ചിലർ
(രചന: നിഹാരിക നീനു)
ഇതും കൂട്ടി ഒത്തിരി തവണയായി ആ ഫോണിലേക്ക് വിളിക്കുന്നു… റിങ്
ചിലതെല്ലാം മുഴുമിക്കും.., ചിലത് പാതിയിൽ കട്ട് ചെയ്യും…….
എങ്കിലും സമാധാനം കാണുന്നുണ്ടല്ലോ? ഞാനിങ്ങനെ വിളിക്കുന്നത് അറിയുന്നുണ്ടല്ലോ??
എത്ര തവണ കാരുണ്യത്തോടെ…. ഒത്തിരി സ്നേഹത്തോടെ… മറ്റാർക്കും ഇല്ലാത്ത സഹാനുഭൂതിയോടെ പെരുമാറിയിരുന്നവനെന്തേ തൻ്റെ മനസറിഞ്ഞപ്പോൾ മാറ്റി നിർത്താൻ വ്യഗ്രത.
“””പ്രണയം”””
അത് തെറ്റാണ് എന്ന് ഭൂമിയിൽ പിറന്നവർ ആരെങ്കിലും പറയുമോ….??
നിലനിൽപ്പിൻ്റെ ആധാരം തന്നെ പ്രണയമല്ലേ?? മനുഷ്യന് മാത്രം കനിഞ്ഞ ചില സൗഭാഗ്യത്തിൽ ഏറ്റവും വിലപ്പെട്ടത് ……
പരസ്പരം പ്രണയിക്കുക, പ്രണയിക്കപ്പെടുക എന്നത് മനുഷ്യസഹജമല്ലേ???
അതിനാണോ ഈ അവഗണന ??
എത്രത്തോളം അവഗണിച്ചാലും കണ്ടില്ലെന്ന് നടിച്ചാലും അത്രത്തോളം തന്നെ ഭ്രാന്തമായി മനസ് നിന്നിലേക്ക് അടുക്കാൻ വെമ്പുന്നതല്ലേ പ്രണയം???
നിൻ്റെ ഓരോ അവഗണനയിലും ഹൃദയം പറിഞ്ഞ് പോകുന്നതല്ലേ പ്രണയം???
“”” ഇല്ല ശ്രാവൺ ഇനി ഈ ലാവണ്യക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല ഞാൻ വരുവാ തൻ്റെ അടുത്തേക്ക്, ”””
പിറ്റേ ദിവസം നേരത്തെ തന്നെ ലാവണ്യ ഓഫീസിലെത്തി….
“”മാനേജർ “”
എന്നെഴുതിയ ക്യാബിനിലേക്ക് പ്രതീക്ഷയോടെ നോക്കി…. ഇല്ല !
എത്തിയിട്ടില്ല … നിങ്ങൾ വരുന്നവരെ ഞാനിവിടെ ഇരിക്കും ശ്രാവൺ…
കാത്തിരിക്കുന്ന ലാവണ്യയുടെ ചിന്തകൾ മെല്ലെ പുറകിലേക്ക് പോയി…..
ആറാം ക്ലാസിൽ പഠിക്കുമ്പഴാണ് തന്നിൽ എന്തോ അസാധാരണത്വം ശ്രദ്ധിക്കുന്നത് …..
ആൺ കുട്ടികളേക്കാൾ കൂട്ട് കൂടാൻ പെൺകുട്ടികളെ തിരഞ്ഞെടുത്തപ്പഴും…
കണ്ണെഴുതി പൊട്ടു തൊടുമ്പോൾ കണ്ണാടിയിൽ കാണുന്ന തൻ്റെ മുഖം ഉള്ളിൽ ആയിരം പൂത്തിരി കൊളുത്തുമ്പോഴും അറിഞ്ഞില്ല, ലെനിൻ എന്ന പുരുഷനിൽ നിന്നും ലാവണ്യ എന്ന സ്ത്രീയിലേക്കുള്ള തൻ്റെ പ്രയാണം തുടങ്ങിക്കഴിഞ്ഞു എന്ന്….
അടിച്ചും കുത്തിയും തിരുത്താൻ ശ്രമിച്ച വീട്ടുകാരെയും കളിയാക്കിയും മുതലെടുക്കാൻ ശ്രമിച്ച നാട്ടുകാരെയും തോൽപ്പിച്ചവൾ ഒരു പെണ്ണായി മാറി…….
ഒരൊന്നൊന്നര പെണ്ണ്…
പിന്നീടങ്ങോട്ട് കഴിവുകൾ ഏറെയുണ്ടായിട്ടും അംഗീകരിക്കാത്ത ഒരു സമൂഹത്തെ മുന്നിൽ കണ്ടു ……
തന്നോട് കൂടുന്നതും അംഗീകരിക്കുന്നതും എന്തോ നാണക്കേടായി കൊണ്ട് നടക്കുന്നവർ…..
മുന്നോട്ട് നടക്കാൻ ആശിച്ച് നടന്നു തുടങ്ങുമ്പോൾ പലരും പുറകിൽ നിന്നും വലിച്ചു …..
എല്ലാം തരണം ചെയ്ത് ഒരു ജോലി നേടിയെടുത്തു…. ഒരിക്കൽ കൂടെ ജോലി ചെയ്യുന്നയാൾ അപമര്യാദയായി പെരുമാറിയപ്പോൾ അന്നാണ് ശ്രാവൺ അടുത്തേക്ക് വന്നത്,
ഇവൾക്കും ഒരു വ്യക്തിത്വമുണ്ടെന്നും മാനിച്ചില്ലെങ്കിലും അപമാനിക്കാതെ എങ്കിലും ഇരുന്നു കൂടെ എന്ന് ചോദിച്ചപ്പോൾ വല്ലാത്ത ഒരു സമാധാനം തോന്നി….
നന്ദിയോടെ നോക്കി ആ മുഖത്തേക്ക്!! അതിലും മുമ്പേ നടന്നകന്നിരുന്നു അയാൾ…. ഇതാ ഒരു പുരുഷൻ എന്ന് മനസ് മന്ത്രിച്ചു…
സ്ത്രൈണതയുള്ള എന്തിനെയും തൻ്റെ ആസക്തി ശമിപ്പിക്കാൻ എന്ന ലക്ഷ്യത്തോടെ നോക്കുന്നവർക്കിടയിൽ തീർത്തും വ്യത്യസ്തനായവൻ…..
പകൽ മാത്രം മാന്യതയുടെ മുഖം മൂടി വക്കാതെ…. വിരൽ തുമ്പു വരെയും നല്ലവരായ ചുരുക്കം ചിലരിൽ ഒരുവൻ…
അവനോട് തോന്നിയ ആരാധന :… എന്നോ വഴിമാറി പ്രണയമായപ്പോൾ എങ്ങനെയാണത് തെറ്റാവുന്നത് …….
പക്ഷെ ചില നോട്ടങ്ങൾ… ചിരികൾ അതിനപ്പുറം തൻ്റെ മനസിലുള്ളത് പ്രകടിപ്പിക്കാൻ വാക്കുകളെ കൂട്ടുപിടിച്ചില്ലിതുവരെ… ഇപ്പോൾ എല്ലാം പറയാൻ നേരമായെന്ന് തോന്നുന്നു…..
തനിക്കു നൽകപ്പെട്ട പുരുഷൻ്റെ ശരീരം തന്നിൽ ശ്വാസം മുട്ടിച്ചപ്പോൾ ഉള്ളിലെ സ്ത്രീത്വം പുറത്ത് വന്നു…..
അന്ന് മുതൽ ഞാൻ സ്ത്രീയാണ്…..
ലാവണ്യ എന്ന പൂർണ്ണത നേടിയ സ്ത്രീ …..
ഇനി എന്നിൽ പുരുഷൻ്റേതായ ഒരു കണിക പോലുമില്ല….
എന്നിട്ടും അംഗീകരിക്കാത്ത സ്വയം പൂർണ്ണറെന്നും പറഞ്ഞ് നടക്കുന്ന അപൂർണ്ണരായ സമൂഹത്തോട് വെറും സഹതാപം മാത്രം…. എന്തൊക്കെയോ ചിന്തിച്ചങ്ങനെ ഇരുന്നപ്പോഴാണ് കണ്ണിന് കുളിരേകാറുള്ളയാൾ കയറി വന്നത്…..
വന്നതും ഹൃദ്യമായ ഒരു ചിരി സമ്മാനിച്ച് ക്യാബിനിലേക്ക് കയറി…..
മെല്ലെ അകത്തേക്ക് ചെന്നപ്പോൾ ഫോണിൽ നോക്കി ഇരിക്കുന്നു …
നേരത്തെ എനിക്ക് സമ്മാനിച്ചതിൻ്റെ ബാക്കിയെന്നോണം മനോഹരമായ ഒരു ചിരി ആ ചുണ്ടുകളിൽ മായാതെ നിന്നിരുന്നു, കൂടെ തെളിയുന്ന നുണക്കുഴി ആ മുഖത്തിന് മാറ്റ് കൂട്ടിയിരുന്നു …..
“””സർ “””
എൻ്റെ സ്വരം വിറകൊള്ളുന്നുണ്ടോ???
മെല്ലെ ഫോണിൽ നിന്നും തലയുയർത്തി എന്നെ നോക്കി….
“””വരൂ… ഇരിക്കൂ മിസ് .ലാവണ്യ”””
തരാവുന്നതിൽ വച്ച് ഏറ്റവും വലിയ മര്യാദ … അതിൻ്റെ അഭിമാനം ഇപ്പോൾ എൻ്റെ മുഖത്ത് പ്രതിഫലിച്ചിട്ടുണ്ടാവും…
അവൾ ചിന്തിച്ചു….
“”” ഞാൻ….. എനിക്ക് …… ഒരു കാര്യം…”””
ചോദ്യഭാവത്തോടെ മുഖത്തേക്ക് നോക്കി….. പെട്ടെന്ന് ഭാവം മാറി…
“””എടോ എനിക്ക് തന്നോടും ഒരു കാര്യം പറയാൻ ഉണ്ട് …. വൈകീട്ട് ബീച്ചിൽ….ഒക്കെ??”””
ചിരിച്ച് തലയാട്ടുമ്പോൾ ഹൃദയം ഉച്ഛത്തിൽ മിടിക്കുന്നുണ്ടായിരുന്നു””’
തിരകളെണ്ണി മടുത്തപ്പഴാ വീണ്ടും ആ മുഖത്തേക്ക് നോക്കിയത്….. ആരംഭിക്കാനുള്ള പ്രയാസം ശരിക്കും കാണായിരുന്നു ആ മുഖത്ത് …..
“””ലേഡീസ് ഫസ്റ്റ് താൻ പറയടോ “”” ഒരു ചിരിയോടെ പറഞ്ഞു… ആ ചിരിയിൽ അലിഞ്ഞ് പോയിരുന്നു എൻ്റെ ശബ്ദം …..
“””ഉം ….. മ്, ഞാൻ പറയാം സർ ആദ്യം പറയു”””
“””ഓകെ…… എനിക്കൊരു കുട്ടിയെ ഇഷ്ടാ ടോ….. ആ തിരമാലകൾ കണ്ടോ?? ഒന്നിന്നു പുറകെ ഒന്നായി…. നിലക്കാതെ….. അതുപോലെ അനന്തമായി ഞാനവളെ പ്രണയിക്കുന്നു …..”””
ലാവണ്യ മിഴികൾ ഉയർത്തി തിരമാലകളെ നോക്കി … വല്ലാത്ത ഒരു വശ്യത….
“”” അവളും തന്നെ പോലെയാ…. ഉള്ളിലെ സ്വത്വം തിരിച്ചറിഞ്ഞ് ജീവിതത്തിൽ തന്നെ പെണ്ണായി പുനർജന്മം നേടിയവളാ…”””
മിഴികൾ പിടഞ്ഞ് നോക്കിയപ്പഴും അതേ പുഞ്ചിരി….
“”” മീറ്റ് മൈ ഫിയാൻ സി…. ശിവഗംഗ”””
ഒരു വിളിപ്പാടകലെ നിന്നു നടന്നടുക്കുന്ന അവളെ മിഴി നിറഞ്ഞാണ് കാണാൻ കഴിഞ്ഞത്….
ഒരു ചിരിയും സമ്മാനിച്ച്, ആശംസകളും അറിയിച്ച് നടന്നകലുമ്പോൾ, അവനായുള്ള പ്രണയം മുഴുവൻ ഉള്ളിൽ അവസാനത്തെ പിടച്ചിലിലായിരുന്നു ……
അപ്പോഴാ കടലിന് ഭീകരതയായിരുന്നു … അവളുടെ ഉള്ളിലെ മുറിവേറ്റ് വിങ്ങുന്ന ഹൃദയം പോലെ…