(രചന: ശ്രേയ)
” പെണ്ണിനെ പെണ്ണായി തന്നെ വേണ്ടേ വളർത്താൻ..? ഇവിടെ വിനോദിന്റെ മോളെ കണ്ടില്ലേ..?
അതിനെ കണ്ടാൽ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റില്ല.. ഓരോരോ വേഷംകെട്ടുകളും ഭാവങ്ങളും രൂപങ്ങളും ഒക്കെ..”
പുച്ഛത്തോടെ ആരോ ഒരാൾ പറയുമ്പോൾ അത് ശരിയാണ് എന്ന അർത്ഥത്തിൽ മറ്റുള്ളവരൊക്കെയും തലയാട്ടുന്നുണ്ടായിരുന്നു.
“അതിന് ആ കൊച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അത് പുറനാട്ടിലൊക്കെ ജീവിച്ച കൊച്ചല്ലേ..? അവിടുത്തെ ശീലങ്ങളും രീതികളും ഒക്കെ ഇങ്ങനെ ആയിരിക്കും..”
അവളെ സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ടായിരുന്നു.
” അവിടെ അങ്ങനെയായിരുന്നു എന്ന് കരുതി ഇവിടെ ഈ നാട്ടിൻപുറത്തും അങ്ങനെയൊക്കെ തന്നെ വേണം എന്ന് നിർബന്ധം പിടിക്കാൻ പറ്റുമോ..? ഇവിടെ വരുമ്പോൾ ഇവിടുത്തെ രീതികളും ശീലങ്ങളും ഒക്കെ അറിഞ്ഞ് അങ്ങനെ വേണ്ടേ പെരുമാറാൻ..? ”
ആദ്യം സംസാരിച്ച ആൾ തന്നെ വീണ്ടും ചോദിച്ചപ്പോൾ അതിനു മറുപടിയില്ലാതെ മറ്റുള്ളവർ പരസ്പരം നോക്കി.
വിനോദിനും ശാലിനിക്കും രണ്ടു മക്കളാണ്. മൂത്തത് മകനും രണ്ടാമത്തേത് മകളും.
മകൻ ജോലിയൊക്കെ കിട്ടി വിദേശത്താണ്. മകൾ ദേവിക ആണെങ്കിൽ എം ബി എ ഒക്കെ കഴിഞ്ഞതിനു ശേഷം ഇപ്പോൾ നാട്ടിലുണ്ട്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യണമെന്ന് തന്നെയാണ് അവളുടെയും ആഗ്രഹം.
അവളുടെ വിദ്യാഭ്യാസമൊക്കെ വേറെ വേറെ സ്ഥലങ്ങളിൽ ആയിരുന്ന അതുകൊണ്ടുതന്നെ കുറച്ചുനാളുകൾ എങ്കിലും അച്ഛനോടൊപ്പം അമ്മയോടും ഒപ്പം നീ ഉണ്ടാവണം
എന്നുള്ളത് ശാലിനിയുടെ നിരന്തരമായ അഭ്യർത്ഥന നിമിത്തം കുറച്ചുനാളുകൾ അവരോടൊപ്പം ചിലവഴിക്കാൻ വേണ്ടി നാട്ടിലേക്ക് എത്തിയതാണ് അവൾ.
അതിനു ശേഷം ജോലി കണ്ടെത്തി വിദേശത്തേക്ക് പോകാമെന്ന് തന്നെയാണ് അവൾ കരുതിയിരിക്കുന്നത്.
അവളുടെ വസ്ത്രധാരണവും രീതികളും ഒക്കെ എല്ലാവർക്കും ഒരു അമ്പരപ്പായിരുന്നു.
ആ ഗ്രാമ പ്രദേശത്ത് ഒരുപക്ഷേ ജീൻസും ടോപ്പും ഒക്കെ ഇട്ട് ആദ്യമായി പുറത്തിറങ്ങിയ പെൺകുട്ടി അവളായിരിക്കും. എന്നുമാത്രമല്ല സാരി പട്ടുപാവാട എന്നിങ്ങനെയുള്ള വസ്ത്രങ്ങളോട് അവൾക്ക് തീരെ താല്പര്യമില്ല.
ആ വസ്ത്രങ്ങളിൽ ഒന്നും അവൾ തീരെ കംഫർട്ടബിൾ അല്ല എന്നാണ് അവൾ പറയാറ്.
ഇതിനൊക്കെ പുറമേ ബുള്ളറ്റ് ഓടിക്കാൻ മറ്റുള്ള വാഹനങ്ങൾ ഈസിയായി ഓടിക്കാനും ഒക്കെ അവൾക്ക് നല്ല കഴിവാണ്.ബുള്ളറ്റിൽ അവൾ പറപ്പിച്ചു വിടുന്നത് കണ്ടാൽ എല്ലാവരും അമ്പരന്ന് നിൽക്കും.
ചിലരൊക്കെ പുച്ഛത്തോടെ മുഖം തിരിക്കും.
പെണ്ണായി വളർത്തിയില്ല എന്ന് കുറ്റം പറയും.. അവളുടെ അച്ഛന്റെയും അമ്മയുടെയും വളർത്തുദോഷം ചൂണ്ടിക്കാണിക്കാൻ മാത്രമേ എല്ലാവർക്കും സമയം ഉണ്ടാകാറുള്ളൂ..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന് തുറന്നു പറയാൻ അവൾക്ക് യാതൊരു മടിയും ഇല്ല.
ഒരിക്കൽ അവൾ നാട്ടിലെ ഉത്സവത്തിന് പങ്കെടുക്കാൻ പോയിരുന്നു. അന്നും സാധാരണ എല്ലാ ദിവസത്തെയും പോലെ ജീൻസും ടോപ്പും തന്നെയായിരുന്നു അവളുടെ വേഷം. അത് കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വച്ചു.
അതൊന്നും കാര്യമാക്കാതെ അവൾ അമ്പലപ്പറമ്പിലൂടെ കാഴ്ചകളും കണ്ടു നടന്നു.
അതിനിടയിലാണ് അവളുടെ കണ്ണിൽ ഒരു കൂട്ടം ചെറുപ്പക്കാർ പെടുന്നത്.
മുന്നിലൂടെ പോകുന്ന പെൺകുട്ടികളെ മുഴുവൻ കമന്റടിക്കുകയും പലതരത്തിലുള്ള നോട്ടങ്ങളും ഭാവങ്ങളും ചൂളം വിളികളും ഒക്കെയായി പെൺകുട്ടികൾക്ക് മുഴുവൻ ഒരു ഡിസ്റ്റർബൻസ് ആയി മാറിയിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ..
വളക്കടകളും മറ്റുള്ള കളിപ്പാട്ടങ്ങളും ഒക്കെ അവർ ഇരിക്കുന്നതിന്റെ തൊട്ടടുത്താണ് എന്നുള്ളതു കൊണ്ടാണ് ആർക്കും അങ്ങോട്ട് പോകാൻ പോലും കഴിയാത്ത അവസ്ഥ..
കുറച്ചു നേരം അവൾ അവരെ തന്നെ ശ്രദ്ധിച്ചു നിന്നു.പെട്ടെന്നാണ് അവരുടെ അടുത്തേക്ക് പോകുന്ന മാളവികയെ അവൾ ശ്രദ്ധിക്കുന്നത്. മാളു അവളുടെ തൊട്ടടുത്തുള്ള പെൺകുട്ടിയാണ്.
പത്താം ക്ലാസ് കഴിഞ്ഞാൽ നൽകുന്ന അവളോട് ദേവികയ്ക്ക് വല്ലാത്തൊരു വാത്സല്യമാണ്. നന്നായി പഠിക്കുന്ന പെൺകുട്ടി ആയതുകൊണ്ട് തന്നെ മാളുവിനോട് ആ ഒരു സ്നേഹക്കൂടുതൽ കൂടി ദേവുവിനു ഉണ്ട്.
മാളു അടുത്തേക്ക് ചെല്ലുന്നത് കണ്ടതും ആ ചെറുപ്പക്കാർ ചൂളം വിളിക്കാനും കമന്റ് അടിക്കാനും തുടങ്ങി. അതൊക്കെ കണ്ട് മാളു ഭയന്ന് വിറച്ചു.
പെട്ടെന്ന് അവരിൽ ഒരാൾ ചാടി എഴുന്നേറ്റു അവളുടെ കൈപിടിച്ചു വലിക്കുന്നത് കണ്ടപ്പോൾ ദേവുവിന്റെ നിയന്ത്രണം വിട്ടു.
അത്രയും സംഭവങ്ങൾ അവിടെ നടക്കുന്നത് കണ്ടിട്ടും ഒരാൾ പോലും പ്രതികരിക്കുന്നില്ല എന്നുള്ളത് ദേവുവിനെ കൂടുതൽ ദേഷ്യത്തിൽ ആക്കി. അവൾ അവർക്ക് അടുത്തേക്ക് കുതിച്ചു.
ഒറ്റ ചവിട്ടിന് മാളുവിന്റെ കയ്യിൽ പിടിച്ചവനെ നിലത്തേക്ക് വീഴ്ത്തുമ്പോൾ ചുറ്റും നിന്നവർ മുഴുവൻ അവളെ അമ്പരപ്പോടെ നോക്കി.
” നിന്റെയൊക്കെ ഇമ്മാതിരി അഭ്യാസങ്ങൾ നിങ്ങൾക്ക് വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട് വല്ലവരും ചെയ്യുമ്പോൾ ഇതേ പോലെ കൈയ്യടിക്കാനും പ്രോത്സാഹിപ്പിക്കാനും നിന്നെയൊക്കെ കൊണ്ട് പറ്റുമോ..? ഇതേ അവസ്ഥ തന്നെയാണ് ഓരോ പെണ്ണിനും.. മേലിൽ ഇത് ആവർത്തിക്കരുത്.. ”
അവന്റെ കാരണം നോക്കി ഒന്നുകൂടി കൊടുത്തു കൊണ്ട് മാളുവിനെയും വലിച്ച് അവിടെ നിന്നും നടക്കുന്നതിനിടയിൽ ദേവു അവരോട് പറഞ്ഞു.
കാണുന്നവരിൽ പലർക്കും അത് പലവിധ അഭിപ്രായങ്ങൾ ഉണ്ടാക്കുന്നതായിരുന്നു.
ചിലരൊക്കെ അത് ദേവുവിന്റെ അഹങ്കാരമായി പറയുമ്പോൾ, ചിലരൊക്കെ അവൾ ചെയ്ത പ്രവർത്തിയെ പുകഴ്ത്തുന്നുണ്ടായിരുന്നു.
എന്തായാലും പെണ്ണിനെ വളർത്തിയതിന്റെ ദോഷം എന്നുള്ള സംസാരം ഒരു പരിധി വരെ അവസാനിച്ചു കിട്ടി.
ഒരിക്കൽ ഒരു രാത്രിയിൽ തൊട്ടടുത്ത വീട്ടിലെ മറിയാമ്മ ചേട്ടത്തിക്ക് സുഖമില്ലാതായി. വണ്ടികൾ ഒന്നും വിളിച്ചിട്ട് കിട്ടാനുമില്ല.
അവസ്ഥയിൽ അവർ ഓടിയെത്തിയത് വിനോദിന്റെ അടുത്തേക്ക് ആയിരുന്നു. പക്ഷേ അന്ന് ബിസിനസ് സംബന്ധമായി എന്തോ മീറ്റിംഗ് ഉള്ളതുകൊണ്ട് വിനോദും സ്ഥലത്തുണ്ടായിരുന്നില്ല.
നിരാശയോടെ മടങ്ങാൻ തുടങ്ങിയവർക്ക് മുന്നിലേക്ക് കാർ സ്റ്റാർട്ട് ചെയ്തിട്ടുമുണ്ട് അവരുടെ മുന്നിലേക്ക് വന്നത് അവളായിരുന്നു.. ദേവു..
അന്ന് ഒരു രാത്രി മുഴുവൻ ആശുപത്രിയിൽ എല്ലാവരുടെയും ഒപ്പം കാവൽ ഇരിക്കുമ്പോഴും ഓരോ കാര്യങ്ങൾക്ക് വേണ്ടി ഓടി നടക്കുമ്പോഴും കാണുന്നവർ മുഴുവൻ അവളെ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു.
തന്റെ ആരുമല്ലാത്ത ഒരു കുടുംബത്തിന് വേണ്ടി അത്രയും ആത്മാർത്ഥമായി ഓടി നടക്കുന്ന പെൺകുട്ടിയെ ഇത്രയും കാലം കുറ്റം പറഞ്ഞതോർത്ത് പലരും വേദനിക്കുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ നിന്നും മറിയാമ്മ ചേട്ടത്തിയെ ഡിസ്ചാർജ് ചെയ്യുന്നതുവരെ അവരുടെ എല്ലാ കാര്യങ്ങൾക്കും ദേവു ഉണ്ടായിരുന്നു.
അന്നോളം അവൾ വണ്ടിയോടിച്ചതിനെയും വസ്ത്രം ധരിച്ചതിനെയും കുറ്റം പറഞ്ഞവർ പലരും,
” ആ കുട്ടിക്ക് ഡ്രൈവിംഗ് അറിയാമായിരുന്നതു കൊണ്ട് മാത്രമാണ് മറിയാമ്മ ചേട്ടത്തിക്ക് ജീവൻ തിരിച്ചു കിട്ടിയത്..”
എന്ന് മാറ്റി പറയാൻ തുടങ്ങി.
ഏതൊക്കെ വസ്ത്രം ധരിച്ചാലും എങ്ങനെയൊക്കെ നടന്നാലും മനുഷ്യത്വവും നന്മയും ഉള്ളിലുള്ള പെൺകുട്ടിയാണ് ദേവു എന്ന് തിരിച്ചറിയാൻ അധികം താമസം ഒന്നും വേണ്ടി വന്നില്ല.
പിന്നീട് ജോലി ശരിയായി അവൾ അമേരിക്കയിലേക്ക് പറന്നപ്പോഴും ചിലരെങ്കിലും അവളുടെ ഉയർച്ചയിൽ കുറ്റങ്ങൾ പറഞ്ഞു.
മറ്റു ചിലർ ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും വലിയൊരു രാജ്യത്ത് ജോലി ശരിയായി അവിടേക്ക് പോയ അവളുടെ ഭാഗ്യത്തെ സ്തുതിച്ചു.. ചിലർ അവളുടെ കഴിവിനെയും..!
തന്റെ ജോലിയിൽ നിന്നും തനിക്ക് കിട്ടിയിരുന്ന വരുമാനം സൂക്ഷിച്ചുവച്ച് സ്വന്തം നാട്ടിൽ സ്ത്രീകൾക്ക് വേണ്ടി മാത്രം ഒരു വരുമാനമാർഗ്ഗം
എന്ന രീതിയിൽ ഒരു ബിസിനസ് സാമ്രാജ്യം അവൾ കെട്ടിപ്പടുത്തപ്പോൾ വിനോദ് തന്റെ മോളെ വളർത്തിയത് പോലെ കണ്ടുപഠിക്കൂ എന്ന് നാട്ടുകാർ മാറ്റി പറഞ്ഞു തുടങ്ങി.
സ്ത്രീകൾ എല്ലായിടത്തും എല്ലായിപ്പോഴും സുരക്ഷിതരായിരിക്കണം എന്ന ചിന്തയിൽ അവളുടെ കീഴിൽ കളരിയും അത്യാവശ്യം വേണ്ടുന്ന ആയോധനകലകളും ഒക്കെ പഠിപ്പിക്കുന്ന രീതിയിൽ ഒരു സ്ഥാപനം തുടങ്ങിയപ്പോൾ അവളെപ്പോലെ ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു അവൾ.
തടസ്സങ്ങൾ ഒരുപാടുണ്ടാകും.. നമ്മുടെ കഴിവിനെയും ഉദ്ദേശശുദ്ധിയെയും ഒക്കെ കുറ്റം പറയുന്നവർ ഉണ്ടാകും. നാട്ടുകാർ പറഞ്ഞതുപോലെ വളർത്തുദോഷം എന്ന് അഭിപ്രായപ്പെടുന്നവർ ഉണ്ടാകും.
പക്ഷേ അതൊക്കെ മാറ്റി പറയിക്കാൻ നമ്മളെക്കൊണ്ട് പറ്റും.. അവളുടെ ആ ചിന്ത തന്നെയായിരുന്നു അവളുടെ ഉയർച്ചയും..!!
ഇന്ന് ആ നാടിന്റെ പ്രതീകം തന്നെ ദേവികയാണ്.. ഒരുകാലത്ത് വളർത്തുദോഷം എന്ന നാട്ടുകാർ പുച്ഛിച്ച അതേ ദേവിക..!!!