ഇ രുണ്ടവൾ
(രചന: രാജീവ് രാധാകൃഷ്ണ പണിക്കർ)
“റാം നിന്നെ ഞാൻ സ്നേഹിക്കുന്നു.
എന്റെ ജീവനേക്കാളേറെ. പക്ഷെ നമ്മൾ തമ്മിൽ ഒരു വിവാഹം, അതു വേണ്ട . എനിക്കതിൽ താത്പര്യമില്ല”
നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി പണി കഴിപ്പിച്ച ആ റെസ്റ്റോറെന്റിന്റെ റൂഫ് ഗാർഡനിൽ മേശയ്ക്കിരുവശവുമിരുന്നുകൊണ്ട് ജയ്റാം സെലീനയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
“എന്തേ അങ്ങിനെ തോന്നാൻ?”
അവരെ തഴുകി കടന്നു പോയ ഇളം കാറ്റ് ചട്ടിയിൽ നട്ടുപിടിപ്പിച്ച മുളംകൂട്ടങ്ങളിൽ മർമ്മരമുയർത്തി
“ജീവിതത്തിൽ വിജയം നേടാൻ ഒരാളെ സഹായിക്കുന്നത് എന്താണെന്നറിയാമോ റാം.
‘അവഗണന’
ഒന്ന് നെടുവീർപ്പിട്ടുകൊണ്ടവൾ തുടർന്നു
“അത് ആവോളം അനുഭവിച്ചവളാണ് ഞാൻ.
അപ്പന്റേയും അമ്മയുടെയും അഞ്ചു മക്കളിൽ ഇളയവൾ. ചേച്ചിമാരൊക്കെ വെളുത്തു തുടുത്തു സുന്ദരികളായിരുന്നപ്പോൾ ഞാൻ മാത്രം ക റുത്തത്.
തുടർച്ചയായ പ്രസവങ്ങൾ അമ്മച്ചിയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നു. അതിന്റെ ബാക്കിപത്രങ്ങൾ എന്നിലും പ്രതിഫലിച്ചു.
ചെറുപ്പം മുതലേ ഒരു അസുഖക്കാരി.
വെളുത്തു സുന്ദരൻമാരായ അപ്പനുമമ്മക്കുമുണ്ടായ ക റുത്തു മെലിഞ്ഞവൾ.
അപ്പനായിരുന്നു ആദ്യമായി വി വേചനം കാട്ടിയത്.
ജോലി കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളിൽ അപ്പൻ കൊണ്ടുവരാറുണ്ടായിരുന്ന പലഹാരപ്പൊതികളിൽ ഒരിക്കലും എനിക്കായി ഒന്നും ഉണ്ടായിരുന്നില്ല.
അമ്മച്ചി ചേച്ചിമാരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു തരുന്ന മുറിക്കഷ്ണങ്ങൾ കൊണ്ട് ഞാൻ സമാധാനിച്ചു.
ചേച്ചിമാർക്ക് ക്രി സ്തുമസ്സിനും ഈ സ്റ്ററിനുമൊക്കെ അപ്പൻ പുത്തൻ കുപ്പായങ്ങൾ വാങ്ങിക്കൊടുക്കുമ്പോൾ എനിക്കുമാത്രം സഹോദരങ്ങളുടെ പഴയതു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അമ്മച്ചി ഇതേക്കുറിച്ച് പലതവണ സൂചിപ്പിച്ചപ്പോഴും അപ്പച്ചൻ പരിഹസിക്കുകയായിരുന്നു
ഇനി പുതിയത് ഇട്ടിട്ട് ഈ കാക്കകറുമ്പിയെ ആര് കെട്ടിക്കൊണ്ടു പോകാനാ?”
“ഇവൾ എന്റെ വിത്തു തന്നെയാണോടി”
മ ദ്യ പിച്ചു നാലുകാലിൽ കയറിവരുന്ന ദിവസങ്ങളിൽ അപ്പൻ അമ്മയോട് പലപ്പോഴും ചോദിക്കുന്നത് കേൾക്കാറുണ്ട്.
“ഒന്നു പതുക്കെ പറയ് മനുഷ്യാ. അതിന്റെ മനസ്സു നീറും”.
അമ്മച്ചി അടക്കിയ ശബ്ദത്തിൽ അപ്പനെ ശകാരിക്കുന്നത് കേൾക്കാം.
“അതിന് ആ കറുമ്പിക്കാളിക്ക് വിഷമിക്കാൻ എവിടെന്നാടി മനസ്സ്”
“ആദ്യമൊക്കെ ആ വാക്കുകളുടെയൊന്നും അർഥമറിയില്ലായിരുന്നു. പോകെ പോകെ അർത്ഥങ്ങൾ മനസ്സിലായി തുടങ്ങിയപ്പോൾ ഒറ്റക്കിരുന്നു കരയാൻ പഠിച്ചു.
പഠനത്തിൽ ശരാശരിക്കാർ മാത്രമായിരുന്ന ചേച്ചിമാരുടെ വിജയങ്ങൾ വീട്ടിൽ ആഘോഷങ്ങൾ ആയപ്പോൾ എല്ലാത്തിലും ക്ലാസ് ഫസ്റ്റ് ആയിരുന്ന എന്റെ സന്തോഷങ്ങൾ അമ്മച്ചി തരുന്ന ഒരുമ്മയിൽ ഒതുങ്ങി.
നിനക്ക് ബോറടിക്കുന്നുണ്ടോ റാം”
അവൾ നീർ തുളുമ്പിതുടങ്ങിയ മിഴികളോടെ റാമിനെ നോക്കി.
“ഇല്ല സെലീന നീ പറയൂ. നിന്റെ വാക്കുകൾ ഒരിക്കലും എന്നെ ബോറടിപ്പിച്ചിട്ടില്ല. ഞാൻ എന്നും നിന്റെ നല്ല കേൾവിക്കാരൻ ആയിരിക്കും.”
വെയ്റ്റർ കൊണ്ടുവച്ച ഫ്രഷ് ലൈം ഒരിറക്കു കുടിച്ചിട്ട് അവൾ തുടർന്നു.
“ആകാരത്തിലുള്ള പോരായ്മയെ വിദ്യ കൊണ്ട് മറികടക്കുവാനുള്ള ശ്രമത്തിലായിരുന്നു പിന്നെ ഞാൻ.
എല്ലാ ക്ലാസുകളിലും ഒന്നാമതെത്തി.
പന്ത്രണ്ടിലെ പരീക്ഷക്ക് എല്ലാവിഷയത്തിനും എ പ്ലസ്.
പട്ടണത്തിലെ കോളേജിൽ ചേർക്കുന്ന കാര്യം അപ്പച്ചനോട് അമ്മച്ചി പറഞ്ഞപ്പോൾ കേട്ടവഴിയെ അപ്പൻ കയ്യൊഴിഞ്ഞു.
മൂത്തതുങ്ങൾ നാലെണ്ണത്തിനെ പഠിപ്പിച്ചു. രണ്ടെണ്ണത്തിന്റെ കല്യാണവും നടത്തി.
ഇനിയും രണ്ടെണ്ണത്തിന്റെ കൂടെ കല്യാണം നടത്താനുണ്ട്. അതിനിടയിൽ ഈ കറുമ്പിക്കാളിയെ പഠിപ്പിക്കാൻ എന്റെ കയ്യിൽ കാശില്ല.
അടുക്കള പണിയിൽ നിന്നെ സഹായിക്കട്ടെ. വേണോന്നുവച്ചാ വല്ല തുന്നലിനും ചേരട്ടെ. ഒരു വരുമാന മാർഗവും ആവൂല്ലോ.
അടച്ചിട്ട മുറിക്കുള്ളിൽ കർത്താവിന്റെ രൂപത്തിന് മുന്നിൽ നിന്ന് എത്ര നേരം പൊട്ടിക്കരഞ്ഞു എന്നറിയില്ല.
കർത്താവ് കനിഞ്ഞു.
അമ്മച്ചി അമ്മാച്ചന്മാരോട് എന്റെ ആഗ്രഹം പറഞ്ഞു. അവര് പഠിപ്പിക്കാമെന്നേറ്റു.
അങ്ങനെ പട്ടണത്തിലെ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. പരിഷ്കാരികളായ കുട്ടികളുടെ ഇടയിൽ ചേച്ചിമാർ ഉപേക്ഷിച്ച
നരച്ച ഡ്രെസ്സുകളും ഇട്ടു ചെന്നിരുന്ന ഞാൻ ആദ്യമൊക്കെ എല്ലാവരാലും അവഗണിക്കപ്പെടുകയായിരുന്നു.
പക്ഷെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യമൊക്കെ ടീച്ചർമാരോട് സംശയങ്ങൾ ചോദിക്കുമ്പോൾ ഇവളെന്താ കളക്ടറാവാൻ പോകുന്നോ എന്ന ചിന്തയായിരുന്നു അവർക്കുപോലും.
സഹപാഠികൾക്കാണെങ്കിൽ ഒരു പഠിപ്പിസ്റ് വന്നിരിക്കുന്നു എന്ന ഭാവവും.
ആദ്യവർഷത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും തൊണ്ണൂറു ശതമാനത്തിനു മേലെ മാർക്ക് നേടിയതോടെ സഹപാഠികളുടെയും അധ്യാപകരുടെയും സമീപനത്തിന് മാറ്റം വന്നു.
എന്റെ യാതനകൾ മനസ്സിലാക്കിയ
പ്രിൻസിപ്പൾ കോളേജ് ഹോസ്റ്റലിൽ ഒരു മുറി അറേഞ്ച് ചെയ്തു തന്നു.
ഹോസ്റ്റലിലെ ആ കുടുസ്സു മുറിയിൽ ഒറ്റക്കിരുന്നപ്പോൾ ചിന്തകൾക്ക് ചിറകുമുളച്ചു .
അങ്ങനെ ചെറിയ ചെറിയ കവിതകളും കഥകളുമൊക്കെ എന്റെ തൂലികയിൽ നിന്നും പുറത്തേക്കൊഴുകി.
കോളേജ് മാഗസീനിലും ഏതാനും മാസികകയിലുമൊക്കെ സൃഷ്ടികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യമൊക്കെ സ്വന്തം പേര് വച്ചെഴുതുവാൻ അപകർഷതാബോധമായിരുന്നു.
മനോഹരമായ സൃഷ്ടികൾക്ക് പിന്നിൽ ഈ ഇരുണ്ടവൾ ആണെന്നറിഞ്ഞാൽ അവയെയും വായനക്കാർ അവഗണിച്ചാലോ.
ഡിഗ്രിക്ക് യൂണിവേഴ്സിറ്റിയിൽ റാങ്കോടെയാണ് പാസായത്. അതിനിടയിൽ മുന്പെപ്പോഴോ എഴുതിയ പിഎസ്സി ടെസ്റ്റ് പാസായി. ഈ ജോലിയും കിട്ടി.
ഇപ്പോൾ പ്രൈവറ്റ് ആയി പിജിക്ക് ട്രൈ ചെയ്യുന്നുണ്ട്. പിഎച്ച്ഡി എടുക്കണം. എഴുത്ത് മുന്നോട്ടു കൊണ്ടുപോകണം.
മറ്റൊന്നിനെ കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല. വിവാഹമോ കുടുംബ ജീവിതമോ ഒന്നും എന്നെ ആകർഷിക്കുന്നില്ല.
ഞാൻ നല്ല സുഹൃത്തായി മാത്രമേ നിന്നെ കാണാൻ ശ്രമിച്ചിട്ടുള്ളൂ റാം. നമുക്ക് നല്ല സുഹൃത്തുക്കൾ ആയി തന്നെ തുടരാം”
“സെലീന നിന്റെ രൂപത്തെയല്ല നിന്റെ മനസ്സിനെ, നിന്റെ അക്ഷരങ്ങളെ, നിന്റെ ചിന്തകളെ ഒക്കെയാണ് ഞാൻ പ്രണയിക്കുന്നത്. പിന്നെ നാം തമ്മിൽ ഒന്നാകുന്നതിൽ എന്താണ് തെറ്റ്”
“റാം നിന്റെ മനസ്സ് ഞാൻ അറിയുന്നു. പക്ഷേ നാലാൾ കൂടുന്ന സദസ്സുകളിൽ ഭാര്യയെന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്താൻ ഒരു നാൾ നിനക്ക് മടി തോന്നിയേക്കാം.
കുളിരുള്ള രാത്രികളിൽ നിന്റെ ശരീരം എന്നെ തേടി വരുമ്പോൾ ഒരു പക്ഷേ എന്നിൽ നിനക്ക് വിരക്തി തോന്നിയേക്കാം.
പിന്നീടുള്ള രാത്രികളിൽ നീയെന്നെ ആവഗണിച്ചേക്കാം.
നമുക്ക് കുഞ്ഞുങ്ങളുണ്ടായാൽ മു ല പ്പാൽ തേടിവരുന്ന അവരുടെ ചുണ്ടുകൾ എന്റെ വറ്റിയ മാറിടം അവഗണിച്ച് കുപ്പിപാലിനായി കൊതിച്ചേക്കാം.
വയ്യ റാം ഇനിയുമൊരവഗണന താങ്ങാനുള്ള കരുത്തെനിക്കില്ല.
അതെന്റെ പതനമായിരിക്കും.
ഇത്രയും കാലം കൊണ്ട് ഞാൻ നേടിയെടുത്ത ആത്മവിശ്വാസത്തിന്റെ കൊഴിഞ്ഞു പോക്ക്.
നീ എന്നും എന്റെ നല്ല സുഹൃത്ത് ആയിരിക്കും അവസാന ശ്വാസം വരെ.
അങ്ങനെയായിരിക്കാൻ നമുക്ക് ശ്രമിക്കാം. കാലം അതിനുള്ള കരുത്തു നൽകട്ടെ”