എന്റെ സകല ജീവനും നിലച്ച പോലെ ആണ് തോന്നിയത്, ഞാൻ ഓടി ചെന്ന് അവളുടെ തോളത്തു ഒറ്റ അടി കൊടുത്തു, പെട്ടെന്ന് അവൾ..

(രചന: പുഷ്യാ. V. S)

“” ചേച്ചി… ദേണ്ടെ കുഞ്ഞു വാവ വന്നല്ലോ “” ഒത്തിരി സന്തോഷത്തോടെ ആണ് കല്ലുമോള് എന്നെ വിളിച്ചുകൊണ്ട് പോയത്.

എന്റെ തൊട്ട് അയലത്തെ വീട്ടിലെ കുട്ടി ആണ് കല്ലു. എനിക്ക് പന്ത്രണ്ടു വയസ് ഉള്ളപ്പോഴാണ് അവൾ ജനിക്കുന്നത്.

അന്ന് മുതൽ ഏത് നേരവും വാവയെ കളിപ്പിച്ചും കൊഞ്ചിച്ചും ഞാൻ ആ വീട്ടിൽ തന്നെയായിരുന്നു. കല്ലുമോൾ വലുതായപ്പോഴും എന്നോട് ഒത്തിരി അടുപ്പം ആയിരുന്നു.

ഇന്നവൾക്ക് ഒരു അനിയത്തി കൂടെ ജനിച്ചിരിക്കുന്നു. ഒരു കുഞ്ഞു സുന്ദരി വാവ. കുഞ്ഞിലേ കല്ലു എങ്ങനിരുന്നോ അത് പോലെ തന്നെ. കല്ലുവിന്  ഇപ്പോൾ ആറു വയസുണ്ട്. അവളുടെ അമ്മ പ്രസവ ശേഷം സ്വന്തം വീട്ടിൽ നിന്നും ഇങ്ങോട്ടേക്ക് വന്നതേ ഉള്ളു.

വന്നുടനെ കല്ലു ഓടി വന്നത് എന്റെ അടുത്തേക്ക് ആണ്. അവളുടെ കുഞ്ഞു അനിയത്തിയെ എനിക്ക് കാണിച്ചു തരാൻ അവൾക്ക് അത്ര തിടുക്കം ആയിരുന്നു.

കുഞ്ഞിനെ കിടത്തിയ മുറിയിലേക്ക് എന്നെ പിടിച്ചു വലിച്ചുകൊണ്ട് അവൾ നടന്നു

“” ആഹ് മെല്ലെ പോ മോളേ ചേച്ചി വരുവല്ലേ “” ഞാൻ പറഞ്ഞു.

മുറിയിൽ എത്തിയതും കട്ടിലിൽ കിടക്കുന്ന കൈകുഞ്ഞിനെ ചൂണ്ടി കല്ലുമോൾ പറഞ്ഞു “” ദേണ്ടെ അല്ലി ചേച്ചി… വാവ പ്രസവിച്ചതാ “” അവളുടെ കൊഞ്ചിയുള്ള ആ പറച്ചിൽ കേട്ട് എനിക്ക് നന്നേ ചിരി വന്നു.

“” വാവയാണോടി …. നിന്റെ അമ്മയല്ലേ പ്രസവിച്ചത് “” കുഞ്ഞിനെ കാണാൻ വന്ന ഏതോ ഒരു ബന്ധു കല്ലുവിനെ കളിയാക്കി.

അവൾ പാൽപ്പല്ലിന് പകരം കുഞ്ഞരിപ്പല്ല് കിളിർത്തു തുടങ്ങിയ മോണ കാട്ടി ചമ്മലോടെ ചിരിച്ചു. നല്ല രസമായിരുന്നു അത് കാണാൻ.

പിന്നീട് പല വട്ടം ഞാൻ അവിടേക്ക് പോയി. പോയി എന്ന് പറയുന്നതിനേക്കാൾ നല്ലത് ഞാൻ അവിടെ തന്നെ ആയിരുന്നു എന്ന് പറയുന്നതാണ്.

രാവിലെ എന്തേലും കഴിച്ചെന്നു വരുത്തി വേഗം അപ്പുറത്തേക്ക് ഓടും. രാത്രി കിടക്കാൻ നേരം ആണ് തിരികെ വരുന്നത്. പ്ലസ് ടു കഴിഞ്ഞ അവധി സമയം ആയതുകൊണ്ട് ഞാൻ ഏത് നേരവും അവിടെ തന്നെ ആയിരുന്നു.

ഇടയ്ക്ക് എന്റെ അമ്മ മതിലിനരികിൽ വന്നു വിളിച്ചു പറയുന്നേ കേൾകാം വല്ലതും കഴിക്കാനെങ്കിലും വീട്ടിൽ വന്നിട്ട് പോകാൻ.

അമ്മ കഷ്ടപ്പെട്ട് എനിക്കായിട്ട് എന്തേലും സ്പെഷ്യൽ ഉണ്ടാക്കി എന്ന് പറഞ്ഞാൽ മാത്രം ഞാൻ വീട്ടിലേക്ക് പോകും. ഒപ്പം കല്ലുവും ഉണ്ടാകും. മറ്റു ചില ദിവസങ്ങളിൽ ഉച്ചയൂണ് പോലും അവിടെ നിന്ന് ആവുമായിരുന്നു.

കുഞ്ഞിനെ എന്നെ ഏൽപ്പിച്ചിട്ട് ജോലി നോക്കാൻ കഴിയുന്നത് കൊണ്ട് ഞാൻ അവിടെ ഇരിക്കുന്നത് അനു ചേച്ചിക്കും(കല്ലുവിന്റെ അമ്മ )ഒരു ആശ്വാസം ആയിരുന്നു.

കുഞ്ഞിനെ നോക്കാൻ ഏൽപ്പിക്കുന്നത് എനിക്ക് ഒത്തിരി സന്തോഷം ആയിരുന്നു. ഒറ്റ മകൾ ആയിട്ട് വളരുന്ന എനിക്ക് ആദ്യമായി ഒരു കൂട്ട് ലഭിച്ചത് കല്ലുവിന്റെ ജനനത്തോടെ ആണ്.

അന്നത്തെ ഏഴാം ക്ലാസുകാരിക്ക് കുഞ്ഞിനെ നോക്കൽ ഒന്നും വശമുണ്ടായിരുന്നില്ലല്ലോ ഇന്നത്തെ പോലെ. കല്ലുവിനെ ഒന്ന് മടിയിൽ വയ്ക്കാൻ വേണ്ടി ആരേലും എടുത്തു വച്ചു തരുന്നത് വരെ കാത്തിരിക്കും.

അവൾ ഉറങ്ങുന്നത് ആ സമയത്തു തനിക്ക് തീരെ ഇഷ്ടം ഇല്ലായിരുന്നു. കളിക്കാൻ ചെല്ലുന്ന നേരം വാവ ഉറങ്ങുകയാണല്ലോ എന്ന് പറയുന്നത് കേൾക്കുമ്പോൾ ഉള്ള ദേഷ്യവും വിഷമവും. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു.

ഇന്ന് കല്ലുവിന് താഴെ ഒരു വാവ വന്നപ്പോൾ അത് സുഖമായി തന്റെ കയ്യിൽ കിടന്ന് ഉറങ്ങുന്നു. ഇപ്പോൾ കുഞ്ഞിനെ എടുക്കാനും ഉറക്കാനും ഒക്കെ എനിക്ക് വശമുണ്ട്.

“”അല്ലി ചേച്ചി ബാ കളിക്കാം. എനിക്ക് ബോർ അടിക്കുന്നു….”” കല്ലുമോൾ ഓടി വന്നു എന്റെ കയ്യിൽ കുലുക്കിക്കൊണ്ട് വിളിച്ചു.

അപ്പോഴേക്കും കയ്യിൽ ഇരുന്ന കുഞ്ഞു കരയാൻ തുടങ്ങി.

“” എന്താ കല്ലു ഇത്. ഇങ്ങനെ ആണോ വിളിക്കണേ. ദേ വാവ ഉണർന്നത് കണ്ടോ. ഒന്ന് ഉറങ്ങി വന്നതാ. നീ കരയിപ്പിച്ചില്ലേ “” എനിക്ക് ദേഷ്യം വന്നു.

അവള് ഒന്നും മിണ്ടാതെ ഓടിപ്പോയി.

“” മ്മ് പിണങ്ങി പോകുന്ന പോക്ക് കണ്ടില്ലേ. അവള് ഒന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയതാ ഞങ്ങള് ഈ ഇണക്കവും പിണക്കവും. ആളൊരു കാ‍ന്താരി ആണ്.

ഇനി ഞാൻ ചെന്ന് സോപ്പ് ഇട്ട് എടുക്കണം… മോള് ഒന്ന് ഉറങ്ങീട്ട് ചെന്ന് പിണക്കം മാറ്റാം “” ഞാൻ മനസ്സിൽ ഓർത്തു.

“”അനു ചേച്ചി…മോള് ഉറങ്ങിയേ. ഞാൻ തൊട്ടിലിൽ കിടത്തിയിട്ടുണ്ട്.”” അടുക്കളയിൽ കാര്യമായ പണിയിൽ ആയിരുന്ന ചേച്ചിയോട് ഞാൻ പറഞ്ഞു.

“” നീ ഉള്ളത് കൊണ്ട എനിക്ക് സ്വസ്ഥം ആയിട്ട് പണി തീർക്കാൻ പറ്റുന്നെ. കല്ലുവിനെ പ്രസവിച്ച സമയത്തു ഇവിടെ അമ്മയ്ക്ക് ആരോഗ്യം ഉണ്ടായിരുന്നു.

ഇപ്പോൾ അമ്മ വയ്യാതിരിക്കുവല്ലേ ഇങ്ങോട്ട് വന്നു കഴിയുമ്പോ ഞാൻ രണ്ട് പേരെയും എങ്ങനെ മാനേജ് ചെയ്യും എന്ന് ഓർത്ത് നല്ല ടെൻഷൻ ആയിരുന്നു. പക്ഷേ ഇപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് നല്ല ആശ്വാസം ഉണ്ട് “” അനു ചേച്ചി പറഞ്ഞു.

“” മോള് ഉറങ്ങാൻ നല്ല വാശി ആണല്ലോ ചേച്ചി. കയ്യിൽ വച്ചു താളം പിടിച്ചു കൈ കഴച്ചു. എന്നാലും അതൊരു രസം ആണേ.

എനിക്ക് ഓർമ ഉണ്ട് കല്ലുവും ഇതുപോലെ ആയിരുന്നില്ലേ കുഞ്ഞിലേ… ആഹ് പറഞ്ഞപോലെ അവൾ എവിടെ”” ഞാൻ ചോദിച്ചു.

“” അവൾക്ക് നേരത്തെ ഞാൻ TV വച്ചു കൊടുത്തു ഇവിടെ ഇരുത്തി. അതിനിടക്ക് ഇവിടെ വന്നു ഞാൻ അരച്ച് വച്ച കൂട്ട് ഒക്കെ തട്ടി ഇട്ട് എന്റേന്ന് ഒരെണ്ണം മേടിച്ചിട്ട പോയത്.

എപ്പഴും ഉള്ളതാണല്ലോ കുരുത്തക്കേട്. ഇനി ആ തൊട്ടിലിൽ കിടക്കുന്നത് ഇഴഞ്ഞു തുടങ്ങുമ്പോ അറിയാം അവൾക്ക് ചേരുന്ന അനിയത്തി ആണോ എന്ന്. രണ്ടിന്റേം പിന്നാലെ ഓടി ഞാൻ ഒരു വഴി ആവും “”

ചേച്ചി പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു. സത്യം ആണ്. കല്ലു കുഞ്ഞിലേ മുതൽ നല്ല കുറുമ്പാ. നല്ല അസൽ തല്ലുകൊള്ളി. ഇളയതും അങ്ങനെ ആവും എന്നാ എനിക്കും തോന്നുന്നത്.

“” ആഹ് പറയാൻ വിട്ട് പോയി. നിന്റെ അമ്മ നേരത്തെ വിളിച്ചു. നീ വീട്ടിൽ പോയിട്ട് വാ. അവിടെ എന്തേലും അത്യാവശ്യം കാണും “” ചേച്ചി പറഞ്ഞതും ഞാൻ വീട്ടിലേക്ക് പോയി.

അമ്മയ്ക്ക് എന്തൊക്കെയോ സാധനങ്ങൾ മേടിച്ചു കൊടുക്കണം ആയിരുന്നു. അതിനാണ് വിളിച്ചത്. പോയ സ്ഥിതിക്ക് ഊണ് ഒക്കെ കഴിച്ചിട്ട് ആണ് അനു ചേച്ചിയുടെ അടുത്തേക്ക് പോയത്.

ഞാൻ ചെന്നപ്പോൾ ചേച്ചി കുളിക്കുക ആയിരുന്നു. കല്ലുമോളെ കുഞ്ഞിന്റെ അടുത്ത് ഇരുത്തിയിട്ട് ആണ് പോയത്. മുറിയിലേക്ക് ചെല്ലുമ്പോൾ ഞാൻ കണ്ടത് കുഞ്ഞിന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു ഇരിക്കുന്ന കല്ലുവിനെ ആണ്.

എന്റെ സകല ജീവനും നിലച്ച പോലെ ആണ് തോന്നിയത്. ഞാൻ ഓടി ചെന്ന് അവളുടെ തോളത്തു ഒറ്റ അടി കൊടുത്തു. പെട്ടെന്ന് അവൾ തന്റെ കുഞ്ഞിക്കൈകൾ വാവയുടെ മേല് നിന്ന് എടുത്തു.

അപ്പോഴേക്കും കുഞ്ഞ് വെപ്രാളപ്പെട്ട് കരയുന്നുണ്ടായിരുന്നു. ഞാൻ വേഗം കൊച്ചിനെ കയ്യിൽ എടുത്തു അശ്വസിപ്പിക്കാൻ നോക്കി. എന്റെയും കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

പക്ഷേ ഭാഗ്യം കൊണ്ട് ആവണം കുഞ്ഞു വേഗം കരച്ചിൽ നിർത്തി. എങ്ങൽ നിർത്തി നേരെ ശ്വാസം എടുത്തപ്പോൾ ആണ് എന്റെയും ശ്വാസം നേരെ വീണത്.

കല്ലുവും ആകെ പേടിച്ചു നിൽപ്പായിരുന്നു.. പക്ഷേ എനിക്ക് അത് കണ്ടിട്ടും ഒരു സഹതാപവും തോന്നിയില്ല. ഒരല്പം താമസിച്ചിരുന്നേൽ അവളുടെ കുട്ടിക്കളിക്ക് എന്ത് വില നൽകേണ്ടി വരും എന്ന് ഓർത്ത് എനിക്ക് ഞെഞ്ചിടിപ്പ് ഏറി.

“” ഇങ്ങനെ ആണോടി കുഞ്ഞുവാവേ നോക്കുന്നെ”” ഞാൻ അവളുടെ കയ്യിൽ നല്ല കിഴുക്ക്  കൊടുത്തിട്ട് ആണ് അത് ചോദിച്ചത്.

“ആഹ്…”” കല്ലു നൊന്ത് വിളിച്ചപ്പോഴേക്കും ഞാൻ എന്റെ കൈ എടുത്തു.

“”നിന്റെ അനിയത്തി അല്ലേഡി. എന്തേലും പറ്റിയിരുന്നെലോ. ഞാൻ അനു ചേച്ചി വരുമ്പോൾ പറഞ്ഞു കൊടുക്കട്ടെ. ഏഹ് പറയട്ടെ എന്ന് “” ഞാൻ അവളെ വിരട്ടി. അവൾ പറയല്ലേ എന്ന് തലയാട്ടി.

“” നീ എന്തിനാ ഇങ്ങനെ ചെയ്തേ. വാവയ്ക്ക് വയ്യാണ്ടാവും എന്ന് അറിഞ്ഞൂടായിരുന്നോ “” ഞാൻ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ കണ്ണും നിറച്ചു നിന്നു.

“” മ്മ് പോട്ടെ സാരമില്ല. ഇനി ഇങ്ങനെ ചെയ്യല്ലേട്ടോ. വാവ കുഞ്ഞല്ലേ. ഞാൻ ചേച്ചിയോട് പറയില്ല പോരെ. “” ഞാൻ അവളുടെ കണ്ണ് തുടച്ചു.

“” ചേച്ചിക്കും ഇപ്പൊ വാവയെ ആണല്ലേ ഇഷ്ടം “” അവൾ സ്വരം താഴ്ത്തി ചോദിച്ചു.

“” എന്താന്ന്. എന്ന് ആര് പറഞ്ഞു
“” ഞാൻ ചോദിച്ചു.

“” എനിക്ക് അറിയാം. എന്നെ ആർക്കും വേണ്ട. എല്ലാർക്കും കുഞ്ഞാവേ മതി “” അവൾ അത് പറഞ്ഞത് വെറും പരിഭവം ആയിട്ട് എനിക്ക് തോന്നിയില്ല. എന്തോ അവളുടെ ഉള്ളിൽ ഉള്ളത് പോലെ എനിക്ക് തോന്നി.

“” എന്തിനാ ഇവള് കരയുന്നെ “” കുളിച്ചിട്ട് വന്ന അനു ചേച്ചി രംഗം പന്തിയല്ല എന്ന് കണ്ടിട്ട് ചോദിച്ചു.

ഞാൻ കല്ലുവിനെ നോക്കിയപ്പോൾ അവൾ പറയല്ലേ ചേച്ചി എന്ന് കണ്ണുകൊണ്ട് പറയുന്നുണ്ട്.

“” ഓ എന്തോ പറയാനാ ചേച്ചി. അടങ്ങി ഇരിക്കില്ലല്ലോ ഒരു നേരം. ഓവർ സ്പീഡിൽ വണ്ടി ഓടിച്ചു മുറിയിലോട്ട് വന്നതാ.

പാവത്തിന് ബ്രേക്ക്‌ കിട്ടിയില്ല. ആക്‌സിഡന്റ് ആയി. ആള് വീണതിന്റെ പുറമെ ഞാൻ വഴക്കും പറഞ്ഞു. അതാ മുഖം ഇങ്ങനെ ഇരിക്കണേ “” ഞാൻ പെട്ടന്ന് ഒരു കള്ളം തട്ടിക്കൂട്ടി പറഞ്ഞു.

“” വേണം…. അടങ്ങി ഇരിക്കാൻ പറഞ്ഞാൽ കേൾക്കൂല. ഏത് നേരവും ഓട്ടം തന്നെ. എത്ര വീണാലും പഠിക്കോ. അതില്ല. എന്നിട്ട് എവിടേലും ഇടിക്കേ മുറിയേ ചെയ്തോ “” അനു ചേച്ചി അവളുടെ കയ്യും കാലും ഒക്കെ പിടിച്ചു നോക്കി.

“” ഏയ്‌ ഒന്നും പറ്റീലന്നെ. ചേച്ചി വാവയ്ക്ക് പാല് കൊടുക്ക്. ഞങ്ങൾ കളിക്കാൻ പോട്ടെ “” അതും പറഞ്ഞു കല്ലുവിനേം വിളിച്ചോണ്ട് ഞാൻ ആ മുറിയിൽ നിന്ന് ഇറങ്ങി.

“” മ്മ് ഇനി പറ… ആരാ മോളോട് പറഞ്ഞെ മോളേ ആർക്കും വേണ്ട വാവയെ മതി എന്ന് “” ഞാൻ ചോദിച്ചു.

“” വാവയെ കാണാൻ വന്ന ആന്റി പറഞ്ഞല്ലോ. ഞാൻ ഇപ്പൊ വല്യ കുട്ടിയാ. വാവയാ ഇപ്പൊ അമ്മയ്ക്ക് കുഞ്ഞ്. ഞാൻ അമ്മേ ശല്യം ചെയ്യല്ല്.

അമ്മയ്ക്ക് വാവേടെ കാര്യം നോക്കണം എന്നൊക്കെ. വേറൊരു ആന്റി പറഞ്ഞു പുതിയ വാവ വന്നില്ലേ ഞാൻ പഴേ വാവ ആയി. ഇനി എന്നെ ആർക്കും വേണ്ട എന്ന് “” ഇതൊക്കെ കേട്ട് എനിക്ക് ദേഷ്യം വന്നു.

കൊച്ചു കുട്ടികളോട് എന്ത് പറയണം ഏത് പറയണം എന്ന് അറിയാത്ത കുറെ എണ്ണം. കല്ലുമോളെ കുശുമ്പ് കേറ്റി കൊഞ്ചിച്ചതാ.

കുട്ടികളെ കളിപ്പിക്കുന്നത് ഇങ്ങനെ ആണോ. അതിന്റെ വരും വരയ്കകൾ ആലോചിക്കാൻ ഉള്ള പക്വത പോലും ഇല്ലാണ്ടായിപ്പോയല്ലോ.

അവളുടെ മനസ്സിൽ കുത്തി വച്ച വിഷം എങ്ങനെ തുടച്ചു നീക്കണം എന്നുപോലും എനിക്ക് പിടുത്തം ഉണ്ടായില്ല

“” ചേച്ചിക്കും ഇപ്പൊ വാവേ മാത്രം മതിയല്ലോ. വാവ വരുന്നതിന് മുമ്പ് ചേച്ചി എന്റെകൂടെ കളിക്കാൻ അല്ലേ വരുന്നേ. ഇപ്പൊ വാവേടെ കൂടെ കളിക്കാനും വാവയെ നോക്കാനും മാത്രമാണ് വരുന്നേ.

എനിക്കറിയാം “”അവൾ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി. ശെരിയാണ്. പണ്ടൊക്കെ കല്ലുവിനെ കാണാൻ മാത്രം ആണ് താൻ ഇങ്ങോട്ട് വന്നിരുന്നത്. ഇപ്പൊ…. ഞാൻ ഒരു നിമിഷം ആലോചിച്ചു.

“” അയ്യേ… എന്റെ കല്ലു മോള് ഇങ്ങനെ ഒക്കെ ആണോ മനസിലാക്കി വച്ചേക്കുന്നെ. മോള് ഇവിടെ ഇരുന്നേ “” ഞാൻ അവളെ എന്റെ അരികിൽ പിടിച്ചു ഇരുത്തി.

“” വാവ തീരെ കുഞ്ഞ് അല്ലേ. വാവയ്ക്ക് ഇപ്പൊ ഒന്നും അറിയില്ലല്ലോ. സംസാരിക്കാൻ അറിയില്ല. നടക്കാൻ അറിയില്ല ഒന്നും അറിയില്ല. അപ്പൊ വാവയെ നമ്മള് വേണ്ടേ സഹായിക്കാൻ “”

ഞാൻ അവൾക്ക് മനസിലാവുന്ന രീതിക്ക് പറഞ്ഞുകൊടുക്കാൻ ശ്രമിച്ചു.

“” ഇപ്പൊ കുറച്ചു ദിവസം ഞാനും അമ്മയും ഒക്കെ വാവയുടെ കൂടെ എപ്പോഴും ഇരിക്കും. വാവയ്ക്ക് വിശന്നാലും വയ്യാതായാലും ഒക്കെ വാവയ്ക്ക് കരയാൻ മാത്രം അല്ലേ പറ്റു.

പക്ഷേ കല്ലുമോൾക്ക് വിശന്നാൽ അമ്മാ എന്ന് വിളിച്ചു ഓടി അടുക്കളയിൽ പോയി  ചോദിക്കാലോ.

അതാ എല്ലാരും വാവയെ കൂടുതൽ ശ്രദ്ധിക്കുന്നത്. വാവയ്ക്ക് അതൊന്നും പറയാൻ പറ്റാഞ്ഞിട്ടല്ലേ “” അവൾ കൗതുകത്തോടെ കേട്ടിരുന്നു. എന്തൊക്കെയോ മനസ്സിലാകുന്നുണ്ട് എന്ന് കണ്ടപ്പോൾ എനിക്ക് ആശ്വാസം ആയി.

“” പിന്നെ പുതിയ കുഞ്ഞാവേ മാത്രം അല്ല. ഈ പഴയ കുഞ്ഞാവയെയും ഇവിടെ എല്ലാവരും പണ്ട് ഇതുപോലെ തന്നെയാ നോക്കിയത്. ഇയാൾക്ക് അതൊന്നും ഓർമ ഇല്ലല്ലോ “”

ഞാൻ അവളുടെ മൂക്കിൽ പിടിച്ചുകൊണ്ട് ആണ് അത് പറഞ്ഞത്. അവൾ മൂക്കിൽനിന്നു പിടിത്തം വിടാൻ വേണ്ടി തല വെട്ടിച്ചു ചിരിച്ചു.

“” പിന്നെ മോൾടെ അച്ഛനും അമ്മയ്ക്കും നിങ്ങള് രണ്ടാളോടും ഒരുപോലെ ആണ് സ്നേഹം. ഇപ്പൊ വാവയ്ക്ക് കൂടുതൽ കൊടുക്കുന്നത് സ്നേഹം അല്ലാട്ടോ ശ്രദ്ധയും പരിചരണവും മാത്രം ആണ്.

അത് കുഞ്ഞായത് കൊണ്ട അങ്ങനെ. സ്നേഹം കല്ലുമോളോട് എത്ര ഉണ്ടോ അത്രേ വാവയ്ക്കും കൊടുക്കു…. പോരെ “” അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു. ആ കുഞ്ഞു മനസിന്‌ ഇച്ചിരി ആശ്വാസം ആയി.

അനു ചേച്ചിയോടും ഇത് ഒന്ന് പറയണം. കല്ലു കുഞ്ഞിനെ ഉപദ്രവിച്ചത് പറയണ്ട.

പക്ഷേ ഏതൊക്കെയോ ആന്റിമാർ വന്നു അവളെ കൺഫ്യൂസ്ഡ് ആക്കിയത് ചേച്ചിയും അറിഞ്ഞിരിക്കണം. ഇപ്പോൾ തോന്നുന്നു രണ്ടാമത് കുഞ്ഞു ജനിക്കുമ്പോൾ കരുതൽ കൂടുതൽ സ്വാഭാവികമായും പൊടികുഞ്ഞിന് കൊടുക്കും.

പക്ഷേ അതേ സമയം സ്നേഹം കൂടുതൽ മൂത്ത കുട്ടിക്ക് കൊടുക്കാൻ അച്ഛനമ്മമാർ ശ്രദ്ധിക്കണം. കാരണം സ്നേഹം തിരിച്ചറിയാൻ കഴിയുന്നത് മുതിർന്ന കുട്ടിക്ക് ആണ്.

ഇളയയാൾ വരുമ്പോൾ തനിക്ക് കിട്ടുന്ന സ്നേഹത്തിനെ പറ്റി മൂത്തയാളുടെ മനസ്സിൽ ഉണ്ടാകുന്ന നേരിയ സംശയം പോലും അപകടം ആയേക്കാം അനു ചേച്ചിയോട് ഇതിനെപ്പറ്റി പറയണം എന്ന് ഞാൻ ഉറപ്പിച്ചു.

ഞാൻ കല്ലുവിനെ നോക്കി. എന്തൊക്കെയോ ആലോചിച്ചു ഇരിപ്പാണ് ആള്. ഞാൻ അവളോട് പറഞ്ഞു.

“” പിന്നെ അല്ലി ചേച്ചിയെ കണ്ടില്ലേ. ചേച്ചിടെ വീട്ടിൽ ചേച്ചിക്ക് കളിക്കാൻ ആരും ഇല്ലല്ലോ. അതോണ്ടല്ലേ ചേച്ചി എപ്പോഴും മോളേ കാണാൻ ഇങ്ങ് വരുന്നേ. പക്ഷേ മോൾക്ക് സ്വാന്തമായിട്ട് ഒരു അനിയത്തിയെ കിട്ടിയല്ലോ.

മോൾക് ഇപ്പൊ അല്ലി ചേച്ചിയോട് സ്നേഹം ഇല്ലേ അതുപോലെ കുഞ്ഞാവ വലുതാകുമ്പോൾ ഈ കല്ലു ചേച്ചിയോടും അവൾക്ക് ഒത്തിരി സ്നേഹം ആവും. അത് അറിയോ കുശുമ്പിക്ക് “” ഞാൻ അത് പറഞ്ഞപ്പോ അവളുടെ കണ്ണുകൾ തിളങ്ങി

പെട്ടന്ന് എന്തോ ആലോചിച്ചിട്ട് അവൾ പറഞ്ഞു… “” അല്ലി ചേച്ചി… വാവ വലുതാകുമ്പോൾ ഞാൻ വാവേ ഉപദ്രവിച്ചത് ഒന്നും വാവയോട് പറഞ്ഞു കൊടുക്കല്ലേ “” നിഷ്കളങ്കമായി ആണ് അവൾ അത് പറഞ്ഞത്.

“” അത് ഞാൻ ഏറ്റു. ഇപ്പോൾ ഈ അല്ലി ചേച്ചിക്ക് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നെ. എന്നാൽ ഞാൻ കുഞ്ഞു വാവയോട് പറയാതിരിക്കാം “”  ഞാൻ അത് പറയേണ്ട താമസം അവൾ എന്റെ മടിയിലേക്ക് കയറി കെട്ടിപ്പിടിച്ചു എന്റെ കവിളിൽ അമർത്തി ചുംബിച്ചു