പക്ഷെ അമ്മായിഅമ്മയുടെ കണ്ണ് വെട്ടിക്കാൻ പറ്റോ, അതും കണ്ടുപിടിച്ചു അതിന് ശേഷം..

പിഗ്ഗി ബാങ്ക് (കാശ് കുടുക്ക)
(രചന: രാവണന്റെ സീത)

ഫാൻസി കടയിലേക്ക് കേറിയതാണ് ആര്യയും മീനയും. ഓരോന്ന് വാങ്ങി കൊണ്ടിരിക്കുമ്പോഴാണ് ഒരു കാശ് കുടുക്ക ആര്യയുടെ കണ്ണിൽ ഉടക്കിയത് അത് കണ്ടതും അവളിൽ ഒരു പുഞ്ചിരി വിടർന്നു.

മീന ചോദിച്ചു “എന്താടി…”

പുഞ്ചിരി മാറ്റാതെ ആര്യ പറഞ്ഞു “ഇത് കാശ് കുടുക്ക കണ്ടിട്ടില്ലേ നമ്മള് കാശ്യൊക്കെ ഇട്ടു വെക്കില്ലേ ..”

പൊട്ടിച്ചിരിച്ചുകൊണ്ട് മീന പറഞ്ഞു “ആണോ കൊള്ളാലോ പുതിയ അറിവാണല്ലോ”… ആര്യയും അവളുടെ ചിരിയിൽ പങ്കു ചേർന്നു..

അവിടെ നിന്നും പുറത്തിറങ്ങിയപ്പോൾ മീന ചോദിച്ചു എന്താടി പെട്ടെന്ന് അങ്ങനെ പറഞ്ഞെ.. ആ കാശ് കുടുക്കയ്ക്ക് നീയുമായി എന്തേലും ബന്ധമുണ്ടോ..

ആര്യ ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി…

കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ വന്നപ്പോൾ അവിടെ ഷെൽഫിൽ കണ്ടിരുന്നു ഇതുപോലെ ഒരു കാശ് കുടുക്ക…

പക്ഷേ കാശ് ഇടാറില്ല എന്നു തോന്നുന്നു വായുസഞ്ചാരം ഉള്ളതാണ്… അത് പറഞ്ഞു ആര്യ പൊട്ടിച്ചിരിച്ചു..

നിനക്കറിയാലോ.. കുഞ്ഞു നാള് തൊട്ടേ അച്ഛൻ തരുന്ന കാശ് ഞാൻ കുടുക്കയിൽ എടുത്തു വെക്കുമെന്ന്.. ഇവിടേം ഞാനതു തുടർന്ന്..

ആദ്യമൊക്കെ ഞാൻ അതിൽ കാശ് ഇട്ടുവെക്കുമായിരുന്നു..

പക്ഷെ അത് അമ്മായിഅമ്മ വാങ്ങിയത് കൊണ്ട്, അതിലുള്ള കാശ് ഇടയ്ക്കിടെ അവർ തോണ്ടിയെടുത്തു കൊണ്ട് പോവും.. ഇടുന്നത് മുഴുവൻ വെള്ളത്തിൽ വരച്ച വരപോലെയായി..

പിന്നെ എന്റെ കേട്ടിയോനോട് പറഞ്ഞു ചില്ലറ നോട്ടുകളിലേക്ക് മാറ്റി.. അത് കുടുക്കയിൽ ഇട്ടാൽ അതിന്റെ പൊടി പോലും കിട്ടില്ല…അറിയാം..സ്വന്തമായി അലമാരയുമില്ല..

അപ്പോഴാണ് വേറൊരു ഐഡിയ തോന്നിയത്, എന്റെ കയ്യിലുള്ള ഡയറിയുടെ പേജുകൾക്കിടയിൽ നോട്ടുകൾ ഒളിപ്പിച്ചു വെച്ച്…

പക്ഷെ അമ്മായിഅമ്മയുടെ കണ്ണ് വെട്ടിക്കാൻ പറ്റോ.. അതും കണ്ടുപിടിച്ചു…

അതിന് ശേഷം അമ്മായിഅമ്മ ഇടയ്ക്കിടെ റേഷൻകാർഡ് ആ ഡയറിയ്ക്കുള്ളിൽ തേടുന്നത് പതിവാക്കി…

ആദ്യമൊന്നും എനിക്ക് മനസിലായില്ല.. പിന്നെ പിടികിട്ടി..ആള് കാശ് ഉണ്ടോന്ന് നോക്കുവാ. അങ്ങനെ ആ ഐഡിയയും ചീറ്റിപ്പോയി..

ഒടുവിൽ ഭർത്താവിനോട് പറഞ്ഞു ഒരു കാശ് കുടുക്ക വാങ്ങിച്ചു..

കിട്ടുന്ന കാശ് മുഴുവൻ അതിലിട്ട് വെച്ചിട്ട് ഇടയ്ക്ക് കെട്ടിയോൻ ബുദ്ധിമുട്ടുമ്പോൾ കൊടുത്തുകൊണ്ടിരുന്നു അതിൽ നിന്നും ഒരു രൂപ പോലും എനിക്ക് ഉപകാരമായില്ല…

പിന്നെ കെട്ടിയോൻ അതിൽ ഇടാൻ കാശ് കൊടുക്കാതെ ആയപ്പോൾ ഞാൻ ചിലവിന് കിട്ടുന്ന കാശിന് മിച്ചം വച്ച് ഇടാൻ തുടങ്ങി..

എനിക്കെന്തേലും വേണമെന്ന് തോന്നിയാൽ പോലും ആ ആഗ്രഹം മാറ്റിവെച്ചു..

കുറച്ചു കുറച്ചായി ചേർത്ത് വെച്ചാലല്ലേ എന്തേലും വാങ്ങാൻ പറ്റൂ, കാശ് കൊടുക്കാഞ്ഞിട്ടും കുടുക്ക നിറയുന്നത് കണ്ടപ്പോ എന്റെ കെട്ടിയോൻ ഇടയ്ക്കിടെ കാശ് എടുത്തോണ്ട് പോവാൻ തുടങ്ങി..

അടുക്കളയിൽ എനിക്കെന്തേലും സാധനം കുറവായി തോന്നി വാങ്ങാമെന്ന് വെച്ചാലും അതിൽ കാശ് ഉണ്ടാവില്ല..

ഞാനാരാ മോള്… ഞാൻ അടവ് മാറ്റി.. അത്യാവശ്യം ചില്ലറ മാത്രം ഇട്ടിട്ട് ബാക്കി ഞാൻ എന്റെ പേഴ്സ് ൽ ഇട്ടു വെച്ച് തുടങ്ങി..

അതും ശരിയായില്ലെടി… അതിന് ശേഷം എനിക്ക് മനസിലായി… എന്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ മാറ്റി വെച്ചിട്ടു എന്തൊക്കെ ചേർത്ത് വെച്ചാലും ഒരു ഉപകാരവുമില്ലെന്ന്…

അതോടെ ഞാനാ പരിപാടി നിർത്തി… ഇപ്പോൾ എന്തേലും കാശ് ബാക്കി വന്നാൽ ഞാനും കുട്ടികളും കപ്പലണ്ടി മിഠായി വാങ്ങിക്കഴിക്കും… ഹല്ലപിന്നെ..

ആര്യ ഇത് പറഞ്ഞതും മീന ച്ചിരിക്കാൻ തുടങ്ങി… കൂടെ ആര്യയും

ആര്യയുടെ വീട്ടിലുള്ള ആ കുടുക്ക ഇപ്പോഴും വായുസഞ്ചാരത്തോടെ ഇരിപ്പുണ്ട്…

(മാസങ്ങൾക്ക് ശേഷം എന്റെ കാശ് കുടുക്കയിൽ കാശ്ട്ട് വെച്ചപ്പോൾ തോന്നിയ ആശയം)

Leave a Reply

Your email address will not be published. Required fields are marked *