പൂമരങ്ങൾ
(രചന: Navas Amandoor)
ഇന്നവൾ എന്നത്തെക്കാളും സുന്ദരിയായിരിക്കുന്നു. നഗ്നമായ ശരീരത്തിലെ വിയർപ്പുതുള്ളികൾ പോലും മധുരിക്കുന്നു.
അവളുടെ ശരീരം എന്നിലേക്ക് ചേർത്ത് വെച്ച് മുഖം നെഞ്ചിലമർത്തി. ഉടലിന്റെ വികാരങ്ങൾ പെയ്തു ഒഴിഞ്ഞ തളർച്ചയിൽ അവളുടെ തല മുടിയിൽ വിരലോടിച്ച നേരത്തും എന്റെ മനസ്സിൽ ഒറ്റപ്പെട്ടുപോയ നാളുകളിലെ നൊമ്പരം.
“എന്തേ ഉറങ്ങുന്നില്ലേ… ?”
“ഉറക്കം ഇല്ലാതെയായിട്ട് മാസങ്ങളായില്ലേ സാറ. ഇപ്പൊഴും എനിക്ക് അറിയില്ല എന്തിനാണ് നമ്മൾ അകന്നതും ഇങ്ങിനെ ഒറ്റപ്പെട്ട് ജീവിച്ചതും ”
“അത് കഴിഞ്ഞില്ലേ.. ഇപ്പൊ വീണ്ടും നമ്മൾ ഒന്നായില്ലെ. മാഷിന്റെ തലോടലിൽ പെയ്തു ഒഴിഞ്ഞത് എന്റെ വികാരം മാത്രമല്ല.മനസ്സിന്റെ സങ്കടവും കൂടിയാണ്”
“ഇനി മരണം വരെ പിരിയരുത് നമ്മൾ.ഇനിയും ഇങ്ങിനെയൊരു സങ്കടത്തിനെക്കാൾ എനിക്കിഷ്ടം മരണമാണ് ”
കാരണങ്ങളില്ല. ഒരു സോറി കൊണ്ട് തീർക്കാൻ കഴിയുമായിരുന്നു. പക്ഷെ പറഞ്ഞില്ല.
ജീവനെക്കാൾ ഏറേ സ്നേഹിച്ചവർ വാശി പിടിച്ചു. കാണാതെ മിണ്ടാതെ എങ്ങിനെയാണ് ഇത്രയും മാസങ്ങൾ.
“സാറ നീ ഇല്ലാതെനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് എന്നെ പഠിപ്പിച്ച ദിവസങ്ങൾ.. ”
“നമ്മളൊരുമിച്ചല്ലാത്ത ദിവസങ്ങളിൽ നിദ്ര പോലും നമ്മളെ തേടി വരാൻ മടിക്കുന്നു. ”
അവൾ മുഖമുയർത്തി കവിളിൽ ചുംബിച്ചു. അവളുടെ ചുണ്ടിൽ ഞാൻ ചുണ്ട് അമർത്തി ചുണ്ടിൽ പതുക്കെ കടിച്ചു. കൈ കൊണ്ട് ചുറ്റിപ്പിടിച്ചു കഴുത്തിൽ മുഖമുരസി.വീണ്ടും ചൂട് പിടിക്കുന്ന ശരീരം.
“ഹോ… കൊതിയൻ ”
എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല. രാവിലെ ചായയുമായി സാറ വിളിച്ചു. സമയം ഏഴ് ആകുന്നു. മുഖം കഴുകി ജനൽ തുറന്നു.
കാണുന്നില്ലല്ലോ. എനിക്ക് കണിയായി എന്നും കാണുന്ന പ്രായമുള്ള അയാളെ. അയാൾക്ക് എന്റെ അച്ഛന്റെ വയസ്സ് ഉണ്ടായിരിക്കുമെന്ന് തോന്നാറുണ്ട്. സാറ പോയപ്പോൾ ഞാൻ കണ്ട് തുടങ്ങിയ കാഴ്ച.
ടീച്ചർ വരുന്നുണ്ട്. പക്ഷെ അയാളില്ല. അയാൾ നിൽക്കാറുള്ള ഭാഗത്തേക്ക് ടീച്ചർ നോക്കി. മുഖം വാടിയത് ഞാനും കണ്ടു. പിന്തിരിഞ്ഞു നോക്കി നടന്ന് പോയ ടീച്ചറു ടെ മിഴികൾ നനയുന്നുണ്ടാകുമോ… ?
“എന്താ നോക്കി നിൽക്കുന്നത്… ? ”
“സാറ… ഇന്ന് അയാൾ വന്നില്ല. ”
“ആരാണ്… ?”
അവൾക്ക് അറിയില്ലല്ലോ ഇതൊന്നും. ചില നിമിഷങ്ങൾ മാത്രം കണ്ട് പുഞ്ചിരി തൂകി കടന്നുപോകുന്ന അയാളെയും ടീച്ചറെയും.
ടീച്ചർക്ക് നാൽപ്പത് വയസ്സിന്റെ അടുത്ത് കാണും.അവർ പ്രണയിക്കുകയായിരുന്നോ… ?
ഓരോ ദിവസവും ടീച്ചറുടെ വരവിനായി കാത്ത് നിൽക്കുന്ന അയാളെ നോക്കി ചിരിച്ചു നടന്ന് പോകുന്ന ടീച്ചറെ ഞാൻ കണ്ടുതുടങ്ങിയിട്ട് അഞ്ച് മാസമായി. അതിന് മുൻപേ എപ്പോഴോ തുടരുന്നതാകും.. ഈ പുലർക്കാല അനുരാഗം.
ഒരിക്കൽ പോലും അവർ സംസാരിച്ച് കണ്ടിട്ടില്ല. ഈ പ്രായത്തിൽ ഒരു പ്രണയം. ആദ്യം പുച്ഛം തോന്നി.
പിന്നെ കൗതുകം. ഇപ്പൊ അവർ എന്റെ കണിയാണ്. ഈ കണി തന്നെയാണ് സാറയോട് സോറി പറഞ്ഞു വീണ്ടും കൂടെ കൂട്ടാൻ കാരണമായതും.
“പറഞ്ഞില്ലല്ലോ ആരെയാ മാഷ് നോക്കി നിന്നത് … ?”
“ആ വഴിയിൽ ഞാൻ കണി കാണുന്ന ഒരു പ്രണയം ഉണ്ടായിരുന്നു. ഇന്ന് ഒരാളെ കണ്ടില്ല. ”
കാര്യങ്ങൾ കേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. പ്രണയമാണോയെന്നറിയില്ല. ആയിരിക്കുമെന്ന് മനസ്സ് പറയുന്നു. അതല്ലെങ്കിൽ ഇങ്ങിനെ രണ്ടുപേർ കാത്തിരിക്കില്ല.
“മനസ്സിനോട് പ്രണയം. അവരുടെ ഇഷ്ടം മനസ്സുകൾ തമ്മിലായിരിക്കും. റിയൽ ലൗ. ”
ഞങ്ങൾ കാത്തിരുന്നു അടുത്ത പുലരിക്കായി. ഞാനും സാറയും ജനലരികിൽ അവരുടെ വരവിനായി ചേർന്നു നിന്ന് പുറത്തേക്ക് നോക്കി. എന്നേക്കാൾ ആകാംക്ഷ ഇന്ന് അവൾക്കാണ്.
സമയമായിട്ടും രണ്ടാളും വന്നില്ല.
നിരാശയോടെ ജനലുകൾ അടച്ചു.
അവർ എന്തായിരിക്കും വരാതിരിക്കുന്നത്. ഒരു ദിവസം പോലും അവർ കാഴ്ചയും ചിരിയും മുടങ്ങിയത് ഓർമ്മയിൽ ഇല്ല. ഓരോ ദിവസവും ഞാൻ തുടങ്ങുന്നതും ആ പുഞ്ചിരിയിൽ നിന്നായിരുന്നു.
“മാഷേ… അവർ നാളെ വരും. ”
“അവർ ഇനി വന്നില്ലെങ്കിലോ… ?”
പിന്നെയും രണ്ട് ദിവസം ഞാനും സാറയും ജനലിൽ അവരെ കാണാൻ കാത്തു നിന്നിട്ടും അവർ വരാതെ ആയപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം.
ഞാൻ ടീച്ചറുടെ വീട് തേടി പോകാൻ തന്നെ തീരുമാനിച്ചു. ഞാൻ പോയി തിരിച്ചു വരുന്ന നേരത്ത് സാറ എന്റെ വരവും കാത്ത് ചെടിച്ചട്ടിയിൽ അന്ന് വിരിഞ്ഞ റോസിനെ തലോടി നിൽക്കുന്നുണ്ട്.
” സാറ ടീച്ചർ ഇനി വരില്ല ഈ വഴിയിൽ. അഗ്നിയിൽ കത്തി തീർന്നു ആ പുഞ്ചിരി.ഞാൻ കണ്ടു എരിഞ്ഞു അടങ്ങിയ ചിത. ”
എന്റെ നിറയുന്ന കണ്ണുകൾ സാറ തുടച്ചു. ഞാൻ ജനലിന്റെ അരികിൽ വന്നു നിന്നു പുറത്തേക്കു നോക്കി.
“മാഷേ അപ്പോൾ അയാളെ തിരിക്കിയില്ലേ.അയാൾ അല്ലേ ആദ്യം വരാതിരുന്നത്.. ?” ഞാൻ സാറയെ കെട്ടിപ്പിടിച്ചു കരച്ചിൽ അടക്കാൻ കഴിയാതെ കുട്ടികളെ പോലെ വിതുമ്പി കരഞ്ഞു.
“ആയാളും വരില്ല ഇനി. അന്ന് അയാൾ വരാതിരുന്ന ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു. അന്ന് രാത്രി തന്നെ മരിച്ചു. ”
“എന്റെ ദൈവമേ…. ”
“ഓരേ രാത്രിയിൽ രണ്ട് മരണം. ആയാളും ടീച്ചറും… ”
“ഇപ്പൊ എനിക്ക് തോന്നുന്നു അവരുടെ പ്രണയം സത്യമായിരുന്നെന്ന്. അല്ലെങ്കിൽ ഇങ്ങിനെ ഇഷ്ടപ്പെട്ടിരുന്ന രണ്ടുപേരും ഒരു ദിവസം തന്നെ പോകാൻ കഴിയില്ല. ”
“എനിക്ക് അറിയില്ലായിരുന്നു സാറ ആയാളും ടീച്ചറും പാതി വഴിയിൽ വേർപിരിഞ്ഞ ഭാര്യയും ഭർത്താവുമായിരുന്നെന്ന്. അറിഞ്ഞപ്പോ ഷോക്കായി. ”
വേർപിരിഞ്ഞു പോയത് ശരീരമാത്രമായിരിക്കും മനസ്സിനെ വേർപെടുത്താൻ കഴിഞ്ഞ് കാണില്ല.
മനസ്സിലെ വാശിയും കാരണങ്ങളും ഇല്ലാതായപ്പോൾ നഷ്ടപ്പെട്ട ജീവിതത്തെ ഓർത്ത് അവരും കരഞ്ഞു കാണും. ഉറങ്ങാതെ രാത്രി വെളുപ്പിച്ചു ഒന്നുകാണാൻ കാത്തുനിന്നു.
” ആയാളും ടീച്ചറും മാഷിന് കണിയായി കണ്ണിൽ കണ്ടില്ലായിരുന്നങ്കിൽ നമ്മളും അതുപോലെ…. ”
ജനലിരികിൽനിന്നും സാറ എന്റെ നെഞ്ചിൽ മുഖം അമർത്തി കൈകൾ കൊണ്ട് കെട്ടി പിടിച്ചു. അവളുടെ കണ്ണിൽ നിന്നും അടർന്ന് വീണ കണ്ണീർ തുള്ളികളെ തുടച്ചു അവളെ ഞാൻ ചേർത്ത് പിടിച്ചു.
“സോറി… ഇനി ഒരിക്കലും നമ്മൾ പിരിയാൻ പാടില്ല ട്ടോ.. ”
തുറന്നിട്ട ജനൽ പാളികൾ ഞാൻ വലിച്ചു അടച്ചു. രാത്രിയുടെ ഇരുളിൽ നിന്നും പുനർജനിച്ചു വരുന്ന പകലിന്റെ ഉദയത്തിൽ എനിക്ക് കണിയായി ഇനി അവർ വരില്ലങ്കിലും
ഈ ജനൽ പാളികൾ തുറന്നിട്ടാൽ കാണാൻ കഴിയും ടീച്ചറെ കാത്തു നിൽക്കുന്ന അയാളെ നോക്കി പുഞ്ചിരിച്ചു നടന്നുപോകുന്ന ടീച്ചറെ.
“ആത്മാക്കളുടെ ലോകത്ത് സ്വർഗ്ഗത്തിലെ പൂമരങ്ങളുടെ തണലിൽ അവർ വീണ്ടും കാണും. ഒരുമിച്ച് ഒരു ദിവസം വന്നു ചേർന്നതറിഞ്ഞ് സന്തോഷത്തോടെ നോക്കി നിന്ന് പുഞ്ചിരിക്കുമായിരിക്കും അല്ലേ സാറ. “