മൊഹബ്ബത്ത്
(രചന: Navas Amandoor)
“ഇക്കാ….. ഞാൻ മരിച്ചാൽ വേറെ പെണ്ണ് കെട്ടോ” “കെട്ടും. ”
“മരിച്ചു നാൽപ്പത് കഴിയാൻ കാത്തു നിൽക്കും കൊരങ്ങൻ” “പിന്നെല്ലാതെ.. പോയവർ പോയി. വേറെ ഒന്നിനെ കെട്ടി കൂടെ താമസിപ്പിക്കണം”
“പോടാ…. ”
“നിനക്ക് തോന്നുന്നുണ്ടോ മോളേ ഞാൻ ഇനി വേറെ ഒരുത്തിയെ……… ”
“എനിക്ക് അറിയാം ഇക്കാ. എന്നാലും പറയുവാ. ഞാൻ മരിച്ചാൽ ഇക്ക വേറെ കെട്ടണം. നമ്മുടെ മോന്ക്ക് ഉമ്മ വേണം”
“റെജു നീ ഒന്ന് മിണ്ടാതിരിക്കൂ. ഇപ്പൊ ഏഴാം മാസമാണ് നിനക്ക്. അതുകൊണ്ട് ഞാൻ തല്ക്കാലം വെറുതെ വിടുന്നു”
“ഇക്കാ നാളെ ഞാൻ എന്റെ വീട്ടിലേക്കു പോകും. പിന്നെ മോനുമായി തിരിച്ചു വരണം എന്നാണ് ആഗ്രഹം. നമ്മുടെ ആദ്യത്തെ പൊന്നുമോൻ ”
“വരും നീ.. ഇതുപോലെ നമ്മൾ അവനെ അടുത്ത് കിടത്തി ഇങ്ങിനെ സംസാരിച്ചു.. ”
വാപ്പയുടെ സംസാരം കേട്ട് വയറ്റിൽ ചെക്കൻ കാല് പൊക്കി ചവിട്ട് തുടങ്ങി. അവൾ ഒരു കൈ വയറിൽ വെച്ച് അവനെ നോക്കി. നിസാർ ചെവി വയറോട് ചേർത്തു വെച്ച് മോന്റെ അനക്കം ശ്രദ്ധിച്ചു. എന്നിട്ട് പതുക്കെ വയറിൽ ചുംബിച്ചു.
“മതി ഇക്കാ ആ ചെക്കനെ പുന്നാരിച്ചത്. കുറുമ്പനാണ്. അടങ്ങി കിടക്കുന്നില്ല. ”
“റെജി നീ ഉറങ്ങിക്കോ.. ”
“മ്മ്. ഇന്ന് എന്റെ ഇക്കാടെ നെഞ്ചിൽ തല വെച്ച് വേണം എനിക്ക് ഉറങ്ങാൻ”
ലേബർ റൂമിന്റെ പുറത്ത് ഇരുന്ന് നിസാർ ഓർത്തതും ഓർമ്മയിൽ വരുന്നതും ആ ദിവസത്തെ സംസാരം. അതുകൊണ്ട് തന്നെ മനസ്സിൽ വല്ലാത്ത ഭയം.
എല്ലാ ഭാര്യമാരും ചോദിക്കും വേറെ കെട്ടോ എന്ന്. ഇവളും ചോദിച്ചു. പക്ഷെ തിരിച്ചു വരാതെ അവൾ തരുന്ന സമ്മാനത്തിന് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുക്കാതെ മനസ്സിന്റെ താളം തിരിച്ചു കിട്ടില്ല.
“റെജുലയുടെ കൂടെ ആരാ ഉള്ളത്. പ്രസവിച്ചു ആൺ കുട്ടി”
എല്ലാവർക്കും സന്തോഷിക്കാൻ കിട്ടിയ വാർത്തയാണ് കേട്ടത്. കാത്തിരുന്നതും കിട്ടിയതും ആഗ്രഹിച്ച പോലെ ഒരു ആൺ കുട്ടി. റെജുവിനെ കാണാതെ നിസാറിന്റെ മുഖത്തു സന്തോഷം വിടരില്ല.
കുറച്ചുമാറി ആ സമയം നടക്കുന്ന ചർച്ചകൾ നിസാർ കണ്ടില്ല. ലേബർ റൂമിന്റെ അകത്താണ് മനസ്സ്. അവളെ പറ്റി ആരും ഒന്നും പറയുന്നില്ല.
“ഇക്കാ ഞാൻ മരിച്ചാൽ വേറെ കെട്ടോ ”
“നീ ഒന്ന് മിണ്ടാതിരിക്കു പൊന്നേ.നിന്നെ എനിക്ക് വേണം എന്നും.വേറെ ഒരു പെണ്ണിനും എന്റെ റെജു ആവാൻ കഴിയില്ല.നീ കൂടെ വേണം എനിക്ക് എന്നും ”
അവൾക്ക് വേണ്ടി പ്രാർത്ഥനയോടെ നിൽക്കുന്ന സമയത്തും ആയിരം തവണ ആവർത്തിച്ചു മനസ്സിൽ ചോദ്യവും ഉത്തരവും.
മോനെ പുറത്തേക്കു കൊണ്ടുവന്നു നിസാറിന്റെ കൈയിൽ കൊടുത്തു. മോന്റെ മുഖത്തും സങ്കടം ഉള്ളപ്പോലെ തോന്നി. നിസാർ അവന്റെ നെറ്റിയിൽ ചുണ്ട് അമർത്തി. മോനെ ഉമ്മയുടെ കൈയിൽ കൊടുത്തു.
“ആരാ അവനോടു പറയ്യാ അവന്റെ റെജു തിരിച്ചു വരില്ലെന്ന്”
“പറയാതിരിക്കാൻ കഴിയില്ലല്ലോ. ”
പടച്ചോൻക്കു ഇഷ്ടമുള്ള ആളുകളെ പടച്ചോൻ വിളിക്കും. നമ്മൾ മനുഷ്യർ സഹിക്കണം. പൊരുത്തപ്പെടണം. ഇങ്ങിനെ ജീവനുള്ളവരെ കരയിക്കാൻ പടച്ചോൻ ആരെയും ഇഷ്ടപ്പെടരുത്.
നിസാറിനോട് പറഞ്ഞത് അവന്റെ വാപ്പ തന്നെയാണ്. മറിഞ്ഞു വീഴാതിരിക്കാൻ ഭിത്തിയിൽ അമർത്തി പിടിച്ചു.
ചുണ്ട് കടിച്ചു പിടിച്ചു കരയുന്നതു കണ്ടവരുടെ കണ്ണുകൾ നിറഞ്ഞു. വെള്ള പുതച്ചു ആ മയ്യിത്ത് പുറത്തു കൊണ്ടുവന്നപ്പോൾ മോനെ കൈയിൽ എടുത്തു അവളുടെ അരികിൽ നിന്നു.
“റെജു നോക്ക് റെജു നമ്മുടെ മോൻ. അവന് പാല് കൊടുക്കാതെ നീ പോകല്ലേ റെജു.നോക്ക് റെജു മോൻ കരയുന്നു… ഒന്ന് കണ്ണ് തുറന്ന് നോക്ക് മോളേ.. ”
തടഞ്ഞു നിർത്താൻ കഴിവുള്ളർ ആരാണ്. ഈ സങ്കടത്തെ. കണ്ണ് നിറയാതെ കാണാൻ കഴിയാത്ത കാഴ്ച്ചയിൽ നൊന്ത് പോയവർ ചുറ്റിലും.
‘ഒന്നുമറിയാതെ കരയുന്ന പൈതലിന്റെ ചുണ്ടിലെ അമ്മിഞ്ഞയുടെ ദാഹം അകറ്റണം പടച്ചോനെ ‘എന്നൊരു പ്രാർത്ഥന ആയിരിക്കും ആ സമയം എല്ലാവരുടെയും ഉള്ളിൽ.
“അവള് പോയി.. എന്നെയും മോനെയും തനിച്ചാക്കി.മോന്റെ കവിളിൽ ഒരു ഉമ്മ കൊടുക്കാതെ…ഒരു വാക്ക് മിണ്ടാതെ റെജു പോയി… ”
വീട്ടിൽ കൊണ്ടുവന്നു കടത്തിയപ്പോഴും മയ്യിത്ത് ഖബറിലേക്കു ഇറക്കി കിടത്തി മുകളിൽ മണ്ണ് ഇട്ടു രണ്ട് വശത്തും മൈലച്ചി ചെടി വെച്ച നേരത്തും മനസ്സിൽ അയാൾ അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടിരുന്നു.
വർഷങ്ങൾ പലതും കൊഴിഞ്ഞു പോയി.മൈലാഞ്ചി ചെടി അവളുടെ സ്വപ്നങ്ങളെ വളമാക്കി വളർന്നു വലുതായി. അവളുടെ ഖബറിന്റെ അരികിൽ മോനുമായി നിൽക്കുന്ന നേരത്തും നിസാർ പറയും റെജുവിനോട്
“റെജു നിന്റെ ഇക്കാ വേറെ ഒരുപെണ്ണിനെ കെട്ടില്ല. വേറെ ഒരു പെണ്ണിനും എന്റെ മോന്റെ ഉമ്മയാകാനും കഴിയില്ല.
ഞാൻ നോക്കിക്കോളും നമ്മുടെ മോനെ അവൻ എന്നും നമ്മുടെ മോനായി തന്നെ വരും.. വളർത്തും. പള്ളിക്കാട്ടിൽ അല്ല മോളേ നീ ഉറങ്ങുന്നത് എന്റെ ഖൽബിൽ ആണ്. ”
പടച്ചവന് ഇഷ്ടം ഉള്ളവരെ തിരിച്ചു വിളിക്കും കൂടെ ഉള്ളവരുടെ സ്നേഹം കാണാതെ എന്തിനാ പടച്ചവൻ ഇങ്ങിനെ ഇഷ്ടം കൂടുന്നത്… ?
പ്രസവമുറിയിൽ നിന്നും പുഞ്ചിരിയോടെ ഭാര്യയെ സ്വീകരിക്കാൻ നിന്നാ നിസാറിന് അവളുടെ മയ്യിത്താണ് കാണാൻ കഴിഞ്ഞത്. അവൾ സമ്മാനിച്ച മോനെ നെഞ്ചോട് ചേർത്ത് അയാൾ ജീവിച്ചു.
മുറ്റത്തൊരു കല്യാണപന്തൽ ഒരുങ്ങി. ഇന്ന് ഈ വീട്ടിൽ ഒരു പെണ്ണ് വലത് കാൽ വെച്ചു കയറി വരും. അണഞ്ഞു പോയ വെളിച്ചം അവളിലൂടെ തിരിതെളിയും.
പൊട്ടിക്കരച്ചിലിന്റെ ഇടയിൽ വെള്ള തുണിയിൽ പൊതിഞ്ഞ റെജു വിന്റെ മയ്യിത്ത് വാങ്ങി വണ്ടിയിൽ കയറ്റുന്ന നേരത്ത് ദാഹിച്ചു തൊണ്ട നനക്കാനോ ഉമ്മിച്ചിയെ കാണാനോ പൈതൽ നിർത്താതെ കരഞ്ഞത്.
മൈലാഞ്ചി ഇലയും പനിനീരും തളിച്ചു അവളെ മൂന്ന് തുണിയാൽ പൊതിയുന്നത് കലങ്ങിയ കണ്ണുകൾ കൊണ്ട് അയാൾ നോക്കി നിന്നു.
മയ്യിത്ത് കട്ടിൽ തോളിലേറ്റി പള്ളിയിലേക്ക് എല്ലാവർക്കും മുൻപിൽ നടന്നു.
ചങ്ക് പിടയുന്ന ഒഴുകുന്ന കണ്ണീരാൽ മനസ്സ് നിറയെ സ്നേഹവുമായി ഭാര്യയുടെ മയ്യിത്ത് നമസ്കരിച്ചു. കവിളിലെ തുണി മാറ്റി അവളെ മണ്ണിൽ ചേർത്തു കിടത്തിയപ്പോൾ അവൾ ആ ചോദ്യം വീണ്ടും ചോദിക്കുന്നത് പോലെ തോന്നി.
“ഇക്കാ ഇക്കാ…. ഞാൻ മരിച്ചാൽ വേറെ പെണ്ണ് കെട്ടോ…. ?”
മൂട് കല്ല് വെച്ചു മൂന്ന് പിടി മണ്ണ് വാരി ഇട്ടു രണ്ട് തലക്കലും മൈലാഞ്ചി ചെടി നാട്ടിയ ആ ദിവസം മനസ്സിൽ നിന്നും മായുന്നില്ല.
“അവളെ ഖബറടക്കിയത് പള്ളിക്കാട്ടിലല്ലാ… എന്റെ ഖൽബിലാണ് ”
അന്ന് മുതൽ മോനെ നെഞ്ചോട് ചേർത്ത് അയാൾ ജീവിച്ചു. അവന്റെ വളർച്ച ഉമ്മയെ കൊണ്ട് കാണിച്ചു. അവൻ കുഞ്ഞി കൈ കൊണ്ട് മൈലാഞ്ചി ചെടിയിൽ പിടിച്ചു ഉമ്മായെന്നു വിളിച്ചു.
ഉമ്മയുടെ മുൻപിൽ നിൽക്കുമ്പോൾ വാപ്പയുടെ കണ്ണ് നിറഞ്ഞു.ആ കണ്ണീർ തുള്ളികൾ പള്ളി കാട്ടിലെ മണ്ണിൽ വീഴുന്നതു കണ്ട അവൻ കൈ കൂട്ടി പിടിച്ചു മുകളിലേക്ക് ഉയർത്തി.,
“എന്റെ ഉമ്മിച്ചിനെ കാക്കണേ… ”
എന്ന് പറയുന്നത് കേട്ടു സകല നിയന്ത്രണങ്ങളും പിടിവിട്ട അയാൾ മകനെ ചേർത്തു പിടിച്ചു കരഞ്ഞ കണ്ണീരിൽ മൈലാഞ്ചി ചെടി തഴച്ചു വളർന്നു.
ഉണങ്ങാത്ത മുറിവുകളും വറ്റാത്ത കണ്ണീരും കാലത്തിന്റെ ചലനത്തിൽ ആഴം കുറഞ്ഞ് ഇല്ലാതെയാകും. പക്ഷെ മനസ്സിലെ മുഹബ്ബത്ത് ഇല്ലാതാക്കാൻ കാലത്തിന് കഴിയില്ല.
“നിസാറെ നീ ചെറുപ്പമാണ് ഇനിയും ജീവിതം ബാക്കി. മോൻക്ക് ഉമ്മാ എന്ന് വിളിക്കാനെങ്കിലും നീ ഒരു പെണ്ണിനെ നിക്കാഹ് ചെയ്യണം.
വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും പലവട്ടം പറഞ്ഞു കൊണ്ടിരിന്നു രണ്ടാമത്തെ നിക്കാഹിന്. അത് കേൾക്കുമ്പോൾ നിസാർ കണ്ണുകൾ അടച്ചു പിടിക്കും.അങ്ങിനെ കണ്ണ് അടച്ചുപിടിച്ചാൽ കാണാൻ കഴിയും,
നിറവയറുമായി മടിയിൽ തല വെച്ചു കിടക്കുന്ന അയാളുടെ റെജിയെ. കേൾക്കാൻ കഴിയും അന്ന് ചോദിച്ച ചോദ്യം.
“ഇക്കാ ഞാൻ മരിച്ചാൽ വേറെ പെണ്ണ് കെട്ടോ… ?”
“ഇല്ല. ആഖിറത്തിലും ദുനിയാവിലും എനിക്ക് നീ മാത്രം മതി മോളേ.. ” അന്നും ഇന്നും മറുപടി ഇത് തന്നെ ഉള്ളു അയാളിൽ.
മകന്റെ വിരൽ പിടിച്ചു നടന്നു പോകുന്ന നിസാറിനെ നാട്ടുകാർ പെണ്ണുങ്ങൾക്ക് ബഹുമാനം. അസൂയയോടെ നോക്കി നിൽക്കും. റെജി ഭാഗ്യമുള്ളവളാണ്
ശരീരവും മനസ്സും ഒരു പെണ്ണിന് സ്വന്തം.
ജീവനും ജീവിതവും അവൾക്ക് മാത്രം. രണ്ട് കൊല്ലം അവൾ കൊടുത്ത സ്നേഹത്തിനു ഒരു ജീവിതം കടപ്പാട് .
“ഉമ്മാ ഈ നെഞ്ചിലുണ്ട് അവൾ . അവൾ ഇവിടെ നിന്നും പോയാൽ അന്ന് ഞാൻ വേറെ കെട്ടിക്കൊളാം.എന്റെ മോന് ഞാനുണ്ട്. ഞാൻ മതി അവന്. ”
വാപ്പയുടെ നെഞ്ചിൽ കിടന്നു അവൻ വളർന്നു. കല്യാണഫോട്ടോയിൽ ഉമ്മിച്ചിക്ക് ഉമ്മ കൊടുത്തു വാപ്പിച്ചിയുടെ അരികിൽ കിടന്നു ഒരിക്കൽ അവൻ ചോദിച്ചു.
“എന്റെ ഉമ്മാ എന്നെ കണ്ടിട്ടാണോ പോയത്.. ?”
“അറിയില്ല മോനെ . അവൾക്ക് അറിയായിരുന്നു നീ കുറുമ്പൻ ആണെന്ന്… ”
മാറി മറിയുന്ന ദിനരാത്രങ്ങൾ ഓർമ്മകളെ കൂടെ കൂട്ടി വറ്റാത്ത കണ്ണീരിന്റെ കഥ പറയുന്നുണ്ട് മനസ്സിൽ.
“നീ എന്താ നിസാറെ കണ്ണടച്ച് കിടക്കുന്നത്?പോയി കുളിച്ചു റെഡിയായി വാ. ആൾക്കാരൊക്കെ ഇപ്പൊ വന്ന് തുടങ്ങും. ”
“ഞാൻ ഓരോന്ന് ഓർത്ത് കിടന്നുപോയി. മോനോടും റെഡിയാവാൻ പറ. അവളുടെ അടുത്ത് പോണം,അവളോട് സമ്മതം വാങ്ങണം ”
കുളിച്ചു പുതിയ ഡ്രെസ്സ് ഇട്ടു.പൂക്കൾ കൊണ്ട് അലങ്കരിച്ച കാറിൽ വാപ്പയും മകനും ഉമ്മയുടെ സമ്മതം വാങ്ങാൻ പുറപ്പെട്ടു .
കാർ നിർത്തി വാപ്പയുടെ പിറകെ അവൻ നടന്നു പള്ളിക്കാട്ടിലേക്ക്. റെജിയുടെ ഖബറിന്റെ അരികിൽ നിന്നു നിസാർ അവന്റെ കൈ പിടിച്ചു അവളോട് സമ്മതം ചോദിച്ചു.
“മോളേ നമ്മുടെ മോന്റെ നിക്കാഹാണ് ഇന്ന്. നിന്റെ സമ്മതം വേണം. ”
അവളുടെ സമ്മതമെന്നപോലെ ആ സമയം ഒരു കുളിർ തെന്നൽ അവരെ തഴുകി കടന്ന് പോയി. അവളോട് യാത്ര പറഞ്ഞു നടന്നു. നിസാർ ഇടക്കിടെ തിരിഞ്ഞു നോക്കി മനസ്സിൽ പറയുന്നുണ്ടായിരുന്നു.
“ഇല്ല. ഞാൻ വേറെ പെണ്ണിനെ കെട്ടില്ല. ദുനിയാവിലും ആഖിറത്തിലും എനിക്ക് നീ മാത്രം മതി മോളേ. ”
റെജി യുടെ ഓർമ്മകളുമായി ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഭർത്താവായി നിസാർ ജീവിക്കട്ടെ.