അപരിചിതർ
(രചന: Sarya Vijayan)
“എന്തേ വരാൻ പറഞ്ഞത്?”
“വെറുതെ ഒന്ന് കാണണമെന്ന് തോന്നി.”
“എന്ന് വന്നു?”
“രണ്ടു ദിവസമായി, വന്നിട്ട് ആദ്യം വിളിച്ചത് നിന്നെയാണ്.”
“ഞാൻ നമ്പർ മാറ്റി.”
“ഒരിക്കലും മാറ്റില്ലെന്ന് പറഞ്ഞിരുന്നതല്ലേ.”
“അതെ പക്ഷെ ഒരിക്കലും നഷ്ടമാകരുതെന്നു കരുതിയ പലതും നഷ്ടമായി. പിന്നെ എന്തിന് നമ്പർ മാത്രം.”
“ഉം…നിനക്ക് സുഖമല്ലേ.”
“സുഖം,നിനക്കോ?”
“അതെ”
“നമ്പർ ആര് തന്നു.”
“അതൊക്കെ കിട്ടി.”
“നീ വരില്ലേ? കല്യാണത്തിന്”
“ശ്രമിക്കാം, നാട്ടിൽ ഉണ്ടെങ്കിൽ.”
“ഇത്ര പെട്ടെന്ന് തിരികെ പോകുമോ??”
“അല്ല കുറച്ചു സ്ഥലങ്ങളിൽ പോകാനുണ്ട്.”
“വരാൻ കഴിയുമെങ്കിൽ തീർച്ചയായും വരണം.”
“ഉം…….”
ഏറെ നേരം രണ്ടുപ്പേർക്കിടയിൽ തിങ്ങി കൂടിയ മൗനത്തെ ഭേദിച്ചു ട്രെയിന് നീട്ടിചൂളം വിളിച്ചു.
“ഹലോ ദീപക് നീ ആദിലിനെ കണ്ടോ?”
“അവൻ ആ ലൈബ്രറി പരിസരത്തു എവിടെ എങ്കിലും കാണും.”
“ശരി ഡാ.”
ക്ലാസ്സിൽ നിന്നിറങ്ങി വരാന്ത കടന്നു പുറത്തേക്കിറങ്ങി. വേനലിനെ സ്വാഗതം ചെയ്തതെന്ന പോലെ ഗുൽമോഹർ പരിസരമാകെ ചുവപ്പു വിരിച്ചിട്ടുണ്ട്.
ഇന്നലെ പെയ്ത മഴ കൊഴിഞ്ഞ ഇതളുകളിൽ മുത്തു പതിപ്പിച്ചിട്ടുണ്ട്. തറയിൽ ഇലയും പൂവും വീണു വീണു വെള്ളത്തിൽ കുതിർന്നു പതുങ്ങുന്നുണ്ട്.
നന്നേ പാടുപ്പെട്ടു നടക്കാൻ. ലൈബ്രറിയുടെ വാതിലിൽ തന്നെ തിരക്കി വന്നയാൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പരസ്പരം പുഞ്ചിരിച്ചു.
“നീ കൊണ്ടു വരാമെന്നു പറഞ്ഞ നോട്ട്സ് എവിടെ??”
“അയ്യോ..ഞാൻ മറന്നു.”
“നിന്നോട് എത്ര ദിവസമായി ഞാൻ പറയുന്നു വീട്ടിൽ ചെന്നാൽ നമ്മളെയൊന്നും ഓർക്കാൻ നിനക്ക് സമയമില്ലല്ലോ.”
“അതല്ല നിധി ഞാൻ എടുത്തു വച്ചതാ.”
“എന്നിട്ട് അത് കൈയ്യിൽ നിന്നും ഇറങ്ങി ഓടിട്ടുണ്ടാവുമല്ലേ.”
“എനിക്ക് മറ്റാരുടെയും കൈയ്യിൽ നിന്നും കിട്ടാഞ്ഞിട്ടല്ല. നിന്റെ കൈയ്യിൽ നിന്നാവുമ്പോൾ അത് സ്വന്തമല്ലേ, അതുകൊണ്ടാ.”
അത് പറഞ്ഞവൾ മുഖത്തേയ്ക്ക് നോക്കി. എപ്പോഴോ മിഴികൾ തമ്മിൽ പരസ്പരം കോർത്തു. അവന്റെ കണ്ണിൽ പ്രണയത്തിന്റെ പരിജാതങ്ങൾ സുഗന്ധം പൊഴിച്ചു.
ആ ഗന്ധമേറ്റവളുടെ കണ്ണുകൾ ആലസ്യം പൂണ്ടു, ചുണ്ടുകൾ വലിഞ്ഞു മുറുകി, കവിളുകളിൽ ആയിരമസ്തമയങ്ങൾ ഛായം പൂശി.
പിന്നീട് അങ്ങോട്ടുള്ള ഓരോ പകലും ഇരവും അവർ പരസ്പരമറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു.
“ഹലോ ആദിൽ എനിക്ക് നിന്നെ ഒന്ന് കാണണം.”
“ഇപ്പോഴോ??ഇന്ന് എനിക്ക് കുറച്ചു പരിപാടി ഉണ്ട്?”
“എന്നേക്കാൾ വലുതാണോ അതൊക്കെ??എങ്കിൽ പൊയ്ക്കോ..”
“ശരി വരാം”
“10 എന്നും കാണാറുള്ള കോഫി ഷോപ്പ്.”
“ഒക്കെ”
“ഇങ്ങനെ നോക്കി ഇരിക്കാനാണോ രാവിലെ വിളിച്ചു വരുത്തിയത്??”
“വീട്ടിൽ ഒരു പ്രൊപ്പോസൽ വന്നിട്ടുണ്ട്, ഞാൻ അവരോട് എന്ത് പറയണം.”
“ഇഷ്ടപ്പെട്ടെങ്കിൽ അതെന്ന് പറ.”
അവൾ നിസ്സഹായതയോടെ അവനെ നോക്കി.
“അല്ലാതെ എന്ത് പറയാൻ,എനിക്ക് ഒരു ജോലി പോലുമില്ല. എനിക്ക് നിന്റെ വീട്ടിൽ വന്നു വിളിക്കാനോ?ചോദിക്കാനോ? ഇപ്പോ കഴിയില്ല.”
“നീ ശരിക്കും പറഞ്ഞതാണോ???”
“നോക്ക് നിധി, ഇങ്ങനെയുള്ള കാര്യങ്ങൾ ആരെങ്കിലും തമാശയ്ക്ക് പറയുമോ??ഞാൻ പോവുകയ, ചെന്നിട്ട് വേണം ഒരു ഇന്റർവ്യൂ കാര്യം ശരിയാക്കാൻ. നിനക്ക് പറ്റുമെങ്കിൽ കാത്തിരിക്കാം.”
കണ്ണിൽ നിറഞ്ഞു തുളുമ്പിയ കണ്ണീർ ഒളിപ്പിക്കാൻ അവൾ നന്നേ പാടുപ്പെട്ടു. വിട്ടു വിട്ട അക്ഷരങ്ങൾ വാക്കുകളായി കണ്ണീരിൽ ഉരുണ്ടു വീണു.
“എത്രനാൾ???”
“എനിക്കറിയില്ല”
തിരികെ എന്തെങ്കിലും പറയും മുന്നേ അവൻ പോയി.
ട്രെയിൻ സ്റ്റേഷൻ വിട്ടിട്ടും അവരെ പൊതിഞ്ഞ മൗനം മറനീക്കിയില്ല. റിങ് ടോൺ കേട്ടാണ് രണ്ടുപേരും ചിന്തയിൽ നിന്നുണർന്നത്. ഫോൺ ബാഗിൽ നിന്നെടുത്തുവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.
ആ ചിരിയിൽ ഉണ്ടായിരുന്ന ചോദ്യമെന്തെന്നു മാത്രം അവന് മനസിലായില്ല.
“ഹലോ ദേവ് പറയൂ.”
മറുത്തലയ്ക്കൽ
“എവിടെയാ നിധി,നീ കൂടി വന്നാലേ ഡ്രസ്സ് ഫിക്സ് ചെയ്യാൻ കഴിയൂ.”
“ഞാൻ ടൗണിൽ തന്നെയുണ്ട് ദേവ് ഒരാളെ കാണാൻ ഉണ്ടായിരുന്നു. ഉടനെ വരാം.”
ഒരാൾ… ഫ്രണ്ടുമല്ല.. മറ്റാരുമല്ല.. ഒരപരിചിതനൻ..
“ഞാൻ പോകുന്നു. വെഡ്‌ഡിങ് ഡ്രസ്സ് നോക്കാനുണ്ട്. പോകട്ടെ. വരാൻ കഴിയുമെങ്കിൽ വരണം.”
“ഇപ്പോൾ തന്നെ പോകുകയാണോ??”
“സോറി,എനിക്ക് വേണ്ടി ഒരാൾ അവിടെ കാത്തു നിൽപ്പുണ്ട്, പോയേ കഴിയൂ.”
ഇത്രയും പറഞ്ഞവൾ നടന്നു നീങ്ങി.
ഒരുതരത്തിൽ ഇനി എന്തിന് അവൾ എന്നെ കാക്കണം. ഞാൻ അവളോട് പറഞ്ഞ അത്രയും നാൾ അവൾ പിടിച്ചു നിന്നില്ലേ.
അത്രയേറെ പരിചിതമായിരുന്നതിനാൽ ഇന്നിത്രയേറെ അപരിചിതമായതിൽ എന്തത്ഭുതം.
ഭൂതവും ഭാവിയും എന്നിൽ നിന്നും വിലിച്ചെടുത്തുകൊണ്ട് അകലേയ്ക്ക് നടന്നു നീങ്ങിയ അവളെ നിറമിഴികളോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.