അതെല്ലങ്കിൽ കെട്ടിച്ചുവിട്ടൂന്ന ചിന്ത അത് പെങ്കുട്ട്യോൾക്കും വേണ്ടേ ഇവിടത്തെ..

അരിക്കാടിയും അമ്മിണിയും
(രചന: Musthafa Muhammed)

രാവിലത്തെ ചായയും കടിയും ഉണ്ടാക്കി കഴിഞ്ഞാൽ കോലായതിണ്ണയിൽ വന്നിരുന്നു ഇട വഴിയിലൂടെ പോകുന്നവരോട് കാര്യം പറഞ്ഞു ഉമ്മ കുറച്ചുനേരം അങ്ങിനെ ഇരിക്കും…

പത്തുമണി കഴിഞ്ഞാൽ പിന്നെ ഉമ്മാക്ക് ഒരു ബേജാറാണ് ഉച്ചയ്ക്ക് കൂട്ടാൻ വയ്ക്കാനുള്ള ആദിയാണത്

എന്താ റബ്ബേ ഞാനിന്ന് കൂട്ടാൻ വെക്കാ
കൂട്ടാൻ വെക്കാൻ ഒരു സാധനം കാണുന്നില്ലല്ലോ?

ഈ മന്ത്രവും ചൊല്ലി ഉമ്മ വീടിൻറെ നാലോറത്തും പറമ്പിലും ഇങ്ങനെ പരതി നടക്കും…

അങ്ങിനെ അന്ന് കറങ്ങി ചെന്നെത്തിയത് വടക്കേ പുറത്ത് നിക്കണ മുരിങ്ങ മരത്തിൻെറ ചോട്ടിലാണ് പൂത്തു തളിർത്തുനിൽക്കണ മുരിങ്ങ കണ്ടപ്പോൾ ഉമ്മാക്ക് തെല്ലൊരു ആശ്വാസമായി…

മുരിങ്ങയിലയും പറിച്ചെടുത്ത് മുറത്തിലിട്ട് വടക്കേ പുറത്ത് വട്ക്കിണിയിലെ വാതിലിന്റെ കട്ടിള പടിയിൽ വന്ന് മുറവും മടിയിൽ വെച്ചിരുന്ന്.

പുഴുവും പൂപ്പലും നോക്കി മുരിങ്ങയില ഊരുമ്പോഴാണ് അയൽവാസി സെഫിയാത്ത നല്ല നെയ്മത്തീടെ തലയിട്ട് വെച്ച കൂർക്ക ഉപ്പേരി കൊണ്ട് തന്നത്

കൂർക്കപ്പേരി തന്ന് ഉമ്മാനോട് ഒന്നും രണ്ടും പറഞ്ഞ് നിൽകുന്നതിനിടയിലാണ് മുൻഭാഗത്തെ പടി തുറന്ന് കുടവുമായ് വരുന്ന അമ്മിണിയേച്ചിയെ സഫിയാത്തന്റെ ശ്രദ്ധയിൽ പെട്ടത്

അമ്മിണിയേച്ചിയെ പടിക്കല് കണ്ടപാടെ സഫിയാത്ത ഉമ്മാനോട് പറഞ്ഞു:

“സൈനവാ ” ഇയ്യ് അതിനെ വല്ലാതെ അടുപ്പിക്കണ്ടാട്ടാ ഇവിട്ന്ന് കിട്ടീത് അവിടേം അവിടന്ന് കിട്ട്യേത് ഇവിടീം വന്ന് പറഞ്ഞ് കുടുബം തല്ലൂടിക്കും വല്ലാത്ത സാധനാണ്

ഇന്റെ റെസിയമോൾക്ക് കണ്ണെടുത്താ കണ്ടൂടാ ഈ സാധനത്തിനെ ബി ബി സി എന്നാ ഓള് അതിന് ഇട്ടക്കണ പേര്

ഓള് രണ്ടാമതും വയിറ്റില് ണ്ടായിരിക്കുമ്പോ വന്ന് പറയ്യാ വയറ് കാണുമ്പോ അനക്ക് പെൺകുട്ട്യാന്ന് പറഞ്ഞ പോലെതന്നെ റെസിയ പെറ്റപ്പോ പെങ്കുട്ട്യായില്ലേ.

എന്നിട്ട് കുട്ടീനെ കാണാൻ വന്നപ്പോ അനക്ക് ഒക്കെ പെങ്കുട്ട്യോളാണല്ലോ റെസിയാ എന്ന് പറഞ്ഞ് ഒരു ചിരീം പാസാക്കി പോയതാണ്.

തള്ളെടെ മോള്ക്ക് മൂന്നാമത്തേം പെങ്കുട്ട്യായപ്പോ റെസിയ മുഖത്ത് നോക്കി ചോദിച്ചു ശാരിക്ക് മൂന്നാമത്തേം പെങ്കുട്ട്യാലെന്ന്..

അപ്പ പറയ്യാ പെങ്കുട്ട്യാള് വീടിന്റെ ലെഷ്മീം വെളക്കും ഒക്കെ ആണത്രേ.

പള്ളിയിൽ നിന്നും ഉച്ച ബാങ്ക് വിളി കേട്ടപ്പോൾ അള്ളാ ബാങ്ക് കൊടുത്താേ
നേരം ഇത്രെക്കെ ആയാ ചെന്നിട്ട് ഒരു നൂറുകൂട്ടം പണീണ്ട് തിരുമ്പാൻ ഒരു കുന്നാരം തുണി ന്നനച്ച് വെച്ചക്കണ് എന്ന് പറഞ്ഞ് ഉപ്പേരി കൊണ്ടുവന്ന പാത്രവും വാങ്ങി സഫിയാത്തപ്പോയി

വടക്കേ പുറത്തെ അമ്മി തറയുടെ താഴെ അമ്മിണിയേച്ചി ഒരു ഒരു പഴയ കലം കൊണ്ടുവന്ന് വെച്ചിട്ടുണ്ട്

പാഴാക്കി കളയണ കഞ്ഞിയും ചോറും പഴത്തൊലിയും അരിക്കാടി വെള്ളവുമെല്ലാം ഉമ്മ അതിൽ നിറച്ചു വയ്ക്കും

അതിൽ ഈച്ചയും പ്രാണികളും നിറഞ്ഞ് കാണുമ്പോൾ എപ്പോഴും വാപ്പച്ചി വന്ന് വഴക്ക് പറയും അത് കൊണ്ട് തന്നെ വേഗം കാടിവെളളം എടുത്ത് കൊണ്ട് പോകാൻ ഉമ്മ അമ്മിണിയേച്ചിയോട് പറഞ്ഞിട്ടുണ്ട്

അപ്പപ്പോൾ കിട്ടുന്ന അടുക്കള വാർത്തകൾ അപ്പപ്പോൾ തന്നെ അടുത്ത അയൽക്കാരെ അറിയിക്കുക എന്ന സദുദ്ദേശത്തോടെ മാത്രമാണ് അമ്മിണിയേച്ചി പശുവിനെ വളർത്തുന്നതും

വീടുവീടാന്തരം കയറി കാടി വെള്ളം ശേഖരിക്കുന്നതും എന്ന് കാണുന്നവർക്ക് തോന്നി പോകും

വട്ടോറത്തിലെ മുരിങ്ങയില കണ്ടപ്പോൾ വന്നപാടെ അമ്മിണിയേച്ചി ചോദിച്ചു

അല്ലന്നാ ഇന്ന് ഇലക്കറിയാണോ ?

കൂട്ടാൻ വെക്കാൻ ഒരു സാധനവും കിട്ടീല്യ..

ഇന്നലെ തറവാട്ടീന്ന് ഒരു ചക്ക കൊണ്ടെന്നാർന്നു അതിന്റെ കുരു വെറുതെ നാശാക്കി കളയണ്ടല്ലോ?
അപ്പോ പിന്നെ മുരിങ്ങയിലീം ചക്കക്കുരും പരിപ്പ്ട്ട് വെക്കാന്ന് വെച്ചു

ഉണക്ക മീനും ഇരിക്കണണ്ട് അതു രണ്ടെണ്ണം വറക്കും ചെയ്യാം ഇന്ന് പ്പോ അങ്ങിനെ പോട്ടെ

അല്ലാതെ എന്നും ഇപ്പോ ഇറച്ചീം മീനും കൂട്ടാൻ പെറ്റോ ? എന്നായി ഉമ്മ

‘കായേം ചേനേം മുമ്മാസം.. ചക്കേം മാങ്ങേം മുമ്മാസം.. താളും തകരേം മുമ്മാസം.. അങ്ങനേം ഇങ്ങനേം മുമ്മാസം’ എന്നാണല്ലോ ചൊല്ല്

തെടിയിലെയും പറമ്പിലെയും സകല ചപ്പും ചവറും കൊണ്ട് വന്ന് കറി വെക്കണ ഉമ്മ

വാപ്പച്ചി ഗൾഫിലുള്ളപ്പോൾ ശീലിച്ചതാണ് ഈ പിശുക്ക് കുട്ടികളുടെ പഠിപ്പും വീട്ടിലെ ചിലവും ഉപ്പൂപ്പാന്റെയും ഉമ്മുമാന്റെയും മരുന്നിനുമൊക്കെ വാപ്പച്ചി അയക്കണ ചെറിയ ശമ്പളത്തീന്ന് കഴിഞ്ഞ് ബാക്കി മിച്ചം പിടിച്ച് വെക്കും

വാപ്പച്ചി എപ്പോഴും പറയും തിന്നിട്ടും കുടിച്ചിട്ടും സമ്പാദിച്ചാൽ മതീന്ന്

വളർന്ന് വരണത് പെങ്കുട്ട്യാണെന്ന് പറഞ്ഞ് വാപ്പച്ചീനെ ഇടക്കിടക്ക് ബോധ്യപെടുത്തി ഇത്താത്താന്റെ കല്യാണ നിധിയിലേക്ക് ഉമ്മ ബാക്കി തുക സ്വരൂപിച്ച് വെക്കും

സംഗതി ശെരിയാണ് വാപ്പാന്റെ ഒരാളുടെ വരുമാനം മാത്രമാണുള്ളത് ഉള്ള പത്ത് സെന്റില് അഞ്ചാറ് തെങ്ങും വാഴയും കാന്താരീം വഴുതിനയും വെണ്ടയും ഉമ്മ നട്ടു ന്നനച്ച് ഉണ്ടാക്കീട്ടുമുണ്ട്

അത് കൊണ്ട് തന്നെ മേമ്പാെടിക്ക് അച്ചാറും ,പപ്പടവും ഉണക്ക മീനും കൊണ്ടാട്ട മുളക്പൊരിച്ചതുമൊക്കെ ഉണ്ടാകുമെങ്കിലും പന്ത്രണ്ട് മാസോം അങ്ങിനേം ഇങ്ങനേം ആണ് വീട്ടിലെ മെനു

ഉമ്മാന്റെ വർത്താനം കേട്ടാൽ വരുന്നവര് വിചാരിക്കും ഇന്റോടെ എന്നും ഇറച്ചീം മീനുമാണ് കറിയെന്ന് വീട്ടിലുള്ള എന്റ ചക്കി പൂച്ചക്ക് വരെ ഇപ്പോൾ ഈ ചപ്പും ചവറും തിന്ന് വയറ് വേദനയാണ് മാത്രല്ല അവളുടെ മണിമാരൻ മണികണ്ടൻ ഈ വഴിക്ക് വരാറുമില്ല എന്ന പരിഭവവും

വടക്കേ പുറത്ത് കാടി വെള്ളം എടുക്കാൻ വന്ന അമ്മിണിയേച്ചിയെ കണ്ടപ്പോൾ ഉമ്മ വെറുതെ ഒന്നു ചോദിച്ചു

“ഇന്നെന്താ അമ്മിണ്യേ നേരത്തെയാണല്ലോ ”

ഉമ്മാൻറെ ആ ചോദ്യം കേട്ടപ്പോൾ
എന്തൊക്കെയോ കുറെയധികം പറയാനുള്ളത് പോലെ കഞ്ഞി വെള്ളം കൊണ്ടുപോകാൻ

വന്ന കുടം മുറ്റത്ത് വെച്ച് അടുക്കളയിൽ കയറി ചുമരിൽ ചാരി വെച്ചിരുന്ന മുക്കാലി പലക എടുത്തു വെച്ച് കാലും നീട്ടിവെച്ച് അതിലിരുന്നു

ഉടുതുണി കാൽമുട്ട് വരെ തെരത്ത് കയറ്റി കണങ്കാല് കൈ കൊണ്ട് ഉഴിഞ് കൊണ്ട് പറഞ്ഞു

“ഒരടി നടക്കാൻ വയ്യെന്നായി കാല് രണ്ടും കടഞ്ഞ് വേറിടുന്നു ഇന്റെ താത്തേ ”

“മക്കളും മരിമക്കളും ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം വയസ്സായാലും ഒരു ഭാഗത്ത് ഇരിക്കാൻ പറ്റാതായി എല്ലാേട്ത്തും ഇന്റെ കണ്ണും ,കയ്യും എത്തീലെങ്കിപിന്നെ ഒന്നും പറയണ്ട”

സംഗതി കാലുവേദനയാണെങ്കിലും ആ പഞ്ചായത്തിലെ എല്ലാ വീടുകളിലും ബി ബിസി പറന്നെത്തും

സ്വന്തം വീട്ടിലെ കാര്യങ്ങൾ മാത്രം ആരും അറിയില്ല എന്നൊരു ആത്മനിഗമനത്തോടെ മറ്റെല്ലാവരുടെയും വീടുകളിൽ അപ്പൊ കിട്ടുന്ന ന്യൂസുകൾ ബിബിസി എത്തിച്ചു കൊടുക്കുകയും ചെയ്യും

അമ്മിണിയേച്ചീടെ തന്നെ അയൽക്കാരി ശാരദേച്ചീടെ മക്കളെ കുറിച്ചാണ് ഇന്നത്തെ വാർത്ത

മൂന്ന് പെൺമക്കൾ ഉള്ള ശാരദേട്ത്തി
ആരുടെയൊക്കെയോ അനുഗ്രഹം കൊണ്ട് രണ്ടെണ്ണത്തിനെ കെട്ടിച്ചയച്ചു മൂന്നാമത്തെ തിന് ഇച്ചിരി ചന്തകൂടുതൽ ഉള്ളതുകൊണ്ട് ചെക്കൻ വീട്ടുകാര് ഇങ്ങോട്ട് പൊന്നും ,പണ്ടവും കൊണ്ടെന്നിട്ട് കെട്ടിക്കൊ ണ്ടുപോയി

മൂന്നാമത്തേത് ഈയിടെയായി ശാരദേച്ചീടെ അടുത്ത് വീട്ടിൽ വന്ന് നിൽപ്പാണ് അതിൻറെ കാരണം എന്തെനറിയാതെ ഉറക്കം വരാതായപ്പോൾ പറന്ന് നടപ്പാണ് ബിബിസി അമ്മിണിയേച്ചി

എങ്ങനെ നടന്നിരുന്നോരാ എന്റെ ത്താത്തെ !! ഇപ്പോൾ പുട്ടും കുറ്റി പോലെ വളയും മാലയും കുത്തി കേറ്റി കാറിലും വണ്ടിയിലും വന്നിറങ്ങുമ്പോ

ഇമ്മളോട് ഒന്ന് മിണ്ടിയില്ലെങ്കിൽ വേണ്ടടോ ആൾക്കാരെ ഒന്ന് കാണുമ്പോൾ നോക്കോ ചിരിക്കോ ചെയ്തൂടെ

ഇപ്പോ എന്താ പെണ്ണിന്റെ നെഗളിപ്പ്

അഹങ്കാരംതന്നെ ! അഹങ്കാരം ! അല്ലാതെ എന്താ ഇതിന് പറയ്യാ !! ഭഗവാനെ … ങ്ഹും

എൻറെ തൊടീലും പറമ്പിലുമാെക്കെ കളിച്ചു നടന്നിരുന്ന പെങ്കുട്ട്യാ ..

ഇപ്പൊ എന്തായി അഹങ്കാരത്തിന് ഇത്തിരി അടക്കോം ഒതുക്കാം കിട്ടീല്യേ ഭഗവാൻ മുകളിലുണ്ടെന്നത് സത്ത്യാന്ന്ഇപ്പോ ബോധ്യയില്ല്യേ ……. ഇന്റെ ത്താത്തെ !

കെട്ടിയോൻ പോയപ്പോ തള്ള ഇവിടെ കൊണ്ടന്നു വിട്ടുന്നാ കേക്കണത് അമ്മായിത്തള്ള ഇത്തിരി മൂശേട്ടെത്രേ

അതെല്ലങ്കിൽ കെട്ടിച്ചുവിട്ടൂന്ന ചിന്ത അത് പെങ്കുട്ട്യോൾക്കും വേണ്ടേ ഇവിടത്തെ പോലെ മരംചാടി നടന്നാ അവര് സമ്മതിക്കോ ….?

അതെങ്ങിനെ ആ തള്ളേടെല്ലേ മക്കള് മത്ത കുത്ത്യാൽ കുമ്പളം മുളക്കില്ലല്ലോ ഇന്റെ താത്തേ… അല്പം നേരം പുറത്തേക്ക് നോക്കി കൊണ്ട് ലീലേച്ചി പറഞ്ഞു നിറുത്തി

സത്ത്യത്തില് തന്റെ മൂന്ന് പെൺകുട്ടികളെ കെട്ടിച്ചയച്ച് വീട്ടിൽ തനിച്ചയപോൾ മരുമകൻ ഗൾഫിൽ പോയപ്പോൾ അവന്റെയും വീട്ടുകാരുടെയും സമ്മദത്തോടെ മകളെ കൂട്ടിന് വീട്ടിൽ വിളിച്ച് കൊണ്ടുവന്നതാണ് ശാരദേച്ചി

അമ്മിണിയേച്ചി പറയുന്നതെല്ലാം കേട്ട് കൊണ്ട് മൂളികൊണ്ടിരുന്ന ഉമ്മ അൽപ്പനേരത്തെ മൗനത്തിനിടയിൽ ചോദിച്ചു

ശാരിക ഇപ്പോ കുറെയായി ഇവിടെ തന്നെയാണെല്ലേ നിപ്പ് ?

“ആ കാര്യാെന്നും പറേയണ്ട ന്റെ താത്തെ ഇങ്ങനെ ഒരു കുരിപ്പ് പിടിച്ച തള്ള വേറെണ്ടാവില്ല്യ ”

“ആ തളള ഇന്റെ മോള കെടത്തി പൊറുപ്പിക്കില്ല്യാച്ചാ എന്താ ചെയ്യാ ….

വീട്ടിലെ പണി പോരാണ്ട്
പാടത്തേം പറമ്പിലേം പണിക്കാർക്ക് വരെ വെച്ച് വിളമ്പി കൊടുക്കണം

പാവം ന്റെ കുട്ടി പണിട്ത്തും പട്ടിണികിടന്നും വല്ലാണ്ടായി പണിട്ത്താലും വേണ്ടില്ല ഒരു തൊയ്രോം സമാധാനോം കൊട്ക്കില്ല്യാച്ച എന്താ ച്ചെയ്യാ…

“അവൾടെ കെട്ട്യോൻ കുട്ട്യോളെ കാണാൻ വാരാറുണ്ടോ ?

അതെങ്ങനെ അവൻ ഒരു കോന്തൻ ആതള്ളേടെ ചിറകിന്റടീന്ന് മാറീട്ട് വേണ്ടെ
ഇപ്പോളും തളള മുള്ളരത് എന്ന് പറഞ്ഞാൽ മുളളില്ല തള്ള വരച്ചവരയില് കൊണ്ട് നടക്കെല്ലെ അവനെ ഇന്റെ മോളെടെ വിധി അല്ലാതെന്ത് പറയാൻ

തന്റെ വീട്ട് കാര്യങ്ങളറിയാനുളള ഉമ്മാടെ ജിജ്ഞാസ വർദ്ധിച്ചപ്പോൾ അമ്മിണിയേച്ചി മെല്ലെ എഴുന്നേറ്റു

തണ്ടലിന് കൈ കുത്തി പിടിച്ച് മുഖമൊന്ന് ചുളിച്ച് കൊണ്ട് പറഞ്ഞു വല്ലാത്ത ഒരു നടുവേദന ഒരു ഷീണം പോലെ ഒന്ന് പോയി കിടക്കണം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി
മാനത്തേക്ക് നോക്കി പറഞ്ഞു

നല്ല മഴ കാറുണ്ടെല്ലോ താത്തേ മഴ പെയ്യാ ?

ഈ മൂടികെട്ടലേയുള്ളൂ അത് പെയ്യിലെന്നെ മനുഷ്യനെ മെന്നക്കെടുത്താൻ ഇന്നലെ എന്തായിരുന്നു കാറും കറുപ്പും എന്നിട്ടെന്താ മഴ ഒന്ന് ചാറിപ്പോയി

എന്നാൽ ഞാൻ പോണൂ വിറക് കീറി മുറ്റത്തിട്ടുണ്ട് അത് മഴ നന്നഞാൻ പിന്നെ ഒന്നിനും പറ്റില്ല ചെന്നിട്ടത് എടുത്ത് വെക്കണം .

കാടിവെള്ളമെടുത്ത് ഇടുപ്പിന് വെച്ച് അമ്മിണിയേച്ചി അടുത്ത വീട്ടിലേക്ക് പോയി.

സ്വന്തം കണ്ണിലെ വിറക് കൊളി കാണാതെ മറ്റുളളവരുടെ കണ്ണിലെ കരട് തേടി പോകുന്ന B B C അമ്മിണിമാർ നാട്ടിൽ പുറത്തിന്റെ ഒരു സ്വകാര്യ അലങ്കാരം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *