പെട്ടെന്ന് ബോധം വന്നപോലെ അവൾ അവനിൽ നിന്നും കുതറി മാറി, പൊന്നു അവളുടെ അഴിഞ്ഞുലഞ്ഞ..

(രചന: രജിത ശ്രീ)

ക്ഷേത്ര നടയുടെ മുൻപിൽ നിന്ന് കാർത്തിക് മനസ്സുരുകി പ്രാർത്ഥിച്ചു..

‘ചെയ്യുന്നതിൽ എത്രമാത്രം ശെരിയുണ്ടെന്നറിയില്ല.. സഹതാപവും അല്ല മഹാദേവാ .. കുട്ടിക്കാലം മുതലേ ഉള്ള മോഹം.. അതാണവൾ..”!

ഇനി ഒന്നിനും അവളെ എന്നിൽ നിന്നും അടർത്തി മാറ്റാൻ ആവാത്ത വിധം അവളെ… എന്റെ പൊന്നുനെ എനിക്ക് വേണം..”

മിഴികളടച്ചു നിന്ന കാർത്തിക്കിന്റെ കൈകളിലേയ്ക്ക് ക്ഷേത്ര ശാന്തി തുമ്പിലയിൽ താലിയും ചരടും ചന്ദനവും പൂക്കളും നൽകി..

“നന്നായ് വരും കുട്ടിയെ.. ആ പെൺകുട്ടിക്ക് നീ കാരണം ഒരു ജീവിതമായല്ലോ..!!” ശാന്തിയുടെ വാക്കുകൾ വിറച്ചു..

കല്യാണ പുടവ അണിഞ്ഞു തലയിൽ മുല്ലപ്പൂ ചൂടി നിൽക്കുന്ന അവളെ അമ്മയും അനിയത്തിയും കൂടി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

കരിമഷി എഴുതിയ രണ്ട് കുഞ്ഞു നക്ഷത്രങ്ങളിൽ നിറയെ ഭീതിയുടെ നിഴൽപാടുകളായിരുന്നു..

എങ്ങോട്ടെന്നില്ലത്തെ കുതറിയോടാൻ നോക്കുന്ന ശ്രമത്തെ വിഭലമാക്കുന്ന അമ്മയുടെ കൈകളെ മാറ്റാൻ നോക്കി കരയാൻ വിതുമ്പി നിന്നു..

പണ്ട് അവളെ കാണുമ്പോൾ കളിയാക്കുമായിരുന്നു ഞാൻ..
“പെണ്ണെ… പന കുലച്ചപോലെ മുടിയുള്ള പെണ്ണ് യക്ഷിയാന്ന്..”

അന്നവൾ “പോടാ…” ന്നും പറഞ്ഞു തിരികെ ഓടും. അവളുടെ കുപ്പിവളകളും കൊലുസ്സിന്റെ താളവും എന്നോട് യാത്ര പറയും പോലെ ശബ്ദമുണ്ടാക്കി ദൂരേക്ക് അകലും..

“താലി കെട്ടാൻ സമയമായി…”

അച്ഛന്റെ വാക്കുകൾ പെട്ടെന്ന് എന്റെ കൈകൾ ആ മഞ്ഞ ചരടിലേയ്ക്ക് നീണ്ടു..

അനിയത്തി അവളുടെ പിണഞ്ഞിട്ട മുടി പുറകോട്ടു വലിച്ചു പൊക്കി തന്നു..

സർവ്വ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അവളെ താലി ചാർത്തി..

അമ്മയുടെയും അനിയത്തിയുടേം കൈയ്യിൽ നിന്നും പല വട്ടം കുതറി മാറാൻ ശ്രമിച്ച അവളുടെ കൈപിടിച്ച് അച്ഛൻ എന്റെ കൈകളിൽ വച്ചു.. ആ കണ്ണുകൾ നിറഞ്ഞു.

“എന്റെ മോൻ വേണം ഇവൾക്കിനി എല്ലാം..ന്റെ മോൾക്ക്….അറിയാല്ലോ..””!!
ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

“ഇനിമുതൽ ഇവളെന്റെയാണ് അച്ഛാ.. ഞാൻ പൊന്നുപോലെ നോക്കും.. അച്ഛൻ വിഷമിക്കണ്ട..”

തന്റെ കൈയ്യിലെ പിടിവിട്ടയാൾ പെട്ടെന്ന് സ്വന്തം ദേഹത്തോട് ചേർത്ത് ഇറുകെ പുണർന്നു പിടിച്ചു. കണ്ടുനിന്ന എല്ലാവരുടെയും മിഴികൾ നിറഞ്ഞു..

ഡിഗ്രി പഠിക്കാനായി അവൾ ആഗ്രഹിച്ച കോളേജിൽ ചേരും വരെ അവളുടെ കാർത്തിയേട്ടൻ അവൾക്കെല്ലാമായിരുന്നു…

കൂടെ പഠിക്കുന്ന ആൺകുട്ടികൾ അവളുടെ സൗന്ദര്യത്തെ വർണ്ണിക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ സ്നേഹം ശാസന ആയി മാറി.മറ്റുള്ള ആൺകുട്ടികൾ അവളെ നോക്കുന്ന നോട്ടത്തിൽ പോലും എനിക്ക് അനിഷ്ടമായിരുന്നു..

“പൊന്നു.. നീ കരുതും പോലെയല്ല ആൺകുട്ടികളുടെ മനസ്സ്.. ഞാൻ കണ്ടിട്ടുള്ള അത്ര നീ ലോകം കണ്ടിട്ടില്ല..”

“കാർത്തിയേട്ടന് അല്ലേലും ആരേം കണ്ണിനങ്ങോട്ട് പിടിക്കണില്ലല്ലേ..”

“ഏട്ടാ… ന്റെ കൂട്ടുകാർക്ക് എന്നെ അറിയാം എനിക്ക് അവരേം.. ഒരു ഉപദേശി വന്നേയ്ക്കുന്നു..”

ദേഷ്യവും വാശിയും നിഴലിക്കുന്ന അവളുടെ തുടുത്ത മുഖം..

പിന്നീട് അവളെ ഉപദേശിക്കാൻ പോയില്ല.. കാണുമ്പോൾ മുഖം തിരിഞ്ഞു നടന്ന അവളെ ഒരു നോക്ക് കാണാനായി കവലയിലവൾ ബസിറങ്ങുന്നതും കാത്തു നിന്നതല്ലാതെ ,ഒന്ന് മിണ്ടാനോ അവൾക്കൊപ്പം നടക്കാനോ ഒന്നും തന്റെ വാശിയും അനുവദിച്ചില്ലെന്നതാണ് സത്യം.

പക്ഷെ ഇടയ്ക്കെപ്പോഴേക്കൊയോ അറിയാതെ പൊടിയുന്ന അവളുടെ ചിരിയിൽ മണ്ണിന്റെ നീരുറവയിൽ മുളപൊട്ടുന്ന വിത്തുകൾ പോലെ അവളോടുള്ള എന്റെ സ്നേഹം ഉള്ളിൽ വേദന ഉണർത്തി..

അന്ന് കോളേജ് ഡേ കഴിഞ്ഞു താമസിച്ചപ്പോൾ അവളുടെ ഏതോ ഫ്രണ്ട് കൊണ്ടുവിടാമെന്ന് പറഞ്ഞു വന്നപ്പോൾ ബൈക്കിൽ കയറിയത് മാത്രം അവൾക്കും ഓർമയുണ്ട്.

പിറ്റേന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായ ‘ പീഡനത്തിനിരയായ പെൺകുട്ടി ‘എന്ന പേരിൽ ലോകം മുഴുവൻ തന്നെ അറിയുകയായിരുന്നു എന്ന് ബോധം വന്നപ്പോഴാണ് പൊന്നുവിന് മനസിലായത്..

സ്വന്തം ശരീരം പിച്ചിയെറിഞ്ഞ മനുഷ്യരുടെ നിഴലുപോലും പിന്നീട് അവൾക്ക് ഭയമായി..

“സീതേ.. അവരെത്തി കേട്ടോ..”
ഞങ്ങളെത്തും മുൻപ് എത്തി ,കയ്യിൽ കത്തിച്ചുവച്ച നിലവിളക്കുമായി അമ്മ ഞങ്ങളെ എതിരേൽക്കാൻ ഉമ്മറപടിമേൽ കാത്തു നിൽപ്പുണ്ടായിരുന്നു.

ഡോർ തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു വിവാഹസ്വപ്നം പൂവണിഞ്ഞ സന്തോഷമൊന്നും ആരുടേയും മുഖത്ത് കണ്ടില്ല. പകരം ഇവനിതിന്റെ ആവിശ്യമുണ്ടോന്നുള്ള ചോദ്യം എല്ലാവരുടേം മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു..

ചുറ്റും കൂടി നിന്ന ആരെയും നോക്കാതെ അമ്മയുടെ കയ്യിൽ നിന്നും നിലവിളക്കും വാങ്ങി ഒരു കയ്യിൽ അവളെയും പിടിച്ചുകൊണ്ട് അകത്തേയ്ക്ക് കയറി.

മുറിയിൽ കട്ടിലിൽ അവളെ ഇരുത്തി. ആരൊക്കെ പുറത്തുണ്ടെന്നു നോക്കിയില്ല. കതക് കൂട്ടിയടച്ചു.. ഒരു നിമിഷം കട്ടിലിൽ അവൾക്കൊപ്പം ഇരുന്നു..

തലകുനിഞ്ഞിരുന്ന മുഖം ഒരു നീണ്ട നെടുവീർപ്പാൽ ഉയർത്തി. അവളുടെ മുഖത്തേയ്ക്കൊന്നു നോക്കി. ഒന്നും മനസിലാകാതെ നിഷ്കളങ്കമായി തന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കുകയിരുന്നു അവൾ.

അവളുടെ മുഖത്തേയ്ക്ക് നോക്കി ഒരു നിമിഷം.. ഒരു നിമിഷത്തിന് ശേഷം തന്റെ കണ്ണുകളിൽ നിറഞ്ഞ ആത്മവിശ്വാസത്തിന്റെ പ്രകാശത്തെ അവളിലേയ്ക്ക് ഒരു ചിരിയായി നൽകി.

തന്റെ ഷർട്ടിന്റെ കൈകൾ അല്പം മുകളിലേയ്ക് ചുരുട്ടി കയറ്റി.. അവളുടെ കഴുത്തിലെ താലിയിലേയ്ക്ക് ഒന്ന് നോക്കി..

കട്ടിലിൽ നിന്നെഴുനേറ്റ് അടഞ്ഞു കിടന്ന ജനൽ പാളികൾ പതിയെ തുറന്നു.. തൊടിയിലെ മുല്ലയും പാലയും ഒരുപോലെ പൂത്ത ഗന്ധം.. പുതിയൊരു ജീവിതത്തിലേയ്ക്ക് തങ്ങളെ വരവേൽക്കുന്ന പോലെ..

കുറച്ചു നേരം പുറത്തെ കാഴ്ചകൾക്കൊപ്പം മനസ്സിനെ അലയാൻ വിട്ടു.. മനസിൽ ഉറച്ച ചില തീരുമാങ്ങൾക്കൊപ്പം ദീർഘമായ ഒരു ശ്വാസമെടുത്തു..

തന്റെ കയ്യിലെ രുദ്രാക്ഷ മണികളെ കുലുക്കി കുടഞ്ഞുകൊണ്ട് അവളെ നോക്കി.. അവൾ അപ്പോഴും തന്റെ മുടിയിഴകളിൽ പിടിച്ചു വലിച്ചും ഉടുത്തിരുന്നസാരിയിലും മാറി മാറി നോക്കിയിരുന്നു.

ദിവസങ്ങൾ ഓരോന്നായി നിറഞ്ഞ സുഗന്ധത്തോടെ വിടർന്നു. കാർത്തിയുടെ സ്നേഹ ശാസനകൾ പൊന്നു ചെറിയ മുഖം വീർപ്പിക്കലും പരിഭവവും ആയി അനുസരിക്കാൻ തുടങ്ങി.

മരുന്നുകൾ കഴിപ്പിക്കാൻ വരുമ്പോൾ ആദ്യമൊക്കെ അവളുടെ കൈകൾ കൊണ്ട് തടയാൻ ശ്രമിക്കുമായിരുന്നു.

പക്ഷെ അതൊന്നും വക വെക്കാതെ അവളുടെ കൈകളെ അടക്കി പിടിച്ചു വായിൽ ടാബ് ഇട്ടു വെള്ളമൊഴിച്ചു കൊടുത്തപ്പോൾ ആദ്യമൊന്നു മുഖത്തേയ്ക്ക് എല്ലാം കൂടി തുപ്പി തെറിപ്പിച്ചു.

കണ്ണുകളും മൂക്കും വായും മൊത്തം വലതു കൈകൊണ്ട് തുടച്ചു പിഴിഞ്ഞിട്ട് കാർത്തി മുണ്ടിന്റെ തുമ്പ് പിടിച്ചു മുഖം തുടച്ചു.

അവന്റെ കണ്ണുകളിൽ നോക്കിയ അവൾക്കു തെല്ലൊരു ഭയം തോന്നി എങ്കിലും കാർത്തി മനോഹരമായ ഒരു പുഞ്ചിരിയിൽ അവളുടെ ഭയത്തെ തുടച്ചുനീക്കി..

അടുത്ത വട്ടം അനുസരണയോടെ അവൾ മരുന്നുകൾ കഴിച്ചു…അവൾക്ക് തോന്നിയ ആദ്യത്തെ ദേഷ്യമൊന്നും പിന്നീട് അവൻ കണ്ടതേയില്ല…

അമ്മയുടെ അടക്കിപിടിച്ചുള്ള കരച്ചിലും പറച്ചിലും കേൾക്കാതെ ഇരുന്നാൽ അവനെ സംബന്ധിച്ചു അവളുമൊത്തുള്ള ജീവിതം സ്വർഗമായിരുന്നു…

എന്തിനാണ് കാർത്തി നീ ഇങ്ങനൊരു പെണ്ണിനെ നിന്റെ ജീവനോട് ചേർത്തുവച്ചത്?
തന്റെ അടുത്ത കൂട്ടുകാരൻ നിധിന്റെ ചോദ്യത്തിന് മുൻപിൽ ഒന്നേ ഉണ്ടായിരുന്നുള്ളു മറുപടി…

വർഷങ്ങൾക്കു മുൻപ് ഞാൻ കാണുന്ന എന്റെ പൊന്നു തന്നെയാണ് അവൾ ഇപ്പോഴും.. അവൾക്ക് എന്റെ മനസ്സിൽ ഒരു കുറവും ഇല്ല.

വിവാഹശേഷമുള്ള ആദ്യത്തെ യാത്ര എവിടേക്കാകണം എന്ന് കാർത്തിയുടെ മനസ്സിൽ നല്ല ധാരണ ഉണ്ടായിരുന്നു..

കോളേജ് ക്യാമ്പസ്സിനുള്ളിലൂടെ ബൈക്കിൽ അവളുമൊപ്പം ഒരു റൗണ്ട് ചുറ്റി കഴിഞ്ഞപ്പോൾ തണുത്ത രണ്ട് കൈകൾ തന്റെ ഷർട്ടിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.

അവൻ ബൈക്ക് സ്റ്റാൻഡിൽ വച്ചു. അവളുമൊത്ത് ആ ക്യാമ്പസ്സിൽ ഇറങ്ങി നടക്കാൻ തുടങ്ങി.

കാർത്തിയുടെ ഷർട്ടിന്റെ പിറകിലായി മുഖം മറച്ചു കണ്ണുകൾ മാത്രം പുറത്തെന്നപോലെ അവൾ….. ഭയത്തോടെ തന്റെ നേരെ തിരിഞ്ഞ ഓരോ നോട്ടവും പതറുന്ന കണ്ണുകളാൽ വിഭ്രാന്തതയുടെ നിഴലിൽ നോക്കി കണ്ടു..

കീറിമുറിക്കപ്പെട്ട ഹൃദയത്തിന്റെ ഉള്ളറകളിൽ ഭയത്തിന്റെ വിസ്ഫോടനം പോലെ അവളുടെ കൈകളിലെ വിയർപ്പുത്തുള്ളികൾ കാർത്തിയുടെ കൈകളിലേയ്ക്കും പകർന്നു..

എന്നാൽ കാർത്തി അവളുടെ മുഖത്തേയ്ക്ക് നോക്കുന്ന ഓരോ മുഖങ്ങളെയും മനസ്സിൽ വരച്ചിട്ടു.

കോളേജ് ഗ്രൗണ്ടും സ്റ്റാഫ്‌ റൂമും ഒന്നാഴിയാതെ എല്ലാം കണ്ടു. ചിലരോട് സംസാരിച്ചു ചിലർ കോൺടാക്ട് നമ്പർ വാങ്ങി..അപ്പോഴും അവളുടെ കൈകൾ ഭയത്താൽ അവന്റെ ഷർട്ടിൽ പിടിവിടാതെ നിന്നു.

പക്ഷെ… അവിടെ നിന്നൊന്നും പ്രതീക്ഷയുടെ ഒരു തിരിതെളിക്കാൻ ആകാത്ത വിഷമത്തോടെ അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…

തിരികെ വീട്ടിലേയ്ക്കുള്ള യാത്രയിൽ ഒരു ഫോൺ കാൾ കാർത്തിയുടെ നമ്പറിലേയ്ക്ക് വന്നു. റിങ് ചെയ്ത് കട്ട്‌ ആയ ആ നമ്പറിലേയ്ക്ക് വീട്ടിലെത്തിയ ശേഷം തിരികെ വിളിച്ചു..

”ഹലോ.. ഇതാരാണ്?”

“ഞാൻ.. പൊന്നുവിന്റെ കോളേജിലെ….”

നിശബ്ദയിലേയ്ക്ക് എണ്ണ ഒഴിച്ചുവച്ചു കത്തിച്ച തിരിനാളം പോലെ കാർത്തിയുടെ ശബ്ദം ഒരു ചോദ്യം പോലുയർന്നു…..

‘പൊന്നുവിന്റെ കോളേജിലെ….?’

“ഒരു സ്റ്റാഫ്‌ ആണ്. പേര് അശ്വിൻ.”

“എനിക്ക് താങ്കളെ ഒന്ന് കാണണം സംസാരിക്കണം. പറ്റുമെങ്കിൽ നാളെ..”

പ്രത്യാശയുടെ പുതിയ കിരണങ്ങൾ മനസ്സിലേയ്ക്ക് തെളിയുമ്പോൾ മനസ്സ് അറിയാതെ മന്ത്രിച്ചു..

“ഉറപ്പായും അശ്വിൻ.. . നാളെ എവിടെ എത്തണം?”

“കോളേജിൽ… ഈ നമ്പറിൽ വിളിച്ചാൽ മതി..”

” ഓക്കേ..”ഫോൺ കട്ട്‌ ചെയ്ത് ടേബിളിന്റെ പുറത്തേയ്ക്ക് വച്ചു.

മനസ്സിൽ ചെറിയൊരു തിരി കത്തിച്ച വെളിച്ചം മുഖത്ത് ചിരിപോലെ മാഞ്ഞു. പുറത്ത് അമ്മയ്‌ക്കൊപ്പം വളരെ സമാധാനത്തോടെ ഒരു കുഴപ്പവും ഇല്ലാത്തവരെ പോലെ അവൾ നിന്നു തുണി അലക്കുന്ന കണ്ടപ്പോൾ ഓടി ചെന്നൊന്നു കെട്ടിപ്പിടിക്കാൻ തോന്നി.

തന്റെ അതിരുകളില്ലാത്ത സന്തോഷവും ജീവിതവും തിരികെ വരാൻ പോകുന്നു ന്ന് അവളുടെ കാതിൽ ചൂട്നിശ്വാസം പോലെ പറയണമെന്ന് തോന്നി..

പിറ്റേന്നുള്ള യാത്രയിൽ ആകാംഷയുടെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ പേറി കോളേജിന്റെ വരാന്ത കഴിഞ്ഞു ചെന്നത് അറിഞ്ഞില്ല.

ഫോൺ എടുത്ത് അശ്വിൻ ന്ന് ഡയൽ ചെയ്ത് കാതോട് ചേർത്തു.ഒറ്ററിങ്, കട്ട്‌ ആയി. ഫോണിൽ നിന്നും നേരെ മുഖമുയർത്തി നോക്കിയത് മുൻപിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തേക്കായിരുന്നു.

”ഞാനാണ് അശ്വിൻ.. വാ നമുക്ക് അപ്പുറത്തേക്ക് മാറി ഇരുന്നു സംസാരിക്കാം..”

കോളേജിന്റെ ഒഴിഞ്ഞ ഒരു വാകമര തണലിൽ ഇരുവരും സംസാരിച്ചു തുടങ്ങി.. അശ്വിന്റെ വാക്കുകളിൽ പലതിലും കാർത്തിക്കിന്റെ കണ്ണുകൾ ദേഷ്യത്തിൽ കുറുക്കുകയും കണ്ണുകളിൽ ജലരാശികൾ നിറയുകയും ചെയ്തു…

”ആരാണ് അശ്വിൻ പറഞ്ഞ നിവ്യ..?”

ബൈക്കിന്റെ ശബ്ദം റോഡിൽ നിന്നും അടുത്ത് വരുന്ന കേട്ടപ്പോൾ പൊന്നു അടുക്കളയിൽ നിന്നും ഉടുത്തിരുന്ന സാരിതലപ്പിൽ കൈകൾ തുടച്ചുകൊണ്ട് വരാന്തയിലേയ്ക്ക് വന്നു.

ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് ഒരു നിമിഷം.. നെറ്റിമേലെ വിയർത്ത് നനഞ്ഞൊലിച്ചിറങ്ങിയ സിന്ദൂരത്തിൽ നോക്കി..അവളുടെ അരികിൽ ചെന്ന് സാരിയുടെ ഇടയിലൂടെ വയറിന്മേൽ കൈ ചുറ്റി തന്റെ ശ്വാസത്തോട് അടക്കി പിടിച്ചു..

അവളുടെ കരിമഷിപ്പടർപ്പിലേക്ക് പതറാതെയുള്ള നോട്ടം കണ്ടപ്പോൾ അവളുടെ മിഴികൾ വെള്ളാരം കല്ലുകൾ പോലെ പ്രതിജ്വലിച്ചു…

നേരം വൈകുന്നത് വരെയും മനസ്സിന്റെ സഞ്ചാരം പലവഴി പതറി.. ഇടയ്ക്ക് ഒരു ഫോൺ കോളിലൂടെ അവളുടെ അനിയത്തിയിൽ നിന്നും നിവ്യ പൊന്നുവിന്റെ എല്ലാമായിരുന്നു എന്നും അവളില്ലാത്ത ഒരു ലോകം രണ്ടുപേർക്കുമിമില്ലായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു..

അവസാന ദിവസം ,അന്ന് രാത്രിയിലും നിവ്യ അവൾക്കൊപ്പം ഉണ്ടായിരുന്നു..

എങ്കിൽ… ?

ഒരു ചോദ്യം മനസ്സിൽ ബാക്കി നിൽക്കുന്നു.. ..

”എന്തിനാണ് നിവ്യ പൊന്നുവിനെ മറ്റൊരാൾക്കൊപ്പം രാത്രിയിൽ തനിച്ചു വിട്ടത്.?”

ആ ചിന്ത കാർത്തിയെ എത്തിച്ചത് നിവ്യയുടെ ഫേസ്ബുക് പേജിലേയ്ക്കായിരുന്നു..
പൊന്നുവുമായുള്ള ഫോട്ടോസ് കുറെയുണ്ടതിൽ , എല്ലാറ്റിലും വളരെ ഹാപ്പി ആയിട്ടാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്.

ഓരോ ഫോട്ടോസിന്റെയും അപ്‌ലോഡിങ് ഡേറ്റ് നോക്കി വന്നപ്പോൾ , കഴിഞ്ഞ ആറുമാസത്തിന് ശേഷമുള്ള അപ്‌ഡേറ്റ്സ് ഒന്നും ഉണ്ടായിരുന്നില്ല

പിന്നീട് ഉണ്ടായത് ഈ ദുരന്തമാണ്. അപ്പോൾ അവർക്കിടയിൽ കാര്യമായ എന്തോ അകൽച്ച ഉണ്ടായിരുന്നു..

ലാപ്പിലെ ഫോട്ടോസിലേക്ക് നോക്കി ഇരിക്കെ കോലുസിന്റെ ഒച്ച കേട്ടപ്പോൾ കാർത്തിക് തിരിഞ്ഞു നോക്കി.

ജഗ്ഗിൽ വെള്ളവുമായി അവൾ അടുത്തേയ്ക്ക് നടന്നടുത്തു കഴിഞ്ഞിരുന്നു. കാർത്തിക്കിനെ നോക്കി നടന്നു കയറി വന്ന അവളുടെ ചുണ്ടിലെ ചിരി, പാളിപ്പോയ അവളുടെ കണ്ണുകൾ ലാപ്പിലെ ഫോട്ടോസിൽ ഉടക്കി നിന്നു.

കാർത്തിക്കിന്റെ ഉള്ളിൽ പെട്ടെന്ന് അത് മാറ്റണമെന്നും വേണ്ടന്നും തോന്നിപോയി. ഒരുപക്ഷെ ഇതുവരെയുള്ള പല ചോദ്യങ്ങളുടെയും ഉത്തരം കിട്ടിയേക്കാം, മറിച്ചായാൽ ഇത്ര നാൾ കൊണ്ട് താൻ തിരികെ കൊണ്ട് വന്നതെല്ലാം…!!!

പക്ഷെ… പ്രതീക്ഷിച്ചത് പോലെ അവൾ പ്രതികരിച്ചില്ല… ആ ഫോട്ടോയിൽ അവളുടെ കൈകൾ കൊണ്ട് പതിയെ തടവി.. അപ്പോഴവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. അടക്കി പിടിച്ച ഒരു വിതുമ്പൽ പൊട്ടികരച്ചിലോളം എത്തി.

രാത്രിയുടെ ഭംഗിയിൽ അവളുടെ മുഖം കണ്ണുനീരിൽ കുതിർന്നു നിന്നു. ഉള്ളിലെ ചിന്തകളിൽ നീരിപുകഞ്ഞവൾ വിതുമ്പിക്കൊണ്ടിരുന്നു.. വേണ്ടായിരുന്നു… അവളെ ഇത്രയേറെ വേദനിപ്പിച്ചത് ശെരിയായില്ല… സ്വന്തം മനസ്സ് കുറ്റബോധമുണർത്തി പറഞ്ഞു കൊണ്ടിരുന്നു..

രാത്രിയുടെ നിശബ്ദത യിൽ അവളുടെ തേങ്ങൽ
അയാൾ തിരിഞ്ഞു കിടന്ന അവളുടെ തോളിൽ പിടിച്ചു തന്റെ അരികിലേയ്ക്ക് ചേർത്തു..

പിന്നെ ആ മുഖത്തേയ്ക്ക് നോക്കി..
ബെഡ് ലാമ്പിന്റെ നേരിയ വെളിച്ചത്തിൽ കരഞ്ഞു വീർത്ത അവളുടെ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും…

”’എന്റെ പൊന്നു.. ”’കാർത്തിക്കിന്റെ ഉള്ളിൽ നിന്നുള്ള ആ വിളിക്കൊപ്പം അവന്റെ നെഞ്ചിലേയ്ക്ക് അമർന്നവൾ പൊട്ടി പൊട്ടി കരഞ്ഞു..

കുറെ നേരത്തെ കരച്ചിലിനോടുവിൽ അവൾ നിശബ്ദയായി.. അപ്പോഴാണവൾ കാർത്തിക്കിന്റെ ബലമുള്ള രണ്ട് കൈകൾ തന്നെ ആ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നതിന്റെ ശക്തി അറിഞ്ഞത്..

നനഞ്ഞ കവിളിലുംഅധരങ്ങളിലും കാർത്തിയുടെ നെഞ്ചിലെ രോമങ്ങൾ നനഞൊട്ടി നിന്നു.. പെട്ടെന്ന് ബോധം വന്നപോലെ അവൾ അവനിൽ നിന്നും കുതറി മാറി…

“പൊന്നു…” അവളുടെ അഴിഞ്ഞുലഞ്ഞ നീളൻ മുടിയിഴകളിൽ അവന്റെ വിരലുകൾതഴുകി…

കൈ കൊണ്ട് കാർത്തിയുടെ കൈ പെട്ടെന്നവൾ തട്ടി മാറ്റി. കാർത്തി എണീറ്റ് ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളമെടുത്തു അവൾക്കു നേരെ നീട്ടി..
അതപ്പോൾ അവൾ ആഗ്രഹിച്ചിരുന്നത് കൊണ്ടാകാം അവളത് വാങ്ങി മുഴുവൻ കുടിച്ചു…

അവളുടെ മുഖം തന്റെ കൈകളിൽ വാരി, മുടിയിഴകൾക്കിടയിലൂടെ അവന്റെ കൈകൾ.. ആ കൈകൾക്കുള്ളിൽ അവളുടെ മുഖം പൂർണ്ണ ചന്ദ്രനെപോലെ തിളങ്ങി..നിറഞ്ഞ അവളുടെ മിഴികൾ തന്റെ തള്ളവിരലുകൾ കൊണ്ട് അവൻ തഴുകി..

അവളുടെ അരികിലായി കാർത്തി ഇരുന്നു..
പതിഞ്ഞ ശബ്ദത്തിൽ അവളോട് ചോദിച്ചു…

”പൊന്നു.. നിനക്ക് പ്രശ്നമൊന്നും…”
അവൾ ചിന്തകളുടെ മറ്റൊരു ലോകത്തിൽ പോലെ തലയാട്ടി…

”നിനക്ക് ആ കുട്ടിയെ ഇപ്പോഴും ഓർമ്മയുണ്ടോ?” അവന്റെ അപ്രതീക്ഷിതമായി ഉള്ള ചോദ്യം പൊന്നുവിന്റെ ഓർമയെ വീണ്ടും ഉണർത്തി..

”അവൾ.. അവൾ.. ” വാക്കുകൾക്കായി വിക്കി വിക്കി പെട്ടെന് പൊന്നുവിന്റെ ബോധം പോയി !!!

സ്വന്തം ഹൃദയത്തിന്റെ മിടിപ്പ് തന്റെ തന്നെ കാതിൽ കേൾക്കും വിധം താളത്തിന്റെ വേഗത കൂട്ടികൊണ്ടിരുന്നു… ഹോസ്പിറ്റലിൽ ഐ സി യൂ വിന്റെ മുൻപിൽ കാർത്തിക് ക്ഷമയറ്റവനെ പോലെ കാത്തിരുന്നു..

ഒന്നും വേണ്ടിയിരുന്നില്ല.. അവൻ തന്റെ രണ്ട് കൈകളും കൊണ്ട് മുടിയിഴകളിൽ കൊരുത്തുവലിച്ചു.

പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കാതിൽ പതിഞ്ഞത്. ഡോർ തുറന്നു പുറത്തേയ്ക്ക് വന്ന ഡോക്ടർ രാകേഷ് കാർത്തിക്കിനെ കയ്യാട്ടി കൂടെ വിളിച്ചു..

തന്റെ കാബിനിലേഅയാളുടെ സീറ്റിൽ ഇരുന്നു , ഒപ്പം കാർത്തിക്കിന്‌ തന്റെ മുന്പിലെ ചേയർ കാട്ടി ഇരിക്കാൻ പറഞ്ഞു.. ശേഷം തന്റെ കമ്പ്യൂട്ടർ സ്‌ക്രീനിൽ തന്നെ സൂക്ഷിച്ചു നോക്കി..
അക്ഷമനായ കാർത്തി കൈകൾ കൂട്ടി തിരുമ്മി..

”ഡോക്ടർ.. എന്റെ പൊന്നു…”

”യെസ്.. മിസ്റ്റർ കാർത്തിക്.. ഇപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് വളരെയേറെ മാറ്റം കാണാൻ സാധിക്കുന്നുണ്ട്…അതൊരു പോസിറ്റീവ് എഫക്ട് ആണ്.. ”

ഡോക്ടർ കാർത്തിക്കിന്റെ നേരെ നോക്കി ഒന്ന് ഇളകി ഇരുന്നു..

”കാർത്തിക്.. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം..

ഒരു പക്ഷെ ഈ മയക്കം ഉണർന്നാൽ അവൾ ചിലപ്പോൾ നിങ്ങനെ പൂർണ്ണമായും സ്വീകരിക്കാം.. അവളുടെ ഓർമയിലെ പൊട്ടും പൊടിയും ചേർത്തുവച്ചു അവൾ നിങ്ങളെ ഒരു ഭർത്താവായി അംഗീകരിച്ചു സ്നേഹവതി ആയി മുന്നോട്ട് പോകാം..

അല്ലെങ്കിൽ..”

ഒരു നിശബ്ദത അവർക്കിടയിൽ പൊടുന്നനെ പൊട്ടി വീണു..

”ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്ത വിധം അവൾ നിങ്ങളെ മറന്നുപോയേക്കാം..

കാരണം അവളുടെ മനസിലേയ്ക്ക് അത്രയേറെ വിലപിടിപ്പുള്ള അവൾക്ക് അത്രമേൽ പ്രീയപ്പെട്ട ഒരാളുടെ മുഖം ഉണ്ടാക്കിയ ആഘാതം താങ്ങാൻ വയ്യാതെ അബോധാവസ്ഥയിലായതാണ്. ഇനി ഒരു മാറ്റം.. അത് നമുക്ക് നല്ലതാകാൻ പ്രാർത്ഥിക്കാം..”

കുറച്ചു സമയത്തെ നിശബ്ദത്തയ്ക്ക് ശേഷം കാർത്തിക് ഒരു പുഞ്ചിരിയിൽ ഡോക്ടർ നോട്‌ നന്ദി അറിയിച്ചു കൊണ്ട് ഡോർ തുറന്നു പുറത്തേയ്ക്ക് കടന്നു…

2 വർഷങ്ങൾക്ക് ശേഷം… വീണ്ടും താനും പൊന്നുവും പഠിച്ച അതെ കോളേജിൽ..

വർണ്ണ തോരണങ്ങളാൽ അലംകൃതമായ സ്റ്റേജും സാഗര തിരമാലകൾ പോലെ നിറഞ്ഞ വിദ്യാർത്ഥികളും… തന്റെ ജീവിതത്തിലെ മഹത്തായ ഒരു ദിനം കൂടി… കാർത്തിക് മനസിൽ വളരെയേറെ സന്തോഷത്തോടെ ഓർത്തു..

”കോളേജിന്റെ മുൻ കാല വിദ്യാർഥിയും പ്രമുഖ സൈക്കോളജിസ്റ്റുമായ മിസ്റ്റർ കാർത്തിക് ദേവിന് ഡോക്ടറേറ്റ് കിട്ടിയതിന്റെ അനുമോദനവും, ഒപ്പം ഈ കോളേജിന്റെ വാർഷിക ദിനാചാരണ ചടങ്ങുകൾക്കുമാണ് നമ്മൾ എവരും ഇവിടെ സന്നിഹിതരായിരിക്കുന്നത്…

ഹൃദയ പൂർവ്വം ഞാൻ അദ്ദേഹത്തെ ഈ സ്റ്റേജിലേയ്ക്ക് ക്ഷണിക്കുന്നു…”’

സ്വാഗത പ്രാസംഗികൻ ക്ഷണിച്ചപ്പോൾ വേദിയിലേക്ക് വന്ന കാർത്തിക് മൈക്ക് ഒന്നുകൂടി തന്റെ മുഖത്തിന്‌ നേരെ കറക്റ്റ് ചെയ്തു വച്ചു..

”’പ്രീയപ്പെട്ട എന്റെ അനിയന്മാരെ അനിയത്തികളെ..
ബഹുമാനപ്പെട്ട അധ്യാപകരെ ഗുരുജനങ്ങളെ…”

”’ഒരു പ്രസംഗം ഒന്നും എനിക്കറിയില്ല. പക്ഷെ…. നിങ്ങളെ എല്ലാവരെയും ഒന്ന് പരിചയപ്പെടാനും കുറച്ചുസമയം നിങ്ങളോടൊത്ത് സന്തോഷമായിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു..

നിങ്ങളിൽ ആർക്കൊക്കെ പാട്ട് പാടാൻ കഴിവുണ്ട്..? ആർക്കൊക്കെ പടം വരയ്ക്കാൻ അറിയാം.. ആർക്കൊക്കെ ഡാൻസ് ചെയ്യാൻ അറിയാം..?”’ കാർത്തിക് മൈക്ക് കുറച്ചുകൂടെ തന്റെ അടുത്തേയ്ക്ക് പിടിച്ചു..

പതിയെ പതിയെ ആരവങ്ങൾ ഒഴിഞ്ഞു സദസ്സ് പതിയെ ശാന്തമാകാൻ തുടങ്ങി..

”നിങ്ങളെല്ലാവരും ദൈവത്തിന്റെ കലകളാൽ സമ്പന്നരാണ്.. നിങ്ങൾ ആരെയാണ് ആദ്യം സ്നേഹിക്കേണ്ടത്…?

തന്റെ മുൻപിൽ ഇരുന്ന ഒരു പെൺകുട്ടിയോടായി കാർത്തിക് ചോദിച്ചു..
”മോൾക്ക് ആരെയാണ് ആദ്യം ഇഷ്ടം..?”

ആ കുട്ടി ഒന്ന് ചിന്തിച്ച ശേഷം ”അമ്മ ”എന്ന് പറഞ്ഞു..

”ശെരി.. നിങ്ങൾ ഓരോരുത്തരും നിങ്ങളോടായി ചോദിക്കൂ… എന്നിട്ട് ഞാൻ പറയുന്ന ഉത്തരമുള്ളവർ കൈ ഉയർത്തി കാണിക്കൂ..”

പൊടുന്നനെ സദസ്സ് പൂർണ്ണമായും ശാന്തമായി…

“ഞാൻ എന്നെയാണ് ആദ്യം സ്നേഹിക്കുന്നത്..””

നിശബ്ദമായ സദസ്സിൽ നിന്നൊരു കരാഘോഷമുണർന്നു… കാർത്തിക് തന്റെ കണ്ണട ഒന്ന് നേരെ വച്ചു…

”കുട്ടികളെ നിങ്ങൾ നിങ്ങളെയാണ് ആദ്യം സ്നേഹിക്കേണ്ടത്.. നിങ്ങളുടെ വ്യക്തിത്വത്തിനെ.. നിങ്ങളുടെ ശരീരത്തെ… നിങ്ങളുടെ സന്തോഷത്തെ.. നിങ്ങളുടെ സമാധാനത്തെ..

സ്വയം സന്തോഷിക്കാൻ കഴിയാത്ത ഒരു വ്യക്തിക്ക് എങ്ങനെ മറ്റൊരാൾക്ക് സന്തോഷം പകരാനാകും..”

പലരുടെയും മുഖത്ത് ആകാംഷ…

”ഇനി ഞാൻ നിങ്ങളോട് ഒരു കഥ പറയാം….
അവസാന വർഷ ബിരുദ വിദ്യാർത്ഥിനി കളായ രണ്ട് പെൺകുട്ടികൾ…

ഒരുപാട് പ്രതീക്ഷകളുടെ കോളേജിൽ ആദ്യമായി കാലുകുത്തിയ പല കുട്ടികളെയും പോലെ അവരുടെ മനസിലും കലാലയത്തിന്റെ പല വർണ്ണങ്ങൾ നിറഞ്ഞു നിന്നു.. പഠനത്തിൽ വളരെ നല്ല മികവ് കാട്ടിയ കുട്ടികൾ അവസാന വർഷമായപ്പോൾ…

ആത്മാർഥ സുഹൃത്തുക്കൾ ആയ അവർ.. അവരിലൊരാൾക്ക് ഒരു അബദ്ധം പറ്റി. ഒരാൾ കൂടെ പഠിച്ച ഒരാൺകുട്ടിയുമായി പ്രണയത്തിലാവുകയും ശാരീരിക ബന്ധത്തിൽ ആവുകയും ചെയ്തു. ..

മക്കൾ ഒരിക്കലും കാണാത്ത ഒരു ആത്മബന്ധം മക്കളുടെ മേൽ മാതാ പിതാക്കൾക്കുണ്ട്.. അല്ലെ…?

സ്വഭിവാകമായും അത് വീട്ടിൽ അറിഞ്ഞു..
ഏതൊരു സാധാരണ മാതാപിതാക്കളെ പോലെ അവരും അവളുടെ മേൽ അടിയും വഴക്കും കൊണ്ട് നിറച്ചു…”

നിശബ്ദമായ സദസ്സിലേയ്ക്ക് കാർത്തിക് കണ്ണോടിച്ചു… ആരിൽ നിന്നും ഒരു മറുപടിയും ഇല്ലാതിരിക്കെ കാർത്തിക് തുടർന്നു…

”അവൾ വളരെ ഏറെ സ്നേഹിച്ച സ്വന്തം അമ്മ തന്നെ മനസിലാക്കിയില്ലല്ലോ എന്നുള്ള ചിന്ത മനസ്സിൽ വരുമ്പോഴേല്ലാം അവളുടെ കണ്ണുകൾ നിറഞ്ഞു.. സ്വന്തം മാതാപിതാക്കൾ തന്നെ തള്ളി പറയുമ്പോൾ ഒരു കുഞ്ഞിനുണ്ടാകുന്ന വേദന..

അവളിൽ ഉണ്ടായ മാറ്റം..

അവളുടെ അമ്മയുടെ ശകാര വാക്കുകൾ ഒരു പരിധി കഴിഞ്ഞപ്പോൾ മുതൽ അവൾക്ക് കല്ലിൽ പ്രതിഫലിക്കുന്ന വാക്കുകൾ മാത്രമായി..

ശേഷം അവളുടെ ഹൃദയത്തിൽ കുനിഞ്ഞു കൂടിയ ചിന്തയുടെ മാലിന്യങ്ങൾ കൂട്ടുകാരിക്ക് പോലും നികത്താൻ കഴിയാത്ത വിധം അവൾ ഡിപ്രെസ്ഡ് ആയി..

കോളേജിൽ വച് ഏതോ സീനിയർ സ്റ്റുഡന്റ് നൽകിയ ഏതോ ഒരു പാനീയം.. അതിൽ എന്തോ അവളെ മറക്കാൻ പറ്റുന്ന ഒരുതരം
ഉന്മാദ ലഹരി ഉണ്ടെന്ന് അവൾക്ക് തോന്നി.

മനസിന്റെ ഭാരങ്ങൾ ഒരു തൂവൽ പോലെ പറന്നുപോയപോലെ.. അവൾ എന്നും അവൻ കൊണ്ട് വരുന്ന പാനീയത്തിനായി കാത്തിരുന്നു..

കൂടെ ഉണ്ടായ കൂട്ടുകാരിക്ക് എല്ലാം അറിയാമായിരുന്നെങ്കിലും അവളെ തിരികെ കൊണ്ട് വരാൻ പറ്റാത്ത അത്ര ദൂരത്തേയ്ക്ക് ഈ കുട്ടി മനസുകൊണ്ട് അവളിൽ നിന്നും അകന്നു തുടങ്ങി..

നിരന്തരം വഴക്കും പ്രശ്നവും..എല്ലാവരോടും..
ഒടുവിൽ കോളേജ് ഡേയ്ക്ക്, അവൾക്ക് സ്ഥിരം നൽകാറുള്ള പാനീയത്തിൽ അളവിലേറെ മയക്കുമരുന്ന് നൽകി , ഇരുട്ടിന്റെ മറവിൽ അവളെ ആ നരാധമൻ …

മാനം പോയവളെന്നെ പേരിൽ സമൂഹം അവളെ കുറ്റപ്പെടുത്താൻ തുടങ്ങി.. പിന്നീട് ഓർമയുടെ മൂടുപടം മാറ്റി അവൾ പുറത്തു വന്നില്ല..

കാലങ്ങൾ കാത്തിരുന്നു…

സ്നേഹത്തിന്റെ പരിചരണം ആയിരുന്നു അവൾക്ക് വേണ്ടിയതെന്നു മനസിലാക്കി അവളുടെ വീട്ടുകാർ അവളെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു..

അവളെ മനസിലാക്കുന്ന ഒരാൾ വന്ന് അവളെ തനിക്ക് വിവാഹം ചെയ്തു തന്നാൽ തന്റെ എല്ലാ സ്നേഹവും അവൾക്കായി നൽകുമെന്ന് പറഞ്ഞു…

അവൾ ഒരിക്കലും തങ്ങൾക്ക് ഒരു ഭാരമല്ല ന്ന് ആ മാതാപിതാക്കൾ അന്ന് ഉറപ്പിച്ചു പറഞ്ഞു…

അവൾ അന്നും ഇന്നും ഞങ്ങളുടെ മകളാണ്.
കുഞ്ഞാകുമ്പോൾ എന്തൊക്കെ കാണിക്കാറുണ്ട് മക്കൾ.. അച്ഛനമ്മമാർ ക്ഷമിക്കാറില്ലേ.. മക്കളുടെ തെറ്റുകൾ ഏത് കോടതി ക്ഷമിച്ചില്ലെങ്കിലും സ്വന്തം അമ്മ ക്ഷമിക്കും..

അവൾ ലഹരിക്ക് അടിമയാണ്.. എല്ലാം അറിഞ്ഞുകൊണ്ട് മോന്റെ ജീവിതം കൂടി കളയാൻ അവർ ഒരുക്കമല്ലെന്നു തീർത്തു പറഞ്ഞു..

പക്ഷെ പതിയെ ആ ചെറുപ്പക്കാരനോട് അവർക്കു തോന്നിയ ഇഷ്ടം ഒടുവിൽ അവളെ
അവർ അവനിൽ തന്നെ ചേർത്തു വച്ചു…

“മനസ്സിന്റെ ചികിത്സയ്ക്ക് മരുന്ന് ഒന്ന് മാത്രമേയുള്ളൂ.. സ്നേഹം.. ”

“ഇന്നവൾ മിടുക്കി ആയി നല്ല ഒരു കുടുംബ ജീവിതം നയിക്കുന്നു…”

പ്രിയപ്പെട്ടവരെ….

അന്ന് അവളുടെ മാതാപിതാക്കൾ അവളുടെ സാഹചര്യവും വേദനയും മനസിലാക്കി അവൾക്ക് പറ്റിയ തെറ്റിന്റെ പേരിൽ അവളെ മനസികമായും ശരീരികമായും വേദനിപ്പിക്കാതെ കൂടെ നിന്നു സമാധാനത്തെ അവളെ ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നിരുന്നെങ്കിൽ അവളിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായേനെ..

ജീവിതത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നങ്ങളും സ്ഥിരമായി നിലനിൽക്കില്ല.. എല്ലാത്തിനും അതിന്റെതായ കാലാവധി ഉണ്ട്.. അത് കഴിയുമ്പോൾ ഉറപ്പായും അത് നമ്മെ വിട്ടുപോകും..

അതിനുള്ള മനസ്സാണ് നമുക്ക് വേണ്ടത്. കാര്യങ്ങളെ മനസ്സിലാക്കി ജീവിതത്തെ വേർതിരിച്ചെടുക്കുക ന്നുള്ളത് ഒരു ചെറിയ കാര്യമല്ല..

അതിലേക്ക് മനസ്സിനെ കൊണ്ട് എത്തിക്കുക എന്നുള്ളത് വരെയുള്ള യാത്ര…
ആരൊക്കെ അതിൽ ജയിച്ചിട്ടുണ്ടോ അവരൊന്നും പിന്നീട് തോൽക്കാറില്ല…

മറ്റൊരാൾക്കും നിന്റെ ശരീരമോ നിന്റെ മനസ്സോ കടം കൊടുക്കാതിരിക്കുക.. നമ്മൾ ഒരിക്കൽ അത് ചോദിക്കുമ്പോൾ തിരികെ കിട്ടില്ല…

അന്ന് അവൾ ആ പ്രതിസന്ധിയെ തരണം ചെയ്ത് ലഹരിയ്ക്കടിമപ്പെടാതെ മനസ്സിനെ നിയന്ത്രിച്ചു പോയിരുന്നേൽ അവളുടെ പഠിപ്പ് പൂർത്തിയാക്കിയിരുന്നെങ്കിൽ…..

മുൻ വർഷങ്ങളിൽ ഉയർന്ന മാർക്ക് വാങ്ങിയ ആ കുട്ടി ഇന്ന് ഈ ഇരിക്കുന്ന അദ്ധ്യാപകരിൽ ഒരാളായേനെ..

പകരം പുറത്താക്കപ്പെട്ട ഒരു പെണ്ണിന്റെ മനസ്സ് പുകഞ്ഞു നീറി ആശ്രയം തേടിയത് മറ്റുള്ള ലഹരി വാസ്തുക്കളിൽ..കാരണം അവൾക്ക് വ്യക്തികളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു.. അതിൽ അവൾക്ക് സമാധാനം കിട്ടാതെ ആയി..

മനസിക സംഘർഷങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത ഒരു വ്യക്തി സാധാരണ ഗതിയിൽ ഇങ്ങനെയുള്ളവ ഉപയോഗിക്കുമ്പോൾ അവർ പെട്ടെന്ന് അതിന് അഡിക്റ് ആകുക പതിവാണ്..

പക്ഷെ ആ സമയത്ത് അവളെ കേൾക്കാൻ അമ്മയോളം നല്ല ഒരു ബന്ധമുണ്ടോ..?

വളർന്നു വരുന്ന തലമുറയെ ശ്രദ്ധയോടെ വാർത്തെടുക്കാൻ ഓരോ മാതാപിതാക്കളും മനസ്സുകൊണ്ട് ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്..

ശരീരം കൊണ്ട് വളർന്ന കുട്ടികൾ , അവർ ഒന്ന് വീണാൽ മനസ്സുകൊണ്ട് വളർന്ന നമ്മൾ അവരെ താങ്ങി നിർത്തണം..

സ്വന്തം ശരീരത്തെ സ്നേഹിക്കാൻ പഠിപ്പിക്കണം.. അത് നശിപ്പിക്കുമ്പോൾ അവരിൽ വിശ്വാസമർപ്പിച്ച ഓരോരുത്തരും വേദനിക്കുന്നു.. മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന ഭൂരിഭാഗം കുട്ടികളും വീടുമായി ഒരു ആത്മബന്ധം ഉണ്ടാകുന്നില്ല എന്നുള്ളതാണ് വാസ്തവം..

സഹോദരങ്ങളെ…നിങ്ങൾ നിങ്ങളെ ആദ്യം സ്നേഹിക്കൂ.. ലഹരി വസ്തുക്കൾ എന്ത് തന്നെ ആയാലും അവ ഉണ്ടാക്കുന്ന നിമിഷ നേരത്തെ സുഖത്തേക്കാൾ നിങ്ങളുടെ ജീവനും ശരീരവും ഭംഗിയോടെ കാത്തുസൂക്ഷിക്കുന്നതിനെ പറ്റി ചിന്തിക്കൂ…”’

സദസ്സിൽ നിന്നുള്ള ആദ്യത്തെ കയ്യടി പൊന്നുവിന്റെ ആയിരുന്നു…ഒരു വലീയ കയ്യടി ഉയർന്നപ്പോൾ അവളുടെ കൈയിൽ ഇരുന്ന മോളും കുഞ്ഞി കൈകൾ തമ്മിൽ കൂട്ടിഅടിച്ചു.