അവർക്ക് ഒന്നര വയസ്സ് ആകുന്നതിനു മുൻപ് രണ്ടാമത് ഞാൻ വീണ്ടും പ്രഗ്നന്റ് ആയിആ കുട്ടിക്ക് ഇപ്പോൾ ഒരു വയസ്സ്..

(രചന: ശ്രേയ)

“ദൈവമേ ഒരു ആൺകുട്ടി ആയിരിക്കണേ..”

ലേബർ വാർഡിൽ ബെഡിൽ കിടക്കുന്ന പെൺകുട്ടിയുടെ പ്രാർത്ഥന കേട്ട് തൊട്ടപ്പുറത്ത് ഇരുന്ന് ഞാൻ അവളെ തുറിച്ച് നോക്കി.

ഇങ്ങനെയൊക്കെ ചിന്തിക്കാൻ പാടുണ്ടോ..? അതും പ്രസവിക്കാനായി നിറവയറുമായി വാർഡിൽ കിടക്കുമ്പോൾ..

ഹസ്ബന്റിന്റെ അനിയത്തിക്ക് ഇത് നാലാം മാസമാണ്.. അവൾക്ക് രാവിലെ മുതൽ ചെറിയൊരു വയറുവേദന. അപ്പോൾ ഒന്നു കൊണ്ടു വന്നു കാണിക്കാം എന്ന് കരുതി വന്നതാണ് ഞങ്ങൾ രണ്ടാളും കൂടി..

വന്നു കഴിഞ്ഞപ്പോൾ ഡോക്ടർ പരിശോധിച്ചിട്ട് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല എന്ന് പറയുകയും ചെയ്തു.

എങ്കിലും അവളുടെ ക്ഷീണവും തളർച്ചയും ഒക്കെ കണ്ടപ്പോൾ എന്നാൽ കുറച്ചു സമയം ഒബ്സർവേഷനിൽ കിടക്കട്ടെ എന്നായി ഡോക്ടർ..

24 മണിക്കൂറുകൾ കഴിഞ്ഞിട്ട് ഡിസ്ചാർജ് ചെയ്യാം എന്ന ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾക്കും അത് സമ്മതമായിരുന്നു.

ലേബർ വാർഡിലേക്ക് പുരുഷന്മാർക്ക് പ്രവേശനം ഇല്ലാത്തതു കൊണ്ടു തന്നെ ആശുപത്രിയിൽ ഞാൻ കൂടെ നിന്നോളാം എന്ന് പറഞ്ഞു. മക്കൾ രണ്ടാളും വീട്ടിൽ അമ്മയോടൊപ്പം നിന്നോളും.

മരുന്നിന്റെ സെടെഷനിൽ അനിയത്തി ഉറങ്ങിപ്പോയപ്പോൾ ഫോണും നോക്കി വെറുതെ ഇരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ആ പെൺകുട്ടിയുടെ പ്രാർത്ഥന കേൾക്കുന്നത്.

ഞാൻ കേട്ടു എന്ന് മനസ്സിലായപ്പോൾ അവൾക്ക് ഒരു ജാള്യത തോന്നി. പിന്നീട് ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവൾ തിരിഞ്ഞു കിടന്നു.

പെട്ടെന്നാണ് മധ്യവയസ് ആയ ഒരു സ്ത്രീ അകത്തേക്ക് കയറി വരുന്നത്. അവർ നേരെ വന്നത് ആ പെൺകുട്ടിയുടെ അടുത്തേക്ക് ആയിരുന്നു.

അവരെ കണ്ടതും അവൾ പ്രയാസപ്പെട്ട് എഴുന്നേറ്റു ഇരിക്കാൻ ശ്രമിച്ചു.

” എന്തായി വേദന തുടങ്ങിയോ..?”

അവർ ചോദിക്കുന്നത് ഒരല്പം ക്രൂരമല്ലേ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.. ഒരു പെൺകുട്ടിയോട് നേരെ കയറി വന്ന് ഇങ്ങനെയാണോ ചോദിക്കുക..?

അപ്പോൾ തന്നെ ആകെ ഒരു വല്ലായ്മ..!

ഇല്ല എന്ന് പതിഞ്ഞ ശബ്ദത്തിൽ ആ പെൺകുട്ടി മറുപടി പറയുന്നത് കേട്ടു.

” ഇതെങ്കിലും ഒരു ആൺകുട്ടി ആയാൽ മതിയായിരുന്നു ഈശ്വരാ.. ”

ആ പെൺകുട്ടി പറഞ്ഞ അതേ വാക്യം അവരും ആവർത്തിക്കുന്നത് കേട്ടപ്പോൾ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി.

ആ പെൺകുട്ടിയുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ദൈന്യത കണ്ടപ്പോൾ കാര്യമായ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടാകും എന്ന് ഊഹിക്കാതിരുന്നില്ല.

ആ പെൺകുട്ടിയെ കണ്ടാൽ വലിയ പ്രായം ഒന്നും പറയാനില്ല. 26 വയസുണ്ടാകും..! പക്ഷേ ആ പ്രായത്തിന്റെതായ ഒരു തുടിപ്പും പ്രസരിപ്പും ഒന്നും അവളിൽ കാണാനില്ല.

എന്ന് മാത്രമല്ല ആകെ ക്ഷീണിച്ചു കോലം കെട്ട ഒരു രൂപമാണ് അവളുടേത്.

അവർ അമ്മയും മകളുമാണെന്ന് സംസാരത്തിൽ നിന്ന് പിന്നീട് മനസ്സിലായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു വയസ്സ് പ്രായമുള്ള ഒരു കുട്ടിയെയും കൊണ്ട് ഒരു പുരുഷൻ പ്രത്യക്ഷപ്പെട്ടു.

അത് കണ്ടപ്പോൾ തന്നെ അമ്മ എഴുന്നേറ്റ് അവിടേക്ക് പോവുകയും കുഞ്ഞിനെയും കൊണ്ട് അവളുടെ അടുത്തേക്ക് വരികയും ചെയ്തു. കുഞ്ഞിനെ കണ്ട ഉടനെ അവൾ അതിനെ ചേർത്തു പിടിച്ച് മുത്തങ്ങൾ കൊടുക്കുകയും ഓരോന്ന് ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇനി അച്ഛനോടൊപ്പം പോയിരുന്നു എന്ന് പറഞ്ഞു ആ കുഞ്ഞിനെ മടക്കി അയക്കുന്നത് കണ്ടു.

ഒരുപക്ഷേ അതൊരു പെൺകുട്ടിയായതു കൊണ്ടായിരിക്കാം അവർ ഇനി ഒരു ആൺകുട്ടിക്ക് വേണ്ടി ആഗ്രഹിക്കുന്നത് എന്ന് തോന്നി.

കുറച്ചുനേരം കൂടി കഴിഞ്ഞതും അമ്മ വീണ്ടും പുറത്തേക്ക് പോയി. ആ പെൺകുട്ടി എന്തൊക്കെയോ ഓർത്തിരിക്കുന്നതും കണ്ണുകൾ നിറയുന്നതും കണ്ടപ്പോൾ സഹതാപം തോന്നി.

“മോൾക്ക് എന്താ പറ്റിയത്..? എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്..? വേദനയുണ്ടോ..?”

ഞാൻ ചോദിച്ചപ്പോൾ ഞെട്ടലോടെ ആ കുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ ഇല്ല എന്ന് തലയാട്ടി.

” പിന്നെന്തിനാടോ ഈ ഒരു അവസ്ഥയിൽ ഇങ്ങനെ കണ്ണീരുമായി ഇരിക്കുന്നത്..? സന്തോഷിക്കേണ്ട സമയമല്ലേ ഇത്..? 9 മാസത്തെ കാത്തിരിപ്പിന് ശേഷം കണ്മണിയെ ആദ്യമായി കാണുന്ന നിമിഷം..!!”

വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ പറഞ്ഞപ്പോഴും ആ കുട്ടി വിഷമത്തോടെ എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

അവളുടെ നോട്ടത്തിലും ഭാവത്തിലും ഒക്കെ എന്തൊക്കെയോ പന്തികേട് തോന്നിയെങ്കിലും ആദ്യമായി കാണുന്ന പെൺകുട്ടിയോട് എങ്ങനെയാണ് അതൊക്കെ തുറന്നു ചോദിക്കുക എന്നൊരു സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.

” ഇത് എന്റെ ആദ്യത്തെ പ്രസവം ഒന്നുമല്ലല്ലോ.. മൂന്നാമത്തെയാണ്.. എനിക്ക് ആദ്യത്തെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ ആയിരുന്നു.. പെൺകുട്ടികൾ..

രണ്ടാമത്തെ പ്രസവത്തിലുള്ള മോളാണ് ഇപ്പോൾ ഇവിടെ വന്നിട്ട് പോയത്.. ഇപ്പോൾ എനിക്ക് മൂന്ന് പെൺകുട്ടികൾ ഉണ്ട്.. ഇനിയെങ്കിലും ഒരു ആൺകുട്ടിയെ കിട്ടിയില്ലെങ്കിൽ എനിക്ക് ആ വീട്ടിൽ ജീവിക്കാൻ പറ്റില്ല ചേച്ചി..”

ദയനീയമായി ആ പെൺകുട്ടി പറഞ്ഞപ്പോൾ അമ്പരപ്പും സഹതാപവും ഒക്കെ തോന്നുന്നുണ്ടായിരുന്നു.

” ആദ്യത്തെ പ്രസവത്തിൽ രണ്ട് പെൺകുട്ടികളെ കിട്ടിയപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ഇനി പ്രസവിക്കണ്ട എന്ന്.

നമുക്ക് രണ്ടു കുട്ടികൾ ഉണ്ടല്ലോ ഇനിയും എന്തിനാ എന്ന് ഞാൻ ചോദിച്ചപ്പോൾ എന്റെ അമ്മായിയമ്മ എന്നെ കൊന്നില്ലെന്നേ ഉള്ളൂ. ഇങ്ങനെയാണെങ്കിലും ഒരു ആൺകുട്ടിയെ അവർക്ക് കിട്ടിയെ മതിയാകൂ എന്ന് വാശിയിലായിരുന്നു അവർ.

ഞാൻ ആദ്യമായി ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ എന്റെ വയറ്റിൽ ഉള്ളത് ആൺകുട്ടിയാകണം എന്ന് പറഞ്ഞ് ഒരുപാട് നേർച്ചയും കാഴ്ചയും ഒക്കെയായി നടന്നതാണ് അവർ.

പെൺകുട്ടികൾ ജനിച്ചു കഴിഞ്ഞപ്പോൾ ആ കുട്ടികളെ ഒന്നു നോക്കാനുള്ള മനസ്സ് പോലും അവർ കാണിച്ചില്ല. അവർക്ക് ഒന്നര വയസ്സ് ആകുന്നതിനു മുൻപ് രണ്ടാമത് ഞാൻ വീണ്ടും പ്രഗ്നന്റ് ആയി

ആ കുട്ടിക്ക് ഇപ്പോൾ ഒരു വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ.. അതിനിടയിൽ ഇപ്പോൾ അടുത്തത്.. എന്നെക്കൊണ്ട് പറ്റില്ല എന്ന് പറഞ്ഞാൽ ആൺകുട്ടിയെ കിട്ടുന്നതു വരെ പ്രസവിച്ച മതിയാവൂ എന്ന് ഭർത്താവും പറയും.

അതൊരിക്കലും എന്നോടുള്ള സ്നേഹക്കുറവു കൊണ്ടൊന്നുമല്ല കേട്ടോ.. അമ്മയെ പേടിച്ചിട്ടാണ്.. എന്റെ കഷ്ടപ്പാടും ദുരിതങ്ങളും ഒക്കെ കാണുമ്പോൾ അദ്ദേഹത്തിന് സങ്കടമാണ്..

പക്ഷേ പറഞ്ഞിട്ടെന്താ കാര്യം.. അമ്മയുടെ മുന്നിൽ വച്ച് അതൊന്നും പ്രകടിപ്പിക്കാൻ പറ്റില്ല.

അങ്ങനെ എന്തെങ്കിലും ചെയ്താൽ അമ്മ പിന്നെ പോരെടുക്കുക ഏട്ടനോട് ആയിരിക്കും. ഏട്ടന് അമ്മയും വേണം ഞാനും വേണം. ആരെയും തള്ളിക്കളയാൻ പറ്റില്ല എന്നൊരു അവസ്ഥയാണ്.

അതുകൊണ്ടാണ് എല്ലാം സഹിച്ചും ക്ഷമിച്ചും ആ വീട്ടിൽ തന്നെ നിൽക്കണം എന്നൊരു ഭാവത്തിൽ അദ്ദേഹം നിൽക്കുന്നത്.. ഇനി ഇതും കൂടി ഒരു പെൺകുട്ടിയാണെങ്കിൽ പിന്നെ ആ വീട്ടിൽ ജീവിക്കുന്ന കാര്യം ഓർക്കാൻ കൂടി വയ്യ..

ചിലപ്പോൾ എന്നെന്നേക്കുമായി എന്നെ ഉപേക്ഷിക്കാൻ ആയിരിക്കും അമ്മ ഏട്ടനോട് പറയുക. ഏട്ടൻ എന്തു തീരുമാനമെടുക്കും എന്നൊന്നും എനിക്കറിയില്ല.. എല്ലാം കൂടി ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്നു.. ”

അവളുടെ വിഷമങ്ങൾ കേട്ടപ്പോൾ അവളോട് ഒരേസമയം സഹതാപവും ദേഷ്യവും ഒക്കെ തോന്നുന്നുണ്ടായിരുന്നു. അവളെ മനസ്സിലാക്കാത്ത ഒരിടത്ത് കടിച്ചു തൂങ്ങി നിൽക്കുന്നതിനേക്കാൾ ഇറങ്ങിപ്പോയി കൂടെ എന്നു വരെ ചിന്തിച്ചു.

പക്ഷേ ഈ ചെറിയ പ്രായത്തിൽ നാല് കുട്ടികളെയും കൊണ്ട് അവൾ എങ്ങനെ ജീവിക്കും എന്ന് ഓർക്കുമ്പോൾ ഒരു ഭയം..!

ആ പെൺകുട്ടിയുടെ പ്രസവത്തിന് വേണ്ടി ഒരുപക്ഷേ അവളുടെ വീട്ടുകാരെക്കാൾ കൂടുതൽ ആകാംഷയോടെ കാത്തിരുന്നത് ഞാനായിരിക്കും.

അവളുടെ ഇനിയുള്ള ജീവിതം സുരക്ഷിതമായിരിക്കുമോ എന്നറിയാൻ വല്ലാത്തൊരു ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു..

എന്തായാലും ഏകദേശം ഒരു മണിക്കൂറിനുള്ളിൽ പ്രസവ വേദനയാൽ പുളഞ്ഞ ആ പെൺകുട്ടിയെ തിയേറ്ററിലേക്ക് കയറ്റി.

കടന്നു പോകുന്ന ഓരോ നിമിഷവും പരീക്ഷണത്തിന്റെതാണ് എന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നു. അതിനിടയിൽ അനിയത്തി മയക്കം വിട്ട് എഴുന്നേറ്റു.

എന്റെ പരാക്രമങ്ങൾ കണ്ട് പരിഭ്രമിച്ചിരുന്ന അവളോട് കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ എന്നെപ്പോലെ തന്നെ അവൾക്കും ടെൻഷനായി.

അന്ന് രാത്രിയിൽ ആ കുട്ടിയുടെ അമ്മ മുറിയിലേക്ക് വന്നപ്പോൾ പതിവിലും അധികം സന്തോഷം അവരുടെ മുഖത്ത് കാണാൻ ഉണ്ടായിരുന്നു.

ആകാംക്ഷയോടെ അവരോട് എന്തായി എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി എന്നെ അത്രത്തോളം ആഹ്ലാദ തിമിർപ്പിൽ കൊണ്ടെത്തിക്കാൻ പോന്നതായിരുന്നു..

” അവൾ പ്രസവിച്ചു.. ആൺകുട്ടിയാണ്.. അവസാനം ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം ഞങ്ങൾക്ക് കിട്ടി.. ”

സന്തോഷത്തോടെ പറഞ്ഞുകൊണ്ട് അവർ എന്തൊക്കെയോ സാധനങ്ങളുമായി നടന്നു നീങ്ങുമ്പോൾ ഞാൻ ആശ്വസിച്ചത് മുഴുവൻ ഇനിയെങ്കിലും ആ പെൺകുട്ടിക്ക് സമാധാനം കിട്ടുമല്ലോ എന്ന് ഓർത്തിട്ടായിരുന്നു..!!