അമ്മു
(രചന: Nishad Mannarkkad)
ടാ … ദീപൂ.. നിനക്കു ശരിക്കും സ്നേഹമാണോ അവളോട്…
അഭിലാഷിന്റെ ചോദ്യം കേട്ട് കടലിന്റെ മനോഹാരിത മൊബൈലിൽ പകർത്തുകയായിരുന്ന ദീപു തിരിഞ്ഞു നോക്കാതെ ചോദിച്ചു അമ്മുവിനെ കുറിച്ചാണോടാ…
അതേടാ അഭിലാഷ് മറുപടി പറഞ്ഞു.
നിനക്കെന്തു തോന്നുന്നു ദീപു മറു ചോദ്യം ചോദിച്ചു…
നിന്റെ ഓഫിസിൽ നിന്റെ കീഴിൽജോലിക്കു വരുന്ന അഷ്ടിക്ക് വകയില്ലാത്ത ഒരു പെണ്ണ്. അല്ലാതെന്ത് തോന്നാൻ…
ദീപു അഭിലാഷിന്റെ മുഖത്തേക്കൊന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..
രണ്ടു മൂന്നു വർഷമായല്ലോ… നീ അവളെ ട്രൈ ചെയ്യുന്നു… വല്ലതും നടന്നോ… ഇതുവരെ ഒന്നും നടന്നിട്ടില്ലേൽ ഒന്ന് മുട്ടിനോക്ക്.. ചിലപ്പോൾ അവൾക്കും താത്പര്യം കാണും…
അഭിലാഷ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു നിറുത്തി. അവന്റെ ഉദ്ദേശം മനസ്സിലായെങ്കിലും ദീപു ഒന്നും മിണ്ടിയില്ല…
ശരിയാണ് അഷ്ടിക്ക് വകയില്ലാത്ത പെണ്ണ് ,എണ്ണ കറുപ്പുള്ളവൾ, എപ്പോൾ നോക്കിയാലും കണ്ണ് നിറഞ്ഞേ അവളെ കാണാറുള്ളൂ…
അത്രയ്ക്കു കഷ്ടത അനുഭവിക്കുന്ന കുട്ടിയാണ് എന്നാലും എന്തോ അച്ഛനില്ലാത്ത കുട്ടിയായതോണ്ടുള്ള സഹതാപം കൊണ്ടോ…
എന്നും ഓഫിസിൽ ചെല്ലുമ്പോൾ തനിക്കു തരുന്ന കരുതൽ കൊണ്ടോ എന്തോ ഒരു പ്രത്യേക ഇഷ്ടം അവളോടുണ്ട്. അതിനെ പ്രണയമെന്നു വിളിക്കാൻ പറ്റുമോ അറിയില്ല എന്നാലും ഒരിഷ്ടം.
നീയെന്താടാ ആലോചിക്കുന്നേ അഭിലാഷിന്റെ ചോദ്യം കേട്ടാണ് ദീപു ചിന്തയിൽ നിന്നുണർന്നത്. ഒന്നുമില്ലടാ ചുമ്മാ ഓരോന്ന്…ദീപു ഒരു പുഞ്ചിരിയിൽ ഒതുക്കി…
ടാ ഞാനൊരു കാര്യം പറയട്ടെ നീ എന്തായാലും അവളെ കെട്ടാൻ പോകുന്നില്ല. അപ്പൊ ആ പച്ചക്കരിമ്പിനെ ഒന്നനുഭവിച്ചെങ്കിലും വിടെടാ… അതുകേട്ടതും ദീപു ഷോക്കേറ്റ പോലെയായി…
അമ്മുവിനു നാളെ ഒന്നു ഫ്രീ ആകാൻ പറ്റുമോ..? എന്തോ കാര്യമായി കോപ്പി ചെയ്യുന്ന തിരക്കിലായിരുന്നു അപ്പോൾ അമ്മു. പെട്ടെന്നാണ് ദീപുവിന്റെ ചോദ്യം…
എന്തിനാ ദീപുവേട്ടാ അമ്മു മുഖമുയർത്തി ചോദിച്ചു..
ഒരിടം വരെ പോകാനുണ്ട് നീ റെഡിയായി ബസ് സ്റ്റോപ്പിൽ നിന്നാൽ മതി ഞാൻ പിക് ചെയ്യാം.
ഓക്കേ. ശരി ദീപുവേട്ടാ അവൾക്കു അസാധാരണമായി ഒന്നും തോന്നിയിരുന്നില്ല അത്രയ്ക്ക് വിശ്വാസമായിരുന്നു ദീപുവിനെ…
മൂന്നു വർഷമായി ഈ ഓഫിസിൽ വർക്ക് ചെയ്യുന്നു …ഇതുവരെ മോശമായ ഒരു പെരുമാറ്റവും ദീപുവിന്റെ ഭാഗത്തു നിന്ന് തനിക്കോ കൂടെയുള്ള മറ്റു വർക്കേഴ്സിനോ ഉണ്ടായിട്ടില്ല.
എല്ലാർക്കും ദീപുവിനെ കുറിച്ച് പറയാൻ നൂറു നാവാ….
അതു മാത്രമല്ല പലപെണ്കുട്ടികളുടെയും മനസിലെ മോഹം കൂടിയാണ് ദീപുവിനെപ്പോലെ ഒരു ചെറുപ്പക്കാരൻ ജീവിതത്തിൽ ഭർത്താവായി വരണമെന്നത്…
അതൊക്കെ കൊണ്ട് തന്നെയാണ് അമ്മു ദീപുവിന്റെ ഉള്ളിലെ ഇഷ്ടം അറിയാമായിരുന്നിട്ടും തിരിച്ചു തനിക്കും ജീവനെ പോലെ ഇഷ്ടമാണെന്ന കാര്യം പ്രകടിപ്പിക്കാതെ അതറിയാത്ത പോലെ നടിക്കുന്നത് …..
തന്നെ പോലെയുള്ള ഗതിയില്ലാത്ത ഇരുനിറമുള്ള പെണ്ണിനു കൊതിക്കാൻ പോലും അർഹതയില്ലാത്ത സമ്പത്തും അതിലുപരി സൗന്ദര്യവും ദീപുവേട്ടനുണ്ട്…..
ഡ്രൈവ് ചെയ്യുമ്പോഴും മനസ്സിൽ അഭിലാഷ് പറഞ്ഞ വാക്കുകളായിരുന്നു ദീപുവിന്റെ ചെവിയിൽ …..ഒന്നനുഭവിച്ചു വിട്ടൂടെ എന്ന് ….ദീപു ഗ്ലാസിൽ കൂടി പിന്നിലേക്ക് നോക്കി .
വെള്ളയും മെറൂണും മിക്സ് ആയ കളറുള്ള ആ ചൂരിദാറിൽ അമ്മുവിനെ കാണാൻ വല്ലാത്ത ചന്തമാണ്.. എണ്ണകറുപ്പാണെലും വല്ലാത്തൊരു മുഖലക്ഷണമുണ്ട് അമ്മുവിന്…
വണ്ടി നേരെ ചെന്നു കയറിയത് അഭിലാഷും, ദീപുവും വല്ലപ്പോഴും കൂടാറുള്ള ഒരു ഔട്ട് ഹൌസിലാണ്. ദീപു ഡോർ തുറന്നു ഇറങ്ങിയതിനു ശേഷം അമ്മുവിനോട് ഇറങ്ങാൻ പറഞ്ഞു…
അമ്മു ചുറ്റും നോക്കിയതിനു ശേഷം ഇറങ്ങി ..എന്താ ദീപുവേട്ടാ ഇവിടെ അവൾ പകച്ചു കൊണ്ട് ചോദിച്ചു .
വാ പറയാം അമ്മുവിൻറെ കൈ പിടിച്ചു റൂമിലേക്ക് കയറ്റി ദീപു വാതിൽ കുറ്റിയിട്ടു …
എന്നിട്ടു അമ്മുവിന്റെ തോളത്തു ഒരു വിറയലോടെ കരതലം വെച്ചു അമ്മുവിൻറെ മുഖത്തേക്ക് നോക്കി….. ഒരു പ്രതിമ കണക്കെ നിൽക്കുകയാണ് അമ്മു.
കണ്ണിലെ കൃഷ്ണമണികൾ രണ്ടും ദീപുവിന്റെ നേർക്കാണ്. ഒന്ന് അടയ്ക്കുക പോലും ചെയ്യാതെ കണ്ണുനീർ ധാരധാരയായി കവിളിലൂടെ ഒലിച്ചിറങ്ങുകയാണ്…
അമ്മൂ… ദീപു പതിയെ വിളിച്ചു നോക്കി…അമ്മു നിറകണ്ണുകളോടെ ദീപുവിനെ മുഖമുയർത്തി നോക്കി.. ആ തുളുമ്പുന്ന കണ്ണുകൾക്കു മുന്നിൽ പിടിച്ചു നില്ക്കാൻ പറ്റിയില്ല അവനു…
അമ്മുവിൻറെ ചുമലിൽ നിന്നും കയ്യെടുത്തു പിന്നോട്ട് മാറി ദീപു ചുവരിനോട് ചാരി ശിരസു താഴ്ത്തി നിന്നു…
അമ്മു മുന്നോട്ടു ചെന്നു ദീപുവിന്റെ മുഖം പിടിച്ചുയർത്തി.. താനിഷ്ടപ്പെടുന്ന ആ കണ്ണുകളിലേക്കു നോക്കി വിളിച്ചു …
ദീപുവേട്ടാ…..
മ്.. അവൻ മുഖം നോക്കാൻ കെല്പില്ലാതെ മൂളി…
ദീപുവേട്ടനറിയുമോ ഒരു പെണ്ണിന് ജീവിതാവസാനം വരെയുള്ള ഏറ്റവും വലിയ സുരക്ഷിതം ഒരാണിന്റെ സംരക്ഷണമാണ് ..
ദീപുവേട്ടാ അതിനൊരു പെണ്ണ് തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥയായ അഭിമാനവും ചാരിത്ര്യവും ആണ് ഇപ്പൊൾ ദീപുവേട്ടനെന്നിൽ നിന്നും കവർന്നെടുക്കാൻ നോക്കുന്നത്…
അതിനു പകരമായി ദീപുവേട്ടനെന്നെ സ്വീകരിക്കുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല…
അതു കൊണ്ടു തന്നെയാ ദീപുവേട്ടൻ എന്നോട് ഇഷ്ടം കൂടാൻ വന്നപ്പോഴെല്ലാം ആരും അറിയാതെ എന്റെ ജീവനെ പോലെ ഉള്ളിൽ സ്നേഹിച്ചിട്ടും ദീപുവേട്ടനിൽ നിന്നും ഞാൻ അകലം പാലിച്ചത്…
അമ്മു കണ്ണുനീർ തുടച്ചു ദീപുവിനെ നോക്കി. പാവം ആരോ പറഞ്ഞത് കേട്ടു ചാടി പുറപ്പെട്ടതാണെന്ന് അമ്മുവിന് മനസിലായി.
ദീപു പുറം തിരിഞ്ഞു ചുമരിനോട് ചേർന്ന് നെറ്റി ചാരി ഇരിക്കുവാണ്….. പതിയെ ചെന്ന് ദീപുവിനെ തനിക്കഭിമുഖമായി നിറുത്തി അമ്മു പറഞ്ഞു… ദീപുവേട്ടൻ ആഗ്രഹിച്ചതല്ലേ..
വേണേൽ ഇപ്പൊൾ എന്നെ എന്തും ചെയ്യാം ..ഞാൻ എതിർക്കില്ല . കാരണം ഞാൻ മനസറിഞ്ഞു സ്നേഹിക്കുന്ന എന്റെ ദീപുവേട്ടനല്ലേ…
എങ്കിലും എല്ലാം കഴിഞ്ഞു പോകുമ്പോ ദീപുവേട്ടൻ തിരിഞ്ഞു പോലും നോക്കാതെ പോകണം… ഒരു പരാതിയുമില്ല ഈ കാക്ക കറുമ്പിക്ക്…. ഒരാളുടെയും ജീവിതം തകർക്കാനുമില്ല….
ഈ ജന്മം കൊണ്ട് ഒരാളെങ്കിലും സന്തോഷിച്ചല്ലോ എന്ന സന്തോഷത്തിൽ ഒരാളുടെയും പേരു പരാമർശിക്കാതെ
ഈ ജീവിതം ഒടുക്കി കളയാം കണ്ണീരു മാത്രം വിധിക്കപ്പെട്ട ഈ കറുമ്പി… പറഞ്ഞു നിറുത്തുമ്പോഴേക്കും വിതുമ്പിപ്പോയിരുന്നു അമ്മു……
വണ്ടിയിൽ നിന്നും ഇറങ്ങുമ്പോ അമ്മു ആശ്ച്ചര്യപ്പെട്ടു… റജിസ്റ്റർ ഓഫിസ്…. ഇതെന്താ ഇവിടെ അമ്മു ഒന്നുമറിയാതെ ചോദിച്ചു.
ഒരുപെണ്ണിനു ഒരാണിന്റെ കരുതലാണ് വലുതെങ്കിൽ ഒരാണിന് വലുത് അവന്റെ കണ്ണുതുറപ്പിക്കുകയും അവനു വേണ്ടി മാത്രം തന്നെ പൂർണമായും സമർപ്പിക്കുകയും ചെയ്യുന്ന പെണ്ണിനെയാ…
എനിക്ക് വേണം എന്റെ അമ്മുവിനെ… എന്റെ മാത്രമായി… ഇനിയുള്ള ജീവിതത്തിൽ ….
ദീപു പറഞ്ഞു നിറുത്തുമ്പോൾ അമ്മുവിന്റെ മുന്നിൽ നിറങ്ങളുടെയും സ്വപ്നങ്ങളുടെയും വാതിൽ തുറക്കുകയായിരുന്നു.
തനിക്കായി ദൈവം കാത്തു വച്ച സ്നേഹത്തിന്റെ കരുതലിന്റെ ദീപുവിന്റെ ജീവന്റെ പാതിയെന്ന വാതിൽ….

