വസുധ
(രചന: നക്ഷത്ര ബിന്ദു)
പെയ്തു തോർന്ന മഴയുടെ അവശേഷിപ്പ് എന്ന പോലെ ഭൂമിയിൽ തങ്ങി നിൽക്കുന്ന ഓരോ മഴത്തുള്ളിയും പ്രണയിനികളല്ലേ….
അത്രയും ആർദ്രമായ പ്രണയം തുറന്ന് പറയാനാവാതെ… ഇനിയും എത്ര നാളെന്നറിയാതെ കാത്തിരിക്കുമ്പോഴൊക്കെയും
എന്നെങ്കിലും ഒരിക്കൽ താൻ അവളുടെ അരികിൽ എത്തിചേരുമെന്ന ഒരു കുഞ്ഞ് പ്രതീക്ഷ തന്നെയാവില്ലേ ഉള്ള് നിറയെ…
കാത്തിരിപ്പിനൊടുവിൽ അടുത്തേയ്ക്ക് വന്നണയുമ്പോഴും ഹൃദയത്തിൽ വേദനയാകും ബാക്കിയാവുക…
തന്റെ നൈമിഷികമായ ജീവിതത്തെ കുറിച്ച് ഓർത്ത്, കേവലം രണ്ട് നിമിഷം കൊണ്ട് തന്റെ പ്രണയം അവളോട് ചൊല്ലി കൊടുക്കാനാവുമോ എന്ന് ഓർത്ത്!
സൗമ്യനായ…തമാശകൾ പറയുന്ന… സദാ പുഞ്ചിരി തൂകുന്ന ഒരു ചെറുപ്പക്കാരനോട് പ്രണയം തോന്നിയ ഒരു പെൺകുട്ടി…
അത്രയും നിഷ്കളങ്കമായും സ്നേഹിക്കാൻ ആകുമെന്ന് അവൾ അറിഞ്ഞത് പോലും ഒരുപക്ഷെ അവനിലൂടെയാകും..
പോകെ പോകെ അയാളും തന്നെ സ്നേഹിക്കുന്നുണ്ട് എന്നൊരു തോന്നൽ.. അതല്ലെങ്കിലും അങ്ങനെയല്ലേ..
സ്നേഹിക്കുന്നയാൾ എന്ത് ചെയ്താലും അത് നമ്മളോടുള്ള സ്നേഹം ആണെന്നെ തോന്നൂ… എന്തിനേറെ.. വെറുപ്പ് പ്രകടിപ്പിച്ചാൽ പോലും അത് നമ്മളോടുള്ള സ്നേഹമാണെന്നു തോന്നും..
പ്രണയം അങ്ങനെയാണ്.. ചിലപ്പോഴൊക്കെ മനുഷ്യനെ ഭ്രാന്തിന്റെ വക്കത്ത് കൊണ്ടെത്തിക്കും…
കുന്നോളം സ്വപ്‌നങ്ങൾ കാട്ടി തന്നിട്ട് അതിന് മേലെ നിന്ന് ചാടാൻ പറഞ്ഞാൽ എങ്ങനെയാണ്.. അതിൽപരം വേദന മറ്റെന്തുണ്ട്!
അയാൾ കൂട്ടി വെച്ച വാക്കും നോക്കുമെല്ലാം ചതിയുടെ ആവരണം അണിഞ്ഞിരുന്നുവോ,
അല്ലാത്തപക്ഷം പെട്ടെന്നൊരു വേള എങ്ങനെയാണ് തന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകാൻ കഴിയുക..
താൻ വാവിട്ട് കരഞ്ഞിരുന്നു.. പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെട്ടു പോയത് പോലെ സ്വയം മറന്നു വിലപിച്ചു പോയി…
ഇന്നത് ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്… ഏറെ സ്നേഹിച്ചിട്ടും നിഷ്കരുണം തള്ളികളഞ്ഞു നടന്നകന്നവനെ ഓർത്ത് ഒരു ദിവസം കൊണ്ട് തന്നെ താൻ എന്ത് മാത്രം കണ്ണീരൊഴുക്കി..
അയാൾ അത് അർഹിക്കുന്നുണ്ടോ!ഒരുവേള അയാൾ തിരിച്ചു വന്നാലോ എന്ന് താൻ ചിന്തിച്ചിരുന്നു..പക്ഷേ അതിനെന്നും ഒരു ഉത്തരം ഇല്ലാത്ത ചോദ്യത്തിന്റെ മുഖഛായയായിരുന്നു!
തളർന്നു പോയതെങ്കിലും മുന്നോട്ട് നടന്നു തുടങ്ങിയ തന്റെ ജീവിതത്തിലേക്ക് ഓടി കയറി വന്നവനാണ് ഹരി…
തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ പുച്ഛം തോന്നിയിരുന്നോ!അറിയില്ല..
അയാൾ തന്നകന്ന മുറിവ് ഇനിയും ഉണങ്ങിയിരുന്നില്ല… അയാളെ തനിക്ക് മറക്കാൻ ആവില്ലെന്ന് തന്നെ താൻ ഉറച്ചു വിശ്വസിച്ചു..
ചോ രചുവപ്പാർന്ന ആ ബന്ധനത്തിൽ കരകയറാൻ ആകാത്ത വിധം താൻ ആഴ്ന്ന് പോയിരുന്നു.. പിന്നെങ്ങനെ താൻ മറ്റൊരാളുടെ സ്നേഹം കാണാനാണ്..
ചുറ്റുപാടുകൾ എളുപ്പമായാൽ നമ്മൾ വളരുന്നതെങ്ങനെയാണ് അല്ലേ… ഏറെ കഠിനമായ വഴികളിലൂടെ ഒത്തിരിനേരം നടന്നു വേണ്ടേ അറിയാനും വളരാനും.
പക്ഷേ ഹരി….അയാൾ തന്നെ ചുംബിച്ചു.
അന്ധകാരത്തിന്റെ ആഴങ്ങളിൽ വരിഞ്ഞു മുറുകി കിടന്നിരുന്ന തന്റെ ഹൃദയത്തെ തഴുകി തലോടിയ ആ ചുംബനം ഒരിക്കലും അവസാനിയ്ക്കാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയിരുന്നു..
ആ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു..
ഇമകൾ പോലും വെട്ടി അടയ്ക്കാൻ മറന്നു പോയ ആ ദീർഘ ചുംബനം ഇന്നും തനിക്ക് ഓർമയുണ്ട്.. അയാൾ തന്റെ ആത്മാവിനെയാണ് കേവലം ഒരു ചുംബനം കൊണ്ട് ബന്ധനത്തിലാക്കിയത്…
കേവലം എന്ന് പറയാൻ കഴിയുമോ… അധരങ്ങൾ തമ്മിൽ ഉണ്ടാകുന്ന മധുരം ഊറുന്ന സംഘർഷം, അത് വല്ലാത്തൊരു അവസ്ഥയാണ്..
ഒരിക്കലും മായ്ക്കാനാവാത്ത മുറിവ് നൽകി പോയവൻ എന്ന് കരുതിയ മനുഷ്യനെ മാത്രമല്ല..
ആ ഓർമ്മകൾ പോലും ഇന്ന് തന്റെ ഹൃദയത്തിൽ അവശേഷിക്കുന്നില്ല.. അത്രമാത്രം ഹരി എന്ന രണ്ടക്ഷരം തന്റെ ഹൃദയത്തോട് ചേർന്ന് നിന്നു..
എന്നിലെ അമ്മയ്ക്ക് ജീവൻ നൽകാൻ അയാളുടെ നിഷ്കളങ്കമായ പുഞ്ചിരിക്ക് കഴിഞ്ഞിരുന്നു.. എന്നിലെ കുഞ്ഞിനെ പാടിയുറക്കാൻ അയാളുടെ അധരങ്ങൾക്കായിരുന്നു…
എന്നിലെ ഗായികയ്ക്ക് ഈണം നൽകാനും ചിത്രകാരിയക്ക് നിറം നൽകാനും നർത്തകിക്ക് താളം നൽകാനും അയാൾക്കായിരുന്നു..
അതിനേക്കാളുപരി തന്നിലെ സ്ത്രീയെ കേവലം ഒരു നോട്ടം കൊണ്ട് പോലും തൊട്ട് ഉണർത്താൻ കെൽപ്പുള്ളവൻ…
കാലിൽ ചെറുനനവ് അറിഞ്ഞ് ഓർമകളിൽ നിന്ന് ഞെട്ടി ഉണർന്നു നോക്കവേ കണ്ടു… തന്റെ കാല്പാദത്തിൽ അത്രമേൽ സ്നേഹത്തോടെ ചുണ്ടമർത്തുന്ന പ്രിയമുള്ളവനെ..
അയാൾ അങ്ങനെയാണ്. തന്നിലെ ഓരോ അണുവും അയാൾക്ക് പ്രിയപ്പെട്ടതാണ്…
എനിക്ക് ഇന്നും ഓർമയുണ്ട്.. അന്നൊരുന്നാൾ തന്റെ കാലിലെ നഖം വെട്ടി വൃത്തിയാക്കി തന്നത്..
കൗമാരത്തിന്റെ തിളപ്പിൽ നിരന്തരം ചായം തേച്ചതിന്റെ അനന്തരഫലമായി ചത്തു പോയ തന്റെ തള്ളവിരലിലെ നഖം എത്ര സൂക്ഷ്മതയോടെയാണ് അയാൾ വൃത്തിയാക്കിയത്..ചെറുതിലെ അമ്മ ചെയ്തു തന്നിരുന്നത് പോലെ..
വസൂ…
മ്മ്…
നമുക്ക് ഒളിച്ചോടിയാലോ
എങ്ങോട്ടേക്ക്!
എങ്ങോട്ടേക്കെങ്കിലും..
ഈ വയസ്സാംകാലത്ത് തന്നെ പോണോ ഹരിമാഷിക്ക്..
അതിന് നിനക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല ന്റെ വസുവേ…
എന്താപ്പാ ദ്.. ഞാൻ ന്റെ കാര്യാ പറഞ്ഞേ? നിങ്ങക്ക് മൂക്കിൽ പല്ല് കാണുന്നില്യേ മാഷേ…
ഇല്ല്യാല്ലോ… ന്തേ.. നീ കാണുന്നുണ്ടോ… കൊള്ളാതായോ ഞാൻ!
ഉവ്വുവ്വ്.. തീരെ കൊള്ളില്ല്യ…ഞാൻ സഹിക്ക്യന്നെ… അല്ലാതെന്ത്!
ആ… സഹിക്ക്യ.. അത്രന്നെ…
ഹഹ…. മാഷേ….
മ്മ്…
ദേ നോക്ക്..ഞാൻ കിളവി ആയി ല്ല്യെ…
ഇല്ല്യാല്ലോ..എന്റെ വസു ഇപ്പളും ആ പതിനെട്ടുകാരി പെണ്ണന്ന്യാ…
മിഴികളിൽ പ്രണയം നിറച്ചു പറയുന്ന മുടി നരച്ച ഈ മനുഷ്യനെ താൻ എന്നേ പ്രണയിച്ചു പോയിരുന്നു..
ഇന്നെന്റെ സിരകളിൽ ഓടുന്നത് ഇയാളോടുള്ള സ്നേഹമാണ്.. ഹരിയോട് തനിക്ക് പ്രണയമാണ്.. അയാൾക്ക് തന്നോടും..