ഇട്ടവേഷം അവൾ ഒട്ടും മാറ്റാനും പോവുന്നില്ല എന്നോർത്തപ്പോൾ എൻ്റെ വന്ന അരിശം..

സ്നേഹപ്പൂക്കൾ
(രചന: Megha Mayuri)

“നിത്യേ… വേഗം ഒന്നൊരുങ്ങി വാ….. എനിക്ക് നിന്നെ ഗീതാൻറിയുടെ വീട്ടിലാക്കി വേണം ഷോപ്പിലേക്കുള്ള സാധനങ്ങളെടുക്കാൻ പോകാൻ…

ഉച്ചയ്ക്ക് ഊണിനുള്ള സമയത്ത് ഞാനെത്താം….. ഗിഫ്റ്റ് പിന്നെ ഇന്നലെ തന്നെ വാങ്ങിച്ചിട്ടുണ്ടല്ലോ… ഒന്നു വേഗം വാ…”

കുളിച്ചിറങ്ങി വന്ന നിത്യയോടെന്ന പോലെ ഞാൻ കണ്ണാടിയിൽ കണ്ട പ്രതിബിംബത്തെ നോക്കി അക്ഷമനായി…

” രാവിലത്തെ പണികളൊക്കെ കഴിഞ്ഞ് ഞാൻ കുളിക്കാൻ കയറിയതേ ഉള്ളൂ… ഇപ്പോ റെഡിയായി വരാം… ഉണ്ണിയേട്ടൻ പോയി വണ്ടി സ്റ്റാർട്ടാക്കുമ്പോഴേക്കും ഞാൻ വരാം…”

തലമുടിയിൽ നിന്നും തോർത്ത് എടുത്ത് അഴിച്ചു കൊണ്ടു നിത്യ പറഞ്ഞു.

“വേഗം വരണം…. ”

“ശരി… ശരി…. ”

ഞാൻ പോയി കാർ ഷെഡിൽ പോയി കാറെടുത്ത് മുറ്റത്തു കൊണ്ടു വന്നിട്ടു…. പിന്നെയും മിനിറ്റുകൾ കഴിഞ്ഞിട്ടാണ് നിത്യ വീടിനു പുറത്തേക്ക് വന്നത്..

അവളെ കണ്ട എനിക്ക് കാലിൽ നിന്നോ എവിടെ നിന്നൊക്കെയോ അരിശം ഒഴുകി തലയിലെത്തി.. എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു വേഷവും ധരിച്ചു വന്നിരിക്കുന്നു….

ഏതോ ഒരു ടോപ്പും അതിനു പറ്റിയ ഒരു ലഗിൻസും…. ഇതാണോ ആൻ്റിയുടെ ഇരുപത്തഞ്ചാം വിവാഹ വാർഷികത്തിന് പോവുമ്പോൾ ധരിക്കേണ്ട വേഷം…..

ഇവൾക്ക് മര്യാദക്കുള്ള വേഷം ധരിച്ചു കൂടേ?

വേഷത്തെ കുറിച്ച്‌ തർക്കിക്കാൻ നിന്നാൽ കുറച്ചു ദിവസം മുമ്പ് ഉണ്ടായതുപോലെ വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിത്യയുടെ ഒരു മണിക്കൂർ ക്ലാസും കേൾക്കേണ്ടി വരും,

ഇട്ടവേഷം അവൾ ഒട്ടും മാറ്റാനും പോവുന്നില്ല എന്നോർത്തപ്പോൾ എൻ്റെ വന്ന അരിശം പത്തിയും താഴ്ത്തി എങ്ങോട്ടോ പോയി…

വെറുതേ തർക്കിച്ച് എൻ്റെ ഊർജം കളയുക എന്നല്ലാതെ അതു കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല….

“അമ്മേ.. ചേച്ചീ… പോകുന്നു… ”

വീണ്ടും അകത്തേക്കു പോകുന്ന നിത്യയുടെ ശബ്ദം… അവളോടൊപ്പം അമ്മയും ഹിമയും പുറത്തേക്കു വന്നു.. ഹിമയുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിഞ്ഞിട്ടുണ്ട്… അതിൻ്റെ അർത്ഥം എനിക്ക് മനസിലായി…

ഇതിനു മുമ്പും ഇവളുടെ മുഖത്ത് ഇതുപോലെ പരിഹസിക്കുന്ന ചിരി കണ്ടിട്ടുണ്ട്…. നിത്യ ലഗിൻസ് ധരിക്കുന്ന സമയത്തൊക്കെ ഹിമ തന്നെ നോക്കി മുഖം കോട്ടുന്നത് കാണാം…

അതിന് കാരണവുമുണ്ട്…. നിത്യയുമായുള്ള വിവാഹത്തിന് മുമ്പൊരു ദിവസം കോളേജിലേക്കു പോകാൻ ഹിമ തൻ്റെ ബൈക്കിൽ കയറാനായി വന്നപ്പോൾ

“ഈ കൊറ്റിക്കാലും കൊണ്ട് എൻ്റെ ബൈക്കിൽ കയറണ്ട… മര്യാദയ്ക്ക് വേറെ വേഷമിട്ടിട്ട് വന്നിട്ട് കയറിയാൽ മതി.. ” എന്നു പറഞ്ഞിരുന്നു…

അവളെത്ര കേണു പറഞ്ഞിട്ടും സമയം വൈകുമെന്നറിഞ്ഞിട്ടും വേഷം മാറി വന്നിട്ടേ ഹിമയെ ബൈക്കിൽ കയറാൻ അനുവദിച്ചുള്ളൂ… അതിൻ്റെ ഒരു ചൊരുക്ക് ഉണ്ട് അവൾക്ക്….

ഹിമയുടെ നോട്ടത്തെയൊന്നും ഗൗനിക്കാതെ ഞാൻ കാറെടുത്തു… നിത്യ വന്ന് വണ്ടിയിൽ കയറി… അവളെ ഗീതാൻറിയുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി..

വിജയനങ്കിളിനും ഗീതാൻ്റിക്കും വിവാഹ വാർഷികാശംസകൾ നേർന്ന് രണ്ടു പേരും കൂടി ഗിഫ്റ്റും കൈമാറി നിത്യയെ അവിടെയാക്കി ഞാൻ ഷോപ്പിലേക്കായി ഇറങ്ങി….. ഉച്ചയാകുമ്പോൾ തിരിച്ചെത്തിയാൽ മതി….

ഫംഗ്ഷൻ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ആറ് മണിയായി….. നിത്യയുടെ മാതാപിതാക്കളും വീട്ടിലെത്തിയിരുന്നു…

അവർ തിരിച്ചു പോകുമ്പോൾ നിത്യയെക്കൂടി കൊണ്ടു പോയി… ഞാൻ പിറ്റേ ദിവസം വൈകിട്ടെത്താമെന്ന് അവളെ അറിയിച്ചു..

പിറ്റേ ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന സമയത്ത് ഹിമ മനപൂർവം ഈ വിഷയമെടുത്തിട്ടു….

” അമ്മേ… ഞാനൊരിക്കൽ ലെഗിൻസിട്ടതിന് ഇവിടെയൊരാള് എന്തൊക്കെ പുകിലായിരുന്നു… പിന്നീട് ലെഗിൻസിടാൻ എനിക്കെന്തു പേടിയായിരുന്നു? സ്വന്തം ഭാര്യ ആയപ്പോൾ ഒരു കുഴപ്പവുമില്ല…”

അമ്മയും അതേറ്റു പിടിച്ചു…

” പെണ്ണു കെട്ടുന്നതിന് മുമ്പ് എന്തൊരു ദേഷ്യക്കാരനായിരുന്നു എൻ്റെ മോൻ….. കറിയിലെന്തെങ്കിലും ഉപ്പോ മുളകോ കുറഞ്ഞാൽ കറിപ്പാത്രങ്ങളും ചോറിൻ പാത്രവും മുറ്റത്തെ തെങ്ങിൻ ചോട്ടിലായിരിക്കും കാണുക…

മീൻ കറി വയ്ക്കാറുള്ള എത്ര മൺചട്ടികളാണ് ഇവൻ്റെ ഏറുകൊണ്ട് മാത്രം പൊട്ടിപ്പോയിരിക്കുന്നത്…

എന്തെങ്കിലും പറയാൻ പോയാൽ വെട്ടുപോത്തിനെ പോലെ മെക്കിട്ടു കയറാൻ വരും…

എന്നാലും ഇങ്ങനെയുണ്ടോ മായാജാലം… ഇപ്പോൾ കറിയിൽ എരിവുകൂടിയാലും കുഴപ്പമില്ല… കരിഞ്ഞു പോയാലും കുഴപ്പമില്ല… മിണ്ടാതിരുന്നു കഴിച്ചോളും….

ഇവനിങ്ങനെയൊരു പെൺകോന്തനായിപ്പോയല്ലോ…..എന്തായാലും എൻ്റെ മരുമോളു മിടുക്കിയാ.. ഇവൻ്റെ മൂശേട്ട സ്വഭാവം കാണേണ്ടല്ലോ… ”

“അതമ്മേ… ഏട്ടനാദ്യമായിട്ടല്ലേ കല്യാണം കഴിക്കുന്നത്.. ഇപ്പോൾ നിധി കിട്ടിയ പോലെയാ .. ലോകത്താരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ലല്ലോ……

കല്യാണം കഴിഞ്ഞിട്ട് അഞ്ച് മാസമായതല്ലേയുള്ളൂ… നമുക്ക് കാണാം ഒരു രണ്ടു വർഷമൊക്കെ കഴിഞ്ഞാൽ എങ്ങനെയാകുമെന്ന്…”

എന്നെ ദേഷ്യം പിടിപ്പിക്കാൻ അമ്മയും മകളും പലതും പിന്നീട് പറഞ്ഞെങ്കിലും അവരോടു തർക്കിക്കാനൊന്നും പോകാതെ ഞാനൊരു പൊട്ടച്ചിരിയും ചിരിച്ച് ഭക്ഷണം കഴിച്ചു തീർത്ത ശേഷം ഷോപ്പിലേക്കു പോകാനിറങ്ങി…

ഇവർക്കിങ്ങനെയൊക്കെ പറയാം… നിത്യയെ കല്യാണം കഴിക്കാനായി എന്തൊക്കെ ബുദ്ധിമുട്ടുകൾ തരണം ചെയ്തു എന്നോർത്താൽ ഒന്നും ദേഷ്യപ്പെടാനും തോന്നുന്നില്ല…

നിത്യയെ കൊണ്ട് സമ്മതിപ്പിക്കാനും വീട്ടിൽ അമ്മയെ കൊണ്ട് സമ്മതിപ്പിക്കാനും അവളുടെ മാതാപിതാക്കളുടെ അനുവാദം കിട്ടാനും എന്തു മാത്രം കഷ്ടപ്പെട്ടു….

അതൊക്കെയോർത്താൽ
ഇവരുടെയീ പെൺകോന്തനെന്നുള്ള വിളി ഇത്തിരി കേട്ടാലും കുഴപ്പമൊന്നുമില്ല….. ചിലപ്പോഴൊക്കെ ക്ഷമ ആട്ടിൻ സൂപ്പിൻ്റെ ഫലം ചെയ്യും…

ചുണ്ടിലൂറി വന്ന ചിരിയോടെ ഞാൻ ബൈക്കിൽ കയറി…

Leave a Reply

Your email address will not be published. Required fields are marked *