്തും നെറ്റിയിലും മാറിമാറി ചുംബിച്ചു….

തന്റെ പ്രാണനെ മതിവരുവോളം നോക്കിയിരുന്നു…….. ഈ ജന്മം ഇത്രേം വിധിച്ചുള്ളൂ.. പക്ഷെ ഞാൻ കാത്തിരിക്കും അടുത്ത ജന്മം എനിക്ക് ബാക്കിവച്ച സ്നേഹം മുഴുവൻ തന്നു തീർക്കാൻ……..

Leave a Reply

Your email address will not be published. Required fields are marked *