(രചന: നിമിഷ)
മുന്നിലിരുന്ന് കണ്ണീർ വാർക്കുന്ന കാർത്തികയെ ശരൺ തുറിച്ചു നോക്കി. ഇവളുടെ ഈ കണ്ണീർ എന്തിനാണാവോ..? എന്ത് കാര്യസാധ്യത്തിനാണ് ഇവൾ ഇപ്പോൾ കണ്ണീർ പുഴ ഒഴുക്കുന്നത് എന്ന് അറിയുന്നില്ലല്ലോ..!
അവൻ അസ്വസ്ഥതയോടെ ചിന്തിച്ചു.
“നീ ഈ കരച്ചിലും മതിയാക്കി പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് പറയുന്നുണ്ടോ..?”
ശരണിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“ഞാൻ നിന്നോട് എന്താടാ പറയേണ്ടത്..? വീട്ടിലെ അവസ്ഥയൊക്കെ നിനക്ക് അറിയുന്നതല്ലേ..? ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് എങ്ങനെ കഴിയും..?”
അവൾ സങ്കടത്തോടെ ചോദിച്ചപ്പോൾ ശരണിന്റെ നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ചതു പോലെയാണ് തോന്നിയത്.
അവളുടെ കണ്ണുനീരിന് കാരണം ഇതായിരിക്കും എന്ന് ഒരിക്കലും തോന്നിയിട്ടില്ല.കുറച്ച് ഏറെ നിമിഷം ശരണും മൗനമായിരുന്നു.
” എന്റെ കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന് നിനക്കറിയാമല്ലോ..! ജീവിതത്തിലേക്ക് ആണോ മരണത്തിലേക്കാണോ എന്നറിയാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഞാനിപ്പോൾ നിൽക്കുന്നത് എന്ന് അറിയാമല്ലോ.
എന്നെ പ്രതീക്ഷിച്ച് നീ ഉണ്ടാകണമെന്ന് പറയാൻ പോലും ഞാനിപ്പോൾ അശക്തനാണ്. കാരണം നാളെ ഒരു സമയത്ത് എന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടു പോയാൽ നിന്നോട് ഞാൻ പറഞ്ഞ വാക്കിന് വിലയില്ലാതെ പോകും.”
അത് പറയുമ്പോൾ ശബ്ദം ഇടറാതിരിക്കാൻ അവൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. അവൾ അവനെ തന്നെ ഉറ്റു നോക്കിയിരുന്നു.
” നീ എന്താ പറഞ്ഞു വരുന്നത്..? ”
സങ്കടം അടക്കിപ്പിടിച്ചു കൊണ്ട് കാർത്തിക ചോദിച്ചു.
“നീ ഇനിയും നിന്റെ വീട്ടുകാരെ സങ്കടപ്പെടുത്തരുത്.അവരുടെ ഇഷ്ടം എന്താണോ അതിനു നിന്നു കൊടുത്തേക്കണം.
എന്ന് കരുതി നിനക്ക് ഒരിക്കലും ഇഷ്ടപ്പെടാൻ പറ്റാത്ത ഒരാളിനോടൊപ്പം നിന്റെ ജീവിതം കഷ്ടപ്പെട്ട് ഇല്ലാതാക്കി കളയണം എന്നല്ല ഞാൻ പറയുന്നത്.
എന്നെ മറന്നു കളയണം. എന്നിട്ട് നല്ലൊരു ജീവിതം തെരഞ്ഞെടുക്കണം. എന്റെ ഈ അവസ്ഥയിൽ ഇങ്ങനെ പറയാൻ മാത്രമേ എനിക്ക് കഴിയൂ.”
അത് പറയുമ്പോൾ അവളുടെ മുഖത്തേക്ക് പോലും അവൻ നോക്കിയില്ല. അല്ലെങ്കിലും അവന് അതിന് കഴിയില്ലായിരുന്നു.
“നീ.. നീ എന്നെ ഒഴിവാക്കുകയാണോ..?”
ദയനീയമായി കാർത്തിക ചോദിച്ചു.
“നിനക്ക് അങ്ങനെയാണോ തോന്നിയത്..?”
അവൻ പരിഹാസത്തോടെ ചിരിച്ചു.
” എന്റെ അവസ്ഥയെക്കുറിച്ച് ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ. ക്യാൻസർ സെക്കൻഡ് സ്റ്റേജിലാണ്.
കണ്ടുപിടിക്കാൻ കുറച്ച് അധികം വൈകിപ്പോയി എന്ന് തന്നെ പറയാം. രക്ഷപ്പെടും എന്ന് ഡോക്ടർമാരൊക്കെ പറയുന്നുണ്ടെങ്കിലും ആ കാര്യത്തിൽ എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല. അവരുടെ വാക്ക് ഈ കാര്യത്തിൽ എനിക്ക് വിശ്വസിക്കാൻ പറ്റില്ല.
കാരണം ഏതൊരു രോഗിയോടും അവസാന നിമിഷം വരെ അവർ പ്രതീക്ഷ കൊടുക്കും. അത് അവരുടെ കർത്തവ്യമാണ്. പക്ഷേ എന്റെ അവസ്ഥ എനിക്കറിയാമല്ലോ. ഓരോ ദിവസവും പഴയതിനേക്കാൾ മോശമായി വരികയാണ് ഞാൻ.
അതുകൊണ്ടു തന്നെ എന്നെ വിശ്വസിച്ച് നിന്നെ പിടിച്ചു നിർത്താൻ എനിക്ക് പറ്റില്ല. ആ ഒരു കാരണം കൊണ്ട് നീ എന്നെ എത്രയൊക്കെ കുറ്റപ്പെടുത്തിയാലും എനിക്ക് വേദനിക്കില്ല. ”
മനസ്സ് കല്ലാക്കിക്കൊണ്ട് അവൻ അത് പറയുമ്പോൾ കരയാതിരിക്കാൻ അവൻ പാടുപെടുന്നുണ്ടായിരുന്നു. അവൾ നിർവികാരമായി കുറെയേറെ നേരം അവനെ നോക്കിയിരുന്നു.
“മരണത്തിൽ പോലും പിരിയില്ലെന്ന് വാക്ക് തന്നതല്ലേ..? എന്നിട്ടും…!”
ആ വാചകം പൂർത്തിയാക്കാതെ അവൾ അവനെ നോക്കി. അവൻ വെറുതെ പുഞ്ചിരിച്ചു.
ശരിയാണ്.. അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞ് പിന്നാലെ നടന്ന ഏതോ ദിവസങ്ങളിൽ ഒരിക്കൽ അവളോട് പറഞ്ഞിട്ടുണ്ട് എന്റെ ജീവിതത്തിലേക്ക് വന്നാൽ മരണത്തിൽ പോലും അവളെ ഒറ്റയ്ക്കാക്കില്ലെന്ന്.
അവൾക്ക് എന്ത് സംഭവിച്ചാലും അവളോടൊപ്പം ഉണ്ടാകും എന്ന വാക്ക് കൊടുത്തതാണ്. എന്നിട്ട് ഇപ്പോൾ.. പാതിവഴിയിൽ അവളെ ഉപേക്ഷിച്ചു പോകാനാണ് തന്റെ വിധി. ഈ ജന്മം അവളെ തനിക്ക് വിധിച്ചിട്ടില്ല..!
വേദനയോടെ ശരൺ ഓർത്തു. പിന്നെ അവൾക്ക് മറുപടിയൊന്നും പറയാതെ ആ കഫേയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.
എങ്ങോട്ടെന്നില്ലാതെ കുറേയേറെ ദൂരം അവൻ സഞ്ചരിച്ചു. ഇടയ്ക്ക് എപ്പോഴോ കൂട്ടുകാരന്റെ ഒരു കോൾ വന്നപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്.
“എന്താടാ..?”
കോൾ എടുത്തപ്പോൾ അങ്ങനെയാണ് ചോദിച്ചത്.
“നീ എവിടെയാ..?”
അവിടെ നിന്ന് ചോദ്യം വന്നു. അല്ലെങ്കിലും ശരണിന് എന്തെങ്കിലും ഒക്കെ വിഷമങ്ങൾ ഉണ്ടാകുന്ന സമയത്ത് കൃത്യമായും ആ സുഹൃത്ത് അവതരിക്കാറുണ്ട്.
” നീ എവിടെയാണെങ്കിലും അവിടെ നിന്നോ. ലൊക്കേഷൻ പറഞ്ഞു തന്നാൽ ഞാൻ അങ്ങോട്ടേക്ക് വന്നോളാം. നമുക്ക് കുറച്ച് സംസാരിക്കാനുണ്ട്. ”
പതിവിലും ഗൗരവത്തിൽ ആയിരുന്നു അവൻ സംസാരിച്ചത്.അതുകൊണ്ടുതന്നെ എന്തോ പ്രശ്നമുണ്ട് എന്ന് ശരൺ ഉറപ്പായിരുന്നു.
അവന് ലൊക്കേഷനും പറഞ്ഞു കൊടുത്തു കുറച്ചു സമയം അവിടെ വെയിറ്റ് ചെയ്യേണ്ടി വന്നു.
കാത്തിരിപ്പിന്റെ അവസാനം അവൻ എത്തി.
” നീ വണ്ടിയിലേക്ക് കയറൂ.. ഇവിടെ അടുത്ത് ഒരു കഫെ ഉണ്ട്. നമുക്ക് അവിടെ പോയിരുന്നു വർത്തമാനം പറയാം.”
അവൻ പറഞ്ഞ സ്ഥലത്തിനെ കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നതു കൊണ്ട് തന്നെ ശരണിന് വല്ലാത്ത വേദന തോന്നി.
തന്റെ മൂന്നു വർഷത്തെ പ്രണയത്തിന്റെ അവസാനം നടന്ന സ്ഥലമാണ്. അവിടേക്ക് നിമിഷങ്ങൾക്കകം മറ്റൊരു മടങ്ങിപ്പോക്ക് അവന് ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഇനിയെന്നാണെങ്കിലും ആ സ്ഥലം തനിക്ക് വേദന മാത്രമേ തരൂ എന്ന് അവൻ ഓർത്തു .
“നിന്നോട് ഞാൻ പറഞ്ഞത് നീ കേട്ടിരുന്നോ..?”
കൂട്ടുകാരൻ ദേഷ്യപ്പെട്ടു.
” എടാ നമുക്ക് വേറെ എങ്ങോട്ടെങ്കിലും പോയാൽ പോരെ.. ”
ദയനീയമായി ശരൺ ചോദിച്ചപ്പോൾ കൂട്ടുകാരൻ അവനെ കണ്ണുകൂർപ്പിച്ചു നോക്കി. അതോടെ ശരൺ ഒന്നും മിണ്ടാതെ വണ്ടിയിലേക്ക് കയറി.
അല്ലെങ്കിലും വേദനിപ്പിക്കുന്ന ഓർമ്മകളെ നമ്മൾ മറക്കാൻ ശ്രമിക്കുമ്പോഴാണ് അവ വീണ്ടും വീണ്ടും നമ്മുടെ മനസ്സിലേക്ക് തള്ളി കയറി വരുന്നത്.
ചിന്തിച്ചിരിക്കുന്നതിന് ഇടയിൽ കഫെയിൽ എത്തിയിരുന്നു.
ശരണും കൂട്ടുകാരനും കൂടി ഒരു കോർണർ ടേബിളിലേക്ക് ഇരുന്നു. യാദൃശ്ചികമായിട്ടാണ് ശരണും കാർത്തികയും ഇരുന്ന ആ ടേബിളിലേക്ക് അവൻ നോക്കിയത്.
പക്ഷേ അവിടെ കണ്ട കാഴ്ച അവനെ പാടെ ഞെട്ടിച്ചു കളഞ്ഞിരുന്നു. കാർത്തിക ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷേ അവളോടൊപ്പം മറ്റൊരു ചെറുപ്പക്കാരനെയും കൂടി അവൻ കണ്ടു.
അവർ തമ്മിലുള്ള സംസാരവും കളിച്ചിരിയും ഒക്കെ കണ്ടിട്ട് കാർത്തികയ്ക്ക് വളരെ വേണ്ടപ്പെട്ട ആരോ ആണ് എന്ന് ഉറപ്പായിരുന്നു.അവൻ അവിടേക്ക് തന്നെ ശ്രദ്ധിച്ചിരിക്കുന്നത് കണ്ടിട്ടാണ് കൂട്ടുകാരനും അങ്ങോട്ടേക്ക് നോക്കിയത്. ആ കാഴ്ച കണ്ടപ്പോൾ അവനും ഒരു വല്ലായ്മ തോന്നി.
” ഇനി ഞാൻ പറഞ്ഞു ബുദ്ധിമുട്ടേണ്ട കാര്യമില്ലല്ലോ. ഈ കാര്യം നിന്നെ അറിയിക്കാൻ വേണ്ടിയാണ് നിന്നെ അത്യാവശ്യമായി കാണണം എന്ന് ഞാൻ പറഞ്ഞത്. ”
കൂട്ടുകാരൻ പറഞ്ഞപ്പോൾ ശരൺ നെറ്റി ചുളിച്ച് അവനെ നോക്കി.
” അവളുടെ കൂടെയുള്ളത് അവളുടെ ഭാവി വരനാണ്. ദുബായിൽ എഞ്ചിനീയർ എങ്ങാണ്ട് ആണ് പുള്ളി. വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. ഈ പുള്ളിക്കാരന്റെ ഒരു കൂട്ടുകാരൻ എന്റെ കൂട്ടുകാരനാണ്.
അയാളുടെ ഫോണിലാണ് ഞാനിപ്പോൾ ഇവരുടെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോ കണ്ടത്. വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് അയാൾ കാര്യം പറയുന്നത്. അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകും. ”
കൂട്ടുകാരൻ പറഞ്ഞത് കേട്ടപ്പോൾ ശരൺ മരവിച്ച് ഇരുന്നു പോയി. അവന്റെ ഇരുപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ കൂട്ടുകാരന് സങ്കടം തോന്നി.
” അവൾ രക്ഷപ്പെട്ടു പോയത് നന്നായെടാ. അല്ലെങ്കിലും എന്റെ ജീവിതത്തിന് ഇനി ഗ്യാരണ്ടി ഒന്നും പറയാൻ പറ്റില്ലല്ലോ. എവിടെയാണെങ്കിലും എങ്ങനെയാണെങ്കിലും ആരോടൊപ്പം ആണെങ്കിലും അവൾ നന്നായി ജീവിക്കണം എന്ന് ഒരു ആഗ്രഹം മാത്രമേ എനിക്കുള്ളൂ.
അവളുടെ വീട്ടിൽ വല്ലാത്ത പ്രഷർ ഉണ്ട് എന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. അപ്പോഴും ഞാൻ അവളോട് ഒന്നേ പറഞ്ഞുള്ളൂ. എന്നെ മറന്നു കളയണമെന്ന്.
അവൾ ഞാനത് പറയുന്നതിന് മുൻപ് അതിനെ ശ്രമിച്ചു തുടങ്ങിയിരുന്നു എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തുതന്നെയായാലും യാതൊരു ഗ്യാരണ്ടിയുമില്ലാത്ത എന്നോടൊപ്പം അവൾ നിൽക്കണമെന്ന് ഞാൻ വാശി പിടിക്കില്ല.. ”
അത്രയും പറഞ്ഞു അവൻ ആ കഫയിൽ നിന്ന് ഇറങ്ങി പോകുമ്പോൾ, അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെ കാർത്തികയുടെ മുഖത്തേക്ക് തിരിഞ്ഞിരുന്നു.
എന്തോ പറഞ്ഞ് തലയുയർത്തി നോക്കി അവളും അവനെ കണ്ടിരുന്നു. ആ നിമിഷം തെറ്റ് ചെയ്ത കുട്ടിയെ പോലെ അവൾ തലകുനിക്കുന്നത് ശരൺ കണ്ടു.
എങ്കിലും അവൾക്കു മുന്നിലേക്ക് പോകാനും കുറ്റപ്പെടുത്താനോ നിൽക്കാതെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് അവൻ പുറത്തേക്കിറങ്ങി പോയി.