കലാലയ ഓർമ്മകൾ
(രചന: Nithya Prasanth)
ഇന്ന് കുറച്ച് വൈകിയാണ് കോളേജിൽ എത്തിയത്. ക്ലാസിൽ മിക്കവാറും കുട്ടികൾ എത്തിക്കഴിഞ്ഞിരുന്നു.
ഞങ്ങളുടെ ലാസ്റ്റ് ബെഞ്ചിൽ അവളുമാർ എല്ലാരും അടങ്ങിയൊതുങ്ങി കുനിഞ്ഞിരുന്നു നല്ല വായനയിലാണ്. അത്ഭുതം ആണല്ലോ…. ഒരു നിമിഷം പോലും സീറ്റിൽ അടങ്ങിയിരിക്കാത്ത ലിപി വരെ ഉണ്ട്.
“എടീ ഇത് കണ്ടോ…നമുക്ക് അറിയാത്ത ഏതോ ഒരു രോഹിത്…. ദാ ഒരു കുഞ്ഞു കവിത.. പ്രണയമാണ് കേട്ടോ…നമ്മളിൽ ആരോടാണാവോ??”
അതെടുത്തു വായിച്ചു നോക്കി. മനോഹരമായ അക്ഷരങ്ങളിൽ നീല മഷിയിൽ ഒരു കുഞ്ഞു കവിത. താഴെ രോഹിത് എന്ന് എഴുതിയിട്ടുണ്ട്.
അവളുമാരെ ഒന്നു നോക്കി. പാട്ട്, ഡാൻസ്, സിനിമ, കത്തിവയ്പ്പ്… ഇതല്ലാതെ ഒരു ബുക്ക് പോലും വായിക്കാറില്ല, സിലബസ്സിൽ ഉള്ളതല്ലാതെ…
ഇവരുടെ കൂട്ടത്തിൽ എനിക്ക് മാത്രമാണ് ലൈബ്രറിയിൽ മെമ്പർഷിപ്പ് ഉള്ളതും വായനാശീലം ഉള്ളതും. എന്നിട്ട് ഏതോ ഒരുത്തൻ എഴുതിയത് എന്ന് കണ്ടപ്പോൾ വായിക്കാൻ എന്തൊരാവേശം…
ഞാൻ അവർ പറഞ്ഞത് അത്ര ഗൗനിച്ചില്ല. അവരെ ചെറിയ പുച്ഛത്തോടെ നോക്കി എന്റെ സീറ്റിൽ പോയിരുന്നു.
എന്നാലും അവരുടെ നിർബന്ധത്തിൽ ഒരു റിപ്ലൈ എഴുതി കൊടുക്കേണ്ടി വന്നു . അവർ അത് ഡസ്കിൽ ഒട്ടിച്ചു.
പിന്നെ ദിവസവും കവിതകളും ചെറിയ ചെറിയ കുറിപ്പുകളും വന്നുതുടങ്ങി. നമ്മെ കുറച്ചു സമയത്തേക്ക് ഒരു സങ്കല്പിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ഫീൽ ആണ് കവിത വായിക്കുമ്പോൾ ഉള്ളത്.
നമ്മോട് അത്രമേൽ പ്രണയം ഉള്ള ഒരാൾ മറഞ്ഞിരുന്നു സ്നേഹിക്കുന്നത് പോലെ….. ആരായിരിക്കും ആ ആൾ… പിന്നെ പിന്നെ എന്നും ക്ലാസിൽ എത്തിയാൽ ആദ്യം ആ കുറിപ്പിന് വേണ്ടി തിരക്കി തുടങ്ങി…
അന്ന് ഞങ്ങൾ നാല് പേരും ഒരുമിച്ചാണ് കോളേജിൽ എത്തിയത് .ഞങ്ങളുടെ ക്ലാസിന് മുന്നിൽ എത്തിയ ഉടനെ എല്ലാവരും ഒറ്റ പാച്ചിലായിരുന്നു സീറ്റിലേക്ക് …ആദ്യം കുറിപ്പ് എടുക്കാൻ.
അപ്പോഴാണ് നെഞ്ചിൽ ഒരു വിങ്ങലോടെ ഞാൻ ആ സത്യം മനസ്സിലാക്കിയത്…. എന്നെപ്പോലെ അവരും രോഹിത്തിനെ സ്നേഹിക്കുന്നു എന്ന്….അവന്റെ കവിതകൾക്കായി കാത്തിരിക്കുന്നു എന്ന്…
അധികം ആരോടും സംസാരിക്കാത്ത മറ്റ് ആളുകളുടെ കാര്യങ്ങൾ അറിയാൻ ഒരു ഇൻട്രസ്റ്റും ഇല്ലാത്ത റിസേർവ്ഡ് എന്ന് ഞങൾ പറയുന്ന സോണിയ വരെ….
ആൺകുട്ടികളോട് അധികം കമ്പനി ഒന്നും കൂടാത്ത സംഗീത വരെ…. രോഹിത്തിന്റെ പ്രണയ ലേഖനത്തിന് കാത്തിരിക്കുന്നു…ഓരോരുത്തരും തങ്ങളെ ആണ് സ്നേഹിക്കുന്നത് എന്ന് വിശ്വസിക്കുന്നു…
ഞാനാണ് റിപ്ലൈ അയക്കാൻ ഉള്ള സെൻഡൻസ് പറഞ്ഞു കൊടുത്തിരുന്നത്. എഴുതുന്നത് ലിപിയും. അവളുടെ ഹാൻഡ് റൈറ്റിംഗ് ആണ് ഞങളുടെ കൂട്ടത്തിൽ നല്ലത്.
എന്നാലും എന്റെ മനസ്സിൽ രോഹിത്തിനോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നില്ല. നേരിട്ട് വന്ന് പ്രണയം പറഞ്ഞ ആളുകളെ പോലും അവഗണിച്ച്,
സ്നേഹത്തോടെയുള്ള നോട്ടങ്ങളെ അവഗണിച്ച്, ഇതുവരെ കാണാത്ത, പ്രണയം നിറച്ച കവിതകളിലൂടെ മാത്രം പരിചയപ്പെട്ട കോളേജിലെ ഏതോ ഒരു ബാച്ചിലെ രോഹിത്തിന് വേണ്ടി കാത്തിരിപ്പ് തുടർന്നു.
എന്നെങ്കിലുമൊരിക്കൽ മറനീക്കി പുറത്തു വരുമെന്ന പ്രതീക്ഷയോടെ …. ഒരിക്കൽ കണ്ടുമുട്ടുന്ന അതിയായ ആഗ്രഹത്തോടെ ….
ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയാൽ എന്റെ മനസ്സിലുള്ള രോഹിത്തിന്റെ രൂപം എന്റെ കണ്ണുകൾ സ്വയം അന്വേഷിച്ചു തുടങ്ങി … കൂട്ടം കൂടി നിൽക്കുന്ന കുട്ടികളുടെ ഇടയിൽ….
ബസ്റ്റോപ്പിലേക്കുള്ള വഴിയിൽ… നിഷ്കളങ്കനായ സൗമ്യനായ ഒരാൾ….. അന്വേഷിക്കുന്നതല്ലാതെ ഇതുവരെ ആ രൂപത്തിൽ ഒരാളെ കണ്ടെത്തിയില്ല.
ദിവസങ്ങൾ കടന്നു പോയി….സെന്റ് ഓഫ് ദിനം എത്തി.. പാർട്ടി ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ ലിപിയുടെ കയ്യിൽ മൈക്ക് കിട്ടി.
“വി വാണ്ട് ടു മീറ്റ് രോഹിത് ”
ആരും പ്രതീക്ഷിക്കാതെ ആയിരുന്നു ലിപിയുടെ മൈക്കിലൂടെ ഉള്ള അന്വേഷണം. ഞങ്ങൾ മൂന്നു പേരും ഞെട്ടി അവളെ നോക്കി.
ഞാൻ ശ്വാസം അടക്കി പിടിച്ചു അവളുടെ അടുത്ത വാക്കുകൾക്കായി കാതോർത്തു . എല്ലാ ഡിഗ്രി സ്റ്റുഡൻസിനും ഒരുമിച്ചായിരുന്നു സെന്റ് ഓഫ്.
മൈക്കിലൂടെ ഉള്ള ലിപിയുടെ അന്വേഷണം എല്ലാവർക്കും കേൾക്കാൻ പറ്റുന്നത് ആയിരുന്നു.
രോഹിത് കേൾക്കുന്നുണ്ടാകുമോ?ആരും പ്രതികരിച്ചിട്ടില്ല… ആരും മുന്നോട്ടു വന്നില്ല…ആർക്കും ഒന്നും മനസ്സിലായില്ലെന്ന് തോന്നുന്നു..
കുറച്ചു കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. കോറിഡോറിലൂടെ നടക്കുമ്പോൾ മൂന്നാല് ഉയരവും വണ്ണവും ഉള്ള കുട്ടികൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.
കൂട്ടത്തിൽ ഒരാളെ ചൂണ്ടിക്കൊണ്ട് അവർ പറഞ്ഞു “ഇതാണ് നിങ്ങൾ അന്വോക്ഷിക്കുന്ന രോഹിത് ”
ഞങ്ങൾക്ക് വിശ്വസിക്കാനായില്ല. ഇത്രയും മനോഹരമായി, സൗമ്യ ഭാവത്തിൽ എഴുതുന്ന, ഞങ്ങളുടെ മനസ്സിലുള്ള രോഹിത് ഇതല്ല…..അവർ സംസാരിക്കുമ്പോൾ മ ദ്യ ത്തിന്റെ ഗന്ധം…
അധികം സഭ്യമല്ലാത്ത സംസാരരീതി… എങ്ങനെയെങ്കിലും അവിടെനിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി… ഞങ്ങൾ പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ അവിടുന്ന് പോന്നു …
അവർ വീണ്ടും ഞങ്ങളുടെ അടുത്തെത്തി. ഇനി ശല്യപെടുത്തിയാൽ ഞങ്ങൾ പ്രിൻസിപ്പൽ നു കംപ്ലയിന്റ് കൊടുക്കും എന്ന് ലിപി ആക്രോശിച്ചു…
അതോടെ പിന്നീട് അവരുടെ ശല്യം ഉണ്ടായില്ല. എങ്കിലും വിശ്വസിക്കാനായില്ല…. ഇത്രയും പ്രണയം നിറച്ച കുഞ്ഞുകവിതകൾ എഴുതിയത് അവർ പറഞ്ഞ ആൾ ആണെന്ന്.
അങ്ങനെ അന്ന് മനസ്സിൽ ചെറിയ ഭാരവുമായാണ് ഞങ്ങൾ നാലുപേരും വീട്ടിലേക്ക് മടങ്ങിയത്.
വീണ്ടും ദിവസങ്ങൾ കഴിഞ്ഞു….സ്റ്റഡി ലീവും കഴിഞ്ഞ് ലാസ്റ്റ് എക്സാംമും കഴിഞ്ഞ് പിരിയുന്ന ദിവസം….അന്ന് ബസ്സിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു..
അടുത്ത ബസ് സ്റ്റാൻഡിൽ ഇറങ്ങി വേറൊരു ബസ് പിടിച്ചിട്ട് വേണം എനിക്ക് വീട്ടിലെത്താൻ. സ്റ്റാൻഡിലേക്ക് എത്താൻ രണ്ട് സ്റ്റോപ്പ് കൂടിയുണ്ട്..
അപ്പോഴാണ് രോഹിത് എന്നുള്ള ഒരു വിളി കേട്ടത്…ബസിലെ ഏതോ ഒരു കുട്ടി സ്റ്റോപ്പിൽ ഇറങ്ങി നിൽക്കുന്ന കൂട്ടത്തിലേക്ക് പറയുന്നതാണെന്ന് മനസിലായി…
പുറത്തു നിൽക്കുന്നവരിൽ കുറച്ച് ആൺകുട്ടികളുണ്ട്….രണ്ടു മൂന്ന് പെൺകുട്ടികളുണ്ട്…
എങ്ങനെയോ തിക്കിത്തിരക്കി ഇറങ്ങാൻ നോക്കി.
“തന്റെ സ്റ്റോപ്പ് ആയിട്ടില്ലല്ലോ??” കണ്ടക്ടർ ചൂടായി..
“എനിക്ക് ഇറങ്ങണം…”കുറച്ചു ഗൗരവത്തിൽ പറഞ്ഞു.
ഇറങ്ങി സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടികളുടെ അടുത്തേക്ക് പതിയെ നടന്നു.
നോക്കിയപ്പോൾ മനസ്സിലുള്ള രോഹിത്തിന്റെ രൂപത്തോട് സാമ്യമുള്ള ഒരാൾ.
“രോഹിത് ആണോ??”
ചെറിയൊരു പേടിയോടെ അതിലേറെ ആകാംഷയോടെ ചോദിച്ചു…
“അല്ല ”
“കവിതകളെഴുതുന്ന ആൾ ”
വിശ്വാസം വരാതെ വീണ്ടും തിരക്കി.
“അല്ലല്ലോ..ആളു മാറിയതാവും ”
ആ മുഖത്തു യാതൊരു ഭാവവ്യത്യസവും കണ്ടില്ല…
നിരാശയോടെ പിൻവാങ്ങി… സമയം വൈകുന്നു.. സ്റ്റാൻഡിലെക്കുള്ള അടുത്ത ബസ്സിൽ കയറി യാത്രയായി….
അവൾ ബസ്സിൽ കയറി ബസ്സുനീങ്ങിതുടങ്ങിയ ഉടൻ അവൻ പതിയെ ബാഗിൽ നിന്നും പെൺകുട്ടികൾ ഇത്രയും നാൾ എഴുതിയ കുറിപ്പുകൾ കയ്യിലെടുത്തു…. ചെറിയൊരു പുഞ്ചിരിയോടെ തിരികെ ബാഗിലേക്ക് തന്നെ വെച്ചു.
ആറു വർഷങ്ങൾക്ക് ശേഷം ഒരു രാത്രി….
“എന്തിനായിരിക്കാം രോഹിത് മറഞ്ഞു നിന്നത്…അന്ന് കോളേജിൽ അവർ പരിചയപെടുത്തിയ ആൾ ആകുമോ… അതോ ബസ്റ്റോപ്പിൽ കണ്ട ആളോ… അതോ വേറെ ആരെങ്കിലുമൊ…. ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യം…”
സ്വന്തം ഹസ്ബൻഡ് തന്നെ ഇതിനുള്ള മറുപടി തരണം അല്ലെ… ഒരു കുസൃതി ചിരിയോടെ അവൻ എന്നെ നോക്കി…
“ഇത്രയും വർഷങ്ങൾക്കു ശേഷവും നീ ഇതു ചിന്തിക്കുന്നുണ്ടെങ്കിൽ ഇതു തന്നെയാവും ആരാണെന്ന് വെളിപ്പെടുത്താത്തതിന്റ ഉദ്ദേശം…
ഒരിക്കൽ പോലും കാണാൻ പറ്റാത്ത വിഷമം ഇല്ലേ… രോഹിത് നിങ്ങളുടെ മനസ്സിൽ ഇപ്പോഴും ഇല്ലേ… അതുതന്നെയായിരിക്കും അവനുവേണ്ടിയിരുന്നത്…”
“നിങ്ങളുടെ മുന്നിലേക്ക് ഒരുപക്ഷേ വന്നിരുന്നെങ്കിൽ അന്ന് ആ ഒരു ത്രിൽ ഒക്കെ കഴിഞ്ഞു നിങ്ങൾ അവനെ മറന്നേനെ…
ഒരു പരിചയപ്പെടലിൽ ഒതുങ്ങി നിങ്ങൾ പിരിഞ്ഞുപോയേനെ… പിന്നീട് ചിലപ്പോൾ ഓർക്കാൻകൂടി വഴിയില്ല.”
“നമ്മൾ ഒരാളെ പ്രണയിക്കുന്നത് അയാളുടെ എന്തെങ്കിലും കഴിവുകൾ കണ്ടല്ലല്ലോ..
അയാളുടെ കവിതകളെ യാണ് നിങ്ങൾ സ്നേഹിച്ചത്….നേരിട്ടു വന്നാൽ അയാളെ അതുപോലെ ഉൾക്കൊള്ളണം എന്നില്ല ”
“നിങ്ങൾ നാലു പേർക്കിടയിൽ എന്നും ഓർക്കാൻ ആയിട്ടുള്ള ഒരു ഉപായമായാണ് മറഞ്ഞിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.. ”
“രോഹിത്തിന്റ ഇത്രയും കാര്യങ്ങൾ നിനക്ക് എങ്ങിനെ അറിയാം???? ഇനി നീ തന്നെയാണോ രോഹിത്????”” ഞാൻ അവനെ ഒന്ന് കണ്ണുമിഴിച്ചു നോക്കി ചോദിച്ചു..
“ഞാൻ എങ്ങനെ രോഹിത് ആകും???നിന്റെ കോളേജിലാണോ ഞാൻ പഠിച്ചത്? നീ പറഞ്ഞ കാര്യങ്ങളൊക്കെ വച്ചു ഞാൻ ഊഹിച്ചതല്ലേ…”
ചെറിയൊരു പുഞ്ചിരിയോടെ അവനത് പറഞ്ഞു നിർത്തുമ്പോൾ ഞാനും ചിരിച്ചുപോയി എന്റെ മണ്ടത്തരത്തെ ഓർത്തു…
വർഷങ്ങൾക്ക് ശേഷവും ഇടയ്ക്ക് ഓർക്കാറുണ്ട് കാണാതെ പ്രണയിച്ച രോഹിത്തിനെ…ഇന്നും പ്രിയമാണ് ആ കവിതകളിലെ വരികളോട്…
ഒരുപാട് സ്നേഹിക്കുന്നുണ്ട് ആ കവിതകളെ… ആ കലാലയ ഓർമകളെ… ഒരുപക്ഷെ ഞാനായിരിക്കും അവരെക്കാളും കൂടുതൽ രോഹിത്തിനെ ഓർക്കുന്നത്…