(രചന: നക്ഷത്ര ബിന്ദു)
തന്റെ കയ്യിലുള്ള അഞ്ചു രൂപ നാണയത്തിലേക്ക് അവൾ സൂക്ഷിച്ചു നോക്കി. മങ്ങൽ ഏറ്റ ഇരുപുറങ്ങളും അതിന്റെ കാലപ്പഴക്കം എത്രത്തോളം ഉണ്ടാകും എന്ന് വിളിച്ചു പറയുന്നുണ്ട്..
തോളോട് തോൾ തിരിഞ്ഞു ചേർന്ന് നിൽക്കുന്ന രണ്ട് മനുഷ്യരാണ് അതെന്ന് അവൾക്ക് തോന്നി… ഒരിക്കൽ പോലും പരസ്പരം കാണാനാവാതെ നെഞ്ചോട് ചേർത്ത് പിടിക്കാനാവാതെ…
കേവലം മൊഴികളിലൂടെ മാത്രം ഒരു മതിലിനു അപ്പുറവും ഇപ്പറും നിന്ന് സ്നേഹിക്കുന്ന രണ്ട് പേർ…
പുറമെയുള്ള തിളക്കം ഇല്ലാതാകുമ്പോഴും ഉള്ളിലേക്ക് നടന്ന് ചെന്നാൽ പഴേ തിളക്കം തന്നെയല്ലേ അതിനുണ്ടാവുക.. അതിനെങ്ങനെ മാറ്റം ഉണ്ടാവാനാണ്… കാലങ്ങൾ ഓടി മറയുമെങ്കിലും…
കാതങ്ങൾ അകലെ പോയ്മറയിലും… പ്രണയം അതേ ദിശയിലേക്ക് തന്നെ ഒഴുകി കൊണ്ടേയിരിക്കും…
ചിലപ്പോഴൊക്കെ ഹൃദയത്തെ തടഞ്ഞു നിർത്താൻ ആവാത്ത വിധം പൊട്ടിയൊലിച്ചു പുറത്തേക്ക് വ്യാപിച്ചു പോകും…
അയാൾക്ക് താൻ ആരായിരുന്നു, ചിലപ്പോഴൊക്കെ താൻ അയാൾക്ക് അമ്മയെ പോലെ ആണെന്ന് പറയുമായിരുന്നു…
സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് ഓടി വരുന്ന കുഞ്ഞിനെ ചേർത്ത് പിടിക്കുന്ന അമ്മയെ പോലെ ജോലി കഴിഞ്ഞെത്തുന്നവനെ ചേർത്ത് നിർത്തണമെന്നും
ഭക്ഷണം കഴിക്കാതെ വാശി പിടിച്ചു കുറുമ്പ് കാട്ടുമ്പോ ഇല്ലാത്ത പരിഭവം മുഖത്തൊളിപ്പിച്ചു പിണങ്ങി നിൽക്കണം എന്നും പറഞ്ഞവൻ..
പ്രണയം എന്ന മൂന്നക്ഷരത്തെ ഓരോ ഭാവങ്ങളിലൂടെയും തന്നിലേക്ക് വരച്ചിടുമ്പോഴും അറിഞ്ഞിരുന്നില്ല… ആയുസ്സ് തീരാനായ ഒരു പഴകിയ പുസ്തകം മാത്രമാണ് അതെന്ന്..
ഇനിയും സഹിക്കാനാവാത്ത വിധം ഹൃദയത്തിന്റെ ആഴങ്ങളിൽ വേരുറച്ചു പോയതും മനസ്സ് കൊണ്ട് ഓടുകയായിരുന്നു…
അയാൾക്ക് അരികിലേക്ക് ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ട് എന്ന് പറയാൻ..
മറ്റെന്തിനേക്കാളും ഞാൻ നിങ്ങളെയാണ് സ്നേഹിക്കുന്നത് എന്ന് പറയാൻ.. എന്റെ ജീവനും ജീവശ്വാസവുമെല്ലാം ഇന്ന് നിങ്ങൾ മാത്രമായി തീർന്നെന്ന് പറയാൻ…ഹരി ഇല്ലാതെ ഈ മീര ഇല്ലായെന്ന് പറയാൻ…
ഉള്ളിൽ അയാളോടുള്ള പ്രണയം ഒരു പക്ഷിയെ എന്ന പോൽ പറന്നു നടന്നു…വർണ്ണാഭമായ ഭാവങ്ങൾ ചിറകുകളിൽ വിരിച്ച് ഇനിയും ഉയരെ ഉയരെ ആയി അത് പറന്നു പൊങ്ങി…
താഴേക്ക് വരാൻ കൊതിയ്ക്കാതെ… ഒരുവേള ഈ നിമിഷം തന്നെ അയാൾക്ക് അരികിലേക്ക് തന്നെയും വഹിച്ചു കൊണ്ട് പോകാൻ അതിന് കഴിയുമെന്ന് തോന്നി…
അത്രമേൽ പ്രണയത്തോടെ ആ വാകമരച്ചുവട്ടിലേക്ക് നടക്കുമ്പോഴേക്കും അതിവേഗം മിടിക്കുന്ന ഹൃദയത്തെ അടക്കി നിർത്താൻ താൻ നന്നായി പാടുപെട്ടു എന്ന് തന്നെ പറയാം…
കാലുകളെക്കാൾ വേഗത്തിൽ പാഞ്ഞ മിഴികളിലെ തിളക്കം നഷ്ടം ആകും വിധം അവിടം ശൂന്യമായിരുന്നു…
കൊഴിഞ്ഞു വീണ വാകപ്പൂക്കൾക്കിടയിലൂടെ നടക്കവേ അവ തന്റെ കാൽ കീഴിൽ ഞെരിഞ്ഞമർന്നു..
മഴവെള്ളത്തിൽ നനഞ്ഞ തണുത്ത മനസ്സുമായി പ്രിയപ്പെട്ടവളെ ഇറുകെ ചേർത്ത് പിടിക്കാൻ ആഗ്രഹിച്ച മണ്ണിനു മേലേക്ക് അവളുടെ ശരീരം ശക്തമായി അമർന്നതിൽ അവന്റെ മിഴികൾ ഒന്ന് തിളങ്ങിയെങ്കിലും
അതേ നിമിഷം തന്നെ തളർന്നു കിടക്കുന്നവളുടെ വേദന അവനെ പിടിച്ചുലച്ചിട്ടുണ്ടാകണം..
കുപ്പിവളകൾ കിലുങ്ങിയിരുന്ന…. കളിചിരികൾ മുഴങ്ങിയിരുന്ന തനിക്ക് എന്നും പ്രിയപ്പെട്ട ഇടം ഇന്ന് അപൂർണ്ണം ആണെന്ന് അവൾക്ക് തോന്നി…
പിന്നീട് ഒരിക്കലും അവൾ അവനെ കണ്ടില്ല…അവനെ കേട്ടില്ല… അവന്റെ കൈ കോർത്തു നടന്നില്ല.. അവന്റെ മിഴികളിലെ സാഗരങ്ങളെ തേടിയില്ല..
എന്നിട്ടും… എന്നിട്ടും അവൾ വേദനിച്ചുപോയി… ചിലപ്പോഴൊക്കെ തന്റെ ഹൃദയം പ്രാണവേദനയിൽ തകർന്നു പോകുമെന്ന് അവൾക്ക് തോന്നും…
അത്രമേൽ ആഴത്തിൽ അത് തന്നെ വരിഞ്ഞു മുറിക്കിയിരിക്കുന്നു… വിട്ട് മാറാൻ ആവാത്ത വിധം… മറന്നു കളയാനോ വേണ്ടന്ന് വെയ്ക്കാനോ തോന്നാത്ത വിധം താൻ അയാളോട് ചേർന്നു പോയിരിക്കുന്നു…
അലറിക്കരയുന്ന ഹൃദയത്തെ അടക്കിനിർത്തി മൗനത്തെ കൂട്ട് പിടിക്കുമ്പോഴേക്കും അവളിലെ പെണ്ണ് തളർന്നു പോയിരുന്നു.. പ്രണയം നൽകിയ നോവ്!
പ്രാണനെ നഷ്ടപ്പെട്ടു ഭ്രാന്തിയായിപ്പോയവൾ എന്ന് കേൾക്കാൻ തനിക്ക് ഇഷ്ട്ടം ഇല്ലായിരുന്നു..
അയാളെന്ന ഭ്രാന്ത് തന്റെ സിരകളിൽ മുറുകിയപ്പോഴും തന്റെ നിറഞ്ഞ കണ്ണുകളിൽ വേദനയോടെ നോക്കിനിൽക്കുന്ന അമ്മയുടെ നോവ് താൻ എങ്ങനെ കണ്ടില്ലെന്ന് നടിക്കും..
മറക്കുകയായിരുന്നുവോ!അല്ല.. മറന്നെന്ന പോലൊരു നാടകം.. അഭിനയിക്കുകയല്ലാതെ മറക്കുന്നതെങ്ങനെ..
മീരയ്ക്ക് അത്രയും നിസാരമായി ഹരിയെ ഹൃദയത്തിൽ നിന്ന് പറിച്ചെറിയാൻ ആകുമോ!
പകൽ നേരങ്ങളിൽ തന്റെ മുന്നിലേക്ക് വരുന്നവരെ കേവലം കുറച്ച് വാക്കുകളാൽ ചേർത്ത് പിടിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ആയിരുന്നെങ്കിലും രാവുകളിൽ താൻ സ്വതന്ത്ര ആയിരുന്നു…
എന്നിലെ ഭ്രാന്ത് പൂക്കുന്നത് രാത്രികളിൽ ആയിരുന്നു…
ബാൽക്കണിയുടെ ചുവരിൽ ചേർന്നിരുന്നു നേർത്ത ശബ്ദത്തിൽ പാട്ടുകൾ മൂളുമ്പോഴൊക്കെയും തന്റെ ഹൃദയം വേദനിക്കും.. ചന്ദ്രനും നക്ഷത്രങ്ങളും തനിക്ക് കൂട്ടായി വരും..
നോവ് നിറഞ്ഞ മിഴികളിൽ പുഞ്ചിരി വിരിയിക്കാൻ കുസൃതികൾ കാട്ടും… പക്ഷേ തന്നിലെ പുഞ്ചിരി പോലും കട്ടെടുത്താണ് അയാൾ പോയ് മറഞ്ഞതെന്ന് അവർ അറിയുന്നില്ലല്ലോ!
നാളുകൾക്ക് ശേഷം ഏറെ സന്തോഷത്തോടെയാണ് ആശ്രമത്തിലേക്ക് പോയത്.. ഹരിയുടെ അമ്മയുടെ പിറന്നാൾ…
എല്ലാ വർഷവും തന്നെയും കൂട്ടി ഈ ദിവസം പങ്കു വെയ്ക്കാൻ പോകുന്ന ഒരു ഇടമുണ്ട്.. വരും.. വരാതിരിക്കില്ല..
സന്ധ്യക്ക് നേരെ അങ്ങോട്ട് ചെല്ലണം എന്ന് കരുതി തന്നെയാണ് പോയതും..
ഓർമകളിലൂടെ ഹൃദയം ഓടി നടക്കവേയാണ് അവൾ തന്റെ മുന്നിലേക്ക് വന്നത്..താൻ അവൾടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
ശരീരവും മനസ്സും ഒരു പോലെ തളർന്നു പോയൊരു പെൺകുട്ടി…വിഷാദം തളം കെട്ടിയ കണ്ണുകൾ… അവളുടെ മുഖം കാൺകെ എന്തിനെന്നില്ലാത്ത ഒരു വേദന തോന്നി..
ആദ്യമൊന്നും പ്രതികരിക്കാതെ ഇരുന്നെങ്കിലും… കുഞ്ഞേ എന്ന് വിളിച്ചതും അവൾ തന്നെ മുഖം ഉയർത്തി നോക്കി…
തിരികെ സൗമ്യമായ ഒരു പുഞ്ചിരി നൽകിയപ്പോഴേക്കും വിങ്ങി കരഞ്ഞുകൊണ്ട് അവൾ തന്നോട് പറഞ്ഞു തുടങ്ങിയിരുന്നു…
ഹൈ സ്കൂളിൽ പഠിക്കുമ്പോ കലോത്സവത്തിന് ലളിത ഗാനത്തിന് ഒന്നാം സമ്മാനം വാങ്ങിയവനോടുള്ള പ്രണയം, തുറന്ന് പറയാതെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് നടന്ന ഹൃദയം നിറഞ്ഞ സ്നേഹം…
താമസത്തിനായി അവർ തന്റെ വീടിന്റെ മതിലിനു അപ്പുറം കൂടി എത്തിയതോടെ അവളോടൊപ്പം തന്നെ ആ പ്രണയവും പൂത്തുലഞ്ഞിരുന്നു..
എങ്കിലും ഒരിക്കൽ പോലും അവൾ അത് തുറന്ന് പറഞ്ഞില്ല..തന്നിലെ പ്രണയം അയാൾ കാണുമെന്നു അവൾ വിശ്വസിച്ചു… പക്ഷേ അതിനും എത്രയോ മുന്നേ അവന്റെ ഹൃദയം അവൻ ഒരുവൾക്ക് നൽകിയിരുന്നു…
സഹിക്കവയ്യാതെ ജീവനൊടുക്കാൻ ശ്രമിച്ചതറിഞ്ഞു ഓടി എത്തിയ ആ മനുഷ്യന്റെ കാലുകളിൽ വിലങ്ങു വീണിരുന്നു…നിനക്ക് വേണ്ടി ജീവൻ പോലും കളയാൻ നിന്ന പെണ്ണാണ്… താലി കെട്ടണമെന്ന്…
അയാളുടെ കണ്ണ് നിറഞ്ഞൊഴുകുമ്പോഴും തനിക്ക് ഉള്ളിൽ സന്തോഷം ആയിരുന്നു.. തന്റെ സ്നേഹം കൊണ്ട് ആ മുറിവ് ഉണക്കാനാകുമെന്ന് തന്നെ വിശ്വസിച്ചു…
പക്ഷേ…. പക്ഷേ എന്റെ ജീവനെക്കാളിലും എന്റെ സ്നേഹത്തേക്കാളിലും എത്രയോ മേലെ ആയിരുന്നു അയാൾക്ക് അവളോടുള്ള സ്നേഹം…
കഥ കേൾക്കുമ്പോഴൊക്കെയും ഒരു വേള ഞാൻ അവനെ പറ്റി ഓർത്തുപോയി.. ആ പെൺകുട്ടിയെ പറ്റി ഓർത്തുപോയി..ഏറ്റവുമൊടുവിൽ തന്റെ ഹരിയെ പറ്റി ഓർത്തുപോയി…
എന്നിട്ട്..?
അയാൾ പോയി..
എവിടെ..?
അയാൾ മരിച്ചുപോയി…
ഒരു നിമിഷത്തേക്ക് തറഞ്ഞിരുന്നു പോയി.. എന്തിനെന്നറിയാത്ത ഒരു വേദന തന്നെ മുറിപ്പെടുത്താൻ തുടങ്ങിയിരുന്നു…
അതേ ചേച്ചി..അയാൾ മരിച്ചുപോയി.. എന്നെ വിട്ടയാൾ പോയി…ഞാൻ സ്നേഹിച്ചിരുന്നതല്ലേ..ആ ഉള്ളിലെ സങ്കടം ഒക്കെയും ഞാൻ മാറ്റുമായിരുന്നു.. എന്നിട്ടും ഒന്ന് കാത്ത് നിൽക്കാതെ പൊയ്ക്കളഞ്ഞു..
പൊട്ടികരഞ്ഞുകൊണ്ട് പുലമ്പുന്നവളെ നോക്കുമ്പോഴും അവളുടെ കയ്യിലിരുന്ന മൊബൈലിൽ തെളിഞ്ഞു നിന്ന വാൾപേപ്പറിൽ കണ്ട മുഖം ആയിരുന്നു തന്റെ ഉള്ള് നിറയെ…
ഹൃദയഭാരം താങ്ങാനാവാതെ എവിടേക്ക് എന്നില്ലാതെ ഇറങ്ങി ഓടി… ഇടയ്ക്കെപ്പോഴോ ആ റബ്ബർ തോട്ടത്തിലെ കുളത്തിനരികിൽ താൻ എത്തിയിരുന്നു…
തളർന്ന് അവിടേക്ക് വീഴുമ്പോഴേക്കും കുസൃതിയോടെ ചിരിച്ചിരുന്ന രണ്ട് കരിനീലകണ്ണുകൾ തന്നെ വട്ടം ചുറ്റി പിടിച്ചിരുന്നു…
തകർത്ത് പെയ്യുന്ന മഴയിലലിഞ്ഞു ആ മണ്ണിൽ ചാഞ്ഞു കിടക്കവേ ഹരി തനിക്ക് അരികിൽ തന്നെ ഉണ്ടെന്ന് തോന്നി…
നനഞ്ഞൊട്ടിയ സാരിക്കിടയിലൂടെ വയറിലേക്ക് കൈ കൊണ്ട് ചെന്നതും പൊട്ടി കരഞ്ഞു പോയി..
അവസാനമായി കണ്ട നാൾ താൻ നൽകിയ സ്നേഹത്തിനു പകരമായി ഒരു ചെമ്പകപൂവ് പോലും അയാൾ തനിക്ക് ആയി ബാക്കി വെയ്ക്കാതെ പോയതോർത്തു ഹൃദയം പൊട്ടുമാറുച്ചത്തിൽ അലറി കരഞ്ഞു…
പെട്ടെന്ന് മീര എന്ന വിളി കേട്ടതും ഞെട്ടി എഴുനേറ്റു… കുളത്തിനടിയിൽ നിന്നാണ് ആ ശബ്ദം എന്നറിഞ്ഞതും ഇറങ്ങാൻ തുടങ്ങിയിരുന്നു… ഹരി തന്നെ വിളിക്കുന്നു.. തന്നെ കൊണ്ട് പോകാൻ വന്നതാണ്…
ഏറെ നാളുകൾക്ക് ശേഷം മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ കാലെടുത്തു വെച്ചതും തനിക്ക് വേണ്ടി നിറഞ്ഞ കണ്ണുമായി വാതിക്കൽ കാത്തു നിൽക്കുന്ന ക്ഷീണിച്ചു പോയ ഒരു രൂപം ഓർമ്മയിൽ തെളിഞ്ഞു..
അമ്മ…