ആദ്യമായാണ് പ്രണയത്തോടെ ഇങ്ങനെ സംസാരിക്കുന്നത്, ഇതുവരെ ആ രീതിയിൽ ഒന്ന്..

Crazy Friends
(രചന: Nithya Prasanth)

“എടാ… അർജുവിന്റെയും സോനയുടെയും ഒളിച്ചുകളി നമുക്കൊന്നു പൊളിക്കണം.. എന്താ വഴി… ആരെങ്കിലും ഒന്ന് പറയ്…
എനിക്കാണെങ്കിൽ അതൊന്ന് തീർപ്പാക്കാതെ ഒരു സമാധാനവും ഇല്ല.”

മുഖത്തു ഒരു വിഷമ ഭാവം വരുത്തിക്കൊണ്ട് അബിൻ പറഞ്ഞു…

“കോളേജ് റിയൂണിയൻ പാർട്ടി അല്ലെ വരുന്നത്… അന്ന് നമുക്ക് നോക്കാം…”

മനസ്സിൽ എന്തോ കണക്ക് കൂട്ടലുകൾ നടത്തി ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് ശബരി പറഞ്ഞു..

മൾട്ടി നാഷണൽ കമ്പനി യിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർസ് ആണ്അവർ അഞ്ചു സുഹൃത്തുക്കൾ. അർജുവും സോനയും, ശബരിയും അബിനും, വിശാഖും …….

ഒരു ടീമിൽ വർക്ക്‌ ചെയ്യുന്നവർ.
ടീം ലെ ഏക പെൺതരി ആണ് സോനാ… അവരുടെ അപ്രഘ്യപിതലീഡറും…. ശാസിച്ചും ഉപദേശിച്ചുംതങ്ങളെ നേർവഴിക്കു നയിക്കുന്ന ആൾ എന്നാണ് ടീം ലുള്ളവർ തന്നെ അവൾക്ക് അംഗീകരിച്ചു കൊടുതിരിക്കുന്ന ബഹുമതി.

സോനയ്ക്കും അർജുവിനും ഇടയിലുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നിയിട്ടുള്ള ഒരു കെമിസ്ട്രി… അതാണ് ഇവരുടെ ഇന്നത്തെ ചർച്ചാവിഷയം….

“എന്താ നിന്റെ പ്ലാൻ.. പറയ്…. “അബിൻ ആകാംഷയോടെ ചോദിച്ചു.

“ഗെറ്റ് ടുഗെതർ നു അർജുവിന്റെ പഴയ ലവർ വരുമല്ലോ.. ആൻസി ജോസഫ്…. അന്ന് ചിലതൊക്കെ നടക്കും…”ശബരി പറഞ്ഞു

“അതിന് അവൾ മാരീഡ് ആണല്ലോ… പിന്നെ എങ്ങിനാ..”വിശാഖ് ആണ് ചോദിച്ചത്…

“പക്ഷെ സോനയ്ക്ക് ആ കാര്യങ്ങൾ ഒന്നും അറിയില്ലല്ലോ… നമുക്ക് അവളെയും കൊണ്ട് പോകാം… ബാക്കി ഒക്കെ ചെന്നിട്ടു..

നിങ്ങളോട് മുഴുവൻ പറഞ്ഞാൽ എപ്പോ പൊട്ടിച്ചു കയ്യിൽ തരുമെന്ന് പറഞ്ഞാൽ മതി…അത് കൊണ്ട് മക്കളെ… പ്ലാൻ ഒക്കെ എക്സിക്യൂട്ട് ചെയ്യുമ്പോൾ കണ്ടാൽ മതി.”ശബരി പറഞ്ഞു

“അവൻ അതൊക്കെ മറന്നിട്ടുണ്ടെകിൽ പഴയതൊക്കെ കുത്തിപ്പൊക്കി വെറുതെ അലങ്കോലം ആക്കണോ..”

വിശാഖിനു സംശയം… ചർച്ച ഇത്രത്തോളം ആയപോഴേക്കും അർജു എത്തി…

“ഓ നായകൻ എത്തിയല്ലോ..”ആരോ പറഞ്ഞു .

“എന്താ വലിയ ചർച്ചയിൽ ആണല്ലോ…”

എല്ലാവർക്കും നേരെ ഒന്ന് കണ്ണോടിച്ചുകൊണ്ട് ഒരു കസേര വലിച്ചു അതിലേക്കിരുന്നുകൊണ്ട് അവൻ ചോദിച്ചു

“അല്ല…നിനക്കുമാത്രം….ഞങ്ങൾക്ക് ഒന്നും ഇല്ലാത്ത ഒരു സോഫ്റ്റ്കോർണർ… സോനയോട്.. അവൾക്ക് തിരിച്ചും… അത് പറയുവായിരുന്നു…. എന്താ നിങ്ങൾ തമ്മിൽ….?”

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം കേട്ട് അവനൊന്നമ്പരന്നു.

“വെറുതെ അനാവശ്യം പറയരുത്…. ഞങൾ തമ്മിൽ എന്ത്.. ഒന്നുമില്ല…” കുറച്ചു ദേഷ്യത്തിൽ തന്നെ ആണ് അർജു അത് പറഞ്ഞത്..

“ചിലർക്കു ഒക്കെ ചാറ്റിങ്ങും ചുറ്റികളിയും ഒക്കെ ഉണ്ടെന്ന് വച്ചു എല്ലാരും അങ്ങനെ ആവണം എന്നില്ല… “അർജു കൂട്ടി ചേർത്തു

ആരെ ഉദ്ദേശിച്ചു ആണ് അവൻ അത് പറഞ്ഞത് എന്ന് എല്ലാർക്കും മനസിലായി…. അബിൻ ദേഷ്യത്തിൽ ഇരുന്നിരുന്ന കസേര പിന്നോക്കം തള്ളിമാറ്റി എഴുനേറ്റ് പോയി…

“എന്നാൽ നമ്മൾ എല്ലാരും ഇവിടെ ഉണ്ടെന്ന് സോന അറിയേണ്ട. നീ ഒന്ന് വിളിക്ക്.. സ്പീക്കറിൽ ഇട്ടിട്ടു. ഞങൾ ഒന്ന് കേൾക്കട്ടെ…. എന്നിട്ട് തീരുമാനിക്കാം… ” ശബരി പറഞ്ഞു …

കേട്ടപാടെ എല്ലാരേയും ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് അർജു സോനയുടെ നമ്പർ ഡയൽ ചെയ്തു….
റിങ് തീരാറായപ്പോഴേക്കും കാൾ കണക്ട് ആയി.

“ഹലോ.. ഡാ…”സോനയുടെ ശബ്ദം

അർജു: “ഹലോ…”

സോന: “എന്താ പരുപാടി… ഇന്ന് പുറത്തേക്കൊന്നും പോയില്ലേ…”

അർജു : “പോയില്ല. ഇവിടുണ്ട്.. നീ എന്തെടുക്കുവാ?”

സോന : “ആന്റി യും കസിനും ഒക്കെ വന്നിട്ടുണ്ട്. അങ്ങനെ അവരുടെ കൂടെ ചുമ്മാ സൊറപറഞ്ഞിരിക്കുവാ ”

അർജു : “അതേയ് ഞാൻ വിളിച്ചത്… അവന്മാർക്ക് ഒരു സംശയം… എനിക്ക് നിന്നോട് എന്തോ സോഫ്റ്റ്‌ കോർണർ ഉണ്ടെന്ന്. ലവ് ഓ എന്തോ… ഇല്ലെന്ന് ഞാൻ പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല..”

സോന : “ഓഹോ..അവന്മാര് അങ്ങനെ പറഞ്ഞോ….കൊള്ളാല്ലോ ആളുകൾ .. നിന്നെ പോലെ ഒരു മണ്ടനെ പ്രേമിക്കാനൊന്നും എന്നെ കിട്ടില്ലെന്ന്‌ പറയാമായിരുന്നില്ലേ?”പിന്നെ ഒരു പൊട്ടിച്ചിരി..

അർജു : “ഓ പിന്നേ… ഒരു ഐശ്വര്യ റായ്… നിന്നെ പോലെ ഒരു വയ്യാവേലിയെ ചുമക്കാനൊന്നും ഞാൻ തയ്യാറല്ലെന്ന് പറഞ്ഞിട്ടുണ്ട്… അത് പോരെ?”

സോന : “ഒന്ന് വച്ചിട്ട് പോടാ മത്തങ്ങാ തലയാ… നിങ്ങൾക്ക് എല്ലാവർക്കും ഞാൻ വച്ചിട്ടുണ്ട്.. നാളെ ഓഫീസിലേക്ക് പോര്”

അർജു : “ഓഹ് പിന്നെ… നീ എന്തോ ചെയ്യും. വച്ചിട്ട് പോടീ….”

സോന : “വീക്കെൻഡ് ആണെന്ന് വച്ചിട്ട് അവന്മാരുടെ കൂടെ പതിവ് കലാപരിപാടിക്കൊന്നും പോകാൻ നിൽക്കേണ്ട… വീട്ടിലേക്ക് കോളുപോകുമേ…അടങ്ങി ഒതുങ്ങി റൂമിൽ ഇരിക്കാൻ നോക്ക് “അതും പറഞ്ഞു സോന കാൾ കട്ട്‌ ചെയ്തു.

മ് അടങ്ങി ഒതുങ്ങി ഇരിക്കുന്ന ഒരു സൽസ്വഭാവി… മരംകേറി മറിയാമ്മ എന്നാണ് കുടുബത്തിലുള്ളവർ തന്നെ ഇവൾക്കിട്ടിരിക്കുന്ന പേര്.. അർജു ആരോടെന്നില്ലാതെ പറഞ്ഞു.

അവൻ ഒരു നിമിഷം ആലോചനയിൽ മുഴുകി .. മുൻപൊരിക്കൽ കുറച്ചു ഓവർ ആയി ഡ്രിങ്സ് കഴിച്ചു അവൾ വിളിച്ചിട്ട് ബോധമില്ലാതെ സംസാരിച്ചപ്പോൾ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു വീട്ടുകാരുടെ പൂരപ്പാട്ട് കേൾപ്പിച്ച കക്ഷി ആണ്…

“നമ്മൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ഒരു സംഭവത്തിന്റെ ടീമിൽ വന്നു പെട്ടത്. ആ ഓപ്പറേഷൻസ് മാനേജർക്ക് നമ്മോട് എന്താണിത്ര കലിപ്പ്.ആ സോബിന്റെ ടീമിൽ വല്ലതും ആയിരുന്നെങ്കിൽ..”

മുന്നിലിരിക്കുന്ന കുപ്പിയിൽ നിന്നും പകർന്നു വച്ചിരിക്കുന്ന ഗ്ലാസിലേക്ക് നോക്കി ചെറിയ വിഷമത്തോടെ അർജു പറഞ്ഞു..

“ഇപ്പൊ സമാധാനം ആയല്ലോ എല്ലാവർക്കും…. ഉള്ള സ്വസ്ഥത പോയികിട്ടി… നാളെ ഇനി ആ മാരകത്തിന്റെ വായിലിരിക്കുന്നതുനിന്ന് മുഴുവൻ കേൾക്കണമല്ലോ… ഞാൻ നാളെ ലീവാട്ടോ..”

ജാള്യതയോടെ ഇരിക്കുന്നവരെ ഒന്ന് പരിഹാസത്തിൽ നോക്കി അവൻ പറഞ്ഞു.

“നീ അങ്ങനെ അവളെ കുറ്റം പറയേണ്ട… അവളുടെ ടീമിൽ ആയത് കൊണ്ടാണ് നമ്മൾ പ്രെഷർ ഇല്ലാതെ ഇത്ര ഫ്രീ ആയി വർക്ക്‌ ചെയ്യുന്നത്…ഹാപ്പി ആയിട്ടിരിക്കുന്നത്… വർക്ക്‌ ലോഡ് വരുമ്പോൾ സൗബിനെ നീ കണ്ടിട്ടില്ലല്ലോ… എല്ലാവരെയും ഓവർടൈം ചെയ്യിച്ചു പണ്ടാരമടക്കും.” ശബരി പറഞ്ഞു.

അവരുടെ സംസാരത്തിൽ പ്രണയം ഒന്നും ഫീൽ ചെയ്തില്ലെങ്കിലും ചില കാര്യങ്ങൾ… അതാണ് പിടി കിട്ടാത്തത്….

സോന അമ്മയോട് പറഞ്ഞു അർജുവിന് പ്രിയപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ട് വന്നു കൊടുക്കുന്നത് … അവനാണു ഡ്രൈവിങ് നന്നായി അറിയാവുന്നത് എന്ന് പറഞ്ഞു മിക്കപ്പോഴും അവന്റ വണ്ടിയിൽതന്നെ കയറുന്നത്….

മാളിലെ ഷോപ്പിൽ വച്ചു മോശമായ രീതിയിൽ സോനയെ വീക്ഷിച്ചുകൊണ്ടിരുന്ന സെയിൽസ് മാനു നേരെ ആക്രോശിച്ചു അവൾ സെലക്ട്‌ ചെയ്തുകൊണ്ടിരുന്ന വസ്ത്രങ്ങൾഅയാൾക്ക്‌ നേരെ വലിച്ചെറിഞ്ഞു അധികാരത്തിൽ അവളുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു പോയത്…

ഒക്കെ ഇവർക്കിടയിൽ ഒന്നുമില്ല എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ് …അവരുടെ സംശയങ്ങൾ അതൊക്കെയാണ് …

പിന്നെ പതിവ് പോലെ കത്തിവയ്ക്കലും ഫുഡ്‌ ഉം ഒക്കെ കഴിഞ്ഞു കോളേജ് ഗെറ്റ് ടുഗെതർ നു പോകാം എന്നുള്ള തീരുമാനവുമായി എല്ലാരും പിരിഞ്ഞു.

ഒരിക്കൽ തനിക്ക് ഏറ്റവും പ്രിയപെട്ടവൾ ആയിരുന്ന…..ഒരുമിച്ചൊരു ജീവിതംവരെ സ്വപ്നം കണ്ടിരുന്ന…. പിന്നീട് ഒരുപാട് വിഷമങ്ങൾ സമ്മാനിച്ചു പിരിഞ്ഞു പോയ ആളെ വീണ്ടും കണ്ടുമുട്ടുമെന്നറിയാതെ അർജുവും സന്തോഷത്തോടെ മടങ്ങി…

പഴയ കലാലയത്തിലേക്ക് പ്രവേശിച്ചപ്പോൾ തങ്ങൾ ആ പഴയ വിദ്യാർത്ഥികൾ ആയ പോലെ അവർക്ക് തോന്നി. പഴയ ക്ലാസ്സ്‌ മുറികളും ടീച്ചേർസും അങ്ങനെ എല്ലാം ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യിച്ചു.

അർജുവും ശബരിയും ഒരേ നാട്ടുകാർ ആണ്. പഠനത്തിനും ജോലിക്കും വേണ്ടി ഇങ്ങോട്ട് വന്നതാണ്. അബിനും വൈശാഖും സോനയും ഇവിടെ തന്നെ യുള്ളവരാണ്.

ബോയ്സ് നാലുപേരും ഒരേ കോളേജിൽ പഠിച്ചതു കൊണ്ട് അവർക്കെല്ലാം റിയൂണിയൻ പാർട്ടി ക്കുള്ള ഇൻവിറ്റേഷൻ ഉണ്ടായിരുന്നു. സോന മാത്രം ആണ് പുറത്തുനിന്നും ഉള്ള ആൾ.

അവർ എത്തുന്നതിനു മുന്നേ മിക്കവാറും ആളുകൾ വന്നിട്ടുണ്ടായിരുന്നു. മീറ്റിംഗ് തുടങ്ങിയിട്ടില്ല. കൂടുതൽ പേരും ഇങ്ങോട്ടു വന്നു കണ്ടു പരിചയം പുതുക്കി.

അന്ന് ചെറിയ വിരോധത്തിൽ ആയിരുന്നവർ വരെ അതൊക്ക മറന്നു എത്ര സ്നേഹത്തോടെ ആണ് വന്നു സംസാരിച്ചത് .എത്ര മാറ്റങ്ങൾ ഉണ്ടെങ്കിലും ഇവിടെ എത്തിയപ്പോൾ എല്ലാരും ആ പഴയ കുട്ടികൾ ആയി മാറി .

അദ്ധ്യാപകരും സ്നേഹത്തോടെ വന്നു അവരെ ആശ്ലേഷിച്ചു. എല്ലാവരിലും പുത്തനുണർവും അതിയായ സന്തോഷവും ഉണ്ടെന്ന് തോന്നി.

പഠിച്ചിരുന്ന സമയത്തു ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്നേഹവും കേയറിങ്ങും എല്ലാർക്കും ഉള്ളതു പോലെ.. അന്നൊക്കെ കൂടുതലും അടിയും ബഹളവും ഒക്കെ ആയിരുന്നല്ലൊ.

“”ഫസ്റ്റ് ഇയർ ബി ടെക് വിദ്യാർത്ഥി അർജുൻ മഹാദേവന്റെ മനസിലേക്ക് ചിറകടിച്ചു പറന്നു കയറിയ ആൻസി ജോസഫ് എന്ന നസ്രാണി കൊച്ച്…””

ശബരിയുടെ വാക്കുകൾ കേട്ട് ഞെട്ടലോടെ അർജുവും സോനയും കൂട്ടുകാരും അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി….. ആൻസി യും ഹസ്ബൻഡും അവളുടെ കയ്യിൽ ഒരു കുഞ്ഞു മോളും.

ശബരി തമാശ പറഞ്ഞത് ആയിരിക്കണമേയെന്ന് ആശിച്ചു സോന അർജുവിനെ നോക്കി … പെട്ടെന്നുണ്ടായ ഷോക്കിൽ ആകെ പരിഭ്രമിച്ചിരിക്കുന്ന അർജുവിനെ ആണ് കണ്ടത്. അതോടെ ബാക്കി ഉണ്ടായിരുന്ന ശക്തി കൂടി ചോർന്നു പോകുന്ന പോലെ തോന്നി.

അവൾ അബുദാബിയിൽ സെറ്റിൽഡ് ആണ്. ഉണ്ടാവില്ല എന്ന പ്രതീക്ഷയിൽ ആണ് താൻ വന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ ആകെ ഒരു മരവിപ്പ്. അർജു അടുത്തുകണ്ട കസേരകളിലൊന്നിൽ പോയിരുന്നു….

അവന്റ ഭവമാറ്റവും ആ പെൺകുട്ടിയുടെ മുഖവും….. ഒരു കരച്ചിൽ വന്നത് തൊണ്ടയിൽ കുരുങ്ങിയത് പോലെ തോന്നി അവൾക്കു ..എന്ത് പറയണമെന്നറിയാതെ അർജുവിനടുത്തായി പോയിരുന്നു…. അവൻ ഇപ്പോഴും മുഖം കനപ്പിച്ചു തല കുമ്പിട്ടിരുപ്പാണ്….

കുറച്ചു സമയം കൊണ്ട് സമനില വീണ്ടെടുത്തു സോന അർജുവിനോടായിപറഞ്ഞു .

“നമുക്കൊന്ന് പോയി കാണാം”

“വേണ്ട…ഞാനില്ല” വാക്കുകൾക്ക് കടുപ്പം ഉണ്ടായിരുന്നു.

കുറച്ചു സമയം കൂടി പ്ലേ ചെയ്തിരുന്ന പാട്ടുകൾ കേട്ടിരുന്നു… ഒന്ന് റിലാക്സ് ആയി എന്ന് തോന്നിയപ്പോൾ അർജുവിന്റ കൈപിടിച്ചു എഴുനേൽപ്പിച്ചു അൻസിയുടെ അടുത്തേക് നടന്നു. കൂട്ടുകാർ പുറകെയും.

ശബരി ആണ്ആദ്യം ആൻസിക്കരുകിൽ എത്തിയത്… അവനെ കണ്ടതും ചിരിച്ചുകൊണ്ട് കൈകൊടുത്തു..

തൊട്ടടുത്തു നിൽക്കുന്ന അർജുവിനെ കണ്ടതും അവളൊന്ന് ഞെട്ടി… പിന്നെ ചിരിച്ചു, ഒരു വിഷാധ ഭാവത്തിൽ …. അവനും ചിരിച്ചു…. പിന്നെ ഹസ്ബൻഡ് നു ഷെയ്ക് ഹാൻഡ് കൊടുത്തു പേര് പറഞ്ഞു പരിചയപെട്ടു. പരസ്പരം എല്ലാരും വിശേഷങ്ങൾ ചോദിച്ചു…

അവർ അബുദാബിയിൽ ആണ്… ഹസ്ബൻഡ് സിവിൽ എഞ്ചിനീയർ… . സൈറ്റിലൊക്കെ പോകേണ്ടത് കൊണ്ടാവും ആൾ വെളുപ്പിൽ ഒരു ചുവന്ന നിറം..കാഴ്ച്ചയിൽ നല്ലൊരു ആൾ….. എന്നാലും കാണാൻ അർജുവിന്റ അത്രയ്ക്കൊന്നും വരില്ല.

സോന ആണ് ആദ്യം കുഞ്ഞിനെ എടുത്തത്. കുഞ്ഞു കൈകളിൽ പിടിച്ചു കുലുക്കി കളിപ്പിച്ച ശേഷം അർജുവിനു നേരെ തിരിഞ്ഞു കുഞ്ഞിനെ നീട്ടി.

ഒന്ന് അമാന്തിച്ചെങ്കിലും അവൻ
കുഞ്ഞിനെ എടുത്തു കളിപ്പിച്ചു കവിളിൽ ഉമ്മ വച്ചു. സോനയുടെ കണ്ണുകൾ നിറഞ്ഞു തിളങ്ങി. സന്തോഷവും….എന്നാൽ എന്തോ ഒരു പറയാനാവാത്ത വിഷമം….

അവൾ മറ്റുള്ളവർക്ക് സംശയത്തിന് ഇട നൽകാതെ പതിയെ മുഖം തിരിച്ചു. മെല്ലെ അവിടെനിന്നും അകന്നു. അതേസമയം ആൻസി യുടെ മുഖത്താവട്ടെ ഒരു ആശ്വാസ ഭാവം. പാതിവഴിയിൽ ഉപേക്ഷിച്ചു പോയിട്ടും അവൻ തന്നെ വെറുത്തില്ലല്ലോ എന്നോർത്തിട്ടാവാം…

എത്ര നിയന്ത്രിച്ചിട്ടും അനുസരണയില്ലാതെ സോനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വൈശാഖ് ആ കാഴ്ച്ച ശബരിയെ കാണിച്ചു കൊടുത്തു. ശബരിക്ക് അപ്പോഴും യാതൊരു കുലുക്കവുമില്ല.

“ഇപ്പോൾ സമാധാനം ആയല്ലോ… നിന്റെ ഒരു പ്ലാൻ…ഞാനൊന്നും പറയുന്നില്ല.” വൈശാഖ് ദേഷ്യത്തിൽ പറഞ്ഞു.

അർജു സൈഡ് ഡോറിലൂടെ പുറത്തേക്ക് ഇറങ്ങി. മറ്റുള്ളവർ എല്ലാരും അടുത്ത് ചെന്നു… “കള്ള കാമുകാ… “എന്നും പറഞ്ഞു സോന മുഷ്ടി ചുരുട്ടി കുറച്ചു വേദനിക്കും വിധം തന്നെ അർജുവിനെ ഇടിച്ചു. തമാശ മട്ടിൽ എന്നാൽ വേദനിക്കും വിധം വീണ്ടും മൂന്ന് നാല് ഇടി കൂടി കൊടുത്തു തലങ്ങും വിലങ്ങും….

പിന്നെ ഒന്നും സംഭവിക്കാത്ത പോലെ ചിരിച്ചുകൊണ്ട് അവിടെ നിന്നും പതിയെ നടന്നു…. പുറമെ ചിരിക്കുക ആണെങ്കിലും അവൾ ഉള്ളിൽ കരയുക ആണെന്ന് എല്ലാവർക്കും മനസിലായി.
ഒന്നും വേണ്ടായിരുന്നു എന്ന് ശബരി ഒഴിച്ച് ബാക്കി എല്ലാവരുടെയും മനസ് പറഞ്ഞു.

മീറ്റിംഗ് തുടങ്ങി… തങ്ങൾ ഇപ്പോൾ എവിടെ ആണ്…എന്ത് ചെയ്യുന്നു…അന്ന് തങ്ങൾ ഭയത്തോടെ കണ്ടിരുന്ന ടീച്ചേർസ് നെക്കുറിച്ചും, മറക്കാനാവാത്ത സംഭവങ്ങളെക്കുറിച്ചും ഒക്കെയുള്ള വിശേഷങ്ങൾ പങ്കു വച്ചു പഴയ കുട്ടികളും…

കൂടുതൽ സപ്പ്ളി ഉണ്ടായിരുന്നവർ ഇപ്പോൾ നല്ല കമ്പനിയിൽ ഉയർന്ന പൊസിഷനിൽ ഇരിക്കുന്ന കാര്യങ്ങളും, മറ്റു കുട്ടികളെ കുറിച്ചുള്ള വിശേഷങ്ങളും ഒക്കെ പങ്കു വച്ചു അദ്ധ്യാപകരും….

ചിരിയും തമാശയും ഒക്കെ ആയി പാർട്ടി ഗംഭീരമായി മുന്നേറി. അന്ന് വരാൻ സാധിക്കാത്തവരുടെ ഫാമിലിയോടൊപ്പമുള്ള, റിയൂണിയൻ വിഷ് ചെയ്യുന്ന വീഡിയോ പ്ലേ ചെയ്തു… സന്തോഷത്തോടെ ഭക്ഷണവും കഴിഞ്ഞു എല്ലാരും മടങ്ങി.

വന്നപ്പോഴുള്ള ആഘോഷം ഒന്നും തിരിച്ചു പോകുമ്പോൾ ഉണ്ടായില്ല… ആർക്കും ഒന്നും സംസാരിക്കാനില്ലാത്തപോലെ.

സോന ആണ് പറഞ്ഞു തുടങ്ങിയത്…. “എന്താ സംഭവിച്ചത്… നിനക്കിത് അവളോട് പറയാമായിരുന്നില്ലേ “?

“ഞാൻ പറഞ്ഞിരുന്നു… കുറെ കഴിഞ്ഞു … അവൾക്കും ഇഷ്ടം ആയിരുന്നു…. പക്ഷെ മറ്റൊരു മ ത ത്തിൽ പെട്ടെരാൾക്ക് വിവാഹം കഴിച്ചു കൊടുക്കാൻ അവളുടെ വീട്ടുകാർക്ക് സമ്മതം അല്ലായിരുന്നു..

വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വരാൻ അവൾക്കു ധൈര്യവും ഇല്ലായിരുന്നു…”
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം സോന പറഞ്ഞു തുടങ്ങി…

“എന്റെ പാരസ്ന്റ്സ് നു ജാതി മതം ഒന്നും പ്രശ്നം അല്ല. നല്ല സ്വഭാവം… വിദ്യാഭാസം… ജോലി ഇതൊക്കെയെ നോക്കു..പിന്നെ ഞങ്ങളുടെ കാസ്റ്റ് സെയിം ആയത് കൊണ്ട് ആ വിഷയം വരുന്നില്ല.”

ആകാംഷയോടെ എല്ലാരും അവളെ നോക്കി.

“ഞങ്ങൾ എന്ന് വച്ചാൽ “?വൈശാഖ് ആണ് ചോദിച്ചത്.

“അതൊരു കഥയാണ്”

“എന്ത് കഥ “?അർജു സംശയത്തിൽ പുരികങ്ങൾ ഉയർത്തി ചോദിച്ചു.

“ഒരു പ്രണയ കഥ…. അല്ലാതെന്തു???”

“പ്രണയമോ… നിനക്കോ…എന്നിട്ട് നീ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ “?അർജുവിന്റ ശബ്ദം ഇടറി…

“”അർജുൻ മഹാദേവന് മാത്രമേ ക്യാമ്പസ്‌ പ്രണയം പാടുള്ളൂന്ന് ഉണ്ടോ
സോന ശങ്കറിനു പാടില്ലേ”??

ചെറു പുഞ്ചിരിയോടെ അവൾ ചോദിച്ചു.

“എന്റെ ഡിസ്റ്റന്റ് റിലേഷനിൽ ഉള്ള ഒരു കസിൻ ആണ് കക്ഷി…ഞങൾ ഒരേ കോളേജ് ൽ ആയിരുന്നു. മുൻപ് കണ്ടിട്ടുണ്ടെങ്കിലും കോളേജിൽ വച്ചാണ് കൂടുതൽ പരിചയപ്പെട്ടത് .. ഇപ്പോൾ യുകെ യിൽ വർക്ക്‌ ചെയ്യുന്നു. ചാറ്റ് ചെയ്യാറുണ്ട്. ഈയടുത്തു മാര്യേജ് നേ കുറിച്ചു ഏട്ടൻ സംസാരിച്ചിരുന്നു.”

“എന്നിട്ട് ഇങ്ങനെ ഒരു കാര്യം നീ പറഞ്ഞിട്ടില്ലല്ലോ….”അർജു വിശ്വാസം വരാത്ത പോലെ ചോദിച്ചു.

“അർജു ആൻസി യുടെ കാര്യം പറഞ്ഞിരുന്നോ…?”

“അതൊക്ക പഴയ കാര്യങ്ങൾ അല്ലെ. അന്ന് ശരിക്കും വിഷമം ഉണ്ടായിരുന്നു. പതിയെ എല്ലാം മറന്നു… എല്ലാം മറക്കാൻ കൂടി ആണ് ഞാൻ ഹയർ സ്റ്റഡിസ് നു നാട്ടിൽ നിന്നും വിട്ട് നിന്നത്.

ഇപ്പോൾ ആ കുട്ടിയെ കണ്ടപ്പോൾ മറ്റു കൂട്ടുകാരെ കാണുന്ന പോലെയേ ഉള്ളു.. അവർക്ക് ഇപ്പോൾ ഫാമിലി ഒക്കെ ആയില്ലേ.”

“പിന്നെ അതൊക്കെ വീണ്ടും ഓർക്കാൻ ഇഷ്ട്പ്പെടുന്നുമില്ല “അവൻ പറഞ്ഞു നിർത്തി.

പിന്നെ ആരും അധികം സംസാരിച്ചില്ല. വീട്ടിലെത്തിയപ്പോൾ എന്തോ ഒരു ദുഃഖം ചുറ്റും കനക്കുന്നത് പോലെ അവൾക്കു തോന്നി. അർജുവിനെ കുറച്ചു വിഷമിപ്പിച്ചാണ് വിട്ടത്. അവൾക്കു എന്തെന്നില്ലാത്ത വിഷമം തോന്നി.

ഫോണെടുത്തു വിളിച്ചു. സ്വിച്ചഡ് ഓഫ്. കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു. ഓഫ് തന്നെ….അവന്മാരെ വിളിച്ചു നോക്കി…. “അവിടെ എവിടേലും ഉണ്ടാകും…. ഫോൺ ശ്രദ്ധിച്ചിട്ടുണ്ടാകില്ല “എന്ന ഒഴുക്കൻ മറുപടി…

അമ്മ വന്നു രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് പോയില്ല. സുഖമില്ലെന്ന് പറഞ്ഞു റൂമിൽ തന്നെ ഇരുന്നു. ആകെ ഒരു സമാധാനവും ഇല്ല. ഇതു വരെ ഇങ്ങനെ ഫോൺ ഓഫ്‌ ആയി കണ്ടിട്ടില്ല. എവിടെ പോയിട്ടുണ്ടാകും …. മനസ് ആകെ ആസ്വസ്ഥം ആയി.

ഇതേസമയം ഫ്രണ്ട്‌സ് ഗാങ് ലും അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു…..

“എടാ… നമുക്കവനെ പോയെന്നു കണ്ടാലോ”? വൈശാഖ് ചോദിച്ചു

“വേണ്ട. അന്ന് നമ്മൾ ചോദിച്ചപ്പോൾ അവൻ എന്താ പറഞ്ഞത്…. “അനാവശ്യം “പറയരുത് എന്ന്… അല്ലെ. അന്നത്തെ “അനാവശ്യം” ഇപ്പോൾ അവനു “ആവശ്യം” ആയി. കുറച്ചു വിഷമിക്കട്ടെ “ശബരി ഉറച്ച സ്വരത്തിൽ പറഞ്ഞു.

“എന്നാലും അവനെ ഇങ്ങനെ ഒറ്റപ്പെടുത്തണോ ??”അബിൻ ആണ് ചോദിച്ചത്.

“ഇതു ഒറ്റപ്പെടുത്തൽ ഒന്നും അല്ല. അവർക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അവർ തന്നെ പറഞ്ഞു തീർക്കട്ടെ. അതാണ് നല്ലത്… നമ്മൾ ഇപ്പോൾ ഇടപെട്ടാൽ ശരിയാവില്ല. അവനാണെങ്കിൽ സൗഹൃദം പ്രണയത്തിലേക്കു വഴുതി വീണു എന്ന് നമ്മോട് സമ്മതിക്കാൻ പറ്റാത്തത്ര ഒടുക്കത്തെ കോംപ്ലക്സും.

തുറന്നു പറയാൻ മടിച്ചും പേടിച്ചും എത്ര പേരുടെ പ്രണയങ്ങൾ ആണ് വിവാഹത്തിലേക്കെ ത്താതെ പോയിട്ടുള്ളത്.

ഇതിപ്പോ തുറന്നു സംസാരിക്കാൻ ഒരു സിറ്റുവേഷൻ ഞാൻ ക്രീയേറ്റ് ചെയ്തു. അത്രയേ ഉള്ളു. ഞാൻ ആണ് ആൻസി യെവിളിച്ചു റിയൂണിയൻ ന്റെ ഡേറ്റ് നോക്കി ഇനിയുള്ള നാട്ടിലേക്കുള്ള യാത്ര ഫിക്സ് ചെയ്യാൻ പറഞ്ഞത് ”

ഒന്ന് നിർത്തിയിട്ടു അവൻ വീണ്ടും തുടർന്നു.

“ഞാൻ അവനെ ഉപേക്ഷിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അന്ന് ആൻസിയോട് ഇറങ്ങി വരാൻ ഞാൻ ആണ് അവനു വേണ്ടി സംസാരിച്ചത്. പിന്നെ അവനു നമ്മുടെ മാറിയാമ്മ യുടെ അത്ര ഗട്സ് ഒന്നും ഇല്ലെന്ന് എനിക്കറിയില്ലേ. അത്കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ബാക്കി നാളെ നോക്കാം.”

ആ തീരുമാനത്തിൽ അവർ പിരിഞ്ഞു.

സോന അന്ന് രാത്രി ഉറങ്ങിയില്ല… എങ്ങിനെയോ നേരം വെളുപ്പിച്ചു. പിന്നെ ഫ്രഷ് ആയി കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ്‌ എടുത്തിട്ട് ബാഗും എടുത്തു ഓഫീസിലേക് ആണെന്ന് പറഞ്ഞു കാറിൽ കയറി പോയി.

നേരെ പോയത് അർജുവിന്റ ഫ്ലാറ്റിലേക്ക്. അവൻ ഒറ്റയ്ക്കാണ് താമസം. അബിനും വൈശാഖിനും വീട്ടിൽ നിന്നും പോയി വരാനുള്ള ദൂരമേയുള്ളു. ശബരി ആണെങ്കിൽ അച്ഛന്റെ പ്രായമായ ഒരു സഹോദരിയുടെ കൂടെ ആണ്താമസം.

വണ്ടി പാർക്ക്‌ ചെയ്തു ലിഫ്റ്റ് കയറി സെക്കന്റ്‌ ഫ്ലോറിൽ എത്തി. ഇങ്ങോട്ട് വരാൻ ഇറങ്ങിയപ്പോഴുള്ള ധൈര്യം ഇപ്പോൾ ഇല്ലാത്ത പോലെ. അവന്മാരുടെ കൂടെ പല തവണ ഇവിടെ വന്നിട്ടുണ്ട്. എന്നാൽ ഇതു ആദ്യമായാണ് തനിച്ചു… അവൾക് ചെറിയൊരു പേടി തോന്നി…

ഡോർ ബെല്ലടിച്ചു കാത്തു നിന്നു. കുറച്ചു കഴിഞ്ഞാണ് വാതിൽ തുറന്നത്.. പ്രതീക്ഷിക്കാതെ സോനയെ കണ്ടതും അവനൊന്നമ്പരന്നു. അവന്റെ രൂപം കണ്ടു അവളും.

കലങ്ങിയ കണ്ണുകൾ… ചീകിവയ്ക്കാതെ അലങ്കോലം ആയ മുടി.. മുഖം കണ്ടാലറിയാം ഇന്നലെ തീരെ ഉറങ്ങിയിട്ടില്ലെന്ന്…അവൾക്കു കടന്നുപോകാനായി വഴി ഒഴിഞ്ഞു കൊടുത്തു.

“എന്താ രാവിലെ?”

“ഒന്നുമില്ല. ഇന്നലെ വൈകിട്ടുമുതൽ വിളിച്ചിട്ട് കിട്ടുന്നില്ല. അത് കൊണ്ട്…
എന്താ ഫോൺ സ്വിച്ചഡ് ഓഫ്‌?”

“അത് ചാർജ് തീർന്നു ഓഫ്‌ ആയി. ഞാൻ ശ്രദ്ധിച്ചില്ല.” നിർവികാരം ആയ മറുപടി.

“ഇന്നലെ വൈകുന്നേരം മുതൽ വിളിക്കുന്നതാ… കിട്ടാഞ്ഞപ്പോ അവന്മാരെ എല്ലാവരെയും മാറി മാറി വിളിച്ചു… എന്താണെന്നു അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു….”

“ശബരി ഇന്നലെ ഇവിടെ വന്നിരുന്നു “എന്തോ ഓർത്തു പറഞ്ഞു.

“ഓ….അതുശരി….എന്നിട്ടവൻ മിണ്ടാതിരുന്നതാണല്ലേ?”

ടേബിളിൽ ഇരുന്ന ജഗിൽ നിന്നും വെള്ളം എടുത്തു കുടിച്ചു… ഇന്നലെ വൈകിട്ടു മുതൽ വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് അപ്പോളാണ് അവൾ ഓർത്തത്.

അലസമായാണ് അവൾ വസ്ത്രം ധരിച്ചിരിക്കുന്നത്… മുടിയൊക്കെ വാരിവലിച്ചു കെട്ടി വച്ചിരിക്കുന്നു… മെയ്ക്കപ്പും ആടമ്പര വസ്ത്രവിധാനങ്ങൾ ഒന്നുമില്ലെങ്കിലും അവൾ എത്ര സുന്ദരി ആണെന്ന് അവനു തോന്നി.

“എനിക്ക് വിശക്കുന്നു.. ഇവിടെ എന്താ കഴിക്കാൻ ഉള്ളത്… എന്തെകിലും ഓർഡർ ചെയ്യണോ?”

“വേണ്ട.. ഫ്രിഡ്ജിൽ ദോശ മാവിരിപ്പുണ്ട്. ചട്നി ഇപ്പൊ ഉണ്ടാക്കിത്തരാം. ഇരിക്കു….” അതും പറഞ്ഞു അവൻ കിച്ചനിലേക്ക് പോയി.

കുറച്ചു നേരം അവിടെ തന്നെ നിന്നിട്ട് അവൾ കിച്ചനിലേക്ക് നടന്നു . അകത്തേക്കു കടക്കാതെ വാതിൽക്കൽ നിന്നു നോക്കി.

താൻ വന്നു നിൽക്കുന്നത് അറിയാതെ മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് ഇട്ടിട്ടു ചട്നി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയ്ക്ക് കയ്യുയർത്തി ടീഷർട്ടിന്റെ കയ്യിൽ കണ്ണ് തുടയ്ക്കുന്നുണ്ട്… അവൻ കരയുക ആണെന്ന് മനസിലായി.. കണ്ടുനിൽക്കാനായില്ല… ഹാളിലേക്ക് പോന്നു.

അൽപ്പ സമയത്തിനകം നല്ല ചൂടു ദോശയും ചട്നിയും ടേബിളിൽ എത്തി…

“നീ കഴിക്കുന്നില്ലേ”?അവനോടായി ചോദിച്ചു.

“ഇല്ല കുറച്ചു കഴിഞ്ഞു കഴിച്ചോളാം”

വിശപ്പ് കൊണ്ട് ഒന്നും നോക്കിയില്ല.. വേഗം കഴിക്കാൻ തുടങ്ങി. അവൾ കഴിക്കുന്നതും നോക്കി അവൻ ഇരുന്നു. നിമിഷ നേരം കൊണ്ട് പ്ലേറ്റ് കാലിയായി.

കൈകഴുകി വന്നപ്പോഴും ആളു വലിയ ആലോചനയിൽ ആണ്.

“എന്താ ഇത്ര അശ്രദ്ധമായി ഫോൺ ഓഫ്‌ ആക്കി വയ്ക്കുന്നത്. “ശാസനരൂപത്തിൽ ചോദിച്ചു

“ഞാൻ ഇല്ലെങ്കിൽ എന്താ… നിന്നെ വിളിക്കാൻ വേറെ ആളുകൾ ഉണ്ടല്ലോ….”

അത് കേട്ടതും സോഫയിൽ കിടന്ന ഒരു പില്ലോ എടുത്തു അർജുവിന് നേരെ ആഞ്ഞടിച്ചു. പ്രതീക്ഷിക്കാത്ത ആക്രമണം ആയതിനാൽ പിന്നിലേക്ക് വേച്ചു സോഫയിലേക്ക് ഇരുന്നപോയി അവൻ.

“എന്റെ കോളേജിൽ അങ്ങനെ ഒരാളുണ്ടായിരുന്നു എന്ന് പറഞ്ഞത് സത്യമാ… ബാക്കി ഒക്കെ വെറുതെയാ…” അവളതു പറയുമ്പോൾ വാക്കുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു

അവനിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് …. അവൻ കുറച്ചു നേരം കണ്ണുകളടച്ചു കാൽമുട്ടുകളിൽ കൈകളൂന്നി മുഖം കൈവെള്ളകളിൽ ചേർത്തു വച്ചിരുന്നു…

മുൻപ് താനൊരാളെ സ്നേഹിച്ചിരുന്നു എന്നറിഞ്ഞതുകൊണ്ട് അവൾ തന്നെ വെറുക്കുമോ എന്ന ഭയം മുഖത്തു നിന്നും വിട്ടുമറിയിരുന്നില്ല.

“എന്റെ മനസ്സിൽ അർജു മാത്രമേ ഉള്ളു എന്ന് പറയാതെ തന്നെ കൂട്ടുകാർക്ക് മനസിലായി. ഇവിടൊരാൾക്ക് മാത്രം അത് മനസിലായില്ല.” മുഖത്തു നോക്കാതെ അവൾ അത്രയും പറഞ്ഞൊപ്പിച്ചു.

ഇനിയും അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആണ് അത്രയും പറഞ്ഞത്. ഇപ്പോൾ തന്നെ വല്ലാതെ തളർന്നിരിക്കുകയാണ് അവൻ.

മറുപടി ഒന്നും ഇല്ലാതായപ്പോൾ ഇനിയെന്ത് പറയണം എന്നറിയാതെ അവൾ ബാഗ് എടുത്തു പോകാനൊരുങ്ങി.

“പോവാണോ? “വളരെ ആർദ്രമായി ചോദിച്ചു കൊണ്ട് അവൻ പതിയെ അവൾക്കരികിലേക്ക് എത്തി. ഭയമൊക്കെ വിട്ടൊഴിഞ്ഞു കണ്ണുകളിൽ നിറയെ സ്നേഹവും വാത്സല്യവും.

ആദ്യമായാണ് പ്രണയത്തോടെ ഇങ്ങനെ സംസാരിക്കുന്നത്. ഇതുവരെ ആ രീതിയിൽ ഒന്ന് നോക്കുക പോലും അവൻ ചെയ്തിട്ടില്ല. അത്കൊണ്ട് തന്നെ അവന്റ സാമീപ്യം ചെറിയ ചമ്മൽ ഉണ്ടാക്കിയെങ്കിലും അതു മറച്ചുവച്ച് ഇല്ലാത്ത ദേഷ്യം അഭിനയിച്ചു പറഞ്ഞു.

“അല്ല ഇവിടെ താമസിക്കാം…ഒന്ന് പോടാ.”

അവനതുകേട്ടിട്ട് ചിരിയാണ് വന്നതെങ്കിലും ഒരുവിധം അതടക്കിപിടിച്ചു.

“എന്നാ ഒന്ന് വേഗം പോയി തരാമോ?
തിരിച്ചും ഒരു അനിഷ്ടം അഭിനയിച്ചു കൊണ്ട് പറഞ്ഞു.

അവൾ കലിതുള്ളിക്കൊണ്ട് അവിടെനിന്നും പോകാനൊരുങ്ങി. കയ്യിൽ പിടിച്ചു നിർത്തി തന്നോടടുപ്പിച്ചപ്പോൾ അവളൊന്നു ഞെട്ടിയെങ്കിലും എതിർത്തില്ല.

കൈകളാൽ ചുറ്റിപ്പിടിച്ചു കവിളിൽ മുഖം ചേർത്തു ചുണ്ടുകളമർത്തി. അവൾ മെല്ലെ മുഖമുയർത്തി ലജ്ജയോടെ ആ കണ്ണുകളിലേക്ക് നോക്കി…..പിന്നെ ഒരു കുസൃതി ചിരിയാലേ പതിയെ അവനെ തള്ളിമാറ്റി പുറത്തേക്കിറങ്ങി.

പുറകെ പാഞ്ഞു ചെന്നു തന്റെ പ്രണയം പറയാതെ പറഞ്ഞു പോകുന്നവളെ നിറഞ്ഞ ചിരിയോടെ നോക്കി അവൻ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *