വാൽക്കണ്ണാടി
(രചന: Medhini Krishnan)
അച്ഛമ്മ മരിക്കാറായിരിക്കുന്നു. എനിക്കങ്ങനെ തോന്നി.. കഷായത്തിന്റെയും അരിഷ്ടത്തിന്റെയും തൈലത്തിന്റെയും
ഗന്ധം തങ്ങി നിൽക്കുന്ന ആ ചെറിയ മുറിക്കു പുറത്ത് മരണം കാത്തു നിൽക്കുകയാണ്.. അകത്തേക്ക് പ്രവേശിക്കാനുള്ള ഒരു സമയത്തിന്റെ കാത്തിരിപ്പ്.
അച്ഛമ്മയുടെ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി പിടയുന്നു. വല്ലാതെ ബുദ്ധിമുട്ടി വലിച്ചെടുക്കുന്ന ശ്വാസത്തിന്റെ സ്വരം വികൃതമാവുന്നു.. കൈയിലെ പച്ചനിറമുള്ള ഞരമ്പുകളിൽ ഞാൻ മെല്ലെ തലോടി..
വെളുത്തു മെലിഞ്ഞ ആ കൈത്തണ്ടയിലെ തടിച്ചു വീർത്ത പച്ചഞരമ്പുകൾ… ചിലപ്പോൾ എനിക്ക് തോന്നും അത് പൊട്ടിയൊലിച്ചു ആ മുറിയിലെ ഇരുട്ടിലേക്ക് ചുവപ്പ് കലരുമെന്ന്..
തുറന്നിട്ട ജനാലയിലൂടെ വീശിയ തണുത്ത കാറ്റിൽ അച്ഛമ്മയുടെ വെളുത്ത മുടിയിഴകൾ പറന്നു.. ചുണ്ടിനു മേലെയുള്ള ആ കാക്കപുള്ളി തിളങ്ങുന്നതായി തോന്നി.. ആ വെളുത്ത മുഖം..
അച്ഛമ്മ എത്ര സുന്ദരിയായിരുന്നു..ഞാൻ നോക്കിയിരിക്കെ അച്ഛമ്മ കണ്ണുകൾ തുറന്നു.. നരച്ച മിഴികളിൽ തളം കെട്ടി നിൽക്കുന്ന ജലം.. അത് മെല്ലെ മെല്ലെ താഴേക്കു അരിച്ചിറങ്ങി..
ആ ചുണ്ടുകൾ വിറച്ചു.. “അമ്മു…. ” താണ സ്വരം.
ശ്വാസം എടുക്കാൻ വല്ലാതെ പ്രയാസപ്പെടുന്നത് പോലെ.. എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുവെന്ന് തോന്നി.. കണ്ണുകൾ എന്തോ സംസാരിക്കുന്നു.
ഞാൻ എന്റെ മുഖം ആ മുഖത്തോട് ചേർത്തു.. നെറ്റിയിൽ അമർത്തി ചുംബിച്ചു.”യ്ക്ക് ഒന്ന് വേണം അമ്മു.. അവസാനത്തെ…. ആ ചുണ്ടുകൾ വിറക്കുന്നു.. ന്താ വേണ്ടേ അച്ഛമ്മക്ക്.. ഞാൻ ചോദിച്ചു..
പത്തായപ്പെട്ടിയിലെ… അറയിൽ.. ഒരു വാൽക്കണ്ണാടിണ്ട്.. ക്ക് അതൊന്ന് കാണണം..
“അതിനെന്താ.. ഇപ്പൊ കൊണ്ട് വരാട്ടോ..” നേർത്ത ചിരിയോടെ ഞാൻ പറഞ്ഞെങ്കിലും എന്റെ നെഞ്ചൊന്നു പിടഞ്ഞു.. ചിതറിയ ചില്ലുകഷ്ണങ്ങൾ മുഖത്തു തറച്ചു ചോ ര വാർന്നൊഴുകുന്ന മുഖം..
പൊടി പിടിച്ചു കിടക്കുന്ന പത്തായപ്പെട്ടി തുറന്നപ്പോൾ ഓർമ്മകളുടെ സുഗന്ധം.. പഴമയുടെ ഗന്ധം…
അച്ഛമ്മ കിടപ്പിലാവുന്നതിന് കുറച്ചു മുൻപ് വരെ ഇടക്കൊക്കെ അത് തുറന്നു നോക്കുന്നത് കണ്ടിട്ടുണ്ട്..
അതിലെന്തൊക്കെ സൂക്ഷിച്ചു വച്ചിരിക്കുന്നുവെന്ന് ആരും അന്വേഷിച്ചിട്ടില്ല.. അച്ഛമ്മ പറഞ്ഞിട്ടുമില്ല.. ഉണങ്ങിയ കൈതപ്പൂവിന്റെ ഗന്ധം..
വെളുത്ത മണികൾ കൊരുത്ത ഒരു മുത്തു മാല.. ഉടഞ്ഞ കുപ്പി വളകൾ..പഴകിയ ഒരു ചാന്തു കുപ്പി.. അതിൽ ചാന്ത് ഉണങ്ങി പിടിച്ചിരുന്നു.. ചുവന്ന നിറമുള്ള ഒരു പട്ടു സാരി.. വിതറിയിട്ട മഞ്ചാടി മണികൾ..
അതിൽ നിന്നും പാതി ഉടഞ്ഞ ആ വാൽക്കണ്ണാടി പുറത്തെടുത്തു. ചില്ലിനെ മറച്ചു വച്ചിരിക്കുന്ന കറുത്ത പാടുകളിൽ. ഉടഞ്ഞ ചില്ലിൽ അച്ഛമ്മയുടെ മനസ്സ് പിടക്കുന്നുവെന്ന് തോന്നി..
സ്വന്തം മുഖം കണ്ടിട്ട് വർഷങ്ങൾ എത്രയോ…. പെട്ടിയടച്ചു കണ്ണാടി എടുത്തു മുറിയിലെത്തി..
തുണി കൊണ്ടു തുടച്ചു വൃത്തിയാക്കി ആ കണ്ണാടി അച്ഛമ്മയുടെ മുഖത്തിനു നേരെ പിടിച്ചു..
അച്ഛമ്മേ…. ഞാൻ വിളിച്ചു.. അച്ഛമ്മ പ്രയാസപ്പെട്ടു കണ്ണുകൾ തുറന്നു..
പതിയെ.. പതിയെ… തന്റെ മുഖം ആ പൊട്ടിയ കണ്ണാടിയിൽ പതിഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി…
എനിക്ക് കാണാം… ആ ചില്ലുടഞ്ഞ കണ്ണാടിക്കപ്പുറം ബന്ധിക്കപ്പെട്ട ഒരു ജന്മത്തിന്റെ കണ്ണുനീർ..
അര കവിഞ്ഞു കിടക്കുന്ന കറുത്തു ചുരുണ്ട മുടിയും വെളുത്ത നിറവും ചെമ്പകപ്പൂവിന്റെ ഗന്ധവുമായി കത്തിച്ചു വച്ച ഒരു നെയ്യ് വിളക്ക് പോലെയായിരുന്നു അച്ഛമ്മയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്..
കറുത്തു കുറുകിയ കാണാൻ ഒട്ടും സൗന്ദര്യമില്ലാത്ത അച്ചാച്ചനിൽ വെറുപ്പിന്റെ വിത്തുകൾ മുളപ്പിച്ചത് അച്ഛമ്മയുടെ സൗന്ദര്യം തന്നെയായിരുന്നു..
ആരോ പറഞ്ഞ വാക്കുകൾ.. “ശങ്കരന് ചേരില്ല നാരായണി.. നാരായണി കത്തിച്ചു വച്ച നിലവിളക്കല്ലേ.. കാവിലെ ഭഗവതി മാറും..”
മനസ്സിൽ പടർന്നു കയറിയ അസ്വസ്ഥത പിന്നെ എപ്പോഴോ പകയായി മാറി..
ആ പഴയ തറവാടിന്റെ മുകളിലെ ചെറിയ മുറിയിൽ അച്ഛമ്മയുടെ ജീവിതം തളച്ചിട്ടു.
ഒരു സ്ത്രീ ആഗ്രഹിക്കുന്ന എല്ലാം നിഷേധിച്ചു കൊണ്ടായിരുന്നു അച്ചാച്ചൻ പ്രതികാരം ചെയ്ത് കൊണ്ടിരുന്നത്..
ഒരു കർക്കിടകമഴ തിമിർത്ത് പെയ്ത ദിവസം.. അന്നാണ് കണ്മഷി എഴുതാത്ത കണ്ണുകളും ഒഴിഞ്ഞ നെറ്റിത്തടവും തന്റെ പ്രിയപ്പെട്ട വാൽക്കണ്ണാടിയിൽ ഒന്നു നോക്കി പോയത്..
കണ്ണാടിയിൽ അറിയാതെ പോലും ഒന്ന് നോക്കി പോയാൽ അച്ചാച്ചന്റെ മുഖം മാറും.. പരുഷമായ വാക്കുകൾ..
“തിളച്ച വെള്ളം കോരി ഒഴിക്കും മോന്തേല്…” ഒഴിക്കാതെ തന്നെ മുഖം പൊള്ളി പോവും..
നൊമ്പരം കൊണ്ടു കണ്ണുകൾ നിറഞ്ഞു തൂവിയ നിമിഷം… മോഹം കൊണ്ടു കണ്ണാടി എടുത്തു നോക്കി പോയി..
അടുത്ത നിമിഷം ആ കണ്ണാടി തറയിൽ വീണുടഞ്ഞിരുന്നു.. മുന്നിലെ ഭർത്താവിന്റെ ചുവന്ന കണ്ണുകൾക്കിടയിൽ തന്റെ ചോ ര ചിന്തിയ മുഖം കണ്ടു അച്ഛമ്മ ഞെട്ടിയിരിക്കും…
അങ്ങനെ പതിയെ അച്ഛമ്മ എല്ലാം ഉപേക്ഷിച്ചു …കണ്ണെഴുതില്ല. പൊട്ടു തൊടില്ല.. വളകളും മാലകളും വേദനയോടെ ഇരുമ്പ് പെട്ടിയിൽ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചു.
ആഗ്രഹങ്ങൾ… സ്വപ്നങ്ങൾ…നിറം മങ്ങിയ ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിൽ മങ്ങിയ ഒരു നിഴലായി അച്ഛമ്മ മാറി കഴിഞ്ഞിരുന്നു. വെളുത്ത ഒരു മുണ്ടും ബ്ലൗസും.. അതിനുള്ളിൽ അമർന്നു മരിച്ചു മോഹങ്ങളെല്ലാം..
അച്ഛമ്മ പിന്നീട് ഒരിക്കൽ പോലും കണ്ണാടി നോക്കിയിട്ടില്ല.. വീടിനു പുറത്തിറങ്ങാതെ… ആ തറവാട്ടിലെ അടുക്കളയിൽ ഒതുങ്ങി അച്ഛമ്മയുടെ ജീവിതം..
വർഷങ്ങൾ കടന്നു പോയിട്ടും.. അച്ചാച്ചൻ മരിച്ചിട്ടും അച്ഛമ്മ മാറിയില്ല.. അച്ചാച്ചൻ ചാർത്തി കൊടുത്ത പട്ടത്തിനുള്ളിൽ നിന്നും ബന്ധിച്ചു പോയ തടവറയിൽ നിന്നും അച്ഛമ്മ പുറത്തു വന്നില്ല..
തെളിഞ്ഞ ജലത്തിൽ മുഖമൊന്നു തെളിയുമ്പോൾ പരിഭ്രമിച്ചു നോട്ടം മാറ്റി ജലത്തെ ഇളക്കി മാറ്റും.
മുകളിലെ മുറിയിൽ തന്നെ ചേർത്തു പിടിച്ചു കിടത്തി കഥ പറയാൻ തുടങ്ങുമ്പോൾ ഇടക്കൊക്കെ നിശബ്ദമായി പോകുന്ന ആ സ്വരത്തെ ഞാൻ പേടിച്ചിരുന്നു..
“അച്ഛമ്മ ന്താ മിണ്ടാത്തെ…” കുലുക്കി വിളിച്ചാൽ ആ കണ്ണുകളിൽ വല്ലാത്തൊരു ശൂന്യത തോന്നും.. ആ ശൂന്യതയിൽ നിന്നും വീണ്ടും കഥകൾ തുടങ്ങും..
അധികവും അച്ഛമ്മ പറയുക സുന്ദരിയായ രാജകുമാരിമാരുടെ കഥകൾ.. അവരെ വർണ്ണിക്കുമ്പോൾ അച്ഛമ്മയുടെ കണ്ണുകൾ വിടരും..
വെളുത്ത മുഖം ചുവന്നു തുടുക്കും.. നൂറു തേച്ച വെറ്റില ചുവപ്പിലെ ചുണ്ടുകളിൽ പുഞ്ചിരി തെളിയും..
പറഞ്ഞു കേട്ട കഥകളിൽ അച്ഛമ്മ ഒരു ദുഃഖകഥാപാത്രമായിരുന്നു..അച്ഛമ്മക്ക് അച്ഛൻ മാത്രമേ മകനായി ഉണ്ടായിരുന്നുള്ളൂ.. അച്ഛന് അച്ചാച്ചന്റെ രൂപമായിരുന്നു. ഏറെ കുറെ ആ പ്രകൃതവും..
അത് കൊണ്ടായിരിക്കും ഒരു പക്ഷേ ചെറുപ്പം മുതൽ ഞാൻ അച്ഛമ്മയുടെ ചിറകിനടിയിൽ ഒതുങ്ങി പോയത്.. ആ കഥകൾ കേട്ടു ആ മാറിലെ ചൂടിൽ പറ്റിപ്പിടിച്ചു… ഇടയ്ക്കു ..അമ്മൂന്നു നീട്ടിയുള്ള വിളി കേൾക്കാതെ…
എന്തോ നെഞ്ചിലൊരു പിടച്ചിലാണ്.. അച്ഛമ്മ കിടപ്പിലായിട്ട് ആറു മാസം ആവുന്നു.. നിറഞ്ഞ കണ്ണുകളോടെ കൈ ചേർത്ത് പിടിച്ചു പറയും. അമ്മുന്റെ കുട്ട്യേ ഒന്ന് കണ്ടിട്ട്…മോഹം…”
ഒടുവിൽ ഒഴിഞ്ഞ കഴുത്തിലേക്ക് നോട്ടം എത്തി നിൽക്കും. ആ സമയം
നെഞ്ചിലൂടെ തീയാളി തുടങ്ങും..
അഴിച്ചു വച്ച താലി മുറിയിലെ അലമാരയിൽ എവിടെയോ ഉണ്ട്..
രണ്ടു വർഷത്തെ ദാമ്പത്യജീവിതം..
പൊരുത്തക്കേടുകളിൽ ശ്വാസം മുട്ടി പിടഞ്ഞപ്പോൾ… അറിയാതെ ശബ്ദിച്ചു പോയപ്പോൾ ഒരു മടിയും കൂടാതെ അയാൾ പറഞ്ഞു.. നിനക്ക് മടങ്ങാം..
ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. മടങ്ങി…
ഒരു താലി ചരടിൽ ബന്ധിക്കപ്പെട്ട ജീവിതങ്ങളുടെ വേഷങ്ങളാണ് മുന്നിൽ.. അമ്മയുടെ നനവാർന്ന കണ്ണുകൾക്കിടയിലും ഒരു താലിയുടെ മുന കുത്തി കൊള്ളുന്നുണ്ട്..
നാലു ചുമരുകൾക്കുള്ളിൽ നൃത്തം വയ്ക്കുന്ന മോഹങ്ങളെ കണ്ടു ഭയന്നവർ..
നെഞ്ചിലെ മോഹങ്ങളെ വേവിച്ചു അടുക്കളയിലെ പാത്രത്തിലേക്ക് പകർന്നവർ.. ഉച്ചിയിൽ വാരി കെട്ടിയ മുടിയുമായി ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ അമ്മ പിറുപിറുക്കുന്നത് കേൾക്കാം..
“ചോറ് വേവ് പാകമായിരുന്നല്ലോ.. ന്നിട്ടും …”
അച്ഛന്റെ കേട്ടു മടുത്ത പരാതികൾ അമ്മയുടെ സ്വപ്നങ്ങളും ചിന്തകളും ഒക്കെ മാറ്റിയിരിക്കുന്നു.. അടുക്കളയിൽ കൂട്ടി മുട്ടുന്ന പാത്രങ്ങളുടെ സ്വരം… തിളച്ചു മറിയുന്ന. അരിയുടെ വേവ്… കറികളിലെ ഉപ്പിന്റെ..
മുളകിന്റെ അളവ്… മച്ചിൽ പടർന്നു കയറുന്ന മാറാല.. അങ്ങനെ പോകുന്നു സ്വപ്നങ്ങൾ.. അച്ഛമ്മയിൽ അമ്മയിലേക്കുള്ള ദൂരം… താലിയെ ഭയക്കാൻ തുടങ്ങിയത് അന്ന് മുതലായിരിക്കാം..
ഇവിടെ സ്നേഹത്തിന്റെ മുഖം വികൃതമാണ്.. താലിയുടെ അർത്ഥം വിരൂപമാണ്.. അച്ഛമ്മ എന്റെ കണ്ണുകളിൽ നോക്കി.. എന്തൊക്കെയോ അർത്ഥങ്ങൾ..
ചാന്ത് എടുത്തു അച്ഛമ്മയുടെ നെറ്റിയിൽ ഞാനൊരു വലിയ പൊട്ടു തൊട്ടു കൊടുത്തു.. കണ്ണിൽ കണ്മഷി എഴുതി..
ആ ചുണ്ടുകളിൽ തെളിഞ്ഞ ഒരു ചിരി..
ഞാൻ ആ കണ്ണാടി മുഖത്തോട് ചേർത്തു.. ആ കണ്ണുകൾ തിളങ്ങി..
തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ്.. അച്ഛമ്മ പുറത്തേക്കു നോക്കി.. എന്തോ പിറുപിറുത്തു.. പിന്നെ മെല്ലെ മെല്ലെ ആ കണ്ണുകൾ അടഞ്ഞു വന്നു..
ആ മുറിയിലേക്കു കാറ്റ് കൊണ്ട് വന്ന അപരിചിതമായ ഒരു ഗന്ധം..
ഞാൻ മൂക്കു വിടർത്തി പിടിച്ചു.. മരണത്തിന്റെ ഗന്ധം.. അച്ഛമ്മയുടെ തണുത്ത ശരീരത്തിലേക്ക് നോക്കി.. കണ്ണുകളിൽ മഷി പടർന്നു പുറത്തേക്കു ഒലിച്ചിരുന്നു.. ചാന്ത് പൊട്ടിൽ സൂര്യൻ അസ്തമിച്ചു.
ഞാനൊന്നു കരഞ്ഞു. നിറഞ്ഞ കണ്ണുകൾക്കിടയിൽ വീണ്ടും കാഴ്ച്ചകൾ.. അമ്മയുടെ മഷി എഴുതിയ കണ്ണുകൾ.. പൊട്ടിയ വാൽക്കണ്ണാടിയിൽ തെളിയുന്ന ര ക്തം പൊടിഞ്ഞു തുടങ്ങിയ മുഖം..
തണുത്ത ശരീരം.. പിന്നെ അതേ കട്ടിലിൽ ഞാൻ…. തനിച്ച്… വിളറി വെളുത്ത മുഖത്തു പടരുന്ന മരണത്തിന്റെ തണുപ്പിൽ…
മരവിച്ചു… പൊട്ടിയ വാൽക്കണ്ണാടിയിൽ തെളിയുന്ന എന്റെ ശവം.. കണ്ണിൽ കരിമഷി.. നെറ്റിയിൽ ചുവന്ന പൊട്ട്.. ഞാൻ കണ്ണുകളടച്ചു….