പത്മാ വിഡ്ഢിത്തം പുലമ്പാതെ പോവാൻ നോക്കു, ഒന്നിനും കൊള്ളാത്ത എന്നോട്..

പത്മ
(രചന: Medhini Krishnan)

വീണ്ടും കാണുമ്പോൾ… ഒരു നോവ്.. ഒരു വേവ്.. ഈറനായൊരു പൂവ്.. ആത്മാവിൽ പതിഞ്ഞു പഴകിയൊരു നോട്ടം.

ഓർമ്മകളിൽ പത്തിയുയർത്തി എത്തി നോക്കുന്നൊരു പാമ്പിന്റെ കൗതുകം. നനഞ്ഞ ശീൽക്കാരങ്ങൾ.. കാഴ്ചയുടെ മിടിപ്പിൽ ആ പഴയ ഉണർവിന്റെ തുടിപ്പ്..

നനഞ്ഞ കണ്ണുകൾക്കിടയിൽ നിന്നും ഊർന്നിറങ്ങി വരണ്ട ചുണ്ടിൽ ഒരു ചിരിയുടെ അർദ്ധതാളം. പാതിയിൽ മടങ്ങിയ അയാളുടെ ചോദ്യം…

“നീയിപ്പോഴും…?”

അവൾ…

പ്രാണന്റെ മുടിപിന്നലുകളിൽ വാടാതെ സൂക്ഷിച്ചൊരു പ്രണയത്തിന്റെ
ഈറനായൊരു വയലറ്റ് പൂവ് അടർത്തിയെടുത്തു. വെളുത്ത നീണ്ട വിരൽത്തുമ്പുകളിൽ പരാഗരേണുക്കൾ..
വിറയാർന്നൊരു സ്വരം..

“ഞാനിപ്പോഴും… ആ പൂവ്.. വാടിയില്ല.. കരിഞ്ഞില്ല.. അഴുകിയില്ല… എന്തോ.. ഞാനിപ്പോഴും നിന്നിൽ തന്നെ…” അയാളൊന്നു വിതുമ്പി..

“ഞാനെന്തിനായിരുന്നു നിന്നെ..”
ചോദ്യങ്ങളിൽ ഉത്തരങ്ങളിൽ ഉപ്പു രസമുള്ള ഒരു കാറ്റിന്റെ കെട്ടഴിഞ്ഞു വീണു.

മൗനത്തിനുള്ളിൽ നിശബ്ദമായൊരു മഴ മരിച്ചു വീണു.

ഇനി…?

സ്വപ്‌നങ്ങളിൽ നുരഞ്ഞു പതഞ്ഞൊഴുകിയൊരു ചുംബനത്തിന്റെ സ്മൃതി.. നനഞ്ഞ ചുണ്ടുകളിൽ വീഞ്ഞിന്റെ ലഹരി..

“നീയില്ലാതെ വയ്യാ…” അയാളുടെ ഇടറിയ സ്വരം.. ആ ശ്വാസത്തിൽ മുങ്ങി നിവർന്നൊരു ചിലമ്പിച്ച മറുമൊഴി

“എനിക്കും..നീയില്ലാതെ വയ്യാ!!!”..

അവസാന വരിയും എഴുതി കഴിഞ്ഞ ശേഷം പത്മ മിഴികളുയർത്തി ഗിരിശങ്കറിനെ നോക്കി. ആ മുഖം വല്ലാതെ ശാന്തമായിരുന്നു. കണ്ണുകൾ അലയൊടുങ്ങിയ കടൽ പോലെ.

“ഇനി…?” പത്മ ചോദ്യഭാവത്തിൽ അയാളെ നോക്കി.

“ഇത്രയും മതി. ഈ നോവൽ അവസാനിച്ചു. അവസാനവരിയും എഴുതി കഴിഞ്ഞിരിക്കുന്നു. ഇനി… എന്തെങ്കിലും ചേർക്കുക.. വേണ്ടാ ആവശ്യമില്ല.

പത്മാ.. നിനക്ക് ഇത് പൂർണ്ണമായി എന്ന് തന്നെയല്ലേ തോന്നുന്നത്. അവർ ഒരുമിച്ചു.. ഇനിയൊരിക്കലും പിരിയാനാവാത്ത വിധം.. അല്ലേ..?”

പത്മ എഴുതിയ അവസാന വരികൾ ഒന്ന് ഉറക്കെ വായിച്ചു. “നീയില്ലാതെ വയ്യാ..”
ഗിരി പറഞ്ഞത് ശരിയാണ്. പൂർണ്ണമായി. ഇനി ഒന്നും വേണ്ടാ..”

പത്മ ഒരു നിമിഷം മുഖം കുനിച്ചിരുന്നു. പിന്നെ പിറുപിറുക്കുന്നത് പോലെ പറഞ്ഞു. “എന്റെ.. എന്റെ ജോലി കഴിഞ്ഞു അല്ലേ..”

“ഇല്ല.. നീ അതൊന്ന് എന്നെ വായിച്ചു കേൾപ്പിക്കണം. മൊത്തം ഇരുപത്തിയഞ്ചു അദ്ധ്യായങ്ങൾ.. ആദ്യം തൊട്ട് വായിച്ചു കേൾപ്പിക്കണം. ഓരോ വരിയും.

ജീവച്ഛവമായി കിടക്കുന്ന ഒരാളുടെ ഹൃദയത്തിൽ നിന്നും പിറവിയെടുത്ത അക്ഷരങ്ങളാണ്. ആത്മാവ് തൊട്ടറിഞ്ഞ ആനന്ദമാണ്..

നിനക്കറിയാലോ പത്മാ.. ആറു വർഷമായി ഞാൻ ഈ കട്ടിലിൽ ഈ കിടപ്പ് തുടങ്ങിയിട്ട്. അന്നത്തെ ആ ബൈക്ക് ആക്‌സിഡന്റ്.. മരണമായിരുന്നു ഭേദമെന്ന് എത്രയോ വട്ടം ചിന്തിച്ചിരിക്കുന്നു.

സഹതാപമുനകളാണ് ശരം പോലെ മനസ്സിൽ തറഞ്ഞു കൊണ്ടിരുന്നത്.. മുപ്പതു വയസ്സായ യുവാവിനു ജീവിതത്തിൽ സംഭവിക്കാവുന്ന ദുരന്തം.

എല്ലാവരിൽ നിന്നും രക്ഷപ്പെടാനും കൂടിയാണ് നിർബന്ധം പിടിച്ചു ഇവിടെ ഈ കാട്ടുമുക്കിൽ വാടകവീട്ടിൽ ഇങ്ങനെ..

എനിക്ക് സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ. തല അനക്കാൻ പറ്റുന്നുണ്ട്. അതിനു ദൈവത്തിനോട് നന്ദി പറഞ്ഞു കൊണ്ടാണ് രണ്ടാം ജന്മം ആരംഭിച്ചത്.

പഠിക്കുന്ന കാലത്തൊക്കെ ഞാൻ ചെറുതായി എഴുതുമായിരുന്നു. പിന്നെ പിന്നെ അതൊക്കെ വിട്ടു. കഴിഞ്ഞ വർഷമാണ് ഇവിടെ എത്തിയപ്പോൾ മനസ്സിലേക്കങ്ങനെ ഈ കഥയുടെ കരട് മനസ്സിൽ തങ്ങി നിന്നത്.

പിന്നെ അത് കാഴ്ചകളിലും ചിന്തകളിലും എല്ലാം പടർന്നു.. എങ്ങനെയെങ്കിലും അതൊന്നു പകർത്തി കിട്ടണമെന്ന് മാത്രമായി ആഗ്രഹം. കൈ ഒന്ന് ചലിപ്പിക്കാൻ പോലും പറ്റാത്തവന്റെ അത്യാഗ്രഹം.

ആ കഥ പ്രാണനിൽ കുത്തി നോവിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് തോന്നിയത്. അത് ആരെ കൊണ്ടെങ്കിലും പകർത്തി എഴുതിയാൽ പോരെ എന്ന്. അങ്ങനെയാണ് പത്മ.. എന്റെ വീട്ടിൽ വരുന്നത്.

കൂടെ താമസിച്ചു കൊണ്ട് ഞാൻ പറയുന്നത് പകർത്തി എഴുതാൻ ഒരാളെ കിട്ടുക പ്രയാസമായിരുന്നു. ഒരു നിഴൽ പോലെ എന്റെ കൂടെ ഇത്രയും നാളും നിന്ന അരവിന്ദ് തന്നെയാണ് നിന്നെ ഇവിടെ എത്തിച്ചത്.. ഓർമ്മയില്ലേ നിനക്ക്.. ആദ്യം ആയി ഇവിടെ വന്നത്.. ”

അവൾ തല കുനിച്ചിരുന്നു അയാൾ പറയുന്നത് മുഴുവൻ കേട്ടു. പതിയെ തലയാട്ടി. ഓർമ്മയുടെ കയ്പ് നീർ മനസ്സിൽ ഒലിച്ചിറങ്ങി. മിഴികൾ കഴച്ചു. വീട്ടിലെ ബുദ്ധിമുട്ട് കാരണം പഠിപ്പ് നിർത്തി.

പിന്നെ അച്ഛന്റെ അകന്ന ഒരു ബന്ധു തളർന്നു കിടപ്പായപ്പോൾ അവരെ നോക്കാൻ ആളെ ആവശ്യമുണ്ടെന്നു പറഞ്ഞപ്പോൾ സ്വന്തം ഇഷ്ടത്തിനാണ് ആ ജോലി ഏറ്റെടുത്തു ചെയ്തത്.

പിന്നെ പിന്നെ ജീവിതത്തിൽ അതൊരു ജോലിയായി മാറി. നല്ലൊരു വരുമാനമാർഗ്ഗവും. ഒരു പ്രാണന്റെ മിടിപ്പ് മാത്രം അവശേഷിപ്പിച്ചു കൊണ്ട് കണ്ണു തുറന്നു കിടക്കുന്ന എത്രയോ പേർ. ഓരോ മുഖങ്ങളും മനസ്സിൽ നിന്നും മായ്ച്ചു കളയാൻ പെടുന്ന പാട്..

ഈ മുപ്പതു വയസ്സിനുള്ളിൽ തന്റെ ഈ കൈ കൊണ്ട് താങ്ങി നിർത്തിയവർ.. ഓരോ വാക്കുകൾ കൊണ്ടും സ്നേഹം മാത്രം കുടഞ്ഞിടുമ്പോൾ പ്രതീക്ഷയാണ്..

അവർ ജീവിതത്തിലേക്ക് തിരിച്ചു വരും. പക്ഷേ.. ഒരിക്കലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. രണ്ട് അനിയത്തിമാരുടെ വിവാഹം കഴിഞ്ഞു. വീട് കുറച്ചു നന്നായി പുതുക്കി പണിതു. അത്രയും തന്നെ. തന്റെ ജീവിതം..

ഇങ്ങനെയൊരു ജോലിക്ക് പോവുന്നവരെ കൂടെ കൂട്ടാൻ ആരും മനസ്സും കാണിച്ചില്ല..

വീട്ടിലും അത്രക്കൊന്നും താൽപ്പര്യം ആരും കാണിച്ചില്ല എന്നതായിരുന്നു സത്യം. അങ്ങനെയിരിക്കുമ്പോഴാണ് ഒരു സുഹൃത്ത്‌ വഴി ഇങ്ങനെയൊരു ജോലി കാര്യം അറിയുന്നത്.

വീട്ടിൽ താമസിച്ചു കഥ എഴുതി കൊടുക്കാൻ ആളെ ആവശ്യമുണ്ടെന്നു പറഞ്ഞപ്പോൾ ആദ്യം അത്രയും താൽപ്പര്യം തോന്നിയില്ല. തളർന്നു കിടക്കുന്ന ആളാണ് കഥ പറയുന്നത് എന്നറിഞ്ഞപ്പോൾ ഒരു കൗതുകം തോന്നി.

അങ്ങനെയാണ് ആറു മാസം മുൻപ് ഒരു തിങ്കളാഴ്ച ഈ പടി കയറി വരുന്നത്.

ഞാവൽ മരങ്ങൾക്കിടയിൽ വളരെ മനോഹരമായ ചെറിയ വീട്. ആദ്യം കാണുമ്പോൾ ഗിരിശങ്കർ കണ്ണടച്ച് കിടക്കുകയായിരുന്നു. മനോഹരമായ മുഖം. തളർന്ന ആ ശരീരം.

ഉള്ളിലെവിടെയോ ഒരു പൊട്ടൽ. കണ്ണുകളിൽ നീറ്റൽ. നോക്കി നിൽക്കെ അയാൾ കണ്ണു തുറന്നു തന്നെ നോക്കി. ചിരിച്ചു. ആ കണ്ണുകൾക്ക് വല്ലാത്തൊരു പ്രത്യകത..

തളർന്നു കിടക്കുന്നവന്റെ ക്ഷീണം മുഖത്തില്ല. പത്മാ… തന്റെ പേര് നീട്ടി വിളിച്ചു. ഹൃദയത്തിലെവിടെയോ അടങ്ങി കിടന്നിരുന്ന ഒരു സ്വപ്നം പൊടി തട്ടി പുറത്തു വന്നത് പോലെ. ഉള്ളിലിരുന്നു ആരോ വിളി കേട്ടത് പോലെ..

ശമ്പളമായി ഒരു തുക നിശ്ചയിച്ചത് ഗിരി തന്നെയാണ്. സാർ എന്ന് വിളിച്ചപ്പോൾ ഗിരിയെന്ന് വിളിക്കാൻ പറഞ്ഞു. അവിടെ ഗിരിയെ നോക്കാൻ വാസൂട്ടൻ എന്നൊരാളുണ്ടായിരുന്നു.

ഭക്ഷണമുണ്ടാക്കുന്നതും വീട് വൃത്തിയാക്കുന്നതും ഗിരിയെ നോക്കുന്നതും എല്ലാം വാസൂട്ടൻ തന്നെയായിരുന്നു. മുറുകിയ ഷർട്ടും ഇറക്കം കുറഞ്ഞ പാന്റും സ്ത്രീകളെ പോലെയുള്ള അയാളുടെ നടപ്പും സംസാരവും..

ആദ്യമൊക്കെ പ്രയാസം തോന്നി. പിന്നെ മനസിലായി. ദൈവത്തിന്റെ ഒരു വികൃതി ആ മനുഷ്യനും. പക്ഷേ അയാൾക്ക് സ്നേഹിക്കാൻ അറിയാം. ഗിരിയുടെ മുഖമൊന്നു വാടിയാൽ പോലും വാസൂട്ടൻ അത് അറിയും.

തന്നോടും അതേ സ്നേഹം. പത്മകുട്ട്യേ എന്ന് നീട്ടിയൊരു വിളി മനസ്സ് നിറയും. തന്റെ വീട്ടിൽ നിന്നും കിട്ടാത്ത സ്നേഹത്തിന്റെ ഭാഷ.. അവർക്ക് മനസ്സിലാവുമായിരുന്നത് പണത്തിന്റെ ഭാഷ ആയിരുന്നല്ലോ..

പതിയെ അവർക്കിടയിൽ താനും നിറഞ്ഞ് നിന്നു. ഗിരിക്ക് ഭക്ഷണം കൊടുക്കുന്നതും വൃത്തിയാക്കുന്നതും എല്ലാം താനായി മാറി.

ഗിരി വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധപൂർവ്വം തന്നെ അതെല്ലാം ചെയ്തു. ഗിരിക്കും അത് ഇഷ്ടമായിരുന്നുവെന്ന് തോന്നി.

കഥ എഴുതുന്നതിനിടയിൽ ഗിരിയുടെ പഴയ കഥകളും പറയും. ചെറുപ്പത്തിലേ അച്ഛൻ മരിച്ചതും പിന്നീട് ആക്‌സിഡന്റ് പറ്റി കിടക്കുന്ന സമയത്തുള്ള അമ്മയുടെ മരണവും..സ്നേഹിച്ച പെൺകുട്ടി ഉപേക്ഷിച്ചു പോയതും..
ജീവിതത്തിൽ തനിച്ചായതും എല്ലാം..

“പത്മാ…” ഗിരി നീട്ടി വിളിച്ചപ്പോൾ ചിന്തയിൽ നിന്നും ഉണർന്നു.

“പത്മാ.. അതൊന്നു വായിക്കു.. ആദ്യം മുതൽ..” ഗിരി ആവശ്യപ്പെട്ടു.

പത്മ എഴുന്നേറ്റു. എഴുതിയ കടലാസ്സുകൾ അടുക്കി എടുത്തു. പിന്നെ പതിയെ താളത്തിൽ വായിക്കാൻ തുടങ്ങി.

വാസൂട്ടൻ കട്ടിലിനു താഴെ ഗിരിയുടെ കാല് മെല്ലെ തടവി കൊണ്ടു അവൾ വായിക്കുന്നത് കേട്ടിരുന്നു. പുറത്തു മഴയുടെ താളം. ഗിരിക്ക് വേണ്ടി തുറന്നിട്ടിരുന്ന ജനാലക്കരുകിൽ മഴത്തുള്ളികൾ പതിഞ്ഞു.

അയാൾക്ക് കാണാൻ വേണ്ടി മാത്രം ഒരുക്കിയ ജനാലക്കപ്പുറത്തെ പൂന്തോട്ടത്തിൽ പൂക്കൾ നനഞ്ഞു. അതിൽ ഭംഗിയുള്ള ഒരു വയലറ്റ് പൂവ്. അവളുടെ ഹൃദയം നനഞ്ഞു. ആത്മാവ് പിടഞ്ഞു.

വരികളിൽ പ്രണയത്തിന്റെ മാസ്മരികതയിൽ ഒരു മായാലോകത്തിന്റെ പടി വാതിൽക്കൽ അവളൊരു നിമിഷം നിന്നു. പ്രിയപ്പെട്ടവന്റെ ഹൃദയത്തിലേക്കുള്ള വഴി തിരഞ്ഞു. അക്ഷരങ്ങളിൽ മറഞ്ഞു കിടന്ന തന്റെ മനസ്സ്..

“പത്മാ..” ഗിരിയുടെ സ്വരം.

ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. താൻ കഥ മുഴുവൻ വായിച്ചു കഴിഞ്ഞിരിക്കുന്നു. ഒരിക്കൽ കൂടെ അവൾ പിറുപിറുത്തു..

“നീയില്ലാതെ വയ്യാ..”

കടലാസ്സുകൾ മടക്കി വച്ചു പത്മ എഴുന്നേറ്റു. ഒഴുകാത്ത കണ്ണുനീർ കണ്ണിനെ കുത്തി നോവിക്കും പോലെ.. ഒന്ന് കരയാൻ തോന്നി.

“പത്മാ.. നിനക്ക് ഞാൻ ഇനിയെന്താ തരിക.. എനിക്ക് അത്രയും സന്തോഷം. എന്റെ ജീവിതത്തിൽ ഞാൻ എന്തോ നേടിയത് പോലെ. ഞാൻ ഒരു നോവൽ എഴുതി തീർത്തിരിക്കുന്നു. നിനക്ക് എന്തു തന്നാലും മതിയാവില്ല പത്മാ..”

പത്മ മറുപടി പറഞ്ഞില്ല. ഇന്ന് ഇവിടെ തന്റെ അവസാനദിവസമാണ്. അത് മാത്രം അവൾ ഓർത്തു.

പത്മാ.. അധികം വൈകാൻ നിൽക്കണ്ട. വാസൂട്ടി ബസ്സ്റ്റാൻഡിൽ കൊണ്ട് പോയ്‌ വിടും. എല്ലാം എടുത്തു വച്ചോളു.

അവൾ മറുപടി പറയാതെ അകത്തേക്ക് പോയി. കുളിമുറിയിൽ കയറി നിന്ന് ഒന്ന് കരഞ്ഞു. എന്തിനെന്നു ചോദിച്ചാൽ ഉത്തരമില്ല. എന്തോ ഒന്ന് തന്നെ ഇവിടെ..
എന്തോ നഷ്ടപ്പെടുന്ന പോലെ..

മുഖം കഴുകി പുറത്തേക്കിറങ്ങി. സാധനങ്ങൾ എടുത്തു വച്ചു. ഗിരി വാസൂട്ടിയോട് പറഞ്ഞു വാങ്ങിപ്പിച്ചു തന്ന സാരികൾ. “പത്മക്കു ചുവപ്പ് നന്നായി ചേരും.

പത്മയുടെ മിനുസമുള്ള നീണ്ട മുടിയിഴകൾ തന്നെയാണ് എന്റെ കഥയിലെ നായികക്കും. പത്മയുടെ കണ്ണുകൾ.. എപ്പോഴും എന്തോ സ്വപ്നം കാണുന്നത് പോലെ..

പത്മ സുന്ദരിയാണ്.. നല്ലൊരാളെ തുണയായി കിട്ടും.”

എഴുതാൻ ഇരിക്കുമ്പോൾ ഇടക്കൊക്കെ ഗിരി പറയാറുള്ള വാക്കുകൾ. കണ്ണാടി നോക്കാൻ ഇഷ്ടമില്ലാത്ത താൻ കണ്ണാടി നോക്കി. ചുവന്ന വലിയ പൊട്ട് തൊട്ടു. മിനുസമുള്ള നീണ്ട മുടി അഴിച്ചിട്ടു.

ഹൃദയത്തിൽ തളച്ചിട്ടിരുന്ന ആ വികാരം പ്രണയം.. എല്ലാ കെട്ടുകളും പൊട്ടിച്ചങ്ങനെ..പക്ഷേ..

എല്ലാം കെട്ടിപ്പെറുക്കി പത്മ അയാൾക്ക് മുന്നിൽ തല കുനിച്ചു നിന്നു.

“വാസൂട്ടി ആ കവർ പത്മക്കു കൊടുക്ക്‌..” ഗിരി പറഞ്ഞു. വാസൂട്ടി ഒരു വെളുത്ത കവർ അവൾക്ക് നേരെ നീട്ടി. പത്മ അത് വാങ്ങിയില്ല. അവൾ ഗിരിയുടെ കണ്ണുകളിലേക്ക് നോക്കി. ആ മുഖം മങ്ങിയിരിക്കുന്നുവെന്ന് തോന്നി.

“നിനക്ക്.. ഇനി എന്താ വേണ്ടത്. പറയാൻ മടിക്കണ്ട.”

ആ സ്വരത്തിൽ ഒരു ഇടർച്ച അവൾക്കനുഭവപ്പെട്ടു. ഒരു നിമിഷം. അവൾ ഗിരിയുടെ കട്ടിലിൽ ഇരുന്നു. ആ തണുത്ത കരങ്ങൾ കൈകളിൽ പിടിച്ചു മെല്ലെ നെഞ്ചോട് ചേർത്തു.

“പറ്റുമെങ്കിൽ എനിക്കൊരു ജീവിതം തരിക. അവിടുത്തെ ഭാര്യയാവാനുള്ള അനുവാദം നൽകുക. ജീവിത
കാലം മുഴുവൻ ഗിരിയെ നോക്കാനുള്ള അവസരം തരിക.

ഈ കഴുത്തിൽ ഒരു താലി… തളർന്നു കിടക്കുന്ന ഒരാളോടുള്ള സഹതാപം കൊണ്ടല്ല. പൂർണ്ണമായും ഗിരിയോടുള്ള ഇഷ്ടം കൊണ്ടാണ്…”

ഗിരി പതറി. വിശ്വസിക്കാനാവാത്തത് എന്തോ കേട്ടത് പോലെ. വാസൂട്ടി അമ്പരപ്പോടെ അവളെ നോക്കി.

ഗിരി തല കുടഞ്ഞു. ചുണ്ടുകളിൽ വിളറിയ ചിരി.

“പത്മാ.. വിഡ്ഢിത്തം പുലമ്പാതെ പോവാൻ നോക്കു. ഒന്നിനും കൊള്ളാത്ത എന്നോട് പ്രണയം. നിനക്ക് ന്താ വട്ടുണ്ടോ..”

അവൾക്ക് ഭാവഭേദമുണ്ടായില്ല.
പുറത്തെ നനഞ്ഞ ആ വയലറ്റ് പൂവിന്റെ മിഴികളിലേക്ക് അവൾ നോക്കിയിരുന്നു.
പിന്നെ പിറുപിറുത്തു.

“നീയില്ലാതെ വയ്യാ..”

ഗിരി ഞെട്ടി. അയാൾപരിഭ്രമത്തോടെ വാസൂട്ടിയെ വിളിച്ചു.

“വാസൂട്ടി പത്മയെ കൊണ്ട് വിട്ടിട്ട് വരൂ..”

വാസൂട്ടി ഒന്ന് മടിച്ചു.” ഗിരി… ആ കുട്ടി പാവം..”

വാസൂട്ടിയോട് കൊണ്ടു വിടാൻ പറഞ്ഞില്ലേ.. പത്മ.. പോവാൻ നോക്കു. ഇവിടുത്തെ പണി കഴിഞ്ഞു. അതിനുള്ള പൈസയും തന്നു.

പരുഷമായ ആ വാക്കുകൾ കേട്ട് പത്മ തളർന്നു. ആ മുഖം തന്നിൽ നിന്നും തിരിച്ചിരിക്കുന്നു. ആ ഹൃദയവും.
പത്മ മെല്ലെ എഴുന്നേറ്റു. നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ചു.

ഒരിക്കൽ കൂടെ മൃദുലമായി ഉച്ചരിച്ചു. “നീയില്ലാതെ വയ്യാ..”

അയാൾക്ക്‌ പൊള്ളി.

അവൾ ബാഗെടുത്തു പുറത്തേക്കിറങ്ങി. ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി.. ആ മുഖം തന്നെ നോക്കാതെ.. പത്മ മഴയത്തിറങ്ങി നടന്നു.

ഗിരി… അയാൾ മുഖം തിരിച്ചു കരയുകയായിരുന്നു. പല്ലുകൾ കടിച്ചു പിടിച്ചു. ഒന്നിനും പറ്റാതെ…ചുണ്ടുകൾ വിതുമ്പി..

പ്രിയപ്പെട്ട എന്തോ ഒന്ന് തന്നെ വിട്ട്… അകന്നകന്നു പോവുന്നൊരു തേങ്ങൽ..

പത്മാ.. എനിക്ക് നിന്നെ എത്രമാത്രം ഇഷ്ടമായിരുന്നു. പക്ഷേ ഒന്നിനും കഴിവില്ലാത്ത ഞാൻ..

അയാൾ കണ്ണുകളടച്ചു കിടന്നു. കാഴ്ചകളിൽ ഒരു നനഞ്ഞ ചിരി തെളിഞ്ഞു. ചുവന്ന പൊട്ട്.. കൈയിലെ വളകളുടെ കിലുക്കം. ഗിരി… ആ വിളി.. സ്നേഹമുള്ള വാക്കുകൾ..

“ഗിരി നോക്കിക്കോളൂ.. അങ്ങനെയിരിക്കേ ഒരു ദിവസം ഗിരി പതുക്കെ പതുക്കെ കൈ അനക്കാൻ തുടങ്ങും. കാലുകൾ ചലിക്കും. എഴുന്നേറ്റിരിക്കും. ഗിരി നടക്കാൻ തുടങ്ങും..”

അവളങ്ങനെ പറഞ്ഞു കൊണ്ടിരിക്കെ തോന്നും താൻ എഴുന്നേറ്റു നടക്കുകയാണ്. അവളുടെ അടുത്ത് പതിയെ ചെന്നു നിന്ന് ആ മുഖം കൈകളിലെടുത്തു ചുണ്ടുകളിൽ ചുംബിക്കുകയാണ്.. അവളുടെ മിനുസമുള്ള മുടിയിഴകൾ തന്റെ മുഖത്ത്..

പുറത്തു കാറിന്റെ സ്വരം കേട്ടു. വാസൂട്ടി മടങ്ങി വന്നു.

കണ്ണുകൾ അടച്ചു വച്ചു.

“ആ കുട്ടിക്ക് നല്ലോം സങ്കടണ്ട്.. കരയാരുന്നു.” വാസൂട്ടി പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. മൂർച്ചയുള്ള രണ്ടു കണ്ണുകൾ ഹൃദയത്തിൽ തറഞ്ഞിരിക്കുന്നു. അതങ്ങനെ കുത്തി കുത്തി..

നാളുകൾ കഴിഞ്ഞു..മറവികളിൽ അയാൾ അവളായി മാറി കഴിഞ്ഞിരുന്നു. എത്ര ശ്രമിച്ചിട്ടും അടർത്തി മാറ്റാൻ കഴിയാതെ കൃഷ്ണമണികളിൽ അള്ളിപ്പിടിച്ച്..

ആ ചിരി.. സ്വരം.. സാമീപ്യം.. സ്പർശം.. ഭ്രാന്ത് പിടിക്കുന്നത് പോലെ.. സ്വരം തളർന്നു. കാഴ്ച മങ്ങി. ഒന്നിനുമാവാതെ.. ഇടയ്ക്കു അരവിന്ദ് വന്നു പുസ്തകം പബ്ലിഷ് ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞപ്പോഴും താൽപ്പര്യം തോന്നിയില്ല.

“ന്ത് കോലമാടാ നിന്റെ..” അരവിന്ദിന്റെ സ്വരത്തിൽ സങ്കടം. ഒന്നും പറഞ്ഞില്ല.
ഉള്ളിൽ എന്തോ ഉടഞ്ഞു ചിതറി കിടക്കുന്നു. സ്വസ്ഥതയില്ലാത്ത ആ വാക്കുകൾ..

“നീയില്ലാതെ വയ്യാ..”

അന്ന് ഡിസംബറിലെ മഞ്ഞു പെയ്യുന്ന പ്രഭാതം. ജനാലക്കരുകിൽ പടർന്നു പിടിച്ച ആ വള്ളിയിൽ നിറയെ വയലറ്റ് പൂക്കൾ. അയാളുടെ മിഴികൾ വിടർന്നു. അവൾക്ക് വയലറ്റ് പൂക്കളോട് എത്ര മാത്രം പ്രിയമായിരുന്നു.

ആ കഥയിൽ അവളുടെ ഇഷ്ടപ്രകാരമായിരുന്നു നനഞ്ഞ വയലറ്റ് പൂക്കളെ എഴുതിയത്. പ്രണയിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് പോലെ.. അത്രമേൽ മനോഹരമാണെത്രെ ഓരോ വയലറ്റ് പൂക്കളുടെയും സ്വപ്നം.. അവളുടെ തത്വം.

അയാളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു. ഹൃദയത്തിൽ തല്ലിയലച്ചു
വീണൊരു വയലറ്റ് പൂവ്..

അയാൾ വാസൂട്ടിയെ വിളിച്ചു. “പത്മയെ വിളിക്കണം. ഒരു കഥ കൂടെ എഴുതാനുണ്ട്..”

വാസൂട്ടി സംശയിച്ചു. പതിയെ ആ മുഖം വിടർന്നു. “ആ കുട്ടി വരോ..”

വരും… ഗിരിയുടെ സ്വരം ഉറച്ചതായിരുന്നു.

ഡിസംബറിലെ മഞ്ഞിന്റെ തണുപ്പിലേക്ക് വീണ്ടും വയലറ്റ് പൂക്കൾ വിരിഞ്ഞു കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ഗിരിക്ക് അസ്വസ്ഥതയേറി. പത്മ വരില്ലേ.. നേരിട്ട് വിളിക്കണമെന്നുണ്ട്. പക്ഷേ എന്തോ ഒരു മടി..

പകലിന്റെ നീളമേറിയ കൈകളിൽ രാത്രി രാക്ഷസനെ പോലെ.. കാത്തിരിപ്പിൽ നനഞ്ഞ പക്ഷികൾ ചിറകടിച്ചു കരഞ്ഞു.

അന്ന് ഡിസംബറിലെ മഞ്ഞു പെയ്തു നനഞ്ഞ രാത്രി.. തുറന്ന വാതിൽപ്പാളിക്കിപ്പുറം പരിചിതമായൊരു ഗന്ധത്തിന്റെ പരിഭ്രമത്തിൽ ഗിരി കണ്ണുകൾ വലിച്ചു തുറന്നു.

തനിക്കരുകിൽ പത്മ. ആ മുഖം വാടിയിരിക്കുന്നു. കണ്ണുകൾക്ക്‌ താഴെ കറുപ്പ്.. പാറിപ്പറന്ന മുടിയിഴകൾ.. നനഞ്ഞു കുതിർന്ന ഒരു പൂവ് പോലെ അവൾ..ഒന്ന് എഴുന്നേറ്റു അവളെ കെട്ടിപ്പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. നിസ്സഹായവസ്ഥയിൽ ഉള്ളൊന്നു പിടഞ്ഞു.

അവൾ പതിയെ അയാളുടെ കാൽചുവട്ടിൽ ഇരുന്നു.

“നിനക്ക് സുഖാണോ പത്മാ..” അയാൾ മനസ്സ് നൊന്തു ചോദിച്ചു. അവൾ ആ പാദങ്ങളിൽ മെല്ലെ തടവി. ആ വിരലുകളുടെ സ്പർശനം തനിക്ക് അറിയാതെ പോകുന്നല്ലോ..

ഉയർന്നു വന്ന സങ്കടം അമർത്തി അയാൾ ചോദിച്ചു. “നിനക്ക്.. നിനക്ക് ഇപ്പോഴും എന്നെ ഇഷ്ടാണോ പത്മാ..”

അവൾ മറുപടി പറഞ്ഞില്ല. ആ പാദങ്ങളിൽ മുഖമമർത്തി കരഞ്ഞു. പാദങ്ങൾക്ക് അറിയാത്ത ആ കണ്ണുനീരിന്റെ നനവ് അയാളുടെ ഹൃദയം ചുമന്നു. നിറഞ്ഞൊഴുകിയ കണ്ണുകൾ.

“പത്മാ.. എനിക്കൊരു കഥ കൂടി എഴുതി തരണം. ഈ കഥക്ക് ഞാൻ പ്രതിഫലം തരില്ല. എന്റെ ഈ ജന്മം തന്നെയാണ് നിനക്കുള്ള പ്രതിഫലം. എഴുതാൻ പറ്റോ പത്മാ..എന്റെയും നിന്റെയും കഥ.. ”

അവൾ ഞെട്ടലോടെ മുഖമുയർത്തി.
നനഞ്ഞ മിഴികളുമായി അവൾ അയാളുടെ ചുണ്ടുകളിൽ ചുംബിച്ചു. കവിളിൽ മുഖം ചേർത്തു.
നീയില്ലാതെ വയ്യാ.. അവൾ തേങ്ങിക്കരഞ്ഞു.

അയാളുടെ ഹൃദയം പ്രണയത്താൽ നനഞ്ഞു. തന്റെ നെഞ്ചിൽ മുഖം ചേർത്തു വച്ച് പത്മാ.. “ക്ക് നിന്നെ എന്നെങ്കിലും ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റോ.” അയാൾ വിങ്ങലോടെ ചോദിച്ചു.

പറ്റും.. അവളുടെ സ്വരത്തിനു പ്രണയത്തിന്റെ പ്രാണനുണ്ടായിരുന്നു.
“നീ എഴുതിക്കോ.. ഞാൻ പറയട്ടെ..ആദ്യവരി..”

അവൾ കണ്ണുകൾ തുടച്ചു. ആ മുഖം പ്രസന്നമായിരുന്നു. നിലാവിൽ വിരിഞ്ഞ നിശാഗന്ധി പോലെ. അവൾ ഒരു കടലാസ്സും പേനയും എടുത്തു. അയാൾ പറഞ്ഞു തുടങ്ങി.

“ഡിസംബറിലെ ഈ മഞ്ഞു പെയ്യുന്ന രാത്രിയിൽ എന്റെ ജനലരുകിൽ വിരിഞ്ഞു നിൽക്കുന്ന വയലറ്റ് പൂക്കളുടെ ഈറനായ മിഴികളെ സാക്ഷി നിർത്തി ഞാൻ പറയട്ടെ..

പത്മാ… ഞാൻ നിന്നെ പ്രണയിക്കുന്നു.. നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.”

തിരിച്ചു കിട്ടിയ ജീവിതത്തിന്റെ പ്രാണൻ മുഴുവൻ ആ വാക്കുകൾ പത്മ തിരിച്ചറിഞ്ഞു.

“കഥയുടെ പേര് പത്മ..” അയാൾ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളൊന്നു അയാളുടെ കണ്ണുകളിലേക്ക് നോക്കി. ആ പ്രാണനെ ആവാഹിച്ചു ആത്മാവിൽ കുടിയിരുത്തി ഹൃദയത്തിൽ തൊട്ട് ചുണ്ടിൽ വിടർന്ന ചിരിയോടെ അവൾ എഴുതി..കഥയുടെ പേര്..

Leave a Reply

Your email address will not be published. Required fields are marked *