സാമുവൽ, ഞങ്ങൾ രണ്ടാളും അല്ലാതെ വേറെ ആരോ ഞങ്ങളുടെ കൂടെ ഉണ്ടെന്നാണ് ആനി പറയുന്നത് അവളെ തേടി..

മുന്നറിയിപ്പ്
(രചന: Navas Amandoor)

“സാമുവൽ.. ഞങ്ങൾ രണ്ടാളും അല്ലാതെ വേറെ ആരോ ഞങ്ങളുടെ കൂടെ ഉണ്ടെന്നാണ് ആനി പറയുന്നത്. അവളെ തേടി മാത്രം വരുന്ന ഒരു രൂപം. ”

സാമുവൽ ഇതുവരെ അഖിലേഷും ആനിയും പറഞ്ഞ സംഭവങ്ങൾ മനസ്സിൽ കാണാൻ ശ്രമിച്ചു. റൂമിൽ കത്തിക്കൊണ്ടിരുന്ന നീല ബൾബ് ഓഫ് ആയ നേരം പതുക്കെ കറങ്ങിക്കൊണ്ടിരുന്ന ഫാൻ വേഗത കൂടി.

ആ കാറ്റിൽ ജനൽ വിരികൾ ആടിയുലഞ്ഞു.

സമയമായി.. ഇരുളിൽ നിന്നും പിറവിയെടുത്ത രൂപം മുറിയിലെത്താൻ. ആനിക്ക് അറിയാം ഇനി ഏതാനും നിമിഷങ്ങൾക്കുള്ളിൽ അടച്ചിട്ട മുറിയിലെ തന്റെ കട്ടിലിന്റെ അരികിൽ കാലിൽ ചങ്ങലയുമായി ആ രൂപം എത്തുമെന്ന്.

ചങ്ങല വലിയുന്ന ശബ്ദം അടുത്ത് കേൾക്കുന്നുണ്ട്. വരുന്നുണ്ട് ആ രൂപം അവളുടെ അരികിലേക്ക് .

ഇനി ആനിയുടെ ശരീരം തളരും. കൈകാലുകൾ അനക്കാൻ കഴിയില്ല. ഒച്ച വെക്കാൻ കഴിയില്ല. പാതി തുറന്ന കണ്ണിലൂടെ പേടിയോടെ ആ രൂപത്തെ നോക്കി കിടക്കും.

ഓരോ ദിവസവും വിത്യസ്ഥ ഭാവങ്ങൾ ആയിരിക്കും ആ രൂപത്തിന്. ചിലപ്പോ പൊട്ടിക്കരയും ആർത്തു ചിരിക്കും..

വിരലിലെ നഖം കൊണ്ട് ആനിയുടെ ശരീരത്തെ മാന്തിപ്പൊളിക്കും. ചിലപ്പോ ഒന്നും മിണ്ടാതെ പോകും.

എന്ന്‌ വരും, എപ്പോ വരും പറയാൻ കഴിയില്ല. അടുത്തു കിടക്കുന്ന ഭർത്താവിന് പോലും അറിയില്ല ഇരുളിൽ നിന്നും പിറവി കൊണ്ട ഈ രൂപത്തിന്റെ വരവ്.

“സാമുവൽ ഞാൻ ആദ്യം ഇതൊന്നും വിശ്വസിച്ചില്ല. തമാശയായി കണ്ടു. മാസങ്ങളായി ആനി ഉറങ്ങിയിട്ട്. ഇന്നലെ രണ്ട് കൈ കൊണ്ട് മുഖത്തെടിച്ച പാട് കണ്ടോ.. ഞാൻ ഉറക്കം കളഞ്ഞു കാവൽ ഇരുന്നാലും വരില്ല ആ ചെകുത്താൻ. ”

കാണാൻ നല്ല ഭംഗിയുള്ള മുഖമായിരുന്നു ആനിയുടെത്.ഇപ്പൊ വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു എന്ന് തോന്നും കണ്ടാൽ. ഉറക്കമില്ലാതെ കണ്ണുകൾ കുഴിഞ്ഞു. കഴിഞ്ഞ ദിവസം മുഖത്തടിച്ച വിരൽ പാടുകൾ തിണർത്തു കിടക്കുന്നുണ്ട്.

“നീ പേടിക്കണ്ട ആനി. അങ്ങിനെ ഒരു സത്വം നിന്നെ തേടി വരുന്നുണ്ടങ്കിൽ അതിനെ സാമുവൽ കണ്ടു പിടിക്കുക തന്നെ ചെയ്യും. ”

സാമുവൽ ആനിയെയും അഖിലേഷിനേയും നോക്കി മിണ്ടാതെയിരുന്നു. മനസ്സിൽ അവർ പറഞ്ഞത് പലവട്ടം ഹരിച്ചും ഗുണിച്ചും ചിന്തയിൽ ആ കറുത്ത രൂപത്തിന്റെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.

“ആനി.. നിന്റെ മരണം ആഗ്രഹിക്കുന്നില്ല ആ രൂപം. എട്ട് മാസമായിട്ടും ഇങ്ങിനെയൊക്കെ ചെയ്യാം എന്നുണ്ടങ്കിൽ അതിന്‌ നിന്റെ ജീവനെടുക്കാനും കഴിയും…. ഇത്‌ വേറെ എന്തോ ആണ്. ”

സാമുവൽ,അഖിലേഷ്, ആനിതോമസ്, ഇവർ കോളേജിൽ തുടങ്ങിയ സുഹൃത്തുബന്ധം ഇപ്പോഴും തുടരുന്നു. കുറച്ച് കാലം ആത്മാക്കളെ കുറിച്ച് പഠിക്കാൻ നടന്നതാണ് സാമുവൽ. പാരാസൈക്കോളജി. പിന്നെ അത്‌ നിർത്തി. ഒന്നിലും അടങ്ങി നിൽക്കാത്ത പ്രകൃതി.

അഖിലേഷും ആനിയും പ്രണയത്തിൽ ആയ നാളുകളിൽ ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച് എന്നും പറഞ്ഞ് കൈ പിടിച്ചു വന്ന നേരം സാമുവൽ തന്നെയാണ് അവരുടെ മാരേജ് രജിസ്റ്റർ ചെയ്തു കൊടുത്തത്. .

രണ്ടാളുടെയും വീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കി. മതമല്ല മനുഷ്യനാണ് വലുത്. പ്രണയിച്ച ഞങ്ങൾ ഒരുമിച്ച് തന്നെ ജീവിക്കുമെന്ന് കാണിച്ച് കൊടുത്തു.

സാമുവൽ പഴയകഥകൾ ഓരോന്നായി ഓർത്തെടുത്തു. ആ കഥയിൽ കണ്ണീർ തുള്ളികളെ തള്ളിക്കളഞ്ഞ കുറച്ച് നിമിഷങ്ങൾ.

“ആനി നീ പിന്നെ വീട്ടിൽ പോയിരുന്നോ.. ഇപ്പൊ മൂന്ന് കൊല്ലം കഴിഞ്ഞില്ലേ… അവിടന്നു ഇറക്കി വിട്ടിട്ടു. ”

“ഇല്ല. പോയിട്ടില്ല. അമ്മച്ചിയെ കാണാൻ തോന്നും ചിലപ്പോ. ഇച്ചായൻ സമ്മതിക്കില്ല. ഇനി അവിടെ കാല് കുത്തരുതെന്ന് പറഞ്ഞു ഇറക്കി വിട്ടതാണ്. ”

ആനിയുടെ കണ്ണുകൾ നിറഞ്ഞു. അപ്പച്ചൻ മരിച്ചപ്പോ ഇച്ചായൻ ആനിക്കുട്ടിയെ ചേർത്ത് പിടിച്ചു. അന്നുമുതൽ ഏട്ടനും അപ്പനും ഇച്ചായൻ തന്നെയായിരുന്നു.

അമ്മച്ചി ആനിയെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്നു. സ്വന്തം ആഗ്രഹങ്ങളും മോഹങ്ങളും ഏട്ടനും അമ്മയും മോളുടെ ആഗ്രഹങ്ങൾ നടത്തുവാൻ മാറ്റി വെച്ചു.

ആനി.. അവൾ കുട്ടിയാണ് അവളുടെ മനസ്സ് വേദനിക്കാൻ പാടില്ല. എല്ലാം ഒറ്റ ദിവസം കൊണ്ട് കഴിഞ്ഞു. ബന്ധങ്ങൾ പൊട്ടിപ്പോയി. രക്ത ബന്ധങ്ങൾ അറ്റുപോയി.

“നിന്റെ കൈയിൽ ഇച്ചായന്റെ നബ്ബർ ഉണ്ടോ.. ?”

“സാമുവൽ നിനക്ക് ഇപ്പൊ എന്തിനാ അയാളുടെ നബ്ബർ… ഇതുവരെ തിരിഞ്ഞു നോക്കാത്തവരാണ്.,”

അഖിലേഷ് കുറച്ച് ശബ്‌ദം ഉയർത്തിയാണ് പറഞ്ഞത്. അതിന്റെ ഇടയിൽ ആനി ഇച്ചായന്റെ നബ്ബർ സാമുവലിന് കൊടുത്തു.

“ആവിശ്യമുണ്ട് അഖിലേഷ്. ഇങ്ങിനെ തുടർന്ന്പോയാൽ ആനി അപകടത്തിലാവും.എനിക്ക് അറിയണം എവിടെ നിന്നാണ് ആ രൂപത്തിന്റെ വരവെന്ന്. ”

സാമുവൽ നബ്ബർ ഡയൽ ചെയ്തു അകത്തേയ്ക്കു നടന്നു. കുറേ നേരം ഇച്ചായനോട് സംസാരിച്ചു. ഉത്തരമില്ലാത്ത ചോദ്യത്തിന് സാമുവലിന് ഇച്ചായനിൽ നിന്നും ഉത്തരം കിട്ടി.

ഇരുളിൽ കാലുകൾ ചങ്ങലയിൽ ബന്ധിക്കപ്പെട്ട രാത്രിയിൽ ആനിയെ തേടി വരുന്ന ഇരുളിൽ പിറവിയെടുത്ത കറുത്ത രൂപത്തിന്റെ വരവിന്റെ രഹസ്യം പിടികിട്ടിയ സാമുവൽ ആനിയുടെ അടുത്ത് വന്ന് നിന്നു.

“ആനി നീ നാളെ അഖിലേഷിനെയും കൂട്ടി വീട്ടിൽ പോവണം. ഇച്ചായൻ നിന്നെ കാത്തിരിക്കുന്നുണ്ട്. നിന്നെ തേടി വന്ന നിന്റെ ഉറക്കം കളഞ്ഞ രൂപത്തെ ഇല്ലാതാക്കാൻ നീ അവിടം വരെ പോവണം. നിന്റെ ചോദ്യങ്ങൾക്ക് അവിടെ ഉത്തരമുണ്ട്. ”

അഖിലേഷും ആനിയും അവരുടെ വീട്ടിലേക്ക് പോയതിനു ശേഷം സാമുവൽ അഖിലേഷിന്റെ മൊബൈലിൽ വിളിച്ചു.

“അഖി ഞാൻ പറയുന്നത് കേൾക്കുക ഇങ്ങോട്ട് ഒന്നും പറയണ്ട. നീ നാളെ തന്നെ അവളുടെ വീട്ടിലേക്ക് അവളെയും കൂട്ടി പോവണം.

ലാളിച്ചു വളർത്തി വലുതാക്കിയ മകൾ ഒറ്റദിവസം എല്ലാം ഉപേക്ഷിച്ചു പോയപ്പോൾ തകർന്നു പോയൊരു അമ്മയുണ്ട് ആ വീട്ടിൽ.

ആ വീട്ടിലെ ഒരു മുറിയിൽ കാലിൽ ചങ്ങലക്കൊളുത്തിട്ടു മനസ്സിന്റെ സമനില തെറ്റി ആർത്തു അട്ടഹസിക്കുന്ന ആനിയുടെ അമ്മച്ചി.

ആ മനസ്സിന്റെ ശാപമോ സങ്കടമോ ആണ് ഇരുളിൽ നിന്നും പിറവിയെടുത്ത കറുത്ത രൂപം. നീ ഇപ്പൊ അവളോടൊന്നും പറയണ്ട. ബൈ. ‘

അന്ന്‌ രാത്രി അഖിലേഷ് ആനിയെ ചേർത്ത് പിടിച്ചു കിടന്നു. ഉറങ്ങാതിരിക്കാൻ ശ്രമിച്ചു. പക്ഷെ എപ്പോഴോ ഉറങ്ങിപ്പോയി.

ആനിയുടെ ശരീരം വിയർക്കാൻ തുടങ്ങി.
റൂമിലെ നീലനിറത്തിൽ കത്തിക്കൊണ്ടിരുന്ന ബൾബ് ഓഫായി. ഫാൻ വേഗത്തിൽ കറങ്ങിയ കാറ്റിൽ ജനൽകർട്ടനുകൾ ആടിയുലഞ്ഞു.

കാലിൽ ചങ്ങലയുമായി ഇരുട്ടിൽ നിന്നും കറുത്ത രൂപം ആനിയുടെ അരികിലേക്ക് അടിവെച്ചു നടന്നു.

“നൊന്ത് പ്രസവിച്ച അമ്മക്ക് ഒരിക്കലും മക്കളെ ശപിക്കാൻ ആവില്ല.

എങ്കിലും ഒരുദിവസം അവരുടെ സ്‌നേഹം തള്ളിക്കളഞ്ഞ് ഇറങ്ങിപ്പോരുമ്പോൾ ഉണ്ടാകുന്ന വേദനയിൽ നിന്നും എങ്ങിനെയാണു നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുക. ”

ഈ കഥ ഒരു മുന്നറിയിപ്പാണ്. പെറ്റ വയറിന്റേയും പോറ്റി വളർത്തിയ പിതാവിന്റെയും സ്‌നേഹം, സങ്കടം കണ്ടില്ലെന്നു നടിച്ചു ഇറങ്ങി പോയ മക്കളുടെ പിന്നാലെ ഉണ്ട് അവരുടെ മനസ്സ്.