ജീവിതം
(രചന: ഷബീർ മരക്കാർ)
ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയം ആണ്. ഇന്നേ വരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത അല്ലെങ്കിൽ ചിന്തിച്ചുപോലും നോക്കിയിട്ടില്ലാത്ത ഒരു അവസ്ഥ .
ഒരു പക്ഷെ നിങ്ങളിൽ പലരും ജീവിതത്തിൽ കടന്നു പോയിട്ടുള്ള ഒരു സാഹചര്യം ആയിരിക്കാം ഇത്.
പക്ഷെ എനിക്കിത് പുതിയ ഒരു അധ്യായം ആണ്. അത് കൊണ്ട് തന്നെ വളരെ അധികം കഷ്ടപ്പെടുന്നു. നിങ്ങൾ ചിന്തിക്കുന്നില്ലെ അതെന്താണെന്ന്?.
വേറെ ഒന്നുമല്ല, സ്വന്തം ആവശ്യങ്ങൾക്ക് കയ്യിൽ ഒരു നയാ പൈസ ഇല്ലാത്ത, എന്തിന് കെട്ടിയ പെണ്ണിന് ഒരു അസുഖം വന്നാൽ എന്ത് ചെയ്യണം എന്നറിയാതെ ഒരു നേരത്തെ മരുന്നിന് പോലും പൈസ ഇല്ലാതെ പകച്ചു നിൽക്കുന്ന ദിവസങ്ങൾ.
അത് അനുഭവിക്കണം എങ്കിൽ ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ ഒറ്റപ്പെട്ടു പോകണം. അതെ ഞാൻ ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടു പോയ ദിവസങ്ങൾ ആണ് ഇത്.
നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ?? ആരെയെങ്കിലും ജാതി, മതം, പണം ഒന്നും നോക്കാതെ ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ടോ?.
ഞാൻ പ്രണയിച്ചു ഈ പറഞ്ഞ ഒന്നും നോക്കാതെ ഒരു പാവം പെൺ കുട്ടിയെ.
അതേ അത് തന്നെയാണ് ഒരുപാട് ബന്ധുക്കളും കുടുംബക്കാരും ഉള്ള വലിയ ഒരു കുടുംബം ഉണ്ടായിട്ടും ഞാൻ ഇന്ന് ഒറ്റപ്പെടാൻ കാരണം.
അറിയോ നിങ്ങൾക്ക്, ഞാൻ ചെയ്ത തെറ്റ് എന്താണെന്ന്, ഒരു മു സ്ലിം കുടുംബത്തിൽ ജനിച്ച ഞാൻ, അച്ഛൻ എന്ന തണൽ പോലും ഇല്ലാത്ത ഒരു പാവപെട്ട വീട്ടിലെ ഒരു ക്രി സ് ത്യൻ പെൺ കുട്ടിയെ പ്രണയിച്ചു.
വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചു, അവൾക്ക് നല്ല ഒരു ജീവിതം കൊടുക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ മുന്നിൽ ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്.
ഈ ബന്ധത്തെ എതിർത്ത കുറച്ചു നാട്ടുകാരുടെയും കുടുംബക്കാരുടെയും കുറച്ചു കൂട്ടുകാരുടെയും ശകാരങ്ങൾക്കും ഉപദേശങ്ങൾക്കും മുന്നിൽ പതറാതെ എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.
ഞാൻ ചെയ്ത രണ്ടാമത്തെ തെറ്റ് . എന്റെ ഒറ്റപ്പെടൽ അവിടെ തുടങ്ങി.
എല്ലാവർക്കും അറിയാമായിരുന്നൂ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ ഒരു ബിസിനസ്സ് തുടങ്ങിയിട്ട് അധികം ആയിട്ടില്ലന്ന്.
അതുകൊണ്ട് തന്നെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണെന്ന സത്യവും.
ബിസിനസ് കാര്യമായ ഒരു വിജയം ആയില്ലന്ന് തിരിച്ചറിഞ്ഞ എന്റെ കുടുംബക്കാർ എന്റെ മുന്നിൽ ഒരു ഓഫർ വെച്ചു, എന്താണെന്ന് അറിയാമോ?.
ഞാനും അവളും തമ്മിലുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് ഞാൻ ചെയ്ത തെറ്റിന് എല്ലാവരോടും മാപ്പ് പറയണം എങ്കിൽ ഗൾഫിലോട്ട് ഒരു വിസ സങ്കടിപ്പിച്ചു തരാം അതായിരുന്നു ഓഫർ .
എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. എനിക്ക് സൗകര്യമില്ല എന്ന് പറഞ്ഞ ആളോട് മുഖത്ത് നോക്കി പറയാൻ.
ജനിച്ചത് ഒറ്റക്കല്ലെ? മരിക്കുന്നത് ഒറ്റക്ക് ആരൊക്കെ ഒറ്റപ്പെടുത്തിയാലും ജീവിച്ചല്ലെ പറ്റൂ .
ജീവിതത്തിൽ ഇന്നേവരെ ഒരു ഉപകാരവും കിട്ടാത്ത കുടുംബക്കാരുടെയും നാട്ടുകാരുടെയും വാശിക്ക് മുന്നിൽ 4 വർഷം വെച്ച് നീട്ടി കൊതിപ്പിച്ച ഒരു ജീവിതം അവളിൽ നിന്നും തട്ടി തെറിപ്പിക്കാൻ എനിക്ക് സൗകര്യമില്ലായിരുന്നു.
ഞാൻ അവളെ അങ്ങോട്ട് കെട്ടാൻ തീരുമാനിച്ചു. എല്ലാം അറിഞ്ഞിട്ടും കൂടെ നിന്ന വിരലിൽ എണ്ണാവുന്ന കൂട്ടുകാരെ സാക്ഷിയാക്കി , എന്നെ ഒരുപാട് സ്നേഹിക്കുന്ന അവളെ നിയമപരമായി ഞാൻ ഭാര്യയാക്കി .
അവർക്ക് മുന്നിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ താന്തോന്നിയും , തെമ്മാടിയും , തന്നിഷ്ട്ടക്കാരനുമായി മാറാൻ അത്രയും മതിയായിരുന്നു .
ഞങ്ങൾ ജീവിക്കാൻ തുടങ്ങി, പിന്നീട് അങ്ങോട്ട് പോക്കറ്റിൽ 1 രൂപ പോലും എടുക്കാനില്ലാതെ , ഒരുപാട് കടങ്ങളും ആയി കുറച്ചധികം ദിവസങ്ങൾ .
കൂട്ടിന് ആരുമില്ല അവളല്ലാതെ. ഉപദേശം തരാനും ആശ്വസിപ്പിക്കാനും അവൾ മാത്രം . 100 രൂപ കിട്ടിയാൽ 50 രൂപക്ക് ജീവിക്കാൻ അവൾ എന്നെ പഠിപ്പിച്ചു .
ജീവിതത്തിൽ ഇന്നേ വരെ ഒരു സർക്കാർ ആശുപത്രി പോലും കാണാത്ത ഞാൻ എന്ത് അസുഖത്തിനും നമ്മുടെ സർക്കാർ ആശുപത്രികളെ ആശ്രയിച്ച് തുടങ്ങി യാത്രകൾ മുഴുവൻ നമ്മുടെ ksrtc യിലും .
മോശം പറയരുതല്ലോ നമ്മുടെ സർക്കാരിന്റെ സർവീസുകൾ എല്ലാം പറയത്തക്ക മോശം ഒന്നും അല്ലാട്ടോ . ഇപ്പോഴാ അതൊക്കെ മനസ്സിലാവുന്നത്.
ജീവിതം വഴി മുട്ടി ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്ന സമയത്താണ് നമ്മുടെ ബീവി വന്നിട്ട് പറയുവാ ഞാൻ എന്തേലും ചെറിയ ജോലി കിട്ടുവാണേൽ പോകട്ടെയെന്ന് .
അത് കേട്ട് ഞാൻ ഒന്ന് പകച്ചു പോയി . +2 വരെ പഠിച്ച നിനക്ക് എന്ത് ജോലിയാടോ കിട്ടുന്നെന്ന് ചോദിച്ചു.
അതൊക്കെ ശ്രമിച്ചാൽ കിട്ടും നിങ്ങൾ ഇങ്ങനെ ഒറ്റക്ക് കഷ്ടപ്പെടുന്നത് കാണാൻ വയ്യ . നിങ്ങൾ സമ്മതം മാത്രം തന്നാൽ മതി എന്നായിരുന്നു ബീവിടെ മറുപടി . ചങ്ക് പെടഞ്ഞിട്ടാണെങ്കിലും ഞാൻ സമ്മതിച്ചു .
അവൾ എപ്പോഴും അങ്ങിനെയാണ് , എന്ത് ചെയ്യണം എന്നറിയാതെ ചങ്കിൽ തീ പിടിച്ചു നിന്നിരുന്ന പല സാഹചര്യങ്ങളിലും ആ തീ കെടുത്താൻ എന്തെങ്കിലും വഴിയുംമായി അവൾ അവതരിക്കുന്നത് ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാൻ .
അവളുടെ ആശ്വാസ വാക്കുകൾക്ക് എപ്പോഴും എന്റെ നെഞ്ചിലെ ഭാരം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട് .
താമസിയാതെ തന്നെ ഒരു ചെറിയ ജോലി കണ്ടുപിടിച്ചു അവൾ പിന്നെയും എന്നെ ഞെട്ടിച്ചു .
പാവം ഒരു സങ്കടത്തോടെ തന്നെയാ ഹോസ്റ്റ്ലിലേക്ക് പോയത് . ഞാനും തുടങ്ങി ഒരു ജോലി അന്വേഷിക്കാൻ .
താമസിയാതെ തന്നെ അവൾടെ ടൗണിൽ ഒരു ജോലി ഞാനും തരപെടുത്തി .അവിടെ ഒരു കൊച്ചു വീടും വാടകക്ക് എടുത്ത് ഒരുമിച്ച് പിന്നേം ഞങ്ങൾ സ്വപ്നം കണ്ട ജീവിതം ജീവിച്ച് തുടങ്ങി .
കാലം കുറച്ചു കൂടെ കടന്നു പോയി . കടവും കഷ്ടപ്പാടും എല്ലാം മാറി . അത്യാവശ്യം സാമ്പത്തികവും ആയി . നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് കൊണ്ട് തന്നെ കൈ വിട്ടു പോയതു ഓരോന്നായി തിരിച്ചു പിടിച്ചു .
ഒറ്റപ്പെടുത്തി പോയ എല്ലാവരുടെയും മുന്നിൽ എന്റെ പാത്തൂന്റെ കൈയും പിടിച്ച് ഞെഞ്ചുവിരിച്ച് നടന്നു , എന്റെ മധുര പ്രതികാരം . എന്തായാലും എല്ലാവർക്കും ഇപ്പൊൾ എന്നെ വേണം .
അത് അങ്ങനെ ആണല്ലോ പണത്തിനു മീതെ പരുന്ത് മാത്രമല്ല . പണത്തിനു മീതെ ഒരു ജാതിയും മതവും , ആരുടെയും അഭിമാനവും ഒന്നും പറക്കില്ലായെന്ന് ഇന്നെനിക്ക് മനസ്സിലായി.
അന്ന് ഇവരുടെ വാക്കിന് മുന്നിൽ തോറ്റു കൊടുത്തിരുന്നെങ്കിൽ എന്റെ പാത്തൂനെ എനിക്ക് തിരിച്ച് പിടിക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടു പോകുമായിരുന്നില്ലെ ??.
അന്ന് അവളെ തളളി പറഞ്ഞവർ എല്ലാവരും ഇന്ന് ഞങ്ങൾക്ക് പിറക്കാനിരിക്കുന്ന കുഞ്ഞാവക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് …
NB : പരിശ്രമിക്കാനും കഷ്ട്ടപെടാനും തയ്യാറാണെങ്കിൽ നമ്മുടെ നാട്ടിൽ നിന്ന് തന്നെ ആഗ്രഹങ്ങൾ എല്ലാം നേടി എടുക്കാൻ കഴിയും .
എന്തിന് വേണ്ടപ്പെട്ടവരെ ഇവിടെ തനിച്ചാക്കി അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നു.
എല്ലാവർക്കും ഒരു ചെറിയ ജീവിതമേ ഒള്ളു അത് ആഗ്രഹിച്ച പോലെ , നമുക്ക് വേണ്ടപെട്ടവരുടെ കൂടെ ജീവിക്കാൻ ശ്രമിക്കുക .
നമ്മുടെ ജീവിതം മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി ആകരുത് . അക്കര ഇക്കര നിന്ന് ബിരിയാണി തിന്നുന്നതിലും നല്ലത് ഒരുമിച്ചിരുന്ന് കഞ്ഞി കുടിക്കുന്നതല്ലെ ???