നിയ്ക്കൊരു മൂക്കുത്തി വേണം, കുറച്ചു നാളായുള്ള പ്രിയതമയുടെ മോഹമാണത്..

(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

“നിയ്ക്കൊരു മൂക്കുത്തി വേണം ” കുറച്ചു നാളായുള്ള പ്രിയതമയുടെ മോഹമാണത്

ഇന്ന് വിവാഹ വാർഷികമാണ് . കെട്യോളുടെ ഭാഷയിൽ പറഞ്ഞാൽ ഈയുള്ളവൻ ഓളുടെ തലയിലായതിന്റെ ഓർമ്മ പുതുക്കൽ

ആ ചരിത്ര ദിനം ഇത്തവണ ഞായറാഴ്ച്ച ആയതിനാൽ അടിപൊളിയാക്കാമെന്ന നല്ല പാതിയുടെയും മകന്റെയും ആഗ്രഹപൂർത്തീകരണത്തിന്

തല വച്ചുകൊടുക്കാൻ ഒരുങ്ങുമ്പോഴാണ് ഞായറാഴ്ച സമ്പൂർണ്ണ ലോ ക് ഡൗൺ ആണെന്ന വാർത്ത ഓ മി ക്രോൺ പോലെ പരന്നത്.

രാവിലെ സമാജത്തിലെ ചേച്ചിമാരുടെ മുന്നിൽ വച്ചൊരു കേക്കുമുറി, പെരിയാറിന്റെ തീരത്തുള്ള ഹോട്ടലിൽ നിന്നും സമ്പൂർണ്ണ ഉച്ചഭക്ഷണം, വൈകിട്ട് മറൈൻ ഡ്രൈവിലെ വാക് വേയിലൂടെ കൈകോർത്തു പിടിച്ച് ഒരു നടത്തം,

പിന്നെ അതിന്റെയൊക്കെ ഫോട്ടോയെടുത്ത് പോസ്റ്റി
സുഹൃത്തുക്കളെ കൊതിപ്പിക്കൽ തുടങ്ങിയ വൻ പരിപാടികളാണ് പ്ലാൻ ചെയ്‌തിരുന്നത്.

എന്നാൽ ലോ ക്ക്ഡൗൺ വന്നതോടെ ആഘോഷങ്ങൾ എന്നുമുള്ള പഴങ്കഞ്ഞിയിലും ചമ്മന്തിയിലും ഒതുക്കേണ്ടി വരുമല്ലോ ഈശ്വരാ എന്ന ചിന്ത മനസ്സിനെ കലുഷിതമാക്കി.

മറ്റു വല്ല ദിവസവുമായിരുന്നെങ്കിൽ മേൽപറഞ്ഞ ആഗ്രഹങ്ങളിൽ ചിലതെങ്കിലും നടന്നേനെ.

എന്തായാലും ഇനി ആഘോഷങ്ങളൊക്കെ വീട്ടിൽ എന്ന നിശ്ചയത്തോടെയാണ് ഇന്നലെ അതായത് ശനിയാഴ്ച വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയത്.

പാലത്തിന് സമീപമുള്ള പച്ചക്കറി കടയിൽ നിന്നും അൻപതു രൂപയുടെ പച്ചക്കറി കിറ്റും ,തൊട്ടപ്പറത്തുള്ള
കോഴിക്കടയിൽ നിന്നും പ്രായപൂർത്തിയാവോത്തൊരു ചിക്കനും വാങ്ങി പുറത്തിറങ്ങുമ്പോൾ മനസ്സിൽ ഒരു മോഹം.

എന്തായാലും ആഘോഷങ്ങളില്ല. എന്നാപ്പിന്നെ പ്രിയതമയ്ക്ക് പ്രിയമുള്ളൊരു സമ്മാനം വാങ്ങി നല്കിയാലോ.

എന്താ വാങ്ങാ?

അങ്ങനെയാണ് മൂക്കുത്തി മനസ്സിലേക്ക് കടന്നു വന്നത്.

‘പൂച്ചക്കൊരു മൂക്കുത്തി’ എന്നു പറയുന്നത് പോലെ ഭാര്യക്കൊരു മൂക്കൂത്തി ആയാലോ.

മൂക്കൂത്തിയാവുമ്പോൾ പല പ്രയോജനങ്ങൾ ഉണ്ട്. കാശു കുറവ് മതി. എല്ലാവരും കാണുകയും ചെയ്യും.

സമ്മാനമൊന്നും കൊടുത്തില്ല എന്ന് ശത്രുക്കൾ പോലും പറയില്ല. ഫേസ് ബുക്കിൽ പടമിട്ടാൽ നല്ല എടുപ്പുമുണ്ടാകും.

എല്ലാത്തിനുമുപരി മൊട കാണിച്ചാൽ കുതിരയുടെ കടിഞ്ഞാൺ പോലെ മൂക്കിൽ പിടിച്ച് കണ്ട്രോൾ ചെയ്യുകയും ചെയ്യാം.

പ്രിയതമയോട് അടുത്തുള്ള സ്വർണക്കടയിലേക്ക് വരാൻ പറഞ്ഞു. അവിടെ നിന്നും മടിശീലയുടെ കനം കുറയാത്ത രീതിയിൽ തരക്കേടില്ലാത്ത മൂക്കൂത്തിയൊരെണ്ണം സെലക്ട് ചെയ്തു.

അപ്പോഴാണ് പ്രശ്നം…

മൂക്ക് തുളക്കാൻ തട്ടാനില്ല. അവിടെയുള്ളയാൾ നാട്ടിൽ പോയി.

സമയം ഒത്തിരി വൈകിയതിനാലും പിറ്റേന്ന് ഞായറാഴ്ചയായതിനാലും എവിടെ ചെന്നാലും തട്ടാനെ കിട്ടുക ബുദ്ധിമുട്ടാണെന്ന് പരിചയക്കാരനായ കടയുടമ പറഞ്ഞു.

മൂക്കുത്തി വാങ്ങിയത് കൊണ്ട് കാര്യമില്ല. മൂക്കിൽ ഇട്ടാലല്ലേ ആഘോഷമാകൂ. അടുത്തൊരു ബ്യുട്ടിപാർലർ ഉണ്ട്. അവിടെ പോകാമെന്ന് വച്ചു.

അവിടെ ചെന്നപ്പോൾ അതിലും രസം. മൂക്ക് കുത്തുന്നവർക്ക് കൊ റോ ണ.

ഉടമസ്ഥയായ ബ്യുട്ടിക്ക് ഇരുട്ടായാൽ കണ്ണു കാണില്ലാത്രേ. ഡൈയും ഫേഷ്യലുമൊക്കെ ചെയ്ത് പ്രായം കുറച്ചിരിക്കുന്നു എന്നേയുള്ളു.

പക്ഷെ ഐഡിയ ഒരെണ്ണം തന്നു.

ചാക്ക് തയ്ക്കുന്ന സൂചി വീട്ടിൽ ഉണ്ടെങ്കിൽ അത് ചൂടാക്കി സ്റ്ററിലൈസ് ചെയ്ത് തുളച്ചാൽ മതി. ഉറുമ്പ് കടിക്കുന്ന വേദനയെ ഉണ്ടാകൂ പോലും.

വീട്ടിൽ ചാക്ക് തയ്ക്കുന്ന സൂചിയൊന്നും ഇല്ല. പപ്പടം കാച്ചുന്ന കമ്പിയൊരെണ്ണം ഉണ്ട്. പക്ഷേ അതു പ്രയോഗിച്ചു നോക്കുവാൻ ഒരു മടി.

പപ്പടകമ്പി പഴുപ്പിച്ചു മൂക്കിൽ വച്ചാൽ മോന്തേടെ ചേല് മാറിയാലോ. അതുമല്ല വാർഷിക ദിനത്തിൽ തന്നെ ചിലപ്പോൾ ഡിവോഴ്‌സും നടന്നേക്കും.

സമ്മാനം മേടിച്ച് അലമാരയിൽ വച്ചിട്ട് കാര്യമില്ല. ത്രിൽ പോകും. ‘പ്രിയതമന്റെ സ്വർണ്ണ സമ്മാനം ‘എന്നു പറഞ്ഞ് ലവൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റായിലും പോസ്റ്റാൻ ഉള്ളതാണെത്രേ.

എല്ലാ ദിവസവും വാർഷിക ദിനം ആവില്ലല്ലോ.

എന്താ ചെയ്കാ?

“എനിക്ക് മൂക്കുത്തി തന്നെ വേണമെന്നില്ല. കമ്മലായതും മതി”

പ്രിയതമ അതിനു പരിഹാരം കണ്ടെത്തി. അല്ലെങ്കില് ഈ പെണ്ണുങ്ങൾക്ക് വല്യേ ബുദ്ധിയാ. സ്വന്തം കാര്യം കാണാൻ.

ഭാര്യയെന്നു പറയാൻ ഒരേയൊരാളെയുള്ളൂ. വാർഷികം എന്നു പറയുന്നത് വർഷത്തിൽ ഒരിക്കലും. വാക്ക് തെറ്റിക്കേണ്ടെന്നു കരുതി. സ്വർണക്കടയിലേക്ക് ഒന്നു കൂടി ചെന്നു.

കടക്കാരൻ അടച്ചു പൂട്ടാനുള്ള തെയ്യാറെടുപ്പിൽ ആയിരുന്നു.

മൂക്കുത്തി മാറ്റി കമ്മൽ എന്നായപ്പോൾ അയാളുടെ കണ്ണു തെളിഞ്ഞു. ഒരു ഗ്രാം സ്വർണത്തിൽ പൊതിഞ്ഞത് ഉണ്ടോയെന്നു രഹസ്യമായി തിരക്കി. അവിടെ ഒരു ഗ്രാമിന്റെ പരിപാടിയില്ലത്രേ.
മാന്യൻ

ക്രെഡിറ്റ് കാർഡിലെ ബാലൻസിൽ നോക്കിയപ്പോൾ കമ്മലു വാങ്ങാൻ തികയും.

എന്തായാലും നനഞ്ഞിറങ്ങി. ഇനി കുളിച്ചു കയറുക തന്നെ. മൂക്കൂത്തിക്കു വന്ന് കമ്മലൊരെണ്ണം കിട്ടിയപ്പോൾ പ്രിയതമയുടെ മുഖം തെളിഞ്ഞു.

അങ്ങിനെ തെളിഞ്ഞ മുഖവും നിറഞ്ഞ മനസ്സുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രിയതമയുടെ വക നിഷ്കളങ്കമായ ഒരു ചോദ്യം.

“ചേട്ടാ മൂക്കുത്തി നമുക്ക് അടുത്താഴ്ച വാങ്ങാല്ലേ”

Leave a Reply

Your email address will not be published. Required fields are marked *