ആരും അറിയാതെ ആരോടും പറയാതെ ആ വീടിന്റെ കിടപ്പ് മുറിയിൽ പുകഞ്ഞു കൊണ്ടിരുന്ന സമീറിന്റെ അവിഹിതം..

മൽഹാർ
എഴുത്ത്: Navas Amandoor

ഹോസ്പിറ്റലിൽ എത്തും മുൻപേ ഫസി മരിച്ചിരുന്നു.

“റബ്ബേ രണ്ട് കുഞ്ഞി കുട്ട്യോൾ ഉണ്ടല്ലോ ആ മോൾക്ക്….ഇത് എന്തൊരു വിധിയാണ്.”

“രാത്രി പെട്ടെന്നൊരു നെഞ്ചു വേദന വന്നതാണ്.. ഹോസ്പിറ്റലിൽ എത്തും. മുൻപേ പോയി ന്ന് കേൾക്കുന്നു..”

ഫസി മരിച്ചെന്നു കേട്ടിട്ട് വിശ്വസിക്കാൻ മടിക്കുന്ന അയൽവാസികളും കുടുംബക്കാരും.മരണ വാർത്ത കെട്ടവരുടെ കണ്ണുകൾ നിറഞ്ഞു.

രണ്ട് മക്കളുടെ ഒപ്പം സന്തോഷത്തിലുള്ള ജീവിതം. ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ അവളെ കാണാറില്ല. നല്ലതല്ലാത്ത ഒന്നും ആർക്കും പറയാനില്ല.

കല്യാണപ്രായമായിട്ടും നിക്കാഹ് നടക്കാതെ നിന്ന് പോയ കൂട്ടുകാരിയെ ഒരാൾക്ക് ഇഷ്ടമായപ്പോൾ വാപ്പായില്ലാത്ത ആ കൂട്ടുകാരിക്ക് വേണ്ടി ഫസി നാട്ടുകാർക്ക് ഇടയിലേക്ക് ഇറങ്ങി.

ഇത്തിരി പോന്നോടെ കൂട്ടുകാരിയുടെ നിക്കാഹ് നടത്താൻ ഇറങ്ങിയ ഫസിയുടെ സംസാരത്തിലും പുഞ്ചിരിയിലും പതിനഞ്ചു പവനുമായി ചമഞ്ഞു ഇറങ്ങി മണവാട്ടി.

അന്ന് നിക്കാഹ് കഴിഞ്ഞു പുതുപ്പെണ്ണ് വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ഫസിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

“കൂടെ പിറന്നവരോ കുടുംബക്കാരോ ചെയ്തതത് ആണ് നീ എനിക്ക് വേണ്ടി ചെയ്തത്.”

“നീ കരഞ്ഞാൽ… എനിക്കും കരച്ചിൽ വരും പെണ്ണേ… നീ എന്റെ കൂട്ടുകാരിയല്ലേ.. ഒന്നും ഓർക്കേണ്ട… സുഖമായി ജീവിക്കു.”

മരണത്തിന് ശേഷം നാവുകൾ പറയുന്ന നന്മകൾ.. മനസുകളിൽ ഓടിയെത്തുന്ന നല്ല ഓർമ്മകൾ.

മക്കളെ കരച്ചിൽ കേട്ട് ഫസിയെ കൊണ്ട് പോയവരാണ് സെമീറിനെ വിളിച്ചു പറഞ്ഞത്. ഫസി കാല് തെറ്റി വീണന്നാണ് അവർ അവനോട് പറഞ്ഞത്. കുറച്ചു സമയത്തിനുള്ളിൽ സമീർ ഹോസ്പിറ്റലിൽ എത്തി.

ജീവന്റെ പാതിയായവൾ ഒന്നും മിണ്ടാതെ ഒന്ന് കാണാൻ പോലും കഴിയാതെ യാത്ര പറഞ്ഞത് അറിഞ്ഞപ്പോൾ അവനും കരഞ്ഞു.

ജീവന്റെ ജീവനയവൾ റൂഹ് പിരിഞ്ഞു തനിച്ചാക്കി പോകുമ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത വിധം കരഞ്ഞു പോകുമ്പോൾ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ കൂടെയുള്ളവർ നോവിന്റെ കാഴ്ചക്കാർ ആവും..

വീട്ടിൽ ആളുകൾ എത്തിതുടങ്ങിയപ്പോൾ ഉമ്മിച്ചിക്ക് എന്തോ പറ്റിയെന്നു മകന് തോന്നി തുടങ്ങിയപ്പോൾ അവൻ .ഉമ്മയെ വിളിച്ചു കരഞ്ഞു..

അവനെ ഫസിയുടെ ഉപ്പ ചേർത്ത് പിടിച്ചു. നിയ മോൾ ഉമ്മ പോയത് അറിയാതെ ഓടി നടക്കുന്നുണ്ട്. മക്കളെ കാണുമ്പോൾ പലരുടെയും ഹൃദയം നൊന്ത് കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു.

മോനെ ചേർത്ത് പിടിച്ചു ഇടക്കിടെ കണ്ണുകൾ തുടച്ച ഉപ്പയുടെ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.വിറയർന്ന കൈകൾ കൊണ്ട് മൊബൈൽ എടുത്തു ചെവിയോട് ചേർത്തു.

“ഉപ്പ… ഇത്താത്ത വിഷം കഴിച്ചിരുന്നുന്ന്.”

“ന്റെ റബ്ബേ… ന്റെ കുട്ടി.. എന്തിനാ…”

ഉപ്പയുടെ മോളായി വളർത്തി വലുതാക്കിയ മകൾ. ഇന്നലെ വരെ ഒരു പ്രശ്നവും മകളുടെ ജീവിതത്തിൽ കാണാത്ത കേൾക്കാത്ത ഉപ്പ മകൾ വിഷം കഴിക്കാനുള്ള കാരണം തിരയാൻ തുടങ്ങി.

നെഞ്ചകം നീറുന്നുണ്ട്. ഓർമ്മയിൽ ഒരു പൈതലിൽ നിന്ന് അവളുടെ വളർച്ച മനസ്സിൽ തെളിഞ്ഞു. വാപ്പിച്ചിടെ മോൾ ആണെന്ന് ഗമയിൽ പറയുന്ന മോളാണ്.

ഓരോന്ന് ഓരോന്നായി തെളിയുമ്പോൾ ചെവിൽ ഫസി ഉപ്പയെ..’ഉപ്പിച്ചി ‘ ന്ന് വിളിക്കുന്ന പോലെ കേൾക്കുന്നു.

“ഉപ്പിച്ചി… ഉമ്മ എന്നോട് പറഞ്ഞു നിയ മോളെ നന്നായി നോക്കണമെന്ന്.”

“പിന്നെ എന്തങ്കിലും പറഞ്ഞോ മോനെ.”

“.മോൻ വലുതാകുമ്പോൾ ഒരിക്കലും വാപ്പയെ പോലെ ആകരുതെന്ന്.. വാപ്പിക്ക് ഒരു ആന്റിയെ ഇഷ്ടം ആണെന്ന്.. ഉമ്മിച്ചിക്ക് അത് സഹിക്കാൻ പറ്റുന്നില്ല ന്ന് പറഞ്ഞു.. എന്നെ കെട്ടിപിടിച്ചു കരഞ്ഞു.”

മാസങ്ങളായി ആരും അറിയാതെ ആരോടും പറയാതെ ആ വീടിന്റെ കിടപ്പ് മുറിയിൽ പുകഞ്ഞു കൊണ്ടിരുന്ന സമീറിന്റെ അവിഹിതം.

പറഞ്ഞു തിരുത്താൻ അവളെ കൊണ്ട് കഴിയുന്നത് പോലെ പിണങ്ങിയും ശാസിച്ചും ഒച്ച വെച്ചും കരഞ്ഞും ഭർത്താവിനെ തിരിച്ചു പിടിക്കാൻ ശ്രമിച്ചു.

എല്ലാത്തിന്റെയും അവസാനം അവളുടെ തീരുമാനം ഇക്കാക്ക് വേണ്ടി മരിക്കുക.

വേറെയൊരുത്തിയുമായി സമീർ ജീവിക്കുന്നത് കാണാനുള്ള കരുത്ത് ഇല്ലാത്തവളുടെ ഒളിച്ചോട്ടം.മരിക്കാൻ മനസ്സിൽ ഉറപ്പിച്ചപ്പോൾ മോനെ ചേർത്ത് പിടിച്ചു കെട്ടിപിടിച്ചു കരഞ്ഞു.

“ഇക്കാ… ഫസി തോറ്റുപോയി.ഇക്ക ഇക്കാടെ ഇഷ്ടം പോലെ ജീവിച്ചോ.. ന്റെ ക്കയെ പങ്ക് വെക്കുന്നത് ഫസിക്ക് മരിക്കുന്നതിന് തുല്യമാണ്… ഐ ലൗ യു.”

ഫസിയുടെ മരണം കേസാവും.ഭാര്യ ആത്മഹത്യചെയ്യാൻ കാരണക്കാരനായ ഭർത്താവിനെ നിയമം ശിക്ഷിക്കും.

പക്ഷെ കുടുംബം ഉണ്ടായിട്ടും അറിഞ്ഞു കൊണ്ട് തെറ്റിന് കൂടെ നിന്ന സമീറിന്റെ കാമുകിയും ശിക്ഷിക്കപ്പെടേണ്ടേ.”..?