പക്ഷെ ഇപ്പോൾ സനയെ കെട്ടാൻ പോകുന്ന പയ്യൻ അടുത്തമാസം ലീവിന്..

സുറുമ
(രചന: Sadik Eriyad)

വീടിന് മുന്നിൽ ചെടികൾ നനച്ചുകൊണ്ടിരിക്കുമ്പോൾ സന കണ്ടു.
തുറന്ന് കിടന്നിരുന്ന ഗെയ്റ്റിനുള്ളിലൂടെ അകത്തേക്ക് വരുന്ന കാറ്…

വേഗം തന്നെ വെള്ളത്തിന്റെ ടാപ്പ് പൂട്ടി സിറ്റൗട്ടിലേക്ക് കയറിയ സന ഹാളിലിരിക്കുന്ന ഉപ്പയോട് പറഞ്ഞു. ആരോ വന്നിട്ടുണ്ട് ഉപ്പാ..

ആരായാലും അവരോട് അകത്തേക്ക് വരാൻ പറയ് മോളെ..

സനയുടെ ക്ഷണം സ്വീകരിച്ച്.
ഹക്കീമും മകൻ ആസിമും സലാം ചൊല്ലി അകത്തേക്ക് കയറിയപ്പോൾ..

സലാം മടക്കിയ അദ്ദേഹം. കൂട്ട് കാരനെ കണ്ട സന്തോഷത്തിൽ
സ്നേഹത്തോടെ അവരോട് പറഞ്ഞു
വരു വരൂ ഹക്കീമെ രണ്ടാളും ഇരുന്നാട്ടെ..

ഇപ്പൊ എങ്ങനെയുണ്ട് സലീമെ സുഖമായ് തുടങ്ങിയൊ നിനക്ക്. ഹക്കീം സുഹൃത്തിന്റെ വിശേഷങ്ങൾ തിരക്കി..

അൽഹംദുലില്ലാഹ് ഭേദമായ് തുടങ്ങുന്നു. ഒന്ന് രണ്ട് ആഴ്ച്ചത്തെ റസ്റ്റ് കൂടി കഴിഞ്ഞാൽ നടന്നു തുടങ്ങാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.

രണ്ട് കൂട്ടരും വിശേഷങ്ങളെല്ലാം പങ്ക് വെക്കുന്നതിനിടയിൽ ആസിമിനോടായ് സലീം ചോദിച്ചു..

എന്തായി ആസിമിന്റെ മെഡിസിൻ പഠനമെല്ലാം..

ഇപ്പൊ പ്രാക്ട്ടീസിലാണ് അങ്കിൾ
ആസിം മറുപടി കൊടുത്തു..

കുവൈറ്റിൽ രണ്ട് റസ്റ്റോറന്റുകൾ നടത്തുകയാണ് ഹക്കീം.
അദ്ദേഹത്തിന്റെ ഒരു റസ്റ്റോറന്റ് നോക്കി നടത്തുന്നത് സലീമാണ്. കുറച്ചു വർഷങ്ങളായി ഗൾഫിൽ ഒരേ റൂമിൽ താമസിക്കുന്ന സുഹൃത്ത്ക്കൾ..

അവിടെ വച്ചുണ്ടായ ചെറിയൊരു ആക്സിഡന്റിൽ പരിക്ക് പറ്റി നാട്ടിൽ വന്നതാണ് സലീം…

അവരുടെ സംസാരത്തിനിടക്ക് അവർക്കുള്ള ചായയും പലഹാരങ്ങളുമായ് സനയും ഉമ്മയും ഹാളിലേക്ക് കടന്ന് വന്നു..

ചായ കുടിക്കുന്നതിനിടയിൽ
ഹക്കീം അന്വേഷിച്ചു.. മറ്റേ കുട്ടി എവിടെ പോയി ഈ ഉപ്പിച്ചി ഫോണിലൂടെ സുറുമകുട്ടിയെന്ന് വിളിക്കുന്ന. ആ എഴുത്ത് കാരി മകൾ..

അതിന് മറുപടി പറഞ്ഞത് സലീമിന്റെ ഭാര്യയാണ്.. കോളേജിൽ പോയിരിക്കുവാണ് ഇപ്പൊ എത്താനായിട്ടുണ്ട്..

ചായ കുടിയെല്ലാം കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ ഹക്കീം സനയെ നോക്കികൊണ്ട് സലീമിനോട് മാത്രമായ് ചോദിച്ചു.

ഇയാൾടെ കല്യാണമല്ലെ തീരുമാനിച്ചത്.
മൂത്ത കുട്ടിയുടെ കാര്യമൊന്നും..

സലീം വിഷമത്തോടെ അതിന് മറുപടി പറയാൻ തുടങ്ങുമ്പോൾ കേട്ടു. പുറത്ത് വന്ന് നിൽക്കുന്ന സ്കൂട്ടറിന്റെ ശബ്ദം… സാറത്താത്ത വന്നു എന്നും പറഞ്ഞ് സന സിറ്റൗട്ടിലേക്ക് ഓടുകയും ചെയ്തു.

ഹാളിലേക്കുള്ള ഡോർകടന്ന് ഇത്താത്തയുടെ ബാഗുമായി സന കയറിവരുമ്പോൾ.

ആസിം കണ്ടു. സനയുടെ തൊട്ട് പുറകിലൂടെ ഒരു കാല് ഞൊണ്ടി ഞൊണ്ടി അകത്തേക്ക് കയറിവരുന്ന സാറയെ…

അത്ഭുതത്തോടെ അവനവളെ നോക്കി നിന്നു.. സാറ അവരോട് സലാം ചൊല്ലി കഴിഞ്ഞപ്പോൾ.

സലീം മകളോട് പറഞ്ഞു മോളെ ഇതാണ് ഉപ്പ പറയാറുള്ള ഉപ്പാന്റെ ചങ്ങാതി ഹക്കീം ഇത് അദ്ദേഹത്തിന്റെ മകൻ…

പുഞ്ചിരിയോടെ സാറ ഹക്കീമിനോട് പറഞ്ഞു ഞാനാണ് ഉപ്പയെ ഫോണിൽ വിളിക്കുമ്പോൾ അങ്കിളുമായ് സംസാരിക്കാറുള്ളത്..

പിന്നെ ഞാൻ മറക്കുമൊ മോളെ ഈ ശബ്ദം. മോളെ കുറിച്ച് ഉപ്പ പറഞ്ഞിട്ടുണ്ട് അങ്കിളിനോട്.

കുഞ്ഞിലെ മുതൽ എഴുത്തിനെ സ്നേഹിക്കുന്ന ഈ കവിയത്രിയായ മകളെ കുറിച്ച് ഉപ്പ എപ്പോഴും പറയും…
പിന്നെ ഉപ്പാടെ ഫോണിൽ നിന്ന് മോൾടെ കുറെ കവിതകൾ ഞാൻ വായിച്ചിട്ടുമുണ്ട് ട്ടൊ…

സാറ വന്നപ്പോൾ മുതൽ ഉള്ളിലെന്തൊ ഒരു സ്പാർക്ക് ഉണ്ടായ പോലെ.
അവളുടെ ആ സുറുമയെഴുതിയ വലിയ വട്ടക്കണ്ണുകളിലേക്ക് നോക്കി. സാറയുടെ സംസാരവും കേട്ട് നിൽക്കുകയായിരുന്നു ആസിം…

അവരോടെല്ലാം യാത്രപറഞ്ഞിറങ്ങി തിരിച്ചു പോരുമ്പോൾ. ആസിമിന്റെ മനസ്സിൽ സാറയുടെ മുഖം മാത്രമായിരുന്നു..

അവൻ ചിന്തിക്കുകയായിരുന്നു എന്തൊരു ചന്തമുള്ള മുഖം എന്ത്‌ നല്ല വലിപ്പമുള്ള വട്ട ക്കണ്ണുകൾ..

സുറുമയെഴുതിയ. ആ മിഴികൾക്ക് എന്തോരഴക്. ഇന്നത്തെ കാലത്തും കണ്ണിൽ സുറുമയെഴുതുന്ന കുട്ടികളുണ്ടൊ…

പക്ഷെ ഒരു കാല് നന്നെ ശോഷിച്ചത്.
ആ കാല് വലിച്ച് വച്ച് നടന്ന് വരുന്നത് കണ്ടപ്പോൾ ഉള്ളിലെവിടേയോ ഒരു നീറ്റൽ അനുഭവപ്പെട്ടുവൊ.

വീട്ടിലെത്തിയിട്ടും സാറയുടെ മുഖവും അവളുടെ കണ്ണുകളും ആസിമിന്റെ മനസ്സിൽ നിന്ന് മായുന്നില്ലായിരുന്നു.

കുളിയെല്ലാം കഴിഞ്ഞ് തന്റെ ബെഡ്ഡിലേക്ക് ചാഞ്ഞ ആസിം ഫോണെടുത്ത്. ഫെയ്സ് ബുക്കിൽ
സാറയുടെ f b അകൗണ്ട് കണ്ട് പിടിച്ചു..

സാറ സലീമെന്ന എഴുത്ത് കാരിയുടെ ഫെയ്സ് ബുക്ക്‌ വാളിലൂടെ അവന്റെ കണ്ണുകൾ പരതിനടന്നു
അവളെഴുതിയ ഓരോ കവിതകളായി അവൻ വായിച്ചു…

പ്രണയത്തിന്റെ.. വിരഹത്തിന്റെ..
വിജയത്തിന്റെ.. കടലിന്റെ.. കാറ്റിന്റെ..
പുഴയുടെ.. മഴയുടെ.. അങ്ങനെ അങ്ങനെ അവളെഴുതിയ ഒത്തിരി കവിതകൾ. സാറയുടെ ഹൃദയത്തിൽ നിന്ന് വിരിഞ്ഞ ഓരോ കവിതകളും.
ആസിം വായിച്ചു തീർത്തു..

ആസിം അപ്പൊ തന്നെ അവൾക്കൊരു ഫ്രണ്ട് റിക്കൊസ്റ്റും അയച്ച് കാത്തിരുന്നു…

പിന്നെയും മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം ആസിം കണ്ടു. തന്റെ റിക്കൊസ്റ്റ് സാറ അസപ്റ്റ് ചെയ്തിരിക്കുന്നത്..

പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ഹൃദയത്തിൽ നിന്നുതിരുന്ന. ഓരോ വരികൾക്കുമായ് അവൻ കാത്തിരിക്കുമ്പോൾ.. അവന്റെ ഹൃദയം അറിയുകയായിരുന്നു..

അതെ താൻ സാറയെ പ്രണയിക്കുന്നു.
അന്നത്തെ ആ ഒരു കാഴ്ച്ചയിൽ തന്നെ തന്റെയുള്ളിൽ സാറാസലീമിനോടുള്ള പ്രണയം പൂത്തിരിക്കുന്നു..

കവിതയും കഥകളും വായിക്കാൻ തീരെ താൽപ്പര്യം ഇല്ലാതിരുന്ന താനിപ്പൊ. സാറയുടെ വരികൾക്കായ് കാത്തിരിക്കുന്നു…

ആഴ്ചയിൽ മൂന്നും നാലും കവിതകൾ f b യിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന സാറയുടെ കവിതകൾക്കായ് ആസിമും കാത്തിരുന്നു…

അവളുടെ ഓരോ കവിതകൾക്കും കമന്റ് ബോക്സിലൂടെയും
മെസ്സഞ്ചറിലൂടെയും ആസിമവൾക്ക് ആശംസകൾ ചൊരിയുമ്പോൾ..

അവൾ അറിഞ്ഞില്ല. ആസിമെന്ന പ്രൊഫൈല് കാരൻ തന്നെ പ്രണയിക്കുന്നവനാണെന്നും. ഒരിക്കെ തന്റെ വീട്ടിൽ വന്നിട്ടുള്ള ഉപ്പാന്റെ കൂട്ട് കാരന്റെ മകനാണെന്നും..

ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നതിനിടയിൽ. പ്രണയം തുളുമ്പുന്ന അവന്റെ കമന്റുകൾ മെസ്സഞ്ചറിൽ കാണുന്ന സാറയും കരുതി.

തന്റെ കവിതകളെ ഇഷ്ട്ടപ്പെടുന്ന ഒത്തിരി വായനക്കാരിൽ ഒരാളാണ് ആസിമെന്ന്.. പിന്നെയും കുറച്ചു ദിവസങ്ങൾക്ക് ശേഷം. സാറ അയച്ചൊരു പ്രണയ കവിതയ്ക്ക്. മെസ്സഞ്ചറിൽ കമന്റ് കൊടുക്കുമ്പോൾ ആസിം എഴുതി..

ആ മനസ്സിൽ നിന്ന് വിരിഞ്ഞ ഈ പ്രണയ വരികളെഴുതിയ എഴുത്ത് കാരിയെ ഞാൻ ഒത്തിരി ഒത്തിരി പ്രണയിക്കുന്നു..

തന്നെ പോലെ പ്രണയവരികളൊന്നും എഴുതാൻ എനിക്ക് അറിയില്ലാട്ടൊ. ഒന്നെനിക്കറിയാം ഞാൻ തന്നെ സ്നേഹിക്കുന്നു സാറ.. എന്റെ ജീവനെക്കാളേറെ..

രാത്രി അനിയത്തി സനക്കൊപ്പം മെസ്സഞ്ചറിൽ വന്ന കമന്റുകൾ നോക്കുമ്പോൾ അവർ കണ്ടു. ആസിമിന്റെ ആ കമന്റ്..

അത് വായിച്ചു നോക്കിയ സന. സാറയോട് പറഞ്ഞു എന്തോരം ആളുകളായിപ്പൊ ഈ എഴുത്ത് കാരിയെ പ്രണയിക്കുന്നത്..

സന അത് പറയുമ്പോൾ… സാറ ആസിമിനെ തന്റെ മെസ്സഞ്ചറിൽ നിന്നും f b അകൗണ്ടിൽ നിന്നും ബ്ലോ ക്ക് ചെയ്യുകയായിരുന്നു..

എന്തിനാ ഇത്താത്ത ആളെ ബ്ലോ ക്ക് ചെയ്തെ..

പിന്നെ ബ്ലോ ക്ക്‌ ചെയ്യാതെ ഇതൊന്നും വിശ്വാസിക്കാൻ പാടില്ല സന.. ഇത് പോലുള്ള പല കമന്റ്സുകളും വരും കവിതയും കഥകളും സോഷ്യൽ മീഡിയയിൽ എഴുതുന്ന ചില എഴുത്ത് കാരുടെ കമന്റ് ബോക്സിൽ..

എന്റെ വരികൾ വായിച്ച് തോന്നുന്ന ഇഷ്ട്ടമാണ് പെണ്ണെ ഇത്..

അല്ലെങ്കിൽ തന്നെ ഈ ഞൊണ്ടി പെണ്ണിനെ നേരിൽ കാണുമ്പോൾ പറപറക്കും പലരുടെയും ഇഷ്ട്ടമല്ലാം..

അങ്ങനെ പറയല്ലെ ഇത്താത്ത…
ഇത് പടച്ചോൻ വച്ചതല്ലെ. അതിന് പകരമായി എന്റെ ഇത്താത്താക്ക് പടച്ചോൻ ഈ സൗന്ദര്യവും എഴുതാനുള്ള കഴിവും തന്നില്ലെ..

എന്റെ സാറത്താത്തക്കും കിട്ടും.
ഈ സുന്ദരിയെ അറിയുന്ന മനസ്സിലാക്കുന്ന നല്ലൊരു സുന്ദരൻ ചെക്കനെ..

സാറയെ നേരിൽ കണ്ട നാൾ മുതൽ ഇടക്കൊക്കെ അവൾ പോലും അറിയാതെ അവൾ പഠിക്കുന്ന അറബി കോളേജിന് മുന്നിൽ വന്ന് അവളെയും കണ്ട് പോകുമായിരുന്നു ആസിം..

അവളുടെ കോളേജിന് കുറച്ചടുത്ത് തന്നെയുള്ള ഗവണ്മെന്റ് ഡിസ്‌പെൻസറിയിലാണ് ആസിമിന് ആദ്യത്തെ അപ്പോയ്മെന്റ് കിട്ടിയിരുന്നത്..

സാറ തന്നെ f b യിൽ നിന്ന് ബ്ലോ ക്ക്‌ ചെയ്തതിന് ശേഷവും.
ഒട്ടു മിക്ക ദിവസങ്ങളിലും ആസിം സാറയെ കാണുമായിരുന്നു…

പിന്നെയും ഒന്ന് രണ്ട് ആഴ്ച്ചകൾക്ക് ശേഷം.. ആസിമിന്റെ ഉപ്പയും ഉമ്മയും അവന്റെ വിവാഹകാര്യത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ട് കൊണ്ടാണ്.
ഡ്യുട്ടി കഴിഞ്ഞ് വന്ന ആസിം വീട്ടിലേക്ക് കയറിയത്…

അന്ന് രാത്രിഭക്ഷണമെല്ലാം കഴിഞ്ഞ് വിശ്രമ മുറിയിൽ ഇരിക്കുന്ന ഉപ്പയുടെ അരികിലേക്ക് ചെന്ന്. ആസിം ഉപ്പയോട് പറഞ്ഞു..

നാലഞ്ച് മാസം മുൻപ് നമ്മൾ ഉപ്പയുടെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയില്ലെ. ഉപ്പയുടെ കൂടെ ഗൾഫിൽ ജോലി ചെയ്യുന്ന ഒരു സലീമിന്റെ വീട്ടിൽ.

എനിക്ക്.. എനിക്ക് അവിടുത്തെ കുട്ടിയെ ഒരുപാട് ഇഷ്ട്ടമായി ഉപ്പാ. ആ കുട്ടിയെ എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്..

മകന്റെ വാക്കുകൾ കേട്ട് അവന്റെ മുഖത്തേക്ക് നോക്കിയ അദ്ദേഹം ചോദിച്ചു.. അതിന് ആ കുട്ടിയുടെ കല്യാണം തീരുമാനിച്ചതല്ലെ ആസിമെ..

ആ കുട്ടിയെ അല്ല ഉപ്പാ അതിന്റെ ഇത്താത്ത സാറയെ ആണ്.. മകന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം അമ്പരന്ന് പോയ അദ്ദേഹം ചോദിച്ചു. മോനെ ആ കുട്ടി ഒരു ഹാ ന്റി കാപ്പ്ട് അല്ലേടാ..

ഒരു നിശ്വാസമുതിർത്ത ശേഷം ആസിം പറഞ്ഞു.. സാറയെ എന്റെ ജീവിത പങ്കാളിയാക്കുന്നതിൽ ആ ഒരു കുറവ് ഞാൻ കാണുന്നില്ല ഉപ്പ.. രണ്ട് ഹൃദയങ്ങൾ തമ്മിൽ ഒന്നാകുമ്പോൾ ആ ഹൃദയങ്ങളിലല്ലെ ഉപ്പാ കുറവുകൾ ഇല്ലാതിരിക്കേണ്ടത്…

ഉപ്പയുടെയും മകന്റെയും സംസാരം കേട്ട് കൊണ്ട് നിന്നിരുന്ന ഉമ്മ ആസിമിനരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞു..

മോനെ ജീവിത കാലം മുഴുവൻ നിന്റെ കൂടെ ജീവിക്കേണ്ടവളാണ്. നിന്റെ കൈ പിടിച്ച് കൂടെ നടക്കേണ്ടവൾ. ഒരു അം ഗ വൈ കല്യം വന്ന കുട്ടിയെ നിനക്ക് വേണോ മോനെ..

ഏതൊരു മനുഷ്യന്റെയും കയ്യിനോ കാലിനോ വൈകല്യം സംഭവിക്കുന്നത്.
അവർ അറിഞ്ഞു കൊണ്ടോ. ആഗ്രഹിച്ചു കൊണ്ടോ അല്ലല്ലോ ഉമ്മാ..

ഈ പറയുന്ന നമ്മളിലും സംഭവിക്കാലോ അം ഗ വൈ കല്ല്യമെല്ലാം ആരുടെ ജീവനാണ് ഉമ്മാ ഈ ലോകത്ത് ഗ്യാരണ്ടിയുള്ളത്..

വെറുമൊരു സഹതാപം കൊണ്ട് എന്റെ ഉള്ളിൽ തോന്നിയ ഇഷ്ട്ടമല്ല എനിക്ക് സാറയോട്. എനിക്ക് ജീവനാണുമ്മാ സാറയെ. അന്ന് ഉപ്പയുമായ് അവിടെ ചെന്ന് അവളെ കണ്ടത് മുതൽ എന്റെ മനസ്സ് നിറയെ ആ കുട്ടിയാണുമ്മാ…

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ആസിമിന്റെ ഉപ്പ പറഞ്ഞു..

നിന്റെ മനസ്സിൽ. നന്മയുള്ള തീരുമാനങ്ങളെ നീ എടുക്കു എന്ന്
ഈ ഉപ്പാക്ക് അറിയാം മോനെ.. നിന്റെ ഇഷ്ട്ടം അതാണെങ്കിൽ നാളെ തന്നെ നമ്മൾ അവിടെ പോകുന്നു…

പിറ്റേന്ന് ഞായറാഴ്ച്ച ആയതിനാൽ സാറയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു..

പക്ഷെ ആ ദിവസങ്ങളിലെല്ലാം സാറയുടെ ഉപ്പാന്റെയും ഉമ്മാന്റെയും ഹൃദയം വല്ലാതെ വേദനിക്കുകയായിരുന്നു. സാറമോൾടെ കല്യാണം ശരിയാകാത്തതിൽ..

ഓരോ വയസ്സ് മാത്രം വ്യത്യാസമുള്ള രണ്ട് പേരുടെ കല്യാണവും ഒരുമിച്ച് നടത്തണമെന്നായിരുന്നു ആ മാതാപിതാക്കളുടെ മനസ്സിലെ ആഗ്രഹം.

പക്ഷെ ഇപ്പോൾ സനയെ കെട്ടാൻ പോകുന്ന പയ്യൻ അടുത്തമാസം ലീവിന് വരുന്നത് കൊണ്ട്. കല്യാണം അവർക്ക് പെട്ടന്ന് നടത്തണമെന്ന്..

മൂത്ത മകൾ നിൽക്കെ അനിയത്തിയുടെ കല്യാണം നടത്തേണ്ടി വരുന്നതിൽ ആ ഉപ്പാന്റെയും ഉമ്മാന്റെയും ഉള്ള് ഒരുപാട് വേദനിക്കുന്നുണ്ടായിരുന്നു

പതിനൊന്ന് മണി കഴിഞ്ഞപ്പോൾ ആസിമും കുടുംബവും സാറയുടെ വീട്ടിലെത്തി.. വന്ന ഉടനെ തന്നെ ആസിമിന്റെ ഉമ്മ സാറയുമായി കുറെ നേരം സംസാരിച്ചു. അവർക്ക് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു സാറയെ.

കൂട്ട് കാരനും കുടുംബവും തന്റെ അസുഖത്തെ കുറിച്ചറിയാൻ വീണ്ടും തന്റെ വീട്ടിലേക്ക് വന്നിരിക്കുന്നു എന്ന് മനസ്സിൽ കരുതി. സലീമും കുടുംബവും അവർക്ക് ചായ സൽക്കാരം നടത്തുമ്പോൾ.

ഹക്കീം ചിരിച്ചു കൊണ്ട് പറഞ്ഞു.. ചായ തന്ന് പെട്ടന്ന് ഞങ്ങളെ പറഞ്ഞ് വിടാൻ നോക്കണ്ടാട്ടൊ സലീമെ. ഞങ്ങൾ ഉച്ചക്കുള്ള ഭക്ഷണം കൂടി കഴിഞ്ഞിട്ടെ പോകുന്നുള്ളൂ…

അത് കേട്ട് എല്ലാവരും ചിരിക്കുന്നതിനിടയിൽ അദ്ദേഹം ഇത് കൂടി പറഞ്ഞു. സലീമെ ഞങ്ങൾ വന്നത് എന്തിനാണെന്നൊ നിന്റെ ഈ സാറയെന്ന മകളെ. എന്റെ ഈ മകൻ ആസിമിന് തരുമൊ എന്ന് ചോദിക്കാനാണ്..

ഒരു നിമിഷം നിശബ്ദമായിപ്പോയി ആ വീട്ടിലുള്ള എല്ലാവരും. കേട്ടത് വിശ്വാസിക്കാൻ കഴിയാതെ സാറയുടെ ഉപ്പ സലീം മനസ്സിൽ വിളിച്ചു പോയി എന്റെ റബ്ബെ..

സ്തംഭിച്ചു നിൽക്കുന്ന സാറയുടെ മുഖത്തേക്ക് ആസിം നോക്കിയപ്പോൾ കണ്ടു. മുഖവും താഴ്ത്തി സനയുടെ കയ്യിൽ പിടിച്ചു കൊണ്ട്. റൂമിലേക്ക് കയറിപോകുന്ന സാറയെ..

ചായകുടിയെല്ലാം കഴിഞ്ഞ് എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ. ആസിമിനോട് അവന്റെ ഉമ്മ പറഞ്ഞു. സാറയുമായി നിനക്ക് സംസാരിക്കണമെങ്കിൽ ചെല്ലടാ മോനെയെന്ന്..

കുറച്ചു നാണിച്ചു കൊണ്ടാണേലും ആസിം അവിടെന്നെഴുന്നേറ്റ് സാറയുടെ റൂമിനരുകിലേക്ക് നടന്നു…

റൂമിലപ്പോൾ സന സാറയോട് പറയുകയായിരുന്നു..

ഞാൻ പറഞ്ഞില്ലെ എന്റെ ഇത്താത്തയെ കെട്ടാൻ നല്ലൊരു സുന്ദരൻ ചെക്കൻ വരുമെന്ന്. ഇപ്പൊ മനസ്സിലായില്ലെ ഈ എഴുത്ത് കാരിക്ക്. നമ്മുടെ ഈ ലോകത്ത് നല്ല മനസ്സുള്ള ഒത്തിരി ചെക്കൻമാരുണ്ടെന്ന്. പിന്നെ ആളൊരു ഡോക്ടറും കൂടിയാണ് ട്ടൊ…

റൂമിന് മുന്നിലെത്തിയ ആസിം ഡോറിൽ തട്ടിയിട്ട് ചോദിച്ചു..

ഞാൻ അകത്തോട്ട് വന്നോട്ടെ.. അവന്റെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ സന പുഞ്ചിരിയോടെ പറഞ്ഞു.. ചെന്നോളൂ…

അവൻ അകത്തേക്ക് കയറിയപ്പോൾ കട്ടിലിൽ നിന്നെഴുന്നേൽക്കുന്ന സാറയോട് പറഞ്ഞു. ഇയാള് അവിടെ ഇരുന്നോളൂ..

അവൾ എഴുന്നേറ്റ് ടേബിളിൽ ചാരി തലയും കുമ്പിട്ട് നിൽക്കുമ്പോഴും ആസിം കണ്ടു. അവളുടെ ആ വലിയ കണ്ണുകളിൽ നിന്ന് ഊർന്ന് വീഴുന്ന സന്തോഷത്തിന്റെ കണ്ണീർ തുള്ളികൾ..

ഇതാണല്ലെ സാറയെന്ന കവിയത്രിയുടെ എഴുത്ത് മുറി..

താൻ എന്തിനാടോ. ആ പാവം ആസിമിനെ f b യിൽ നിന്നും. മെസ്സഞ്ചറിൽ നിന്നുമെല്ലാം ബ്ലോ ക്ക്‌ ചെയ്തത്..

ആദ്യത്തെ കാഴ്ച്ചയിൽ തന്നെ അവന് ഈ പെണ്ണിനോട്‌ പ്രണയം തോന്നിയത് കൊണ്ടല്ലേടൊ. അവനത് ഇയാളോട് തുറന്ന് പറഞ്ഞത്..

ആ… ആസിമായിരുന്നൊ പടച്ചോനെ ഇത് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്.
അത്ഭുതത്തോടെ അവന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി സാറ…

സാറക്ക് എന്നോട് ഒന്നും ചോദിക്കാനില്ലെ..

എനിക്ക്.. എനിക്ക് എന്നോട് എങ്ങനെയാ ഇത്രക്ക് ഇഷ്ട്ടം

പറയാൻ ബുദ്ധിമുട്ടുന്ന സാറയെ മുഴുവനാക്കാൻ സമ്മതിക്കാതെ ആസിം ഇടയിൽ കയറി പറഞ്ഞു..

ഉം മതി മതി.. ഞാൻ പറഞ്ഞില്ലെ ആദ്യത്തെ കാഴ്ച്ചയിൽ തന്നെ എന്റെ ഖൽബ് എന്നോട് പറഞ്ഞടൊ.. ആസിമെ ഇതാണ് നിന്റെ പെണ്ണെന്ന്.

അതേടോ ഈ എഴുത്ത് കാരിയായ സാറയെന്ന കണ്ണിൽ സുറുമയെഴുതുന്ന കുട്ടിയെ. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമായെന്ന്.. തന്നെ എനിക്ക് വേണമെടോ…

ഞാനിപ്പൊ പോകുവാണ് ഇനി നമ്മുടെ കല്യാണത്തിന് നേരിട്ട് കാണാം..

ആ പിന്നെ.. തന്റെ f b വാളിൽ എന്റെയൊരു ഫ്രണ്ട് റിക്കൊസ്റ്റ് കിടപ്പുണ്ട്… ഇനിയെങ്കിലും എന്നെയൊന്ന് അസപ്റ്റ് ചെയ്തേക്കണെ..

നിറഞ്ഞ പുഞ്ചിരിയോടെ സാറയുടെ മുറിയിൽ നിന്ന് ആസിം ഇറങ്ങുമ്പോൾ.. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ. അവൻ പോകുന്നതും നോക്കി നിന്നു.
ആസിമിന്റെ സാറയെന്ന കണ്ണിൽ സുറുമയെഴുതുന്ന സുന്ദരി കുട്ടി…

Leave a Reply

Your email address will not be published. Required fields are marked *