പക്ഷേ വിവാഹം കഴിഞ്ഞ ശേഷം അതിനുള്ള താൽപര്യം കുറഞ്ഞു വരികയാണ് ചെയ്തത്, അതൊരിക്കലും അവളോടുള്ള ഇഷ്ടക്കേട്..

(രചന: നിമിഷ)

” നമുക്ക് പിരിയാം.. ” ബെഡിന്റെ രണ്ട് അറ്റത്തും ഇരിക്കുമ്പോൾ അവൻ പറഞ്ഞത് അവൾ ശ്രദ്ധിച്ചില്ല.

ഒരിക്കൽ കൂടി അവൻ എന്താണ് പറഞ്ഞത് എന്നറിയാൻ അവൾ ചെവി കൂർപ്പിച്ചു. അവളുടെ നോട്ടം കണ്ടപ്പോൾ അവൻ ആ വാചകം ഒരിക്കൽ കൂടി ആവർത്തിച്ചു.

” നമുക്ക് പിരിയാം.. ”

അത് കേട്ടപ്പോൾ അവൾ പുച്ഛത്തോടെ ചിരിച്ചു.

” നിനക്ക് എത്ര എളുപ്പം പറയാൻ കഴിഞ്ഞു..?”

പരിഹാസത്തോടെ അവൾ ചോദിച്ചപ്പോൾ മറുപടിയില്ലാതെ അവൻ തലകുനിച്ചു.

” എന്തേ മറുപടിയില്ലേ..? ”

അവൾ വീണ്ടും ചോദിച്ചപ്പോൾ അവൻ തലയുയർത്തി അവളെ നോക്കി.

” നിനക്ക് എന്റെ കാര്യത്തിൽ ഇപ്പോൾ യാതൊരു ശ്രദ്ധയും ഇല്ലല്ലോ. ഞാൻ എന്ന ആൾ നിന്റെ ജീവിതത്തിൽ ഇല്ലാത്തതു പോലെ അല്ലേ നിന്റെ ഓരോ പ്രവർത്തിയും..? ”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ പരിഹാസത്തോടെ അവനെ നോക്കി.

” ഞാനാണോ അങ്ങനെ..?”

അവളുടെ കണ്ണുകളിൽ നിന്ന് അഗ്നി വമിക്കുന്നുണ്ടെന്ന് അവന് തോന്നി. അവൻ മൗനം പാലിച്ചു.

” നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ കോളേജ് ദിനങ്ങൾ..? എത്ര സന്തോഷമായിരുന്നു അന്നൊക്കെ.. നീയെന്ന സുഹൃത്ത് എന്റെ ഭാഗ്യമായി ഞാൻ കണക്കാക്കി.

നീ അന്ന് എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു. മറ്റാരും പറയാതെ തന്നെ നീ എന്നെ മനസ്സിലാക്കിയിരുന്നു. നിന്റെ ജീവിതത്തിൽ എന്നോളം സ്ഥാനം മറ്റാർക്കും ഇല്ല എന്ന് പലപ്പോഴും നീ പറയാതെ പറഞ്ഞിരുന്നു.

നിന്റെ ആ സ്നേഹവും കെയറിങ്ങും ഒന്നും നഷ്ടപ്പെടുത്താൻ പറ്റാത്തതു കൊണ്ടാണ് നീ പ്രൊപ്പോസ് ചെയ്തപ്പോൾ അത് ഞാൻ എതിർക്കാതിരുന്നത്. അല്ലെങ്കിൽ ഒരുപക്ഷേ അത് ഞാനും ആഗ്രഹിച്ചിരുന്ന കാര്യമായിരിക്കാം.

നിന്നെ എന്റെ പ്രണയമായി എനിക്ക് കിട്ടിയപ്പോൾ ലോകത്ത് ഏറ്റവും അധികം സന്തോഷിച്ചത് ഒരുപക്ഷേ ഞാൻ ആയിരിക്കാം. അത്രത്തോളം നിന്നെ എനിക്ക് ഇഷ്ടമായിരുന്നു. ”

അവൾ പറയുന്ന ഓരോ വാക്കുകളിലേക്കും ശ്രദ്ധ കൊടുത്ത് കേട്ടിരിക്കുകയായിരുന്നു അവൻ.

” നീ എന്നെ നിന്റെ ജീവനു തുല്യമാണ് സ്നേഹിച്ചത് എന്ന് ഞാൻ കരുതി. ഓരോ ദിവസങ്ങളും അത് ഉറപ്പിക്കുന്നത് പോലെ തന്നെയായിരുന്നു പിന്നീട്. പക്ഷേ അതിൽ നിന്നൊക്കെ എപ്പോഴാണ് മാറ്റം വന്നത് എന്ന് നിനക്കറിയാമോ.”

അവൾ ചോദിച്ചപ്പോൾ അവനും അത് തന്നെ സ്വയം ചോദിക്കുകയായിരുന്നു.

അവൾ പറഞ്ഞതുപോലെ കോളേജ് കാലഘട്ടത്തിൽ തങ്ങളെപ്പോലെ പ്രണയിച്ചവർ മറ്റ് ആരും ഉണ്ടാകില്ല. പരസ്പരം നല്ല സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ നന്നായി പരസ്പരം മനസ്സിലാക്കിയതിനു ശേഷം ആണ് പ്രണയത്തിലേക്ക് എത്തിയത്.

അതുകൊണ്ടു തന്നെ ഞങ്ങളുടെ ബന്ധത്തിന് വല്ലാത്തൊരു വ്യാപ്തി ഉണ്ടായിരുന്നു. ഞങ്ങളെ ഒന്നിച്ച് കാണാൻ തന്നെ നല്ല ചേലാണെന്ന് കോളേജിൽ എല്ലാവരും പറയുന്നത് താൻ കേട്ടിട്ടുണ്ട്.

അത്രത്തോളം പരസ്പരം അറിഞ്ഞവർക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്ന് അവന്റെ മനസ്സ് അവനോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു.

” എന്റെ ചോദ്യത്തിന് നിന്റെ പക്കൽ ഉത്തരം ഉണ്ടാവില്ല എന്ന് എനിക്കറിയാം. പക്ഷേ അതിനു വ്യക്തമായ ഉത്തരം എന്റെ കയ്യിൽ ഉണ്ട്. ”

അവൾ പറഞ്ഞപ്പോൾ അവൻ അവളെ ശ്രദ്ധിച്ചു.

” നമ്മുടെ വിവാഹം കഴിഞ്ഞതിനു ശേഷം. അതിനു ശേഷം ആണ് നിന്റെ ജീവിതത്തിൽ എനിക്ക് സ്ഥാനം ഇല്ലാതായത്.”

അവൾ അത് പറഞ്ഞപ്പോൾ അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

” അതെങ്ങനെ ശരിയാവും..? നമ്മുടെ വിവാഹം കഴിഞ്ഞത് മുതൽ നിനക്ക് എന്റെ മേലുള്ള അവകാശവും അധികാരവും കൂടുകയല്ലേ ചെയ്തത്.? എന്റെ ജീവിതത്തിൽ നിനക്ക് കൂടുതൽ സ്ഥാനം ഉണ്ടാവുകയല്ലേ ചെയ്തത്..? ”

അവൻ ചോദിച്ചപ്പോൾ അവൾ സ്വയം പരിഹസിച്ചു ചിരിച്ചു.

” ഞാനും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. വിവാഹത്തോടെ നിന്റെ ജീവിതത്തിൽ എനിക്ക് കൂടുതൽ സ്ഥാനം കിട്ടി എന്ന് ഞാൻ തെറ്റിദ്ധരിച്ചു.”

അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാതെ അവൻ അവളെ തുറിച്ചു നോക്കി.

” തെറ്റിദ്ധരിച്ചു എന്നോ..? അതെങ്ങനെ ഒരു തെറ്റിദ്ധാരണയാകും? ”

അവൻ ചോദിച്ചപ്പോൾ അവൾ ഒന്നു ദീർഘനിശ്വാസം ഉതിർത്തു.

” നമ്മുടെ വിവാഹത്തിന് മുൻപ് നീയും ഞാനും തമ്മിൽ എത്രയോ മണിക്കൂറുകൾ സംസാരിക്കുമായിരുന്നു.

ശരിയല്ലേ..? ദിവസവും ഏറ്റവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും നമ്മൾ തമ്മിൽ സംസാരിക്കാറുണ്ട്. നമ്മൾ പഠനം കഴിഞ്ഞ് ജോലിയിൽ കയറിയതിനു ശേഷമാണ് ഇതൊക്കെ എന്ന് ഓർക്കണം. ”

അവൾ പറഞ്ഞപ്പോൾ ശരിയാണ് എന്ന അർത്ഥത്തിൽ അവൻ തലയാട്ടി.

” പക്ഷേ നമ്മുടെ വിവാഹ ശേഷം അങ്ങനെയൊന്നു ഉണ്ടായത് എപ്പോഴെങ്കിലും നിനക്ക് ഓർമ്മയുണ്ടോ..?

നമ്മുടെ വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ അല്ലാതെ പിന്നീട് എപ്പോഴെങ്കിലും നീ എന്നോടൊപ്പം ഇരുന്ന് ഇത്രയും സമയം ചെലവഴിച്ചതായി നിന്റെ ഓർമ്മയിൽ ഉണ്ടോ..?

ഇത്രയും സമയം വേണമെന്നില്ല ചുരുങ്ങിയത് ഒരു അരമണിക്കൂർ എങ്കിലും നീ എന്നോട് ഒപ്പം ഇരുന്നു സംസാരിക്കാനോ എന്തെങ്കിലും കളി തമാശകൾ പറയാനും ശ്രമിച്ചിട്ടുണ്ടോ..? എന്തുകൊണ്ടാണ് നീ അതെല്ലാം ഒഴിവാക്കിയത്..? ”

അവളുടെ ചോദ്യം കേട്ടപ്പോഴാണ് അവനും അതിനെക്കുറിച്ച് ആലോചിക്കുന്നത്. ശരിയാണ്..

വിവാഹത്തിന് മുൻപ് അവളോട് സംസാരിച്ചിരിക്കാൻ എത്ര തിരക്കിനിടയിലും താൻ സമയം കണ്ടെത്തുമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞ ശേഷം അതിനുള്ള താൽപര്യം കുറഞ്ഞു വരികയാണ് ചെയ്തത്.

അതൊരിക്കലും അവളോടുള്ള ഇഷ്ടക്കേട് ആയിരുന്നില്ല.അവൾ എന്റെ സ്വന്തമല്ല എല്ലായിപ്പോഴും എന്നോടൊപ്പം തന്നെ ഇല്ലേ എന്നൊരു ചിന്ത..!

” ഈ വീട്ടിൽ ഞാൻ എങ്ങനെയാണ് കഴിയുന്നത് എന്ന് ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ..? നമ്മുടെ വിവാഹത്തിന് നിന്റെ അമ്മയ്ക്കും സഹോദരിക്കും ഉൾപ്പെടെ എല്ലാവർക്കും എതിർപ്പായിരുന്നു എന്ന് നിനക്കും അറിയുന്ന കാര്യമാണല്ലോ.

എന്നിട്ടും അവരെയൊക്കെ പറഞ്ഞ് സമ്മതിപ്പിച്ച് നമ്മുടെ വിവാഹം നടത്തിയത് അത്രയും കഷ്ടപ്പെട്ടിട്ടാണ്. അവർ പറഞ്ഞ പെൺകുട്ടിയെ നീ വിവാഹം കഴിക്കാത്തതിന്റെ എല്ലാ ചൊരുക്കും അവർ എന്നോട് തീർക്കാറുണ്ട്.

പലപ്പോഴും ആഹാരം പോലും കഴിക്കാൻ കഴിയാതെ ഡൈനിങ് ടേബിളിൽ ഇരുന്ന് ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. കാരണം അവർ എനിക്ക് തരുന്ന മാനസിക ആഘാതങ്ങൾ അത്രയും വലുതായിരുന്നു. ”

അത് പറഞ്ഞപ്പോൾ മാത്രം അവളുടെ ശബ്ദം ഇടറി.

” ഇതൊക്കെയും ഞാൻ സഹിക്കുമ്പോൾ എന്നെ ആശ്വസിപ്പിക്കാൻ നീ ഉണ്ടാകുമെന്ന് ഞാൻ വെറുതെയെങ്കിലും കരുതി.

അത് എന്റെ തെറ്റിദ്ധാരണ മാത്രമായിരുന്നെന്ന് വളരെ പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി. അമ്മയെയും സഹോദരിയെയും എതിർത്ത് ഒരു വാക്കുപോലും നീ പറയാറില്ല.

എനിക്ക് വേണ്ടി അവരോട് തല്ലു പിടിക്കണം എന്നൊന്നുമല്ല ഞാൻ പറയുന്നത്. ഞാനൊരു മനുഷ്യ ജീവനാണെന്നുള്ള ഒരു പരിഗണന നിന്റെ ഭാഗത്തു നിന്നെങ്കിലും എനിക്ക് കിട്ടേണ്ടതായിരുന്നു.

അവർ എന്നെ എന്തെങ്കിലും പറയുമ്പോൾ ഞാനത് കേട്ടോളാം. പക്ഷേ പോട്ടടി സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ നീ ഉണ്ടായിരുന്നെങ്കിൽ.. ”

അവൾ സങ്കടം കടിച്ചു പിടിച്ചു. അവളുടെ അവസ്ഥ കണ്ടു അവന് സഹതാപം തോന്നി.

പലപ്പോഴും അമ്മയുടെയും ചേച്ചിയുടെയും ചെയ്തികൾ അതിരുവിടുന്നതായി തോന്നിയിട്ടുണ്ട്.പക്ഷേ അപ്പോഴും അവരെ എതിർത്ത് താൻ എന്തെങ്കിലും പറഞ്ഞാൽ അത് അവളോടുള്ള ഇഷ്ടക്കേട് വീണ്ടും കൂട്ടും എന്ന് കരുതിയാണ് ഇതുവരെയും പ്രതികരിക്കാതിരുന്നത്.

അതൊരു അബദ്ധമായി പോയി എന്ന് അവൾ പറയുന്നത് കേൾക്കുമ്പോൾ തോന്നുന്നുണ്ട്.

അവൾ പറയും പോലെ അവളെ ഒന്ന് ആശ്വസിപ്പിക്കാൻ എങ്കിലും ഞാൻ ശ്രമിച്ചിരുന്നെങ്കിൽ..!

” എനിക്ക് തീരെ സഹിക്കാൻ പറ്റാതെ ആയപ്പോഴാണ് ഞാൻ പ്രതികരിച്ചു തുടങ്ങിയത്. ഞാൻ ഓരോ തവണയും പ്രതികരിക്കുമ്പോൾ നീ എന്തിനു പ്രതികരിച്ചു എന്ന് ചോദിക്കാൻ നിനക്ക് അറിയാമായിരുന്നു.

അവർക്ക് മുന്നിൽ വച്ച് എന്നെ തല്ലാനോ കൊല്ലാനോ നിനക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

ശരിക്കും പറഞ്ഞാൽ ഓരോ ദിവസവും എന്നിലുള്ള നിന്നെ നീ തന്നെ വെറുപ്പിക്കുകയായിരുന്നു. ഇപ്പോൾ നീ എന്നോട് പറഞ്ഞല്ലോ നമുക്ക് പിരിയാം എന്ന്..? അതിനുള്ള കാരണവും എനിക്കറിയാം.

ഇന്ന് നിന്റെ അമ്മ നിന്നോട് പറഞ്ഞിട്ടുണ്ടാകും അല്ലേ ഞാൻ മച്ചിയാണെന്ന്.. കല്യാണം കഴിഞ്ഞ് ഒന്നൊന്നര വർഷമായിട്ടും പ്രസവിച്ചില്ലെങ്കിൽ സാധാരണ എല്ലാവരും പറയുന്ന ഒരു വാക്ക് ആണല്ലോ അത്..”

പുച്ഛത്തോടെ അവൾ പറഞ്ഞപ്പോൾ മറുപടിയില്ലാതെ അവൻ തലകുനിച്ചു.

” എന്തായാലും നീ തന്നെ ഇങ്ങോട്ട് പറഞ്ഞ സ്ഥിതിക്ക് ആ കാര്യത്തിൽ എനിക്കും ഒബ്ജക്ഷൻ ഒന്നുമില്ല.

നമുക്ക് പിരിയാം. പിന്നെ ഇത്രയും പറഞ്ഞത്.. നീ എപ്പോഴെങ്കിലും ഒക്കെ ഓർക്കണം. ഞാൻ ഇങ്ങനെയൊക്കെ ആയിരുന്നു ഈ വീട്ടിൽ കഴിഞ്ഞത് എന്ന്.. ”

അത്രയും പറഞ്ഞു അവൾ ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുമ്പോൾ, അവന് വല്ലാതെ കുറ്റബോധം തോന്നുന്നുണ്ടായിരുന്നു. എങ്കിലും അവളെ തിരിച്ചു വിളിക്കാൻ അവന്റെ മനസ്സ് അവനെ അനുവദിച്ചില്ല.

അപ്പോഴും അവന്റെ ഉള്ളം മന്ത്രിക്കുന്നുണ്ടായിരുന്നു.

” സ്റ്റിൽ ഐ ലവ് യു..”