ആ സ്ത്രീയെ തിരിച്ചറിഞ്ഞു, തന്റെ ചെറിയമ്മ അതേ തന്നെ ആ നശിച്ച സ്ത്രീക്ക് തന്നെ വിറ്റ തന്റെ ചെറിയമ്മ..

(രചന: പുഷ്യാ. V. S)

“”എന്ത് കടിയാ ഡാ ആ പെണ്ണ് കടിച്ചിട്ട് പോയത് “”കൈ കുടഞ്ഞുകൊണ്ട് ജഗൻ പറഞ്ഞു.

“”ആ പോട്ടെ. എന്തായാലും പേഴ്സ് മുഴുവനോടെ അടിച്ചോണ്ട് പോയില്ലല്ലോ. ആ കടയിൽ നിന്ന് ബാക്കി കിട്ടിയത് മാത്രം പാന്റിന്റെ മറ്റേ പോക്കറ്റിൽ വയ്ക്കാൻ തോന്നിയത് ഭാഗ്യം ഈ റയിൽവേ സ്റ്റേഷനിൽ ഒക്കെ ഇങ്ങനാ. എപ്പോഴാ എവിടുന്നാ പോക്കറ്റടി വരുന്നേ എന്ന് അറിയില്ല “”അജിൽ പറഞ്ഞു.

“” ഇവറ്റകളെ ഒന്നും പേടിക്കാതെ സമാധാമായിട്ട് യാത്ര ചെയ്യാനും പറ്റാതെയായല്ലോ. ഇതുപോലുള്ള കള്ളികളെയൊക്കെ പിടിച്ചാൽ വെറുതെ വിടാൻ പാടില്ല. കെട്ടിയിട്ട് തല്ലണം. എന്നിട്ടേ പോലീസിനെ വിളിക്കാവൂ “”ജഗൻ ദേഷ്യത്തോടെ പറഞ്ഞു.

ഈ സമയം റയിൽവേ ടസ്റ്റേഷന് കുറച്ചു അകലത്തായി ഒരു ഒറ്റമുറി കെട്ടിടം. പണ്ടെപ്പോഴോ അത് യാത്രക്കാർക്ക് അത്യാവശ്യം ചായയും പലഹാരങ്ങളും വിൽക്കപ്പെട്ടിരുന്ന ചെറിയ കടയായിരുന്നു.

ഇന്ന് അങ്ങോട്ടേക്കുള്ള വഴിയൊക്കെ  ചെറുതായി കാട് കയറിയിട്ടുണ്ട്. അവിടെ മായ ചേച്ചിയുടെ വരവ് കാത്തിരിക്കുകയാണ് മൂന്നുപേർ. വിശപ്പിന്റെ വാട്ടം ആ കുരുന്നുകളുടെ മുഖത്ത് നല്ലോണമുണ്ടായിരുന്നു.

മായ എത്തിയതും അവരുടെ മുഖം വിടർന്നു. അവളുടെ കയ്യിലെ പൊതികളിൽ ആയിരുന്നു അവരുടെ കണ്ണ്. അവൾ രണ്ട് പൊതിയിലായി ബിരിയാണി തുറന്നുവച്ചു.

“” ഞാൻ പറഞ്ഞ പോലെ ബിരിയാണി കൊണ്ട് വന്നിട്ടുണ്ട്. രണ്ടെണ്ണമേ ഉള്ളു.. മൂന്നാളും കൂടെ അടിവയ്ക്കാതെ കഴിച്ചോണം. കേട്ടല്ലോ “”മായ പറഞ്ഞു.

“” അപ്പൊ മായേച്ചിക്ക് വേണ്ടേ… “”കൂട്ടത്തിലെ കുറുമ്പി മാളു ചോദിച്ചു.

“”മായേച്ചിക്ക് വേണ്ടാട്ടോ. ചേച്ചി കഴിച്ചതാ. മാളൂട്ടി കഴിച്ചോ “”മായ മാളുവിന്റെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു.

അവരത് കഴിക്കവേയാണ് മായ ചിക്കുവിന്റെ കയ്യിലെ പൊള്ളൽപാട് കണ്ടത്.

“” ചിക്കൂ… ന്തായിത്. രാവിലെ ഞാൻ പോകുമ്പോ ഇല്ലായിരുന്നല്ലോ. കൈ ഇങ്ങോട്ട് കാട്ടിയെ “” അവൾ അവന്റെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു. അവൻ ഒന്നും പറയാതെ നിന്ന് പരുങ്ങി.

“”ഇത് പൊള്ളിയതാണല്ലോ. വാ തുറന്നു പറയെടാ “” അവൾ ദേഷ്യപ്പെട്ടു. ചിക്കു ഭയന്ന് ഒന്നും മിണ്ടിയില്ല.

“”മാളു നീ പറ… എങ്ങനാ ഇവന്റെ കൈ പൊള്ളിയെ “”മായ വീണ്ടും ചോദിച്ചു.

“”ചിക്കു ചേട്ടായി രാവിലെ കഴിക്കാൻ കൊണ്ട് വരാമെന്ന് പറഞ്ഞിട്ട് പോയതാ. അപ്പൊ ഒരു ഹോട്ടലിലെ മാമൻ പൊള്ളുന്ന വെള്ളം ഒഴിച്ചു. എന്നിട്ട് വഴക്കും പറഞ്ഞു “” മാളു നിഷ്കളങ്കമായി പറഞ്ഞു.

“അത് സാരമില്ല മായേച്ചി. ഇപ്പൊ കുഴപ്പം ഒന്നൂല “”ചിക്കു പറഞ്ഞത് കേട്ട് ദേഷ്യം സഹിക്കാതെ മായ അവനെ നോക്കി.

“”സാരമില്ല പോലും. നിന്നോടൊക്കെ ഞാനെന്ത് പറഞ്ഞിട്ട രാവിലെ പോയെ. ഇവിടുന്ന് എങ്ങും പോവല്ലെന്ന് അല്ലേ. എന്നിട്ട് അവൻ ഈ പിള്ളേരേം ഒറ്റയ്ക്കിട്ടിട്ട് പോയേക്കുന്നു കണ്ട ഹോട്ടലിൽ ചെന്ന് തെണ്ടാൻ. എന്നിട്ട് വയറു നിറയെ കിട്ടിയല്ലോ “” മായ വഴക്ക് പറഞ്ഞു.

“” ചേട്ടായിയെ ഒന്നും പറയല്ലേ മായേച്ചി. എനിക്കും കണ്ണനും വിശന്നിട്ടു വയ്യാന്നു പറഞ്ഞോണ്ട ചേട്ടായി പോയേ. “”

മാളു പറഞ്ഞത് കേട്ട് മായ തെല്ലൊന്ന് അടങ്ങി. അവൾ കണ്ണനെ നോക്കി. അഞ്ചു വയസേ ഉള്ളു അവന്. ബാക്കിയുള്ളവരും തീരെ ചെറുതാ. മാളുവിന്‌ ഏഴോ എട്ടോ വയസ് കാണും. ചിക്കുവിന് ഒരു പത്തുവയസ് തോന്നും.

മായയ്ക്കും അതിനെക്കുറിച്ചു വല്യ ധാരണയില്ല. രണ്ട് വർഷത്തോളമായി ഇവർ തന്റെ ചിറകിനടിയിലേക്ക് ചേർന്നിട്ട്. ഇപ്പോൾ പുതിയതായി ഒരാൾ കൂടെയുണ്ട് അവരുടെ ആ കുഞ്ഞുമുറിക്കൊട്ടാരത്തിൽ.

അവൾ അവിടെ പഴന്തുണി കൂട്ടിക്കെട്ടിയുണ്ടാക്കിയ ആ തൊട്ടിലിൽ ഒന്നുമറിയാതെ ഉറങ്ങുന്ന കുഞ്ഞിപ്പെണ്ണിനെ നോക്കി. ജനിച്ചു മാസങ്ങൾ ആയിട്ടേ ഉള്ളു അവളും കുറച്ചു ദിവസമായി തന്നോടൊപ്പം കൂടിയിട്ട് .

“” മോനേ… ഇനി ഇതുപോലെ ചേച്ചി അറിയാതെ എങ്ങും പോവല്ലേ. ഇവിടെ ഉള്ള എല്ലാരും ദുഷ്ടന്മാരാ. നീ പോയ നേരത്ത് ആരേലും വന്നു കുഞ്ഞിയെയോ മാളുവിനെയോ കണ്ണനെയോ പിടിച്ചോണ്ട് പോയാലോ.

അറിയാല്ലോ എത്ര കഷ്ടപെട്ടാ നമ്മൾ അന്ന് പാറുവമ്മായിടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത് എന്ന് “” അത് പറയുമ്പോൾ മായയുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു.

ചിക്കുവിന് അവൾ പറയുമ്പോൾ ഭയാനകമായ ആ ഭൂതകാലം ഓർമ വന്നു. ഓർമ വച്ച കാലം മുതൽ പാറുവമ്മായിയുടെ വീട്ടിലാണ് താനുള്ളത്. അതൊരു വീടാണോ എന്ന് അറിയില്ല.

കുറേ കുട്ടികൾ. ഇടയ്ക്ക് ചിലർ വന്നു ഇഷ്ടപ്പെട്ട കുട്ടികളെ കൊണ്ട് പോകും. വീണ്ടും പുതിയ കുട്ടികൾ വരും. ഭിക്ഷ എടുക്കാൻ പോകുന്നവർ പാറുവമ്മായിടെ അടുത്ത് വന്ന് ഞങ്ങളിൽ ആരെയെങ്കിലും കൂടെ കൊണ്ട് പോകും.

വൈകിട്ട് തിരിച്ചു കൊണ്ട് വിട്ടിട്ട് കുറച്ചു കാശും കൊടുക്കും. ചിലര് എന്തേലുമൊക്കെ കഴിക്കാൻ വാങ്ങിത്തരും. ചിലര് ഒരു മനുഷ്യത്വവുമില്ലാതെ രാവിലെമുതൽ വൈകുന്നത് വരെ വെയിലത്തു നടത്തും. കൂടെയുള്ള കുട്ടികളുടെ മുഖത്തെ ക്ഷീണം കണ്ടിട്ടാ ചിലര് ഭിക്ഷ കൊടുക്കുന്നത്.

അവിടെ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു മാളു. അവളെ ഏതോ തിരക്കിൽ കാണാതെയായതാ പണ്ട്. പാറുവമ്മായീടെ സഹായികൾ വീട്ടിൽ കൊണ്ടാക്കാമെന്നൊക്കെ പറഞ്ഞു പറ്റിച്ചു ഇവിടെ കൊണ്ട് നിറുത്തിയതാ.

അന്നൊരു നാല് വയസൊക്കെ കാണുള്ളൂ. വന്നപ്പോഴൊക്കെ എന്ത് കരച്ചിലായിരുന്നു. പിന്നെ മെല്ലെ കുറഞ്ഞു. കരഞ്ഞു ബഹളം വച്ചാൽ അവിടുള്ളവർ ഉപദ്രവിക്കും എന്ന് മനസിലായപ്പോഴാണ് പാവം മിണ്ടാതെയായത്.

അവളെയും കുറച്ചു നാള് കഴിഞ്ഞു ഭിക്ഷയ്ക്ക് കൊണ്ടുപോയിതുടങ്ങി. ചിലപ്പോൾ ഞങ്ങളെ രണ്ടാളെയും ഒന്നിച്ച കൊണ്ടുപോകുന്നെ. പിന്നെ ഞങ്ങള് നല്ല കൂട്ടായി. എന്തോ ഭാഗ്യത്തിന് കുട്ടികളെ കൊണ്ട് പോകാൻ വന്ന പലരും ഞങ്ങളെ രണ്ടാളെയും കൊണ്ട് പോയില്ല.

വേറെയും കുട്ടികൾ അവിടെ വന്നുകൊണ്ടിരിന്നു. കൊച്ചുപിള്ളേര് മാത്രം അല്ല. ചിലപ്പോ ചേച്ചിമാരെയും പിടിച്ചോണ്ട് വരും. ചേച്ചിമാരെ കൊണ്ട് പോകാൻ ഹിന്ദി പറയുന്ന മാമന്മാർ ആണ് വരുന്നേ.

ചില ചേച്ചിമാർ നല്ല ബഹളമുണ്ടക്കും. താൻ കണ്ടിട്ടുണ്ട് ഒരു ചേച്ചിയെ കുത്തിവച്ചു ബോധം കെടുത്തിയിട്ട എടുത്തോണ്ട് പോയത്.

“” എന്തേലും ആലോചിച്ചിരിക്കാതെ വാരിക്കഴിക്കെടാ “” മായയുടെ ശബ്ദം കേട്ടാണ് ചിക്കു ഓർമകളിൽ നിന്ന് പുറത്തുവന്നത്. അവൻ ഇതൊക്കെ ആലോചിച്ചു ബിരിയാണിയിലൂടെ അലസമായി വിരലോടിച്ചുകൊണ്ട് ഇരിക്കുകയിരുന്നു.

“” ചേച്ചി വഴക്ക് പറഞ്ഞോണ്ടാണോടാ കഴിക്കാത്തെ. വിഷമംകൊണ്ടല്ലേ ഞാൻ പറഞ്ഞത്. പോട്ടെ… മോൻ എടുത്തു കഴിക്ക്. നീയല്ലേ കുറേ ദിവസമായിട്ട് ബിരിയാണി കഴിക്കാൻ കൊതിയാവുന്നു എന്ന് പറഞ്ഞെ “”

ചിക്കു കുറച്ചു ബിരിയാണി എടുത്തു മായയ്ക്ക് നേരെ നീട്ടി. അത് കണ്ട് മാളുവും കണ്ണനും കൂടി അവരുടെ കുഞ്ഞിക്കയ് നിറയെ ആഹാരമെടുത്തു അവളുടെ വായിലേക്ക് വച്ചു.അപ്പോഴാണ് തൊട്ടിലിൽ നിന്നും കുഞ്ഞി ഉണർന്ന് കരച്ചിൽ തുടങ്ങിയത്. മായ കഴിച്ചു മതിയാക്കി കുഞ്ഞിന്റെയടുത്തേക്ക് പോയി.

“”ഓ കരയല്ലേ മോളേ… വാവയ്ക്ക് വെച്ചക്കുന്നോ…. മാളൂട്ടി പാല് തന്നില്ലേ കുഞ്ഞിമോൾക്ക് “” മായ കുഞ്ഞിനെ എടുത്തു കൊഞ്ചിച്ചുകൊണ്ട് കരച്ചിൽ മാറ്റാൻ ശ്രമിച്ചു. മാളു കൈ കഴുകി വന്നു കുഞ്ഞിയുടെ പാൽക്കുപ്പി എടുത്തു മായയ്ക്ക് കൊടുത്തു.

അപ്പോഴേക്കും വയറു നിറഞ്ഞ ക്ഷീണത്തിൽ കണ്ണന് ഉറക്കം വന്നുതുടങ്ങിയിരുന്നു. അവനും വന്നു മായയുടെ മടിയിൽ  തലവച്ചു സ്ഥാനം പിടിച്ചു.

കുഞ്ഞിയെ കളിപ്പിച്ചുകൊണ്ട് കണ്ണനെ ഉറക്കുന്ന മായേച്ചിയെ നോക്കിയിരുന്നു ചിക്കു വീണ്ടും ഓർമ്മകളിലേക്ക് പോയി.

രണ്ട് വർഷം മുൻപാണ് മായേച്ചിയെ ഒരാള് പാറുവമ്മായുടെ അടുത്ത്കൊണ്ട് വിട്ടത്. വന്നപ്പോ മുതലേ ചേച്ചി കരച്ചിലും ബഹളവുമായിരുന്നു. ഇറങ്ങി ഓടാൻ വരെ ശ്രമിച്ചു. ഒടുവിൽ പാറുവമ്മായി ചേച്ചിയെ പിടിച്ചു പൂട്ടിയിട്ടു.

തനിക്ക് ഇതൊക്കെ സ്ഥിരം കാഴ്ചകൾ ആയതുകൊണ്ട് ആ വശത്തേക്ക് പോയില്ല അധികം. ചേച്ചിമാരെ അടച്ചിടുന്ന വശത്തേക്ക് പോയാൽ പാറു അമ്മായി തല്ലും.

മാളു അവിടെ വന്നിട്ട് കുറച്ചല്ലേ ആയിട്ടുള്ളു. അവൾക്കിത് അത്ര പരിചിതമല്ലല്ലോ. അതിനാൽ അവൾ മായേച്ചിയെ അടച്ചിട്ടിരിക്കുന്ന മുറിയുടെ ജനാലയ്ക്കൽ ഇടയ്ക്കിടെ പോകാൻ ശ്രമിച്ചു.

“”ചേച്ചി കരയല്ലേ. പാറു അമ്മായി കണ്ടാൽ അടിക്കും “” കരഞ്ഞു തളർന്ന മായ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. അഞ്ചോ ആറോ വയസ് തോന്നുന്ന ഒരു പെൺകുട്ടി തന്നെ നോക്കി ചിരിക്കുന്നു. അവൾടെ പാൽപ്പല്ലിൽ ഒരെണ്ണം വീണിട്ടുണ്ട്. മായ എഴുന്നേറ്റു ജനാലയുടെ അരികിലേക്ക് ചെന്നു.

“” മോൾക്ക് എന്നെ തുറന്നുവിടാവോ “” അവൾ മാളുവിനോട് ചോദിച്ചു.

“” ഇയ്യോ.. പാറുമ്മായി എന്ന കൊല്ലും “” മാളു പറഞ്ഞു.

“” പ്ലീസ് മോളേ… എന്നെ ഒന്ന് രക്ഷിക്കു “” അവൾ അത് പറഞ്ഞുകൊണ്ട് കരഞ്ഞു.

ആ ഇത്തിരിയില്ലാത്ത കുഞ്ഞിന് തന്നെ രക്ഷപ്പെടുത്താൻ എങ്ങനെകഴിയും എന്നൊന്നും അവൾ അന്നേരം ആലോചിച്ചില്ല. മാളുവിനും അവളുടെ കരച്ചിൽ കണ്ട് സങ്കടമായി.

“” ചേച്ചിയേം എന്നെപ്പോലെ കളഞ്ഞുപോയതാണോ “” മാളു നിഷ്കളങ്കമായി ചോദിച്ചു.

“‘ എന്താടാ… കളഞ്ഞുപോയതോ “” മായ അവൾ പറഞ്ഞത് മനസിലാകാതെ ചോദിച്ചു

“” ആഹ് ന്നേ. എന്നെ എന്റെ അമ്മയ്ക്കും അച്ഛനും കളഞ്ഞുപോയതാണല്ലോ. ചേച്ചിടെ അമ്മയ്ക്കും ചേച്ചിയെ കളഞ്ഞു പോയതാണോ “” മായയ്ക്ക് ഒന്ന് ആലോചിച്ചപ്പോൾ അവൾ ചോദിച്ചതിന്റെ അർത്ഥം മനസിലായി.

“” ചേച്ചിയെ കളഞ്ഞുപോയതല്ല മോളേ. ചേച്ചിയെ ആർക്കും വേണ്ടാത്തോണ്ട് ഇവിടെ കൊണ്ട് കളഞ്ഞതാ “” മായ അത് പറയുമ്പോൾ ശബ്ദത്തിൽ നോവ് പടർന്നു.

“” ചേച്ചിടെ അമ്മയ്ക്ക് ചേച്ചിയെ വേണ്ടേ. അപ്പൊ ചേച്ചിടമ്മ ദുഷ്ടയാണോ “” മാളു തന്റെ കുഞ്ഞിക്കണ്ണ് വിടർത്തി അവളോട് ചോദിച്ചു.

“” ചേച്ചിടെ അമ്മ പാവാ മോളേ. അച്ഛനും പാവാ.മരിച്ചു പോയി രണ്ടാളും. ചേച്ചിടെ ചെറിയമ്മയാ ദുഷ്ട. മോള് ചേച്ചിയെ എങ്ങനേലും രക്ഷിക്കോ. ചേച്ചിക്ക് ഇവിടെ നിക്കണ്ട “” അവൾ ദയനീയമായി പറഞ്ഞു

“”അയ്യോ പാറുമ്മായി “” ഒരു കാലൊച്ച കേട്ട് മാളു അവിടെനിന്നും ഓടി

ചിക്കുവിനോട് അവൾ ഇതൊക്കെ പറഞ്ഞു. അതിനിടയിൽ പാറുവമ്മായി ആരോടോ ഫോണിൽ സംസാരിക്കുന്നത് അവനും കേട്ടിരുന്നു.

മായയെ നാളെതന്നെ കൊണ്ട് പോകാൻ ആള് വരുമെന്നും കൂട്ടത്തിൽ കുറച്ചു ദിവസം മുന്നേ അവർ തട്ടിക്കൊണ്ട് വന്ന കണ്ണൻ എന്ന രണ്ട് വയസുകാരനെയും മായയെ കൊണ്ട് പോകുന്ന ആള് തന്നെ കൊണ്ട് പോകും എന്ന് അവർ പറയുന്നത് കേട്ടു.

തീരെ ചെറിയ കുഞ്ഞുങ്ങൾക്കും മായയുടെ പ്രായത്തിലുള്ള പെൺപിള്ളേർ ആണത്രേ അവര് പൈസ കൂടുതൽ കൊടുക്കുന്നത്.

ആ ചേച്ചി പാവം ആണ് നമുക്ക് രക്ഷിച്ചാലോ ചിക്കു ചേട്ടായി എന്ന് മാളു ചോദിക്കുമ്പോൾ അവനൊരിക്കലും കരുതിയിരുന്നില്ല അവളുടെയാ ചോദ്യം പലരുടെയും ജീവിതത്തിന് വഴിതിരിവ് ആകുമെന്ന്. ആദ്യം അതൊന്നും നടക്കില്ല എന്ന് കരുതിയെങ്കിലും മാളുവിന്റെ നിർബന്ധത്തിൽ അവൻ വഴങ്ങി.

രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ചിക്കുവും മാളുവും കൂടെ മായയെ പൂട്ടിയിട്ടിരിക്കുന്ന മുറിയിലെത്തി അവളെ വിളിച്ചു.

പ്രതീക്ഷ വറ്റിയ അവൾ കരഞ്ഞു തളർന്നു എപ്പോഴോ മയങ്ങിയിരുന്നു.പുറത്തെ ആളനക്കം കേട്ട് മായ നോക്കിയപ്പോൾ രണ്ടുപേരും തന്നെ നോക്കി നിൽക്കുകയാണ്. മായ അവരോട് താക്കോൽക്കൂട്ടം എവിടെയാണ് എന്ന് അറിയുമോ എന്ന് ചോദിച്ചു.

“”ചേച്ചിയെ തുറന്നുവിടാൻ താക്കോൽ ഒന്നും വേണ്ടന്നെ.കതക് പുറത്തുനിന്നു കുറ്റിയിട്ടിട്ടെ ഉള്ളു. ഞാൻ തുറന്നു തരാം.

പക്ഷേ ചേച്ചി എങ്ങനെ ഈ വീടിന്റ പുറത്തിറങ്ങും. പുറത്ത് ഇവിടുത്തെ ഗുണ്ട മാമന്മാർ കാണും. ഗേറ്റ് പൂട്ടിയിട്ടിട്ടുമുണ്ടാവും “” മാളു പറഞ്ഞു. ചിക്കു ചെന്ന് അവൾക്ക് വാതിൽ തുറന്നുകൊടുത്തു.

“”നിങ്ങള് കൂടെ വാ. നമുക്ക് ഒന്നിച്ചു രക്ഷപ്പെടാം. ഇവിടെ നിന്നാൽ മാളുവിനും അപകടമാണ്. എന്നെ കൊണ്ടുപോകാൻ വരുന്നവർ മാളുവിനെയും ഉടനെ കൊണ്ട് പോകും ഉറപ്പാ.”” മായ പറഞ്ഞു.

“”എനിക്ക് പേടിയാവുന്ന്. നമുക്ക് പോവാം ചിക്കു ചേട്ടായി… ചേച്ചിടെ കൂടെ പോവാ “” മാളു ചിണുങ്ങി.

“”മ്മ് പോവാം. നിങ്ങള് നിക്ക്. ഞാനിപ്പോ വരാമേ”” അതും പറഞ്ഞു ഓടി  ചെന്ന് അവൻ ശബ്ദമുണ്ടക്കാതെ ഉറങ്ങിക്കിടന്ന കണ്ണനെ എടുത്തുകൊണ്ട് വന്നു.

“” നമുക്ക് ഇവനെക്കൂടി കൊണ്ടുപോകാം ചേച്ചി. ഇല്ലേൽ നാളെ വരുന്നവർ ഇവന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചാലോ. ചേച്ചീനെ കൊണ്ടോവാൻ വരുന്നവർക്ക് ഇവനേം കൊടുക്കും എന്ന് പറയണ കേട്ടു. “”

ചിക്കു അത് പറയുമ്പോൾ മായയുടെ മിഴികൾ നിറഞ്ഞു. അവൾ വേഗം ആ കുഞ്ഞിനെ അവന്റെ കയ്യിൽ നിന്ന് വാങ്ങി നെഞ്ചോട് ചേർത്തുപിടിച്ചു.

“” മോനേ… നമ്മൾ എങ്ങനെ പുറത്തേക്ക് പോവും. ആ സ്ത്രീയും അവരുടെ ശിങ്കിടികളും ഒക്കെ എവിടെയാന്ന് അറിയോ “” മായ ചിക്കുവിനോട് ചോദിച്ചു.

“”പാറുവമ്മായി ഇപ്പോൾ നല്ല ഉറക്കം ആയിരിക്കും. പിന്നെ ഗുണ്ട മാമന്മാർ വീടിന്റെ പുറത്തു കിടന്നു ഉറങ്ങും. നമ്മൾ അങ്ങോട്ട് ഇറങ്ങിയാൽ അവർ ഉണരും” മാളു മെല്ലെ പറഞ്ഞു

“” ഒരു വഴിയുണ്ട് ചേച്ചി. വീടിന്റെ ഒരു വശത്തു കുളിമുറി പൊളിച്ചിട്ടിരിക്കുകയാ. പണി നടക്കുന്നുണ്ട് അവിടെ. അതുവഴി പോയി നോക്കാം “” ചിക്കു പറഞ്ഞു.

അവർ ആ ഇരുട്ടിൽ തപ്പി തടഞ്ഞു അവിടേക്ക് പോയി. ഇത്തിരി കഷ്ടപ്പെട്ട് ആണെങ്കിലും അവർ അതുവഴി ഇറങ്ങി. വേഗം ഓടി മതിലിനരികിലേക്ക് പോയി. വയ്ക്കോൽ കൂന കൂട്ടിയിട്ടിരുന്നതുകൊണ്ട് അവർക്ക് അതുവഴി ചാടാൻ എളുപ്പമായിരുന്നു.

ആദ്യം ചിക്കു മതിലിനു മുകളിൽ കയറിയിരുന്നു. എന്നിട്ട് മാളുവിനെ പിടിച്ചു പുറത്തേക്ക് ഇറക്കി. ശേഷം മായയുടെ തോളിൽ കിടന്ന് ഉറങ്ങുകയായിരുന്ന കണ്ണനെ എടുത്തു മാളുവിന്റെ കൈകളിലേക്ക് കൊടുത്തു. പെട്ടന്ന് ഉണ്ടായ നടുക്കത്തിൽ കുഞ്ഞുണർന്ന് ഉച്ചത്തിൽ കരയാൻ തുടങ്ങി.

അത് കേട്ട് കാവൽനിന്നവർ ഉണർന്നു. മായ വേഗം മതിലിലേക്ക് വലിഞ്ഞു കയറിയിട്ട് ചിക്കുവും മായയും കൂടെ ആ വൈക്കോൽകൂന കാല് കൊണ്ട്  വേഗം ചവിട്ടിമെതിച്ചു ഓടിവന്നവരുടെ തലയിലേക്ക് തന്നേയിട്ടു.

അവർ അത് തട്ടിക്കളയുന്ന നേരം കൊണ്ട് അവർ ആവുന്നത്ര വേഗത്തിൽ ഓടി. ഒളിച്ചും പതുങ്ങിയും പലവട്ടം അവരുടെ കൈയ്യകലത്തു എത്തിയിട്ടും പിടികൊടുക്കാതെ വീണ്ടും ഓടി. ആ രാത്രി അവരുടെ ഓട്ടം അവസാനിച്ചത് റെയിൽവേസ്റ്റേഷനിൽ ആയിരുന്നു.

ടിക്കറ്റ് എടുക്കാൻ കാശില്ലാതെ ഗുണ്ടകളെ ഭയന്ന് വിയർത്തു കുളിച്ചു പാത്തും പതുങ്ങിയും നിൽക്കവേയാണ് ആരുടെയോ പേഴ്സ് അടിച്ചുമാറ്റാൻ മാളുവിന് തോന്നിയത്. അവളെ മുമ്പ് ഭിക്ഷയ്ക്ക് കൊണ്ട് പോയവർ അങ്ങനെ ചെയ്യുന്നത് അവൾ കണ്ടിട്ടുണ്ടത്രേ.

അവിടുന്ന് ആരുടേയും കണ്ണിൽ പെടാതെ ട്രെയിൻ കയറി വന്നിറങ്ങിയത് ഇവിടെയാണ്‌.

ഇവിടെ എത്തി ആദ്യം കുറെ നാൾ ഒത്തിരി കഷ്ടപ്പെട്ടു. ആഹാരം ഒന്നും കിട്ടില്ലായിരുന്നു. പിന്നെ ബസ് സ്റ്റോപ്പിലും പ്ലാറ്റഫോംമിലും ഒക്കെ കിടക്കുമ്പോ മായയെ ഉപദ്രവിക്കാൻ ഓരോരുത്തര് വരും. ചിലര് മാളൂട്ടിയേം ഉപദ്രവിക്കാൻ നോക്കും. ആദ്യമൊക്കെ അവർ പേടിച്ചു കരയുമായിരുന്നു.

പക്ഷേ ഇപ്പൊ അങ്ങനെയൊന്നുമില്ല. ഇന്നാളു രാത്രിയിൽ അവിടെ ആരൊക്കെയോ വന്നു ശല്യം ചെയ്തപ്പോൾ മായ വെട്ടുകത്തി എടുത്തു വീശി. ചേച്ചി അവരെ കൊല്ലാൻ നോക്കുന്ന ബഹളം കേട്ട കുട്ടികൾ ഉണർന്നത്. അവരുടെ ചേച്ചി ആകെ മാറിയിരിക്കുന്നു.

കുറച്ചു ദിവസങ്ങൾക്കുമുമ്പ് ആണ്…..രാത്രി ഒരു സ്ത്രീ അവരുടെ കുഞ്ഞിനെ റെയിൽവേ ട്രാക്കിന് കുറച്ചാകലെയായി കിടത്തിയിട്ട് ട്രാക്കിലേക്ക് നടക്കുന്നത് കണ്ടത്.

അവർ അങ്ങോട്ടേക്ക് ഓടി ചെന്നപ്പോഴേക്കും ട്രെയിൻ മിന്നൽ വേഗത്തിൽ അവരെ ശരീരം മറികടന്നുകൊണ്ട് അതിന്റ യാത്ര തുടർന്നു. പക്ഷേ അവൾ അതിന് മുമ്പ് വ്യക്തമായി ആ സ്ത്രീയെ തിരിച്ചറിഞ്ഞു. തന്റെ ചെറിയമ്മ. അതേ…. തന്നെ ആ നശിച്ച സ്ത്രീക്ക് തന്നെ വിറ്റ തന്റെ ചെറിയമ്മ.

അവർ എന്തിനിത് ചെയ്തു എന്ന് അറിയില്ല.വിധി നൽകിയ തിരിച്ചടിയാകും. അവൾ നിലത്ത് തുണി വിരിച്ചു കിടത്തിയിരിക്കുന്ന കുഞ്ഞിനെ എടുത്തു. അവളാണ് അവരുടെ കൂട്ടത്തിലെ പുതിയ അഥിതി കുഞ്ഞിമോള്

“”മോനേ… കുഞ്ഞിന് പാല് ചൂടാക്കിയെ. അവള് ഉണരുമ്പോൾ വാശി കാണിക്കും .”” മായ ചിക്കുവിനോട്  പറഞ്ഞു.

“”ഇത് തീരാറായല്ലോ ചേച്ചി… ഇന്നത്തേക്ക് കൂടിയേ ഉള്ളു “” അവൻ പാൽപ്പൊടിയുടെ കുപ്പിയെടുത്തു നോക്കിയിട്ട് പറഞ്ഞു.

“”തീർന്നോ. സാരമില്ല. നാളെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ആരുടേലും പോക്കറ്റിൽ ഉണ്ടാവും ഇവള്ടെ വിശപ്പിനുള്ള കാശ്. നമുക്ക് എടുക്കാന്നേ.

ഈ മായേച്ചി ഉള്ളിടത്തോളം നിങ്ങള് വിശന്നിരിക്കില്ല. ആരും നിങ്ങളെ ദ്രോഹിക്കയുമില്ല. അവൾ തന്റെ മടിയിൽ ചേർന്നു കിടന്നു ഉറങ്ങുന്ന കുഞ്ഞിയെയും കണ്ണനെയും ഒന്ന് നോക്കി അരികിലിരുന്ന മാളുവിനും ചിക്കുവിനും ഓരോ മുത്തം കൊടുത്തു

അപ്പോഴും ദൂരെയൊരു വീട്ടിൽ യാത്ര കഴിഞ്ഞ് എത്തിയ ജീവൻ തന്റെ പോക്കറ്റ് അടിച്ച റെയിൽവേതെരുവിലെ കള്ളിയെ ശപിക്കുന്നണ്ടായിരുന്നു.