ഉപ്പു പായസം
(രചന: രാജീവ് രാധാകൃഷ്ണ പണിക്കർ)
“രാജീവേ അടുത്ത ഞായറാഴ്ച മോൾടെ കല്യാണമാണ്. നീ സഹായിക്കാനെന്നും പറഞ്ഞ് ആ വഴിക്കൊന്നും വന്നേക്കരുത്. വേണമെങ്കിൽ വന്ന് ഊണ് കഴിച്ചിട്ട് പൊയ്ക്കോ”
നാരായണേട്ടൻ കല്യാണവും അറിയിച്ചു വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഞാനിരുന്നു.
ചെറിയൊരു ആശ്രദ്ധ വരുത്തിയ വിനയേയ്. ഞാൻ ഒരു പരോപകാരിയായിരുന്നു.
നാട്ടുകാർക്ക് എന്തു കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നവർ. അഥവാ ഞാനുണ്ടെങ്കിൽ എല്ലാം ഭംഗിയാകും എന്നൊരു വിശ്വാസം എല്ലാവർക്കുമുണ്ടായിരുന്നു.
എന്തേ മാറാൻ കാരണം എന്ന് ചോദിച്ചാൽ കഷ്ടകാലം എന്നെ പറയാൻ പറ്റു.
ജോലിയൊക്കെ കിട്ടി. അർമാദിച്ചു നടക്കുന്ന കാലം.
കമ്പനിക്കടുത്തുള്ള ഒരു വല്യമ്മയുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി ഞാനും മറ്റൊരുവനും പാച്ചുവും കോവാലനും പോലെ കഴിയുന്നു.
നാട്ടുകാർക്കിടയിലും പരോപകാരികൾ എന്ന പേര് ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങളുണ്ടാക്കി.
ഞങ്ങളുടെ സ്വഭാവ മഹിമകൾ കാരണം വല്യമ്മയ്ക്ക് ഞങ്ങളെന്നു വച്ചാൽ ജീവനാണ്.(സത്യം).
വല്യമ്മക്ക് ഒരു മകളുണ്ട് .മകൾക്ക് ഒരു മകളും.
മകളും ചെറുമകളും ഇടയ്ക്കൊക്കെ അവിടെ വന്നു താമസിയ്ക്കും. അവർക്കും ഞങ്ങളോട് സ്നേഹമാണ്. സ്നേഹങ്ങളെല്ലാം തികച്ചും സഹോദര തുല്യം.
ഇതിനിടയിൽ മകളുടെ മകൾ ഒരു അന്യ മതസ്ഥനെ പ്രണയിച്ചു. വീട്ടുകാർക്കും സ്വന്തക്കാർക്കും ഒക്കെ എതിർപ്പ്.
കല്യാണം നടത്തിക്കൊടുത്തില്ലെങ്കിൽ ആ ത്മഹത്യ ചെയ്യുമെന്ന പെണ്ണിന്റെ ശാഠ്യത്തിനു മുന്നിൽ അമ്മൂമ്മ മുട്ടുമടക്കി.
ആരു കൂടെ നിന്നില്ലെങ്കിലും അമ്മൂമ്മ സഹായിക്കാമെന്നായി. സഹായത്തിനായി അമ്മൂമ്മ മനസിൽ കണ്ടത് ഞങ്ങളെയും.
അമ്മൂമ്മയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന രീതിയിൽ ഹാൾ ബുക് ചെയ്യാനും സദ്യയേൽപ്പിക്കുവാനും
മുതൽ വിവാഹഹാരം വാങ്ങാൻ വരെ ഈയുള്ളവനും സുഹൃത്തും ഓടിനടന്നു.
അങ്ങനെ കല്യാണ ദിവസം വന്നു. രണ്ടു ഭാഗത്തു നിന്ന് കൂടി നാൽപതോളം പേര് മാത്രം. സഹോദരന്റെ സ്ഥാനത്തു നിന്ന് എല്ലാം ഉഷാറാക്കീ.
ഒടുവിൽ സദ്യയുടെ സമയമായി.
സദ്യയ്ക്ക് ഇല വയ്പ്പ് തൊട്ട് ഭക്ഷണം വിളമ്പി ഇലയെടുക്കുന്നത് വരെയുള്ള മേൽനോട്ടം ഈയുള്ളവന്.
ഏൽപിച്ച കർത്തവ്യം ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു.
ഒടുവിൽ പായസത്തിന്റെ സമയമായി.
അടപ്പ് തുറന്നപ്പോൾ നല്ല സൊയമ്പൻ പാലടയുടെ ഗന്ധം നാസാഗ്രന്ഥിളിലേക്കടിച്ചു കയറി.
കയിലിട്ടൊന്ന് ഇളക്കാൻ ഒരുങ്ങുമ്പോഴാണ്
ഭക്ഷണപ്രിയരിൽ ഒരാൾ അല്പം ഉപ്പു ചോദിച്ചത്.
സ്പ്രിൻകിളിന്റെ ഒരു പാക്കറ്റ് ഉപ്പുമായി
പുള്ളിക്കാരന്റെ അടുത്തു പോയി കക്ഷിയുടെ ആഗ്രഹ നിവൃത്തി വരുത്തി ഉപ്പ് പാക്കറ്റ് ഭക്ഷണം വിളമ്പി വച്ചിട്ടുള്ള മേശമേൽ വച്ചതും
അതു ചരിഞ്ഞ് താഴേയുള്ള പായസ പാത്രത്തിലേക്ക് മറിഞ്ഞതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം ശ്വാസോച്ഛാസം നിലച്ചു പോയി.
ഒരു വിധത്തിൽ ചരിഞ്ഞ ഉപ്പ് കവർ നേരെ വച്ചപ്പോഴേക്കും പകുതിയോളം ഉപ്പ് നാല്പതോളംപേർക്കുള്ള പായസത്തിൽ വീണു കഴിഞ്ഞു.
ഞാൻ വെട്ടിവിയർത്തു കൊണ്ട് കസേരയിലേക്കിരുന്നു. ഒരുപാട് ശത്രുക്കളുള്ള കല്യാണമാണ്. കല്യാണം കലക്കാൻ നോക്കിയതാണെന്നെ പറയു.
അപ്പോഴേക്കും പന്തിയിൽ നിന്നും പായസം എന്ന വിളിയുയർന്നു.
ഞാൻ ഒരു വിധത്തിൽ വല്യമ്മയോട് വിവരം പറഞ്ഞു.
അവർ ദയനീയമായി എന്നെ നോക്കി. ഞാൻ രണ്ടും കല്പിച്ചുകൊണ്ട് ചോദിച്ച മാന്യദേഹത്തിന് ഒരു കപ്പ് പായസം കൊടുത്തു.
ചെറുക്കന്റെ അമ്മാവനാണെന്നു തോന്നുന്നു. പുള്ളിയുടെ മുഖം കോടി .
അകത്തേക്ക് പോയതിനെക്കാൾ വേഗത്തിൽ ഒരു എച്പി പമ്പിന്റെ ഫോഴ്സിൽ പായസം പുറത്തേക്ക് ചീറ്റി.
ക്രോധാകുലനായിഎന്നെ നോക്കിക്കൊണ്ട് “എന്തുവാടെയ്?” എന്നലറി.
“അത് ….പായസത്തിലല്പം ഉപ്പു വീണു ”
ഞാൻ വിക്കി വിക്കി പറഞ്ഞു.
ഇതു കേട്ടപ്പോൾ അവിടെയിരുന്ന എല്ലാവർക്കും അപ്പോൾ തന്നെ പായസം രുചിക്കണം
കുറ്റം പറയാനുള്ള ചാൻസ് കളയരുതല്ലോ.
“ഞങ്ങളെ കളിയാക്കാൻ ആണോ പായസത്തിൽ ഉപ്പിട്ടത് ഏതോ കാരണവർ മുരടനക്കി”
പിന്നീട് അൽപസമയത്തേക്ക് അവിടെ ഏതാണ്ടൊരു കുരുക്ഷേത്രം പോലെയായി.
ഒടുവിൽ പായസത്തിൽ ഉപ്പു വീണതടക്കം അന്നവിടെ നടന്ന എല്ലാ വീഴ്ച്ചകളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു വിധത്തിൽ ഞാൻ രംഗം ശാന്തമാക്കി ചെറുക്കന്റെ കൂടെ പെണ്ണിനെ പറഞ്ഞയച്ചു.
അല്ലെങ്കിൽ സിനിമയിൽ കാണുന്നത് പോലെ പെണ്ണെങ്ങാനും തലയിലായാലോ.
പക്ഷെ അതിനു ശേഷം ആ നാട്ടിൽ അരും നമ്മളെ കല്യാണത്തിന് വിളിച്ചിട്ടില്ല. അവിടെ നിന്നു പോരുന്നത് വരെ… എന്താല്ലേ….
വാൽക്കഷ്ണം : തൊണ്ണൂറ്റി ഒൻപതു ശതമാനം സത്യങ്ങളും ബാക്കി സങ്കല്പങ്ങളുമായി ഇടയ്ക്ക് ഇതുപോലോരോന്ന് പ്രതീക്ഷിക്കാം.