(രചന: Nithya Prasanth)
എല്ലാം അവസാനിക്കുകയാണ്….. നിന്റെ ചിതയിൽനിന്നുയരുന്ന കറുത്ത പുക ചുരുളുകൾ ആകാശത്തേക്കുയരുമ്പോൾ….
അവസാനിക്കുകയാണ്…. നമ്മുടെ പ്രണയം.. പരിഭവം… കൊച്ചു കൊച്ചു പിണക്കങ്ങൾ …അങ്ങനെ നമുക്ക് മാത്രമയുണ്ടായിരുന്നതിന്റ എല്ലാം അവസാനമാണിന്ന്…
എനിക്ക് എന്തെങ്കിലും നിനക്ക് വേണ്ടി ചെയ്യാൻ ബാക്കി ഉണ്ടായിരുന്നോ…. ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റിന് നേരിട്ട് ക്ഷമ ചോദിക്കുവാനുണ്ടായിരുന്നോ…..
ഉണ്ടെങ്കിലും ഇനിയതു സാധ്യമല്ലല്ലോ….
വിവാഹമേ വേണ്ടിയിരുന്നില്ലെന്നും ഒന്നു കൂടി ആലോചിച്ചിട്ട് മതി വിവാഹം എന്നും ഒക്കെ കൂട്ടുകാരോട് ഞാൻ പറഞ്ഞു എന്ന് നിന്നോട് പറയാറില്ലേ….
നിന്നെ ദേഷ്യം പിടിപ്പിക്കാൻ…. പിന്നെ കുറച്ചു അമിത സ്വാതന്ത്ര്യം ഞാൻ ഇടയ്ക്ക് ആഗ്രഹിച്ചിരുന്നു എന്ന് വേണണെങ്കിൽ പറയാം….
എന്നാൽ ഇന്ന് എല്ലാം ശൂന്യം ആണ്…. നീയില്ലായ്മയിൽ ഈ വീടും എന്റെ മനസും എന്റെ ജീവിതവും എല്ലാം…..
ഇനി ഒറ്റയ്ക്കു മുന്നോട്ടു എത്ര നാൾ….. നാം ഒരുമിച്ചു ആഘോഷിച്ച ദിവസങ്ങൾ… നാം ഒരുമിച്ചു കണ്ട കാഴ്ചകൾ… ഇനി ഞാൻ തനിച്ചു… എങ്ങിനെ ഞാൻ…
വായന ഇത്രയും ആയപ്പോഴേക്കും ജീവന്റെ കണ്ണുകൾ നിറഞ്ഞു…..അവളെ പരിഹസിച്ചു പറയുന്ന കാര്യങ്ങൾ…താൻ ചിന്തിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്…
നായകന്റെ സ്ഥാനത്തു തന്നെ സങ്കല്പിച്ചു നോക്കി…. ഇവൾ ഇല്ലാത്ത അവസ്ഥ…..
രാഖി ഇങ്ങോട്ട് വരുന്നുണ്ടെന്ന് തോന്നുന്നു…. മൊബൈൽ സ്ക്രീൻ ഓഫ് ചെയ്തു വാഷ് റൂമിലേക്ക് നടന്നു…മുഖം ഒന്ന് കഴുകി തിരിച്ചെത്തിയിട്ടും അവൾ പോയിട്ടില്ല… എന്താണെന്ന ഭാവത്തിൽ നോക്കുന്നുണ്ട്…
മുഖമൊന്ന് മാറിയാൽ കണ്ടുപിടിക്കും….
“മമ്… എന്താ… ഒരു വിഷാദം…?”
പുരികക്കൊടികൾ ഉയർത്തി ചോദ്യരൂപേണ നോക്കി..
മറച്ചു വയ്ക്കാൻ തോന്നിയില്ല..
“നിന്നെ ഞാൻ ഇടയ്ക്ക് തള്ളി പറയുമെങ്കിലും ഇല്ലാണ്ടാവുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കി….”
“ഓഹോ.. അതു ശരി…. അപ്പൊ അത്രത്തോളം ആയി അല്ലെ….”
അവളുടെ മുഖം ചുവന്നു..
“അതല്ല…”അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ പതറി
“ഏതല്ല… ഇനി ഞാൻ ഇല്ലാണ്ടായിട്ടുള്ള ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യുവാണല്ലേ..?? ”
“ങേ??” ജീവൻ കണ്ണുമിഴിച്ചു നോക്കി
ഒന്ന് നിർത്തി അവൾ തുടർന്നു
“ഞാൻ നിന്നെ വിട്ടു പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട… ഇനി ഞാൻ എങ്ങാനും ആദ്യം തട്ടിപോയാൽ അറ്റ്ലീസ്റ്റ് ഒരു പ്രേതം ആയിട്ടെങ്കിലും ഞാൻ നിന്റെ കൂടെ കാണും…
നീ ഒറ്റയ്ക്ക് ബോറടിക്കുമെന്ന് പേടിക്കണ്ട… പിന്നെ ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്നെ ഒരു പരലോകത്തെക്കും വിടത്തുമില്ല…. അങ്ങനെ നീ ഒറ്റയ്ക്ക് സ്വർഗത്തിൽ പോകേണ്ട ”
ചിരിച്ചു പോയി…
“എന്നെ അങ്ങ് മാറ്റി നിർത്തിയിട്ടുള്ള ഒരു ആലോചനയും വേണ്ട… അല്ലെങ്കിലും എനിക്ക് അറിയാം…”
“ദേ.. നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ…ഞാനിങ്ങനെ അല്ല ഉദേശിച്ചത്” കപട ദേഷ്യം അഭിനയിച്ചു അവൻ പറഞ്ഞു…
എന്നിട്ട് അവളെ ഒന്ന് കൂർപ്പിച്ചു നോക്കി അവിടന്ന് പോയി…
രാഖിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു..കണ്ണുകളിൽ നീർതിളക്കം…ആളെന്തോ കാര്യമായി ആലോചിച്ചു കൂട്ടിയിട്ടുണ്ട്…….
കൊച്ചു കൊച്ചു പിണക്കങ്ങൾ സഹിക്കാം.. എന്നാൽ ആ മനസ് വിഷമിക്കുന്നത് കാണാൻ വയ്യ… ആ കണ്ണുകൾ കലങ്ങുന്നത് കാണാൻ ശക്തി ഇല്ല…
അതാണ് ഇങ്ങനെ ഒക്കെ പറഞ്ഞത്….. ഞാൻ തനിച്ചാക്കി പോകില്ലെന്ന് … ആളുടെ ഭാഷയിൽ “ഒഴിയബാധ” ആയി എന്നും ഉണ്ടാവുമെന്ന് …
അല്ലാതെ വേറൊന്നും കൊണ്ടല്ല ദേഷ്യപ്പെട്ടത്……ജീവനെ ഒരിയ്ക്കലും ഒറ്റയ്ക്കാക്കല്ലേ എന്നെ പ്രാർഥനയെ ഉള്ളൂ…സന്തോഷവും ദുഃഖവും എന്നും ഒരുമിച്ച് ….