പിന്നെ ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം ജാനകിയെയും അമ്മയെയും കാണാതെ ഇരുന്നപ്പോൾ..

ജാനകി
(രചന: ശ്യാം കല്ലുകുഴിയിൽ)

തിരക്ക് പിടിച്ച നഗര ജീവിതത്തിൽ ജോയിക്ക് ഒരുപാട് സൗഹൃദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഓഫീസിൽ ഉള്ള ഗൗരവക്കാരായ സഹപ്രവർത്തകർ ഇടയ്ക്ക് ഒന്ന് പര്സപരം ചിരിച്ചു കാണിക്കുന്നത് ഒഴിച്ചാൽ ആ നഗരത്തിൽ ആരിലും പുഞ്ചിരി ജോയി കണ്ടിട്ടില്ല.

ഇതൊക്കെ ഇട്ടെറിഞ്ഞ് നാട്ടിലേക്ക് പോകാൻ പലപ്പോഴും അയാളുടെ മനസ്സ് കൊതിച്ചിരുന്നു…

സായാഹ്നങ്ങളിൽ ജീവിതത്തിന്റെ വിരസത മാറ്റാൻ അടുത്തുള്ള കടൽ തീരത്ത് പോയി ഇരിക്കുക പതിവാണ്.

അവിടെ ഓടി കളിക്കുന്ന കുട്ടികളും, അവരെ ശാസിച്ച് അരികിൽ പിടിച്ചിരുത്തുന്ന മാതാപിതാക്കളും, ഇടയ്ക്ക് ഓരോന്നിനും കൊതിച്ച് വാശിപിടിക്കുന്ന കൊച്ച് കുട്ടികളെയും കാണുമ്പോൾ ജോയിയിടെ മനസ്സും അൽപ്പം ശാന്തമാക്കും…

പതിവുപോലെ കടൽ തീരത്തെ ഒഴിഞ്ഞ കോൺക്രീറ്റ് ബഞ്ചിൽ ഇരിക്കുമ്പോൾ ആണ് ജാനകിയെ ആദ്യമായി ജോയി കാണുന്നത്.

കടലത്തീരത്തെ ഒഴിഞ്ഞ കോണിൽ പോ ളി യോ ബാദിച്ച് ശോഷിച്ച കാലുള്ള സ്ത്രീ മണ്ണെണ്ണ സ്റ്റൗവിൽ ഇരിക്കുന്ന ചട്ടിയിൽ മണലിനൊപ്പം ഇളക്കുന്ന ചൂട് കപ്പലണ്ടി

ചെറിയ പേപ്പർ കക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുകയാണ് ആ ക റുത്ത് മെലിഞ്ഞ പത്തോ പന്ത്രണ്ടോ വയസ്സുള്ള ആ പെൺകുട്ടി.

അവൾ ആ സ്ത്രീയോട് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്, അവൾക്കൊപ്പം ആ സ്ത്രീയും ചിരിക്കുന്നുണ്ട്….

കയ്യിൽ കുറെ കപ്പലണ്ടി പൊതിയും പിടിച്ചവൾ കടൽത്തീരത്ത് നിൽക്കുന്നവരുടെ ഇടയിലൂടെ നടന്നു,

ഓരോരുത്തരുടെയും മുന്നിൽ ചെന്നവൾ കയ്യിലിരിക്കുന്ന കപ്പലണ്ടി പൊതി നീട്ടി അവരുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അൽപ്പനേരം നിൽക്കും,

ചിലർ അവളുടെ കയ്യിൽ നിന്ന് കപ്പലണ്ടി വാങ്ങും ചിലർ അവളെ കാണുമ്പോൾ മുഖം തിരിച്ച് മറ്റുള്ളവരോട് സംസാരിക്കുകയോ കയ്യിൽ ഇരിക്കുന്ന മൊബൈലിൽ നോക്കി മുഖം താഴ്ത്തി ഇരിക്കുകയോ ചെയ്യും,

എന്നാലും അവളുടെ മുഖത്തെ ചിരി മായാതെ തന്നെ നിൽക്കും…..

എല്ലാവർക്കിടയിൽ കൂടി നടന്ന് നീങ്ങി അവൾ ജോയിയുടെ മുന്നിലും എത്തി.

ഒരു പൊതി കപ്പലണ്ടി അയാൾക്ക് നേരെ നീട്ടി ഒന്നും മിണ്ടാതെ ചിരിച്ചവൾ അയാളുടെ മുന്നിൽ തന്നെ നിന്നു. കപ്പലണ്ടി അയാൾ കഴിക്കില്ലെങ്കിലും അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ ജോയി അവളുടെ കയ്യിൽ നിന്ന് പൊതി വാങ്ങി പത്ത് രൂപ അവൾക്ക് നേരെ നീട്ടി,

ജോയിയുടെ കയ്യിൽ നിന്ന് പൈസയും വാങ്ങി ആ പെൺകുട്ടി അടുത്ത ആളിന്റെ അടുക്കലേക്ക് നീങ്ങുന്നതും നോക്കി ജോയി ഇരുന്നു….

അവൾ തന്ന കപ്പലണ്ടി പൊതിയിൽ നിന്ന് തൊലി കളഞ്ഞ് രണ്ട് കപ്പലണ്ടി അയാൾ വായിലേക്കിട്ടു. പണ്ട് ചാച്ചൻ വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ ഇതുപോലെ ഒന്നോ രണ്ടോ പൊതി കപ്പലണ്ടി വാങ്ങി വരുന്നത് ജോയി ഓർത്തു,

തങ്ങൾ മക്കൾക്ക് അത് തീരെ ഇഷ്ടമല്ലായിരുന്നു എങ്കിലും അമ്മച്ചി കപ്പലണ്ടി എല്ലാം ഇരുന്ന് കഴിക്കുന്ന രംഗം വീണ്ടും ജോയി ഓർത്തെടുത്തു.

കുറച്ച് കപ്പലണ്ടി കൂടി കടൽ തീരത്ത് ഇരുന്ന് കഴിച്ച് ബാക്കി കപ്പലണ്ടി പൊതിഞ്ഞ് തന്റെ ബാഗിൽ വച്ച് അയാൾ തിരികെ പോകാൻ എഴുന്നേറ്റു….

തിരിഞ്ഞു നടക്കുമ്പോഴും ജോയിയുടെ കണ്ണുകൾ ആ പെൺകുട്ടിയെ തിരഞ്ഞു, അവൾ അപ്പോഴും ചിരിക്കുന്ന മുഖവുമായി കടൽത്തീരത്തെ തിരക്കുകൾക്ക് ഇടയിൽ കൂടി നടക്കുകയായിരുന്നു….

പിറ്റേന്നും പതിവുപോലെ ജോയി കടൽത്തീരത്ത് എത്തുമ്പോൾ ആദ്യം തിരഞ്ഞത് ആ പെൺകുട്ടിയെ ആയിരുന്നു.

ശോഷിച്ച കാലിന്റെ ഭാഗത്ത് വടി കുത്തി താങ്ങി നടന്ന് വരുന്ന ആ സ്ത്രീയ്ക്ക് പിന്നാലെ അവളും നടന്ന് വരുന്നത് ജോയി കണ്ടു, ഇന്നലെ ഇട്ടിരുന്ന അതേ മുഷിഞ്ഞ ഡ്രസ്സ് തന്നെയാണ് അവർ രണ്ടാളും ഇപ്പോഴും ധരിച്ചിരിക്കുന്നത്.

കടൽ തീരത്തുള്ള പഴയ ഉന്തുവണ്ടിയിൽ മണ്ണെണ്ണ സ്റ്റൗ എടുത്ത് വച്ച് കത്തിച്ച് അതിലേക്ക് അവർ വീണ്ടും ചട്ടി കയറ്റി വച്ചു. ആൾക്കാരുടെ ശ്രദ്ധ കിട്ടാൻ ചട്ടിയുടെ സൈഡിൽ ഇളക്കുന്ന ചട്ടുകം വച്ച് അവർ ഇടയ്ക്ക് ഇടയ്ക്ക് ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു…

കപ്പലണ്ടി പൊതിഞ്ഞെടുത്ത് കയ്യിൽ പിടിച്ച് ആ പെൺകുട്ടി വീണ്ടും ചിരിക്കുന്ന മുഖവുമായി ആൾക്കാരുടെ ഇടയിലൂടെ നടന്ന് നീങ്ങി തുടങ്ങി. കുറെ കഴിഞ്ഞ് അവൾ വീണ്ടും ചിരിക്കുന്ന മുഖവുമായി ജോയിക്ക് അരികിലെത്തി…

“എന്താ മോളുടെ പേര്…..”

അവളുടെ കയ്യിൽ നിന്ന് കപ്പലണ്ടി വാങ്ങി പോക്കറ്റിൽ നിന്ന് പൈസയെടുത്ത് അവൾക്ക് നേരെ നീട്ടിക്കൊണ്ട് ജോയി ചോദിച്ചു….

” ജാനകി…” തമിഴ് കലർന്ന ഭാഷയിൽ അവൾ പറയുമ്പോൾ ആ പേര് ഒന്ന് കൂടി ജോയി മനസ്സിൽ ഉരുവിട്ടു അപ്പോഴേക്കും ചിരിക്കുന്ന മുഖവുമായി അവൾ അടുത്ത ആളിന്റെ അടുക്കൽ എത്തി കഴിഞ്ഞിരുന്നു….

പിന്നെയുള്ള ദിവസങ്ങളിൽ ജോയി കടൽത്തീരത്തേക്ക് പോകുന്നത് തന്നെ ജാനകിയെ കാണാൻ ആയിരുന്നു. അയാളുടെ അടുക്കൽ എത്തുമ്പോൾ ജാനകിയുടെ മുഖത്തെ ചിരി ഒരല്പം കൂടി വിടർന്നു വന്നു തുടങ്ങിയിരുന്നു…

പിന്നെ ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം ജാനകിയെയും അമ്മയെയും കാണാതെ ഇരുന്നപ്പോൾ ജോയിയുടെ മനസ്സ് ഒന്ന് പിടഞ്ഞു.

അവൾ തനിക്ക് ആരുമല്ല എങ്കിലും എന്തിനാണ് അവരെ ഓർത്ത് തന്റെ ഉള്ളിൽ വേണ്ടത ഭയം ഉണ്ടാകുന്നതെന്ന് അയാൾക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല, ഓഫീസിൽ ഇരിക്കുമ്പോഴും,

അല്ലാത്തപ്പോഴും എല്ലാം ജോയിയുടെ മനസ്സിൽ തന്റെ മുന്നിൽ ചിരിച്ച് നിൽക്കുന്ന ജാനകിയുടെ മുഖമാണ് തെളിഞ്ഞു വന്നിരുന്നത്,

ഉറങ്ങാൻ കിടക്കുമ്പോൾ പോലും അയാളെ ആ മുഖം അസ്വസ്ഥതപ്പെടുത്തി കൊണ്ടിരുന്നു. അവർക്ക് എന്തോ ആപത്ത് വന്നപോലെ അയാളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു…

പിന്നെയും മൂന്ന് നാല് ദിവസം കഴിഞ്ഞാണ് വീണ്ടും ജാനകിയെ ജോയി കാണുന്നത്. ആ പഴയ ഉന്തുവണ്ടിയുടെ അടുത്ത് അവളുടെ അമ്മയില്ല, ജാനകി ഒറ്റയ്ക്ക് നിന്ന് ചട്ടിയിൽ കപ്പലണ്ടി വറുത്ത് കോരി ഇടുന്നുണ്ട്.

അവളെ കണ്ടപ്പോൾ തന്നെ വേറൊന്നും ആലോചിക്കാതെ ജോയി അവളുടെ അടുക്കലേക്ക് വേഗത്തിൽ നടന്നു…

ആദ്യം കാണുന്നത് പോലെ ജോയി അവളെ അടിമുടി നോക്കി, നെറ്റിയിൽ ര ക്തം കല്ലിച്ച് കറുത്ത് കിടപ്പുണ്ട്, ഇട്ടിരിക്കന്ന പഴയ ഉടുപ്പ് അങ്ങിങ്ങായി കീറിയത് തുന്നിച്ചേർത്ത് വച്ചിരിക്കുന്നു,

അവൾ വീണ്ടും പഴയതിലും കൂടുതൽ ക്ഷീണിച്ചിട്ടുണ്ട്, അൽപ്പനേരം ഒന്നും മിണ്ടാൻ കഴിയാതെ ജോയി അവളെ തന്നെ നോക്കി നിന്നുപോയി, അപ്പോഴും അവൾ ഒന്നും പറയാതെ പഴയത് പോലെ ചിരിച്ചുകൊണ്ട് ചട്ടിയിൽ നിന്ന് ചൂട് കപ്പലണ്ടി എടുത്ത് പൊതിഞ്ഞു വച്ചുകൊണ്ടിരുന്നു….

“ഇതെന്താ പറ്റിയത്,, അമ്മയെവിടെ.. എവിടെ ആയിരുന്നു ഇത്രേം ദിവസം…..” അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ജോയി ധൃതിയിൽ ഒന്നിന് പുറകെ ഒന്നായി ചോദിച്ചു….

“അ…മ്മ…. അ..മ്മ മരിച്ചുപോയി…”

അവൾ വിക്കി വിക്കി പറയുമ്പോഴേക്കും ഒന്ന് രണ്ട് പേർ അവൾക്കരികിൽ കപ്പലണ്ടി വാങ്ങാൻ എത്തി, ജാനകി ചിരിച്ചുകൊണ്ട് അവർക്ക് കപ്പലണ്ടി പൊതി നീട്ടി, അവർ കൊടുത്ത പൈസ സൈഡിൽ വച്ചിരുന്ന ചെറിയ പാത്രത്തിൽ ഇട്ടു…

” എങ്ങനെ മരിച്ചു.. നെറ്റിയിൽ എന്ത് പറ്റിയതാ….” കപ്പലണ്ടി വാങ്ങിയവർ തിരികെ പോയപ്പോൾ ജോയി വീണ്ടും അവളോട് ചോദിച്ചു….

“അത് അപ്പ,, അപ്പ പിടിച്ചു ത ള്ളിയതാ… നിലത്ത് ചെന്ന് ഇടിച്ചതാ..” ജാനകി നെറ്റി തടവികൊണ്ട് പറഞ്ഞു…

“നിങ്ങൾ ഇവിടെ നിൽക്കേണ്ട, അപ്പ കണ്ടാൽ വന്ന് പ്രശ്‌നം ഉണ്ടാക്കും….”

അത് പറഞ്ഞ് ജാനകി ചട്ടിയിൽ കിടക്കുന്ന കപ്പലണ്ടി ഇളക്കുകയും ഇടയ്ക് ഇടയ്ക്ക് ചട്ടുകം കൊണ്ട് ചട്ടിയിൽ തട്ടി ശബ്ദം ഉണ്ടാക്കുകയും ചെയ്ത് കൊണ്ടിരുന്നു.

അൽപ്പനേരം കൂടി അവൾക്കരികിൽ മിണ്ടാതെ നിന്ന ശേഷം ജോയി വീണ്ടും പോയി പഴയ സ്ഥലത്ത് ഇരുന്നു. അവിടെ ഇരിക്കുമ്പോൾ അയാളുടെ ശ്രദ്ധ ജാനകിയുടെ നേർക്ക് ആയിരുന്നു, ഇടയ്ക്ക് ജനാകിയും അയാളെ ഇടങ്കണ്ണിട്ട് നോക്കിയിരുന്നു…

തിരികെ പോകാൻ എഴുന്നേൽക്കുമ്പോൾ ആണ് പ്രായം ചെന്ന മുടിയും താടിയും നീട്ടി വളർത്തിയ, കണ്ണുകൾ ചുവന്ന ഒരാൾ, ഉറയ്ക്കാത ചുവടുകളുമായി അവൾക്കരികിലേക്ക് ആടി ആടി വരുന്നത് ജോയി കണ്ടത്.

ആ പഴയ ഉന്തുവണ്ടിയിൽ പിടിച്ച് നിന്ന് കൊണ്ടയാൾ ജാനകിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, എപ്പോഴും പുഞ്ചിരി മാത്രം ഉണ്ടായിരുന്ന അവളുടെ മുഖത്ത് അന്ന് ആദ്യമായി ദേഷ്യവും, സങ്കടവും നിഴലിക്കുന്നത് ജോയി കണ്ടു….

വീണ്ടും കുറച്ച് നേരം കൂടി അയാൾ അവളോട് സംസാരിക്കുകയും പെട്ടെന്ന് പൈസ ഇട്ടിരുന്ന ചെറിയ പാത്രത്തിൽ നിന്ന് കൈയിട്ടു വരി പൈസ എടുത്ത്

അയാൾ പോകാൻ തിരിയുമ്പോൾ അയാളുടെ കയ്യിൽ കയറി പിടിച്ച അവളെ മണലിലേക്ക് തല്ലിയിട്ട് കൊണ്ട് കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന നോട്ടുകൾ പോക്കറ്റിൽ ഇട്ടുകൊണ്ടു ആടി ആടി അയാൾ നടന്ന് പോകുന്നത് നോക്കി ജോയി നിന്നു.

ജാനകി തറയിൽ നിന്ന് എഴുന്നേറ്റ് കയ്യിലും മുഖത്തും പറ്റിപ്പിടിച്ച മണൽ തരികൾ തട്ടി കളഞ്ഞ് ആരോടോയുള്ള വാശി പോലെ അവൾ വീണ്ടും ചട്ടിയിൽ കിടക്കുന്ന കപ്പലണ്ടി ഇളക്കി കൊടുക്കുകയും ചട്ടിയിൽ തട്ടി ശബ്ദം ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു…

ജോയിയുടെ മനസ്സ് അവൾക്കരികിലേക്ക് പോകാൻ കൊതിച്ചെങ്കിലും ഇപ്പോൾ അവിടേക്ക് ചെല്ലുന്നത് അവളെ വീണ്ടും വിഷമിപ്പിക്കും എന്ന് കരുതി ജോയി തിരികെ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തുമ്പോഴും, ഉറങ്ങാൻ കിടക്കുമ്പോഴും ജോയിയുടെ മനസ്സിൽ നിറയെ ജാനകിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.

ഒരുപക്ഷേ അവളുടെ അച്ഛന്റെ മ ർദ്ദനമേറ്റ് ആകും അവളുടെ അമ്മ മരിച്ചത്, അല്ലേലും അവരെപോലുള്ളവർക്ക് എന്തേലും സംഭവിച്ചാൽ ആരും തിരിഞ്ഞു നോക്കാൻ ഉണ്ടാകില്ലല്ലോ,

ഒരു പക്ഷെ ജനാകിയെയും അയാൾ….. അത് ആലോചിക്കുമ്പോൾ ജോയിയുടെ ഉള്ളിൽ ഭയം കൂടി കൂടി വന്നു….

അന്ന് രാത്രി എത്രയൊക്കെ കിടന്നിട്ടും ജോയിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, നേരം വെളുത്തയുടനെ അവളുടെ അടുത്തേക്ക് പോകണം,

ആ കുട്ടിക്ക് എന്തേലും അരുതാത്തത് സംഭവിക്കും മുൻപേ അതിനെ രക്ഷിക്കണം എന്നയാൾ മനസ്സിൽ ഉറപ്പിച്ച് കൊണ്ട് ഉറങ്ങാൻ ശ്രമിച്ചു. അതിരാവിലെ സൂര്യൻ ഉദിക്കും മുൻപേ ജോയി എഴുന്നേറ്റ് റെഡിയായി ആ കടൽ തീരത്തേക്ക് പോയി…

വിജനമായി കിടക്കുന്ന അവിടെ കുറച്ച് തെരുവ് നായ്ക്കൾ അല്ലാതെ വേറെ ആരും ഇല്ലായിരുന്നു.

കുറച്ച് മാറിയുള്ള ചെറിയ കടയ്ക്ക് മുൻപിൽ ഒന്ന് രണ്ടുപേർ ചായ ഊതിയറ്റി കുടിക്കുന്നത് കണ്ടപ്പോൾ ജോയി അവർക്കരികിലേക്ക് നടന്നു…

” ഇവിടെ കപ്പലണ്ടി വിൽക്കുന്ന ഒരു തള്ളയും കുട്ടിയും ഉണ്ടാലോ അവരുടെ വീട് എവിടെയാ….”

കടയ്ക്കുള്ളിൽ നിൽക്കുന്ന പ്രായം ചെന്ന മനുഷ്യനോട് ജോയി ചോദിച്ചു…

“അയ്യോ സാറേ ആ തള്ള മരിച്ചു പോയി.. ആ പെങ്കൊച്ചും അതിന്റെ തന്തയും മത്രേയുള്ളൂ… സാർ എവിടുന്ന….”

സംശയത്തോടെ ജോയിയെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു…

“ഞാൻ ശി ശുക്ഷേമ വകുപ്പിൽ നിന്നാണ്, ഇവിടെ ഒരു കുട്ടി കപ്പലണ്ടി വിറ്റ് നടക്കുന്നു എന്നൊരു പരാതി കിട്ടിയിട്ടുണ്ട് അത് അന്വേക്ഷിക്കാൻ വന്നതാ….”

ജോയി അൽപ്പം ഗൗരവത്തോടെ പറഞ്ഞപ്പോൾ ചായ കടക്കാരൻ അത് വിശ്വസിച്ചു എന്ന് ജോയിക്ക് മനസ്സിലായി…

“അത് സാറേ ആ പള്ളി കണ്ടില്ലേ അത് കഴിഞ്ഞ് ഒരു ചെറിയ വഴിയുണ്ട് അതിലെ ഒരു നൂറ് മീറ്റർ ഉള്ളിലേക്ക് പോകണം അവിടെ, ഡാർപ്പ് മറച്ചൊരു ചെറിയ കുടിൽ കാണാം അത് തന്നെയാണ് അവരുടെ വീട്…”

അൽപ്പം മാറിയുള്ള പള്ളി കാണിച്ച് കൊണ്ട് ആ വയസ്സൻ പറയുമ്പോൾ അയാളെ ഒന്ന് ഗൗരവത്തോടെ നോക്കി ജോയി അവിടേക്ക് നടന്നു..

ഡാർപ്പ കൊണ്ട് മറച്ച ചെറിയ കുടിലിന്റെ പൊളിഞ്ഞു വീഴാറായ വാതിലിൽ ചെന്ന് ജോയി തട്ടി വിളിച്ചു. അൽപ്പം കഴിഞ്ഞാണ് ഉള്ളിൽ നിന്ന് വാതിൽ തുറന്ന് ഒരാൾ പുറത്തേക്ക് വന്നത്…

“ഉം.. എന്താ…”

അയാൾ ജോയിയോട് ചോദിക്കുമ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം ജോയിയുടെ മൂക്കിൽ അടിച്ചു..

“എവിടെയാട നിന്റെ മോള്….” ജോയി ഗൗരവത്തോടെയാണ് ചോദിച്ചത്..

“അത് തിരക്കാൻ നി ആരാ…”
അയാൾ താടിയും മുടിയും ചൊറിഞ്ഞുകൊണ്ട് ചോദിച്ചു…

“ഞാനെ പോലീസിൽ നിന്നാ….”

അത് പറഞ്ഞ് ജോയി തന്റെ പോക്കറ്റിൽ നിന്ന് ഒരു ഐഡന്റിറ്റി കാർഡ് എടുത്ത് പൊക്കി കാണിച്ചുകൊണ്ട് അത് വീണ്ടും പോക്കറ്റിൽ ഇട്ടു. പോലീസ് എന്ന് കേട്ടപ്പോൾ അയാൾ ഒന്ന് പരുങ്ങുന്നത് ജോയി ശ്രദ്ധിച്ചു…

“അയ്യോ സാറേ അവൾ അകത്ത് ഉണ്ട് ഉറങ്ങുകയ….”

അയാൾ ഭവ്യതയോടെ ജോയിയോട് പറഞ്ഞു…

“നി ക ള്ളും കുടിച്ച് ഈ കൊച്ചിനെ ഉപദ്രവിക്കുന്നു എന്നൊരു പരാതി ഉണ്ടല്ലോടാ…”

“അയ്യോ ഇല്ല സാറേ…”

അയാൾ വീണ്ടും ഭവ്യത കാണിച്ചു…

“നിന്റെ ഭാര്യ എങ്ങനെയാടാ ച ത്തത്, നി അവളെ ത ല്ലി കൊ ന്നത് അല്ലെടാ….”

അത് പറഞ്ഞ് ജോയി ഒരു ചുവട് മുന്നോട്ട് വച്ചതും ജോയിയെ തള്ളി മാറ്റി അയാൾ പുറത്തേക്ക് ഓടി, അയാൾ ഓടിയപ്പോൾ ജോയി വാതിൽ തുറന്ന് അകത്തേക്ക് കയറി, അവിടെ ഒരു കോണിൽ തറിയിൽ കീറിയ പായയിൽ ചുരുണ്ടുകൂടി കിടക്കുകയാണ് ജാനകി…

“ജാനകി,, ജാനകി…”

ജോയി അവൾക്കരികിൽ ചെന്ന് മെല്ലെ വിളിച്ചു. അവൾ ഒന്ന് മൂളിക്കൊണ്ട് വീണ്ടും ഒതുങ്ങി കൂടി കിടന്നു.

ജോയി അവൾ പൊതച്ചിരുന്ന പഴയ സാരി മാറ്റിക്കൊണ്ട് നെറ്റിയിൽ കൈ വച്ചുനോക്കിയപ്പോൾ പൊള്ളുന്ന ചൂട് ഉണ്ട്. ജോയി വേഗം പുറത്തേക്ക് ഇറങ്ങുമ്പോൾ അയൽവാസികൾ ഒന്ന് രണ്ടുപേർ അവിടെ പുറത്ത് ഉണ്ടായിരുന്നു…

“ആരെങ്കിലും ഒരു ഓട്ടോ വിളിച്ചേ.. ഈ കുട്ടിക്ക് നല്ല പനിയുണ്ട്‌…”

ജോയി പുറത്ത് നിന്നവരോടായി അത് പറഞ്ഞ് വീണ്ടും ജാനകിയുടെ അടുക്കലേക്ക് ചെന്നു. അവളെ വിളിച്ചുണർത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ ഓട്ടോ റോഡിൽ ഉണ്ടെന്ന് ആരോ പറഞ്ഞു.

ജോയി തന്നെയാണ് ജനാകിയെ എടുത്തുകൊണ്ട് ഓട്ടോയിൽ കയറ്റിയത്, നേരെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയി ട്രിപ്പ് ഇടുന്നത് വരെ ജാനകിക്ക് ഒന്നും ഓർമ്മ ഇല്ലായിരുന്നു…

“ഇപ്പൊൾ എങ്ങനെയുണ്ട്….”

ഡ്രിപ്പ് ശരീരത്തിൽ ഇറങ്ങി കണ്ണ് തുറന്ന ജനാകിയെ നോക്കി ജോയി ചോദിച്ചു. അവൾ പഴയത് പോലെ ചിരിച്ചുകൊണ്ട് ജോയിയെ നോക്കി കിടന്നു..

“പേടിക്കാനൊന്നും ഇല്ല ഡ്രിപ്പ് കഴിഞ്ഞാൽ പോകാം കേട്ടോ…”

ഡോക്ടർ വന്ന് അത് പറഞ്ഞപ്പോൾ ജാനകിയുടെ മുഖം മാറുന്നത് ജോയി ശ്രദ്ധിച്ചു..

“മോള് പേടിക്കേണ്ട ഇനി ആ വീട്ടിലേക്ക് പോകേണ്ട കുറച്ച് ദിവസം എന്റെ വീട്ടിൽ നിൽക്കാം. പിന്നെ എന്ത് വേണമെന്ന് നമുക്ക് ആലോചിക്കാം അത് പോരെ…”

ജോയി അത് പറയുമ്പോൾ ജാനകി വീണ്ടും ചിരിച്ചുകൊണ്ട് കണ്ണടച്ച് കിടന്നു…

“വയസ്സാം കാലത്ത് ഇത് ആരെ സ്വപ്നം കണ്ട് കൊണ്ടിരിക്കുകയ…” അത് പറഞ്ഞ് ജാനകി അരികിൽ വന്നിരുന്നപ്പോൾ ആണ് ജോയി ചിന്തകിളിൽ നിന്ന് ഉണർന്നത്…

“അപ്പ എത്തിയിട്ട് കുറെ നേരമായോ… നാളെ കാനഡയിലേക്ക് പറക്കുക അല്ലെ, അപ്പൊ ഫ്രണ്ട്സ്ന് കുറച്ച് പാർട്ടി അതാണ് വൈകിയത്…”

ജോയിയെ ചേർത്ത് പിടിച്ച് ജാനകി അത് പറയുമ്പോൾ അയാൾ ശ്രദ്ധിച്ചു അവളുടെ മുഖത്ത് ഒരു കൃത്രിമ ചിരി വിരിയുന്നത്.

ജോയി അവളെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും കടൽക്കരയിൽ നോക്കിയിരുമ്പോൾ കണ്ടു ആൾക്കാർക്ക് ഇടയിൽ കപ്പലണ്ടി വിറ്റ് നടക്കുന്ന ഒരു പെൺകുട്ടിയെ….

Leave a Reply

Your email address will not be published. Required fields are marked *